My Blog List

Friday, November 18, 2016

കണ്ണൂര്‍ കൊലപാതകം: ഇരകളും വേട്ടക്കാരും കണ്ണുതുറക്കണം

കേരളശബ്ദം വാരിക, നവംബര്‍ 27, 2016 (Released on 11.11.2016)


ശങ്കരനാരായണന്‍ മലപ്പുറം

കണ്ണൂരിലെ 'രാഷ്ട്രീയ കൊലപാതകങ്ങള്‍' കവയിത്രി സുഗതകുമാരി ടീച്ചര്‍ കവിതയെഴുതിയാലോ കുമ്മനം രാജശേഖരനും കോടിയേരി ബാലകൃഷ്ണനും മറ്റും ഒരുമിച്ചിരുന്ന് സംസാരിച്ചാലോ ഒരിക്കലും അവസാനിക്കില്ല. കൊലപാതകങ്ങള്‍ നടത്തുന്നവര്‍ തീരുമാനിച്ചാല്‍ മാത്രമേ കണ്ണൂരിലെ കൊലപാതകങ്ങള്‍ അവസാനിക്കുകയുള്ളൂ. കണ്ണൂരില്‍ നടക്കുന്നത് രാഷ്ട്രീയ കൊലപാതകങ്ങളാണ് എന്നാണ് പറയാറ്. ഇതില്‍ ശരിയുടെ നേരിയ ഒരംശംപോലുമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊലക്കത്തിക്കിരയാകുന്നവരില്‍ ഒരാളും കമ്മ്യൂണിസത്തിന്റെ വര്‍ഗ്ഗശത്രുക്കളല്ല; കൂലിപ്പണിക്കാരും പാവങ്ങളുമായ സാധാരണക്കാര്‍ മാത്രം. ആര്‍.എസ്.എസ്., ബി.ജെ.പിക്കാരുടെ കൊലക്കത്തിക്കിരയാകുന്നവരില്‍ ഒരാളും ഹിന്ദുമതത്തിനുള്ളിലെ ഹിന്ദുവിരോധികളല്ല. ഇവരും കൂലിപ്പണിക്കാരും പാവങ്ങളുമായ സാധാരണക്കാര്‍ മാത്രം.
കണ്ണൂര്‍ കൊലപാതകങ്ങളിലെ ഇരകളും വേട്ടക്കാരുമൊക്കെ സാമ്പത്തിക ഭദ്രതയില്ലാത്തവരും ഏറെ വിദ്യാഭ്യാസം നേടാത്തവരുമാണ്. ഇതിലേറെ പ്രധാനമായ ഘടകം ഇവരില്‍ ബഹുഭൂരിപക്ഷവും അവര്‍ണരാണ്; അതില്‍ത്തന്നെ ബഹുഭൂരിപക്ഷവും തിയ്യ സമുദായക്കാരും. ഇരകളും വേട്ടക്കാരുമായവരില്‍ 5 ശതമാനംപോലും വരില്ല സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന മുന്നാക്ക ജാതിക്കാര്‍. ഇരകളാകാനോ വേട്ടക്കാരാകാനോ ഇറങ്ങിത്തിരിച്ചാല്‍ മുന്നാക്കക്കാര്‍ക്ക് പലതും നഷ്ടപ്പെടാനുണ്ട്. എം.എല്‍.എ.സ്ഥാനം, മന്ത്രിസ്ഥാനം, രാജ്യസഭാ എം.പി. സ്ഥാനം, പാര്‍ട്ടി നേതൃത്വസ്ഥാനം എന്നിങ്ങനെ ഒട്ടേറെ സ്ഥാനമാനങ്ങള്‍. അതുകൊണ്ട് അവര്‍ അതിനു തയ്യാറാകില്ല. എന്നാല്‍ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായുമൊക്കെ പിന്നിലുള്ള പിന്നാക്കക്കാര്‍ക്ക് തല ഒഴികെ മറ്റൊന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ട് നിഷ്‌കളങ്കരും അമിതമായ പാര്‍ട്ടി ഭക്തിയും ഉള്ള അവര്‍ ഇരകളാകാനോ വേട്ടക്കാരാകാനോ ചാടിയിറങ്ങിപ്പുറപ്പെടും. ഇരിക്കെടാ എന്നു പറഞ്ഞാല്‍ കിടക്കും. ചന്തിക്ക് അടിക്കെടാ എന്നു പറഞ്ഞാല്‍ നെഞ്ചില്‍ കത്തികൊണ്ട് കുത്തും. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നിലായതു മാത്രമല്ല കാരണം. 'ചേകോനായി ജനിച്ചാല്‍ പിന്നെ/വാള്‍ക്കണയിലല്ലോ ചോറ് ചേകോന്മാര്‍ക്ക്' എന്നുള്ള അങ്കച്ചേകവന്മാരായ ആരോമല്‍ച്ചേകവരുടെയും മറ്റും പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് തങ്ങളെന്ന മിഥ്യാഭിമാന ബോധവും ഇരുപക്ഷത്തുമുള്ള ഇരകളെയും വേട്ടക്കാരെയും നയിക്കുന്നുമുണ്ട്. ഇക്കാര്യത്തില്‍ ഈ മാനസികാവസ്ഥയും ഒരു പ്രധാനമായൊരു ഘടകമാണ്.
കൊല്ലുന്നവരുടെ പാര്‍ട്ടിക്കാരുടെയും കൊലയ്ക്ക് ഇരയാകുന്നവരുടെ പാര്‍ട്ടിക്കാരുടെയും നേതാക്കന്മാര്‍ ഒന്നിച്ചിരുന്ന് ചിരിച്ച് സൗഹൃദം പങ്കുവയ്ക്കുന്നതും ഒന്നിച്ചിരുന്ന് ആഹ്ലാദത്തോടെ ഭക്ഷണം കഴിക്കുന്നതും പരസ്പരം കൊല്ലാന്‍ കത്തിയും അരയില്‍ തിരുകി നടക്കുന്ന ഇരകളും വേട്ടക്കാരുമൊക്കെ കാണുന്നുണ്ട്. എന്നിട്ടും നേതാക്കന്മാരുടെ ഈ മാതൃക പിന്‍പറ്റാന്‍ ഇരകളും വേട്ടക്കാരും തയ്യാറാകാത്തത് മുകളില്‍ സൂചിപ്പിച്ച മാനസികാവസ്ഥ ഇവരെ നയിക്കുന്നതുകൊണ്ടാണ്. ഈ മാനസികാവസ്ഥ കവിത പാടിയാലോ വട്ടമേശ സമ്മേളനം നടത്തിയാലോ ഒരിക്കലും അവസാനിക്കില്ല. ഇക്കൂട്ടരുടെ ഈ മാനസികാവസ്ഥയും അവരുടെ പിന്നാക്കാവസ്ഥയും മാറിയാലോ, മാറ്റിയാലോ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളൂ. ഇരുപക്ഷത്തുമുള്ള നേതാക്കള്‍ ഇക്കൂട്ടരുടെ ഈ സാമൂഹികാവസ്ഥകള്‍ മാറാനോ മാറ്റാനോ ഒരിക്കലും ഉള്ളുകൊണ്ട് ആഗ്രഹിക്കില്ല. കാരണം അവര്‍ക്ക് പാര്‍ട്ടി വളര്‍ത്താന്‍ ഇഷ്ടംപോലെ രക്തസാക്ഷികളെ വേണം. ഈ അവസ്ഥ മാറണമെങ്കില്‍ ഇരകളും വേട്ടക്കാരും കണ്ണുതുറക്കുകതന്നെ വേണം. കണ്ണൂര്‍ കൊലപാതകങ്ങളുടെ ഇരുപക്ഷത്തുമുള്ള ഇരകളും വേട്ടക്കാരും ഇതേക്കുറിച്ചറിയാന്‍ കൂടുതല്‍ ഗവേഷണങ്ങളൊന്നും നടത്തേണ്ടതില്ല. കണ്ണൂര്‍ കൊലപാതകങ്ങളിലെ ജാതി മാത്രം പരിശോധിച്ചാല്‍ മതി.
2000 ഫെബ്രുവരി 1-15 ലക്കം 'സമീക്ഷ'യില്‍ 'കണ്ണൂര്‍ കൊലപാതകങ്ങളിലെ ജാതി' എന്ന തലക്കെട്ടില്‍ ഞാനെഴുതിയ ലേഖനത്തില്‍ ചില കണക്കുകളും കാര്യങ്ങളും വിശദീകരിച്ചിരുന്നു. 2000 വരെ കണ്ണൂരില്‍ 133 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. അതില്‍ 110 പേരും തിയ്യന്മാരാണ്. വടക്കേ മലബാറില്‍ തിയ്യന്മാരുടെ ജനസംഖ്യ കൂടുതലായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നൊരു വാദമുണ്ട്. ഇത് വാദത്തിനുവേണ്ടിയുള്ള വാദമാണ്. 1998-ലെ ഇലക്ഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ആധാരമാക്കി 05.08.1999-ലെ ഇന്ത്യന്‍ എക്‌സ്പ്രസ്സ് കൊടുത്ത ഒരു കണക്കു പ്രകാരം കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ 25 ശതമാനം തിയ്യന്മാരുള്ളപ്പോള്‍ നായന്മാര്‍ 22.48 ശതമാനമുണ്ട്. കാസര്‍കോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ 30 ശതമാനം തിയ്യന്മാരുള്ളപ്പോള്‍ നായന്മാര്‍ 18.90 ശതമാനമുണ്ട്. കൊലപാതകങ്ങള്‍ ജനസംഖ്യാനുപാതമായി വേണമെന്നല്ല പറയുന്നത്. പക്ഷേ എന്തുകൊണ്ട് കണ്ണൂര്‍ കൊലപാതകങ്ങളിലെ ഇരകളില്‍ ബഹുഭൂരിഭാഗവും തിയ്യന്മാരാകുന്നു എന്ന സത്യം തിരിച്ചറിയുകതന്നെ വേണം. ഇതു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ മാത്രമേ കണ്ണരിലെ 'രാഷ്ട്രീയ കൊലപാതകങ്ങള്‍' അവസാനിക്കുകയുള്ളൂ.
ഇത് വടക്കേ മലബാറിന്റെ മാത്രം പ്രതേ്യകതയല്ല. കേരളത്തിന്റെ മൊത്തം പ്രതേ്യകതയാണ്. കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലും ഇതുതന്നെ സ്ഥിതി. കണ്ണൂരില്‍ തിയ്യന്മാര്‍ക്കാണ് ഇരകളില്‍ മുന്‍തൂക്കമെങ്കില്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ മൊത്തം അവര്‍ണര്‍ക്കാണ് മുന്‍തൂക്കമെന്നതാണ് സത്യം. ഇരകളില്‍ ബഹുഭൂരിപക്ഷവും പിന്നാക്കജാതിക്കാരോ പട്ടികജാതിക്കാരോ ആയിരിക്കും. ഇക്കാര്യത്തില്‍ കേരളത്തിലെ പിന്നാക്കജാതിക്കാര്‍ക്കും പട്ടികവിഭാഗക്കാര്‍ക്കുമൊക്കെ മാതൃകയാക്കാവുന്ന ഒരു സമുദായമുണ്ട്. ക്രിസ്ത്യന്‍ സമുദായം. അവര്‍ പൊതുവെ രക്തസാക്ഷികളെ സൃഷ്ടിക്കാറില്ല. പ്രൊഫ: ജോസഫിന്റെ കൈ വെട്ടിയതിന് പകരം എതിരാളികളുടെ കൈകള്‍ വെട്ടാന്‍ അവര്‍ക്കും സാധിക്കും. പക്ഷേ, അവരത് ചെയ്യില്ല. അങ്ങനെ ചെയ്താല്‍ ക്രിസ്ത്യന്‍ കൈകള്‍ വീണ്ടും വെട്ടിമാറ്റപ്പെടും. ഇതു തിരിച്ചറിയാനുള്ള ബുദ്ധി ക്രിസ്ത്യന്‍ സമുദായത്തിനുണ്ട്. ഇതര മതക്കാരന്റെ കൈകള്‍ വെട്ടുക എന്നതല്ല ക്രിസ്ത്യാനികളുടെ കൈകള്‍ സംരക്ഷിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. വെട്ടും കുത്തും നടത്താതെതന്നെ 'രാഷ്ട്രീയം' കളിക്കുന്ന അവര്‍ ഏതു മുന്നണി ഭരിച്ചാലും ഭരണത്തിന്റെ എല്ലാ കേന്ദ്രങ്ങളിലും മേധാവിത്വം നേടുകയും ചെയ്യും; അത് തിരുവനന്തപുരത്തായാലും ന്യൂഡല്‍ഹിയിലായാലും.

