My Blog List

Thursday, December 09, 2010

ജാതിയും ജാതിപ്പേരും ജാതി സംവരണവും കുറച്ച് മതവും


ശങ്കരനാരായണന്‍ മലപ്പുറം   

      ശ്രീജിത്ത് കൊണ്ടോട്ടിയുടെ http://sreejithkondotty.blogspot.com/ ബ്‌ളോഗില്‍ ഒരു ഇക്ബാല്‍ മേനോന്റെ കാര്യവും മറ്റു ചില കാര്യങ്ങളും പരാമര്‍ശിച്ച് ഒരഭിപ്രായമെഴുതിയിരുന്നു. അതിന് ശ്രീ: ശ്രീജിത്ത് കൊണ്ടോട്ടി  മറുപടിയും എഴുതുകയുണ്ടായി. അതിനുള്ള മറുപടി അല്‍പം വിശദീകരിക്കണമെന്നു തോന്നി. ആ വിശദീകരണമാണിത്.
           കേരളത്തില്‍ നിന്നു ആഫ്രിക്കയില്‍ പോയി മുസ്ലീമായിട്ടും പേരിലെ ജാതിപ്പേര്‍ നിലനിര്‍ത്താന്‍ വാശികാണിച്ച മനസ്സിനെ തുറന്നു കാണിക്കാനാണ് ഞാന്‍ ഈ പേര് പരാമര്‍ശിച്ചത്. എന്നു കരുതി ഈ വ്യക്തി മോശക്കാരനാണെന്ന അഭിപ്രായമൊന്നുമില്ല. പേരിന്റെ കൂടെ ജാതിപ്പേരുണ്ടോ എന്നതു നോക്കിയല്ല ഞാന്‍ ആളുകളെ വിലയിരുത്താറ്. 'സി.ആര്‍.നീലകണ്ഠന്‍ നമ്പൂതിരി എന്ന നമ്പൂതിരി' എന്ന തലക്കെട്ടില്‍ ഞാനൊരു കുറിപ്പ് 2003 ഫെബ്രുവരി ലക്കം 'സമീക്ഷ' യില്‍ എഴുതിയിരുന്നു. അതിനെത്തുടര്‍ന്ന് മറ്റു ചിലരും ഈ വിഷയം ഏറ്റുപിടിച്ചു. ചിലര്‍ നമ്പൂതിരി സമുദായക്കാരെ മൊത്തം അക്ഷേപിച്ചുകൊണ്ടാണ് എഴുതിയിരുന്നത്. ഇങ്ങനെയും ചിലരുണ്ട്. ഇത്തരക്കാരുടെ നിലപാടുകളെ ഞാനൊരിക്കലും അംഗീകരിക്കുന്നില്ല. ഇതൊക്കെക്കൊണ്ടുതന്നെയാണോ എന്നറിയില്ല അദ്ദേഹം പേരില്‍ നിന്നു ജാതിപ്പേര്‍ ഒഴിവാക്കി. ഞാന്‍ അദ്ദേഹത്തെ വിമര്‍ശിച്ചത് പേരിന്റെ കൂടെ നമ്പൂതിരി ഉണ്ടായതുകൊണ്ടായിരുന്നില്ല. മലപ്പുറം ജില്ലയിലെ പാണ്ടിക്കാടിനടുത്തുള്ള ഏറിയാട്ട് മനയില്‍ 2002 ഡിസബര്‍ 30 ന് കൂടിയ 'നമ്പൂതിരി സംഗമ'ത്തില്‍ പങ്കെടുത്തതുകൊണ്ടുമായിരുന്നില്ല. സംവരണ വിഷയത്തില്‍ അദ്ദേഹം 2002 മെയ് ലക്കം 'സൂചകം' മാസികയില്‍ പ്രകടിപ്പിച്ച ഒരഭിപ്രായം അദ്ദേഹത്തിന് നമ്പൂതിരി താല്‍പര്യം ഉണ്ടെന്നു തെളിയിക്കുന്നതായിരുന്നു. ഇതുകൊണ്ടാണ് ഇത്തരമൊരു കുറിപ്പ് ഞാന്‍ 'സമീക്ഷയില്‍' എഴുതിയത്.
      ജാതിപ്പേരുള്ളവരെല്ലാം മോശക്കാരാണെന്ന അഭിപ്രായം എനിക്കില്ല. ജാതിപ്പേര്‍ ഇല്ലാത്തവരും ഒഴിവാക്കിയവരും ജാതിചിന്ത ഇല്ലാത്തവരുമാെണന്ന അഭിപ്രായവും ഇല്ല. എന്‍.എസ്.എസ്.സ്ഥാപക നേതാവ് മന്നത്തു പത്മനാഭന്‍ തന്റെ പേരിന്റെ കൂടെയുണ്ടായിരുന്ന 'പിള്ള' ഒഴിവാക്കിയിരുന്നു. പക്ഷേ, ഇതുകൊണ്ട് അദ്ദേഹത്തിന്റെ ജാതി താല്‍പര്യം പോയി എന്നു പറയാന്‍ ഒരിക്കലും പറ്റില്ല. 'ഈഴവര്‍ പന്നി പെറ്റു പെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണ്. അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും ക്ഷേത്ര പ്രവേശനവും നല്‍കിയത് പുന:പരിശോധിക്കണം' എന്നു പറഞ്ഞതും 'ചാത്തന്‍ പുലയന്‍ മന്ത്രിയായിരിക്കുന്ന നാട്ടില്‍ ജീവിക്കുവാന്‍ സാധ്യമല്ല'(ഐക്യ കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ പട്ടിക ജാതിക്കാരനായ മന്ത്രിയായിരുന്നു ഈ വ്യക്തി) എന്നു പറഞ്ഞതും ( കുമ്പളം ചിറയില്‍ സി.വാസവപ്പണിക്കര്‍ എഴുതിയ 'സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍' എന്ന കൃതി-രണ്ടാം പതിപ്പ്, 1976 ജൂലൈ, പേജ് 385, പേജ് 387) മന്നത്ത് പത്മനാഭന്‍ തന്നെയാണ്. 
           നേരെമറിച്ച് എ.കെ.ജി എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന കേരളത്തിന്റെ പ്രിയ സഖാവ് എ.കെ.ഗോപാലന്‍ നമ്പ്യാര്‍ (വിപ്‌ളവ കേരളം വളരെ അപൂര്‍വ്വമായിക്കണ്ട പ്രാക്ടിക്കല്‍ കമ്മ്യൂണിസ്റ്റുകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു ഈ വിപ്‌ളവകാരി) അദ്ദേഹത്തിന്റെ പേരില്‍ നിന്നു 'നമ്പ്യാര്‍' മുറിച്ചു മാറ്റി. പേരില്‍ നിന്നു മാത്രമല്ല മനസ്സില്‍ നിന്നും മുറിച്ചു മാറ്റി. ചുമന്ന റിബ്ബണ്‍ മാലയിട്ട് ഇന്‍കുലാബ് വിളിച്ച് സുശീല എന്ന ഈഴവ സ്ത്രീയെ കല്യാണം കഴിച്ചു. ഇതു പേരില്‍ നിന്നു ജാതിപ്പേര്‍ ഒഴിവാക്കിയവരുടെ കാര്യം. ഇനി പേരില്‍ ജാതിപ്പേര്‍ ചേര്‍ത്തിരുന്നവരുടെ കാര്യം പറയട്ടെ.
