My Blog List

Sunday, November 21, 2010

തമാശ പറയാന്‍ പറ്റാത്ത കാലം!

മക്തബ് (25.05.2009)


തമാശ പറയാന്‍ പറ്റാത്ത കാലം!


ശങ്കരനാരായണന്‍ മലപ്പുറം


“മണ്ണുത്തി വെറ്റിനറി കോളേജിലെ ഒരു പ്രൊഫസറായ ഡോക്ടര്‍ ചന്ദ്രന്‍ ക്യനടയിലാണ് പഠിച്ചത്. അക്കാലത്ത് അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു പ്രഭുവിന്റെ വീട്ടില്‍ വെച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ കയറി വന്നു. വന്നയുടനെ വീട്ടുടമസ്ഥനുമായി കുശലം പറഞ്ഞ് ഷൈക്ക് ഹാന്റ് ചെയ്ത്, സംശയം കൂടാതെ അകത്തേക്ക് കടന്നുപോയി. തദവസരത്തില്‍ അതാരാണെന്ന് ചന്ദ്രന്‍ ചോദിച്ചു. അയാള്‍ വീട്ടു വേലക്കാരനാണെന്നും പാത്രം തേയ്ക്കുക, മുറികള്‍ വൃത്തിയാക്കുക, മിറ്റം അടിക്കുക മുതലായ പണിക്കു വന്നിരിക്കുകയാണെന്നും മറ്റുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്തരം വീട്ടു വേലക്കാരനും വീട്ടുടമസ്ഥനായ-യജമാനനായ-പ്രഭുവും തമ്മില്‍ ഇങ്ങനെ തുല്യ നിലയില്‍ പെരുമാറുന്നത് കണ്ടപ്പോള്‍ ചന്ദ്രന്നത്ഭുതം തോന്നുകയാല്‍ കൂടുതലായി അനേ്വഷിച്ചു. അദ്ദേഹത്തിന്റെ തൊഴില്‍ ഈ വീട്ടുവേലയാണെന്നും, ഇങ്ങനെ പല വീടുകളിലും ജോലിയുണ്ടെന്നും ജോലിയനുസരിച്ച് അതാതു വീട്ടുകാരുമായി ചെയ്തിട്ടുള്ള നിശ്ചയ പ്രകാരം പ്രതിഫലം വാങ്ങിക്കൊണ്ടാണ് അദ്ദേഹം ജീവിക്കുന്നതെന്നും വീട്ടുടമസ്ഥന്‍ പറയുകയുണ്ടായി. 20-25 മിനിറ്റിനകം അയാള്‍ ജോലിയെല്ലാം കഴിച്ച് കൈ കഴുകി വൃത്തിയാക്കി യാത്ര പറഞ്ഞു പോകാനുള്ള ശ്രമമായപ്പോള്‍ വീട്ടുടമസ്ഥന്‍ അദ്ദേഹത്തിന്നു ചന്ദ്രനെ പരിചയപ്പെടുത്തിക്കൊടുത്തു. തദവസരത്തില്‍ അയാള്‍ ചന്ദ്രനും ഷൈക്ക് ഹാന്റ് ചെയ്തു, അടുത്തുള്ള മറ്റൊരു കസാലയില്‍ ഇരുന്നു കുശലം പറഞ്ഞു സിഗ്രറ്റു വലിച്ച് യാത്ര പറഞ്ഞു പോവുകയും ചെയ്തു “
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് 1964 ല്‍ എഴുതിയ ആത്മകഥയില്‍ (എന്റെ സ്മരണകള്‍, പേജ് 310,311) വിവരിക്കുന്നതാണിത്. ഈ സംഭവം കഴിഞ്ഞിട്ട് 45 കൊല്ലം കഴിഞ്ഞു. പക്ഷേ, നമ്മുടെ നാട്ടിലെ വീട്ടുവേലക്കാര്‍ക്ക് ഇതുപോലൊരനുഭവം ഇന്നും സ്വപ്നം മാത്രമാണ്. മാത്രമല്ല, വീട്ടുവേലക്കാര്‍ ഇപ്പോഴും (പ്രതേ്യകിച്ച് സിനിമകളിലും സീരിയലുകളിലും) പരിഹാസ്യ കഥാ പാത്രങ്ങളുമാണ്. വീട്ടു വേലക്കാര്‍ മാത്രമല്ല, മറ്റു മിക്ക തൊഴിലാളി വര്‍ഗ്ഗങ്ങളെയും പരിഹാസ്യമായാണ് ചിത്രീകരിക്കാറ്. ഇതിന്റെ മൊത്തക്കച്ചവടക്കാര്‍ സിനിമാ-സീരിയലുകാരും മിമിക്രിക്കാരുമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. മറ്റു രാജ്യങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ഇന്ത്യയിലെന്തു കൊണ്ട് ഇങ്ങനെയൊരവസ്ഥ വന്നു?
മറ്റു രാജ്യങ്ങളിലും ഉയര്‍ച്ച താഴ്ച്ചകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന് അമ്മയുടെ ഗര്‍ഭ പാത്രത്തിന്റെ നിറവുമായി ബന്ധമില്ല. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നതു പോലെ ഇവയിലൊക്കെ ജാതിയും കുടിയിരിക്കുന്നുണ്ട് എന്നതാണ് നമ്മുടെ നാട്ടിലെ പ്രതേ്യകത. എല്ലാ തൊഴിലുകളും ജാതിയുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. പേരു വിളിക്കുന്നത് തൊട്ട് മരണാനന്തര ക്രിയകള്‍ ചെയ്യുന്നതു വരെയുള്ള കാര്യങ്ങള്‍ ജാതി നിയമങ്ങള്‍ക്കു വിധേയമാണ്. സാധാരണമായി പ്രയോഗിച്ചു വരുന്ന ചെറ്റ, പെറുക്കി തുടങ്ങിയ തെറി വാക്കുകള്‍ക്ക് ജാതിയുമായി ബന്ധമുണ്ട്. താഴ്ന്നവരായി മുദ്രയടിച്ചു ആട്ടിയകറ്റിയിരുന്നവര്‍ താമസിച്ചിച്ചിരുന്ന സ്ഥലമാണ് ചെറ്റയും കുടിലും മറ്റും. ചെറ്റയില്‍ താമസിക്കുന്നവര്‍ തമ്പ്രാക്കള്‍ക്ക് വൃത്തികെട്ടവരായി. അങ്ങനെ അവര്‍ക്ക് 'ചെറ്റകള്‍' എന്ന ഓമനപ്പേരു നല്‍കി. ഇവരുടെ ചോരയും വിയര്‍പ്പും അലിഞ്ഞു ചേര്‍ന്ന ധാന്യങ്ങളും പച്ചക്കറികളും മറ്റുമാണ് തമ്പ്രാക്കള്‍ വെട്ടി വിഴുങ്ങിയിരുന്നത്. ഇവയൊക്കെ വെട്ടിവിഴുങ്ങി മോഹിനിയാട്ടവും കണ്ട് ഏമ്പക്കം വിട്ടിരുന്നവരുടെ കണ്ണില്‍, ജീവിക്കാന്‍ ഗതിയില്ലാതെ വല്ലതും പെറുക്കിത്തിന്ന് നടന്നിരുന്നവരും മോശക്കാരായി- പെറുക്കികളായി. ഇങ്ങനെ കീഴാളരെ ആക്ഷേപിക്കുവാന്‍ ഉണ്ടാക്കിയ പദ പ്രയോഗങ്ങള്‍ നിരവധിയാണ്.
