My Blog List

Showing posts with label മറുപടി. Show all posts
Showing posts with label മറുപടി. Show all posts

Saturday, April 16, 2011

ശീലം തന്നെയാണ് താരം!

      'പച്ചക്കുതിര'മാസിക, ഏപ്രില്‍, 2011

    (ഞാനെഴുതിയ മീന്‍മണത്തിന്റെ രാഷ്ട്രീയം വായിച്ചിരുന്നുവല്ലോ. അതിന് ശ്രീ:ജോര്‍ജ്ജ് ജേക്കബ്,കുന്നുമ്മല്‍ മലപ്പുറം എന്നയാള്‍ ഫെബ്രുവരി ലക്കം 'പച്ചക്കുതിര'യില്‍ മറുപടി എഴുതുകയുണ്ടായി. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് വെജിറ്റേറിയനായതുകൊണ്ടാണ് ചോവത്തിയുടെ വീട്ടിലെ പിറന്നാള്‍ സദ്യയില്‍ വിളമ്പിയ മീന്‍കറി കണ്ടപ്പോള്‍ ഓക്കാനം വന്നതെന്നും മറ്റും മറുപടിയില്‍ എഴുതിയിരുന്നു. ശീലങ്ങളെ നിലപാടുകളായി കണക്കാക്കരുതെന്നും മറ്റുമാണ് മറുപടിയില്‍ പറഞ്ഞത്. അതിനുള്ള മറുപടിയാണിത്)

