My Blog List

Friday, March 13, 2015

സാഹു മഹാരാജ്-സാമുദായിക സംവരണത്തിന്റെ പിതാവ്

കേരളശബ്ദം മാര്‍ച്ച് 22 2015 (Date of release 07.03.2015)

       ''സെന്‍ട്രല്‍ പ്രൊവിന്‍സിലെ കോണ്‍ഗ്രസ്സ് മന്ത്രിസഭയില്‍ ഡോ.ഖാരെ സര്‍വഥാ യോഗ്യനായ അഗ്നിഭോജി എന്ന അയിത്തജാതിക്കാരനെ ഉള്‍പ്പെടുത്തിയത് മി.ഗാന്ധി എന്തുകൊണ്ട് അംഗീകരിച്ചില്ല? പട്ടികജാതിക്കാര്‍ക്കിടയില്‍ അത്തരം ഉന്നതാഭിലാഷങ്ങള്‍ സൃഷ്ടിക്കുന്നതിനോട് താന്‍ എതിരാണെന്ന് ഗാന്ധി പറഞ്ഞില്ലേ?'' ചോദ്യം ഭാരതരത്‌നം ബാബാ സാഹേബ് ഡോ.ബി.ആര്‍.അംബേദ്കറുടേതാണ്

(അംബേദ്കര്‍ സമ്പൂര്‍ണകൃതികള്‍, വാല്യം, പേജ് 237). ചോദ്യത്തിനു കാരണമായ സംഭവം ഇങ്ങനെ. 1938 ല്‍ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ (ഇന്നത്തെ മധ്യപ്രദേശ്) ഡോ.ഖാരെ എന്ന ബ്രാഹ്മണന്റെ നേതൃത്വത്തിലുണ്ടാക്കിയ മന്ത്രിസഭയില്‍ അദ്ദേഹം അഗ്നിഭോജി എന്നയാളെ മന്ത്രിയാക്കി. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ വന്നു. അവസാനം അഗ്നിഭോജിയെ മന്ത്രിസഭയില്‍നിന്നൊഴിവാക്കേണ്ടിവന്നു. അഗ്നിഭോജി ഒരു പട്ടികജാതിക്കാരനായതായിരുന്നു കാരണം. ഒരോ ജാതിക്കാരും അവരവരുടെ 'കുലത്തൊഴില്‍' ചെയ്യണമെന്ന ജാതിനിയമനുസരിച്ച് അഗ്നിഭോജിന് മന്ത്രിയാകാന്‍ പാടില്ല. അദ്ദേഹം അദ്ദേഹത്തിന്റെ 'കുലത്തൊഴില്‍'തന്നെ ചെയ്യണം! മറ്റു പലര്‍ക്കുമുള്ളതുപോലെ ഈ നിലപാടുതന്നെയായിരുന്നു ഗാന്ധിജിക്കുമുണ്ടായിരുന്നത്. തന്റെ പൂര്‍വീകരുടെ തൊഴില്‍ ചെയ്യുന്നതിനാണ് ഒരോരുത്തരും ഇഷ്ടപ്പെടേണ്ടതെന്നും ഇനി അഥവാ മറ്റൊരു ജാതിക്കാരന്റെ തൊഴില്‍ ചെയ്യുകയാണെങ്കില്‍ അതു സേവനമായി ചെയ്യണമെന്നും ഉപജീവനത്തിനുള്ള വക 'കുലത്തൊഴില്‍' കൊണ്ടു നേടണമെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട് (യംഗ് ഇന്ത്യ, 24.11.1927). ഈ 'കുലത്തൊഴില്‍ സിദ്ധാന്തമാണ്' അഗ്നിഭോജിയെ പുറത്താക്കുകവഴി നടപ്പിലായത്.
             ഗാന്ധിജിയടക്കമുള്ളവര്‍ സ്വീകരിച്ച ഈ നിലപാടിനെ വിമര്‍ശിക്കുമ്പോള്‍ അതിനു മറുപടിയായി പൊതുവെ ലഭിക്കാറുള്ളത്, ഒരു വ്യക്തിയെ വിലയിരുത്തുമ്പോള്‍ ആ വ്യക്തി ജീവിച്ച കാലഘട്ടം പരിഗണിക്കണമെന്നാണ്. ശരിയാണ്, കാലഘട്ടം പരിഗണിക്കണമെന്നത് ചില കാര്യങ്ങളില്‍ ശരിയാണ്. കാലഘട്ടത്തിനനുസിച്ച് നീങ്ങുന്നവര്‍ സാധാരണ മനുഷ്യരാണ്. അവരൊരിക്കലും വിപ്ലവകാരികളാകുന്നില്ല. കാലഘട്ടത്തിലെ അരുതായ്മകള്‍ക്കെതിരെ ചിന്തിക്കുന്നവരെയും പ്രവര്‍ത്തിക്കുന്നവരെയും മാത്രമേ വിപ്ലവകാരികളായി കണക്കാക്കുവാന്‍ സാധിക്കുകയുള്ളൂ. ഇതുകൊണ്ടുതന്നെ ജാതിയുടെ കാര്യത്തില്‍ ഗാന്ധിജിയെടുത്ത നിലപാട് വിപ്ലവ വിരുദ്ധമായിരുന്നു എന്നതാണ് സത്യം. കാരണം, ഗാന്ധിജിയുടെ ജീവിത കാലഘട്ടത്തിലും അതിനുമുമ്പും ജീവിച്ചിരുന്ന പലരും ജാതിയുടെ കാര്യത്തില്‍ വിപ്ലവകരമായ നിലപാട് എടുത്തിട്ടുണ്ട്. ക്ഷത്രിയ രാജകുമാരനായിരുന്ന ശ്രീബുദ്ധന്‍ തന്നെ ഏറ്റവും വലിയ ഉദാഹരണം. ഇതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കാലഘട്ടത്തിനെ ഒരിക്കലും കുറ്റം പറയുവാന്‍ സാധിക്കുകയില്ല.