പരിഹസിച്ചു കൊട്ടി രസിക്കാനായി വഴിയില്‍ കെട്ടിത്തൂക്കിയ ചെണ്ടകളുടെ അവസ്ഥയിലാണ് പല തൊഴില്‍ (ജാതി) വിഭാഗങ്ങളും. ഇതില്‍ ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെടുന്ന ഒരു തൊഴില്‍/ജാതി വിഭാഗമാണ് ബാര്‍ബര്‍മാര്‍. ( “നാടു ഭരിക്കാനറിയില്ലെങ്കില്‍ താടി വടിക്കാന്‍ പൊയ്ക്കൂടെ” എന്നു മുദ്രാവാക്യം വിളിക്കുന്ന നീചന്മാര്‍ ഈ സൂപ്പര്‍ ഐ.ടി.യുഗത്തിലുമുണ്ട്!) വടിക്കുക, ചൊരയ്ക്കുക എന്നൊക്കെപ്പറഞ്ഞ് ബാര്‍ബര്‍മാരെ അക്ഷേപിക്കുന്ന പദപ്രയോഗങ്ങളുള്ള സിനിമകള്‍ എത്രയോ ഉണ്ട്. ബാര്‍ബര്‍പ്പണി ചെയ്യുന്നവരെ വിശേഷിപ്പിച്ചിരുന്ന ഒരു ഗ്രാമ്യ പദപ്രയോഗമാണ് 'അമ്പട്ടന്‍'. മലയാളമറിയാത്ത ഒരു കൊച്ചു കുട്ടിയെക്കൊണ്ട് അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തെ 'അമ്പട്ടന്‍' എന്നു വിളിപ്പിച്ച് 'തമാശ' പറയിപ്പിക്കുന്നുണ്ട് 'യോദ്ധ' എന്ന സിനിമയില്‍.
മീന്‍ വില്‍ക്കുന്ന സ്ത്രീക്ക് ഉറക്കം വരണമെങ്കില്‍ മീന്‍ മണം നിര്‍ബന്ധം എന്നു സ്ഥാപിക്കുന്ന വളരെ മോശമായൊരു കഥ സുമംഗല ' തളിര് ' മാസികയില്‍ എഴുതിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ' സമീക്ഷ'മാസികയില്‍ ഞാന്‍ എഴുതുകയുണ്ടായി. എന്നെ വിമര്‍ശിച്ച് പ്രേമാ ജയകുമാര്‍ എന്നവര്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതി. സുന്ദരമായ കഥയില്‍ ഞാന്‍ വര്‍ഗീയത കണ്ടുവെന്നായിരുന്നു പ്രേമാ ജയകുമാറിന്റെ ആരോപണം. കഥയിലാണോ എന്റെ അഭിപ്രായത്തിലാണോ വര്‍ഗീയതയുള്ളതെന്ന് കഥ വായിച്ചാല്‍ ഒരു വിധം സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ മനസ്സിലാകും. മീന്‍കാരിയെ 'അവള്‍' എന്നു സംബോധന ചെയ്യുമ്പോള്‍ കഥയിലെ പൂക്കാരിയെ 'അവര്‍' എന്നാണ് കഥാകാരി സംബോധന ചെയ്യുന്നത്.
ജയ്ഹിന്ദ് ചാനലില്‍ 'ചാളമേരി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മിമിക്രി താരത്തിന്റെ സംഭാഷണത്തില്‍ ഇതു പോലുള്ള ധാരാളം പ്രയോഗങ്ങള്‍ വരികയുണ്ടായി. കൈരളി ചാനലിലെ ചില ഹാസ്യ പരിപാടികളിലും മീന്‍ വില്പനയും മുടിവെട്ടും കയറി വന്നിരുന്നു. ഒരു പരിപാടിയില്‍ ഒരാള്‍ ഡാന്‍സ് ചെയ്യുകയാണ്. കത്രിക കൊണ്ട് മുടി മുറിക്കുന്നതു പോലെ ആംഗ്യം കാണിച്ചാണ് ഡാന്‍സ്. ഇതു കണ്ട് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്, 'ഓ! ഇതായിരുന്നുവല്ലേ പണ്ട് പരിപാടി?' എന്നായിരുന്നു. മറ്റൊരു ഹാസ്യ പരിപാടിയില്‍ വളരെ നിന്ദ്യമായ മറ്റൊരു രംഗവും കാണിക്കുകയുണ്ടായി. ഒരു കഥാപാത്രം തുളസിയിലയെടുത്ത് ചെയിയില്‍ വയ്ക്കുന്നതു കണ്ടപ്പോള്‍ മറ്റൊരാള്‍ പറഞ്ഞത്, ' ഓ! ഇയാള്‍ക്ക് പണ്ട് മീന്‍ വില്‍പ്പനയായിരുന്നുവെന്നാണല്ലോ കേട്ടത് '
മീന്‍ വില്‍ക്കുന്നവരും മുടി വെട്ടുന്നവരും എന്താണാവോ ഈ സമൂഹത്തിനോട് ചെയ്ത തെറ്റ് ? 2007 ല്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ നിന്നു ഇന്ത്യ പുറത്തായപ്പോഴും വൃത്തികെട്ട മനസ്സിന്റെ ഉടമകളായ കുറേ ചെറുപ്പക്കാരും ഇതേ നിലപാടെടുക്കുകയുണ്ടായി. ഈ-മെയിലിലൂടെയാണ് അവര്‍ അവരുടെ വൃത്തികെട്ട മനസ്സ് പുറത്തു ചാടിച്ചത്. ക്രിക്കറ്റ് താരങ്ങള്‍ മുടിവെട്ടുകയും മീന്‍ വില്‍ക്കുകയും മറ്റും ചെയ്യുന്ന പരിഹാസ്യ ചിത്രങ്ങളാണ് അവര്‍ ഈ-മെയിലിലൂടെ പ്രചരിപ്പിച്ചത്. ക്രിക്കറ്റ് കളിക്കാന്‍ വയ്യെങ്കില്‍ മുടി വെട്ടാനും മീന്‍ വില്‍ക്കാനും പൊയ്ക്കൂടേ എന്നു ചോദിക്കുന്ന ഈ അറുവഷളന്മാര്‍ക്ക് സൗന്ദര്യം ഉണ്ടാക്കിക്കൊടുക്കുന്നവരല്ലേ ബാര്‍ബര്‍മാര്‍?
