കേരളശബ്ദം വാരിക, നവംബര്‍ 27, 2016 (Released on
11.11.2016)
ശങ്കരനാരായണന്‍ മലപ്പുറം
കണ്ണൂരിലെ 'രാഷ്ട്രീയ കൊലപാതകങ്ങള്‍' കവയിത്രി സുഗതകുമാരി ടീച്ചര്‍ കവിതയെഴുതിയാലോ കുമ്മനം രാജശേഖരനും കോടിയേരി ബാലകൃഷ്ണനും മറ്റും ഒരുമിച്ചിരുന്ന് സംസാരിച്ചാലോ ഒരിക്കലും അവസാനിക്കില്ല. കൊലപാതകങ്ങള്‍ നടത്തുന്നവര്‍ തീരുമാനിച്ചാല്‍ മാത്രമേ കണ്ണൂരിലെ കൊലപാതകങ്ങള്‍ അവസാനിക്കുകയുള്ളൂ. കണ്ണൂരില്‍ നടക്കുന്നത് രാഷ്ട്രീയ കൊലപാതകങ്ങളാണ് എന്നാണ് പറയാറ്. ഇതില്‍ ശരിയുടെ നേരിയ ഒരംശംപോലുമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊലക്കത്തിക്കിരയാകുന്നവരില്‍ ഒരാളും കമ്മ്യൂണിസത്തിന്റെ വര്‍ഗ്ഗശത്രുക്കളല്ല; കൂലിപ്പണിക്കാരും പാവങ്ങളുമായ സാധാരണക്കാര്‍ മാത്രം. ആര്‍.എസ്.എസ്., ബി.ജെ.പിക്കാരുടെ കൊലക്കത്തിക്കിരയാകുന്നവരില്‍ ഒരാളും ഹിന്ദുമതത്തിനുള്ളിലെ ഹിന്ദുവിരോധികളല്ല. ഇവരും കൂലിപ്പണിക്കാരും പാവങ്ങളുമായ സാധാരണക്കാര്‍ മാത്രം.
കണ്ണൂര്‍ കൊലപാതകങ്ങളിലെ ഇരകളും വേട്ടക്കാരുമൊക്കെ സാമ്പത്തിക ഭദ്രതയില്ലാത്തവരും ഏറെ വിദ്യാഭ്യാസം നേടാത്തവരുമാണ്. ഇതിലേറെ പ്രധാനമായ ഘടകം ഇവരില്‍ ബഹുഭൂരിപക്ഷവും അവര്‍ണരാണ്; അതില്‍ത്തന്നെ ബഹുഭൂരിപക്ഷവും തിയ്യ സമുദായക്കാരും. ഇരകളും വേട്ടക്കാരുമായവരില്‍ 5 ശതമാനംപോലും വരില്ല സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന മുന്നാക്ക ജാതിക്കാര്‍. ഇരകളാകാനോ വേട്ടക്കാരാകാനോ ഇറങ്ങിത്തിരിച്ചാല്‍ മുന്നാക്കക്കാര്‍ക്ക് പലതും നഷ്ടപ്പെടാനുണ്ട്. എം.എല്‍.എ.സ്ഥാനം, മന്ത്രിസ്ഥാനം, രാജ്യസഭാ എം.പി. സ്ഥാനം, പാര്‍ട്ടി നേതൃത്വസ്ഥാനം എന്നിങ്ങനെ ഒട്ടേറെ സ്ഥാനമാനങ്ങള്‍. അതുകൊണ്ട് അവര്‍ അതിനു തയ്യാറാകില്ല. എന്നാല്‍ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായുമൊക്കെ പിന്നിലുള്ള പിന്നാക്കക്കാര്‍ക്ക് തല ഒഴികെ മറ്റൊന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ട് നിഷ്‌കളങ്കരും അമിതമായ പാര്‍ട്ടി ഭക്തിയും ഉള്ള അവര്‍ ഇരകളാകാനോ വേട്ടക്കാരാകാനോ ചാടിയിറങ്ങിപ്പുറപ്പെടും. ഇരിക്കെടാ എന്നു പറഞ്ഞാല്‍ കിടക്കും. ചന്തിക്ക് അടിക്കെടാ എന്നു പറഞ്ഞാല്‍ നെഞ്ചില്‍ കത്തികൊണ്ട് കുത്തും. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നിലായതു മാത്രമല്ല കാരണം. 'ചേകോനായി ജനിച്ചാല്‍ പിന്നെ/വാള്‍ക്കണയിലല്ലോ ചോറ് ചേകോന്മാര്‍ക്ക്' എന്നുള്ള അങ്കച്ചേകവന്മാരായ ആരോമല്‍ച്ചേകവരുടെയും മറ്റും പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് തങ്ങളെന്ന മിഥ്യാഭിമാന ബോധവും ഇരുപക്ഷത്തുമുള്ള ഇരകളെയും വേട്ടക്കാരെയും നയിക്കുന്നുമുണ്ട്. ഇക്കാര്യത്തില്‍ ഈ മാനസികാവസ്ഥയും ഒരു പ്രധാനമായൊരു ഘടകമാണ്.
