My Blog List

Friday, December 03, 2010

പഞ്ചായത്ത് പ്രസിഡണ്ടിന്റെ അയിത്താചരണം


'കേരള ശബ്ദം' വാരികയില്‍ (12.12.2010) ഭാഗികമായും 'മക്തബ്' സായാഹ്ന ദിനപത്രത്തില്‍(24.11.2010) പൂര്‍ണ്ണമായും പ്രസിദ്ധീകരിച്ചത്

ശങ്കരനാരായണന്‍ മലപ്പുറം


            ജാതിയല്ലാതെ വേറൊന്നും എഴുതാനില്ലേ എന്നു പലരും എന്നോട് ചോദിക്കാറുണ്ട്. ഇങ്ങനെ ചോദിക്കുന്നവരാരും തന്നെ ജാതിയിലോ മതത്തിലോ വിശ്വസിക്കാത്തവരല്ല എന്നു മാത്രമല്ല കാര്യത്തോടടുക്കുമ്പോള്‍ ജാതിയും മതവും ആചാരവുമൊക്കെ വളരെ കൃത്യമായി പാലിക്കുകയും ചെയ്യുന്നവരാണ്. 'കേരളീയര്‍ സാധ്യമായ വിധത്തില്‍ സമത്വം നേടിയ സമുദായമാണ്' എന്ന ബഡായി പ്രൊഫ: എം.എന്‍.വിജയന്‍ പറഞ്ഞതുകൊണ്ടൊന്നും ഇല്ലാതാകുന്നില്ല ജാതിയും അതുമൂലമുള്ള ഉയര്‍ച്ച-താഴ്ചകളും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജാതി വിവേചനങ്ങളും പീഢനങ്ങളും കേരളത്തില്‍ കുറവാണെന്ന കാര്യം ശരി തന്നെ. പക്ഷേ, കേരളത്തിലും ജാതി വിവേചനങ്ങളും പീഢനങ്ങളും ധാരാളം നടക്കുന്നുണ്ട്. ഇവയില്‍ ബഹുഭൂരിപക്ഷവും പരസ്യമാകുന്നില്ല എന്നതാണ് സത്യം. പരസ്യമാകുന്ന പലതുമാകട്ടെ പലപ്പോഴും വാസ്തവമാകണമെന്നുമില്ല. താല്‍പര്യങ്ങളുടെ പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കുന്ന സംഭവങ്ങളും കുറച്ചൊക്കെയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ജാതിയുമായി ബന്ധപ്പെട്ട വിഷയം എങ്ങനെ എഴുതാതിരിക്കും?