കമ്പ്യൂട്ടറും മറ്റും വന്നിട്ടും ഒട്ടു മിക്ക ഇന്ത്യക്കാരന്റെയും മനസ്സിപ്പോഴും കാളവണ്ടി യുഗത്തില്‍ത്തന്നെയാണ്. എങ്കിലും, ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ക്കും ചൊദ്യം ചെയ്യലുകള്‍ക്കും ശക്തി പ്രാപിച്ചു വരുന്നുണ്ട്. ജാതി വൈകൃത മനസ്സുള്ളവര്‍ക്ക് ഇതു സഹിക്കില്ല എന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെയുള്ളവരാണ് നാടിന്റെ പൈതൃകവും പാരമ്പര്യവും മറ്റും നശിച്ചുവെന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് കരയുന്നത്. മലയപ്പുലയന്റെ മാടത്തിന്‍ മുറ്റത്ത് മഴ വന്ന നാള്‍ നട്ട വാഴയില്‍ നിന്നുണ്ടാകുന്ന പഴം വെട്ടി വിഴുങ്ങാന്‍ സാധിക്കാത്ത തമ്പുരാന്‍ മനസ്സുള്ളവരാണ് ഓണത്തിന്റെ തനിമയും പെരുമയും നഷ്ടപ്പെട്ടുവെന്ന് വിളിച്ചു കൂവുന്നത്.
അമൃതാ ചാനലിലെ 'സൂപ്പര്‍ ടാലന്റ്' എന്ന പരിപാടിയിലെ വിധി കര്‍ത്താക്കളില്‍ ഒരാളായ സിനിമാ നടന്‍ മുകേഷ് പ്രകടിപ്പിച്ച ഒരഭിപ്രായമാണ് ഈ വിഷയം എഴുതാനുള്ള കാരണമായത്. പരിപാടിയുടെ ആറാം റൗണ്ടില്‍ മൂന്നു പേര്‍ അവതരിപ്പിച്ച ഒരു പരിപാടി ചിലരെ വേദനിപ്പിക്കുന്നുണ്ടെന്നും ഇത്തരം പരിപാടികള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ മറ്റു രണ്ടു വിധി കര്‍ത്താക്കളും മുകേഷിന്റെ അഭിപ്രായത്തെ ശരി വച്ചു. മുകേഷിന്റെ വിമര്‍ശനമേറ്റ പരിപാടിക്ക് ഒരു റിയാലിറ്റി ഷോയിലെ അഞ്ചാം റൗണ്ടില്‍ അവതരിപ്പിക്കത്തക്ക നിലവാരമുണ്ടായിരുന്നില്ല എന്ന കാര്യം ശരി തന്നെ. വിധി കര്‍ത്താക്കളില്‍ ഒരാളായ നടന്‍ വിനീത് 10 ല്‍ 3 മാര്‍ക്കാണ് പ്രസ്തുത പരിപാടിക്ക് നല്‍കിയത്. യഥാര്‍ത്തില്‍ 3 ല്‍ കുറഞ്ഞ മാര്‍ക്കിനേ അവര്‍ക്ക് അര്‍ഹതയുണ്ടായിരുന്നുള്ളൂ. മുകേഷിന്റെ വിമര്‍ശനം ദീര്‍ഘമുള്ളതായിരുന്നു. കാലം മാറിയെന്നും വിമര്‍ശനങ്ങള്‍ പണ്ടത്തെപ്പോലെ പറ്റില്ലെന്നും മുകേഷ് അഭിപ്രായപ്പെടുകയുണ്ടായി. പണ്ടത്തെപ്പോലെ ഇപ്പോള്‍ പറ്റില്ല എന്നു മുകേഷ് പറഞ്ഞത് ഗുണപരമായ അര്‍ത്ഥത്തിലായിരുന്നില്ല. പണ്ടത്തെ സ്വാതന്ത്യം ഇപ്പോഴില്ല എന്ന അര്‍ത്ഥത്തിലാണ് മുകേഷ് സംസാരിച്ചത്. തമാശ പറയാന്‍ പറ്റാത്ത കാലമാണിതെന്ന മട്ടിലുള്ളതായിരുന്നു മുകേഷിന്റെ സംസാരം. ജാതിയും മതവും കൂടി ഇന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് മുകേഷ് അഭിപ്രായപ്പെട്ടത്. (പണ്ട് കേരളം സ്വര്‍ഗ്ഗം പോലെയായിരുന്നുവല്ലോ! ലേഖനത്തിന്റെ തുടക്കത്തിലെ ഉദ്ധരണി എഴുതിയ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ആത്മകഥ വായിച്ചാല്‍ തന്നെ കേരളത്തിലെ സ്വര്‍ഗ്ഗാവസ്ഥയെന്തായിരുന്നുവെന്നു ഏകദേശം ബോധ്യമാവും !!)
ഏതു കാര്യത്തിലും ചില എടുത്തു ചാടലുകള്‍ നടക്കാറുണ്ട്. ഇതുപോലുള്ള വിഷയങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടന്നേക്കും. ഇതിന്റെ പേരില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പോയ കാല ക്രൂരതകളെ ( അതു തമാശയുടെ കുപ്പായമിട്ടതാണെങ്കിലും) ന്യായീകരിക്കുന്ന രീതിയില്‍ സംസാരിക്കരുത്. സിനിമയായാലും സീരിയലായാലും മിമിക്രിയായാലും സൂപ്പര്‍ ടാലന്റ് പരിപാടിയായാലും ഏതെങ്കിലും പ്രതേ്യക വിഭാഗത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ളതായിക്കൂടാ പദപ്രയോഗങ്ങള്‍. നടീ നടന്മാരുടെയും മിമിക്രിക്കാരുടെയും സ്വന്തക്കാരെപ്പോലെത്തന്നെ മീന്‍ വില്‍പ്പനക്കാരും ബാര്‍ബര്‍മാരുമൊക്കെ മനുഷ്യരാണ്; അവര്‍ക്കും വ്യക്തിത്വവും ആത്മാഭിമാനവും ഉണ്ട് എന്ന കാര്യം ആരും മറക്കരുത്.
……….


