My Blog List

Saturday, December 18, 2010

മീന്‍കാരിയും പൂക്കാരിയും ഒരു സവര്‍ണ കഥാകാരിയും

          ടി.വി.യിലെ ഒരഭിമുഖ സംഭാഷണത്തില്‍, എന്താകാനായിരുന്നു ആഗ്രഹമെന്ന ചോദ്യത്തിന് സിനിമാനടന്‍ സലീം കുമാര്‍ നല്‍കിയതും എന്റെ മനസ്സില്‍ തറച്ചതുമായ മറുപടി ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. മോഡേണ്‍ ബ്രഡ് കമ്പനിയില്‍ ജോലി കിട്ടുക എന്നതായിരുന്നത്രെ ഈ നടന്റെ ഏറ്റവും വലിയ ആഗ്രഹം. ആ വഴി യാത്ര ചെയ്യുമ്പോള്‍ വണ്ടി പതുക്കെ ഓടിച്ച് മോഡേണ്‍ ബ്രഡിന്റെ മണം താന്‍ ഇപ്പോഴും ആസ്വദിക്കാറുണ്ടെന്നും മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സലീം കുമാര്‍ പറയുകയുണ്ടായി. ഈ ആഗ്രഹത്തിന് പട്ടിണിയുടെ മണമുണ്ടായിരുന്നു. ഇതുകൊണ്ടാണ് ഈ മറുപടി എന്റെ മനസ്സില്‍ തറച്ചത്. ജീവിതത്തില്‍ ഇങ്ങനെയുള്ള ആഗ്രഹങ്ങളും സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ മിക്കവര്‍ക്കും വളരെ നിസ്സാരമായി തോന്നിക്കുന്നതായ കാര്യങ്ങളില്‍പ്പോലും എനിക്ക് സങ്കടങ്ങളും സന്തോഷങ്ങളും ഉണ്ടാകാറുണ്ട്. കഴിഞ്ഞ പോസ്റ്റില്‍ ഇങ്ങനെയുണ്ടായ സങ്കടം 'മണിയറ' എന്ന കഥയാക്കി അവതരിപ്പിച്ചു. ഈ പോസ്റ്റില്‍ ഇങ്ങനെയുണ്ടായ ഒരു സന്തോഷത്തിന്റെ കാര്യമാണ് പറയുന്നത്.
   മലപ്പുറത്തെ കോട്ടക്കുന്നിലുള്ള മേള കാണാനായി ഞാനും കുടുംബവും എത്തിയതായിരുന്നു. 'മാഷെ എല്ലാവരുമുണ്ടല്ലോ' എന്നു പറഞ്ഞ് ഒരു ചെറുപ്പക്കാരന്‍ (22 ല്‍ കൂടാത്ത പ്രായം) എനിക്ക് കൈ തന്നു. കറുത്ത പാന്റ്‌സും ഇന്‍സൈഡ് ചെയ്തുകൊണ്ടുള്ള വെള്ളക്കുപ്പായവും കാലില്‍ ഷൂവുമൊക്കെ ധരിച്ചുള്ള ചെത്തു പയ്യന്‍. ഇംഗ്‌ളീഷില്‍ 'ചുള്ളന്‍' എന്നും പറയും. ഞാന്‍ അന്തം വിട്ട് കുറെനേരം അവനെത്തന്നെ നോക്കി നിന്നു. നല്ല പരിചയമുള്ള മുഖം, ആരാണ്, എന്താണ് എന്നൊന്നും പെട്ടെന്ന് പിടി കിട്ടിയില്ല. ഇതെന്റെയൊരു കഴിവുകേടാണ്. എത്രയോ തവണ കണ്ട് സംസാരിച്ച വ്യക്തിയാണെങ്കിലും മറ്റൊരു സ്ഥലത്തു വച്ച് കാണുമ്പോള്‍ പെട്ടെന്ന് ആളെ തിരിച്ചറിയില്ല. കുറച്ചുനേരം ഞാനങ്ങനെ ആലോചിച്ചു അന്തം വിട്ടു നിന്നു. 