         'മീന്‍ മണത്തിന്റെ രാഷ്ട്രീയ'ത്തെക്കുറിച്ച് 'പച്ചക്കുതിര'യില്‍ ഞാനെഴുതിയതിനെ പരാമര്‍ശിച്ച് 2011 ഫെബ്രുവരി ലക്കം 'പച്ചക്കുതിര'യില്‍ ജോര്‍ജ്ജ് ജേക്കബ്, കുന്നുമ്മല്‍, മലപ്പുറം എഴുതിയത് വായിച്ചു. ശീലമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് ജോര്‍ജ്ജ് ജേക്കബ് പറഞ്ഞിരിക്കുന്നത്. ഇതു ശരിയാണെന്ന് എനിക്കും തോന്നുന്നു. 
        കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇറച്ചിയും മീനും കഴിക്കാത്ത ആളാണെന്ന് ജോര്‍ജ്ജ് ജേക്കബ് എഴുതിയത് വായിച്ചപ്പോഴാണ് മനസ്സിലായത്. കള്ളും ചാരായവുമൊക്കെ കഴിക്കുന്നവര്‍ സ്വാഭാവികമായും ഇറച്ചിയും മീനുമൊക്കെ കഴിക്കുന്ന ശീലക്കാരായിരിക്കും എന്നായായിരന്നു ധാരണ. മദ്യഷാപ്പുകളില്‍ പോയി മദ്യപിച്ചിട്ടില്ലെങ്കിലും ധാരാളം കള്ള്/ചാരായ ഷാപ്പുകളില്‍ ഞാന്‍ പോയിട്ടുണ്ട്. കള്ളിന്റെയും/ചാരായത്തിന്റെയും മീനിന്റെയും ഇറച്ചിയുടെയും കഞ്ചാവിന്റെയും ബീഡിയുടെയുമൊക്കെച്ചേര്‍ന്ന ഒരു പ്രതേ്യക ഗന്ധം നിറഞ്ഞതാണ് കള്ള്/ചാരായ ഷാപ്പുകള്‍. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലുണ്ടായിരുന്ന കള്ളുഷാപ്പില്‍ ഉച്ചയ്ക്ക് ഊണും ഉണ്ടായിരുന്നു. ഞാന്‍ പല തവണ അവിടെനിന്ന് ഊണ് കഴിച്ചിട്ടുണ്ട്. കള്ളും ചാരായവും കഞ്ചാവും ബീഡിയുമൊന്നും എനിക്ക് ശീലമല്ലെങ്കിലും മദ്യ ഷാപ്പുകളിലെ ഈ ചൂര് എന്നില്‍ ഓക്കാനം വരുത്താതിരുന്നത് എന്റെ 'ചൂര്ശീലം' കൊണ്ടായിരിക്കണം! കാരണം, എന്റെ അച്ഛന്‍ കള്ളുചെത്തുകാരനും ചാരായംവാറ്റുകാരനും ബീഡിവലിക്കാരനുമായിരുന്നു. ഏട്ടന്മാര്‍ക്കുമുണ്ടായിരുന്നു ഈ ശീലങ്ങളൊക്കെ. ഇതല്ലല്ലോ ചുള്ളിക്കാടിന്റെയും ജോര്‍ജ്ജ് ജേക്കബിന്റെയുമൊക്കെ അവസ്ഥ. തനി പച്ചക്കറിഭോജിയായ/പച്ചക്കറിഭോജിയായിരുന്ന ഇക്കൂട്ടര്‍ക്ക് കള്ള്/ചാരായ ഷാപ്പിനകത്തെത്തിയാന്‍ ഓക്കാനം വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 'കൂലി കിട്ടിയാല്‍ നേരെ ചാരായഷാപ്പിലേക്കോടും' എന്നു പറഞ്ഞ (ചിദംബരസ്മരണ, പേജ് 127)ചുള്ളിക്കാട് എത്രമാത്രം ഓക്കാനിച്ചും വിഷമിച്ചുമായിരിക്കണം ചാരായം അകത്താക്കിയിട്ടുണ്ടാവുക? 
       'മാതൃഭൂമി'ആഴ്ചപ്പതിപ്പില്‍ (06.02.2011) കെ.പി.രാമനുണ്ണി എഴുതിയ, 'മീന്‍ ഒരു ഭീഷണിക്കഥ?!' എന്ന കഥയിലെ നായികയും അമ്പലവാസിയുമായ അനിതക്കുട്ടി മീന്‍ ശീലമാക്കുന്നതിനു വേണ്ടി കഷ്ടപ്പെടുന്ന കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്. കഥയിലെ നായകനായ ഫിറോസ് ബാബുവാണ് അനിതക്കുട്ടിയെ മീന്‍തീറ്റ പഠിപ്പിക്കുന്നത്. തുടക്കത്തില്‍ അനിതക്കുട്ടിക്ക് മീന്‍ ഓക്കാനമുണ്ടാക്കിയത് അവരുടെ കുറ്റംകൊണ്ടല്ല. കുട്ടിക്കാലം മുതല്‍ അനിതക്കുട്ടി ശീലിച്ച ശീലംകൊണ്ടു തന്നെ. 'പഥേര്‍ പാഞ്ചാലി'എന്ന സിനിമയിലെ കഥാപാത്രമായ ബ്രാഹ്മണ സ്ത്രീ കറി വയ്ക്കാനായി മീന്‍ നന്നാക്കുന്ന രംഗമുണ്ട്. ഈ രംഗം (മുപ്പത്തഞ്ചു വര്‍ഷം മുമ്പ്) കണ്ടതിനു ശേഷം എന്റെ ചിന്ത ഓക്കാനിച്ചു കൊണ്ടേയിരുന്നു. കാരണം (കേട്ട) ശീലം തന്നെ. ബ്രാഹ്മണര്‍ മീന്‍ കഴിക്കില്ലെന്നതായിരുന്നു കേട്ട ശീലം. പിന്നീട് വേദങ്ങളും ഇതിഹാസങ്ങളും മനുസ്മൃതിയും ചാണക്യശാസ്ത്രവുമൊക്കെ വായിച്ചപ്പോള്‍ ബ്രാഹ്മണരുടെ മുഖ്യ ആഹാരം ഇറച്ചിയും മീനുമൊക്കെയായിരുന്നുവെന്നു മനസ്സിലായി. അതോടെ ആ ഓക്കാനം നിന്നു. അനിതക്കുട്ടിയുടെ അമ്മേടെ അമ്മേടെ അമ്മേടെ.................അമ്മമ്മമാര്‍ക്ക് മീന്‍ ഓക്കാനം ഉണ്ടാക്കിയിരുന്നില്ല. കാരണം അവര്‍ക്കത് ശീലമായിരുന്നു. പിതൃക്കള്‍ക്കുപോലും അവര്‍ മീന്‍ നല്‍കിയിരുന്നു. പിതൃക്കള്‍ക്ക് ഏറെ ഇഷ്ടം മുതുക്കന്‍ വെള്ളാടിന്റെ ഇറച്ചിയാണെങ്കിലും വാള മുതലായ മീനുകളുടെ മാംസം നല്‍കിയാല്‍ പിതൃക്കള്‍ രണ്ടു മാസം തൃപ്തികൊള്ളുമെന്നാണ് 'മനുസ്മൃതി'യില്‍(3:268)പറഞ്ഞിട്ടുള്ളത്. ഫിറോസ് ബാബുവില്‍ നിന്നു മീന്‍തിന്നല്‍ പരിശീലിച്ച അനിതക്കുട്ടി പിന്നീട് ആര്‍ത്തിയോടെ മീന്‍ തിന്നുന്നത് ശീലമാക്കി. ഫിറോസ് ബാബുവിന്റെ വിരലുകളെക്കാള്‍ അവന്റെ ചുണ്ടുകള്‍ക്കാണ് കൂടുതല്‍ 'കെമിസ്ട്രി'യെന്നു മനസ്സിലാക്കിയ അനിതക്കുട്ടി ഫിറോസ് ബാബു ചുണ്ടില്‍ വച്ച് വിമലീകരിച്ച ('വിമലീകരിച്ച'എന്നാണ് കഥാകൃത്ത് പ്രയോഗിച്ചിരിക്കുന്നത്. ഇന്ന് അമ്പലവാസികള്‍ക്ക് അശുദ്ധമായ മീന്‍ മാപ്‌ളച്ചെക്കന്റെ-'മാപ്‌ളച്ചെക്കന്‍' എന്ന പ്രയോഗം കഥാകൃത്തിന്റേത്-ചുണ്ടില്‍ തട്ടിയാല്‍ ശുദ്ധമാകുമെന്നായിരിക്കുമോ കഥാകൃത്ത് അര്‍ത്ഥമാക്കിയിട്ടുണ്ടാവുക? തൈലാദിവസ്തുക്കളശുദ്ധമായാല്‍ പൗലോസിനെക്കൊണ്ടു തൊടീച്ചെടക്കക്കാം എന്നു പറഞ്ഞതുപോലെ!) ഐലക്കഷണം അവന്റെ പല്ലിനിടയില്‍നിന്നു കടിച്ചെടുക്കാന്‍ പോലും ശീലിച്ചു അനിതക്കുട്ടി എന്ന അമ്പലവാസി!
        കഥാകൃത്ത് കെ.പി.രാമനുണ്ണി ഈ കഥയിലൂടെ തന്റെ ചില ശീലങ്ങള്‍ തെറ്റിച്ചിരിക്കുന്നു. 'ലൗ ജിഹാദി'നെതിരെ ശബ്ദിക്കുന്നവരുടെ എതിര്‍പക്ഷത്തു നില്‍ക്കുന്ന എഴുത്തുകാരനാണ് കെ.പി.രാമനുണ്ണിയെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍, ഈ കഥ (എന്റെ വായനയില്‍) നല്‍കുന്ന പാഠം മറിച്ചാണ്. കെ.പി.രാമനുണ്ണി ശീലം തെറ്റിച്ചോ? അതോ ഇതുതന്നെയായിരുന്നോ യഥാര്‍ത്ഥ ശീലം? ചരിത്രകാരനായ ഡോ: എം.ഗംഗാധരനും അടുത്തകാലംവരെ ഇതേ ശീലമായിരുന്നു. ഇപ്പോള്‍ ഇദ്ദേഹവും ശീലം തെറ്റിച്ചിരിക്കുന്നു. 'ലൗ ജിഹാദ്' വിഷയത്തില്‍ ഇദ്ദേഹം 'കേസരി'യില്‍ (20.12.2009) എഴുതിയത്, ജപ്പാനില്‍ കമ്മ്യൂണിസ്റ്റുകളും മുസ്ലീങ്ങളും ഇല്ലാത്തതു കൊണ്ടാണ് അവര്‍ക്ക് ഭാഗ്യം കൈവന്നത് എന്നാണ്. അതോ എന്റെ ശീലക്കേടുകളാണോ എന്നെ ഇങ്ങനെയെക്കെ ചിന്തിപ്പിക്കുന്നത്? 
    ശീലം തന്നെയാണ് താരം! എനിക്കും ചില ശീലങ്ങളൊന്നും മാറ്റാന്‍ കഴിഞ്ഞിട്ടില്ല. കമ്മ്യണിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരനായിട്ടും പല ശീലങ്ങളും മാറ്റാന്‍ ഈ.എം.എസ്.നമ്പൂതിരിപ്പാടിന് സാധിച്ചില്ല. ഗാന്ധിജിക്കും പല ശീലങ്ങളും മാറ്റാന്‍ സാധിച്ചില്ല. ചുള്ളിക്കാടിന് മീന്‍കറി കൂട്ടാതിരിക്കലാണ് ശീലമെങ്കില്‍ പൊതുസ്ഥലത്തു വച്ച് ഭക്ഷണം കഴിക്കാതിരിക്കലായിരുന്നു ഗാന്ധിജിക്ക് ശീലം. മല-മൂത്ര വിസര്‍ജ്ജനം പോലെ രഹസ്യമായിത്തന്നെയാണ് ഭക്ഷണം കഴിക്കേണ്ടതും എന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. സി.പി.ഐ.നേതാവായ കൊളാടി ഗോവിന്ദന്‍ കുട്ടി കുടുംബത്തിന്റെയും നാട്ടുകാരുടെയും ഐശ്വര്യത്തിനായി തേങ്ങ എറിഞ്ഞുടക്കല്‍ പരിപാടി (പന്തീരായിരം) നടത്തിയിരുന്നു. കമ്മ്യൂണിസ്റ്റുകാരനായിട്ടും തറവാടിന്റെ 'തേങ്ങാശീലം' മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാല്‍, വി.ടി.ഭട്ടതിരിപ്പാടും എ.കെ.ജി.യും ഗാന്ധിജിയുടെ സമുദായക്കാരനായ രാം മനോഹര്‍ ലോഹ്യയും മറ്റും അവരുടെ 'തറവാട്ശീലങ്ങള്‍' എതാണ്ടെല്ലാം ഒഴിവാക്കി. 'തറവാട്ശീലങ്ങള്‍' ഒഴിവാക്കിയ ഇക്കൂട്ടരോട് എനിക്ക് ആദരവ് തോന്നുന്നത് എന്റെ ശീലത്തിലെ ശീലക്കേടുകള്‍ കൊണ്ടാകാം!
         പെരുമണ്ണ പാടത്ത് ഞാറ് നടുന്ന സ്ത്രീകള്‍ (എല്ലാവരും ദലിതരാണ്) എന്നോട് അവര്‍ക്ക് മുമ്പുണ്ടായ ചില അനുഭവങ്ങള്‍ ഈയിടെ വിവരിക്കുകയുണ്ടായി. ചില ദിവസങ്ങളില്‍ അവര്‍ക്ക് തമ്പുരാന്റെ വീട്ടിലെ കളപ്പുരയില്‍ വച്ച് ഭക്ഷണം നല്‍കും. ഇലയില്‍ 'ശാസ്ത്രീയമായി' വിളമ്പിയ ഭക്ഷണം അവര്‍ തിന്നുന്നതു കാണാന്‍ തമ്പുരാട്ടികളും കുട്ട്യോളും നോക്കി നില്‍ക്കും. 'ശാസ്ത്രീയമായി'തിന്നാനറിയാത്ത അവരുടെ കാട്ടിക്കൂട്ടലുകള്‍ കണ്ട് തമ്പുരാട്ടികളും കുട്ട്യോളും പരിഹസിച്ച് ചിരിക്കുമത്രെ. അതെ, ശീലം തന്നെയാണ് താരം! തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും കുട്ടേ്യാളും 'ശാസ്ത്രീയമായി' നക്കാന്‍ മാത്രം ശീലിച്ചപ്പോള്‍ കുറമ്പയും കാളിയും പാറുവും കാര്‍ത്ത്യാനിയുമൊക്കെ 'ശാസ്ത്രീയമായി' നടാനെ പഠിച്ചിട്ടുള്ളൂ!  
       കവിതയിലെ 'കവിത'കണ്ടാല്‍ മതി എന്ന, ജോര്‍ജ് ജേക്കബിന്റെ അഭിപ്രായത്തില്‍ ശരിയുണ്ട്. ഞാനൊരു കവിയോ (പൂര്‍ണ്ണ അര്‍ത്ഥത്തില്‍) കവിതാ ആസ്വാദകനോ അല്ല. ഇതുകൊണ്ടായിരിക്കണം ചുള്ളിക്കാടിന്റെ കവിതയിലെ 'കവിത' എനിക്കു മനസ്സിലാകാതെ പോയത്. ഉപമകള്‍കൊണ്ടും ഉല്‍പ്രേക്ഷകള്‍കൊണ്ടും ജീവിക്കുന്ന ഒരു പ്രാസംഗികന്‍ ഒരിക്കല്‍, ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ വിശേഷിപ്പിച്ചത് വേശ്യാലയം എന്നായിരുന്നു. ഒരു രാഷ്ട്രീയ നേതാവ് അതിനു മറുപടി പറഞ്ഞു. 'നിങ്ങളെപ്പോലുള്ളവര്‍ പഠിപ്പിച്ച സ്ഥാപനമല്ലേ അതങ്ങനെയേ വരൂ'എന്നായിരുന്നു മറുപടി. അതിനു മറുപടിയായി 'ഉല്‍പ്രേക്ഷക്കാരന്‍' പറഞ്ഞത്, ' വേശ്യാലയം എന്ന വാക്കിന് ആ അര്‍ത്ഥം കാണരുതെന്നും ഞാനുദ്ദേശിച്ച വേശ്യയുടെ ആന്തരാര്‍ത്ഥത്തിന്റെ ഗൂഢാര്‍ത്ഥമെന്തെന്നാല്‍....'എന്നോ മറ്റോ ആയിരുന്നു. അതിന് ഈ രാഷ്ട്രീയ നേതാവ് നല്‍കിയ മറുപടി, ഞങ്ങള്‍ സാധാരണക്കാര്‍ മലയാളം എം.എ.ക്കാരല്ലെന്നും വേശ്യാലയം എന്നതിന് സാധരണക്കാര്‍ മനസ്സിലാക്കിയ അര്‍ത്ഥം വച്ചാണ് അഭിപ്രായം പറഞ്ഞതെന്നുമായിരുന്നു. പ്രത്യക്ഷ വായനയില്‍, വാക്കുകള്‍ക്ക് സാധാരണമായി ഉപയോഗിക്കുന്ന അര്‍ത്ഥം വച്ചാണ് ചുള്ളിക്കാടിന്റെ കവിതയെ വിലയിരുത്തിയത്. കവിതയിലെ 'കവിത'കാണാന്‍ സാധിക്കാതെ പോയതില്‍ വിഷമമുണ്ട്. 
           മീന്‍കാരികള്‍ക്ക് മുല്ലപ്പൂമണം ഇഷ്ടമാണെന്നുകൂടി പറഞ്ഞു നിര്‍ത്തട്ടെ. ഞാനെഴുതിയതോ ജോര്‍ജ്ജ് ജേക്കബ് എഴുതിയതോ വായിക്കുന്നതിനുമുമ്പുതന്നെ ജനറ്റ് ക്‌ളീറ്റസ് എന്ന മീന്‍കാരിയമ്മ പറഞ്ഞത് ( 2010 ഡിസംബര്‍ ലക്കം 'പച്ചക്കുതിര') 'എനിക്ക് മുല്ലപ്പൂവിന്റെയൊക്കെ മണം ഇഷ്ടമാണ്' എന്നാണ്.
...................

