My Blog List

Saturday, March 28, 2015

വീര സോദരി നങ്ങേലിയ്ക്ക് മരണമില്ല

കേരളശബ്ദം, ലക്കം 34, 2015 ഏപ്രില്‍ 12 (Released on 28.03.2015)

ശങ്കരനാരായണന്‍ മലപ്പുറം

     ''കണ്ണില്‍ കണ്ടതിനെല്ലാമുണ്ടായിരുന്നു നികുതി. അധ്വാനിക്കുന്ന ജനവിഭാഗം
പാടുപെട്ട് എന്തെങ്കിലുമുണ്ടാക്കിയാല്‍ അത് തട്ടിയെടുത്ത് എല്ലാ വിശേഷാവസരങ്ങളിലും ഉപയോഗിക്കാറുണ്ടായിരുന്നു'' ഇത് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഇവിടുത്തെ പാവങ്ങളും അടിസ്ഥാനവര്‍ഗക്കാരുമായ ജനവിഭാഗങ്ങളില്‍നിന്നു ഈടാക്കിയിരുന്ന നികുതികളെക്കുറിച്ച് ശാമുവല്‍ മറ്റിയര്‍ പ്രകടിപ്പിച്ച അഭിപ്രായം. ഒട്ടേറെയുള്ള മറ്റു നികുതികള്‍ക്കു പുറമെ, മാര്‍ത്താണ്ഡവര്‍മ്മയുടെ(1729-1758) ഭരണകാലത്ത് ഈഴവര്‍ തുടങ്ങിയ പിന്നാക്ക ജാതിക്കാരില്‍നിന്നും ദലിതരില്‍നിന്നും 'തലയറ'യെന്നും 'തലപ്പണ'മെന്നും പേരുള്ള പ്രതേ്യക തരം നികുതി 1751 മുതല്‍ ഈടാക്കിയിരുന്നു. 16 മുതല്‍ 60 വയസ്സുവരെ പ്രായമുള്ള അവര്‍ണരുടെ തലയെണ്ണി ആറു കൊല്ലത്തിലൊരിക്കലാണ് ഈ നികുതി ഈടാക്കിയിരുന്നത്. 1750-ല്‍ ഒട്ടുവളരെ യുദ്ധങ്ങളും തൃപ്പടിദാനവും നടത്തി ഭണ്ഡാരം നിശ്ശേഷം കാലിയാക്കിയത് നികത്താനായിരുന്ന ഈ അന്യായമായ നികുതികളെന്ന് സി.കേശവന്‍ തന്റെ ആത്മകഥയില്‍ (ജീവിതസമരം, പേജ് 107) വിവരിക്കുന്നുണ്ട്. അക്കാലത്ത് അവര്‍ണരില്‍നിന്ന് തിരുവിതാംകൂര്‍ ഭരണകൂടം ഈടാക്കിയിരുന്ന നികുതികളെക്കുറിച്ച് വിവരിച്ചാല്‍ കരിമ്പാറപോലും കണ്ണീരൊഴുക്കും. കരിമ്പാറ കരയുക മാത്രമല്ല ഹൃദയം പൊട്ടി മരിക്കുന്ന അവസ്ഥപോലും അന്നുണ്ടായിരുന്നു. (നായന്മാര്‍ക്കു മാത്രമല്ല മറ്റ് അഹിന്ദുക്കള്‍ക്കും ഈ നികുതികള്‍ മിക്കതും ബാധകമായിരുന്നില്ല എന്ന ചരിത്രസത്യംകൂടി മനസ്സിലാക്കേണ്ടതുണ്ട്). മനുഷ്യന് മനുഷ്യനെ വില്‍ക്കാനും കൊല്ലാനുമുള്ള അവസ്ഥപോലും തിരുവിതാംകൂറില്‍ നിലനിന്നിരുന്നു. 'ഈ രാജ്യത്തില്‍ ഒള്ളവരും പിറന്ന രാജ്യത്തില്‍ ഒള്ളവരും ഈ സംസ്ഥാനത്ത് പല ജാതികളിലും ഒള്ള കുഞ്ഞുകുട്ടികളെയും പെണ്ണുങ്ങളെയും ലാഭസംഗതിക്കായിട്ടു ചുരുങ്ങിയ വിലയ്ക്ക് വാങ്ങിക്കയും ഏറിയ വിലയ്ക്ക് വില്ക്കയും പിറനാടുംമേല്‍ കൊണ്ടുപോകയും പണ്ടാരവകയ്ക്ക് തീരുവ വാങ്ങിക്കയും' ചെയ്തിരുന്ന നാടായിരുന്നു ഇത്. 