23 comments:

സുശീല്‍ കുമാര്‍ said...

ലേഖനത്തോട് നൂറ് ശതമാനം യോജിക്കുന്നു. തൊഴിലിന്റെ കാര്യത്തില്‍ മാത്രമല്ല, വേഷത്തിന്റെ കാര്യത്തിലും ഈ ഭേദചിന്തകളുണ്ട്. കവിയായ എം എം സചീന്ദ്രന്‍ ഒരു പ്രഭാഷണത്തില്‍ പറയുകയുണ്ടായി കേരളീയ വേഷം എന്ന ബോധത്തെക്കുറിച്ച്. കേരളപ്പിറവി ദിനത്തല് ഓഫീസുകളില്‍ കേരളീയവേഷം ധരിക്കണമെന്ന് പറഞ്ഞപ്പോള്‍ സ്ത്രീകള്‍ കസവ് സെറ്റ് സാരിയും ബ്ലൗസും, പുരുഷന്മാര്‍ കസവുകരയുള്ള മുണ്ടും ഷര്‍ട്ടും ധരിച്ചെത്തുന്നു. എന്നാല്‍ തന്റെ അമ്മയെയും അച്ഛനെയും ഈ 'കേരളീയ'വേഷത്തില്‍ താനിതുവരെ കണ്ടിട്ടില്ലെന്നും അമ്മയെ ചകിരിയുടെ മണമുള്ള മുണ്ടും ബ്ലൗസും വേഷത്തിലും അച്ഛനെ തോര്‍ത്തുമുണ്ടും പാളത്തൊപ്പിയും വേഷത്തിലാണ്‌ കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറായുകയുണ്ടായി. കേരളീയ വേഷം എന്നു പറയുമ്പോള്‍ ഒരു ന്യൂനപക്ഷമായ സവര്‍ണരുടേ വേഷമാണ്‍ നമ്മുടെ സമൂഹമനസ്സില്‍ ഓടിയെത്തുന്നത്. സവര്‍ണബോധം മനസ്സുകളില്‍ നാം അറിയാതെ അടിച്ചേല്പ്പിക്കപ്പെടുന്നതാണ്‍ ഇതിനു കാരണം.