           പുലയരുടെ സ്‌കൂള്‍ പ്രവേശനത്തിനെതിരെ ശബ്ദിച്ച, മുക്കുവ സമുദായക്കാരനായ പണ്ഡിറ്റ് കെ.പി. കറുപ്പന്‍ എന്ന വിപ്‌ളവ കവിയെയും ഈഴവനായ സരസകവി മൂലൂര്‍ എസ്. പന്മനാഭപ്പണിക്കരെയും ജാതി പറഞ്ഞ് ആക്ഷേപിച്ച (കൂടുതല്‍ വിവരങ്ങള്‍ക്ക് ഞാന്‍ 24.09.2010 ല്‍ എഴുതിയ പോസ്റ്റ്- സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ സ്വജാത്യാഭിമാന ചിന്തകള്‍- വായിക്കുക) സ്വദേശാഭിമായി രാമകൃഷ്ണപ്പിള്ള 'സ്വജാത്യാഭിമാനി' യാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ പുലയര്‍ക്ക് സ്‌കൂള്‍ പ്രവേശനം നല്‍കി ഉത്തരവിറക്കിയ രാജഗോപാലാചാരി ബ്രാഹ്മണനും 'ആചാരി' യുമായിരുന്നു. അധ:സ്ഥിത ജനവിഭാഗങ്ങളോട് വളരെയേറെ സ്‌നേഹമുള്ള വ്യക്തിയായിരുന്നു ഈ ബ്രാഹ്മണന്‍. മഹാത്മാ അയ്യന്‍കാളിയെ പ്രജാമൂലം സഭയില്‍ അംഗമാക്കിയത് ഇദ്ദേഹമാണ്. സ്വദേശാഭിമാനിയുടെ 'സ്വജാത്യാഭിമാന' ത്തിനെതിരെ രംഗത്തു വന്ന, പേരിന്റെ കൂടെ ജാതിപ്പേരുള്ള രണ്ട് മഹാത്മാക്കളാണ് കൈതമുക്കില്‍ പരമേശ്വരന്‍ പിള്ളയും കൊച്ചിയിലെ ടി.കെ.കൃഷ്ണമേനോനും. പേരിന്റെ കൂടെ ജാതിപ്പേരുണ്ടെങ്കിലും മനസ്സില്‍ നിന്നു ജാതി ഒഴിവാക്കിയ ഇവര്‍ കറകളഞ്ഞ മനുഷ്യ സ്‌നേഹികള്‍ തന്നെയായിരുന്നു. 24.09.2010 ന് എഴുതിയ പോസ്റ്റ് ഞാന്‍ സമര്‍പ്പിച്ചിരുന്നത് ഈ മൂന്നു വ്യക്തികള്‍ക്കുമായിരുന്നു (പോസ്റ്റിലെ ഒന്നാമത്തെ കമന്റ് വായിക്കുക).
ആരു പറയുന്ന എന്നല്ല എന്തു പറയുന്നു എന്നു തന്നെയാണ് നോക്കേണ്ടത്. എന്റെ കാര്യത്തില്‍ ഞാന്‍ ഇതുതന്നെയാണ് നോക്കാറുള്ളത്. ഞാന്‍ പണ്ടും ഇന്നും നക്‌സലേറ്റ് അല്ല. അവരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുമില്ല. അവരുടെ നയങ്ങളോട് യോജിപ്പുമില്ല. എങ്കിലും പണ്ട് നക്‌സലേറ്റായിരുന്ന കെ.വേണുവിനെ ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നു. അദ്ദേഹം പത്രാധിപരായ 'സമീക്ഷ' യില്‍ എന്റെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതുകൊണ്ടല്ല ഈ സ്‌നേഹം. മാനവികതയുടെ കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ച സത്യസന്ധമായ നിലപാടുകളുടെ അടിസ്ഥാനത്തിലാണ്. ഇന്നലെ ഞാന്‍ തൃശ്ശൂരില്‍ പോയിരുന്നു. രണ്ടു കാര്യങ്ങള്‍ക്കായിരുന്ന പോയിരുന്നത്. അതിലൊന്ന് രോഗിണിയായ മണിച്ചേച്ചിയെ (കെ.വി.യുടെ ഭാര്യ) കാണുക എന്നതായിരുന്നു. അവര്‍ അനിയത്തിയുടെ വീട്ടിലേക്ക് പോവുക കാരണം അവരെ കാണാന്‍ സാധിച്ചില്ല. എങ്കിലും കെ.വി.യുമായി പല കാര്യങ്ങളും സംസാരിച്ച് ഞാന്‍ നാട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തി 'നൊസ്റ്റാള്‍ജിയ' നോക്കിയപ്പോഴാണ് ശ്രീജിത്തേട്ടന്റെ കമന്റ് കണ്ടത്. അതു വായിക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറയെ കെ.വി.യും കെ.വി.യുടെ കുടുംബവുമായിരുന്നു. ശ്രീജിത്തേട്ടാ കെ.വേണു നായരാണ്. നായരായ കെ.വേണുവിനെ ഞാന്‍ ഇഷ്ടപ്പെടുന്നതുപോലെ നായരല്ലാത്ത എന്നെ കെ.വി.യും ഇഷ്ടപ്പെടുന്നുണ്ട്. മാനവികതയുടെ കാര്യത്തില്‍ കെ.വേണു നാവുകൊണ്ട് പറയുന്നതും പേനകൊണ്ട് എഴുതുന്നതും തീര്‍ത്തും സത്യസന്ധമായിത്തന്നെയാണ്. കെ.വി.യുടെ ഭാര്യ മണിച്ചേച്ചി നായരല്ല. അവര്‍ണ സമുദായക്കാരിയും അതേ സമയം കര്‍ഷകത്തൊഴിലാളിയുമായിരുന്നു. മകന്‍ അനൂപ് കല്യാണം കഴിച്ചത് ഈഴവ സ്ത്രീയെയാണ്. രണ്ടാമത്തെ മകന്‍ അരുണിന് ജീവിത പങ്കാളിയായി കണ്ടെത്തിയത് ഒരു പാവം ദലിത് പെണ്‍കുട്ടിയെയാണ്. ജാതിക്കെതിരെ പ്രസംഗിക്കുന്ന 99 ശതമാനത്തിലേറെപ്പേരുടെയും (അവര്‍ ആരായാലും കമ്മ്യൂണിസ്റ്റായാലും കോണ്‍ഗ്രസ്സായാലും ബി.ജെ.പി.യായാലും നക്‌സലേറ്റായാലും സ്ത്രീ-പുരുഷ സമത്വവാദിയായാലും യുക്തിവാദിയായാലും) ജാതിവിരോധ പ്രസംഗങ്ങള്‍ വെറും ഗീര്‍വാണങ്ങള്‍ മാത്രമാണ്.
               മുസ്ലീങ്ങളിലെ ജാതിയെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. ഇതേക്കുറിച്ചൊരു കാര്യം മാത്രം പറയട്ടെ. ഞാന്‍ മുമ്പ് എഴുതിയ ഒരു കുറിപ്പിന്റെ തലക്കെട്ട് 'ഒസ്സാന്റെ ദു:ഖം കണ്ടാല്‍ പൊലയന്റെ വേദന മാറില്ല' എന്നായിരുന്നു. ഖുര്‍ ആനിലുള്ള എന്റെ പരിമിതമായ അറിവു വച്ചു പറഞ്ഞാല്‍ കേരളത്തില്‍ മുസ്ലീങ്ങളുടെ ജനസംഖ്യ രണ്ടു ശതമാനം വരില്ല എന്നാണ് എന്റെ അഭിപ്രായം. പിന്നാക്കക്കാരോടും, ദലിതരോട് പ്രതേ്യകിച്ചുമെടുക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണെങ്കില്‍ കേരളത്തിലുണ്ടെന്ന് പറയുന്ന മുസ്ലീങ്ങള്‍ ഒരു പ്രതേ്യക ജനവിഭാഗമാണ്. നായന്മാര്‍ക്ക് ഒരിഞ്ച് അടുത്തും തിയ്യന്മാര്‍ക്ക് ഒരു മൈല്‍ അകലെയും ഉള്ള ഒരുതരം പ്രതേ്യക ജാതി. മുസ്ലീം ആചാരങ്ങളൊക്കെ നടത്തുന്നുണ്ട് എന്നതു ശരി തന്നെ. പക്ഷേ, മനസ്സ് മുകളില്‍ സൂചിപ്പിച്ച പ്രതേ്യക ജാതിയുടേതു തന്നെയാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുസ്ലീം ലീഗ് (അവര്‍ക്കും കുറെയേറെ ന്യൂനതകളുണ്ട്) പോലുള്ള ഏതാനും സംഘടനകളെ ഒഴിവാക്കിയാല്‍ വലിയ വായില്‍ സംസാരിക്കുന്ന മറ്റെല്ലാ മുസ്ലീം സംഘടനകള്‍ക്കും അവരുടേതായ ഹിഡണ്‍ അജണ്ടകളുണ്ട്. മുകുന്ദന്‍ സി.മോനോന്റെയും മറ്റും തീവ്ര ദലിത്‌വാദം കാപട്യമാണെന്നും അത് ദലിതര്‍ക്ക് ദോഷം ചെയ്യുമെന്നും ഞാന്‍ പലരോടും പറഞ്ഞിട്ടുണ്ട്. ദലിതരും പിന്നാക്കക്കാരും അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടത് സ്വന്തം നിലപാടുതറയില്‍ നിന്നുകൊണ്ടു തന്നെ വേണം. ഇതിനുവേണ്ടി തീവ്രവാദ സംഘടനകളോട് സഹകരിക്കരുതെന്നു മാത്രമല്ല അവരുമായി സംസാര ബന്ധം പോലും പാടില്ല എന്ന ഉറച്ച നിലപാടാണ് എനിക്കുള്ളത്. എന്റെ എഴുത്തിന്റെ മുഖ്യ വിഷയത്തെ അടിസ്ഥാനമാക്കി എന്നെക്കുറിച്ച് മറിച്ചെന്തെങ്കിലും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ ആ ചിന്ത ഉപേക്ഷിച്ച് അവര്‍ അവരുടെ വഴി നോക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