Monday, April 11, 2011

റഹീം കടലാസ്സില്‍ നിന്നു വെട്ടിയവനോ?




     'ഇനി ഹിമാറാമിനാന്റെ മക്കള്‍ തെങ്ങുമ്മെക്കേറട്ടെ!'എന്ന 'കഥ'എഴുതാന്‍ എന്നെ പ്രേരിപ്പിച്ച, 'കാര്യം കാണാന്‍'എന്ന കഥ എഴുതിയത് താങ്കളാണെന്നറിയച്ചതില്‍ സന്തോഷം. താങ്കളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. താങ്കളുടെ നിലപാട് ശരിയെന്ന് താങ്കള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെങ്കില്‍ മറ്റുള്ളവരുടെ വിമര്‍ശനത്തില്‍ വിഷമിക്കേണ്ടതില്ല. താങ്കള്‍ക്ക് തോന്നിയത് താങ്കളെഴുതി; എനിക്ക് തോന്നിയത് ഞാനുമെഴുതി. 'ലക്കും ദിനക്കും വലിയ ദീന്‍'എന്നാണല്ലോ ഖുര്‍ആനില്‍ (109:06) പറഞ്ഞിട്ടുള്ളത്. താങ്കള്‍ക്ക് തോന്നുന്നത് ഇനിയും താങ്കള്‍ക്കെഴുതാം. എനിക്കു തോന്നുന്നത് ഞാനുമെഴുതും. 'ഹിമാര്‍'എന്ന പ്രയോഗം മാത്രമല്ല, താങ്കളുടെ കഥയിലെ പിന്‍കുറിപ്പുംകൂടിയാണ് എന്നെ മറുകഥ എഴുതാന്‍ പ്രേരിപ്പിച്ചത്. പിന്‍കുറിപ്പിലെ പരാമര്‍ശം ഇതാരു കഥ മാത്രമല്ലെന്നും ഇതൊരു നാട്ടുനടപ്പുകൂടിയാണെന്നും സൂചന നല്‍കുന്നുണ്ട്. 
        തത്ത്വജ്ഞാനം വിളമ്പുകയല്ല. എന്റെ പരിമിതമായ അറിവ് വച്ച് പറഞ്ഞാല്‍, 'ഹിമാര്‍' എന്ന പ്രയോഗം തന്നെയാണ് 'കാഫര്‍'എന്നതിനേക്കാള്‍ ഉചിതം. 'കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണം' എന്നു പറയുന്നതുപോലെ 'കാര്യം കാണാന്‍ കാഫിര്‍ക്കാലും പിടിക്കണം'എന്ന് പഴഞ്ചൊല്ലില്ലോ! പഴഞ്ചൊല്ലിന്റെ വാതില്‍ ആരും കുറ്റിയടിച്ച് സീല്‍ വച്ചിട്ടില്ല എന്ന കാര്യവും ശരി തന്നെ. അതുകൊണ്ട് പുതുചൊല്ലുകളും ആവാം. ഇന്നത്തെ പുതുചൊല്ല് നാളത്തെ പഴഞ്ചൊല്ല്! എന്നാലും 'കാഫിറി'നൊരു കുഴുപ്പമുണ്ട്. കഥയിലെ രാമനൊരിക്കലും കാഫറാവില്ല. ഖുര്‍ആന്‍ ദൈവ വചനമായി അംഗീകരിച്ചവര്‍ എന്നു വിശേഷിപ്പിക്കുന്നവരുടെ കൂട്ടത്തിലുള്ളവരിലേ 'കാഫിര്‍' ഉണ്ടാവുകയുള്ളൂ. 
     ഖുര്‍ആനിന്റെ മൊത്തം ആശയംകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കേണ്ട വിധം വിശ്വസിക്കാത്തവര്‍, ഖുര്‍ആന്‍ സ്വീകരിക്കുകയും നബിവചനം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്റെ ദൂതന്‍മാരില്‍ ചിലരെ സ്വീകരിക്കുകയും മറ്റു ചിലരെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍, ഖുര്‍ആന്‍ സൂക്തങ്ങള്‍ ചിലത് സ്വീകരിക്കുകയും ചിലത് തള്ളിക്കളയുകയും ചെയ്യുന്നവര്‍, മക്കയിലവതരിപ്പിക്കപ്പെട്ട സൂക്തങ്ങള്‍ സ്വീകരിക്കുകയും മദീനയിലുള്ളത് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍-ഇവരൊക്കെയാണ് സത്യനിഷേധികള്‍ അഥവാ കാഫിര്‍ എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ള കാര്യം. ആമിനത്താത്തയും സൈദാലിക്കയും ഒരുപക്ഷേ ഇക്കൂത്തില്‍പ്പെട്ടാലും രാമനൊരിക്കലും കാഫറാവുകയില്ല. ഖുര്‍ആന്‍ അംഗീകരിക്കുകയോ അംഗീകരിക്കുന്നുവെന്നവകാശപ്പെടുകയോ ചെയ്യുന്ന ആളല്ലല്ലോ രാമന്‍. ആയതിനാല്‍ 'കാഫിറി'നെക്കാളും ഉചിതമായ പ്രയോഗം 'ഹിമാര്‍'എന്നുതന്നെയാണ് എന്നാണ് എന്റെ പക്ഷം.