1769 മീനം 17-ാം തീയതി എഴുതിയ ഒരു അടിമക്കരാര്‍ നോക്കുക (ജീവിതസമരം, പേജ് 104): ''തേശത്ത് കുടിയിരിക്കും പാട്ടത്തില്‍.......തന്നടിയാര്‍ പറയര്‍ വകയില്‍.....മാണിപെറ്റ മക്കളില്‍ ചക്കിയെയും അവള്‍ പെറ്റ മക്കളില്‍ ഇപ്പയെയും മാണിയെയും നാലര്‍കൂടി കണ്ടമെണ്ണം മോടിക്കൊത്ത നേര്‍മ്മവില അര്‍ത്തം കൈയില്‍ വാങ്ങിക്കൊണ്ട് ആള്‍ക്കാരായ്മയും എഴുതിക്കൊടുത്താന്‍. ഇമ്മാര്‍ക്കമേ ഈ ആള്‍ കൊല്ലുകില്‍ കൊലയ്ക്കും മാറ്, വിക്കില്‍ വിക്കയും മാറ് തന്ന വകയ്ക്ക് കാരായ്മ പൊന്നും കൊടുത്ത് ആ കാരായ്മ ആകെ എഴുതി കൊടുത്താന്‍.....''. മനുഷ്യമക്കളായ മാണിയെയും ചക്കിയെയും ഇപ്പയെയുമൊക്കെ കൊല്ലാനും വില്‍ക്കാനുമുള്ള അധികാരത്തോടെ കച്ചവടം നടത്തിയിരുന്ന ഒരു നാടായിരുന്നു ഇത്. ഇത്തരമൊരു രാജ്യത്ത് എണ്ണിയാലൊടുങ്ങാത്ത നികുതികള്‍ ഏര്‍പ്പെടുത്തിയതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ. എല്ലാ നികുതി ഭാരങ്ങളും അബ്രാഹ്മണരുടെ, പ്രതേ്യകിച്ചും അവര്‍ണ്ണരുടെ തലയിലാണ് കെട്ടിയേല്‍പ്പിച്ചിരുന്നത്. 1865-ല്‍ ആയില്യം തിരുനാളിന്റെ കാലത്തു മാത്രം 110 നികുതികള്‍ നിര്‍ത്തലാക്കി എന്നു പറഞ്ഞാല്‍ അതിനു മുമ്പത്തെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.
       എല്ലാവിധ ജോലിക്കാരില്‍നിന്നും നികുതി ഈടാക്കിയിരുന്നു. തെങ്ങ്, പന ഇവയില്‍ കയറി ജോലിയെടുക്കുന്നവരില്‍നിന്ന് 'തളക്കാണം', 'ഏണിക്കാണം', 'ഈഴംപുട്ചി' എന്നീ നികുതികള്‍ ഈടാക്കിയിരുന്നു. മണ്‍പാത്രം ഉണ്ടാക്കുന്നവരില്‍നിന്നു 'ചെക്കിറ', സ്വര്‍ണപ്പണിക്കാരില്‍നിന്നു 'തട്ടാരപ്പാട്ടം', തുണിനെയ്ത്തുകാരില്‍ നിന്നു 'തറിക്കടമ', അലക്കുകാരില്‍നിന്നു 'വണ്ണാരപ്പാറ', മീന്‍പിടുത്തക്കാരില്‍നിന്നു 'വലക്കരം' തുടങ്ങിയ നികുതികള്‍ ഈടാക്കിയിരുന്നു. കള്ളുചെത്തുന്ന കത്തിക്ക് 'കത്തി'എന്ന നികുതിയും ചാരായം വാറ്റുന്ന ചട്ടിക്ക് 'ചട്ടി'എന്ന നികുതിയും കൊടുക്കണമായിരുന്നു. ഒരു ജോലിയും ചെയ്യാന്‍ വയ്യാത്ത ഏഴകളില്‍നിന്നു 'ഏഴ' എന്ന നികുതിപോലും ഈടാക്കിയിരുന്നു. 