       ശ്രീജിത്തേട്ടന്‍ പറഞ്ഞമാതിരി സവര്‍ണ ജാതിയില്‍ ജനിച്ചവരെയെല്ലാം ഞാന്‍ ശത്രുക്കളായി കണക്കാക്കുന്നില്ല. സവര്‍ണരെയല്ല സവര്‍ണ പ്രത്യയശാസ്ത്രത്തെ മാത്രമേ ഞാന്‍ എതിര്‍ക്കുന്നുള്ളൂ. പൂണൂല്‍ മാറ്റിയെന്നു കരുതി ജാതി താല്‍പര്യം പോകണമെന്നില്ല. വൈശ്യനായ ഗാന്ധിജി പൂണൂല്‍ ഇട്ടിരുന്നില്ലല്ലോ. പക്ഷേ, ജാതി വ്യവസ്ഥ ശരിയും ശാസ്ത്രീയവും ദൈവീകവുമാണെന്ന നിലപാടല്ലേ അദ്ദേഹത്തിനുണ്ടായിരുന്നത്? ഗാന്ധിജിക്ക് ഒട്ടേറെ മഹത്വങ്ങളുണ്ടെങ്കിലും തോട്ടിയുടെ മകന്‍ തോട്ടിപ്പണി തന്നെ ചെയ്യണമെന്ന് പറയുന്ന ഗാന്ധിസത്തോട് ശ്രീജിത്തേട്ടന് യോജിക്കുവാന്‍ പറ്റുമോ? (ഈ വിഷയത്തില്‍ ഗാന്ധിജിയ്ക്കുണ്ടായിരുന്ന നിലപാടുകളെ വിശദീകരിച്ച് ഞാന്‍ 08.10.2008 ല്‍ എഴുതിയ പോസ്റ്റ്-ഗാന്ധിസത്തിന്റെ മറുവശവും കുട്ടികള്‍ പഠിക്കട്ടെ- വായിക്കുക). 
    പല വ്യക്തികളെയും വിമര്‍ശിച്ച് ഞാന്‍ ലേഖനങ്ങളെഴുതിയിട്ടുണ്ട്. ഇതില്‍ ഈ.എം.എസ്.നമ്പൂതിരിപ്പാടിനെ വിമര്‍ശിച്ചാണ് കൂടുതല്‍ എഴുതിയിട്ടുള്ളത്. സഖാവ് എ.കെ.ജി.യെ അംഗീകരിക്കുമ്പോള്‍ തന്നെ ഈ.എം.എസി.നെ അംഗീകരിക്കാതിരിക്കുന്നത് അദ്ദേഹം പേരിന്റെ കുടെ ജാതിപ്പേര്‍ ചേര്‍ത്തതുകൊണ്ടല്ല. സാമൂഹിക വിഷയത്തിലുള്ള അദ്ദേഹത്തിന്റെ നിലപാടുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. 
    ഞാനൊരു എഴുത്തുകാരനായതും എനിക്കൊരു ബ്‌ളോഗുണ്ടാക്കാന്‍ സാധിച്ചതും ബ്‌ളോഗിങ്ങിലൂടെയെങ്കിലും ശ്രീജിത്തേട്ടനെപ്പോലെയുള്ളവരുമായി ആശയ വിനിമയം നടത്താന്‍ സാധിച്ചതും എന്റെ വീട്ടില്‍ ഇപ്പോള്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉണ്ടായതുകൊണ്ടല്ല. ഇതൊന്നും എനിക്ക് ജന്മനാ കിട്ടിയ സൗകര്യങ്ങളല്ല. കാര്‍ഷിക ജോലികളും മറ്റും ചെയ്തിരുന്ന വള്ളിയുടെയും തെങ്ങുകേറ്റക്കാരനും കള്ളുചെത്തുകാരനുമായിരുന്ന തെയ്യുണ്ണിയുടെയും മകനായ ശങ്കരനാരായണന് ഇതിനെല്ലാം സാധിച്ചത് ശങ്കരനാരായണന് ഒരു സര്‍ക്കാരുദേ്യാഗസ്ഥനാകാന്‍ സാധിച്ചതുകൊണ്ടു മാത്രമാണ്. (ഇതിനര്‍ത്ഥം ഉദേ്യാഗസ്ഥന്മാര്‍ക്കേ ബ്‌ളോഗ് തുടങ്ങാന്‍ സാധിക്കൂ എന്നല്ല. 'ചെത്തുകാരന്‍ വാസു' എന്ന പേരിലും ഒരു ബ്‌ളോഗറുണ്ടല്ലോ!) 
           'കുലത്തൊഴില്‍' തന്നെ ചെയ്യുകയായിരുന്നെങ്കില്‍ എനിക്കിതിനൊന്നും സാധിക്കുമായിരുന്നില്ല. എനിക്ക് ഉദേ്യാഗം കിട്ടിയത് ഞാന്‍ പി.എസ്.സി.പരീക്ഷയെഴുതി വലിയ മാര്‍ക്ക് വാങ്ങിയതുകൊണ്ടാണ് എന്ന അഹംഭാവം എനിക്കില്ല. സംവരണം ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് എനിക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്ററായി ഉദേ്യാഗം ലഭിച്ചത്. മറ്റു പല സംവരണ സമുദായക്കാരും വലിയ ഗീര്‍വാണങ്ങളടിക്കാറുണ്ടെങ്കിലും സംവരണം എന്ന അവകാശത്തിലൂടെയാണ് അവരില്‍ മിക്കവരും ജോലി നേടിയത് എന്നതാണ് സത്യം.
         കേരള ശാസ്ത്ര പരിഷത്ത് 2006 ല്‍ ഇറക്കിയ 'കേരള പഠന' ത്തില്‍ ഒരു കാര്യം പ്രതേ്യകം പറയുന്നുണ്ട്. അതിങ്ങനെ: '' ജാതി, മത അടിസ്ഥാനത്തില്‍ നോക്കിയാല്‍ സവര്‍ണ്ണ ഹിന്ദു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജനസംഖ്യാനുപാതികമായി അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പങ്കു കിട്ടുന്നുണ്ട്''
        ശ്രീജിത്തേട്ടന്‍ സവര്‍ണനായാലും അവര്‍ണനായാലും ശരി കുറച്ചുനേരം വെറും മനുഷ്യനായി (ഇതിനര്‍ത്ഥം താങ്കള്‍ ഇപ്പോള്‍ മനുഷ്യനായി ചിന്തിക്കാത്ത വ്യക്തിയാണെന്ന് ധരിച്ചതുകൊണ്ടാണെന്നു തെറ്റിദ്ധരിക്കരുത്) ചിന്തിക്കുക. എന്നിട്ട് 2006 ല്‍ നിന്ന് 48 വര്‍ഷം പിറകോട്ട് പോയി 1958 ലെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുക. 2006 ല്‍ ഇതാണ് അവസ്ഥയെങ്കില്‍ 1958 ല്‍ പട്ടിക ജാതിക്കാരുടെയും പിന്നാക്കക്കാരുടെയും ഉദേ്യാഗ പ്രാതിനിധ്യത്തിന്റെ കാര്യം നാമമാത്രമായിരിക്കുമെന്ന് ഏതു പൊട്ടനും മനസ്സിലാകുന്ന കാര്യം താങ്കള്‍ക്ക് മനസ്സിലാകാതിരിക്കില്ലല്ലോ. എന്നിട്ടും, 1958 ല്‍ തന്നെ പിന്നാക്കക്കാര്‍ക്കുള്ള സംവരണം നിര്‍ത്തലാക്കണമെന്നു പറയുന്നതിലെ താല്‍പര്യം എന്താണെന്ന് ഞാന്‍ പറയാതെ തന്നെ താങ്കള്‍ക്കു ബോധ്യമാകില്ലേ?
