My Blog List

Tuesday, November 09, 2010

കുടുംബിനി

മിനിക്കഥ

സായാഹ്നകൈരളി, 18.10.2010.

കുടുംബിനി
ശങ്കരനാരായണന്‍ മലപ്പുറം

മുറ്റമടിച്ചുവാരല്‍, നിലം തുടയ്ക്കല്‍, രാവിലത്തെ ഭക്ഷണമൊരുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്തു തുണി അലക്കുവാന്‍ തുടങ്ങുമ്പോള്‍ വാരികയിലെ ടിന്റുമോന്‍ തമാശകള്‍ വായിച്ചു രസിച്ചുകൊണ്ടിരുന്ന ഭര്‍ത്താവ് വിളിച്ചു പറഞ്ഞു: '' മോനതാ ക്രിക്കറ്റ് ബാറ്റ് ചോദിക്കുന്നു. അതൊന്നെടുത്തു കൊടുക്ക് ''. തുണി കല്ലില്‍ വച്ച് അവര്‍ മോന് ക്രിക്കറ്റ് ബാറ്റ് എടുത്തു കൊടുത്ത ശേഷം തുണിയെടുത്തു കല്ലില്‍ അടിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഭര്‍ത്താവിന്റെ അച്ഛന്‍ വിളിച്ചു ചോദിച്ചു: '' മോളെ എനിക്ക് കുളിക്കാനുള്ള ചൂടുവെള്ളം കൊണ്ടു വെയ്ക്കൂ ''. അച്ഛനു കുടിക്കാനുള്ള ചൂടുവെള്ളം പാകമാക്കിക്കൊടുത്ത് അവര്‍ വീണ്ടും തുണിയലക്കല്‍ ജോലിയിലേര്‍പ്പെട്ടു.
തുണിയലക്കല്‍ കഴിഞ്ഞ അവര്‍ ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള ജോലിയാരംഭിച്ചു. അടുപ്പത്തു വച്ച വെള്ളം തിളയ്ക്കുന്നതിനു മുമ്പ് തന്നെ ഗ്യാസ് തീര്‍ന്നതിനാല്‍ തീ അണഞ്ഞു. '' അയ്യോ! ഇനി എന്തു ചെയ്യും. ഗ്യാസ് രണ്ടു കുറ്റിയും തീര്‍ന്നല്ലോ. ഇനി വിറകടുപ്പു തന്നെ രക്ഷ ''എന്നു പറഞ്ഞ് അവര്‍ മുറ്റത്തേക്കിറങ്ങി. '' ഇത് കീറാതെ അടുപ്പില്‍ കൊള്ളില്ല. ഇനി എന്തു ചെയ്യും? '' ഭര്‍ത്താവ് പരിഹാരം നിര്‍ദ്ദേശിച്ചു. '' താഴത്തെ വീട്ടില്‍ മഴുവില്ലേ. അതു കൊണ്ടു വന്നു കീറിയാല്‍ മതി. '' '' മോളേ, നീയമ്മയ്ക്ക് ആ മഴുവൊന്നു കൊണ്ടു തരുമോ?'' മൊബൈലില്‍ സംസാരിച്ചു കൊണ്ടിരുന്ന മകളതു കേട്ടതായി ഭാവിച്ചില്ല. താഴത്തെ വീട്ടില്‍ നിന്നു മഴു കൊണ്ടു വന്നു അവര്‍ തന്നെ വിറക് കീറി. ചോറും കറികളുമൊക്കെ തയ്യാറാക്കിയ ശേഷം അവര്‍ രാവിലത്തെ ഭക്ഷണം കഴിക്കാനായി ഒരുങ്ങി. ഒരു ദോശയുടെ പകുതി തിന്നപ്പോഴേക്കും ഭര്‍ത്താവ് വിളിച്ചു പറഞ്ഞു: '' അച്ഛനതാ പത്രം ചോദിക്കുന്നു ''. അച്ഛന് പത്രം എടുത്തു കൊടുത്ത അവര്‍ അടുക്കളയില്‍ ചെന്ന് പാതി കഴിച്ച ദോശയുടെ ബാക്കി കയ്യിലെടുത്തു. അതിനിടയില്‍ അവര്‍ ക്‌ളോക്കിലേക്ക് നോക്കി. '' അയ്യോ! ഊണിനുള്ള നേരമായല്ലോ ''. ദോശപ്പാത്രം അവിടെ വച്ച് അവര്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ അച്ഛനും കുട്ടികള്‍ക്കും ചോറും കറികളും വിളമ്പിക്കൊടുത്തു.
ഉരുള ഉരുട്ടി വിഴുങ്ങുന്നതിനിടയില്‍ അയാള്‍, തന്റെയരികില്‍ പുഞ്ചിരി പൊഴിച്ചുകൊണ്ടു നില്‍ക്കുന്ന ഭാര്യയെയൊന്നു നോക്കി. സ്‌നേഹം, വിനയം, ആത്മാര്‍ത്ഥത, കടപ്പാട്, ക്ഷമ, അദ്ധ്വാന ശീലം തുടങ്ങിയ ഗുണങ്ങളുള്ള തന്റെ ഭാര്യയെക്കുറിച്ച് അയാള്‍ക്ക് അഭിമാനം തോന്നി. പഴയ ഒരു സിനിമാഗാനം അയാളോര്‍ത്തു. അയാള്‍ പാടി:
'' വീടിനു പൊന്‍മണി വിളക്കു നീ !
തറവാടിനു നിധി നീ കുടുംബിനീ !! ''
......................