'അയ്മുല' (അഞ്ചു മുലകളുള്ള പശുക്കള്‍), ചെങ്കൊമ്പ്(മനുഷ്യരെ കൊന്ന കാലികള്‍), പൂവാല (വാലിന്മേല്‍ വെള്ളനിറമുള്ള പോത്തുകള്‍), കണ്ണടപ്പുള്ളി (കണ്ണിന്റെ കോണില്‍ വെളുത്ത അടയാളമുള്ള കാലികള്‍), കുഴിയില്‍ വീണ കാട്ടാനകള്‍, കിണറ്റില്‍ വീണ പന്നികള്‍ എന്നിവ അവ ആരുടെതായാലും രാജാവിന് അവകാശപ്പെട്ടതായിരുന്നു. (കേരള ചരിത്ര പഠനങ്ങള്‍, വേലായുധന്‍ പണിക്കശ്ശേരി, പേജ് 108). കൂലിയില്ലാ പണി ചെയ്യിപ്പിച്ച് (ഊഴിയംവേല) സ്ഥാനമാനങ്ങള്‍ നല്‍കിയും അവര്‍ണരെയും മറ്റും ചൂഷണം ചെയ്തിരുന്നു. തോടുവെട്ട്, റോഡുവെട്ട് തുടങ്ങിയ ജോലികളാണ് ചെയ്യിക്കുക. കൂലി കൊടുക്കില്ല; പകരം സ്ഥാനം കൊടുക്കും. ജാതിക്കെണിയില്‍ കുടുങ്ങിയവര്‍ അതില്‍ തൃപ്തരുമായിരുന്നു. ചാന്നാര്‍, പണിക്കര്‍, തണ്ടാന്‍, നാലുപുരക്കാരന്‍, മണ്ണാളിപ്പണിക്കര്‍, വീട്ടുകാരന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ ഈഴവരും എളയ കണക്കന്‍ എന്ന സ്ഥാനം കണക്കന്മാരും വേലപ്പണിക്കര്‍ എന്ന സ്ഥാനം വേലന്മാരും മൂപ്പന്‍ എന്ന സ്ഥാനം വാലന്മാരും വലിയ അരയന്‍ എന്ന സ്ഥാനം അരയന്മാരും ഓമനക്കുറുപ്പന്‍, വള്ളോന്‍ എന്നീ സ്ഥാനങ്ങള്‍ പുലയരും ഇങ്ങനെ നേടിയിരുന്നു. ആ കാലഘട്ടം കേരളത്തിലെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന അവര്‍ണരെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ഇരുളടഞ്ഞതായിരുന്നു. ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയ അവര്‍ണ വിപ്ലവകാരികള്‍ വരുന്നതിനുമുമ്പ് ആ ഇരുട്ടത്ത് കുറച്ച് പ്രകാശം ചൊരിഞ്ഞത് ബ്രിട്ടീഷുകാരായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാരെ 'വഞ്ചിപാലകര്‍' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 1811 മുതല്‍ 1814 വരെ ദിവാനായി സേവനമുഷ്ഠിച്ച കര്‍ണ്ണല്‍ മണ്‍റോ സായിപ്പിന്റെ ഭരണകാലത്താണ് തിരുവിതാംകൂറില്‍ അവര്‍ണര്‍ക്ക് മാനുഷികാവകാശങ്ങള്‍ കിട്ടിത്തുടങ്ങിയത്. കൂരിരുട്ട് വെളിച്ചംതന്നെയെന്നു വിശ്വസിച്ചിരുന്നരായിരുന്നു 'വഞ്ചി'ക്കാര്‍. അങ്ങനെയുള്ള, 'വഞ്ചി'ക്കാര്‍ക്ക് മണ്‍റോ സായിപ്പ് വിളക്ക് വെളിച്ചം കാട്ടട്ടെ എന്ന് സാമൂഹിക വിപ്ലവകാരിയായ സി. കേശവന്‍ പറഞ്ഞത് അന്ന് പലരെയും ചൊടിപ്പിച്ചിരുന്നു. ആ അന്ധകാര കാലഘട്ടത്തില്‍ അവര്‍ണ പുരഷന്മാരില്‍നിന്നു മാത്രമല്ല സ്ത്രീകളില്‍നിന്നും നികുതി ഈടാക്കിയിരുന്നു. 