      ഇങ്ങനെ ആവശ്യപ്പെട്ട വ്യക്തി അന്ന് മുഖ്യമന്ത്രിയായിരുന്ന ഈ.എം.എസ്.നമ്പൂതിരിപ്പാടാണ്. ഈ.എംഎസ്.അദ്ധ്യക്ഷനായി 1957 ല്‍ രൂപീകരിച്ച 'ഭരണ പരിഷ്‌കാരക്കമ്മറ്റി റിപ്പോര്‍ട്ടി' ല്‍ ഈ.എം.എസ്.ഇങ്ങനെ (അദ്ധ്യായം 10, ഖണ്ഡിക 7,8) അഭിപ്രായപ്പെട്ടു: ''......ഇപ്രകാരമുള്ള സംവരണം സര്‍വ്വീസിന്റെ വൈശിഷ്ട്യത്തെയും നിലവാരത്തെയും അനിവാര്യമായി ക്ഷയോന്മുഖമാക്കിത്തീര്‍ക്കുന്നു. എന്തായാലും ഏറ്റവും ഗൗരവാവഹമായ സംഗതി ഈ ഏര്‍പ്പാട് എല്ലാ സമുദായങ്ങളിലും ജാതിയും സാമുദായിക ചിന്തയും ശാശ്വതമാക്കുന്ന ഒരു മാനസിക പ്രവണത സംജാതമാക്കുന്നു എന്നുള്ളതാണ്... ഇതു സംബന്ധിച്ച് ഞങ്ങള്‍ ഉറപ്പിച്ചു പറയുവാന്‍ ആഗ്രഹിക്കുന്ന ഒരു സംഗതി ഇന്റര്‍മീഡിയറ്റ് ലെവലില്‍ പിന്നോക്ക സമുദായങ്ങള്‍ക്കു സംവരണം അനുവദിച്ചിട്ടുള്ള ചട്ടം നടപ്പില്‍ വരുത്തരുതെന്നാണ്. ഭരണസംവിധാനത്തിലെ ഉന്നതവും ഉത്തരവാദിത്വവുമുള്ള ഉദേ്യാഗങ്ങളിലേക്ക് യോഗ്യതയുള്ളവരുടെ സേവനം ലഭിക്കുന്നതിനുവേണ്ടിയുള്ള നിയമനങ്ങളുടെ ലക്ഷ്യം തന്നെ അതു പ്രയോജന രഹിതമാക്കും''
ഇതേ 'യോഗ്യതാ വാദം' തന്നെയാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പിന്നാക്കക്കാര്‍ക്ക് സംവരണം നടത്തുന്നതിനെതിരെ സുഷ്മാ സ്വരാജിന്റെ കുട്ടികള്‍ ഉന്നയിച്ചിരുന്നത്. അന്ന് ടി.വി.യില്‍ ഇതു സംബന്ധച്ച് നടന്ന ഒരു സംവാദത്തില്‍ ഡി.വൈ.എഫ്.ഐ.നേതാവ് എം.സ്വരാജ് പങ്കെടുത്തിരുന്നു. സുഷ്മാ സ്വരാജിന്റെ കുട്ടികളുടെ വാദത്തെ സവര്‍ണ-സമ്പന്നരുടെ വാദം എന്നാണ് ജന്മം കൊണ്ടെങ്കിലും നായരായ സ്വരാജ് വിശേഷിപ്പിച്ചത്. ഞാന്‍ സ്വരാജിനെ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഇത്തരമൊരു വാദം 1958 ല്‍ തന്നെ ഈ.എം.എസ്. നടത്തിയിട്ടുണ്ടെന്നും പറഞ്ഞു. എന്നെ വിശ്വാസമില്ലെങ്കില്‍ 'ഭരണ പരിഷ്‌കാരക്കമ്മറ്റി റിപ്പോര്‍ട്ട്' വായിക്കുവാന്‍ പറയുകയും ചെയ്തു.
          ഈ നിര്‍ദ്ദേശത്തിലെ സവര്‍ണ്ണ താല്‍പര്യത്തെ ചോദ്യം ചെയ്ത് 'കേരള കൗമുദി' പത്രാധിപര്‍ കെ. സുകുമാരന്‍ നടത്തിയ ചരിത്ര പ്രസിദ്ധമായ ' കുളത്തൂര്‍ പ്രസംഗം' കേരളത്തില്‍ സജീവ ചര്‍ച്ചയ്ക്ക് വരികയും പ്രശ്‌നത്തില്‍ പാര്‍ട്ടി ഇടപെടുകയും മേല്‍ നിര്‍ദ്ദേശം നടപ്പിലാക്കേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. ഈ.എം.എസിന്റെ ഈ നിര്‍ദ്ദേശത്തെ പാര്‍ട്ടി അംഗീകരിച്ചിരുന്നുവെങ്കില്‍ 'ശങ്കരനാരായണന്‍ മലപ്പുറം' എന്നൊരു വ്യക്തിയുണ്ടാകുമായിരുന്നില്ല എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഈ.എം.എസ്. ഈ നിര്‍ദ്ദേശത്തെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല ഇടയ്ക്കിടക്ക് ' കുളത്തൂര്‍ പ്രസംഗ' തള്ളിപ്പറയുകയും ചെയ്തു. സാമ്പിക സംവരണ വാദവും പ്രസ്തുത റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ.എം.എസിന്റെ ഈ നിലപാടിനെ സി.പി.ഐ.നേതാവും പേരിന്റെ കൂടെ ജാതിപ്പേര്‍ ചേര്‍ക്കാത്ത സവര്‍ണനുമായ എന്‍.ഇ.ബാലറാം ചോദ്യം ചെയ്തിട്ടുണ്ട്.
         ഈ.എം.എസിന് മറ്റൊരുപാട് മേന്മകളുണ്ടായിരിക്കാം. പക്ഷേ, സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം വ്യക്തിപരമായി എടുത്ത നിലപാട് സവര്‍ണ അനുകൂല നിലപാടു തന്നെയായിരുന്നു. വര്‍ഗ സിദ്ധാന്തത്തിന്റെ മറവില്‍ (അറിഞ്ഞോ അറിയാതെയോ) വര്‍ണ സിദ്ധാന്തമാണ് പാര്‍ട്ടി കൈക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ സംവരണ നയം തെറ്റാണെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ തലപുകഞ്ഞ് ആലോചിക്കേണ്ടതില്ല. പാര്‍ട്ടിയുടെ സംവരണ നയത്തെ പി.കെ.നാരാണപ്പണിക്കര്‍ പലപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ട്. മറ്റൊരു തെളിവും ആവശ്യമില്ല.
           ഒരോ രാജ്യത്തിനും ഓരോ പ്രതേ്യകതകളുണ്ട്. അതനുസരിച്ചാകണം നയങ്ങള്‍ രൂപപ്പെടുത്തേണ്ടത്. ഇതനുസരിച്ചല്ല ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നയം രൂപീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണിത്. ഇതുകൊണ്ടുതന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ വളരാതിരിക്കുന്നതും. പ്രകാശ് കാരാട്ട് പാര്‍ട്ടിയുടെ തലപ്പത്ത് വന്നതിനു ശേഷം ജാതി വിഷയത്തില്‍ ആശാവഹമായ പുരോഗതി കൈവന്നിട്ടുണ്ട് എന്നുകൂടി പറയട്ടെ. 
        ഈ.എം.എസ് 1958 ല്‍ പറഞ്ഞതും പിന്നീട് തള്ളിപ്പറയാതിരുന്നതുമായ ഈ വാദം സവര്‍ണ വാദമായി മാത്രമേ ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കും മാത്രമല്ല മാനവികതയില്‍ വിശ്വസിക്കുന്ന സവര്‍ണര്‍ക്കും കണക്കാക്കുവാന്‍ സാധിക്കുകയുള്ളൂ. ശ്രീജിത്തേട്ടന് ഈ നിലപാടിനോട് യോജിക്കുവാന്‍ സാധിക്കുകയില്ലെങ്കില്‍ ഈ വിഷയുമായി ബന്ധപ്പെട്ട ചര്‍ച്ച ഇതോടുകൂടി നിര്‍ത്താം-സൗഹാര്‍ദ്ദപരമായിത്തന്നെ.
..............................