10 comments:

Kalavallabhan said...

നല്ല കഥയാണു. വായനക്കാരനെ പിടിച്ചിരുത്തും. എഴുത്തിന്റെ ശൈലി കുറെകൂടി നന്നാക്കണം.

Anonymous said...

ഒരു പാട്ടുകൂടി:
"Poomukha Vathilkkal
Sneham Vidarthunna
Poonthinkalakunnu Bharya

Dukhathin Mullukal
Thoo Viralthumbinal
Pushpangalakkunnu Bharya


Bhoomiyekkalum Kshamayulla
Sowbhagya Deviyaneppozhum Bharya

Kannuneerthulliyil
Mazhavilluu Theerkkunna
Swaranaprabhamayi Bharya

Karyathil Manthriyum
Karmathil Dasiyum
Roopathil Lakshmiyum Bharya"

SMASH said...

SO NICE....

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്റെ അമ്മമ്മ അങ്ങനെയായിരുന്നു. സ്നേഹത്തിന്റെ അവതാരം! ഓടിനടന്ന് വിശ്രമമില്ലാതെ ജോലിചെയ്യുന്നതിനിടയില്‍ അമ്മമ്മക്ക് 70 വയസ്സ് കഴിഞ്ഞുപോയതൊന്നും ആരുമറിഞ്ഞില്ല. ഒരു ദിവസം രാത്രി ഉറങ്ങുന്നതിനു മുന്‍പ് കിണറില്‍ നിന്നും വെള്ളം കോരി കൈകാലുകള്‍ കഴുകിക്കഴിഞ്ഞ് പിന്നോട്ടു മറിഞ്ഞുവീണ് സുഖമായി മരിച്ചു.ഒരു മിനിട്ടുപോലും കഷ്ടപ്പെട്ടില്ല. അത്തരം അമ്മമാര്‍ നമ്മുടെ സമൂഹത്തില്‍ ഇല്ലാതാകുന്നു എന്നതാണ് നാം നേരിടുന്ന പ്രശ്നം.
ജോലിചെയ്യുന്നത് എന്തോ കുറച്ചിലോ,അടിമത്വമോ,ആണെന്ന കാഴ്ച്ചപ്പാടാണു പ്രശ്നം. ചിത്രകാരന്റെ പരിചയത്തില്‍ ഇത്തരം സ്നേഹം കുറ്റിയറ്റുപോകാത്ത കുറെ കുടുംബിനിമാരുണ്ട്. ഒരു ഉദാഹരണം പുലാമന്തോള്‍ ഭാഗത്തുനിന്നുള്ള കാര്‍ഷിക പശ്ചാത്തലമുള്ള സഹോദരിമാരാണ്. ഇപ്പോള്‍ ഒരാള്‍ മഞ്ചേരിയിലും,മറ്റൊരാള്‍ പുഴക്കാട്ടിരിയിലും കുടുംബിനിമാരായി കഴിയുന്നു. 65 വയസ്സായിക്കാണും. മക്കളും പേരക്കുട്ടികളുമൊക്കെയായി. എന്നാലും 40 ന്റെ പൊരിച്ചിലാണ്. ഒരു മിനിട്ട് വിശ്രമിക്കില്ല. ജോലിചെയ്യുന്നത് അവര്‍ ആസ്വദിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്കു വേണ്ടിയല്ല അവര്‍ അദ്ധ്വാനിക്കുന്നത്.