                    പട്ടിക ജാതിക്കാരെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുന്നത് കുറ്റകൃത്യമാണല്ലോ. പട്ടിക ജാതിക്കാര്‍ക്കെതിരെ പൊതുവെയും ഈ നിയമത്തിനെതിരെ പ്രതേ്യകിച്ചും ഒരാള്‍ എന്നോട് രോഷത്തോടെ സംസാരിച്ചു. 'ഇതിന്റെ പേരില്‍ കണക്കന്മാരും ചെര്‍മക്കളും മറ്റുള്ളവരുടെ മേക്കിട്ട് കേറുകയാണ്' എന്നും അയാള്‍ പറഞ്ഞു. ഈ വിഷയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ കുറെ നേരം സംസാരിച്ചു. 'ഇതിന്റെ പേരില്‍ കണക്കന്മാരും ചെര്‍മക്കളും മറ്റുള്ളവരുടെ മേക്കിട്ട് കേറുകയാണ്' എന്നു പറഞ്ഞ ഈ വ്യക്തി തന്നെ ഈ നിയമത്തെ സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി ദുരുപയോഗം ചെയ്ത കാര്യം സംസാരത്തില്‍ നിന്നു മനസ്സിലാക്കാന്‍ സാധിച്ചു. അയല്‍വാസിയുമായുണ്ടായ സ്വത്തു തര്‍ക്കം വഴക്കിലും അടിപിടിയിലും കലാശിച്ചു. കേസ്സുംകൂട്ടവുമായി. ഇപ്പറഞ്ഞയാളുടെ പണിക്കാരുടെ കൂട്ടത്തില്‍ ഒരു പട്ടിക ജാതിക്കാരനുമുണ്ടായിരുന്നു. ജാതിയും ജാതിപ്പേരും അവിടെ ഘടകമായി വന്നിരുന്നില്ല. പക്ഷേ, എതിരാളിയെ കുടുക്കുവാന്‍ വേണ്ടി മാത്രം അയാള്‍ക്കെതിരെ കൊടുത്ത കേസ്സില്‍ തന്റെ തൊഴിലാളിയെ ജാതിപ്പേരു വിളിച്ചാക്ഷേപിച്ചു എന്ന് എഴുതിച്ചേര്‍ത്തു. ഈ നിയമം ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന കാര്യം ശരിതന്നെ. പക്ഷേ, പട്ടിക ജാതിക്കാരല്ലാത്തവര്‍ അവരുടെ കാര്യലാഭത്തിനുവേണ്ടി പട്ടിക ജാതിക്കാരെ ബലിയാടുകളാക്കുന്ന സംഭവങ്ങളാണ് ഇക്കാര്യത്തില്‍ കൂടുതലും നടക്കുന്നത്.
ഏതു നിയമമുണ്ടാക്കിയാലും അത് ദുരുപയോഗപ്പെടുത്തുന്ന പ്രവണത ഉണ്ട്. എന്നു കരുതി ആ നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിയില്ലാതാകുന്നില്ല. അത് പട്ടിക ജാതിക്കാരുടെ കാര്യമാകുമ്പോള്‍ കൂടുതല്‍ കൊട്ടിഘോഷിക്കപ്പെടും എന്നതാണ് സത്യം. ഇതുതന്നെയാണ് മിക്ക കാര്യങ്ങളിലും സംഭവിക്കുന്നത്. 
               മുഖ്യമന്ത്രിയായിരുന്ന ഏ.കെ.ആന്റണി ഒരിക്കല്‍ കുടമാളൂരില്‍ നമ്പൂതിരിമാരുടെ യോഗത്തില്‍ പങ്കെടുത്തു. അവരുടെ പട്ടിണിയെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചും പ്രസംഗിച്ചു. (ഈ പ്രസംഗം ഏറെ വിവാദമായിരുന്നു. പ്രസംഗത്തെ അനുകൂലിച്ചവരും എതിര്‍ത്തവരുമൊക്കെ പ്രസംഗത്തിന്റെ ആത്മാവ് മനസ്സിലാക്കാതെയാണ് അനുകൂലിച്ചതും പ്രതികൂലിച്ചതും!) നമ്പൂതിരിമാര്‍ മീറ്റിംഗില്‍ എത്തിയത് സെക്കനന്റ് വാഹനങ്ങളിലാണെന്നും പറയുകയുണ്ടായി. പ്രസംഗിക്കുന്നതിന് മുമ്പ് വാഹനങ്ങളുടെ ആര്‍.സി.യും മറ്റു രേഖകളും പരിശോധിച്ചുകാണും! നമ്പൂതിരിമാരുടെ വിഷമങ്ങള്‍ കൊട്ടിഘോഷിച്ച ഏ.കെ.ആന്റണി പക്ഷേ, ശവം കുഴിച്ചിടാന്‍ സ്ഥലമില്ലാത്തതിനാല്‍ അടുക്കള പൊളിച്ച് ശവം മറവുചെയ്ത പട്ടികജാതിക്കാരുടെ ദുരവസ്ഥ കണ്ടില്ല! പട്ടികജാതിക്കാരിലെ ബഹുഭൂരിപക്ഷവും അനുഭവിക്കുന്ന പ്രയാസങ്ങളെ കണ്ടില്ലെന്ന് നടിച്ച് നമ്പൂതിരിമാരിലെ ന്യൂനപക്ഷം അനുഭവിക്കുന്ന പ്രയാസത്തെ കൊട്ടിഘോഷിക്കുകയാണ് ഏ.