'ശരി മാഷെ, മ്മക്ക് വ്യാഴാഴ്ച കാണാം' എന്നു പറഞ്ഞ് അവനും കൂട്ടുകാരും പോവുകയും ചെയ്തു. 
              അതെ, ഏകദേശം ഒരു കൊല്ലത്തോളം എന്റെ ഔദേ്യാഗിക ജോലിയുടെ ഭാഗമായി (വില നിലവാര ശേഖരണം) എല്ലാ വ്യാഴാഴ്ചകളിലും കാണുന്ന കുട്ടിയാണവന്‍. അവനെയാണെനിക്ക് മനസ്സിലാകാതെ പോയത്. ഈ കുട്ടിയെ പെട്ടെന്ന് മനസ്സിലാകാതിരിക്കാന്‍ മറ്റൊരു കാരണവുമുണ്ടായിരുന്നു. അവന്റെ അടിപൊളി വേഷം തന്നെ. പേര് നൗഷാദ്. മലപ്പുറം കോട്ടപ്പടി ചന്തയിലെ ഉണക്കമീന്‍ കച്ചവടക്കാരനായ ബാപ്പയെ സഹായിക്കലായിരുന്നു അവന്റെ ജോലി. ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഈ കുട്ടിയുടെ (ഇപ്പോള്‍ കുട്ടിയല്ല കെട്ടോ. പെണ്ണുകെട്ടി. കുട്ടിയായിട്ടില്ല.) പേര് അന്നും ഇന്നും എനിക്കറിയില്ലായിരുന്നു. തൊട്ടടുത്ത വാഴക്കുലക്കടയിലെ അബ്ദുള്‍ സലാമിനോട് ചോദിച്ചാണ് പേരിവിടെ ചേര്‍ത്തത്. ആളെ തിരിച്ചറിഞ്ഞപ്പോള്‍ എന്നില്‍ പ്രതേ്യക തരത്തിലുള്ളൊരു സന്തോഷം ഉണ്ടാവുകയും എന്റെ കണ്ണു നിറയുകയും ചെയ്തു. വിലശേഖരണവുമായി ബന്ധപ്പെട്ട് എല്ലാ വ്യാഴാഴ്ചകളിലും മാത്രമല്ല മലപ്പുറത്തുകാരനായതിനാല്‍ മറ്റു പല ദിവസങ്ങളിലും നൗഷാദിനെയും അബ്ദുള്‍ സലാമിനെയുമൊക്കെ ഞാന്‍ കാണാറുണ്ട്. ഞാന്‍ കാണുമ്പോഴൊക്കെ കീറി മുഷിഞ്ഞ ലുങ്കിയും മുഷിഞ്ഞ കുപ്പായവുമൊക്കെയായിരിക്കും വേഷം. ആളെ കണ്ട സ്ഥലവും മാറി. ആളിന്റെ വേഷം അടിമുടി മാറി. പക്ഷേ, സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞതിനുള്ള കാരണം വേറെയായിരുന്നു. എന്റെ ചിന്ത അപ്പോള്‍ കുറച്ച് വര്‍ഷം പിറകോട്ട് പോയി. 