17 comments:

സ്വം said...

നമ്പ്യാര്‍ എന്ന് SSLC ബൂകിലുണ്ട്
പുലയനും ,തീയനും , ചെട്ടിയും ,മണിയനിയും ഒക്കെ കൂട്ടായിരുന്നു
ജാതി തോന്നുകയോ മുറിക്കുകയോ ചെയ്തിട്ടില്ല,
പിന്നെപ്പോഴോ ഇസ്ലാമിലൂടെ നടക്കാന്‍ ശ്രമിച്ചു
ഇപ്പൊ മുസ്ലിം പെണ്ണിനെ ഉദരത്തിലുണ്ടായ കൊച്ചുങ്ങളുടെ പിതാവും
കുട്ടിക്കെന്തു ജാതി ശങ്കരനാരായണാ ??

hafeez said...

നല്ല ലേഖനം. ഒരല്പം വൈകാരികമായോ എന്ന് സംശയം..

Ajith said...

"ജാതിവ്യവസ്ഥയ്ക്ക് ആദര്‍ശമില്ല -ഉമാ ചക്രവര്‍ത്തി "

കോഴിക്കോട്: ജാതിവ്യവസ്ഥ ആദര്‍ശതലത്തില്‍ വരുന്ന കാര്യമല്ലെന്നും അത് തീര്‍ത്തും ഭൗതികവ്യവഹാരങ്ങളില്‍പ്പെടുന്നതാണെന്നും ചരിത്രാ ധ്യാപികയും ഗവേഷകയുമായ പ്രൊഫ. ഉമാ ചക്രവര്‍ത്തി പറഞ്ഞു.
'ജാതി, ലിംഗ ചിന്തകള്‍ ഫെമിനിസ്റ്റ് കാഴ്ചപ്പാടിലൂടെ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്റെ (ക്രസ്റ്റ്) ആഭിമുഖ്യത്തില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ അനുസ്മരണത്തിന്റെ ഭാഗമായാണ് പ്രഭാഷണം നടന്നത്.
ജാതി, വര്‍ഗം, ലിംഗപരത എന്നിവ വേര്‍തിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നതായി ഉമാചക്രവര്‍ത്തി ചൂണ്ടിക്കാട്ടി. സാമ്പത്തികമായും സാമൂഹികമായും ഇവ ഒന്നിച്ചുനില്‍ക്കുന്നു. മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ ജാതിയെ പരിഗണിക്കാതെ വര്‍ഗത്തെ മാത്രം അടിസ്ഥാനമാക്കി സമൂഹത്തെ വിലയിരുത്തിയതാണ് അവര്‍ക്ക് സംഭവിച്ച പരാജയം. ജാതി അടിസ്ഥാനത്തിലാണ് ജോലിയുടെ സ്വഭാവവും ആചാരശുദ്ധിയും തീരുമാനിക്കപ്പെട്ടത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെപ്പോലും നിര്‍ണയിച്ചിരുന്നത് ജാതിയാണ്. വിവാഹം ജാതിയുടെ നിയന്ത്രണത്തിലായിരിക്കണമെന്ന ശാഠ്യം ജാതിയെ അതേ രീതിയില്‍ പുനഃസൃഷ്ടിക്കാന്‍ വേണ്ടിയാണ് -ഉമാ ചക്രവര്‍ത്തി പറഞ്ഞു.
Link:
http://www.mathrubhumi.com/online/malayalam/news/story/664532/2010-12-09/kerala

ChethuVasu said...

ശങ്കരനാരായണന്‍ മാഷെ ....

ഞാന്‍ ശ്രീജിത്തിന്റെ ബ്ലോഗ്‌ വായിച്ചിട്ടില്ല ഇതെഴുമ്പോ, അതുകൊണ്ടു പശ്ചാത്തലം അത്ര വ്യക്തമല്ല ....
പിന്നെ വാസുവിന്റെ നാട്ടില്‍ ച്തന്നുള്ള തെങ്ങെല്ലാം കാറ്റുവീഴ്ച വന്നും മണ്ടരി വന്നും വംശനാശം വന്നതിനാല്‍ വാസു ചെത്തിന്റെ ലോകം പുതിയ മേഘലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ് ... അങ്ങനെ ഇപ്പൊ ഒരു ആധുനികോത്തര ചെത്തലിലാണ് വാസുവിന്റെ വയട്ടുപ്പിഴപ്പു ..! ഇപ്പൊ ചെത്തുന്ന ചെത്ത് ചെത്താന്‍ വാസുവിന് സംവരണം വേണ്ടി വന്നില്ല എന്നതും ഒരു നേര് ...

പിന്നെ ജാതിപ്പെരുല്ലവരെല്ലാം അപ്പാടെ മോശക്കാരാണെന്ന് വാസുവിനും അഭിപ്രായമില്ല ... ഒരു കാര്യം അവരുടെ പലരുടെയും ചിന്തകള്‍ ഉറക്കുന്നതിനു മുമ്പായിരിക്കും ആ പേരുകളില്‍ അവര്‍ അറിയപ്പെടാന്‍ തുടങ്ങിയത് തന്നെ ..അത് ഒരു പക്ഷെ ഒരു തുടര്‍ച്ചയും ആയിരിക്കാം ..

പക്ഷെ ഒന്നുണ്ട് .. ജാതിപ്പേര് എടുത്തു കളഞ്ഞ ഒരാള്‍ ജാതിയത ഇല്ലാതെ പെരുമാറുന്നത് ജാതിപ്പേര് വച്ച ഒരാള്‍ ജതീയതക്കെതിരായി പോരാടുന്നതിനെക്കളും മൂല്യവത്തയിരിക്കും.. ഒരു കാര്യം ഓര്‍ക്കണം ...ജാതിപ്പേര് വക്കുന്നത് കൊണ്ടു സമൂഹത്തിന്റെ ജാതെ=ഇബോധം കല്‍പ്പിച്ചു നല്‍കുന്ന അവകാശങ്ങള്‍ക്കും , സ്ഥാനമാനങ്ങള്‍ക്കും , അന്തസ്സിനും ഒക്കെ അയാള്‍ പത്രീഭൂടനായി ഭാവിക്കുന്നു ... ഇത് അത്തരം ആളുകള്‍ അറിയാഞ്ഞിട്ടല്ലലോ ... തനിക്കു നേരെ സമൂഹം നീട്ടുന്ന ബഹുമാനത്തിന്റെ കണക്കില്‍ തന്റെ ജാതിപ്പെരിനു ഒരു വലിയ സ്ഥാനമുല്‍ന്റെന്നും അറിയാത്തവര്‍ ആയിരിക്കില്ലാല്‍ ഈ മഹാന്മാര്‍ .. അറിഞ്ഞു കൊണ്ടു സമൂഹത്തിന്റെ ജീര്‍ണതിയില്‍ നിന്നും നീട്ടുന്ന ബഹുമാനത്തിന്റെയും സ്ഥാനമാനതിന്റെയും അന്തസ്സിന്റെയും അപ്പക്കഷണങ്ങള്‍ വാങ്ങി വിഴുങ്ങുന്നത് മോശം തന്നെയാണ് ...