കെ.ആന്റണി ചെയ്തത് (നമ്പൂതിരിമാരിലെ പാവങ്ങളുടെ പ്രയാസങ്ങള്‍ പ്രയാസങ്ങളല്ലെന്നും അതിനു പരിഹാരം വേണ്ടെന്നും പറയുന്നില്ല). പട്ടിക ജാതിക്കാരുടെ സങ്കടങ്ങളെ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ സവര്‍ണ്ണ പാത്രം കൊണ്ട് മൂടുകയാണ് ഏ.കെ. ആന്റണി ചെയ്തത്. (ഏ.കെ.ആന്റണിയും മറ്റും പറയുന്നത് കടുത്ത നുണകളാണെന്ന് മനസ്സിലാക്കാന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച 'കേരള പഠനനം' വായിച്ചാല്‍ മതി. ഭാരിദ്ര്യം അനുഭവിക്കുന്നത് മുന്നാക്കക്കാര്‍ 14.2 ശതമാനവും പട്ടിക ജാതിക്കാര്‍ 38 ശതമാനവുമാണെന്നാണ് പ്രസ്തുത പഠനം പറയുന്നത്. മുന്നാക്കക്കാരിലുള്ളതിന്റെ രണ്ടര ഇരട്ടിയിലേറെ ശതമാനം പട്ടിണിക്കാര്‍ പട്ടിക ജാതിക്കാരിലുണ്ട്. കേരളത്തില്‍ നമ്പുതിരിമാരുടെ ജനസംഖ്യ 3 ശതമാനത്തോളമാണ്; പട്ടിക ജാതിക്കാരുടേത് 10 ശതമാനവും. ഇതനുസരിച്ച്, ശതമാനത്തില്‍ മാത്രമല്ല എണ്ണത്തിലും പട്ടിണിക്കാര്‍ കൂടുതലുള്ളത് പട്ടിക ജാതിക്കാരിലാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. നമ്പുതിരിമാരില്‍ ഒരു പട്ടിണിക്കാരനുള്ളപ്പോള്‍ പട്ടിക ജാതിക്കാരില്‍ എട്ട് പട്ടിണിക്കാരാണുള്ളത്. ഏ.കെ. ആന്റണിയെ സംബന്ധിച്ചിടത്തോളം എട്ടിനെക്കോള്‍ വലുതാണ് ഒന്ന്!). കടുത്ത മതവിശ്വാസിയല്ലാത്ത ഏ.കെ.ആന്റണിയെപ്പോലുള്ള ഒരു വ്യക്തിയുടെ മനസ്സു പോലും ഇങ്ങനെയാണെങ്കില്‍ വിമോചന സമരക്കാലത്ത് അവര്‍ണര്‍ക്കെതിരെ മുഷ്ടി ചുരുട്ടി 'പണ്ടത്തെപ്പണി ചെയ്യിക്കും; പാളേല്‍ കഞ്ഞി കുടിപ്പിക്കും; തമ്പ്രാനെന്നു വിളിപ്പിക്കും' എന്നു മുദ്രാവാക്യം മുഴക്കിയ സവര്‍ണ ക്രിസ്ത്യാനികളുടെ പാരമ്പര്യം പിന്‍പറ്റുന്ന സാധാരണ ക്രിസ്ത്യാനികളുടെ അയിത്ത മനസ്സിന്റെ അവസ്ഥയെന്തായിരിക്കും?
                    മലപ്പുറം ജില്ലയിലെ ഒരു പഞ്ചായത്താണ് ആനക്കയം. അവിടുത്തെ ഒരു വാര്‍ഡില്‍ മത്സരിച്ച വ്യക്തിയോട് (തെങ്ങുകേറ്റ ജോലിക്കാരന്‍) എതിര്‍പ്പാര്‍ട്ടിക്കാര്‍ മുദ്രാവാക്യത്തിലൂടെ ആക്രോശിച്ചത്, പഞ്ചായത്ത് ഭരിക്കാന്‍ ഞങ്ങളുണ്ടെന്നും നീ തെങ്ങു കേറാന്‍ പോയാല്‍ മതിയെന്നുമായിരുന്നു. സാമൂഹികമായി പട്ടിക ജാതിക്കാരുടെ അവസ്ഥയെക്കാള്‍ ഏറെ മെച്ചമായ പിന്നാക്കക്കാരോടുള്ള നിലപാട് പോലും ഇതാണെങ്കില്‍ പട്ടിക ജാതിക്കാരോടുള്ള പകയും വെറുപ്പും അയിത്ത ചിന്തയും എത്രമാത്രമുണ്ടാകുമെന്നു ഊഹിക്കാവുന്നതേയുള്ളൂ. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലക്കാട് ജില്ലയിലെ വിളയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍പ്പെട്ട പേരടിയൂര്‍ എന്ന സ്ഥലത്ത് ഞങ്ങള്‍ പോവുകയുണ്ടായി. അവിടെ ഏതാനും പേര്‍ മരിച്ചു. അവരെയൊക്കെ പാണന്മാര്‍ ഒടിച്ചുകൊന്നുവെന്നതായിരുന്നു പ്രചാരണം. പാണക്കുട്ടി രക്തം കൊടുക്കുക കാരണം രോഗിയായ കൃഷ്ണന്‍കുട്ടി എഴുത്തച്ഛന്റെ ചോര