'സമീക്ഷ'യില്‍ 'മീന്‍കാരിയും പൂക്കാരിയും ഒരു സവര്‍ണ കഥാകാരിയും' എന്നൊരു ലേഖനം ഞാനെഴുതിയിരുന്നു. മീന്‍കാരിക്ക് ഉറക്കം വരണമെങ്കില്‍ മീന്‍മണം നിര്‍ബന്ധം എന്നു സ്ഥാപിക്കുന്ന ഒരു കഥയെ വിമര്‍ശിച്ചെഴുതിയതായിരുന്നു പ്രസ്തുത ലേഖനം. മീന്‍ വില്‍ക്കുന്നവരെല്ലാം എപ്പോഴും മീന്‍മാല കഴുത്തിലിട്ടു നടക്കുന്നവരല്ലല്ലോ. മറ്റെല്ലാവരെയും പോലെ അവരും മറ്റു കാര്യങ്ങളൊക്കെ ചെയ്യാറുണ്ട്; പൂ ചൂടാറുമുണ്ട്. പക്ഷേ, മനുഷ്യത്വത്തിനു പകരം ജാതി മഹത്വത്തില്‍ വിശ്വസിക്കുന്നുവര്‍ ഇത് അംഗീകരിക്കുന്നില്ല എന്നു മാത്രം. നമ്മുടെ നൗഷാദും 24 മണിക്കുറും ഉണക്കമീനുകളെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നില്ല. അരി വാങ്ങുനുള്ള ജോലി എന്ന നിലയില്‍ മാത്രമാണ് നൗഷാദുമാര്‍ മീന്‍ വില്‍ക്കുന്നത്. മീന്‍കടയിലെ മുഷിഞ്ഞ വേഷക്കാരനായ നൗഷാദ് തന്നെയാണല്ലോ എക്‌സിക്യൂട്ടീവ് സ്റ്റൈലില്‍ എന്റെ മുമ്പില്‍ വന്നത് എന്നാലോചിച്ചപ്പോഴുണ്ടായ വിശേഷപ്പെട്ട സന്തോഷം കൊണ്ടാണ് എന്റെ കണ്ണു നിറഞ്ഞത്. എനിക്ക് മറക്കാന്‍ വയ്യാത്ത സന്തോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ സന്തോഷം.
              ഇക്കാര്യം പലരോടും ഞാന്‍ പറഞ്ഞിട്ടുണ്ട്. നൗഷാദിന്റെ കടയുടെ തൊട്ടടുത്തുള്ള കടയില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ സലാമും ഇക്കാര്യം പലപ്പോഴും പറയാറുണ്ട്. ഞാന്‍ 'മീന്‍കാരി' എന്നു പറഞ്ഞാല്‍ ഉടനെ അബ്ദുള്‍ സലാം പറയും 'പൂക്കാരി' എന്ന്. എന്നാല്‍ ഞാനൊരു ജാതിവാദിയായതുകൊണ്ടാണ് ഇത്തരമൊരു ലേഖനം എഴുതിയതെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ശരിയായിരിക്കാം; തെറ്റായിരിക്കാം. ഇക്കാര്യത്തില്‍ എനിക്ക് എന്റെ നിലപാടുതന്നെയാണ് ശരി. ബ്‌ളോഗ് വായനക്കാര്‍ക്കും എന്റെ നിലപാട് തെറ്റാണെന്നും ശരിയാണെന്നും പറയാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നു വ്യക്തമാക്കട്ടെ.
.....................
സമീക്ഷ, 1999 ഫെബ്രുവരി 01-15