പിന്നെ സംവരണം .. 1958 ഇല്‍ ഇത് ആവശ്യം അല്ല അത്യാവശ്യം തന്നെയായിരുന്നിരിക്കാം .. പക്ഷെ 2010 ഇല്‍ കുറഞ്ഞ പക്ഷം OBC കല്‍ക്കെങ്ങിലും ഇത് വേണ്ടെന്നു വയ്ക്കാവുന്നതാണ് ...ഇപ്പോഴും സര്‍ക്കാര്‍ സര്വിസ്സിലെ പ്രതിന്ധ്യക്കനക്ക് ആനുപാതികമല്ല എന്നത് ശരി തന്നെ .. പക്ഷെ ഇത് കുറച്ചു അധ്വാനക്കുരവിന്റെ ലക്ഷനമാനെന്നെ എനിക്ക് തോന്നിയിട്ടുള്ളൂ... അലസതയും മടിയും ബാധിച്ച ഒഴാപ്പന്മാരായി നടന്നാല്‍ എങ്ങനെ ജോലി തരപ്പെടും ... ബുദ്ധിപരമായി ഒരു കുറവും ഇപ്പരഞ്ഞവര്‍ക്കില്ലെന്നതിനു പ്രതീകം എന്തെഗിലും തെളിവ് വേണം എന്ന് തോന്നുന്നില്ല ..സാഹിത്യവും , ബുധിജീവിതവും തര്‍ക്കവും യുക്തിവാദവും ബ്ലോഗും തുടങ്ങി ബൌധികതയുറെ സകല മണ്ഡലങ്ങളിലും മുങ്ങിക്കുളിച്ചു നില്‍ക്കുന്നവര്‍ക്ക് പരീക്ഷ എഴുതി പാസ്സാവാന്‍ ഉള്ള കഷ്ടപ്പാട് എടുക്കാന്‍ മടിയാണ് എന്നത് അവരുടെ തന്നെ കുറ്റം ആണ് ...

പിന്നെഇപ്പോള്‍ സംവരക്കൂട്ടയില്‍ കേരുന്നവവില്‍ നല്ലൊരു വിഭാഗം ഈഴവരില്‍ മെറിറ്റ്‌ റാങ്ക് ലിസ്റ്റില്‍ തന്നെ കേറാന്‍ രാങ്കുള്ളവര്‍ ആണ് അന്നും അങ്ങേക്കരിയാമായിരിക്കുമല്ലോ ... ( 20 ന്റെ ഗ്രൂപ്പ്‌ പ്രകാരം ) അപ്പൊ പിന്നെ ഈ സംഭവം നിര്ത്തുനനതാ നല്ലത് ...

ശങ്കരനാരായണന്‍ മലപ്പുറം said...

1. എനിക്കറിയില്ല സ്വം. ഒരു പക്ഷേ, കോഴിക്കോട്ടുള്ള ‘KIRTADS’ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാല്‍ ഉത്തരം കിട്ടിയേക്കും.
2. ശരിയാണ് Mr. Hafees, കുറച്ചധികം വൈകാരികത എഴുതിവിട്ടിട്ടുണ്ട്.
3. നന്ദി Mr. Ajith, മാതൃഭൂമിയിലെ ആ വാര്‍ത്ത വായിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജാതി സമീപനത്തെക്കുറിച്ച് ഞാന്‍ പറഞ്ഞത് വളരെ വ്യക്തമായിത്തന്നെ അവര്‍ പറഞ്ഞിരിക്കുന്നു.
4. എന്റെ ഏട്ടന്റെ പേരും വാസു(വാസുദേവന്‍)എന്നാണ്. ചെത്തുകാരനുമായിരുന്നു. അതുകൊണ്ട് ചെത്തുകാരന്‍ വാസേ്വട്ടാ എന്നു വിളിച്ചോട്ടെ. (കേരളത്തില്‍)സംവരണം(എല്ലാ മേഖലയിലും) പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കു മാത്രം നല്‍കിയാല്‍ മതിയെന്ന അഭിപ്രായം എനിക്കുമുണ്ട്. പി.എസ്.സി.യുടെ 20 യൂണിറ്റിനെക്കുറിച്ച് 27.02.2005 ലെ 'കേരളശബ്ദം' വാരികയില്‍ '''സംവരണത്തെ അട്ടിമറിക്കുന്ന 'ഇരുപതിന' പരിപാടി''' എന്ന തലക്കെട്ടില്‍ ഞാന്‍ ലേഖനമെഴുതിയിരുന്നു.
ദലിത്/പിന്നാക്ക ജനവിഭാഗങ്ങളെ അപേക്ഷിച്ച് സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന മുന്നാക്കക്കാരുടെ എണ്ണവും ശതമാനവും കുറവു തന്നെ. പക്ഷേ, അവര്‍ക്കും സാമ്പത്തിക സഹായം നല്‍കണമെന്ന അഭിപ്രായം എനിക്കുണ്ട്. 'പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍' പോലെ 'മുന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍' തുടങ്ങേണ്ടതുണ്ട്. 'മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ രൂപീകരിക്കുക' എന്ന തലക്കെട്ടിലൊരു ലേഖനം 25.06.2006 ലെ 'നാഗഭൂമി' വാരികയില്‍ എഴുതിയിരുന്നു.

shaji.k said...

നല്ല ലേഖനം :)

Ajith said...

"അറിഞ്ഞു കൊണ്ടു സമൂഹത്തിന്റെ ജീര്‍ണതിയില്‍ നിന്നും നീട്ടുന്ന ബഹുമാനത്തിന്റെയും സ്ഥാനമാനതിന്റെയും അന്തസ്സിന്റെയും അപ്പക്കഷണങ്ങള്‍ വാങ്ങി വിഴുങ്ങുന്നത് മോശം തന്നെയാണ്"
Caste names are an impediment to social justice and holistic development.
Former Union minister for Health Dr Anbumani Ramadoss has tried to illustrate the same , in his opinion-article : 'What is in a name?'

Link:

http://www.hindu.com/2010/08/27/stories/2010082753561300.htm

ശ്രീനാഥന്‍ said...

ബ്ലോഗുലോകത്ത് അപൂർവ്വമായ, ഏറെ ചിന്തിപ്പിക്കുന്ന ഒരു ലേഖനം,.

ശ്രീജിത് കൊണ്ടോട്ടി. said...

ബഹുമാന്യ ബ്ലോഗ്ഗര്‍ ശ്രീ. ശങ്കരനാരായണന്‍ അവര്‍കള്‍ക്ക്‌..
താങ്കളുടെ ഈ പോസ്റ്റ്‌ വൈകിയാണ് വായിച്ചത്. പക്ഷെ ഈ പോസ്റ്റ്‌ മുഴുവന്‍ വായിച്ചപ്പോള്‍ മറുപടി എഴുതാതിരിക്കാന്‍ ആയില്ല. കാരണം താങ്കളുടെ ഈ പോസ്റ്റ്‌ ശ്രീജിത്ത്‌ കൊണ്ടോട്ടിയെ പരാമര്ശിെച്ചു, തുടങ്ങി തന്നെ അങ്ങനെ തന്നെ അവസാനിക്കുന്നു. ഈ പോസ്റ്റില്‍ താങ്കള്‍ പറയുന്നു ശ്രീജിത്ത്‌ കൊണ്ടോട്ടിയുടെ ബ്ലോഗിലെ പോസ്റ്റിലെ ഇക്ബാല്‍ മേനോന്റെയും, ജാതീയതയുടെയും കാര്യം. സത്യത്തില്‍ “തദ്ദേശതിരഞ്ഞെടുപ്പ്‌ ഫലത്തെ കുറിച്ച്” ആയിരുന്നു എന്റെ പോസ്റ്റ്‌. അവിടെ ജാതീയതയുടെയും, ഇക്ബാല്‍ മേനോന്റെയും കാര്യവും മറ്റു പല കാര്യങ്ങളും എഴുതിയതും താങ്കള്‍ ആണ്.
താങ്കളുടെ കമന്റിനു മറുപടിയായി അതിനു താഴെ ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ എഴുതിയിരുന്നു, അവിടെ ഞാന്‍ എഴുതിയത് താങ്കളുടെ മിക്ക അഭിപ്രായങ്ങളോടും ഞാന്‍ പൂര്ണുമായും യോജിക്കുന്നു എന്നായിരുന്നു. അതെല്ലാം താങ്കള്‍ വായിച്ചതും ആണ്. പിന്നെ എന്തിനു വേണ്ടിയാണ് എന്നെ “കരുവാക്കി” എന്റെ പേരില്‍ ഈ പോസ്ടിട്ടിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. തുടക്കവും,ഒടുക്കവും മാത്രമല്ല പലയിടത്തും എന്റെ പേരിലും, എന്നെ സംബോധന ചെയ്തും ആണ് ഈ പോസ്റ്റു മുന്നേറുന്നത്. എനിക്ക് വിയോജിപ്പില്ലാത്ത, അല്ലെങ്കില്‍ ഞാന്‍ താങ്കളോട് പൂര്ണആമായും യോജിക്കുന്നു എന്ന് പറഞ്ഞ വിഷയങ്ങളില്‍ വീണ്ടും എന്നെ പ്രതിസ്ഥാനത്തു നിര്ത്തി , താങ്കളുടെ കുടുംബകാര്യങ്ങളും, സാഹിത്യമികവുകളും, വ്യക്തി ബന്ധങ്ങളും, അഗാധ പാണ്ഡിത്യവും എല്ലാം അവതരിപ്പിച്ചത് കുറച്ചു താണ പരിപാടിയായിപ്പോയി എന്ന് പറയാതിരിക്കാന്‍ വയ്യ.