          കേരളത്തില്‍ ആദ്യമായി ഉദേ്യാഗ സംവരണത്തിന് ആവശ്യപ്പെട്ടവര്‍ നായന്മാരാണ്. 1891 ജനുവരി ഒന്നിന് 10037 പേര്‍ ഒപ്പിട്ട് തിരുവിതാംകൂര്‍ മഹാരാജാവിനു സമര്‍പ്പിച്ച 'മലയാളി മെമ്മോറിയല്‍'വഴിയാണ് ഇത്തരമൊരാവശ്യം നായന്മാര്‍ ഉന്നയിക്കുന്നത്. ഈഴവനായ ഡോ. പല്‍പ്പുവെപ്പോലുള്ള ചില അവര്‍ണര്‍ ഇതില്‍ ഒപ്പിട്ടിരുന്നുവെങ്കിലും അടിസ്ഥാനപരമായി അതൊരു 'നായര്‍ മെമ്മോറിയല്‍' ആയിരുന്നു. അതിനു കിട്ടിയ ഇണ്ടാസില്‍, ഈഴവര്‍ അവരുടെ കുലവൃത്തികളായ തെങ്ങുചെത്ത്, കയറുപിരിപ്പ് മുതലായവകൊണ്ട് തൃപ്തിപ്പെട്ടിരിക്കയാണെന്നും അവര്‍ക്കു സര്‍ക്കാരുദേ്യാഗത്തിനോ ഉല്‍കൃഷ്ട വിദ്യാഭ്യാസത്തിനോ താല്‍പര്യമില്ലെന്നുമാണ് ദിവാന്‍ രാമരായരു അരുളിയത്.(ജീവിത സമരം, സി.കേശവന്‍ പേജ് 116)1882-ല്‍ ആദ്യമായി ബി.എ.ജയിച്ച പി.വേലു എന്ന ഈഴവന്‍ സര്‍ക്കാരുദേ്യാഗത്തിന് അപേക്ഷിച്ചപ്പോള്‍, 'ക്രിസ്ത്യാനി ആയിക്കൂടേ' എന്നു ചോദിച്ച (ജീവിത സമരം, സി.കേശവന്‍ പേജ് 115) വിശാഖം തിരുനാളിനെപ്പോലുള്ള മഹാരാജാവ് ജീവിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ ഒരു ദിവാന്‍ ഇങ്ങനെ പറയാതിരുന്നാലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ. അങ്ങനെ 'മലയാളി മെമ്മോറിയല്‍'വഴി നായന്മാര്‍ കാര്യം നേടി. കാര്യം കിട്ടാതിരുന്ന ഈഴവര്‍ 1896 സെപ്തംബര്‍ 3 ന് ഒരു 'ഈവഴ മെമ്മോറിയല്‍' സമര്‍പ്പിച്ചു. ഒരു ഫലവും കിട്ടിയില്ല. പിന്നീട് സി.കേശവന്റെ നേതൃത്തില്‍ നടന്ന 'നിവര്‍ത്തന പ്രക്ഷോഭം' വഴിയാണ് 1936 ല്‍ ഈഴവര്‍ക്ക് തിരുവിതാംകൂറിലെ സര്‍ക്കാര്‍ ഉദേ്യാഗങ്ങളില്‍ പങ്ക് ലഭിക്കാന്‍ തുടങ്ങിയത്. ഈ 'നിവര്‍ത്തന പ്രക്ഷോഭ'ത്തെ പരിഹസിച്ചാണ് നായന്മാര്‍ 'നിവര്‍ത്തന ഗീത' ഇറക്കിയത്. ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്ന മലബാറില്‍ 1927 ലും കൊച്ചിയില്‍ 1937 ലും അവര്‍ണര്‍ക്ക് ഉദേ്യാഗ സംവരണം ഏര്‍പ്പെടുത്തി.