കൊല്ലുന്നവരുടെ പാര്‍ട്ടിക്കാരുടെയും കൊലയ്ക്ക് ഇരയാകുന്നവരുടെ പാര്‍ട്ടിക്കാരുടെയും നേതാക്കന്മാര്‍ ഒന്നിച്ചിരുന്ന് ചിരിച്ച് സൗഹൃദം പങ്കുവയ്ക്കുന്നതും ഒന്നിച്ചിരുന്ന് ആഹ്ലാദത്തോടെ ഭക്ഷണം കഴിക്കുന്നതും പരസ്പരം കൊല്ലാന്‍ കത്തിയും അരയില്‍ തിരുകി നടക്കുന്ന ഇരകളും വേട്ടക്കാരുമൊക്കെ കാണുന്നുണ്ട്. എന്നിട്ടും നേതാക്കന്മാരുടെ ഈ മാതൃക പിന്‍പറ്റാന്‍ ഇരകളും വേട്ടക്കാരും തയ്യാറാകാത്തത് മുകളില്‍ സൂചിപ്പിച്ച മാനസികാവസ്ഥ ഇവരെ നയിക്കുന്നതുകൊണ്ടാണ്. ഈ മാനസികാവസ്ഥ കവിത പാടിയാലോ വട്ടമേശ സമ്മേളനം നടത്തിയാലോ ഒരിക്കലും അവസാനിക്കില്ല. ഇക്കൂട്ടരുടെ ഈ മാനസികാവസ്ഥയും അവരുടെ പിന്നാക്കാവസ്ഥയും മാറിയാലോ, മാറ്റിയാലോ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളൂ. ഇരുപക്ഷത്തുമുള്ള നേതാക്കള്‍ ഇക്കൂട്ടരുടെ ഈ സാമൂഹികാവസ്ഥകള്‍ മാറാനോ മാറ്റാനോ ഒരിക്കലും ഉള്ളുകൊണ്ട് ആഗ്രഹിക്കില്ല. കാരണം അവര്‍ക്ക് പാര്‍ട്ടി വളര്‍ത്താന്‍ ഇഷ്ടംപോലെ രക്തസാക്ഷികളെ വേണം. ഈ അവസ്ഥ മാറണമെങ്കില്‍ ഇരകളും വേട്ടക്കാരും കണ്ണുതുറക്കുകതന്നെ വേണം. കണ്ണൂര്‍ കൊലപാതകങ്ങളുടെ ഇരുപക്ഷത്തുമുള്ള ഇരകളും വേട്ടക്കാരും ഇതേക്കുറിച്ചറിയാന്‍ കൂടുതല്‍ ഗവേഷണങ്ങളൊന്നും നടത്തേണ്ടതില്ല. കണ്ണൂര്‍ കൊലപാതകങ്ങളിലെ ജാതി മാത്രം പരിശോധിച്ചാല്‍ മതി.