'മുലൈവില', 'മുലക്കരം' എന്നീ പേരിലാണ് സ്ത്രീകളില്‍നിന്നു നികുതി ഈടാക്കിവന്നിരുന്നത്. നിന്ദ്യവും നീചവും നികൃഷ്ടവുമായ ഈ നിലപാടിനെതിരെ ഒരു ധീരവനിത പ്രതിഷേധിച്ചു. ആലപ്പുഴയിലെ ചേര്‍ത്തലയിലാണ് ചരിത്രത്തില്‍ രക്തലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ട ഈ വിപ്ലവം നടന്നത്. ചേര്‍ത്തലയിലെ ഒരു ഈഴവ യുവതിയാണ് നിന്ദ്യവും നീചവും നികൃഷ്ടവുമായ ഈ തെമ്മാടിത്തത്തെ അതി ധീരമായി എതിര്‍ത്ത് വീരരക്തസാക്ഷിയായത്.
         ഈ സംഭവം നടന്ന വര്‍ഷത്തെ സംബന്ധിച്ച് തര്‍ക്കമുണ്ട്. ഒരോരോ കാലഘട്ടങ്ങളിലുണ്ടായിരുന്ന സാമൂഹിക മാറ്റങ്ങളും ചരിത്ര സംഭവങ്ങളും വച്ചു പരിശോധിക്കുമ്പോള്‍ നങ്ങേലിയുടെ ജന്മദേശമായ കരപ്പുറത്തുതന്നെ ജനിച്ച വ്യക്തിയും കോണ്‍ഗ്രസ്സിന്റെ മുന്‍ എം.എല്‍.എയും ചരിത്രപഠിതാവും അഭിഭാഷകനുമായ ഡി. സുഗതന്റെ അഭിപ്രായത്തിലാണ് കൂടുതല്‍ ശരിയുള്ളത്. 1803-ലാണ് ഈ സംഭവം നടന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. നിരോധനം ലംഘിച്ച് വൈക്കം മഹാദേവക്ഷേത്രത്തില്‍ക്കയറി തൊഴുതഒരുകൂട്ടം ഈഴവ യുവാക്കളെ വേലുത്തമ്പി ദളവയുടെ പട്ടാളക്കാര്‍ വെട്ടിക്കൊന്ന് ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തുണ്ടായിരുന്ന കുളത്തില്‍ കുഴിച്ചുമൂടി ആ കുളം 'ദളവാക്കുള'മാക്കിയ കാലത്തിനോടടുത്താണ് ഈ സംഭവവും നടന്നതെന്ന് ഡി.സുഗതന്‍ അദ്ദേഹത്തിന്റെ 'ഒരു ദേശത്തിന്റെ കഥ; കയറിന്റെയും'എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഏതായാലും 1800-ന്റെ ആദ്യ ദശകത്തിലാണ് ഈ സംഭവം നടന്നതെന്ന് ഉറപ്പിക്കാവുന്നതാണ്. 