Saturday, March 28, 2015

വീര സോദരി നങ്ങേലിയ്ക്ക് മരണമില്ല

കേരളശബ്ദം, ലക്കം 34, 2015 ഏപ്രില്‍ 12 (Released on 28.03.2015)

ശങ്കരനാരായണന്‍ മലപ്പുറം

     ''കണ്ണില്‍ കണ്ടതിനെല്ലാമുണ്ടായിരുന്നു നികുതി. അധ്വാനിക്കുന്ന ജനവിഭാഗം
പാടുപെട്ട് എന്തെങ്കിലുമുണ്ടാക്കിയാല്‍ അത് തട്ടിയെടുത്ത് എല്ലാ വിശേഷാവസരങ്ങളിലും ഉപയോഗിക്കാറുണ്ടായിരുന്നു'' ഇത് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഇവിടുത്തെ പാവങ്ങളും അടിസ്ഥാനവര്‍ഗക്കാരുമായ ജനവിഭാഗങ്ങളില്‍നിന്നു ഈടാക്കിയിരുന്ന നികുതികളെക്കുറിച്ച് ശാമുവല്‍ മറ്റിയര്‍ പ്രകടിപ്പിച്ച അഭിപ്രായം. ഒട്ടേറെയുള്ള മറ്റു നികുതികള്‍ക്കു പുറമെ, മാര്‍ത്താണ്ഡവര്‍മ്മയുടെ(1729-1758) ഭരണകാലത്ത് ഈഴവര്‍ തുടങ്ങിയ പിന്നാക്ക ജാതിക്കാരില്‍നിന്നും ദലിതരില്‍നിന്നും 'തലയറ'യെന്നും 'തലപ്പണ'മെന്നും പേരുള്ള പ്രതേ്യക തരം നികുതി 1751 മുതല്‍ ഈടാക്കിയിരുന്നു. 16 മുതല്‍ 60 വയസ്സുവരെ പ്രായമുള്ള അവര്‍ണരുടെ തലയെണ്ണി ആറു കൊല്ലത്തിലൊരിക്കലാണ് ഈ നികുതി ഈടാക്കിയിരുന്നത്. 1750-ല്‍ ഒട്ടുവളരെ യുദ്ധങ്ങളും തൃപ്പടിദാനവും നടത്തി ഭണ്ഡാരം നിശ്ശേഷം കാലിയാക്കിയത് നികത്താനായിരുന്ന ഈ അന്യായമായ നികുതികളെന്ന് സി.കേശവന്‍ തന്റെ ആത്മകഥയില്‍ (ജീവിതസമരം, പേജ് 107) വിവരിക്കുന്നുണ്ട്. അക്കാലത്ത് അവര്‍ണരില്‍നിന്ന് തിരുവിതാംകൂര്‍ ഭരണകൂടം ഈടാക്കിയിരുന്ന നികുതികളെക്കുറിച്ച് വിവരിച്ചാല്‍ കരിമ്പാറപോലും കണ്ണീരൊഴുക്കും. കരിമ്പാറ കരയുക മാത്രമല്ല ഹൃദയം പൊട്ടി മരിക്കുന്ന അവസ്ഥപോലും അന്നുണ്ടായിരുന്നു. (നായന്മാര്‍ക്കു മാത്രമല്ല മറ്റ് അഹിന്ദുക്കള്‍ക്കും ഈ നികുതികള്‍ മിക്കതും ബാധകമായിരുന്നില്ല എന്ന ചരിത്രസത്യംകൂടി മനസ്സിലാക്കേണ്ടതുണ്ട്). മനുഷ്യന് മനുഷ്യനെ വില്‍ക്കാനും കൊല്ലാനുമുള്ള അവസ്ഥപോലും തിരുവിതാംകൂറില്‍ നിലനിന്നിരുന്നു. 'ഈ രാജ്യത്തില്‍ ഒള്ളവരും പിറന്ന രാജ്യത്തില്‍ ഒള്ളവരും ഈ സംസ്ഥാനത്ത് പല ജാതികളിലും ഒള്ള കുഞ്ഞുകുട്ടികളെയും പെണ്ണുങ്ങളെയും ലാഭസംഗതിക്കായിട്ടു ചുരുങ്ങിയ വിലയ്ക്ക് വാങ്ങിക്കയും ഏറിയ വിലയ്ക്ക് വില്ക്കയും പിറനാടുംമേല്‍ കൊണ്ടുപോകയും പണ്ടാരവകയ്ക്ക് തീരുവ വാങ്ങിക്കയും' ചെയ്തിരുന്ന നാടായിരുന്നു ഇത്. 1769 മീനം 17-ാം തീയതി എഴുതിയ ഒരു അടിമക്കരാര്‍ നോക്കുക (ജീവിതസമരം, പേജ് 104): ''തേശത്ത് കുടിയിരിക്കും പാട്ടത്തില്‍.......തന്നടിയാര്‍ പറയര്‍ വകയില്‍.....മാണിപെറ്റ മക്കളില്‍ ചക്കിയെയും അവള്‍ പെറ്റ മക്കളില്‍ ഇപ്പയെയും മാണിയെയും നാലര്‍കൂടി കണ്ടമെണ്ണം മോടിക്കൊത്ത നേര്‍മ്മവില അര്‍ത്തം കൈയില്‍ വാങ്ങിക്കൊണ്ട് ആള്‍ക്കാരായ്മയും എഴുതിക്കൊടുത്താന്‍. ഇമ്മാര്‍ക്കമേ ഈ ആള്‍ കൊല്ലുകില്‍ കൊലയ്ക്കും മാറ്, വിക്കില്‍ വിക്കയും മാറ് തന്ന വകയ്ക്ക് കാരായ്മ പൊന്നും കൊടുത്ത് ആ കാരായ്മ ആകെ എഴുതി കൊടുത്താന്‍.....''. മനുഷ്യമക്കളായ മാണിയെയും ചക്കിയെയും ഇപ്പയെയുമൊക്കെ കൊല്ലാനും വില്‍ക്കാനുമുള്ള അധികാരത്തോടെ കച്ചവടം നടത്തിയിരുന്ന ഒരു നാടായിരുന്നു ഇത്. ഇത്തരമൊരു രാജ്യത്ത് എണ്ണിയാലൊടുങ്ങാത്ത നികുതികള്‍ ഏര്‍പ്പെടുത്തിയതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ. എല്ലാ നികുതി ഭാരങ്ങളും അബ്രാഹ്മണരുടെ, പ്രതേ്യകിച്ചും അവര്‍ണ്ണരുടെ തലയിലാണ് കെട്ടിയേല്‍പ്പിച്ചിരുന്നത്. 1865-ല്‍ ആയില്യം തിരുനാളിന്റെ കാലത്തു മാത്രം 110 നികുതികള്‍ നിര്‍ത്തലാക്കി എന്നു പറഞ്ഞാല്‍ അതിനു മുമ്പത്തെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.
       എല്ലാവിധ ജോലിക്കാരില്‍നിന്നും നികുതി ഈടാക്കിയിരുന്നു. തെങ്ങ്, പന ഇവയില്‍ കയറി ജോലിയെടുക്കുന്നവരില്‍നിന്ന് 'തളക്കാണം', 'ഏണിക്കാണം', 'ഈഴംപുട്ചി' എന്നീ നികുതികള്‍ ഈടാക്കിയിരുന്നു. മണ്‍പാത്രം ഉണ്ടാക്കുന്നവരില്‍നിന്നു 'ചെക്കിറ', സ്വര്‍ണപ്പണിക്കാരില്‍നിന്നു 'തട്ടാരപ്പാട്ടം', തുണിനെയ്ത്തുകാരില്‍ നിന്നു 'തറിക്കടമ', അലക്കുകാരില്‍നിന്നു 'വണ്ണാരപ്പാറ', മീന്‍പിടുത്തക്കാരില്‍നിന്നു 'വലക്കരം' തുടങ്ങിയ നികുതികള്‍ ഈടാക്കിയിരുന്നു. കള്ളുചെത്തുന്ന കത്തിക്ക് 'കത്തി'എന്ന നികുതിയും ചാരായം വാറ്റുന്ന ചട്ടിക്ക് 'ചട്ടി'എന്ന നികുതിയും കൊടുക്കണമായിരുന്നു. ഒരു ജോലിയും ചെയ്യാന്‍ വയ്യാത്ത ഏഴകളില്‍നിന്നു 'ഏഴ' എന്ന നികുതിപോലും ഈടാക്കിയിരുന്നു. 'അയ്മുല' (അഞ്ചു മുലകളുള്ള പശുക്കള്‍), ചെങ്കൊമ്പ്(മനുഷ്യരെ കൊന്ന കാലികള്‍), പൂവാല (വാലിന്മേല്‍ വെള്ളനിറമുള്ള പോത്തുകള്‍), കണ്ണടപ്പുള്ളി (കണ്ണിന്റെ കോണില്‍ വെളുത്ത അടയാളമുള്ള കാലികള്‍), കുഴിയില്‍ വീണ കാട്ടാനകള്‍, കിണറ്റില്‍ വീണ പന്നികള്‍ എന്നിവ അവ ആരുടെതായാലും രാജാവിന് അവകാശപ്പെട്ടതായിരുന്നു. (കേരള ചരിത്ര പഠനങ്ങള്‍, വേലായുധന്‍ പണിക്കശ്ശേരി, പേജ് 108). കൂലിയില്ലാ പണി ചെയ്യിപ്പിച്ച് (ഊഴിയംവേല) സ്ഥാനമാനങ്ങള്‍ നല്‍കിയും അവര്‍ണരെയും മറ്റും ചൂഷണം ചെയ്തിരുന്നു. തോടുവെട്ട്, റോഡുവെട്ട് തുടങ്ങിയ ജോലികളാണ് ചെയ്യിക്കുക. കൂലി കൊടുക്കില്ല; പകരം സ്ഥാനം കൊടുക്കും. ജാതിക്കെണിയില്‍ കുടുങ്ങിയവര്‍ അതില്‍ തൃപ്തരുമായിരുന്നു. ചാന്നാര്‍, പണിക്കര്‍, തണ്ടാന്‍, നാലുപുരക്കാരന്‍, മണ്ണാളിപ്പണിക്കര്‍, വീട്ടുകാരന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ ഈഴവരും എളയ കണക്കന്‍ എന്ന സ്ഥാനം കണക്കന്മാരും വേലപ്പണിക്കര്‍ എന്ന സ്ഥാനം വേലന്മാരും മൂപ്പന്‍ എന്ന സ്ഥാനം വാലന്മാരും വലിയ അരയന്‍ എന്ന സ്ഥാനം അരയന്മാരും ഓമനക്കുറുപ്പന്‍, വള്ളോന്‍ എന്നീ സ്ഥാനങ്ങള്‍ പുലയരും ഇങ്ങനെ നേടിയിരുന്നു. ആ കാലഘട്ടം കേരളത്തിലെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന അവര്‍ണരെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ഇരുളടഞ്ഞതായിരുന്നു. ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയ അവര്‍ണ വിപ്ലവകാരികള്‍ വരുന്നതിനുമുമ്പ് ആ ഇരുട്ടത്ത് കുറച്ച് പ്രകാശം ചൊരിഞ്ഞത് ബ്രിട്ടീഷുകാരായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാരെ 'വഞ്ചിപാലകര്‍' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 1811 മുതല്‍ 1814 വരെ ദിവാനായി സേവനമുഷ്ഠിച്ച കര്‍ണ്ണല്‍ മണ്‍റോ സായിപ്പിന്റെ ഭരണകാലത്താണ് തിരുവിതാംകൂറില്‍ അവര്‍ണര്‍ക്ക് മാനുഷികാവകാശങ്ങള്‍ കിട്ടിത്തുടങ്ങിയത്. കൂരിരുട്ട് വെളിച്ചംതന്നെയെന്നു വിശ്വസിച്ചിരുന്നരായിരുന്നു 'വഞ്ചി'ക്കാര്‍. അങ്ങനെയുള്ള, 'വഞ്ചി'ക്കാര്‍ക്ക് മണ്‍റോ സായിപ്പ് വിളക്ക് വെളിച്ചം കാട്ടട്ടെ എന്ന് സാമൂഹിക വിപ്ലവകാരിയായ സി. കേശവന്‍ പറഞ്ഞത് അന്ന് പലരെയും ചൊടിപ്പിച്ചിരുന്നു. ആ അന്ധകാര കാലഘട്ടത്തില്‍ അവര്‍ണ പുരഷന്മാരില്‍നിന്നു മാത്രമല്ല സ്ത്രീകളില്‍നിന്നും നികുതി ഈടാക്കിയിരുന്നു. 'മുലൈവില', 'മുലക്കരം' എന്നീ പേരിലാണ് സ്ത്രീകളില്‍നിന്നു നികുതി ഈടാക്കിവന്നിരുന്നത്. നിന്ദ്യവും നീചവും നികൃഷ്ടവുമായ ഈ നിലപാടിനെതിരെ ഒരു ധീരവനിത പ്രതിഷേധിച്ചു. ആലപ്പുഴയിലെ ചേര്‍ത്തലയിലാണ് ചരിത്രത്തില്‍ രക്തലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ട ഈ വിപ്ലവം നടന്നത്. ചേര്‍ത്തലയിലെ ഒരു ഈഴവ യുവതിയാണ് നിന്ദ്യവും നീചവും നികൃഷ്ടവുമായ ഈ തെമ്മാടിത്തത്തെ അതി ധീരമായി എതിര്‍ത്ത് വീരരക്തസാക്ഷിയായത്.
         ഈ സംഭവം നടന്ന വര്‍ഷത്തെ സംബന്ധിച്ച് തര്‍ക്കമുണ്ട്. ഒരോരോ കാലഘട്ടങ്ങളിലുണ്ടായിരുന്ന സാമൂഹിക മാറ്റങ്ങളും ചരിത്ര സംഭവങ്ങളും വച്ചു പരിശോധിക്കുമ്പോള്‍ നങ്ങേലിയുടെ ജന്മദേശമായ കരപ്പുറത്തുതന്നെ ജനിച്ച വ്യക്തിയും കോണ്‍ഗ്രസ്സിന്റെ മുന്‍ എം.എല്‍.എയും ചരിത്രപഠിതാവും അഭിഭാഷകനുമായ ഡി. സുഗതന്റെ അഭിപ്രായത്തിലാണ് കൂടുതല്‍ ശരിയുള്ളത്. 1803-ലാണ് ഈ സംഭവം നടന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. നിരോധനം ലംഘിച്ച് വൈക്കം മഹാദേവക്ഷേത്രത്തില്‍ക്കയറി തൊഴുതഒരുകൂട്ടം ഈഴവ യുവാക്കളെ വേലുത്തമ്പി ദളവയുടെ പട്ടാളക്കാര്‍ വെട്ടിക്കൊന്ന് ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തുണ്ടായിരുന്ന കുളത്തില്‍ കുഴിച്ചുമൂടി ആ കുളം 'ദളവാക്കുള'മാക്കിയ കാലത്തിനോടടുത്താണ് ഈ സംഭവവും നടന്നതെന്ന് ഡി.സുഗതന്‍ അദ്ദേഹത്തിന്റെ 'ഒരു ദേശത്തിന്റെ കഥ; കയറിന്റെയും'എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഏതായാലും 1800-ന്റെ ആദ്യ ദശകത്തിലാണ് ഈ സംഭവം നടന്നതെന്ന് ഉറപ്പിക്കാവുന്നതാണ്. 
       ഈ വിപ്ലവ വനിതയുടെ പേര് നങ്ങേലി. ഇവരും ഭര്‍ത്താവ് ചിരുകണ്ടനും താമസിച്ചിരുന്നത് ആലപ്പുഴ ജില്ലയിലുള്ള ചേര്‍ത്തല താലൂക്കിലെ കരപ്പുറം ദേശത്താണ്. ഡി. സുഗതന്റെ പുസ്തകത്തിലെ വിവരണപ്രകാരം, ഇപ്പോഴത്തെ ചേര്‍ത്തല നഗരസഭയുടെ 29-ാം വാര്‍ഡിലെ പാണ്ടകശാലപ്പറമ്പില്‍ മലച്ചിപ്പറമ്പ് എന്ന വീട്ടില്‍. ഇപ്പോഴത്തെ പ്ലാപ്പള്ളി പുരയിടത്തിനും മുന്‍ കേന്ദ്രമന്ത്രി ഏ.കെ. ആന്റണിയുടെ കുടുംബ വീടായ അറയ്ക്കല്‍ പറമ്പിനും തൊട്ടടുത്തായിരുന്നു ഈ വീട്. നങ്ങേലി മുല മുറിച്ച് വീരചരമം പ്രാപിച്ച സംഭവം ഡി. സുഗതന്‍ ഇങ്ങനെ (മുകളില്‍ സൂചിപ്പിച്ച പുസ്തകം, പേജ് 54) വിവരിക്കുന്നു: ''ഈഴവ സ്ത്രീ ആയിരുന്നതിനാല്‍ അവര്‍ മുലക്കരം കൊടുക്കാന്‍ ബാധ്യസ്ഥയായിരുന്നു. കരം കുടിശ്ശിക വന്നതിനെത്തുടര്‍ന്ന് ഒരു ദിവസം സവര്‍ണനായിരുന്ന പ്രവൃത്തിയാരും സംഘവും ജപ്തി നടപടികള്‍ക്കായി ഈ വീട്ടിലെത്തി. പ്രവൃത്തിയാരുടെ ശകാരത്തില്‍ മനംനൊന്ത നങ്ങേലി വീടിനകത്തേക്കു പോയി. അവര്‍ മൂര്‍ച്ചയേറിയ ഒരു കത്തികൊണ്ട് തന്റെ രണ്ട് മുലകളും ഛേദിച്ച് ഒരു വാഴയിലയില്‍ വെച്ചുകൊണ്ട് പുറത്തേക്ക് വന്നു. ഭീകരവും ഭയാനകുമായ ഒരു രംഗമായിരുന്നു അത്. അഴിഞ്ഞുലഞ്ഞ മുടിയും രോഷാഗ്നിയില്‍ ജ്വലിച്ച കണ്ണുകളും ദേഹമാസകലം രക്തത്തില്‍ കുളിച്ച രൂപവുമായി പുറത്തേക്ക് വന്ന ആ സ്ത്രീയെക്കണ്ട് ഭയവിഹ്വലനായ പ്രവൃത്തിയാരും സംഘവും ഓടി രക്ഷപ്പെട്ടു. ഭീകരമായ ആ രംഗം അല്പ സമയത്തിനുള്ളില്‍ ദാരുണവും ദു:ഖകരവുമായി. രക്തം വാര്‍ന്നൊഴുകിത്തീര്‍ന്ന അവസ്ഥയില്‍ ആ സാധുസ്ത്രീ കുഴഞ്ഞുവീണ് ജീവന്‍ വെടിഞ്ഞു. അവരെ ദഹിപ്പിച്ച ചിതയില്‍ ചാടി ഭര്‍ത്താവ് ചിരുകണ്ടനും ജീവനൊടുക്കി''.
   തന്റെ മുലകള്‍ വാഴയിലയില്‍ പ്രവൃത്തിയാര്‍ക്ക് സമര്‍പ്പിച്ചതിനു ശേഷം 'ഈ മുലകള്‍ക്കിനി നികുതി പിരിക്കേണ്ട' എന്നവര്‍ ഉറക്കെ പ്രഖ്യാപിച്ചിരുന്നു. അതൊരു താക്കീതായിരുന്നു; ഗര്‍ജ്ജനമായിരുന്നു; നിരപരാധിയായ തന്റെ ഭര്‍ത്താവ് കോവിലനെതിരെ മോഷണക്കുറ്റം ചുമത്തി രാജാവ് കൊന്നതിലുള്ള പ്രതികാരത്തിന്റെ ഭാഗമായി മുലയറുത്ത് നിലത്തെറിഞ്ഞ് കണ്ണകി നടത്തിയതുപോലുള്ള ഗര്‍ജ്ജനം. ബ്രാഹ്മണരുണ്ടാക്കിയ മനുഷ്യത്വ വിരുദ്ധമായ തത്ത്വസംഹിതകള്‍ക്കനുസരിച്ച് മനുഷ്യനെ കൊല്ലാകൊല ചെയ്തിരുന്ന രാജഭരണത്തിനെതിരെയുള്ള താക്കീത്. ഈ സ്ഥലം പിന്നീട് 'മുലച്ചിപ്പറമ്പ്' എന്നപേരില്‍ അറിയപ്പെട്ടു.

     അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മയുടെ (1798-1810) ഭരണകാലഘട്ടത്തിലാണ് ഈ സംഭവം നടക്കുന്നത്. പക്ഷേ, ഈ രാജാവ് കിരാതമായ ഈ 'മുലനികുതി' നിര്‍ത്തലാക്കിയില്ല. അവര്‍ണരെ മനുഷ്യരായി കാണാന്‍ ശ്രമിച്ച, ഈഴവരടക്കമുള്ള പിന്നാക്ക-പട്ടികജാതിക്കാര്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ല എന്ന് സി.കേശവന്‍ തന്റെ ആത്മകഥയില്‍ (ജീവിതസമരരം) വിശേഷിപ്പിച്ച റാണി ഗൗരി ലക്ഷ്മി ഭായിയുടെ (1810-1815) ഭരണകാലഘട്ടത്തില്‍ 1815-ലാണ് മനുഷ്യത്വ വിരുദ്ധവും സ്ത്രീവിരുദ്ധവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ ഈ നികുതി എടുത്തുകളഞ്ഞതെന്ന് ഡി. സുഗതന്‍ തന്റെ പുസ്തകത്തില്‍ (പേജ് 56) പറയുന്നുണ്ട്.
        വീര സോദരി നങ്ങേലിയുടെ ചരിത്രം കേരളചരിത്രത്തില്‍ രേഖപ്പെട്ടിട്ടില്ല. ചരിത്രത്തില്‍ ജയിച്ചവരാണല്ലോ ചരിത്രം എഴുതാറ്. അപ്പോള്‍ തോല്‍പ്പിക്കപ്പെട്ടവരുടെ ചരിത്രം മണ്ണിനടിയിലാകും. ഇതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടാതെപോയത്. രേഖപ്പെടുത്തിയവയ്ക്കു തന്നെ കാര്യമായ പരിഗണന നല്‍കിയിതുമില്ല. നമ്മുടെ ചരിത്രകാരന്മാര്‍ രാജഭക്തന്മാരായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഡി. സുഗതന്‍ തന്റെ പുസ്തകത്തില്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. 1888-ല്‍ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠയിലൂടെ നടത്തിയ വിപ്ലവ സമരത്തിനു മുമ്പും പിമ്പും ഇത്തരം ധാരാളം സമരങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. 1893 ല്‍ അയ്യങ്കാളി നടത്തിയ 'വില്ലുവണ്ടി സമരം', 'കൊച്ചിയിലെ അയ്യങ്കാളി' എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന കൊച്ചിയിലെ കെ.പി. വള്ളോന്‍ നടത്തിയ ജാതിവിരുദ്ധ സമരങ്ങള്‍, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ 1853-ല്‍ നടത്തിയ ശിവപ്രതിഷ്ഠ, പണ്ഡിറ്റ് കെ.പി. കറുപ്പന്‍ 'ജാതിക്കുമ്മി'യിലൂടെയും മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍ 'കവിരാമയണ'ത്തിലൂടെയും നടത്തിയ സാഹിത്യ സമരങ്ങള്‍, 1913 ഏപ്രില്‍ 21 ന് കൊച്ചിയിലെ ടി.കെ.കൃഷ്ണ മേനോന്റെയും പണ്ഡിറ്റ് കെ.പി. കറുപ്പന്റെയും പൂര്‍ണ സഹായസഹകരങ്ങളോടെ പുലയര്‍ കൊച്ചിയില്‍ നടത്തിയ കായല്‍ സമ്മേളന വിപ്ലവം, ചാന്നാര്‍ സ്ത്രീകളും മറ്റും നടത്തിയ മേല്‍മുണ്ട്, മുലമാറാപ്പ് സമരങ്ങള്‍, പൊയ്കയില്‍ കുമാരഗുരുദേവന്‍ നടത്തിയ ജാതിവിരുദ്ധ ആശയ പോരാട്ടങ്ങള്‍ തുടങ്ങി വൈക്കം സത്യാഗ്രഹത്തില്‍ ഏറ്റവും കൂടുതല്‍ വീറും വാശിയും കാണിച്ച വ്യക്തിയും 'വൈക്കം വീരന്‍' എന്ന വിശേഷണമുദ്ര കിട്ടിയ സാമൂഹിക പരിഷ്‌കര്‍ത്താവുമായ തമിഴ്‌നാട്ടിലെ പെരിയോര്‍ ഈ.വി.രാമസ്വാമി നായ്ക്കറുടെ പോരാട്ടങ്ങള്‍, 1809 ല്‍ ജനിച്ച വൈകുണ്ഠ സ്വാമികള്‍ (ഇദ്ദേഹം ജനിച്ചത് തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലാണ്. കന്യാകുമാരി പിന്നീട് തമിഴ്‌നാടിന്റെ ഭാഗമായി) നടത്തിയ ജാതിവിരുദ്ധ പോരാട്ടങ്ങള്‍, ക്രൂരനായ ജന്മിയുടെ മുഖത്തേക്ക് തിളപ്പിച്ച ചക്കരപ്പാവ് ഒഴിച്ച പേരറിയാ പുലയ മാതാവിന്റെ ജാതിവിരുദ്ധ പോരാട്ടം തുടങ്ങി നങ്ങേലി നടത്തിയ മുലയറുക്കല്‍ സമരം പോലുള്ള എത്രയോ സമരങ്ങള്‍ കേരള ചരിത്രത്തില്‍ രേഖപ്പെടുത്താതെപോവുകയോ കാര്യമായ പരിഗണന കിട്ടാതെ പോവുകയോ ചെയ്തു. വാസ്തവത്തില്‍ ഇവയൊക്കെയാണ് കേരളത്തിലെ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരങ്ങള്‍. അല്ലാതെ, 1918-ല്‍ സാമൂഹിക പരിഷ്‌കര്‍ത്താവായ സി.വി.കുഞ്ഞുരാമന്‍ ഈഴവര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ അതിനു മറുപടിയായി 'ക്ഷേത്രപ്രവേശനം കൊടുക്കണം; ഉടന്‍ കൊടുക്കണം; ഈഴവന്റെ മുതുകത്തുതന്നെ കൊടുക്കണം'എന്ന് 'സ്വരാജ്യ'ത്തില്‍ എഴുതിയ ഒ.എന്‍.കൃഷ്ണക്കുറപ്പിനെപ്പോലുള്ളവര്‍ നടത്തിയ 'സ്വരാജ്യത്തിനുവേണ്ടിയുള്ള' സമരങ്ങളല്ല.
     മുലച്ചിപ്പറമ്പ് വെറുമൊരു പറമ്പല്ല; അത് നങ്ങേലിയുടെ ചുടുരക്തം വീണ വിപ്ലവപ്പറമ്പാണ്. 'മുലക്കരം' പോലുള്ള നികുതികള്‍ പിരിച്ച് സാധാരണക്കാരന്റെ ചോരയൂറ്റിക്കുടിച്ചിരുന്ന ഭരണാധികാരികള്‍ക്കെതിരെ നടത്തിയ പ്രതിഷേധച്ചോര വീണ് കുതിര്‍ന്ന മണ്ണ്. സ്ത്രീത്വത്തിന്റെ മഹനീയ മാതൃക ചുടുരക്തമായി ചീറ്റിയൊഴുകി വീണു കുതിര്‍ന്ന മണ്ണ്. ചോര കലര്‍ന്ന ഈ മണ്ണില്‍ വീര സോദരി നങ്ങേലിയുടെ സ്മാരകം ഉയര്‍ന്നുവരേണ്ടതുണ്ട്. ആ സ്മാരകത്തില്‍ ഇവരുടെ ശില്പങ്ങളും ചിത്രങ്ങളും നങ്ങേലിചരിതങ്ങളും ഉണ്ടാകണം. നങ്ങേലിയുടെ മാറില്‍നിന്നു കുത്തിയൊഴുകിയ ആ ചോരയില്‍നിന്ന് കേരളീയ സാമൂഹിക വിപ്ലവത്തിന് ഊര്‍ജ്ജം വലിച്ചെടുക്കേണ്ടതുണ്ട്. അന്ന് നങ്ങേലി അവിടെ കത്തിച്ചുവെച്ച നിലവിളക്കിലെ പൊന്‍വെട്ടം തിരിച്ചുപിടിക്കേണ്ടതുണ്ട്. നങ്ങേലിയുടെ ഭൗതിക ശരീരമേ മരിച്ചിട്ടുള്ളൂ. നങ്ങേലിയുടെ വീരോജ്വലമായ സമരശരീരം മരിച്ചിട്ടില്ല. വീര സോദരി നങ്ങേലി അമര്‍ രഹെ!
      നങ്ങേലിയുടെ ചോരയുടെ അംശമുള്ള അറുപത്താറുകാരിയായ ലീലാമ്മ ഇപ്പോള്‍ മുലച്ചിപ്പറമ്പില്‍ ജീവിച്ചിരിക്കുന്നുണ്ട്. ചിത്രകാരന്‍ ടി. മുരളിയും സുഹൃത്തും സാമൂഹിക പ്രവര്‍ത്തകനുമായ എം.ആര്‍. സുദേഷും 2013 ഫെബ്രുവരി 10 ന് അവരെ വീട്ടിച്ചെന്ന് കണ്ടിരുന്നു. നങ്ങേലിയെക്കുറിച്ച് ചിത്രകാരന്‍ ടി. മുരളി വരച്ച രണ്ടു ചിത്രങ്ങള്‍ അവര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. നങ്ങേലിയുടെ ത്യാഗത്തെക്കുറിച്ചുള്ള മൂന്ന് ചിത്രങ്ങളാണ് ചിത്രകാരന്‍ വരച്ചിട്ടുള്ളത്. ഇതില്‍ നങ്ങേലി മുല അരിയുന്ന ചിത്രം കേരള ലളിതകലാ അക്കാദമിയുടെ 43-ാമത് സംസ്ഥാന ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. മുലക്കരം പിരിക്കാനെത്തിയ പ്രവൃര്‍ത്തിയാരുടെ മുമ്പില്‍ നിലവിളക്ക് കത്തിച്ചുവെച്ച് നാക്കിലയില്‍ മുലയറുത്തുവെച്ച് പിടഞ്ഞുവീണ് രക്തംവാര്‍ന്നു കിടക്കുന്ന നങ്ങേലിയുടെ ചിത്രമാണ് ചിത്രകാരന്‍ ടി. മുരളിയുടെ ആദ്യത്തെ നങ്ങേലിച്ചിത്രം.