വെള്ളമായെന്നും ഇദ്ദേഹത്തെ സ്‌കാന്‍ ചെയ്യാനായി യന്ത്രത്തിനടിയില്‍ കിടത്തിയപ്പോള്‍ ശരീരത്തില്‍ പാണരക്തമുള്ളതിനാല്‍ യന്ത്രം നിലച്ചുപോയെന്നുമുള്ള കള്ളക്കഥകള്‍ വരെ പറഞ്ഞു പരത്തി. കാമ്പ്രത്താലിന്റെ ചോട്ടില്‍ വച്ച് നാട്ടുകൂട്ടം ചേര്‍ന്ന് പാണസമുദായക്കാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചു; തൊഴിലും കുടിവെള്ളവും നിഷേധിച്ചു. ഇക്കാര്യത്തില്‍ ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ല. കൃഷ്ണന്‍കുട്ടി എന്നു പേരായ ഒരു സഖാവ് ഈ തെമ്മാടിത്തത്തിനെതിരെ രംഗത്തു വരികയും വിഷയം പുറംലോകം അറിയുകയും ചെയ്തതിനു ശേഷമാണ് പാണസമുദായക്കാര്‍ക്ക് പേരടിയൂരില്‍ പേടിയില്ലാതെ ജീവിക്കാന്‍ സാധിച്ചത്.
                     ഇപ്പോള്‍ പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം ഗ്രാമത്തില്‍ നിന്നൊരു വാര്‍ത്ത വന്നിരിക്കുന്നു. അവിടെ അധികാരമേറ്റ പഞ്ചായത്ത് പ്രസിഡന്റ് ഓഫീസ് ശുദ്ധികലശം നടത്തിയെന്നാണ് 12.11.2010 ലെ 'ദേശാഭിമാനി'യും 15.11.2010 ലെ 'മാധ്യമ'വും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി പട്ടിക ജാതിക്കാരാണത്രെ അവിടെ പ്രസിഡണ്ടായിരുന്നത്. ഇതാണ് കാരണം. താന്‍ വിശ്വാസിയാണെന്നും അതനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്തതെന്നുമാണ് പ്രസിഡണ്ടിന്റെ വാദം. വിശ്വാസിയായാലും സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ വിശ്വാസം നടപ്പാക്കാന്‍ പാടില്ലല്ലോ. പത്ര വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഈ പ്രസിഡണ്ട് നടത്തിയത് കടുത്ത ശിക്ഷ ലഭിക്കേണ്ട കുറ്റകൃത്യമാണ്. അയിത്താചരണം നടത്തിയ ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ 'ദേശാഭിമാനി' യുടെ ഭാഗത്തും പാര്‍ട്ടിയുടെ ഭാഗത്തും കടുത്ത തെറ്റുണ്ട്. ഇത്രമാത്രം നിന്ദ്യവും നീചവും നികൃഷ്ടവുമായ പ്രവൃത്തിയുമായി ബന്ധപ്പെട്ടുള്ളൊരു വാര്‍ത്ത എന്തുകൊണ്ട് അവസാന പേജില്‍ ഒതുക്കി? എന്തുകൊണ്ട് ഒന്നാം പേജില്‍ വന്നില്ല? എന്തുകൊണ്ട് പത്രത്തില്‍ മുഖപ്രസംഗമെഴുതിയില്ല? എന്തുകൊണ്ട് ഇതൊരു വലിയ വിഷയമായി ഏറ്റെടുത്ത് പ്രക്ഷോഭങ്ങള്‍ നടത്തിയില്ല?
                  1998 ഓഗസ്റ്റില്‍ ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഒരു സംഭവമുണ്ടായി. അവിടുത്തെ ഒരു കോടതിയില്‍ പുതുതായി ചാര്‍ജ്ജെടുത്ത ഒരു ജഡ്ജി കോടതിമുറി ഗംഗാജലം തളിച്ച് ശുദ്ധികലശം നടത്തി. അവിടെ മുമ്പ് ജോലി ചെയ്തിരുന്ന ജഡ്ജി ഒരു പട്ടിക ജാതിക്കാരനായിരുന്നു. ഇതുകൊണ്ടാണ് ബ്രാഹ്മണനായ ജഡ്ജി കോടതിമുറി ശുദ്ധികലശം നടത്തിയത്. അയിത്തം കാണിച്ചയാളെ വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഒരു ജഡ്ജി തന്നെയാണ് ഇത്രയും നീചമായ പ്രവൃത്തി ചെയ്തത്! പക്ഷേ, ഇതൊന്നും പറഞ്ഞുകൂടാ; എഴുതിക്കൂടാ. പറയുകയും എഴുതുകയും ചെയ്താല്‍ ജാതിവാദിയാകും!!
.......................