ശങ്കരനാരായണന്‍ മലപ്പുറം

      സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികള്‍ക്കു വേണ്ടി 'തളിര്' എന്ന പേരിലൊരു മാസിക പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. പ്രസ്തുത മാസികയുടെ 1998 ഡിസംബര്‍ ലക്കത്തില്‍ 'മീന്‍കാരി' എന്നൊരു കഥയുണ്ട്. സുമംഗല എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന ലീലാ നമ്പൂതിരിപ്പാടാണ് കഥാകാരി.
   കഥയിങ്ങനെ: നാണി ഒരു മീന്‍ വില്‍പ്പനക്കാരിയാണ്. ഒരു ദിവസം വൈകുന്നേരമായിട്ടും അവരുടെ മീന്‍ വിറ്റുതീര്‍ന്നില്ല. സമയം സന്ധ്യയായി. കൂടാതെ കാറ്റും മഴയും വന്നു. വീടാണെങ്കില്‍ അകലെ. തിരിച്ചു വീട്ടിലെത്തുക പ്രയാസം. അങ്ങനെ അവര്‍ ഒരു വീട്ടില്‍ അഭയം തേടി. ലക്ഷ്മി വാരസ്യാരുടെ വീടായിരുന്നു അത്. അമ്പലത്തിലേക്ക് മാലകെട്ടിക്കൊടുക്കുന്ന ജോലിയാണവര്‍ക്ക്. പൂക്കളുടെ മണം കാരണം മീന്‍കാരിക്ക് ഉറക്കം വന്നില്ല. പൂക്കളുടെ മണം സഹിക്കവയ്യാതെ താന്‍ ചത്തുപോകുമെന്ന് മീന്‍കാരിക്ക് തോന്നി. അവരൊരു സൂത്രം ചെയ്തു. മീന്‍കൊട്ട മുഖത്ത് കമഴ്ത്തി വച്ച് അവര്‍ സുഖമായി ഉറങ്ങി. പിറ്റേ ദിവസം അവര്‍ വാരസ്യാരോട് നന്ദി പറഞ്ഞ് ഇറങ്ങിപ്പോയി. എന്നാല്‍ മീനിന്റെ മണം സഹിക്കവയ്യാതെ വാരസ്യാര്‍ വളരെയധികം വിഷമിച്ചു.
           സങ്കുചിതമായ ജാതി ചിന്തയാണ് ഈ കഥയ്ക്ക് പിന്നിലുള്ളത്. പൂവിന്റെ മണം കേട്ടാല്‍ ഓക്കാനം വരുന്ന മീന്‍കാരിയായ നാണിയെയും അതുവഴി നാണി പ്രതിനിധാനം ചെയ്യുന്ന അവര്‍ണ സമൂഹത്തെയും താഴ്ത്തിക്കാട്ടുക. അതോടൊപ്പം പൂക്കാരിയായ ലക്ഷ്മി വാരസ്യാരെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സവര്‍ണ സമൂഹത്തെ ഉയര്‍ത്തിക്കാട്ടുക. ഇതാണ് പ്രസ്തുക കഥയുടെ ലക്ഷ്യം. പൂക്കളുടെ ഇടയില്‍ മീന്‍കൊട്ട തലയില്‍ വച്ചുറങ്ങിയ മീന്‍കാരിയായ മുക്കുവത്തി തന്‍കാര്യം നോക്കുന്നവരും സംസ്‌കാരശൂന്യയുമാണെന്നും ഇത്തരക്കാരിയായ മീന്‍കാരിയെ വീട്ടിലേക്ക് ക്ഷണിച്ച പൂക്കാരിയായ വാരസ്യാര്‍ വിശാല മനസ്‌കയും വലിയ സംസ്‌കാര സമ്പന്നയുമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് കഥാകാരി. ഈ ലക്ഷ്യം നേടാന്‍ വേണ്ടി മാത്രമാണ് പാവം മീന്‍കാരിയെ കഥാകാരി പൂക്കാരിയുടെ വീട്ടിലെത്തിച്ചത്.