2000 ഫെബ്രുവരി 1-15 ലക്കം 'സമീക്ഷ'യില്‍ 'കണ്ണൂര്‍ കൊലപാതകങ്ങളിലെ ജാതി' എന്ന തലക്കെട്ടില്‍ ഞാനെഴുതിയ ലേഖനത്തില്‍ ചില കണക്കുകളും കാര്യങ്ങളും വിശദീകരിച്ചിരുന്നു. 2000 വരെ കണ്ണൂരില്‍ 133 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. അതില്‍ 110 പേരും തിയ്യന്മാരാണ്. വടക്കേ മലബാറില്‍ തിയ്യന്മാരുടെ ജനസംഖ്യ കൂടുതലായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നൊരു വാദമുണ്ട്. ഇത് വാദത്തിനുവേണ്ടിയുള്ള വാദമാണ്. 1998-ലെ ഇലക്ഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ആധാരമാക്കി 05.08.1999-ലെ ഇന്ത്യന്‍ എക്‌സ്പ്രസ്സ് കൊടുത്ത ഒരു കണക്കു പ്രകാരം കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ 25 ശതമാനം തിയ്യന്മാരുള്ളപ്പോള്‍ നായന്മാര്‍ 22.48 ശതമാനമുണ്ട്. കാസര്‍കോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ 30 ശതമാനം തിയ്യന്മാരുള്ളപ്പോള്‍ നായന്മാര്‍ 18.90 ശതമാനമുണ്ട്. കൊലപാതകങ്ങള്‍ ജനസംഖ്യാനുപാതമായി വേണമെന്നല്ല പറയുന്നത്. പക്ഷേ എന്തുകൊണ്ട് കണ്ണൂര്‍ കൊലപാതകങ്ങളിലെ ഇരകളില്‍ ബഹുഭൂരിഭാഗവും തിയ്യന്മാരാകുന്നു എന്ന സത്യം തിരിച്ചറിയുകതന്നെ വേണം. ഇതു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ മാത്രമേ കണ്ണരിലെ 'രാഷ്ട്രീയ കൊലപാതകങ്ങള്‍' അവസാനിക്കുകയുള്ളൂ.
ഇത് വടക്കേ മലബാറിന്റെ മാത്രം പ്രതേ്യകതയല്ല. കേരളത്തിന്റെ മൊത്തം പ്രതേ്യകതയാണ്. കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലും ഇതുതന്നെ സ്ഥിതി. കണ്ണൂരില്‍ തിയ്യന്മാര്‍ക്കാണ് ഇരകളില്‍ മുന്‍തൂക്കമെങ്കില്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ മൊത്തം അവര്‍ണര്‍ക്കാണ് മുന്‍തൂക്കമെന്നതാണ് സത്യം. ഇരകളില്‍ ബഹുഭൂരിപക്ഷവും പിന്നാക്കജാതിക്കാരോ പട്ടികജാതിക്കാരോ ആയിരിക്കും. ഇക്കാര്യത്തില്‍ കേരളത്തിലെ പിന്നാക്കജാതിക്കാര്‍ക്കും പട്ടികവിഭാഗക്കാര്‍ക്കുമൊക്കെ മാതൃകയാക്കാവുന്ന ഒരു സമുദായമുണ്ട്. ക്രിസ്ത്യന്‍ സമുദായം. അവര്‍ പൊതുവെ രക്തസാക്ഷികളെ സൃഷ്ടിക്കാറില്ല. പ്രൊഫ: ജോസഫിന്റെ കൈ വെട്ടിയതിന് പകരം എതിരാളികളുടെ കൈകള്‍ വെട്ടാന്‍ അവര്‍ക്കും സാധിക്കും. പക്ഷേ, അവരത് ചെയ്യില്ല. അങ്ങനെ ചെയ്താല്‍ ക്രിസ്ത്യന്‍ കൈകള്‍ വീണ്ടും വെട്ടിമാറ്റപ്പെടും. ഇതു തിരിച്ചറിയാനുള്ള ബുദ്ധി ക്രിസ്ത്യന്‍ സമുദായത്തിനുണ്ട്. ഇതര മതക്കാരന്റെ കൈകള്‍ വെട്ടുക എന്നതല്ല ക്രിസ്ത്യാനികളുടെ കൈകള്‍ സംരക്ഷിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. വെട്ടും കുത്തും നടത്താതെതന്നെ 'രാഷ്ട്രീയം' കളിക്കുന്ന അവര്‍ ഏതു മുന്നണി ഭരിച്ചാലും ഭരണത്തിന്റെ എല്ലാ കേന്ദ്രങ്ങളിലും മേധാവിത്വം നേടുകയും ചെയ്യും; അത് തിരുവനന്തപുരത്തായാലും ന്യൂഡല്‍ഹിയിലായാലും.