മിസ്റ്റര്‍:OAB/ഒഎബി & മറ്റു ചിലര്‍
 

   താങ്കളുടെ നിലപാടിനോട് വിയോജിക്കുന്നു. കൂലിപ്പണിക്കാരടക്കമുള്ള എല്ലാവരും ഈ സമൂഹത്തില്‍ ജീവിക്കുന്നവരാണ്. ജന്മനാ ആരും കൂലിപ്പണിക്കാരോ ഉദേ്യാഗസ്ഥരോ കണ്ടക്ടറോ ഗള്‍ഫുകാരോ ആകുന്നില്ല. ഞാന്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറായി പെന്‍ഷന്‍പറ്റിയ ആളാണ്. എന്റെ ഒരനുജന്‍ കൂലിപ്പണിക്കാരനാണ്. ഒരനിയന്‍ ഗള്‍ഫുകാരനാണ്. ഒരു ഏട്ടന്‍ ആദ്യം കൂലിപ്പണിക്കാരനായിരുന്നു. പിന്നീട് മിലിട്ടറിക്കാരനായി. മറ്റൊരു ഏട്ടന്‍ തെങ്ങുകേറ്റവും കള്ളുെചത്തും ചാരായ/കള്ളുഷാപ്പിലെ പണിയും ചെയ്തിട്ടുണ്ട്. നാട്ടുകാരെ മുഴുവനും സ്വന്തക്കാരായി കണക്കാക്കാന്‍ എനിക്കു സാധിക്കില്ലെങ്കിലും എന്റെ സഹോദരങ്ങളെയെങ്കിലും എനിക്ക് സ്വന്തക്കാരായി കണക്കാക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ഉദേ്യാഗസ്ഥനായതിന്റെ പേരില്‍ ഇന്നെനിക്ക് ബ്‌ളോഗെഴുതിയിരുന്നാലും ബഡായി പറഞ്ഞിരുന്നാലും നികുതിപ്പണം പെന്‍ഷന്‍ വകയില്‍ കിട്ടുന്നുണ്ട്. എന്റെ ഈ അവസ്ഥയും കൂലിപ്പണിക്കാരനായ അനിയന്റെ അവസ്ഥയും ഞാന്‍ താരതമ്യം ചെയ്യുന്നുണ്ട്. ഇതുകൊണ്ടുകൂടിയായിരിക്കണം മിക്കവര്‍ക്കും ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ എനിക്കെഴുതേണ്ടി വരുന്നത്. വീടുപണി ചെയ്യിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഞാനിപ്പോള്‍ ശരിക്കും അനുഭവിക്കുന്നുണ്ട്. സെന്‍ട്രിങ്ങിന് തട്ടടിക്കാന്‍ നാളെ (വെള്ളിയാഴ്ച) വരാമെന്നു ഉറപ്പു പറഞ്ഞവര്‍ വന്നത് ശനിയാഴ്ചയാണ്. (ഇതിനു മുമ്പും ഇങ്ങനെ പറഞ്ഞ് പല തവണ പറ്റിച്ചിട്ടുണ്ട്). ശനിയാഴ്ച വന്നവരുടെ കൂട്ടത്തിലുള്ളവനും എനിക്കു നേരത്തെ പരിചയമുള്ളവനുമായ റഹീമിനോട്, 'വെള്ളിയാഴ്ച എന്തേ വരാതിരുന്നത്' എന്നു ചോദിച്ചു. 'നാട്ടിലെ പള്ളിയില്‍ കൂടാന്‍'എന്നാണവന്‍ മറുപടി പറഞ്ഞത്. വ്യാഴം കഴിഞ്ഞാല്‍ വെള്ളിയാണെന്ന് ഇന്നലെ അറിയുമായിരുന്നില്ലേ എന്നും എന്തുകൊണ്ട് വരാന്‍ സാധിക്കാത്ത വിവരം വിളിച്ചു പറഞ്ഞില്ലെന്നും രാവിലെ ഭക്ഷണമൊക്കെ ഒരുക്കി വച്ച് ആളെ പറ്റിച്ചിട്ട് പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചിട്ട് യാതൊരു കാര്യമില്ലെന്നും നിങ്ങളെപ്പോലുള്ളവരുടെ പ്രര്‍ത്ഥന പടച്ചോന്‍ കേള്‍ക്കില്ലെന്നുമൊക്കെ ഞാനവനോട് പറഞ്ഞു. അത് കേട്ട് അവന്‍ തല താഴ്ത്തി നിന്നു. മോശമായി സംസാരിച്ചതിന്റെ പേരില്‍ എനിക്ക് പിന്നീട് സങ്കടവും വന്നു.