Friday, March 27, 2015

മദ്യപാനം ഒരു മനോരോഗം

ചുട്ടെഴുത്ത് മാസിക, ലക്കം 6, മാര്‍ച്ച് 2015
  മദ്യപിക്കുക എന്നതിലല്ല കാര്യമായ കാര്യം. മദ്യപിച്ചിട്ടുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക എന്നതിലാണ് കാര്യമായ കാര്യം കിടക്കുന്നത്. കാരണം, മദ്യപിക്കുക എന്നത് ആളായി; ആണായി; തന്റേടിയായി; വിപ്‌ളവകാരിയായി എന്നൊക്കെയുള്ള തോന്നലില്‍ നിന്നുണ്ടാകുന്നതാണ്, ലഹരി കയറാത്ത ശുദ്ധ ഭാഷയില്‍ പറഞ്ഞാല്‍ കൗമാര-യൗവ്വന കാലത്തുണ്ടാകുന്ന ഒരുതരം അപകര്‍ഷതാ ബോധത്തില്‍ നിന്നാണ് മദ്യപിക്കാനുള്ള താല്പര്യം തുടങ്ങുന്നത്. വാസ്തവത്തില്‍ മദ്യപാനം ഒരു മനോരോഗമാണ്. കൗമാര-യൗവ്വന കാലത്താണല്ലോ നിലവിലുള്ള രീതികളെ ധിക്കരിക്കാനും എന്തുമേതും എടുത്തുചാടി ചെയ്യാനുമുള്ള പ്രവണതയുണ്ടാകാറുള്ളത്.
ഒരു കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒറ്റക്ക് ആരെയും അറിയിക്കാതെ വളരെ രഹസ്യമായി ആരും ആദ്യമായി മദ്യം കഴിച്ചിട്ടില്ല. തീര്‍ച്ചയായും ഒരു കൂട്ടുണ്ടാകും; കൂട്ടുകാരുടെ പ്രേരണയുണ്ടാകും; കുടിച്ച കാര്യം മറ്റൊരുത്തനെയെങ്കിലും അറിയിക്കുകയും ചെയ്യും. മറ്റൊരാളുടെ പ്രേരണയില്ലാതെ അല്ലെങ്കില്‍ മറ്റുള്ളവര്‍ കാണിക്കുന്നതു കാണുമ്പോഴുണ്ടാകുന്ന ആവേശംകൊണ്ടല്ലാതെ ഒരിക്കലും ഒരാള്‍ മദ്യപിക്കില്ല. മദ്യപാനം മാന്യന്മാര്‍ക്കു ചേര്‍ന്ന പരിപാടിയല്ലെങ്കിലും മദ്യപാനത്തിന് സമൂഹത്തില്‍ ഒരു മാന്യത നിലനില്‍ക്കുന്നുണ്ട്. പുരുഷന്റെ ലക്ഷണമായാണ് മദ്യപാനത്തെ കാണുന്നത്. സമൂഹത്തില്‍ അതിശക്തമായ പുരുഷാധിപത്യ ചിന്ത നിലനില്‍ക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ ഞാനൊരു പുരുഷനായി എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടിയാണ് മദ്യപാനം തുടങ്ങുന്നത്.
ആണത്തത്തിന്റെ ലക്ഷണമല്ല; ആര്‍ജ്ജവമില്ലായ്മയുടെ ലക്ഷണം
       കുറച്ചുപേര്‍ കൂടുമ്പോള്‍ 'എന്നാല്‍ നമുക്കൊന്ന് കൂടാമല്ലേ' എന്ന ചോദ്യത്തിന് എതിരു നില്‍ക്കുന്നവനെ പുരുഷനല്ലാത്തവനെന്നും പേടിത്തൊണ്ടനെന്നുമൊക്കെയാണ് മറ്റുള്ളവര്‍ വിശേഷിപ്പിക്കാറ്. ഇങ്ങനെ വിശേഷിപ്പിക്കുന്നവര്‍ മുമ്പ് 'പുരുഷത്വമില്ലാത്തവരും പേടിത്തൊണ്ടന്മാരും' ആയിരുന്നു. ഈ വിശേഷണം തനിക്ക് അപമാനകരമാണ് എന്നു തോന്നിയതുകൊണ്ട് അവര്‍ 'പുരുഷന്‍' ആകാന്‍ തീരുമാനിച്ചു. ഇങ്ങനെ 'തനിപുരുഷന്മാരായവര്‍' മറ്റുളളവരെയും 'പുരുഷന്മാ'രാക്കുന്നു! മറ്റുള്ളവര്‍ ഇതിനു വിധേയരാകുന്നു. വാസ്തവത്തില്‍ ഇതില്‍ ആണത്തവും ആര്‍ജ്ജവവുമൊന്നുമില്ല. മനസ്സുറപ്പില്ലായ്മയുടെയും അടിമ മനസ്സിന്റെയും വിധേയ മനസ്സിന്റെയും കീഴടങ്ങലിന്റെയും ലക്ഷണമാണിത്. തെറ്റായൊരു കാര്യത്തിന് നാലാള്‍ വിളിക്കുമ്പോള്‍ അവരോടൊപ്പം കൂടുന്നവരുടെ മനസ്സ് ഉറച്ച മനസ്സല്ല. നൂറില്‍ തൊണ്ണൂറ്റൊമ്പതു പേരും തെറ്റായൊരു കാര്യം ശരി എന്നു പറയുമ്പോള്‍ അത് തെറ്റാണെന്നു വിളിച്ചു പറയുന്നതാണ്, ആള്‍ക്കൂട്ട മനസ്സിനെ അംഗീകരിക്കാതിരിക്കലാണ്, അതിനു വിധേയനാകാതിരിക്കലാണ് ഉശിരുള്ള ആണിന്റെ ലക്ഷണം. (വിഷയം ആണുങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടു മാത്രമാണ് ഇങ്ങനെ പറഞ്ഞത്). അല്ലാതെ അവരോടൊപ്പം കൂടി കള്ളുമോന്തുന്നതല്ല ആണത്തം.
കുടിയന്മാര്‍ സ്വാര്‍ത്ഥന്മാര്‍
      തന്‍കാര്യത്തെക്കുറിച്ച് മാത്രമേ കള്ളുകുടിയന്മാര്‍ പൊതുവെ ചിന്തിക്കാറുള്ളൂ. അവര്‍ അമ്മയ്ക്കു മരുന്നിനുള്ള കാശെടുത്തു മാത്രമല്ല അമ്മയുടെ മൃതശരീരത്തിലിടാനുള്ള പട്ടു വാങ്ങാനുള്ള പണം കൊണ്ടും പട്ടയടിക്കും. ഭാര്യയുടെ താലി വിറ്റും കുപ്പി വാങ്ങും. കുടി ശീലമായിക്കഴിഞ്ഞാല്‍ പെഗ്ഗിനുവേണ്ടി ഏതറ്റംവരെ പോകാനും എവിടെയും കയ്യിടാനും അവര്‍ തയ്യാറാകും. ഇതിന് പദവിയോ ബന്ധങ്ങളോ ഒന്നും ഇക്കൂട്ടര്‍ക്ക് തടസ്സമല്ല. വീട്ടിലുള്ളവര്‍ കഞ്ഞി കുടിച്ചോ എന്നൊന്നും അവര്‍ക്ക് അറിയേണ്ടതില്ല. വീട്ടുകാര്‍ കഞ്ഞി കുടിച്ചില്ലെങ്കിലും കൂട്ടുകാര്‍ക്കൊപ്പമിരുന്ന് കുപ്പി പൊട്ടിക്കണം. കുട്ടികള്‍ക്ക് ബുക്ക് വാങ്ങിക്കൊടുത്തില്ലെങ്കിലും കൂട്ടുകാര്‍ക്ക് ബീഫ് വാങ്ങിക്കൊടുക്കും. (കൂട്ടുകാര്‍ക്ക് ബീഫ് ചില്ലി വാങ്ങിക്കൊടുക്കുന്നത് നാളെ ഇങ്ങോട്ട് ചിക്കന്‍ ചില്ലി കിട്ടുമെന്ന പ്രതീക്ഷയിലാണെന്നത് വേറെ കാര്യം!) കള്ളുകുടിയന്മാര്‍ സ്വാര്‍ത്ഥന്മാരാണ് എന്നു പറയുന്നതിന് മറ്റൊരു കാരണംകൂടിയുണ്ട്. സുഖം വരുത്താനാണല്ലോ മദ്യം കഴിക്കുന്നത്. ഈ സുഖം വീട്ടിലെ ഒരാള്‍ക്കു മാത്രം കിട്ടിയാല്‍ മതിയോ? വീട്ടില്‍ കുടിയന്റെ അമ്മയും ഭാര്യയും പെങ്ങളും മകളുമൊക്കെയുണ്ടാവില്ലേ? എന്താ, ഇവര്‍ക്കൊന്നും സുഖിക്കേണ്ടേ? ബ്രാണ്ടികൊണ്ട് വലിയ സുഖം കിട്ടുമെങ്കില്‍ ആ സുഖം ഇവര്‍ക്കുകൂടി നല്‍കേണ്ടതല്ലേ? കുപ്പി വീട്ടില്‍ കൊണ്ടുവന്ന് അമ്മയ്ക്കും (അമ്മയില്‍ ഉമ്മയും അമ്മച്ചിയും ഉള്‍പ്പെടും) ഭാര്യക്കും പെങ്ങള്‍ക്കും മകള്‍ക്കും ഒപ്പമിരുന്നല്ലേ മദ്യം കഴിക്കേണ്ടത്? എന്നിട്ട് അമ്മയെയും ഭാര്യയെയും പെങ്ങളെയും മകളെയും കൂട്ടി ആനന്ദനൃത്തമാടുകയും വേണം.
         പട്ടിണിയും പരിവട്ടവുമൊക്കെ ഒരു പരിധിവരെയെങ്കിലും നമ്മുടെ നാട്ടില്‍ നിന്നു ഇല്ലാതായിട്ടുണ്ട്. എങ്കിലും പട്ടിണി കിടക്കുന്നവരും തലചായ്ക്കാന്‍ ഇടമില്ലാതെ നരകിക്കുന്നവരുമൊക്കെ നമ്മുടെ നാട്ടില്‍ ഇപ്പോഴും ധാരാളമുണ്ട്. ഇക്കൂട്ടരെ ഒരു കൈ സഹായിക്കാന്‍ തയ്യാറാകാതെ മദ്യവും കോഴിയും കഴിക്കുന്നവരും പിന്നെ മദിരാക്ഷിയെ അഴിപ്പിക്കുന്നവരുമെങ്ങനെ പാവങ്ങള്‍ക്കു വേണ്ടി പടപൊരുതുന്നവരാകും? സ്വന്തം ശരീരിക/മാനസിക സുഖത്തിനുവേണ്ടി വലിയ സംഖ്യ ചെലവഴിച്ച് മദ്യപിക്കുന്നവര്‍ക്ക് അവര്‍ ആരായാലും എഴുത്തുകാരനായാലും ആര്‍ട്ട് സിനിമ പിടിക്കുന്ന താടിയുള്ളതും താടിയില്ലാത്തതുമായ ബുദ്ധിജീവിയായാലും 'യ്യോയ്യോ' ന്യൂജനറേഷന്‍ പയ്യന്മാരായിരുന്നാലും വിപ്‌ളവത്തിന്റെ സൂപ്പര്‍ കൊടുമുടിയില്‍ കയറി നില്‍ക്കുന്ന നക്‌സലേറ്റായാലും പരിസ്ഥിതി പറയുന്നവരായാലും സമൂഹത്തിലെ പാവപ്പെട്ടവരെക്കുറിച്ച് പറയാന്‍ ഇക്കുട്ടര്‍ക്കൊന്നും യാതൊരു അര്‍ഹതയുമില്ലതന്നെ. ഇക്കൂട്ടര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ മഹദ്‌വല്‍ക്കരിക്കാന്‍ ആളുകളുള്ളതുകൊണ്ടാണ് ഇക്കൂട്ടര്‍ ആളാകുന്നത്.
കോപ്രായങ്ങള്‍ ശ്രദ്ധതിരിക്കാന്‍ വേണ്ടി
      മദ്യപാനികള്‍ പല കോപ്രായങ്ങളും കാണിക്കാറുണ്ട്. ഇത് കള്ളിന്റെ ലഹരിയില്‍ ചെയ്യുന്നതാണെന്നാണ് പൊതുവെയുള്ള ധാരണ. ലഹരി സംഭവങ്ങള്‍ വളരെക്കുറച്ചേ ഉണ്ടാകൂ. ഭൂരിഭാഗംപേരും താന്‍ കുടിച്ചത് മറ്റുള്ളവരെ അറിയിക്കാനാണ് കോപ്രായങ്ങള്‍ കാണിക്കാറ്. ഒരു തുള്ളി നാവിലുറ്റിക്കുന്നതിന് മുമ്പ് തന്നെ, മദ്യക്കുപ്പി കാണുമ്പോഴേക്കും ചിലര്‍ക്ക് മദമിളകാറുണ്ട്. വെള്ളമടിച്ചാല്‍ ഇങ്ങനെയൊക്കെയാകണമെന്ന മനസ്സിലുള്ള ഉള്‍ബോധമാണ് അവരെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്. നാട്ടില്‍നിന്നു ഒരിക്കലം കുടിക്കാത്തവര്‍പോലും ഗള്‍ഫില്‍ ചെന്ന് കുടി പഠിക്കാറുണ്ട്. പക്ഷേ, ഇവിടെ കാട്ടുന്ന കോപ്രായങ്ങളൊന്നും അവര്‍ അറബിനാട്ടില്‍ കാണിക്കില്ല. മുറിയില്‍ ചെന്ന് ചുരുണ്ടുകൂടി കൈകള്‍ കാലിനിടയില്‍ തിരുകി കിടക്കും. അവിടെ കോപ്രായം കാണിച്ചാല്‍ വിവരമറിയും.