മൂത്തവനെ കണ്ടാല്‍ ബഹുമാനിക്കുന്നതുപോലും അടിമത്തതലത്തിലേക്ക് വരുന്ന അവസ്ഥയുണ്ട്. ഇക്കാര്യത്തില്‍ നമ്മള്‍ പാശ്ചാത്യരെ കണ്ട് പഠിക്കണം. എന്നാല്‍ അവിടെയും ഈ സമത്വബോധം പാരംബര്യമായി ലഭിച്ചതല്ലെന്നും (പഴയ അടിമത്തം ഓര്‍ക്കുക) അവര്‍ പുതിയ ചിന്തകള്‍ക്ക് കടന്നുചെല്ലാനുള്ള മാനസികാവസ്ഥയുള്ള സമൂഹമായി മാറിയതുകൊണ്ടാണെന്നും നാം മനസിലാക്കണം.

ജാതിചിന്ത ഉള്ളില്‍ നിലനില്‍ക്കുമ്പോഴും സമൂഹത്തില്‍ മാറ്റമുണ്ട് എന്ന് നാം മനസ്സിലാക്കാതിരുന്നുകൂട. ആ മാറ്റങ്ങളെ പിറകോട്ടുവലിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന യാഥാസ്ഥിക ശക്തികളെ നാം തിരിച്ചറിയണം.

റിയാലിറ്റി ഷോകളിലെ ഇത്തരം കളിയാക്കലുകള്‍ നിലനില്‍ക്കുന്ന സാമാന്യ ബോധത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ്‍. ആ ബോധം മാറ്റാന്‍ ബോധപൂര്‍ വ്വമായ ശ്രമം വേണം.

ശങ്കരനാരായണന്‍ മലപ്പുറം said...

പ്രിയ സുശീല്‍കുമാര്‍,
തങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. കവി എം.എം.സചീന്ദ്രന്‍ പറഞ്ഞത് വളരെ ശരി തന്നെ. ഈ വിഷത്തില്‍ ഞാന്‍ ലേഖനങ്ങളെഴുതിയിട്ടുണ്ട്. 12.10.10 ന് 'സുക്കൂര്‍ സുന്ദരന്മാരുടെ ചന്തി' എന്ന തലക്കെട്ടിലെഴുതിയ പോസ്റ്റും 11.09.10 ന് 'കേരളീയ വസ്ത്ര പാരമ്പര്യം' എന്ന തലക്കെട്ടിലെഴുതിയ പോസ്റ്റും വായിക്കുക.

ഒഴാക്കന്‍. said...

കാര്യ പ്രധാനമുള്ള ഒരു ലേഘനം

ഷൈജൻ കാക്കര said...

കസവ്‌ കരയുള്ള സാരിയും ബ്ലൗസും മുണ്ടും ഷർട്ടും സവർണ്ണരുടെ വേഷമാണെന്ന നിരീക്ഷണത്തോട്‌ യോജിക്കുന്നില്ല...

ഇങ്ങനെ ഓരോന്നും ഓരോരുത്തരുടെ വേഷമായി നാം എന്തിന്‌ പതിച്ചുനൽകണം...

ജാതിയേയൊ ജോലിയേയൊ അല്ലെങ്ങിൽ പ്രദേശത്തേയൊ സൂചിപ്പിച്ച്‌ തമാശ പറയുന്നത്‌ നമ്മുടെയിടയിൽ സർവസാധാരണമല്ലേ... അവിടെ താഴ്ന്ന ജാതിയെന്നോ സവർണ്ണ ജാതിയെന്നൊ വിത്യാസമുണ്ടോ?

നായര്‌ പിടിച്ച്‌ പുലിവാൽ... എന്താ നായന്മാർ മാത്രമെ പുലിവാൽ പിടിക്കുകയുള്ളു...

ദരിദ്രനാരായണൻ... എല്ലാ നാരായണനും ദരിദ്രന്മാരാണോ... അല്ലെങ്ങിൽ ഇത്‌ ഹിന്ദു ദൈവത്തെ അധിക്ഷേപ്പിക്കാൻ ഉണ്ടാക്കിയ പദമോ?

സർദാർജി ജോക്കുകൾ കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ്‌... പക്ഷെ നാം ഇടപഴുകുന്ന സർദാർജികൾ അങ്ങനെയാണോ?

താമാശയെ തമാശയായി മാത്രം കാണുക...

ശങ്കരനാരായണന്‍ മലപ്പുറം said...