       ഈ വിപ്ലവ വനിതയുടെ പേര് നങ്ങേലി. ഇവരും ഭര്‍ത്താവ് ചിരുകണ്ടനും താമസിച്ചിരുന്നത് ആലപ്പുഴ ജില്ലയിലുള്ള ചേര്‍ത്തല താലൂക്കിലെ കരപ്പുറം ദേശത്താണ്. ഡി. സുഗതന്റെ പുസ്തകത്തിലെ വിവരണപ്രകാരം, ഇപ്പോഴത്തെ ചേര്‍ത്തല നഗരസഭയുടെ 29-ാം വാര്‍ഡിലെ പാണ്ടകശാലപ്പറമ്പില്‍ മലച്ചിപ്പറമ്പ് എന്ന വീട്ടില്‍. ഇപ്പോഴത്തെ പ്ലാപ്പള്ളി പുരയിടത്തിനും മുന്‍ കേന്ദ്രമന്ത്രി ഏ.കെ. ആന്റണിയുടെ കുടുംബ വീടായ അറയ്ക്കല്‍ പറമ്പിനും തൊട്ടടുത്തായിരുന്നു ഈ വീട്. നങ്ങേലി മുല മുറിച്ച് വീരചരമം പ്രാപിച്ച സംഭവം ഡി. സുഗതന്‍ ഇങ്ങനെ (മുകളില്‍ സൂചിപ്പിച്ച പുസ്തകം, പേജ് 54) വിവരിക്കുന്നു: ''ഈഴവ സ്ത്രീ ആയിരുന്നതിനാല്‍ അവര്‍ മുലക്കരം കൊടുക്കാന്‍ ബാധ്യസ്ഥയായിരുന്നു. കരം കുടിശ്ശിക വന്നതിനെത്തുടര്‍ന്ന് ഒരു ദിവസം സവര്‍ണനായിരുന്ന പ്രവൃത്തിയാരും സംഘവും ജപ്തി നടപടികള്‍ക്കായി ഈ വീട്ടിലെത്തി. പ്രവൃത്തിയാരുടെ ശകാരത്തില്‍ മനംനൊന്ത നങ്ങേലി വീടിനകത്തേക്കു പോയി. അവര്‍ മൂര്‍ച്ചയേറിയ ഒരു കത്തികൊണ്ട് തന്റെ രണ്ട് മുലകളും ഛേദിച്ച് ഒരു വാഴയിലയില്‍ വെച്ചുകൊണ്ട് പുറത്തേക്ക് വന്നു. ഭീകരവും ഭയാനകുമായ ഒരു രംഗമായിരുന്നു അത്. അഴിഞ്ഞുലഞ്ഞ മുടിയും രോഷാഗ്നിയില്‍ ജ്വലിച്ച കണ്ണുകളും ദേഹമാസകലം രക്തത്തില്‍ കുളിച്ച രൂപവുമായി പുറത്തേക്ക് വന്ന ആ സ്ത്രീയെക്കണ്ട് ഭയവിഹ്വലനായ പ്രവൃത്തിയാരും സംഘവും ഓടി രക്ഷപ്പെട്ടു. ഭീകരമായ ആ രംഗം അല്പ സമയത്തിനുള്ളില്‍ ദാരുണവും ദു:ഖകരവുമായി. രക്തം വാര്‍ന്നൊഴുകിത്തീര്‍ന്ന അവസ്ഥയില്‍ ആ സാധുസ്ത്രീ കുഴഞ്ഞുവീണ് ജീവന്‍ വെടിഞ്ഞു. അവരെ ദഹിപ്പിച്ച ചിതയില്‍ ചാടി ഭര്‍ത്താവ് ചിരുകണ്ടനും ജീവനൊടുക്കി''.
   തന്റെ മുലകള്‍ വാഴയിലയില്‍ പ്രവൃത്തിയാര്‍ക്ക് സമര്‍പ്പിച്ചതിനു ശേഷം 'ഈ മുലകള്‍ക്കിനി നികുതി പിരിക്കേണ്ട' എന്നവര്‍ ഉറക്കെ പ്രഖ്യാപിച്ചിരുന്നു. അതൊരു താക്കീതായിരുന്നു; ഗര്‍ജ്ജനമായിരുന്നു; നിരപരാധിയായ തന്റെ ഭര്‍ത്താവ് കോവിലനെതിരെ മോഷണക്കുറ്റം ചുമത്തി രാജാവ് കൊന്നതിലുള്ള പ്രതികാരത്തിന്റെ ഭാഗമായി മുലയറുത്ത് നിലത്തെറിഞ്ഞ് കണ്ണകി നടത്തിയതുപോലുള്ള ഗര്‍ജ്ജനം. ബ്രാഹ്മണരുണ്ടാക്കിയ മനുഷ്യത്വ വിരുദ്ധമായ തത്ത്വസംഹിതകള്‍ക്കനുസരിച്ച് മനുഷ്യനെ കൊല്ലാകൊല ചെയ്തിരുന്ന രാജഭരണത്തിനെതിരെയുള്ള താക്കീത്. ഈ സ്ഥലം പിന്നീട് 'മുലച്ചിപ്പറമ്പ്' എന്നപേരില്‍ അറിയപ്പെട്ടു.

     അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മയുടെ (1798-1810) ഭരണകാലഘട്ടത്തിലാണ് ഈ സംഭവം നടക്കുന്നത്. പക്ഷേ, ഈ രാജാവ് കിരാതമായ ഈ 'മുലനികുതി' നിര്‍ത്തലാക്കിയില്ല. അവര്‍ണരെ മനുഷ്യരായി കാണാന്‍ ശ്രമിച്ച, ഈഴവരടക്കമുള്ള പിന്നാക്ക-പട്ടികജാതിക്കാര്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ല എന്ന് സി.കേശവന്‍ തന്റെ ആത്മകഥയില്‍ (ജീവിതസമരരം) വിശേഷിപ്പിച്ച റാണി ഗൗരി ലക്ഷ്മി ഭായിയുടെ (1810-1815) ഭരണകാലഘട്ടത്തില്‍ 1815-ലാണ് മനുഷ്യത്വ വിരുദ്ധവും സ്ത്രീവിരുദ്ധവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ ഈ നികുതി എടുത്തുകളഞ്ഞതെന്ന് ഡി. സുഗതന്‍ തന്റെ പുസ്തകത്തില്‍ (പേജ് 56) പറയുന്നുണ്ട്.
        വീര സോദരി നങ്ങേലിയുടെ ചരിത്രം കേരളചരിത്രത്തില്‍ രേഖപ്പെട്ടിട്ടില്ല. ചരിത്രത്തില്‍ ജയിച്ചവരാണല്ലോ ചരിത്രം എഴുതാറ്. അപ്പോള്‍ തോല്‍പ്പിക്കപ്പെട്ടവരുടെ ചരിത്രം മണ്ണിനടിയിലാകും. ഇതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടാതെപോയത്. രേഖപ്പെടുത്തിയവയ്ക്കു തന്നെ കാര്യമായ പരിഗണന നല്‍കിയിതുമില്ല. നമ്മുടെ ചരിത്രകാരന്മാര്‍ രാജഭക്തന്മാരായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഡി. സുഗതന്‍ തന്റെ പുസ്തകത്തില്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. 1888-ല്‍ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠയിലൂടെ നടത്തിയ വിപ്ലവ സമരത്തിനു മുമ്പും പിമ്പും ഇത്തരം ധാരാളം സമരങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. 1893 ല്‍ അയ്യങ്കാളി നടത്തിയ 'വില്ലുവണ്ടി സമരം', 'കൊച്ചിയിലെ അയ്യങ്കാളി' എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന കൊച്ചിയിലെ കെ.പി. വള്ളോന്‍ നടത്തിയ ജാതിവിരുദ്ധ സമരങ്ങള്‍, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ 1853-ല്‍ നടത്തിയ ശിവപ്രതിഷ്ഠ, പണ്ഡിറ്റ് കെ.പി. കറുപ്പന്‍ 'ജാതിക്കുമ്മി'യിലൂടെയും മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍ 'കവിരാമയണ'ത്തിലൂടെയും നടത്തിയ സാഹിത്യ സമരങ്ങള്‍, 1913 ഏപ്രില്‍ 21 ന് കൊച്ചിയിലെ ടി.കെ.കൃഷ്ണ മേനോന്റെയും പണ്ഡിറ്റ് കെ.പി. കറുപ്പന്റെയും പൂര്‍ണ സഹായസഹകരങ്ങളോടെ പുലയര്‍ കൊച്ചിയില്‍ നടത്തിയ കായല്‍ സമ്മേളന വിപ്ലവം, ചാന്നാര്‍ സ്ത്രീകളും മറ്റും നടത്തിയ മേല്‍മുണ്ട്, മുലമാറാപ്പ് സമരങ്ങള്‍, പൊയ്കയില്‍ കുമാരഗുരുദേവന്‍ നടത്തിയ ജാതിവിരുദ്ധ ആശയ പോരാട്ടങ്ങള്‍ തുടങ്ങി വൈക്കം സത്യാഗ്രഹത്തില്‍ ഏറ്റവും കൂടുതല്‍ വീറും വാശിയും കാണിച്ച വ്യക്തിയും 'വൈക്കം വീരന്‍' എന്ന വിശേഷണമുദ്ര കിട്ടിയ സാമൂഹിക പരിഷ്‌കര്‍ത്താവുമായ തമിഴ്‌നാട്ടിലെ പെരിയോര്‍ ഈ.വി.