             കഥാകാരി ഇങ്ങനെയൊന്നും ഉദ്ദേശിച്ചിരിക്കില്ല എന്നു കരുതിയവര്‍ക്കു തെറ്റി. മുക്കുവത്തിയായ മീന്‍കാരിയെ 'അവള്‍' എന്നും പൂക്കാരിയായ വാരസ്യാരെ 'അവര്‍' എന്നുമാണ് തന്റെ കഥയില്‍ കഥാകാരി സംബോധന ചെയ്തിരിക്കുന്നത്. ഇതില്‍നിന്നു തന്നെ കഥാകാരി വച്ചുപുലര്‍ത്തുന്ന ജാതി ചിന്ത വ്യക്തമാകുന്നുണ്ട്.
മനുഷ്യരെല്ലാം സമന്മാരാണെന്നും ഒരാളുടെ മഹത്വം നിശ്ചയിക്കേണ്ടത് ജാതിനോക്കിയല്ലെന്നുമുള്ള പാഠമാണ് ഹൃദയശുദ്ധിയുള്ള എഴുത്തുകാരികളും എഴുത്തുകാരന്മാരും കുട്ടികളെ പഠിപ്പിക്കേണ്ടത്. എന്നാല്‍, ജാതി മഹാത്മ്യമാണ് ലീലാ നമ്പൂതിരിപ്പാട് എന്ന സുമംഗലയുടെ കഥയിലുള്ളത്.
         ഒരു സര്‍ക്കാര്‍ പ്രസിദ്ധീകരണത്തില്‍, അതും കുട്ടികള്‍ക്കുള്ളതില്‍, ഇത്തരത്തിലുള്ള ജാതി മാഹാത്മ്യക്കഥകള്‍ പ്രസിദ്ധീകരിച്ചുകൂടാ. കുഞ്ഞുമനസ്സുകളില്‍ ജാതി വിഷം കുത്തിവയ്ക്കുന്നു എന്ന കുറ്റം മാത്രമല്ല കാരണം. മീന്‍കാരികളുടെയും മറ്റും നികുതിപ്പണം കൊണ്ടാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രര്‍ത്തിക്കുന്നത് എന്നതുകൂടി ഓര്‍ക്കണം. മാത്രമല്ല 'തളിര്' മാസികയുടെ എഡിറ്ററടക്കമുള്ള ജീവനക്കാര്‍ ശമ്പളം പറ്റുന്ന കറന്‍സികളില്‍ മീന്‍കാരികളുടെയും മറ്റും വിയര്‍പ്പാണുള്ളത്.
             ഈ കഥയ്ക്ക് രണ്ടു ചിത്രങ്ങളാണ് കൊടുത്തിട്ടുള്ളത്. ഒന്ന്, മീന്‍കാരി മീന്‍കൊട്ട തലയില്‍ വച്ചു നടക്കുന്ന ചിത്രം. ബാക്കിയായ മീനുകള്‍ പൂക്കൊട്ടകളുടെ സമീപം ചൊരിഞ്ഞ്, പൂക്കൊട്ടകള്‍ക്കിടയില്‍ തലയില്‍ മീന്‍കൊട്ട കമഴ്ത്തി വച്ച് കിടന്നുറങ്ങുന്ന മീന്‍കാരിയുടെ ചിത്രമാണ് രണ്ടാമത്തേത്. ഈ ചിത്രത്തില്‍ പൂക്കാരി വാതില്‍ ചാരി അത്ഭുതപ്പെട്ടു നില്‍ക്കുന്നുമുണ്ട്.
              ഈ ചിത്രം വരച്ചത് സിബി ജോസഫ് എന്ന ചിത്രകാരനാണ്. ഈ ചിത്രകാരന് കഥാകാരിയെക്കാള്‍ ജാതി താല്‍പര്യമുണ്ടെന്ന് പറയാവുന്നതാണ്. കാരണം, കഥാകാരി കഥയില്‍ പറയുന്നത് മീന്‍കാരി ക്ക് കിടക്കാന്‍ പായ കൊടുത്ത ചായ്പിന്റെ തൊട്ടടുത്തുള്ള മുറിയിലാണ് പൂവട്ടികള്‍ വച്ചിരിക്കുന്നത് എന്നാണ്. പക്ഷേ, ചിത്രകാരന്‍ പൂക്കാരി പറയാതെ തന്നെ മീന്‍കാരിയെ പിടിച്ചുകൊണ്ടു വന്ന് പൂവട്ടികള്‍ക്കിടയില്‍ കിടത്തി!
     'ജ്യാത്യാലുള്ളത് തൂത്താല്‍ പോകുമോ?' എന്നൊരു ചൊല്ലുണ്ട്. അവര്‍ണരെ പരിഹസിക്കാനുണ്ടാക്കിയ ഒരു സവര്‍ണ പഴഞ്ചൊല്ലാണിത്. എന്നാല്‍, സുമംഗലയെപ്പോലെയുള്ള സവര്‍ണ കഥാകാരികള്‍ക്കാണ് ഈ ചൊല്ല് നൂറു ശതമാനവും യോജിക്കുക.
.............................