        ഞാന്‍ നേരിട്ട് കണ്ടൊരു സംഭവം വിവരിക്കട്ടെ. ഒരു ചെറുപ്പക്കാരന്‍ കൂട്ടുകാരോടൊപ്പം ബാറില്‍പ്പോയി മിനുങ്ങി മലപ്പുറം ടൗണില്‍ വന്നു. താന്‍ കുടിച്ചിട്ടുണ്ടെന്ന് മറ്റുള്ളവരെ അറിയിക്കേേണ്ട. അവന്‍ ആടാനും കുഴയാനും പാടാനുമൊക്കെ തുടങ്ങി. അവനെ അറിയുന്ന ഒരാള്‍ അതു കാണുന്നുണ്ടായിരുന്നു. അയാള്‍ കൊടുത്ത അവന്റെ കരണക്കുറ്റിക്കിട്ട് രണ്ടെണ്ണം. അതുവരെ ആടിക്കുഴഞ്ഞുകൊണ്ടിരുന്ന അവന്റെ ശരീരം ഉപ്പില്‍ ചത്ത പല്ലിയെപ്പോലെ വെറുങ്ങലിച്ചുപോയി. അവന്റെ ഉടല്‍ നിലത്തു കുത്തുനിര്‍ത്തിയ വടിപോലെ സ്റ്റഡിയിലായി.
         എന്റെ അമ്മ പറഞ്ഞ ഒരു സംഭവ കഥയിങ്ങനെ. ഞാന്‍ ജനിക്കുന്നതിനുമുമ്പേ കഥയിലെ നായികയും നായകനും മരണപ്പെട്ടിരുന്നു. നായകന്‍ എന്നും കള്ളുകുടിച്ചു വന്ന് ഭാര്യയെ തെറി പറയുകയും മര്‍ദ്ദിക്കുകയുമൊക്കെ ചെയ്യും. നായികയുടെ മുടി ചുറ്റിപ്പിടിച്ചു വലിക്കുന്നത് ഒരു സ്ഥിരം കലാപരിപാടിയാണ്. അവര്‍ വേദനകൊണ്ട് കരയും. ഈ വേദന നായകനില്‍ സന്തോഷമുണ്ടാക്കും. ഒരു തിരുവോണ ദിവസം. മാവേലി സുര (മദ്യം) കഴിക്കാത്ത അസുരനാണെങ്കിലും നായകനന്ന് പതിവിലേറെ സുര കുടിച്ചിരുന്നു. അതുകൊണ്ടുതന്നെ മുടിപിടുത്തത്തിന് അന്നു ശക്തി കൂടി. നായിക കരഞ്ഞില്ല. ആ ഓണനാളില്‍ അവര്‍ നായകന്റെ കോണക വാലില്‍ പിടിക്കുകയും അതിശക്തിയോടെ വലിക്കുകയും ചെയ്തു. ഇന്നത്തെപ്പോലെ, 'കുമ്പിട്ടാല്‍ ഇടുക്കി മുതല്‍ മൂലമറ്റം വരെയുള്ള ഭാഗങ്ങള്‍ കാണുന്ന പാന്റ്‌സും' നീട്ടിയുടുക്കുന്ന മുണ്ടുമൊന്നുമല്ലായിരുന്നു അന്നത്തെ വേഷം. കോണകവും തോര്‍ത്തും മാത്രം. നല്ല തറവാടിയാണെങ്കില്‍ കോണകവാലിനു നീളം കൂടും. തറവാടിയായ നായകന്റെ കോണകവാല്‍ ആവുന്നത്ര ശക്തിയില്‍ നായിക വലിച്ചു. നായകന്റെ ലഹരി അമിത വേഗത്തില്‍ താഴോട്ട് കുതിക്കാന്‍ തുടങ്ങി. നായകന്‍ നായികയോടായി കെഞ്ചിപ്പറഞ്ഞു- 'എന്റെ കോണകം വിടിന്‍'. നായകന് നായികയുടെ മറുപടി-'ആദ്യം എന്റെ മുടി വിടിന്‍'. 'കോണകം വിടിന്‍; മുടി വിടിന്‍', 'കോണകം വിടിന്‍; മുടി വിടിന്‍' എന്ന മുദ്രാവാക്യം അധികം തവണ ആവര്‍ത്തിക്കേണ്ടി വന്നില്ല. നായകന്‍ നായികയുടെ കാര്‍ക്കൂന്തലില്‍ നിന്നു കയ്യെടുത്തു. അതോടെ തറവാടിയായ നായകന്റെ കോണകത്തിനും സ്വാതന്ത്ര്യം കിട്ടി. പിന്നെ നായകന്‍ നായികയുടെ കാര്‍ക്കൂന്തല്‍ പിടിച്ചിട്ടില്ലെന്നാണ് അമ്മ പറഞ്ഞത്. ഇതില്‍നിന്നും പഠിക്കേണ്ട പാഠം-പെണ്ണുങ്ങള്‍ക്ക് ഉശിരുണ്ടായാല്‍ ഏതു കോണകക്കുന്തന്മാരായ തറവാടികളും വഴിക്കും വരും എന്നതാണ്.
കോപ്രായങ്ങളും ദ്രോഹങ്ങളും അതിരു കടന്നാല്‍!
       ക്ഷമയുടെ നെല്ലിപ്പലക കണ്ട ചില സ്ത്രീകള്‍ ഇത്തരക്കാരെ സ്വന്തം കൈകളാല്‍ നരകത്തിലേക്ക് പറഞ്ഞയക്കുന്ന സംഭവങ്ങളും ധാരാളം നടക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ കുറെ വര്‍ഷങ്ങള്‍ക്കുമുമ്പൊരു സംഭവമുണ്ടായി. കള്ളുകുടിയനായ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാവുന്നതിലപ്പുറം ഒരു സ്ത്രീ സഹിച്ചു. ഉപദ്രവം സഹിക്കവയ്യാതെ കരഞ്ഞ ആ ഉമ്മയെ നോക്കി ഒരു ദിവസം അടുക്കളയിലെ ചിരവ ചിരിച്ചു. അവര്‍ ചിരവയെടുത്ത് കൊടുത്തു അടി, കെട്ടേ്യാന്റെ തലച്ചോര്‍ പൊതിഞ്ഞ വച്ച കുടക്കയ്ക്ക് മതിവരുവോളം. ആള് അപ്പോള്‍ത്തന്നെ മയ്യത്തായി! ഇത് ഭാര്യ ഭര്‍ത്താവിനെ കൈകാര്യം ചെയ്ത കാര്യം. പെറ്റുവളര്‍ത്തിയ മകനെയാണ് ഒരമ്മ തലക്കടിച്ച് കൊന്ന സംഭവവും ജില്ലയിലുണ്ടായിലുണ്ടായിട്ടുണ്ട്. മദ്യപാനിയും ഉപദ്രവകാരിയുമായ മകന്‍ കാരണം താന്‍ മാത്രമല്ല മകന്റെ ഭാര്യയും അവരുടെ പിഞ്ചുകുട്ടികളും പെരുവഴിയിലാവുകയോ വധിക്കപ്പെടുകയോ ചെയ്യുമെന്നു മനസ്സിലാക്കിയ ആ അമ്മ ഉറങ്ങിക്കിടന്ന മകനെ വണ്ടിയുടെ ലിവര്‍കൊണ്ട് തലക്കടിച്ചു കൊന്നു. മകനെ കൊല്ലാന്‍ തീരുമാനിച്ച കാര്യം ആരോടെങ്കിലും പറഞ്ഞിരുന്നോ എന്ന് ആരോ ചോദിച്ചപ്പോള്‍ ആ അമ്മ പറഞ്ഞ മറുപടി, '.......ട്ടനോട് പറഞ്ഞിരുന്നു' എന്നായിരുന്നുവത്രെ! മരിച്ച ഭര്‍ത്താവിന്റെ ഫോട്ടോയുടെ മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞ് പ്രാര്‍ത്ഥിച്ച് അവര്‍ മകനെ കൊല്ലാനുള്ള 'അനുമതി' ഭര്‍ത്താവില്‍നിന്നു വാങ്ങിയിരുന്നത്രെ!!
ആണത്തമെന്ന പോഴത്തം
      ഇതൊക്കെ ആണുങ്ങള്‍ക്ക് പറഞ്ഞ പരിപാടിയാണെന്നാണ് പറയാറ്. ഈ ബോധം തന്നെയാണ് തകരാറും. ആണാവണമെങ്കില്‍ വെള്ളമടിക്കണമെന്ന ബോധം അപകര്‍ഷതാ ബോധത്തില്‍ നിന്നുണ്ടായതാണെന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇല്ല, നല്ല മനക്കരുത്തുള്ളൊരു വ്യക്തിക്ക് (ആണായാലും പെണ്ണായാലും) മദ്യപാനം സ്വഭാവമാക്കാന്‍ സാധിക്കുകയില്ല. ആണത്തമെന്ന വട്ടത്തിനുള്ളില്‍ നിന്നുകൊണ്ടു പറയുകയാണെങ്കില്‍, ആണുങ്ങള്‍ പ്രതികരിക്കേണ്ട എന്തെല്ലാം അരുതായ്മകള്‍ ഇവിടെ നടക്കുന്നുന്നു. (ഇതിനര്‍ത്ഥം പണ്ടിതൊന്നും ഇല്ല എന്നല്ല. ഉണ്ടായിരുന്നു എന്നു മാത്രമല്ല കൂടുതലുമായിരുന്നു). പണം കൊണ്ടും ശരീരം കൊണ്ടും സഹായിക്കേണ്ട എന്തെല്ലാം കാര്യങ്ങളുണ്ട്. സമൂഹത്തെ വെല്ലുവിളിച്ചു ചെയ്യേണ്ട എന്തെല്ലാം കാര്യങ്ങളുണ്ട്. അതൊന്നും കള്ളുകുടിയന്മാരായ 'ആണുങ്ങള്‍' ചെയ്തു കാണാറില്ല. കള്ളുകുടിയന്മാര്‍ക്ക് മതവും ജാതിയുമൊന്നും ഇല്ലെന്നു പറയാറുണ്ട്. കല്ലു വയ്ക്കാത്ത ശുദ്ധ നുണയാണിത്. കുടിക്കുമ്പോഴും മദിക്കുമ്പോഴും ഇതൊന്നും നോക്കില്ല എന്നതു ശരി തന്നെ. പക്ഷേ, കാര്യത്തോടടുക്കുമ്പോള്‍ കുടിയന്‍ മതവും ജാതിയും മാത്രമല്ല ജാതകവും ജാത്യാചാരങ്ങളും മതാചാരങ്ങളുമൊക്കെ വളരെ കണിശമായി നോക്കും. സ്ത്രീധനം എത്ര കൂടുതല്‍ കിട്ടും എന്നും നോക്കും. കാരണം അതും കുടിക്കാനുപയോഗിക്കാമല്ലോ.
'പെണ്‍കുടിയന്മാര്‍'
        'പെണ്‍കുടിയന്മാര്‍' എന്ന പ്രയോഗത്തില്‍ തന്നെ ഒരു സത്യം ഒളിഞ്ഞു കിടക്കുന്നുണ്ട്. 'ഞാന്‍ വെറുമൊരു നാടന്‍ പെണ്ണല്ല; എനിക്കും ഉശിരും തന്റേടവുമൊക്കെയുണ്ട് ' എന്ന അപകര്‍ഷതാ ബോധം സ്ത്രീകള്‍ക്കുണ്ടാകുമ്പോഴാണ് ഒരു 'പെണ്‍കുടിയന്‍' എന്ന പെണ്‍കുടിയത്തി ജനിക്കുന്നത്. നിലവിലുള്ള രീതിയെ ലംഘിക്കുക എന്നതിലപ്പുറമൊരു വിപ്‌ളവവും ഇതിലില്ല. വിപ്‌ളവം നടത്തേണ്ടതായ കാര്യങ്ങള്‍ എന്തെല്ലാം വേറെയുണ്ട് നാട്ടില്‍! കുടിയന്‍ അല്ലെങ്കില്‍ കുടിയത്തി എന്നതുകൊണ്ടുദ്ദേശിക്കുന്നത് വല്ലപ്പോഴുമൊരിക്കല്‍ മദ്യം കഴിക്കുന്നവരെയല്ല. മദ്യം ഒരു അന്തസ്സിന്റെയും ആണത്തത്തിന്റെയും ആര്‍ജ്ജവത്തിന്റെയും അടയാളമായിക്കണ്ട് മദ്യപാനം ശീലമാക്കിയവരെയാണ്.
കുടിക്കാത്തവരെല്ലാം മാന്യന്മാരല്ല
          ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് മദ്യപാനികള്‍ മുഴുവന്‍ മോശക്കാരും മദ്യം കഴിക്കാത്തവരെല്ലാം മാന്യന്മാരുമാണെന്നും അര്‍ത്ഥമില്ല. മദ്യപാനികളിലുള്ളതിലേറെ നല്ലയാളുകള്‍ മദ്യപാനികളല്ലാത്തവരിലാണ് എന്ന സത്യം നിലനില്‍ക്കുമ്പോള്‍ തന്നെ മദ്യപാനികളല്ലാത്ത പലരെക്കാളും വളരെ നല്ലയാളുകള്‍ മദ്യപാനികളുടെ കൂട്ടത്തിലുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നുള്ള മനസ്സിന്റെ തോന്നലില്‍ നിന്നല്ലെങ്കിലും സാഹചര്യവശാല്‍ ഉണ്ടാകുന്ന ചില സന്ദര്‍ഭങ്ങളിലെങ്കിലും, 'മദ്യവിരോധികള്‍'വെറും നോക്കുകുത്തികളായി നില്‍ക്കുമ്പോള്‍ മദ്യപാനികള്‍ മനുഷ്യത്വം കാണിക്കുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ടാകാറുണ്ട്. മദ്യമാണ് സമൂഹത്തിലെ ഏറ്റവും വലിയ തിന്മ എന്ന അഭിപ്രായവുമില്ല. കള്ളക്കടത്തും കരിഞ്ചന്തയും കള്ളനോട്ടടിയും കൈക്കൂലി വാങ്ങലും നിക്ഷേപത്തട്ടിപ്പുകളും മൂലത്തില്‍ തിരുകി സ്വര്‍ണ്ണം കടത്തലും അഴിമതിയുമൊക്കെ ചെയ്യുന്നവരെക്കാള്‍ മാന്യന്മാര്‍ തന്നെയാണ് ഇതൊന്നും ചെയ്യാത്ത കള്ളുകുടിയന്മാര്‍.
മദ്യം നിരോധിക്കരുത്
         യൂറോപ്യന്‍ രാജ്യങ്ങളിലൊന്നും മദ്യത്തിന് വിലക്കുകളില്ല. ആയതിനാല്‍ കള്ളുകുടിക്കുന്നത് മോശമായൊരു കാര്യമാണെന്ന സദാചാരബോധം അവര്‍ക്കില്ല. ഇതുകൊണ്ടുതന്നെ കള്ളുകുടിക്കുന്നത് മാന്യതയുടെ ലക്ഷണമായും അവര്‍ കണക്കാക്കുന്നില്ല. ചായ കുടിക്കുന്ന ലാഘവത്തോടെ അവര്‍ മദ്യവും കഴിക്കുന്നു. വീട്ടില്‍ എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുന്നു. താന്‍ മിനുങ്ങിയിട്ടുണ്ടെന്ന് ആരും ആരെയും ബോധ്യപ്പെടുത്തുന്നില്ല. അവര്‍ കുടംകണക്കിന് കള്ള് മോന്താറില്ല. നമ്മുടെ നാട്ടിലെ കാര്യങ്ങള്‍ നേരെമറിച്ചായതുകൊണ്ടാണ് ഇവിടുത്തെ കള്ളുകുടിയന്മാര്‍ കള്ളുകുളി നടത്തുന്നത്.
      മദ്യത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട് നമ്മുടെ നാട്ടില്‍. ഇവയൊന്നും കാര്യത്തിന്റെ മര്‍മ്മത്തില്‍ തൊട്ടുള്ളവയല്ല. മദ്യം കഴിക്കുന്നത് പാപമാണ്; മദ്യം ക്യാന്‍സറുണ്ടാക്കും തുടങ്ങിയ വ്യാജ ആരോപണങ്ങളാണ് മദ്യത്തിനെതിരെ മദ്യ വിരോധികള്‍ ഉയര്‍ത്താറ്. മദ്യം കഴിക്കുന്നത് പാപമൊന്നുമല്ല. മദ്യം പല രോഗങ്ങളും ഉണ്ടാക്കുമെങ്കിലും മദ്യം കഴിക്കാതിരുന്നാലും ക്യാന്‍സറടക്കമുള്ള രോഗങ്ങളുണ്ടാകും. അമിതമായി വെള്ളമടിക്കുന്നവരില്‍ ലിവര്‍ സിറോസിസ് ഉണ്ടാകാന്‍ സാധ്യത ഏറെയുണ്ട്. ഇതു പക്ഷേ, മറ്റു കാരണങ്ങള്‍ കൊണ്ടും ഉണ്ടാകും. എന്റെ ആത്മ സുഹൃത്തും ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത വ്യക്തിയുമായ ഒരാള്‍ മരിച്ചത് ലിവര്‍ സിറോസിസ് രോഗം ബാധിച്ചാണ്. സ്ത്രീകള്‍ പൊതുവെ കള്ളുകുടിക്കാറില്ലല്ലോ. അവര്‍ക്കും വരുന്നില്ലേ ക്യാന്‍സര്‍?
'മദ്യപാന അസുഖം' ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ നേരത്തെ വിവരിച്ചുവല്ലോ. ഇത്തരം 'കാരണങ്ങള്‍'ക്കാണ് 'ചികിത്സ'നല്‍കേണ്ടത്. മദ്യം കഴിക്കുന്നത് തെറ്റാണെന്ന കേവല മതബോധം കൊണ്ട് യാതൊരു കാര്യമില്ല. ഇത്തരം വിശ്വാസങ്ങള്‍ പെട്ടെന്ന് പൊട്ടിത്തകരും. ഒരു ദിവസം, ബാര്‍ അറ്റാച്ച്ഡ് ഹോട്ടലിലെ റിസപ്ഷന്‍ കൗണ്ടറില്‍ നിന്നു രജിസ്റ്റര്‍ നോക്കി സര്‍ക്കാര്‍ ജോലിയുടെ ഭാഗമായി ടൂറിസം സ്റ്റാറ്റിസ്റ്റിക്‌സ് ശേഖരിക്കുകയായിരുന്നു ഞാന്‍. തട്ടിന്‍പുറത്തുനിന്നു കുറച്ചു പയ്യന്മാര്‍ ഇറങ്ങി വന്നു. എന്നെക്കണ്ട അവരിലൊരാള്‍ പറഞ്ഞു: ''ശങ്കരേട്ടാ ങ്ങളും ബ്‌ടെ!''. മറുപടിയൊന്നും പറയാതെ ഞാനൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. ആ ചെറുപ്പക്കാരെല്ലാം മദ്യവിശ്വാസികള്‍ മാത്രമല്ല മതവിശ്വാസികളുമായിരുന്നു. അവരിലൊരു ചമ്മല്‍ പോലും കണ്ടില്ല. അതുണ്ടായില്ലെന്നു മാത്രമല്ല അവരുടെ മുഖത്ത് ചന്ദ്രിക വിരിയുകയാണുണ്ടായത്. രണ്ടുതരം സന്തോഷം ആ പുളിച്ചികള്‍ക്കുണ്ടായിക്കാണും. ഒന്ന്, തങ്ങള്‍ വെള്ളത്തില്‍ കിടക്കുന്ന വെറും പോത്തുകളല്ലെന്നും വെള്ളമടിക്കുന്ന പുരോഗമനക്കാരാണെന്നും ഒരാളെ ബോധ്യപ്പെടുത്താന്‍ സാധിച്ചപ്പോഴുണ്ടായ സന്തോഷം. രണ്ട്, മദ്യവിരുദ്ധനായി അറിയപ്പെടുന്ന ആള്‍ വെള്ളമടിക്കുമെന്നും 'കുടിക്കമ്പനിയിലേക്ക് ഒരാളെക്കൂടി കിട്ടി'യെന്നും 'ബോധ്യം' വന്നപ്പോഴുണ്ടായ സന്തോഷം. മതം വിലക്കിയതുകൊണ്ട് മാത്രം മദ്യം പാടില്ലെന്ന് അവര്‍ കാണാപ്പാഠം പഠിച്ചു. അനുകൂല സാഹചര്യം വന്നപ്പോള്‍ ആ പാഠം അവര്‍ മറന്നു. നേരെമറിച്ച്, മദ്യപാനം ചണ്ടിത്തരമാണെന്ന തിരിച്ചറിവള്ളവര്‍ ഒരിക്കലും മദ്യത്തിന് അടിമപ്പെടുകയില്ല.
വെള്ളമടിക്കുന്നവന്റെ തോളില്‍ ഏതു വഷളനും കയ്യിടും
           എഴുത്തുകാരനായ സുഭാഷ് ചന്ദ്രന് അദ്ദേഹത്തിന്റെ അദ്ധ്യാപകന്‍ നല്‍കിയ ഉപദേശം നോക്കുക: ''മദ്യം മൂന്നു തരത്തിലാണ് മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നാമന്നേത് അതു നമ്മുടെ ആരോഗ്യം നശിപ്പിക്കും എന്നതു തന്നെ. പക്ഷേ, അതു കാര്യമാക്കാനില്ല. കാരണം എത്ര ശ്രദ്ധിച്ചാലും നമ്മുടെ ആയുസ്സിന്റെ കാര്യത്തില്‍ നമുക്കൊന്നും ചെയ്യാനില്ല എന്നതുതന്നെ. രണ്ടാമത്തെ കാര്യം തനിക്ക് അറിവുള്ളതായിരിക്കും. അത് മദ്യം നമ്മുടെ സമ്പത്ത് ചോര്‍ത്തും എന്നതാണ്. വാസ്തവത്തില്‍ അതും അത്ര കാര്യമാക്കേണ്ടതില്ല. പണം ഇന്നു വരും നാെളപ്പോകും എന്നാണല്ലോ പറയുന്നത്. പക്ഷേ, മൂന്നാമത്തെ കാര്യം വളരെ പ്രധാനപ്പെട്ട ഒന്നായി തന്നെപ്പോലുള്ള ചെറുപ്പക്കാര്‍ മനസ്സില്‍ വയ്ക്കുന്നത് നന്നായിരിക്കും. അതിതാണ്-മദ്യപിച്ചിരിക്കുമ്പോള്‍ ഏത് ഊച്ചാളിയും വന്ന് നമ്മളോട് തോളില്‍ കയ്യിട്ട് സമന്മാരെപ്പോലെ പെരുമാറും. നോക്കിക്കോളൂ, താങ്കള്‍ മദ്യപാനം തുടര്‍ന്നാല്‍ ഒരുകാലത്ത് ഞാനീ പറയുന്നത് എന്താണെന്ന് ശരിക്കും മനസ്സിലാകും. ആത്മാദരമുള്ള ഒരാള്‍ക്ക് മരണതുല്യമായിരിക്കും ആ അനുഭവം!''
         മദ്യനിരോധനം ഒരിക്കലും പാടില്ലാത്ത കാര്യമാണ്. പരോക്ഷമായി മദ്യത്തിന് മാന്യത കല്പിക്കുന്ന പരിപാടിയാണിത്. മദ്യത്തിനെതിരെയുള്ള പ്രചാരണങ്ങളെല്ലാം നിര്‍ത്തി വയ്ക്കണം. മദ്യത്തിനെതിരായി മദ്യക്കുപ്പിയിലെഴുതുന്ന പരിപാടിയും ഒഴിവാക്കണം. മദ്യത്തിന്റെ കാര്യത്തില്‍ ഒരു നെവര്‍മൈന്റ് സമീപനമാണ് വേണ്ടത്; മദ്യപാനികളോട് മറ്റുള്ളവര്‍ക്കും വേണം ഒരു നെവര്‍മൈന്റ് മനസ്സ്. മദ്യപാനം ആണത്തിന്റെയും ആര്‍ജ്ജവത്തിന്റെയും ലക്ഷണമല്ല, മറിച്ച്, അല്പത്തരത്തിന്റെയും ആളാവലിന്റെയും ലക്ഷണമാണന്ന ബോധവല്‍ക്കരണമാണ് നടത്തേണ്ടത്. മദ്യപാനത്തിന് മാന്യതയും സ്വീകാര്യതയും വന്നതില്‍ സിനിമകള്‍ക്ക് കാര്യമായൊരു പങ്കുണ്ട്. ഹാസ്യത്തിനുവേണ്ടി മാത്രം മദ്യപാന വളിപ്പു രംഗങ്ങള്‍ കാണിക്കുന്നതും, മിക്ക ചെറുപ്പക്കാരും പാന്റ്‌സ് വസ്ത്രമാക്കിയ ഇക്കാലത്ത് സിനിമകളിലും മറ്റുമുള്ള കള്ളുകുടിയന്മാര്‍ മാത്രം മുണ്ടും വള്ളിട്രൗസറും ധരിച്ച് വളിപ്പ് കാണിക്കുന്നതും സെന്‍ഷര്‍ ബോര്‍ഡ് നിരോധിക്കണം. മദ്യപാനികളുണ്ടാക്കുന്ന സാമൂഹിക തിന്മകളെയും അവര്‍ കാണിക്കുന്ന അഭിനയങ്ങളും കോപ്രായങ്ങളും തുറന്നു കാണിക്കുന്നതും സാമൂഹിക ദ്രോഹികളായ മദ്യപാനികളെ കൈകാര്യം ചെയ്യുന്നതും ശല്യക്കാരായ മദ്യപാനികളുടെ കരണക്കുറ്റിക്ക് പൂശുന്നതുമായ രംഗങ്ങളാണ് സിനികളില്‍ വരേണ്ടത്. ഇത്തരമൊരവസ്ഥ വന്നാല്‍ കള്ളുകുടിയന്മാരായ പുളിച്ചിപ്പാമ്പുകളുടെ പുളയലും ഇല്ലാവിഷം ചീറ്റലും താനേ നില്‍ക്കും. മദ്യത്തെക്കുറിച്ചു പറഞ്ഞ ഈ കാര്യങ്ങള്‍ എല്ലാ രഹരിവസ്തുക്കളുടെ കാര്യത്തിലും ശരിതന്നെ.