    ഞാന്‍ എന്റെ മക്കളെ മാത്രമേ സ്വന്തം മക്കളായി കണക്കാക്കുന്നുള്ളൂ. പക്ഷേ, റഹീമിന്റെ ബാപ്പയ്ക്കും ഉമ്മയ്ക്കും അവന്‍ സ്വന്തം മകന്‍ തന്നെയാണല്ലോ. ഈ സത്യമെങ്കിലും എനിക്ക് അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ലല്ലോ. ദേഷ്യം വന്ന് അല്പം മോശമായി സംസാരിച്ചാലും മനസ്സിന്റെ കോണില്‍ സ്‌നേഹത്തിന്റെ ഒരു തരി ആ കുട്ടിയോട് കാണിക്കാതിരിക്കാനെങ്ങനെ സാധിക്കും? ഞാനെന്റെ ഭാര്യയോട് പറഞ്ഞു റഹീമിനെ മുലപ്പാല്‍ മണക്കുന്നുവെന്ന്. റഹീമിന്റെ പ്രായം കേവലം 19 വയസ്സ്. (വയസ്സ് 19 ആയെങ്കിലും അതിനനുസരിച്ച് മൂക്കിന് താഴെ രോമം വളര്‍ന്നിട്ടില്ല. ഇതു കാരണം കണ്ടാല്‍ ഒരു പൈതലിനെപ്പോലയേ തോന്നൂ). റഹീമിനെക്കാള്‍ 3 വയസ്സ് കൂടുതലുള്ള എന്റെ മകന്‍ ഫിസിയോ തെറാപ്പി എന്ന കോഴ്‌സ് പഠിക്കുകയാണ്. പുറമെയുള്ള ഒരാളെ സംബന്ധിച്ചെങ്കിലും എന്റെ മകനും റഹീമും തമ്മിലെന്താണ് വ്യത്യാസം? സാഹചര്യം നേരെ മറിച്ചായിരുന്നുവെങ്കില്‍ എന്റെ മകന്‍ സെന്‍ട്രിങ്ങ് പണിക്കും റഹീം ഫിസിയോ തെറാപ്പി പഠിക്കാനും പോകുമായിരുന്നില്ലേ? ഏറ്റവും ചുരുങ്ങിയത് ഞാന്‍ ഈ സത്യമെങ്കിലും അംഗീകരിക്കുന്നുണ്ട്.
       താങ്കള്‍ താങ്കളുടെ മക്കളോട് ഐട്ടിയും എഞ്ചിനിയറിംഗും പഠിക്കുന്നതിന് പകരം തളപ്പുണ്ടാക്കാന്‍ പറഞ്ഞു. ആത്മാര്‍ത്ഥതയോടെയാണോ താങ്കള്‍ ഇത് പറഞ്ഞത്? തളപ്പിന്റെ പാരമ്പര്യം എനിക്കുണ്ടായിട്ടുകൂടി ഞാന്‍ എന്റെ മക്കളോട് ഇങ്ങനെ പറഞ്ഞിട്ടില്ല;പറയുകയുമില്ല. മാത്രമല്ല തെങ്ങുകയറുന്ന പണിക്ക് യാതൊരു കാരണവശാലും ഞാനവരെ വിടുകയുമില്ല; അരമണിക്കൂറിന് ആയിരം കിട്ടിയാലും; പേരക്കുട്ടികള്‍ക്ക് സൗജന്യമായി സമ്മൂസ കിട്ടിയാലും; മരുമക്കള്‍ക്ക് സൗജന്യമായി മാക്‌സി കിട്ടിയാലും. 
  പണിക്കാര്‍ക്ക് ഭക്ഷണമൊരുക്കി വയ്ക്കുന്നതിന്റെ വെപ്രാളത്തെക്കുറിച്ച് താങ്കള്‍ പറഞ്ഞു. വിയര്‍പ്പൊഴുക്കിയിട്ടല്ലേ അവര്‍ക്ക് ഭക്ഷണം നല്‍കുന്നത്. അതിലെന്തു വെപ്രാളപ്പെടാനിരിക്കുന്നു. ഒന്നുരണ്ടുമാസമായി എന്റെ ഭാര്യയും ഞാനും പണിക്കാര്‍ക്ക് ഭക്ഷണമൊരുക്കുന്നുണ്ട്. അവര്‍ക്ക് നേരത്തിന് ഭക്ഷണം കൊടുക്കണമല്ലോ. അതിനുവേണ്ടി ചില തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ഇതില്‍ കവിഞ്ഞ വെപ്രാളമൊന്നും ഞങ്ങള്‍ അനുഭവിക്കുന്നില്ല. പണിയെടുത്ത് വിയര്‍ത്തു വരുന്നവര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുക എന്ന കാര്യത്തില്‍ ഒരു പ്രതേ്യക തരം ആനന്ദമാണുണ്ടാകാറുള്ളത്. വിരുന്നു വന്ന് ബഡായി പറയുന്ന ബന്ധുക്കള്‍ക്ക് ബിരിയാണിയുണ്ടാക്കുമ്പോളുണ്ടാകാത്ത വെപ്രാളം പണിയെടുത്തവര്‍ക്ക് ഭക്ഷണമുണ്ടാക്കുമ്പോള്‍ ഉണ്ടാകുന്നതെങ്ങനെ?
     കൂലിയുടെ കാര്യം. കൊടുക്കുന്നവരെ സംബന്ധിച്ച് വലിയ സംഖ്യയാണെങ്കിലും കിട്ടുന്നവരെ സംബന്ധിച്ച് അത്ര വലിയ ഭീകര സംഖ്യയൊന്നുമല്ല. ഇനി ഏറ്റവും കുറഞ്ഞ ജോലിയും എറ്റവും കൂടിയ വരുമാനവും കൂലിപ്പണിക്കാര്‍ക്കാണെങ്കില്‍, ഇങ്ങനെ അഭിപ്രായപ്പെടുന്നവര്‍ക്കെന്തുകൊണ്ട് ഈ 'നല്ല ജോലി'സ്വീകരിച്ചുകൂടാ? 
     ജോലിക്ക് ആളെ കിട്ടാത്തതിനെക്കുറിച്ച് പറയുന്നു. ശരിയാണ്, നാം തൊഴില്‍ രഹിതരെക്കുറിച്ച് പറയാറുണ്ട്. അന്യ സംസ്ഥാനങ്ങളിലെ ആള്‍ക്കാരിവിടെ ജോലി ചെയ്യുമ്പോള്‍ ഇവിടെ തൊഴിലില്ലായ്മ ഉണ്ടെന്നു പറയുന്നതിന്റെ അര്‍ത്ഥമെന്ത്? ഈ അവസ്ഥയ്ക്ക് ഒരുപാട് കാരണങ്ങളുണ്ട്. ജോലിയിലെ സുരക്ഷിതത്വമില്ലായ്മ; കൂലിപ്പണിയോടുള്ള സമൂഹിക മനോഭാവം; ജാതി വ്യവസ്ഥയും തൊഴിലും തമ്മിലുള്ള ബന്ധം-ഇങ്ങനെ ഒട്ടനവധി കാരണങ്ങള്‍. ഇതു പഠിച്ച് കാര്യങ്ങള്‍ ശരിയാക്കാന്‍ ശ്രമിക്കാതെ ഇപ്പോള്‍ കൂലിപ്പണി ചെയ്യുന്നവരുടെ മേക്കിട്ടു കയറിയിട്ടെന്തു കാര്യം?
   'ഞാന്‍; നീ', 'പറയാന്‍ ഞാന്‍; കേള്‍ക്കാന്‍ നീ','പ്രസംഗിക്കാന്‍ ഞാന്‍; പ്രവര്‍ത്തിക്കാന്‍ നീ' എന്ന രീതിയിലാണ് നമ്മുടെ പെരുമാറ്റം. കളത്തിനു പുറത്തുനിന്നു കളത്തിനകത്തു നില്‍ക്കുന്നവരെ കുറ്റം പറയാന്‍ നാം വലിയ മിടുക്കാണ് കാണിക്കാറ്. ഞാന്‍ മുമ്പ് ജോലി ചെയ്ത ഓഫീസിലെ ഒരു ചെറുപ്പക്കാരന്‍ ഉദേ്യാഗസ്ഥന്മാരുടെ പായ്യാരം പ്രസംഗിച്ചു. കണ്ടക്ടര്‍ക്ക് എന്താ കൂലി; തെങ്ങുകയറ്റക്കാരന് എന്താ കൂലി; ആശാരിപ്പണിക്കാരന് എന്താ കൂലി എന്നൊക്കെ. ഉടനെ ഞാനൊരു കടലാസ്സ് കയ്യില്‍ കൊടുത്ത് രാജിക്കത്തെഴുതാന്‍ പറഞ്ഞു. മേല്‍പ്പറഞ്ഞ പണികളാണ് ഉദേ്യാഗപ്പണിയെക്കാള്‍ മെച്ചമെങ്കില്‍ ഉദേ്യാഗം രാജി വച്ച് അപ്പണിക്ക് പൊയ്ക്കൂടെ എന്നു ചോദിച്ചു. നല്ലൊരു തിജ്ജനെയും നല്ലൊരു മൂത്താശ്ശാരിയെയും സംഘടിപ്പിച്ചു തരാം; കെ.ടി.എസ്.മുതലാളിയെക്കണ്ട് ബസ്സില്‍ പണി വാങ്ങിത്തരാമെന്നും പറഞ്ഞു. ഇതുകേട്ട ആ പെറ്റിബൂര്‍ഷ്വയുടെ മോന്ത കനത്തു. ആ മോന്തയില്‍ നിന്നാണ് ഞാന്‍ 'കൂറ്'എന്ന കഥ എഴുതിയിത്. ആ കഥയിങ്ങനെ:




വാരാദ്യ മാധ്യമം, 07.01.2007.


കൂറ്

    ''അല്ലാ, സമയം പതിനൊന്നരയായല്ലോ. സൂപ്രണ്ടു സാറിന്നെന്തേ അര മണിക്കൂര്‍ വൈകി? ''
     ''ഒന്നും പറയേണ്ടെന്റെ സുരേഷേ. ചെറിയൊരു മരാമത്തു പണിയുണ്ടായിരുന്നു. മരപ്പണിക്കാരനെ കാത്തു കാത്തു മടുത്തു. ഇന്നാ അവന്‍ എഴുെന്നള്ളിയത്. എന്താ അവരുടെയൊക്കെയൊരു ഗമ. വന്നപ്പൊ സമയം ഒമ്പതു മണി കഴിഞ്ഞു. എത്രയാ കൂലിയെന്നോ മുന്നൂറ്റമ്പത്. ചെലവ് പുറമെ. പണ്ടൊക്കെ കഞ്ഞിയും പടുകറിയുമൊക്കെ കൊടുത്താല്‍ മതിയായിരുന്നു. ഇന്നു ചോറും സാമ്പാറും ഉപ്പേരിയും പപ്പടവുമൊന്നും പോരാ. മീന്‍ പൊരിച്ചതില്ലെങ്കില്‍ മോന്ത കനക്കും. എന്നാ പണി ചേയ്യേ്വാ. തട്ടിമുട്ടി നേരം കളയും. നാലുമണിയായാല്‍ വാച്ചില്‍ നോക്കാന്‍ തുടങ്ങും. അഞ്ചാവുന്നതിനു മുമ്പ് ഡ്രസ്സ് മാറാന്‍ തുടങ്ങും. ഒരു കൂറും ഇല്ലാത്ത സാധനങ്ങള്‍. ഒന്നും പറയാതിരിക്കുകയാ ഭേദം '''
..........................
..........................