രാമസ്വാമി നായ്ക്കറുടെ പോരാട്ടങ്ങള്‍, 1809 ല്‍ ജനിച്ച വൈകുണ്ഠ സ്വാമികള്‍ (ഇദ്ദേഹം ജനിച്ചത് തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലാണ്. കന്യാകുമാരി പിന്നീട് തമിഴ്‌നാടിന്റെ ഭാഗമായി) നടത്തിയ ജാതിവിരുദ്ധ പോരാട്ടങ്ങള്‍, ക്രൂരനായ ജന്മിയുടെ മുഖത്തേക്ക് തിളപ്പിച്ച ചക്കരപ്പാവ് ഒഴിച്ച പേരറിയാ പുലയ മാതാവിന്റെ ജാതിവിരുദ്ധ പോരാട്ടം തുടങ്ങി നങ്ങേലി നടത്തിയ മുലയറുക്കല്‍ സമരം പോലുള്ള എത്രയോ സമരങ്ങള്‍ കേരള ചരിത്രത്തില്‍ രേഖപ്പെടുത്താതെപോവുകയോ കാര്യമായ പരിഗണന കിട്ടാതെ പോവുകയോ ചെയ്തു. വാസ്തവത്തില്‍ ഇവയൊക്കെയാണ് കേരളത്തിലെ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരങ്ങള്‍. അല്ലാതെ, 1918-ല്‍ സാമൂഹിക പരിഷ്‌കര്‍ത്താവായ സി.വി.കുഞ്ഞുരാമന്‍ ഈഴവര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ അതിനു മറുപടിയായി 'ക്ഷേത്രപ്രവേശനം കൊടുക്കണം; ഉടന്‍ കൊടുക്കണം; ഈഴവന്റെ മുതുകത്തുതന്നെ കൊടുക്കണം'എന്ന് 'സ്വരാജ്യ'ത്തില്‍ എഴുതിയ ഒ.എന്‍.കൃഷ്ണക്കുറപ്പിനെപ്പോലുള്ളവര്‍ നടത്തിയ 'സ്വരാജ്യത്തിനുവേണ്ടിയുള്ള' സമരങ്ങളല്ല.
     മുലച്ചിപ്പറമ്പ് വെറുമൊരു പറമ്പല്ല; അത് നങ്ങേലിയുടെ ചുടുരക്തം വീണ വിപ്ലവപ്പറമ്പാണ്. 'മുലക്കരം' പോലുള്ള നികുതികള്‍ പിരിച്ച് സാധാരണക്കാരന്റെ ചോരയൂറ്റിക്കുടിച്ചിരുന്ന ഭരണാധികാരികള്‍ക്കെതിരെ നടത്തിയ പ്രതിഷേധച്ചോര വീണ് കുതിര്‍ന്ന മണ്ണ്. സ്ത്രീത്വത്തിന്റെ മഹനീയ മാതൃക ചുടുരക്തമായി ചീറ്റിയൊഴുകി വീണു കുതിര്‍ന്ന മണ്ണ്. ചോര കലര്‍ന്ന ഈ മണ്ണില്‍ വീര സോദരി നങ്ങേലിയുടെ സ്മാരകം ഉയര്‍ന്നുവരേണ്ടതുണ്ട്. ആ സ്മാരകത്തില്‍ ഇവരുടെ ശില്പങ്ങളും ചിത്രങ്ങളും നങ്ങേലിചരിതങ്ങളും ഉണ്ടാകണം. നങ്ങേലിയുടെ മാറില്‍നിന്നു കുത്തിയൊഴുകിയ ആ ചോരയില്‍നിന്ന് കേരളീയ സാമൂഹിക വിപ്ലവത്തിന് ഊര്‍ജ്ജം വലിച്ചെടുക്കേണ്ടതുണ്ട്. അന്ന് നങ്ങേലി അവിടെ കത്തിച്ചുവെച്ച നിലവിളക്കിലെ പൊന്‍വെട്ടം തിരിച്ചുപിടിക്കേണ്ടതുണ്ട്. നങ്ങേലിയുടെ ഭൗതിക ശരീരമേ മരിച്ചിട്ടുള്ളൂ. നങ്ങേലിയുടെ വീരോജ്വലമായ സമരശരീരം മരിച്ചിട്ടില്ല. വീര സോദരി നങ്ങേലി അമര്‍ രഹെ!
      നങ്ങേലിയുടെ ചോരയുടെ അംശമുള്ള അറുപത്താറുകാരിയായ ലീലാമ്മ ഇപ്പോള്‍ മുലച്ചിപ്പറമ്പില്‍ ജീവിച്ചിരിക്കുന്നുണ്ട്. ചിത്രകാരന്‍ ടി. മുരളിയും സുഹൃത്തും സാമൂഹിക പ്രവര്‍ത്തകനുമായ എം.ആര്‍. സുദേഷും 2013 ഫെബ്രുവരി 10 ന് അവരെ വീട്ടിച്ചെന്ന് കണ്ടിരുന്നു. നങ്ങേലിയെക്കുറിച്ച് ചിത്രകാരന്‍ ടി. മുരളി വരച്ച രണ്ടു ചിത്രങ്ങള്‍ അവര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. നങ്ങേലിയുടെ ത്യാഗത്തെക്കുറിച്ചുള്ള മൂന്ന് ചിത്രങ്ങളാണ് ചിത്രകാരന്‍ വരച്ചിട്ടുള്ളത്. ഇതില്‍ നങ്ങേലി മുല അരിയുന്ന ചിത്രം കേരള ലളിതകലാ അക്കാദമിയുടെ 43-ാമത് സംസ്ഥാന ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. മുലക്കരം പിരിക്കാനെത്തിയ പ്രവൃര്‍ത്തിയാരുടെ മുമ്പില്‍ നിലവിളക്ക് കത്തിച്ചുവെച്ച് നാക്കിലയില്‍ മുലയറുത്തുവെച്ച് പിടഞ്ഞുവീണ് രക്തംവാര്‍ന്നു കിടക്കുന്ന നങ്ങേലിയുടെ ചിത്രമാണ് ചിത്രകാരന്‍ ടി. മുരളിയുടെ ആദ്യത്തെ നങ്ങേലിച്ചിത്രം.