(മറ്റുള്ളവര്‍ക്കുവേണ്ടിയാണ് അദ്ധ്വാനിക്കുന്നതെന്ന് ചിന്തിക്കുംബോഴാണ് കുഴപ്പങ്ങള്‍ ആരംഭിക്കുന്നത്) അവരുടെ സ്നേഹത്തിന്റെ അമൃതവാഹിനികള്‍ ഓരോ കുടുംബാംഗത്തിലേക്കും ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട്. രണ്ടു ദിവസം പനിച്ചു കിടക്കാന്‍ പോലും അവര്‍ക്ക് സമയമില്ല.സ‌മൃദ്ധിയുടെ നടുവിലും അവര്‍ ഇന്നും അദ്ധ്വാനിച്ചുകൊണ്ടേയിരിക്കുന്നു...എല്ലാ കുടുംബാംഗങ്ങളേയും സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു.പരാതി പറയില്ലെന്നുമാത്രമല്ല,കര്‍ക്കശമായി കുടുംബകാര്യങ്ങളില്‍ ഒരോരുത്തരു അനുഷ്ഠിക്കേണ്ട ധര്‍മ്മം അനുഷ്ഠിപ്പിക്കുകതന്നെ ചെയ്യും ഇവര്‍.സത്യത്തില്‍ തൊഴുതുപോകും ആ അമ്മമാരുടെ സ്നേഹത്തെ.

ഈ കഥയില്‍ പറഞ്ഞ മൂദേവി മോളെ തന്തയും തള്ളയും കൂടി ലാളിച്ചു കേടുവരുത്തിയെന്നു തോന്നുന്നു.മക്കളെയൊക്കെ അമ്മമാരുടെ അസിസ്റ്റന്റുമാരാക്കി... മല മറിക്കാന്‍ ട്രൈനിങ്ങ് കൊടുക്കേണ്ട കാലത്ത് മൊബൈല്‍ വാങ്ങിക്കൊടുത്ത് നശിപ്പിക്കാന്‍ പാടുണ്ടോ?
കുടുബിനിയുടെ ഭര്‍ത്താവിന്റെ ദിനചര്യകള്‍ വെളിപ്പെടുത്താത്തതിനാല്‍ അയാളുടെ കാര്യം ഒന്നും പറഞ്ഞൂട.
അദ്ധ്വാനിക്കുന്ന കുടുംബിനിമാരെ അടിമയും വേലക്കാരിയുമായി വിശേഷിപ്പിച്ച്,ഒരു വകക്കും കൊള്ളരുതാത്തവരാക്കാനാണ് നമ്മുടെ സമൂഹത്തിന് ചൊറിച്ചില്‍.എന്നാല്‍, അദ്ധ്വാനിക്കാതിരിക്കുന്ന മറ്റു കുടുംബഗങ്ങളെക്കൂടി അദ്ധ്വാനിപ്പിക്കാനുള്ള വഴിയാണ് സാമൂഹ്യ പുരോഗതിക്കായി കണ്ടെത്തേണ്ടത്. ആണായാലും,പെണ്ണായാലും അദ്ധ്വാനിക്കാതെ ഞണ്ണുന്നത് അത്യന്തം നിന്ദ്യവും നീചവുമായ പഴയകാല ബ്രാഹ്മണ്യത്തിന്റെ ഇത്തിക്കണ്ണി സംസ്ക്കാരമാണെന്നാണ് ഓര്‍മ്മിപ്പിക്കേണ്ടത്.
സമൂഹത്തിന്റെ ശാപവും അത്തരം പരാന്നജീവികളാണ്.