ശ്രീജിത് കൊണ്ടോട്ടി. said...

നഗഭൂമിയിലും, മക്തബിലും, സമീക്ഷയിലും ഒക്കെ എഴുതുന്ന താങ്കള്‍ ഒരു എഴുത്തുകാരന്‍ അല്ലാത്ത, ഒട്ടും പ്രശസ്തന്‍ അല്ലാത്ത വല്ലപ്പോളും മാത്രം ബ്ലോഗില്‍ എഴുതുന്ന എന്നെ കരുവാക്കി ഇങ്ങനെയൊക്കെ എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ? താങ്കള്ക്ക്് പറയാന്‍ ഉള്ള കാര്യങ്ങള്‍ നേരിട്ട് പറയുകയല്ലേ വേണ്ടിയിരുന്നത്.. മതേതരം ആയും, ജാത്യാതീതം ആയും ചിന്തിക്കുന്നവരുടെ മനോവീര്യം കെടുത്തുന്ന ഏര്പ്പ്ടായിപ്പോയി ഇത്. താങ്കളുടെ മിക്ക ആശയങ്ങളും അംഗീകരിച്ച ഞാന്‍ താങ്കളോട് ആതമാര്ത്ഥ മായി ചോദിച്ച (ജന്മം കൊണ്ട് മാത്രം സവര്ണ ന്‍ ആയിപ്പോയ ആളുകള്‍ ജാതി,മത ചിന്തകള്‍ ഉപേക്ഷിച്ചവര്‍ ആയാലും അവരെ "സവര്ണീര്‍" എന്ന് വിളിച്ചു ആക്ഷേപിക്കാമോ? ') ചോദ്യത്തിന് വ്യക്തമായ മറുപടി തരുന്നതിന് പകരം ഇങ്ങനെ കാട് കയറിയത് ശരിയായില്ല. ആ ചോദ്യം ഞാന്‍ ചോദിയ്ക്കാന്‍ ഉള്ള കാരണം മറ്റൊന്നല്ല. ഞാന്‍ ഒരു സവര്ണയ നായര്‍ (നായന്മാരിലും അവര്ണാര്‍ ഉണ്ട്?) കുടുംബത്തില്‍ (ജാതി,മത, ദൈവ ചിന്തകള്‍ നല്ലപോലെ ഉള്ള) ജനിച്ച വ്യക്തിയാണ്. ജാതി, മത, വര്ണച ചിന്തകളെ മനസ്സില്‍ നിന്നും, ജീവിതത്തില്‍ നിന്നും പരമാവധി അകറ്റിനിര്ത്തുോന്നുമുണ്ട്.

ശ്രീജിത് കൊണ്ടോട്ടി. said...

പിന്നെ ശ്രീ. കെ.വേണുവിനെയോ, പ്രിയ സഖാവ്.എ.കെ.ജി-യെപ്പോലെ മറ്റു ജാതിയിയില്‍ നിന്നോ മതത്തില്‍ നിന്ന് വിവാഹം കഴിക്കാത്തവരെ എല്ലാം “ജാതി വിരോധ ഗീര്വാചണ പ്രാസംഗികര്‍” ആയി കാണുന്ന താന്കള്‍ ഇതുവരെ (26 വയസ്സ് ആയി) വിവാഹം കഴിക്കാത്ത എന്റെ” ഈ വാക്കുകളും “ഗീര്വാഎണ പ്രസംഗം” ആയി എടുക്കാന്‍ ഇടയുണ്ട്. താങ്കള്‍ ഈ പോസ്റ്റു നിര്ത്തുകന്നത് “താങ്കളുടെ എല്ലാ നിലപാടുകളോടും യോജിക്കുന്നു എങ്കില്‍ മാത്രം ചര്ച്ച തുടരാം” എന്നാണ്. വിയോജന നിലപാടുകള്ക്ം യ‌ മറുപടി ഇല്ല എന്നത് ശരിയാണോ? താങ്കളുടെ നിലപാടുകളോട് ഉള്ള യോജിപ്പ് മുന്നേ തന്നെ അറിയിച്ചിട്ടും വീണ്ടും ഉള്ള ഇത്തരം ചോദ്യ നിലപാടുകളോട് എനിക്ക് പൂര്ണി വിയോജിപ്പാണ്. എനിക്ക് ചര്‍ച്ച തുടരുന്നതില്‍ വിയോജിപ്പില്ല. പുതിയ പോസ്റ്റുകള്ക്ക്് എല്ലാ ആശംസകളും നേരുന്നു . നന്ദി..

അംജിത് said...

ബ്ലോഗ്‌ വായിച്ചു.
പലരും, കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നതും, പറയാന്‍ മടിക്കുന്നതും ആയ സംഗതികള്‍ തുറന്നു പറഞ്ഞിട്ടുള്ള കാര്യമാത്രപ്രസക്തമായ ഒരു ബ്ലോഗ്‌ വായിച്ചതില്‍ സന്തോഷം. അഭിനന്ദനങ്ങള്‍.
ഒരഭിപ്രായമുണ്ട്, ആശയവൈരുധ്യങ്ങളും ചര്‍ച്ചകളും വ്യക്തികള്‍ തമ്മിലുള്ള കമന്റ്‌ യുദ്ധമായി മാറരുതെന്ന്.

ശങ്കരനാരായണന്‍ മലപ്പുറം said...

പ്രിയ ശ്രീജൂ,
താങ്കളെ പേരെടുത്തു പറഞ്ഞ് അക്ഷേപിക്കുവാന്‍ വേണ്ടിയല്ല ഈ പോസ്റ്റിട്ടത്. താങ്കള്‍ ഉന്നയിച്ച വിഷയം പൊതുവെ പലരും ഉന്നയിക്കുന്ന വിഷയമായതിനാല്‍ പൊതുവായൊരു വിശദീകരണം വേണമെന്നു കരുതിയതിനാലാണ് ഇത്തരമൊരു പോസ്റ്റിട്ടത്. ഇടയ്ക്കിടയ്ക്ക് താങ്കളുടെ പേര് പരാമര്‍ശിച്ചു എന്നതു ശരി തന്നെ. അതു താങ്കളെ ബോധപൂര്‍വ്വം കരുവാക്കാനോ കരിവാരിത്തേക്കുവാനോ കുറ്റപ്പെടുത്തുവാനോ അപഹസിക്കാനോ ചോദ്യം ചെയ്യാനോ ഒന്നുമായിരുന്നില്ല. വളരെ ആത്മാര്‍ത്ഥമായിത്തന്നെ പറയട്ടെ അങ്ങനെ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. താങ്കള്‍ക്കുള്ള മറിപടിയുടെ ഭാഗമായി എഴുതിയതിനാലും ഇടയ്ക്കിടയ്ക്ക് താങ്കളുടെ പേര് പരാമര്‍ശിച്ചതിനാലും താങ്കള്‍ക്ക് അങ്ങനെ തോന്നിയതില്‍ താങ്കള്‍ തെറ്റുകാരനല്ല. തെറ്റ് എന്റെ ഭാഗത്തു തന്നെ. എഴുത്തില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടിയിരുന്നു. ഇക്കാര്യത്തില്‍ ഞാന്‍ താങ്കളോട് ക്ഷമ ചോദിക്കുന്നു.

ശങ്കരനാരായണന്‍ മലപ്പുറം said...