കസവു കരയുള്ള സാരിയും ബ്‌ളൗസും മുണ്ടും ഷര്‍ട്ടുമൊന്നും സവര്‍ണരുടെ മാത്രമല്ല അവര്‍ണരുടെയും പാരമ്പര്യ വേഷമല്ല. ഒരു നൂറു കൊല്ലം മുമ്പത്തെ ചരിത്രം വച്ചു വിലയിരുത്തിയാല്‍ അവര്‍ണര്‍ മാത്രമല്ല സവര്‍ണരും സാരിയും ബ്‌ളൗസും മുണ്ടും ഷര്‍ട്ടുമൊന്നും ധരിച്ചിരുന്നില്ല. മാത്രമല്ല, നമ്പൂതിരി സ്ത്രീകള്‍ പോലും കുപ്പായം ധരിച്ചിരുന്നില്ല. വി.ടി.യുടെ ഭാര്യയായ ശ്രീദേവീ അന്തര്‍ജ്ജനമാണ് ആദ്യമായി കുപ്പായം ധരിച്ച നമ്പൂതിരി സ്ത്രീ. റൗക്കയിട്ടു (ഒരുതരം ബ്‌ളൗസ്) ക്ഷേത്രത്തില്‍ കയറിയ നായര്‍ സ്ത്രീയുടെ ബ്‌ളൗസ് വലിച്ചുകീറിയ ചരിത്രംപോലുമുണ്ട് ഈ നാടിന് (കൂടുതല്‍ വിവരങ്ങള്‍ക്ക് 'കേരളീയ വസ്ത്ര പാരമ്പര്യം' എന്ന തലക്കെട്ടില്‍ 11.09.10 ന് എഴുതിയ പോസ്റ്റ്് വായിക്കുക.
'ചെരക്കുക' എന്ന പ്രയോഗം മറ്റെല്ലാവര്‍ക്കും 'തമാശ'യായി തോന്നിയാലും ഒരു ബാര്‍ബറുടെ മകന് ആ 'തമാശ' ഒരിക്കലും ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയില്ല. കണ്ണുകാണാത്ത ആളുടെ പ്രയാസം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കണ്ണുള്ളവന് ഒരിക്കലും സാധിക്കുകയില്ല!

ശ്രീനാഥന്‍ said...

വളരെയേറെ ഗൌരവമുള്ള, ഒരു വിഷയമാണിത്. പല തമാശകളും തമാശകളല്ല!

Anonymous said...

ഭാഷയിലെ ദളിത്(കീഴാള)വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് മിക്കവരും അജ്ഞരാണ്. നല്ല ലേഖനം.

aathmavu said...

സ്നേഹിതാ, ഒരു തമാശ പറയുമ്പോള്‍ അത് തമാശ ആയി കണ്ടാല്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഇല്ല. എനിക്ക് തമാശ ആയി തോന്നുന്ന ഒരു കാര്യം ചില്ലപ്പോള്‍ മറ്റൊരു വ്യക്തിക് തോന്നുന്നില്ല . അതിന്റ്ന്റെ അര്‍ഥം ആ വ്യക്തിയെയോ / ആ മതത്തിനെയോ / ജോലിയെയോ അഭിമാനിക്കുകയാണ് എന്ന് വിചാരിക്കുനത് തെറ്റാണു എന്നാണ് ആത്മാവിനു തോന്നുന്നത്. സത്യന്‍ അന്തിക്കാട്‌ എന്ന സംവിധായകന്‍ മലയാളിക്ക് പ്രിയമാകുന്നത് അദേഹത്തിന്റെ സിനിമകളില്‍ ഈ നര്‍മം കൊണ്ടുവരുന്നത് കൊണ്ടാണ്. മനസുതുറന്നു മനുഷ്യന്‍ ചിരിക്കുന്നതും നഷ്ടപെടരുത് . സാധാരണകാരനായ ഒരു ആത്മാവിന്റെ അഭിപ്രായം !

ശങ്കരനാരായണന്‍ മലപ്പുറം said...

ശ്രീ: ആത്മാവിന്റെ അഭിപ്രായത്തെ മാനിക്കുന്നു. ഒരു 'തമാശ' കേട്ടാല്‍ ഒരാള്‍ ചിരിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ചിരി വരണമെന്നില്ല; ചിലപ്പോള്‍ അമര്‍ഷവും വന്നേക്കാം. ഇതൊക്കെ വ്യക്തികള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. പഴഞ്ചൊല്ലുകള്‍ മാത്രമല്ല പുതുചൊല്ലുകളും ധാരാളമായി ഇറങ്ങുന്നുണ്ട്. ഡൂപ്‌ളിക്കേറ്റ് സാധനത്തെ 'ചാത്തന്‍ സാധനം' എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. കടുത്ത നിറമുള്ള വസ്ത്രങ്ങളെ 'അയ്യന്‍കാളിക്കളര്‍'എന്നും 'ഐ.ആര്‍.ഡി.കളര്‍'എന്നും വിശേഷിപ്പിക്കുന്നു. ഇതൊക്കെ കേട്ടാല്‍ ശ്രീ: ആത്മാവിന്റെ ആത്മാവില്‍ നിന്നു ചിരി പൊങ്ങുമായിരിക്കും. പക്ഷേ, 'ചാത്തന്റെ' മക്കളെങ്കിലും ചിരിക്കണമെന്നില്ല. എട്ടുകാലിയുടെ വലയില്‍ വീണ ചിത്രശലഭം ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി പിടയുന്നു. അതു ചിത്രശലഭത്തിന്റെ ശരി. കടുത്ത വിശപ്പിനുള്ള പരിഹാരത്തിനായി എട്ടുകാലി ചിത്രശലഭത്തിനെ ചുറ്റി വരയുന്നു. അതു എട്ടുകാലിയുടെ ശരി. അവരവരെ സംബന്ധിച്ചിടത്തോളം അവരവരുടെ ന്യായം ശരി തന്നെ. ഇതുതന്നെയാണ് ഇക്കാര്യത്തില്‍ ശ്രീ: ആത്മാവിനോടും പറയാനുള്ളത്.

Anonymous said...

ജോലിയിലുള്ള ഉച്ചനീചത്വങ്ങള്‍ക്ക് ബ്രിട്ടീഷ്‌ കാരുടെ സംഭാവനയും ചെറുതല്ല

ChethuVasu said...