ശങ്കരനാരായണന്‍ മലപ്പുറം said...

കഥയിലെ 'കുടുംബിനി'യുടെ മനസ്സ് വിശാലും പവിത്രവും തന്നെ. അടിച്ചേല്പ്പിക്കുന്ന ഈ അടിമത്തത്തെയാണ് പലരും 'പൂന്തിങ്കളും പൊന്‍മണിവിളക്കു'മൊക്കെയായി പാടിപ്പുകഴ്ത്തുന്നത്. 'തറവാടിന്റെ നിധിയായ കുടുംബിനി'യെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്ന ആ 'കുടുംബന്‍' ടിന്റുമോന്‍ തമാശകള്‍ വായിച്ചിരിക്കുകയായിരുന്നു!

Anaswayanadan said...

നന്നായി എഴുതി ആശംസകള്‍ ...........

രമേശ്‌ അരൂര്‍ said...

ഇത് വായിച്ചപ്പോള്‍ "വെറുതെ ഒരു ഭാര്യ "എന്ന സിനിമയിലെ രംഗങ്ങളും ഡയലോഗുകളും ഓര്മ വന്നു ..

Manoraj said...

കഥ എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ കഥക്ക് കൊടുത്ത ലേബലിനോട് ഒട്ടും നീതി പുലര്‍ത്തിയില്ല. കാരണം മിനികഥയായില്ല ഇത്. മിനികഥയുടെ ഫോര്‍മാറ്റ് ഇതല്ല എന്നത് തന്നെ. ഇതിനെ കഥ എന്ന ഫോര്‍മാറ്റില്‍ പെടുത്താം. കഥ / ചെറുകഥ എന്നീ വിഭാഗങ്ങളില്‍. പിന്നെ രമേശ് സൂചിപ്പിച്ചപോലെ ചിലയിടങ്ങളില്‍ വെറുതെ ഒരു ഭാര്യയുടെ സ്വാധീനവും കാണുന്നു. അത് പക്ഷെ തികച്ചും സംഭവ്യം എന്ന് കരുതി എഴുതി തള്ളാം

ശങ്കരനാരായണന്‍ മലപ്പുറം said...

നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. അപാകതകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ്. 'വെറുതെ ഒരു ഭാര്യ' എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല.

Anonymous said...

ത്യാഗം നല്ലാതാണ്. പക്ഷ അത് അങ്ങോട്ടുമൊങ്ങോട്ടും ചെയ്യണം. മക്കളെ എങ്കിലും ഈ ത്യാഗത്തിന്റെ പഠനം അമ്മമാര്‍ അഭ്യസിപ്പിക്കണം. ഭര്‍ത്താവ് പിന്നെ വേറൊരമ്മയുടെ ത്യാഗത്തിന്റെ ഫലം. ഷെയറിംഗ് ആന്‍ഡ് കെയറിങ് എങ്ങനെ എ ന്നു മറ്റുള്ളവരെ പഠിപ്പിക്കുക എതു കാലത്തിന്റെഅയും ആവശ്യമാണ്. അതൊരു വലിയ കഴിവാണ്.