9 comments:

ajith said...

യഥാര്‍ത്ഥവിപ്ലവകാരി!

വീകെ said...

മുലച്ചിപ്പറമ്പ് വെറുമൊരു പറമ്പല്ല; അത് നങ്ങേലിയുടെ ചുടുരക്തം വീണ വിപ്ലവപ്പറമ്പാണ്. 'മുലക്കരം' പോലുള്ള നികുതികള്‍ പിരിച്ച് സാധാരണക്കാരന്റെ ചോരയൂറ്റിക്കുടിച്ചിരുന്ന ഭരണാധികാരികള്‍ക്കെതിരെ നടത്തിയ പ്രതിഷേധച്ചോര വീണ് കുതിര്‍ന്ന മണ്ണ്. സ്ത്രീത്വത്തിന്റെ മഹനീയ മാതൃക ചുടുരക്തമായി ചീറ്റിയൊഴുകി വീണു കുതിര്‍ന്ന മണ്ണ്. ചോര കലര്‍ന്ന ഈ മണ്ണില്‍ വീര സോദരി നങ്ങേലിയുടെ സ്മാരകം ഉയര്‍ന്നുവരേണ്ടതുണ്ട്. ആ സ്മാരകത്തില്‍ ഇവരുടെ ശില്പങ്ങളും ചിത്രങ്ങളും നങ്ങേലിചരിതങ്ങളും ഉണ്ടാകണം. നങ്ങേലിയുടെ മാറില്‍നിന്നു കുത്തിയൊഴുകിയ ആ ചോരയില്‍നിന്ന് കേരളീയ സാമൂഹിക വിപ്ലവത്തിന് ഊര്‍ജ്ജം വലിച്ചെടുക്കേണ്ടതുണ്ട്. അന്ന് നങ്ങേലി അവിടെ കത്തിച്ചുവെച്ച നിലവിളക്കിലെ പൊന്‍വെട്ടം തിരിച്ചുപിടിക്കേണ്ടതുണ്ട്. നങ്ങേലിയുടെ ഭൗതിക ശരീരമേ മരിച്ചിട്ടുള്ളൂ. നങ്ങേലിയുടെ വീരോജ്വലമായ സമരശരീരം മരിച്ചിട്ടില്ല. വീര സോദരി നങ്ങേലി അമര്‍ രഹെ!
ഇതാണ് യഥാർത്ഥ വിപ്ലവം...!
ഇവരാണ് യഥാർത്ഥ വിപ്ലവകാരികൾ...!!

റോസാപ്പൂക്കള്‍ said...

ഭരിക്കുന്നവനു സ്തുതി ഗീതം പാടി ചരിത്രമെഴുതിയ ഈ ലോകത്ത്നങ്ങേലിയെ ആരോര്‍ക്കുന്നു. നല്ല പോസ്റ്റ്

ചന്തു നായർ said...

നല്ല പോസ്റ്റ്

vettathan said...

ചരിത്രം ജയിച്ചവനെഴുതുന്നതാണ്.തോറ്റവന്റെ കഥ അതിലില്ല. അതിനൊരു പുനര്‍വായന വേണം.വളരെ പ്രസക്തമായ പോസ്റ്റ്.

Sudheer Das said...

വായിച്ചിരിക്കേണ്ട ചരിത്രം... നല്ല പോസ്റ്റ്.

© Mubi said...

തോറ്റവര്‍ക്ക് ചരിത്രമില്ലല്ലോ... അത് കൊണ്ട് തന്നെ നങ്ങേലിയേയും മറന്നു പോയി :( നല്ല പോസ്റ്റ്!

Cv Thankappan said...

നീതിയ്ക്കുവേണ്ടി അടരാടിയവര്‍....
ആശംസകള്‍

Vinodkumar Thallasseri said...

നല്ല ഓര്‍മ്മപ്പെടുത്തല്‍.