' ങാ! ഞാനിന്ന് അര മണിക്കൂര്‍ നേരത്തേ ഇറങ്ങുകയാ. മൂന്നര മണിക്കുള്ള ബസ്സില്‍ പോകണം. അവന്‍ ഡ്രസ്സു മാറാന്‍ തുടങ്ങുന്നതിന് മുമ്പ് എത്തണം. ങാ, പിന്നൊരു കാര്യം. മിനിഞ്ഞാന്നും ഇന്നലെയും വന്ന ആ കക്ഷി സര്‍ട്ടിഫിക്കറ്റിന് ഇന്നും വന്നേക്കും. അപേക്ഷ കൊടുത്താലപ്പത്തന്നെ കിട്ടണമെന്നാ അവന്റെയൊക്കെ വിചാരം. രണ്ടു ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞേക്ക്. ഞാനിറങ്ങുന്നു ''

......................
    'കാര്യം കാണാന്‍'എന്ന കഥയ്ക്ക് ലഭിച്ച കമന്റുകളില്‍ നിന്നു നമ്മുടെ സമൂഹത്തിന്റെ പൊതുബോധം മനസ്സിലാക്കാവുന്നതാണ്. 33 പേര്‍ അഭിപ്രായമെഴുതിയില്‍ കൂതറHashim എന്ന ബ്‌ളോഗര്‍ മാത്രമാണ് ഹൃദയത്തില്‍ കൈ വച്ച് എഴുതിയത്.  ഇസ്മായില്‍ കുറുമ്പടി (തണല്‍)  എന്ന ബ്‌ളോഗര്‍ ഹൃദയത്തില്‍ പാതി കൈ വച്ചും എഴുതി. നമ്മുടെ സമൂഹം എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ ഒന്നാംതരം തെളിവാണിത്. കുറെപ്പേര്‍ സ്ഥിരമായി കൂലിപ്പണി ചെയ്യാനും മറ്റു കുറെപ്പേര്‍ സ്ഥിരമായി കൂലിപ്പണി ചെയ്യിപ്പിക്കാനും എന്നാണ് മനസ്സിലിരുപ്പ്.
   സെന്‍ട്രിങ്ങ് പണിക്കാരനായ റഹീം കടലാസ്സില്‍ നിന്നു വെട്ടിയവനോ? കുറച്ചു നേരമെങ്കിലും അവനവളിസത്തില്‍ നിന്നു ഒഴിവായി നമുക്കൊന്ന് മാറി ചിന്തിക്കാം. റഹീം എന്റെ പൊന്നുമോനാണ്, അല്ലെങ്കില്‍ റഹീം എന്റെ കുഞ്ഞനുജനാണ്. ഇങ്ങനെയുള്ളൊരു പൊന്നുമോന്‍/കുഞ്ഞനുജന്‍ ആരാന്റെ വീട്ടില്‍ സെന്‍ട്രിങ്ങ് പണിക്ക് പോയാല്‍ അവന് 101 രൂപ കൂലിയും രണ്ടു നേരം കാടിവെള്ളവും കൊടുക്കണമെന്നാണോ പറയുന്നത്?

    പിന്‍കുറിപ്പ്: ഇന്നത്തെ സമ്പന്നന്‍ നാളെ വെറും യത്തീം. ഇതുപോലെ, ഇന്നത്തെ ബ്‌ളോഗര്‍ നാളത്തെ ബെഗ്ഗറാകില്ലെന്ന് ഉറപ്പിക്കാന്‍ പറ്റുമോ?
    .....................