10 comments:

hafeez said...

ജാതീയതയുടെ വേരുകള്‍ ഇപ്പോഴും മലയാളിയുടെ മനസ്സില്‍ ഉണ്ട്.
രാഷ്ട്രീയക്കാര്‍ ജാതിക്കെതിരെ പോരാടുമെന്ന് ഞാന്‍ കരുതുന്നില്ല. ഓരോ രാഷ്ട്രീയ പാര്‍ട്ടിയും അധികാരത്തിനു വേണ്ടിയാണു പ്രവര്‍ത്തിക്കുന്നത്. ഒരു സ്ഥലത്ത്‌ ജാതീയതയെ പിന്തുണക്കണോ വേണ്ടയോ എന്ന് അവര്‍ തീരുമാനിക്കുന്നത് ആധികാരത്തിലേക്കുള്ള വഴി ഏതാണ് എന്ന് അനുസരിച്ചിരിക്കും.
ആന്ധ്രയില്‍ റോസയ്യയെ മാറ്റാനുള്ള കാരണങ്ങളില്‍ ഒന്ന് റെഡ്ഢി അയാള്‍ സമുദായക്കരനല്ല എന്നതാണ്.

hafeez said...

പട്ടികജാതിക്കാരന്‍ ഇരുന്ന പഞ്ചായത്ത് പ്രസിഡന്റ് ഓഫീസ് ശുദ്ധികലശം നടത്തിയ ആളെ പുറത്താക്കി ഒരു ശുദ്ധികലശം കൂടി നടത്തണം. ഇത്തരം കാര്യങ്ങള്‍ക്കൊന്നും നമ്മുടെ സാംസ്കാരിക നായ(ക)ന്‍മാര്‍ പ്രതികരിക്കില്ല.

Unknown said...

nannayittundu.

faisu madeena said...

നന്നായിട്ടുണ്ട് ..

പാമരന്‍ said...

ഭീഗരം!

ആപ്പീസില്‍ ശത്രുസംഹാരപ്പൂജ ചെയ്ത ചേട്ടായി സര്‍വീസില്‍ തിരികെ കേറിയതേ ഉള്ളൂ..

സുശീല്‍ കുമാര്‍ said...

എ കെ ആന്റണി ഒരു മരമണ്ടന്‍ രഷ്ട്രീയക്കാരനാണെന്ന് ശങ്കരേട്ടന്‍ കരുതിയോ? നമ്പൂതിരിമാരുടെ യോഗത്തിനുചെന്ന് പുലയന്റെയും ചെറ്മന്റെയും തിയ്യന്റെയും കമ്ര്യം പറഞ്ഞാല്‍ പിന്ന് അടുത്ത പരിപാടിക്കാര്‌ വിളിക്കും? കാറ്റുള്ളപ്പോള്‍ തൂറ്റണമെന്നത് കാറ്റിനൊപ്പിച്ച് തൂറ്റണമെന്നുമാകാം.

"വിശ്വാസിയായാലും സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ വിശ്വാസം നടപ്പാക്കാന്‍ പാടില്ലല്ലോ."

ഏട്ടിലെ പശു പുല്ലുതിന്നിരുന്നെങ്കില്‍ നമ്മുടെ പാടത്തെപുല്ലെല്ലാം എന്നേ തീര്‍ന്നുപോയേനെ. ശാബരിമല സീസണായല്ലോ? ഇനി റേയില്‍ വേ സ്റ്റേഷനുകളിലും KSRTC സ്റ്റേഷനിലും ഒന്ന് പോയി നോക്കിയാല്‍ മതി.

റോക്കറ്റ് വിടും മുമ്പ് തേങ്ങയുടേയ്ക്കണമെന്നോ, ISRO ചെയര്‍മാനായി നിയമനം കിടിയാലുടനെ ഗുരുവായൂരില്‍ തുലാഭാരം നടത്തണമെന്നോ ഏതെങ്കിലും നിയമത്തില്‍ ഉണ്ടോ?

ശ്രീജിത് കൊണ്ടോട്ടി. said...

ആ പഞ്ചായത്ത് പ്രസിഡന്റിന്റെ തലയില്‍ ചാണകം തളിക്കണം, അല്ലെങ്കില്‍ എന്റൊസള്‍ഫാന്‍ ആയാലും മതി..

ശങ്കരനാരായണന്‍ മലപ്പുറം said...
This comment has been removed by the author.
ശങ്കരനാരായണന്‍ മലപ്പുറം said...
This comment has been removed by the author.
ആസാദ്‌ said...

shankaran chetta, vaayichu.. innum avasthakku maatamonnumillla.. kaaryam manazzilaakki randu perenkilum nannaayaal athrayum aayi..