Friday, March 20, 2015

അവസ്ഥകള്‍

ഉണ്മ മാസിക, മാര്‍ച്ച് 2015
    ''അമ്മുണേ്യട്‌ത്ത്യേ.    ന്തായി   മ്മളെ  അജീന്റെ   കാര്യം?  സ്ഥിരം  പോണോട്ത്ത്ന്ന്   കച്ചറ  കാണിച്ച്  കുത്തി  മറിഞ്ഞ് വീണ്  ഒടിഞ്ഞ് കേടായ ഓന്റെ   കയ്യ്   ശരിക്കും   ശര്യായോ?  ഓന്‍പ്പൊ  പഴേ അവസ്ഥേലെത്ത്യോ?''
     ''  വീട്ടിലെ        അവസ്ഥകള്       നെനക്ക്      നല്ലോണം അറിയാലോ?     ന്നാലും    അജീന്റെ    അവസ്ഥകളില്   നല്ല  പുരോഗതിണ്ടെടീ    ന്റെ    കുഞ്ഞിമാളേ !    അണക്കൊന്നല്ലേ കേക്കേണ്ടത്?  അച്ഛന്റെ മോനല്ലെടീ ഓന്‍? പോയ അച്ഛന്റെ അവസ്ഥകള്  ഓനല്ലെടീ  കാത്ത് രക്ഷിക്കേണ്ടത്? കൊര്‍ച്ചീസം കയ്ഞ്ഞാ   ന്റെ   കുട്ടി   ആ  പഴേ അവസ്ഥേലെത്തിക്കോളും ട്ടൊ.  ന്റെടീ.....ഇപ്പൊ  ഒടിഞ്ഞ  ആ  കയ്യോണ്ട് കൊറച്ച് എടങ്ങേറായ്ട്ടാണേലും   മുക്കീട്ടും    മൂളീട്ടും    ഒറ്റയ്ക്ക്   കുപ്പിട്ത്ത് ഗ്‌ളാസില്‍ക്ക്    ഒഴിക്കാന്ള്ള    അവസ്ഥേലെത്ത്യെടീ     ന്റെ പൊന്നുംകട്ട!''