പിന്നെ, താങ്കളുടെ ചോദ്യത്തിന് ഞാന്‍ ഉത്തരം തന്നിട്ടുണ്ട്-സവര്‍ണരായി ജനിച്ചു എന്നതുകൊണ്ട് സവര്‍ണവാദികളാകുമോ എന്നതിന്. ദിവാന്‍ രാജഗോപാലാചാരിയും കോച്ചിയിലെ ടി.കെ.കൃഷ്ണ മേനോനും കൈതമുക്കില്‍ പരമേശ്വരന്‍ പിള്ളയും കെ.വേണുവുമൊക്കെ സവര്‍ണവാദികളല്ലെന്നു മാത്രമല്ല കറകളഞ്ഞ അവര്‍ണ സ്‌നേഹികളുമാണെന്ന് ഞാന്‍ എഴുതിയല്ലോ. എന്റെ പ്രധാനപ്പെട്ട മുന്നു ഗുരുക്കന്മാരില്‍ ഒരാള്‍ ക്ഷത്രിയനായിരുന്ന ശ്രീബുദ്ധനാണ്. സുഗതന്‍ എന്നത് ശ്രീബുദ്ധന്റെ പര്യായപദമായതുകൊണ്ടാണ് എന്റെ ബ്‌ളോഗിന് ഈ പേര് ഞാന്‍ സ്വീകരിച്ചത്.
പേരില്‍ നിന്നു ജാതിപ്പേര്‍ മാറ്റിയതുകൊണ്ടോ പൂണൂല്‍ ധരിക്കാതിരുന്നതുകൊണ്ടോ സവര്‍ണവാദി അല്ലാതാവുകയില്ല എന്നു തെളിവുകള്‍ ഹാജരാക്കിക്കൊണ്ടുതന്നെ ഞാനെഴുതിയിട്ടുണ്ട്. സവര്‍ണനായ എന്‍.ഇ.ബാലറാമിനെപ്പോലുള്ളവരും ഇതു സത്യമാണെന്ന് എഴുതിയിട്ടുണ്ട്. ഇത്ര പച്ചയായ സത്യം അവതരിപ്പിച്ചിട്ടും അത് സത്യമല്ലെന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍, ഈ വിഷയിത്തിലിനി ചര്‍ച്ച വേണ്ടെന്നും ചര്‍ച്ച സൗഹാര്‍ദ്ദപരമായി നിര്‍ത്താമെന്നുമാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ ഞാന്‍ പറയുന്നതു മുഴുവന്‍ അംഗീകരിച്ചില്ലെങ്കില്‍ ചര്‍ച്ച വേണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.
സമീക്ഷയിലും നാഗഭൂമിയിലുമൊക്കെ എഴുതിയ കാര്യം സൂചിപ്പിച്ചത് എന്റെ കഴിവും മികവും പ്രകടിപ്പിക്കുവാനായിരുന്നില്ല. പല ബ്‌ളോഗര്‍മാരും വായില്‍ തോന്നിയതൊക്കെ എഴുതാറുണ്ട്. പക്ഷേ, തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഞാനെഴുതാറ്. പറഞ്ഞത് നുണയല്ലെന്ന് വായനക്കാര്‍ക്ക് ഉറപ്പാക്കണമെങ്കില്‍ തെളിവുകള്‍ ഹാജരാക്കുക തന്നെ വേണം. അതു പറഞ്ഞു ഇതു പറഞ്ഞു എന്നു വെറുതെ ചിലച്ചതുകൊണ്ടു കാര്യമില്ലല്ലോ. ഇതിനുവേണ്ടി മാത്രമാണ് ഞാന്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ ലേഖനമെഴുതിയ കാര്യവും അവ പ്രസിദ്ധീകരിച്ച ദിവസവുമൊക്കെ എഴുതിയത്. ഈ രീതി തന്നെയാണ് എന്റെ മറ്റു എഴുത്തുകളിലും സ്വീകരിക്കാറുള്ളത്.

ശങ്കരനാരായണന്‍ മലപ്പുറം said...

ജാതി എന്നതൊരു സത്യമാണെന്നും അതുമൂലമുള്ള ഉയര്‍ച്ച താഴ്ചകള്‍ കേരളത്തില്‍പ്പോലും നിലനില്‍ക്കുന്നുവെന്നതും ഒരു സത്യമാണ്. പത്തനം തിട്ടയിലെ പഞ്ചായത്ത് പ്രസിഡണ്ട് കാണിച്ച വൃത്തികേടിനെക്കുറിച്ച് ഞാനെഴുതിയത് വായിച്ചുവല്ലോ. എന്നാല്‍, ജാതിയില്ലെന്നും വര്‍ഗവും പാവപ്പെട്ടവനും പണക്കാരനും മാത്രമേ ഉള്ളുവെന്ന് പറയുന്നവര്‍ അത് അവരുടെ കല്യാണത്തിന്റെ കാര്യം വരുമ്പോള്‍ മറക്കാറുണ്ട്. അപവാദങ്ങള്‍ വളരെ കുറച്ച് മാത്രം. അല്ലാതുള്ളവരുടെ ജാതിവിരുദ്ധ പ്രസംഗങ്ങള്‍ ഗീര്‍വാണങ്ങള്‍ തന്നെയാണ്.
ഞാന്‍ തമാശ ഇഷ്ടപ്പെടുന്ന ആളാണ്. ആക്ഷേപ ഹാസ്യം അതിലേറെ ഇഷ്ടപ്പെടുന്നു. താങ്കളെ പല തവണ 'ശ്രീജിത്തേട്ടന്‍' എന്നു വിളിച്ചത് വെറുതെ ഒരു തമാശയ്ക്കു വേണ്ടിയായിരുന്നു. താങ്കള്‍ എന്നെ അനിയന്‍ എന്നു സംബോധന ചെയ്തതു കണ്ടപ്പോള്‍ ഞാന്‍ നല്ലപോലെ ചിരിച്ചു. എന്റെ കുട്ടികളുടെ അമ്മയ്ക്കും ഇതു കാണിച്ചുകൊടുത്തു. ഇരിപത്താറുകാരനും കല്യാണം കഴിക്കാത്തവനുമായ പ്രിയ ശ്രീജൂ, എന്റെ പ്രായം 26+26+4 ആണ്. (ഒരുപക്ഷേ, ശ്രീജുവും ബോധപൂര്‍വ്വമായിരിക്കണം 'അനിയാ' എന്നു വിളിച്ചത്. 'ഒരു അടുത്തൂണ്‍കാരന് പറയാനുള്ളത്' എന്ന പോസ്റ്റ് ശ്രീജുവും വായിച്ചുകാണുമല്ലോ). കഞ്ഞിക്ക് വേണ്ടി മണലാരണ്യത്തില്‍ പണിയെടുക്കുന്നവര്‍ അനുഭവിക്കുന്ന വേദന ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്. മണലാരണ്യത്തില്‍ ജോലി ചെയ്യുന്ന ശ്രീജുവിനെ വേദനിപ്പിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന തരത്തില്‍ ബോധപൂര്‍വ്വം ഞാനെഴുതിയിട്ടില്ല എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിക്കൊണ്ട് നിര്‍ത്തട്ടെ. സഖാവെ, ഗുഡ് നൈറ്റ് ആന്റ് ലാല്‍ സലാം!
.............
ഇല്ല അംജിത് കമന്റ് യുദ്ധത്തിന് ഞാനില്ല!

ശ്രീജിത് കൊണ്ടോട്ടി. said...

ബഹുമാനപ്പെട്ട ശങ്കരനാരായണെട്ടാ..
എന്‍റെ മറുപടി കമന്റുകള്‍ കുറച്ച് കടുത്തുപോയി എന്ന് തോന്നുന്നു.അങ്ങനെ എഴുതേണ്ടി വന്നതില്‍ ഞാനും താങ്കളോട് ക്ഷമ ചോദിക്കുന്നു. ഏകദേശം എന്‍റെ അച്ഛന്റെ വയസ്സുള്ള താങ്കളെ ഞാന്‍ "അനിയന്‍" എന്ന് സംബോധന ചെയ്തത് താങ്കള്‍ എന്നെ "ശ്രീജിത്തേട്ടന്‍" എന്ന് വിളിച്ചതിനാല്‍ ആയിരുന്നു. ഞാനും അത് തമാശയായിട്ടാണ് എടുത്തത്‌. താങ്കളുടെ പുതിയ നല്ല പോസ്റ്റുകള്‍ക്കായി പ്രതീക്ഷിക്കുന്നു. ജാതി,മതാതീതമായ മനുഷ്യസ്നേഹ ചിന്തകള്‍ വളരട്ടെ. നാട്ടില്‍ വരുമ്പോള്‍ മുണ്ടുപറമ്പ്‌ വന്ന് താങ്കളെ കാണാന്‍ ശ്രമിക്കാം. എല്ലാ നന്മകളും ആശംസകളും നേരുന്നു..

Salim PM said...

ശുഭം!