തീര്‍ച്ചയായും പച്ചയായ യാഥാര്‍ത്ഥ്യം .... പറഞ്ഞാലും കണ്ടാലും മനസ്സില്ലാകത്തവരുറെ അടുത്ത് പറഞ്ഞിട്ടും കാര്യമില്ല .... ആരാന്റാന്മക്ക് പ്രാന്ത് വന്നാല്‍ അതും തമാശ് ആണല്ലോ ഇത്തരം സാധനങ്ങള്‍ക്ക് ....!! കണ്ടാരിയാത്ത്തവന്‍ കൊണ്ടറിയും എന്നത്രേ പ്രമാണം ..... !!!

ഇത്തരം തമാശകല്‍ പറഞ്ഞെ തീരു എന്ന് വാശിയുല്ലവര്‍ സ്വന്തം വീട്ടുകരെപ്പറ്റിയുള്ള നിര്‍ദ്ദോഷമായ തമാശകള്‍ സുഹ്രുത്തുക്കലുമായി പങ്കു വച്ച് ആര്‍ത്തു ചിരിക്കാവുന്നതെ ഉള്ളൂ .. എന്നാലോ .. അത് പറ്റില്ല -- തമാശ ആയാലും എന്നെ പറ്റിയോ , എന്റെ വീട്ടുകരെപ്പറ്റിയോ പറയാന്‍ പാടില്ല ! ..ബാക്കിയുള്ളവരെ പ്പറ്റി ആകാം അത് തന്നെ!!! ..ഹല്ലാ പിന്നെ !!

ശങ്കരനാരായണന്‍ മലപ്പുറം said...

Mr.Anonymous ന്റെ നിലപാടിനോട് ശക്തമായി വിയോജിക്കുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ മൊത്തത്തില്‍ അടിമകളായി കണ്ടിരുന്നുവെങ്കിലും ഇന്ത്യയിലെ സവര്‍ണ സായിപ്പന്മാരെക്കാള്‍ വളരെ മാന്യന്മാരായിരുന്നു ബ്രിട്ടീഷ് സായിപ്പന്മാര്‍. തിരുവിതാംകൂറിലുണ്ടായിരുന്നത്ര ജാതി പീഢനം മലബാറില്‍ ഉണ്ടാകാതിരുന്നത് മലബാര്‍ ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്നതിനാലാണ്.
ഇന്ത്യന്‍ ജാതി വ്യവസ്ഥയെ നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ വലിയ ശ്രമങ്ങളൊന്നും ബ്രിട്ടീഷുകാര്‍ ചെയ്തിട്ടില്ലെങ്കിലും അവര്‍ണര്‍ക്ക് മാനുഷിക സ്വാതന്ത്ര്യത്തിന്റെ നേരിയ രുചി അനുഭവിക്കാന്‍ സാധിച്ചത് ബ്രിട്ടീഷുകാരില്‍നിന്നാണ്. ഇതുകൊണ്ടാണ്, 'ബോധപൂര്‍വ്വമല്ലെങ്കിലും ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഒരു വിപ്‌ളവം നടത്തി' എന്നു കാറര്‍ മാര്‍ക്‌സ് നിരീക്ഷിച്ചത്. ഇതുകൊണ്ടുതന്നെയാണ് 'നമുക്ക് സ്വാതന്ത്ര്യം നല്‍കിയത് ബ്രിട്ടീഷുകാരാണ്; ബ്രിട്ടീഷുകാര്‍ ജയിക്കാന്‍ നമ്മള്‍ പ്രാര്‍ത്ഥിക്കണം' എന്ന് ഒന്നാം ലോക മഹായുദ്ധകാലത്ത് ശ്രീനാരായണ ഗുരു പറഞ്ഞത്. 'ബ്രിട്ടീഷ് ഗവണ്മെന്റിനെ ആസുരമെന്നും ക്രൂരമെന്നും പറഞ്ഞ് എതിര്‍ത്തുവരുന്ന ഗാന്ധി ഇവിടെ പറയരെയും മറ്റും നികൃഷ്ടരായി കരുതുന്ന ഇന്ത്യക്കാരെ എന്തുകൊണ്ട് ചെകുത്താന്മാരെന്നു വിളിക്കുന്നില്ല' എന്ന് സഹോദരനയ്യപ്പന്‍ ചോദിച്ചതും ഇതുകൊണ്ടു തന്നെയായിരുന്നു. 'ദക്ഷിണാഫ്രിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച റോഡില്‍ കാലെടുത്തു കുത്തില്ല എന്നു ശഠിച്ച ഗാന്ധിജി എന്തുകൊണ്ട് ഇന്ത്യയില്‍ പറയര്‍ക്കും പുലയര്‍ക്കും പ്രവേശനം നിഷേധിച്ച റോഡില്‍ കാലെടുത്തു കുത്തില്ല എന്നു ശഠിക്കുന്നില്ല' എന്ന് മഹാകവി കുമാരനാശാന്‍ ചോദിച്ചതും മറ്റൊന്നുംകൊണ്ടായിരുന്നില്ല.

MOIDEEN ANGADIMUGAR said...

നല്ല ലേഖനം.അഭിനന്ദനം സുഗതാ..

കാക്കരെ എന്തിനാ ക്ഷോഭിക്കുന്നത്..?ഒക്കെ ഒരു തമാശയായി കരുതിയാൽ പോരേ?

ശിശുപാലന്‍ said...

തിരുവിതാംകൂറില്‍ ഉണ്ടായിരുന്ന അത്ര ജാതി പീഡനം മലബാറില്‍ ഇല്ലായിരുന്നെന്നോ? ഇങ്ങേര്‍ ഏതു നാട്ടിലാണ് ജീവിക്കുന്നത്? ജാതി വിവേചനത്തിന്റെയും ജന്മിത്വത്തിന്റെയും ഏറ്റവും ഭീകരമായ അവസ്ഥയായിരുന്നു മലബാറില്‍ നിലനിന്നിരുന്നത്.