      ജാതിവ്യവസ്ഥയിലെ നാലാം വര്‍ണക്കാരായ നായന്മാരാണ് കേരളത്തില്‍ ആദ്യമായി സര്‍ക്കാരുദേ്യാഗത്തിന് ആവശ്യപ്പെട്ടതെങ്കില്‍ ഇന്ത്യയില്‍ ആദ്യമായി പിന്നാക്കക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കുമൊക്കെ സംവരണം ഏര്‍പ്പെടുത്തിയത് ജാതിവ്യവസ്ഥയില്‍ ബ്രാഹ്മണന്റെ തൊട്ടരികില്‍ നില്‍ക്കുന്ന ഒരു ക്ഷത്രിയ രാജാവാണ് എന്നതാണ് വിചിത്രവും അത്ഭുതകരവും വിപ്ലവകരവുമായ സത്യം. ഇന്ത്യയിലെ, 'സാമുദായിക സംവരണത്തിന്റെ പിതാവ്' എന്ന ബഹുമതി ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ചാതുര്‍വര്‍ണ്യത്തിലെ മൂന്നാം വര്‍ണമായ വൈശ്യജാതിയില്‍ ജനിച്ച ഗാന്ധിജിയുടെ ജീവിത കാലഘട്ടം 1869-1948 ആയിരുന്നെങ്കില്‍ ചാതുര്‍വര്‍ണ്യത്തിലെ രണ്ടാം വര്‍ണക്കാരനായ ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം 26.06.1874-06.05.1922 ആണ്. മഹാരാഷ്ട്രയിലെ കൊല്‍ഹാപ്പാരിലെ മഹാരാജാവായരുന്ന സാഹജി രണ്ടാമനായിരുന്ന ഈ മഹാത്മാവ്. രാജര്‍ഷി സാഹു, ചത്രപതി സാഹുജി എന്നീ വിശേഷണങ്ങളുള്ള ഈ മഹാരാജാവ് 1902 ജൂലൈ 26 ന് പട്ടികജാതിക്കാരും പിന്നാക്കക്കാരുമടക്കമുള്ള അബ്രാഹ്മണര്‍ക്ക് 50 ശതമാനം സര്‍ക്കാര്‍ ജോലികള്‍ സംവരണം ചെയതു. ഒരു വിളംബരംമൂലം ഇന്ത്യയില്‍ സംവരണം നടപ്പിലാക്കിയ ആദ്യത്തെ സംഭവമാണിത്.
      കുലത്തൊഴില്‍ സിദ്ധാന്തത്തിന് വിരുദ്ധമായി മനുഷ്യരെല്ലാം ഒരേ കുലത്തിലുള്ളവരാണെന്ന സത്യത്തെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച ഈ മഹാത്മാവിന് പ്രണാമം!

1 comment:

ajith said...

അതെ, തകച്ചും പ്രണാമത്തിന് അര്‍ഹന്‍!