Friday, November 05, 2010

പെന്‍ഷനായപ്പോള്‍ പൊന്തിയ വിപ്‌ളവമല്ല

പച്ചക്കുതിര മാസിക-ഒക്‌ടോബര്‍, 2010

പെന്‍ഷനായപ്പോള്‍ പൊന്തിയ വിപ്‌ളവമല്ല

ശങ്കരനാരായണന്‍ മലപ്പുറം

2010 ജൂണ്‍ ലക്കം 'പച്ചക്കുതിര'യില്‍ ഞാനെഴുതിയ ലേഖനത്തെ വിമര്‍ശിച്ച് ജൂലൈ ലക്കത്തില്‍ ശ്രീ: എസ്.ജയന്‍ എഴുതിയത് വായിച്ചു. ലേഖനം മുഴുവന്‍ വായിക്കാതെയാണ് മറുപടി തയ്യാറാക്കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉയര്‍ന്ന ശമ്പളക്കാരെക്കുറിച്ച് എഴുതിയ ഞാന്‍ പ്യൂണിനെയും പാര്‍ട്-ടൈം സ്വീപ്പറെയും ഉദാഹരണമാക്കിയില്ല എന്നാണ് ആരോപണം. മറുപടി എഴുതിയപ്പോള്‍ എന്റെ ലേഖനത്തിലെ അവസാന വാചകം (ഏറ്റവും ചുരുങ്ങിയത് തന്റെ സ്ഥാപനത്തിലെ പാര്‍ട്-ടൈം സ്വീപ്പര്‍ക്ക് എത്ര രൂപയാണ് ആനുകൂല്യം കിട്ടിയത് എന്നതു വച്ചെങ്കിലുമാണ് ഇതിനെ അളക്കേണ്ടത്) മറന്നാണ് ജയന്‍ ഈ വിമര്‍ശനമുന്നയിച്ചത്. പണ്ടത്തെ താപ്പാനകളെ അപേക്ഷിച്ച് ഇന്നത്തെ ചെറുപ്പക്കാര്‍ കുറേക്കൂടി നല്ലവരാണെന്ന അഭിപ്രായം എനിക്കും ഉള്ളതുകൊണ്ട്, ജീവനക്കാരുടെ സമീപനത്തില്‍ കുറെയൊക്കെ മാറ്റം വന്നു എന്ന അഭിപ്രായത്തിനോട് ഞാനും യോജിക്കുന്നു. രോഗഗ്രസ്ഥമായ സിവില്‍ സര്‍വ്വീസിനെക്കുറിച്ചും കാലാഹരണപ്പെട്ട സിവില്‍ സര്‍വ്വീസ് നിയമങ്ങളെക്കുറിച്ചും ജയന്‍ വേവലാതിപ്പെടുന്നുണ്ട്. ഇക്കാര്യം ശരി തന്നെ. ഇവയിലൊക്കെ കാലോചിതമായ മറ്റം വരുത്തേണ്ടത് അത്യാവശ്യം തന്നെ. പക്ഷേ, പൊതുജനങ്ങളോട് സ്‌നേഹമായി പെരുമാറാന്‍ ഈ നിയമങ്ങളൊന്നും തടസ്സമായി നില്‍ക്കുന്നില്ല.
ആശ്രിത നിയമനത്തെയും പ്രസവാവധിയെയും ഞാന്‍ ദു:സൂചനയോടെ കണ്ടു എന്നു പറയുന്നു. ഇങ്ങനെ കണ്ടിട്ടില്ല. ഈ ആനുകൂല്യങ്ങളെല്ലാം കിട്ടുന്നവര്‍ ഇതൊന്നും കിട്ടാത്തവരോട് കരുണ കാണിക്കണമെന്നേ പറഞ്ഞിട്ടുള്ളൂ. ജോലിഭാരം കൂടിയതിനാല്‍ അവധി ദിവസങ്ങളിലും ജോലി ചെയ്യേണ്ടി വരുന്നു എന്നു പറയുന്നു. ചില ഓഫീസുകളില്‍ ആവശ്യത്തിനു വേണ്ട ജീവനക്കാരില്ല എന്നതൊരു സത്യം തന്നെ. ഇതിനു പരിഹാരം കാണുക തന്നെ വേണം. അവധി ദിവസങ്ങളില്‍ പണിയെടുക്കേണ്ടി വരുന്നതിന്റെ പ്രധാന കാരണം അവധി ദിവസങ്ങള്‍ അധികമുള്ളതുകൊണ്ടാണ്. ഈ ആഗസ്റ്റില്‍ തന്നെ 10 പൊതു അവധികളുണ്ട്; സെപ്തംബറില്‍ എട്ടും. തൊട്ടതിനും പിടിച്ചതിനുമൊക്കെ അവധി കൊടുക്കുന്നതുകൊണ്ടാണ് വീണ്ടും വീണ്ടും അവധികള്‍ക്കുള്ള മുറവിളി വീണ്ടും വീണ്ടും ഉയരുന്നത്.
ജോലിയിലിരിക്കുമ്പോള്‍ തന്നെ ('പെന്‍ഷന്‍ വിപ്‌ളവം' വരുന്നതിനു മുമ്പു തന്നെ-പെന്‍ഷന്‍ പറ്റിയതിനു ശേഷമുള്ള വിപ്‌ളവം എന്നൊരു പരിഹാസം കേള്‍ക്കുകയുണ്ടായി-അവധികള്‍ വാരിക്കോരി നല്‍കുന്നതിനെതിരെ രണ്ട് ലേഖനങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. കൂടാതെ, സര്‍ക്കാര്‍ ജീവനക്കാരുടെ ജനവിരുദ്ധ നിലപാടുകളെ വിമര്‍ച്ചിച്ച് 'കേരളശബ്ദ'ത്തിലും ലേഖനമെഴുതിയിട്ടുണ്ട്. ഈ വിഷയത്തില്‍ എട്ടു മിനിക്കഥകളും എഴുതിയിട്ടുണ്ട്). നേരത്തേ എഴുതിയതിന്റെ തുടര്‍ച്ചയാണ് എഴുതുന്നതെന്ന് ലേഖനത്തിന്റെ തുടക്കത്തില്‍ തന്നെ സൂചിപ്പിച്ചിരുന്നുവെങ്കിലും കലിയോടെ ലേഖനം വായിച്ചവര്‍ ആദ്യം വായിച്ചത് മറന്നു പോയി. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വാങ്ങാന്‍ ശങ്കരനാരായണന്‍ അര്‍ഹനല്ല എന്നാണ് ലേഖനം വായിച്ചപ്പോള്‍ ചിലര്‍ പഠിച്ച പാഠം. തളിപ്പറമ്പിലും റാന്നിയിലുമൊക്കെ ജോലി ചെയ്തിരുന്നപ്പോള്‍ അവിടെ നിന്നു മുങ്ങി മലപ്പുറത്ത് പൊങ്ങിയിരുന്നുവെന്നും ഫോണാരോപണം ഉണ്ടായി. തളിപ്പറമ്പിലും റാന്നിയിലും ജോലി ചെയ്തിരുന്ന കാലത്ത് ഭക്ഷണം കഴിച്ചിരുന്നത് ആ രണ്ടു താലൂക്കിലെയും ഏതെങ്കിലും കടകളില്‍ നിന്നായിരുന്നു; മലപ്പുറത്തെ മുണ്ടുപറമ്പില്‍ നിന്നായിരുന്നില്ല. ഇങ്ങനെ ഭക്ഷണം കഴിച്ചതു കൊണ്ടാണ് ഇത്തരമൊരു ലേഖനമെഴുതാന്‍ എനിക്ക് ആത്മധൈര്യം കിട്ടിയത്.
പെന്‍ഷനറായ എന്നോട് അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നവരെ ചെന്നുകാണാന്‍ ജയന്‍ ഉപദേശിക്കുന്നുണ്ട്. എനിക്കതിന്റെ ആവശ്യമില്ല. ഞാനും എത്രയോ അവധി ദിവസങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കെതിരെയല്ല ഞാനെഴുതിയത്. പ്രവൃത്തി ദിവസങ്ങളില്‍ ജോലി ചെയ്യാത്തവരെക്കുറിച്ചാണ്. ഒരു ഞായറാഴ്ച ദിവസമായിട്ടും വൈകീട്ട് നാലു മണിവരെ ഓഫീസില്‍ ജോലി ചെയ്തിട്ട് വരുന്ന വഴിക്ക് വാങ്ങിയ 'പച്ചക്കുതിര'യിലെ ലേഖനം ബസ്സിലിരുന്നു വായിച്ചപ്പോള്‍ ഏറെ വേദനയുണ്ടാക്കി എന്നാണ് ജയന്‍ പറയുന്നത്. ഇതില്‍ വേദനപ്പെടേണ്ട യാതൊരു കാര്യവുമില്ല. ഞായറാഴ്ച ജോലി ചെയ്യുന്നത് ആത്മാര്‍ത്ഥതയുടെ അടയാളമാണെങ്കിലും അതു വിളിച്ചു പറയാന്‍ തക്ക വലിയ കാര്യമൊന്നുമല്ല. 'പച്ചക്കുതിര' വാങ്ങിയ കടയിലെ തൊഴിലാളിയും യാത്ര ചെയ്ത ബസ്സിലെ തൊഴിലാളിയും ഞായറാഴ്ച ജോലി ചെയ്തിട്ടാണ് കൂലി പറ്റുന്നത്. അന്ന് ജോലി ചെയ്യാതിരുന്നാല്‍ അവര്‍ക്ക് കൂലി കിട്ടില്ല. അന്നു ജോലി ചെയ്യാതിരുന്നാലും ജയന് കൂലി കിട്ടും. ഈ വ്യത്യാസം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാനുള്ള ഹൃദയ വിശാലതയാണ് സര്‍ക്കാരുദേ്യാഗസ്ഥനുണ്ടാകേണ്ടത്.
ഞാന്‍ ജോലി ചെയ്ത വകുപ്പില്‍ കാര്യമായും ഫീല്‍ഡ് ജോലിയാണുള്ളത്. ഫാനിന്റെ ചോട്ടിലിരുന്ന് ചെയ്യുന്നതുപോലെ ലാഘവമായി ചെയ്യാന്‍ പറ്റുന്ന ജോലിയല്ലിത്. ഒരു ക്‌ളര്‍ക്ക് അഞ്ചു മണിക്കൂര്‍ ചെയ്യുന്ന ജോലിയേക്കാളും എത്രയോ പ്രയാസമുള്ളതാണ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഒരു ഇന്‍വെസ്റ്റിഗേറ്റര്‍ ഒരു മണിക്കൂര്‍ ഫീല്‍ഡില്‍ ചെയ്യുന്ന ജോലി. ബസ്സ്റ്റാന്റ് ബില്‍ഡിംഗിലാണ് ഞാന്‍ ജോലി ചെയ്തിരുന്ന ഓഫീസ്. പതിവു പോലെ ഒരു മീറ്റിംഗില്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ അവരുടെ ന്യായമായ പ്രയാസങ്ങള്‍ വിവരിച്ചു. ആ സമയത്ത് ബസ്സ്റ്റാന്റില്‍ ടാറിംഗ് ജോലി നടക്കുകയായിരുന്നു. ടാറിന്റെ ചൂടും തീയിന്റെ ചൂടും സൂര്യന്റെ ചൂടും കൊള്ളുന്ന ആ പാവം തൊഴിലാളികള്‍ക്കുള്ളത്ര പ്രയാസമേതായാലും നമുക്കില്ലല്ലോ എന്നാണ് ഞാനവരോട് പറഞ്ഞത്. ഈ പാവങ്ങളുടെ പ്രയാസങ്ങള്‍ക്കു മുമ്പില്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരുടെ പ്രയാസങ്ങള്‍ ഒന്നുമല്ല. ഈ തിരിച്ചറിവാണ് ഉദേ്യാഗസ്ഥന്മാര്‍ക്ക് വേണ്ടത്.