ഷൈജൻ കാക്കര said...

"കാക്കരെ എന്തിനാ ക്ഷോഭിക്കുന്നത്..?ഒക്കെ ഒരു തമാശയായി കരുതിയാൽ പോരേ?"

ഇതാ ഇപ്പാ താമാശയായത്‌...

അനാര്യന്‍ said...

ജാതി മേന്‍മയില്‍ ഊറ്റം കൊള്ളുന്ന ഇക്കൂട്ടരുടെ അപഹാസ്യവും അപരിഷ്കൃതവുമായ ഭൂതകാലത്തെ കുറിച്ച് ദാ ഇവിടെ വായിക്കൂ..

ശങ്കരനാരായണന്‍ മലപ്പുറം said...

ഡോ: പല്പുവിന്റെ നേതൃത്വത്തില്‍ 1896 സെപ്തംബര്‍ 3-ാം തീയതി 13176 പേര്‍ ഒപ്പിട്ട് തിരുവിതാംകൂര്‍ മഹാരാജാവിനു സമര്‍പ്പിച്ച 'ഈഴവ മെമ്മോറിയലില്‍' ഇങ്ങനെ പറയുന്നു:
'' ഇതിനെ എല്ലാറ്റിനെക്കാള്‍ കഷ്ടതരമായിട്ടുള്ളത് മാസം അഞ്ചു രൂപയോ അതിനു മേലോ ശമ്പളമുള്ള ഒരു ഈഴവനെങ്കിലും തിരുവിതാംകൂര്‍ ഗവണ്‍മെന്റു സര്‍വ്വീസില്‍ ഇല്ലാത്തതാകുന്നു. ബുദ്ധിമാന്മാരും വിദ്യഭ്യാസം ചെയ്തിട്ടുള്ളവരുമായ ആളുകള്‍ അവരില്‍ ഇല്ലാഞ്ഞിട്ടല്ല. മലബാറില്‍ ഇന്‍ഡ്യാക്കാര്‍ക്കു പ്രവേശിക്കാവുന്ന സിവില്‍ സര്‍വ്വീസില്‍ ഏറ്റവും ഉയര്‍ന്ന ഉദേ്യാഗങ്ങളില്‍ ഇവരുടെ ജാതിക്കാര്‍ പലരും ഇരിക്കുന്നുന്നുണ്ട് ''

ബിജു ചന്ദ്രന്‍ said...

Tracking

chithrakaran:ചിത്രകാരന്‍ said...

ബാര്‍ബര്‍മാരും,മുക്കുവന്മാരും,ചെരിപ്പുകുത്തികളുമെല്ലാം
മനുഷ്യരാണെന്ന് മനസ്സിലാക്കാനോ അവന്റെ ജോലി ശബരിമല ഗുരുവായൂര്‍ തന്ത്രിമാരേക്കാളും,മേല്‍ശാന്തിമാരേക്കാളും ആയിരം മടങ്ങ് പവിത്രവും മാന്യവുമാണെന്നും നമുക്ക് തിരിച്ചറിയണമെങ്കില്‍ ആ വിവേചനം സൃഷ്ടിച്ച ബ്രാഹ്മണ്യത്തിന്റെ കുടിലവും മനുഷ്യത്വ വിരുദ്ധവുമായ
ചരിത്രം അറിയുകതന്നെ വേണം.ബ്രാഹ്മണരെന്നോ,സവര്‍ണ്ണരെന്നോ അഭിമാനിക്കുന്നവരെ കണ്ടാല്‍ മനുഷ്യര്‍ കാറി തുപ്പുന്ന കാലം വിദൂരമല്ല.
നല്ല പോസ്റ്റിനു നന്ദി.

പാമരന്‍ said...

good one. thanks.

kaalidaasan said...

നല്ല ലേഖനം, പ്രസക്തമായ ചിന്തകള്‍

മധു said...

എന്റെ അച്ഛനും ചേട്ടനും ബാര്‍ബര്‍ തൊഴിലാളികളാണ് . ഞാന്‍ ഇന്ത്യയിലെ പ്രശസ്തമായ പ്രൈവറ്റ് ബാങ്കിലെ മാനേജരും. ജീവിതത്തില്‍ എത്രയോ തവണ എത്രയോ മാന്യന്‍മാര്‍ എന്റെ മുന്‍പില്‍ വെച്ച് "ചെരക്കല്‍ " വാക്കിലൂടെ ബാര്‍ബര്‍ മാരെ കളിയാക്കുന്നത് കേള്‍ക്കാറുണ്ട് . എല്ലാം കേട്ടുകഴിയുമ്പോള്‍ ഞാന്‍ പറയും - എന്റെ അച്ഛനും ചേട്ടനും ഇതാണ് പണി . എന്റെ അച്ഛന്‍ ചെരച്ചുണ്ടാക്കിയ കാശു കൊണ്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയതെന്ന് . പലരും സോറി പറയും . അവരാരും പിന്നെ ആ വാക്കുപയോഗിചിട്ടുണ്ടാകില്ല എന്ന് വിശ്വസിക്കുന്നു .

നമ്മള്‍ മലയാളികള്‍ എന്നെങ്കിലും നന്നാകുമോ ?

siyan said...

എന്റെ ബ്ലോഗുകള്‍ താല്‍പ്പര്യത്തോടെ വായിച്ചതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നതിനും നന്ദി.ആശംസകള്‍
Siyan