സിവില്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും തുച്ഛ ശമ്പളക്കാരാണെന്ന ജയന്റെ വാദം അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. തുച്ഛം, മെച്ചം എന്നൊക്കെ നിശ്ചയിക്കേണ്ടത് സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഇതര വിഭാഗങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടാവണം. ഇങ്ങനെ നോക്കുമ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴികെയുള്ളവര്‍ക്ക് തുച്ഛമായ വരുമാനമല്ല ഉള്ളത്. പിന്നെ ജീവിത പ്രയാസങ്ങള്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ ക്‌ളര്‍ക്കിനും പ്യൂണിനും മാത്രമല്ല ഉള്ളത്. കാസര്‍ഗോഡു നിന്നു വന്ന് മലപ്പുറത്ത് ജോലി ചെയ്യുന്ന ഉദേ്യാഗസ്ഥന്മാരെപ്പോലെയുള്ള മനുഷ്യര്‍ തന്നെയാണ് കരമനയില്‍ നിന്നു വരുന്ന കല്‍പ്പണിക്കാരും പാണ്ടിനാട്ടില്‍ നിന്നു വരുന്ന പാടത്തുപണിക്കാരുമൊക്കെ. അവര്‍ക്കും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. അസുഖം വന്നാല്‍ കോട്ടുവായിട്ടു കിടന്നാല്‍ അവരുടെ അസുഖം മാറില്ല. മറ്റുള്ളവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതുകൊണ്ട് അവര്‍ക്ക് സ്വന്തമായി വീടുണ്ടാക്കാനുള്ള ആഗ്രഹം ഇല്ലാതാകുന്നില്ല. അവര്‍ക്കും വേണം ജീവിത സൗകര്യങ്ങള്‍. എത്ര തലകുത്തി മറിഞ്ഞാലും ഒരു പ്യൂണിന് കിട്ടുന്ന വരുമാനം ഇപ്പറഞ്ഞ തൊഴിലാളികള്‍ക്കു കിട്ടില്ല. വരുമാനമുണ്ടാക്കാന്‍ അവര്‍ക്ക് മറ്റ് വഴികളുമില്ല. അഞ്ച് ദിവസം കൂലിപ്പണിക്ക് പോയി ഇനി ഒരു ദിവസം വില്ലേജോഫീസില്‍ പോയിരുന്ന നികുതി പിരിക്കാമെന്നും വരുമാന സര്‍ട്ടിഫിക്കറ്റ് കൊടുക്കാമെന്നും വിചാരിച്ചാല്‍ അതൊരിക്കലും നടക്കില്ല. എന്നാല്‍ ഒരു ഉദേ്യാഗസ്ഥന് വേണമെങ്കില്‍ രണ്ടാം ശനിയാഴ്ചയോ മറ്റു അവധി ദിവസങ്ങളിലോ (നേരാം വഴിക്കാണെങ്കില്‍; അല്ലെങ്കില്‍ പ്രവൃത്തി ദിവസങ്ങളിലും പോകാം) സിമന്റ് പണിക്ക് പോകാന്‍ പറ്റും. മാത്രമല്ല, ഉദേ്യാഗസ്ഥരെപ്പോലെയല്ല കൂലിപ്പണിക്കാരുടെ കാര്യങ്ങള്‍. സാഹചര്യമല്ല ഉദേ്യാഗസ്ഥനെ ഉദേ്യാഗസ്ഥനാക്കിയത്. കഠിനമായ പരിശ്രമങ്ങള്‍ നടത്തി നേടിയെടുക്കുന്നതാണ് ഉദേ്യാഗം. ഉദേ്യാഗസ്ഥന്‍ തേടിയാണ് ഉദേ്യാഗം നേടുന്നത്. എന്നാല്‍, കൂലിപ്പണി കൂലിപ്പണിക്കാരനെ തേടിയെത്തുകയാണ് ചെയ്യുന്നത്. ക്‌ളര്‍ക്ക് പണിയെക്കാള്‍ വരുമാനമുള്ള പണിയാണ് കരിങ്കല്ല്‌കെട്ട് പണിയെങ്കില്‍ ക്‌ളര്‍ക്ക് പണി രാജി വച്ച് നേരെ കരിങ്കല്‍പ്പണിക്ക് പോയാല്‍ മതിയല്ലോ. കരിങ്കല്‍പ്പണിയെക്കാള്‍ സുഖവും സുരക്ഷിതത്വവും വരുമാനവും കൂടുതലായതുകൊണ്ടാണ് ഞാന്‍ സര്‍ക്കാര്‍ ജോലി തേടിപ്പോയതെന്നൂകൂടി വ്യക്തമാക്കട്ടെ.
ആത്മപ്രശംസ പാടില്ലെങ്കിലും ചില കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍, ഞായറാഴ്ച നാലു മണി വരെ ജോലി ചെയ്തുവെന്നുള്ള പ്രസ്താവനയ്ക്ക് മറുപടി നല്‍കുമ്പോള്‍ പ്രതേ്യകിച്ചും, ആത്മപ്രശംസാപരം എന്നു തോന്നിക്കുന്ന കാര്യങ്ങള്‍ പറയേണ്ടി വരും. ജയന്‍ ഞായറാഴ്ച നാലു മണി വരെ ജോലി ചെയ്തുവെന്നാണല്ലോ പറയുന്നത്. ഞായറാഴ്ചകളില്‍ മാത്രമല്ല മറ്റു അനവധി അവധി ദിവസങ്ങളിലും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. എന്റെ ജോലി എന്റെ കീഴില്‍ ജോലി ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ ചെയ്ത ഫീല്‍ഡ് ജോലി പരിശോധിക്കലും ആയതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കലുമായിരുന്നു. എന്നാല്‍ അവധി ദിവസങ്ങളില്‍ ഞാന്‍ ഫീല്‍ഡില്‍ പോയിരുന്നത് ജോലി പരിശോധനയ്ക്കായിരുന്നില്ല. ഡിപ്പാര്‍ട്ട്‌മെന്റിന്റെ ജോലിയെക്കുറിച്ച് കാര്യമായൊന്നും അറിയാത്ത താല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍ സഹായിക്കാന്‍ വേണ്ടിയായിരുന്നു. വൈകുന്നേരം നാലു മണിയും കഴിഞ്ഞ് ഇരുട്ടായി ടോര്‍ച്ച് വെളിച്ചത്തില്‍ പാടത്തുനിന്നു കയറിപ്പോന്ന അവസരങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.
30 വര്‍ഷത്തെ സേവനകാലത്ത് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ എന്ന സംശയം അടിസ്ഥാനമാക്കിയാണ് ഞാന്‍ ലേഖനമെഴുതിയത് എന്ന് ജയന്‍ ആരോപിക്കുന്നുണ്ട്. സംശയത്തോടെയല്ല ആര്‍ജ്ജവത്തോടെത്തന്നെയാണ് ലേഖനമെഴുതിയത്. പൊതുജനങ്ങള്‍ക്ക് നേരിട്ടു ബന്ധമുള്ള വകുപ്പല്ല എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ്. പക്ഷേ, അടിസ്ഥാനപരമായി വകുപ്പ് ചെയ്യുന്ന എല്ലാ ജോലികളും ജനങ്ങള്‍ക്കു വേണ്ടിയുള്ളതു തന്നെയാണ്. ആ ജോലി ചെയ്യുന്ന കാര്യത്തില്‍ ഞാന്‍ ബോധപൂര്‍വ്വം (മലപ്പുറത്തും മലപ്പുറം ജില്ലയിലെ തിരൂരിലും മാത്രമല്ല റാന്നിയിലും തളിപ്പറമ്പിലും) യാതൊരു ഉപേക്ഷയും കാണിച്ചിട്ടില്ല എന്നു തന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന്റെ ബലമുള്ളതുകൊണ്ടു കൂടിയാണ് 'പച്ചക്കുതിര'യില്‍ ലേഖനമെഴുതുവാന്‍ എനിക്ക് ധൈര്യം വന്നത്. എഴുതാനുള്ള ധൈര്യം ഇങ്ങനെയൊക്കെ ഉണ്ടായതാണെങ്കിലും ഈ ധൈര്യത്തിന് ധൈര്യം നല്‍കിയത് 27.02.1990 ല്‍ 'ദേശാഭിമാനി' എഴുതിയ മുഖപ്രസംഗമാണെന്നുകൂടി പറഞ്ഞ് നിര്‍ത്തട്ടെ.
..................