10 comments:

faisu madeena said...

വളരെ നല്ല ലേഖനം ....ഏതു ജോലിക്കും അതിന്ന്റെതായ മഹത്വം ഉണ്ടെന്നറിയാത്ത പൊട്ടന്മാരോട് എന്ത് പറയാന്‍ ...

chithrakaran:ചിത്രകാരന്‍ said...

നന്മ നിറഞ്ഞ നിരീക്ഷണങ്ങള്‍ !!!
ലീല നംബൂതിരിപ്പാടെന്ന സുമംഗലയുടെ മാത്രം നിലപാടല്ലിത്. സമൂഹത്തിന്റെ പൊതുധാര മുഴുവനായി, അതായത് സവര്‍ണ്ണരും,അവര്‍ണ്ണരും, മുസ്ലീങ്ങളും,കൃസ്ത്യാനികളുമാടങ്ങുന്ന സമൂഹം മൊത്തത്തില്‍ സുമഗലമാര്‍ പരത്തുന്ന സവര്‍ണ്ണ ജാതിരഷ്ട്രീയത്തിന്റെ വിഷം ശുദ്ധവും നിരുപദ്രവുമായ സാഹിത്യമാണെന്ന് വിശ്വസിക്കുന്നവരാണ്. അല്ലെങ്കില്‍ വിശ്വസിക്കാന്‍ 2000 വര്‍ഷക്കാലമായി ശീലിക്കപ്പെട്ടവരാണ്. ആ ശീലത്തില്‍ നിന്നും ഉണരാനുള്ള ഉണര്‍ത്തുപാട്ടുകളാണ് അല്ലെങ്കില്‍ വെളിപാടുകളാണ് ബ്ലോഗര്‍ സുഗതന്റെ ‌-ശ്ങ്കരനാരായണന്റെ- നിലപാടുകളുടെ കര്‍ക്കശ്യത്തില്‍ ഈ ബ്ലോഗിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!!

sheriff kottarakara said...

പ്രിയ മിത്രമേ! ഈ ഭൂമിയില്‍ പണ്ടു ഉണ്ടായതും ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതും നാളെ ഉണ്ടാകാന്‍ പോകുന്നതും ആയ പല യുദ്ധങ്ങളുടെയും കാരണം ഈ സവര്‍ണ ചിന്ത താലോലിച്ചു കൊണ്ടിരിക്കുന്നവരുടെ മനസിലെ അഹങ്കാര ഭാവമാണു.അവരാണു ശ്രേഷ്ടര്‍ ഏതിലും എന്തിനും അവരാണു കേമന്‍.അവര്‍ ചെയ്യുന്നതു ശരിയും മറ്റുള്ളവരുടേതു പുശ്ചം അര്‍ഹിക്കുന്നതും. പോസ്റ്റിന്റെ കാഴ്ചപ്പാടിനു അഭിനന്ദനങ്ങള്‍, താങ്കള്‍ക്കും.

Baiju Elikkattoor said...

:)

vinod1377 said...

ജോലിയുടെ മഹത്വം അറിയണമെങ്കില്‍ മനസ്സില്‍ നന്മ വേണമല്ലോ

vinod1377 said...

ഞാന്‍ എന്റെ പോസ്റ്റില്‍ നിന്നും ഇവിടേയ്ക്ക് ലിങ്കുകള്‍ കൊടുത്തിട്ടുണ്ട് :)
വിരോധമില്ല വിശ്വാസത്തില്‍

ശങ്കരനാരായണന്‍ മലപ്പുറം said...

വളരെ സന്തോഷവും നന്ദിയുമുണ്ട് പ്രിയ അനുജന്‍ വിനോദ് മാത്യൂ. അജ്ഞാതനായ ഈ ബ്‌ളോഗര്‍ വിനോദിനെക്കുറിച്ച് മലപ്പുറം കോട്ടക്കുന്നില്‍ വച്ച് എന്റെ സുഹൃത്ത് ബാലകൃഷ്ണനോട് പറഞ്ഞു. നമ്മളെപ്പോലെ ചിന്തിക്കുന്നവര്‍ വേറെയും ധാരാളം പേരുണ്ടായിരിക്കുമെന്നും അവരും അവരുടേതായ ഭാഷയില്‍ കാര്യങ്ങള്‍ ചിന്തിക്കുകയും പറയുകയും എഴുതുകയുമൊക്കെ ചെയ്യുന്നുണ്ടാകുമെന്നും പറഞ്ഞു. ശരീരത്തെ ഒരു വശത്തേക്ക് ചെരിച്ച് മണ്ണിലേക്ക് നോക്കിക്കൊണ്ടുള്ള ആ നില്‍പ്പിനെക്കുറിച്ചും പറഞ്ഞു. കുഡ് നൈറ്റ്!

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായങ്ങള്‍ എഴുതിയ
faisu madeena,ചിത്രകാരന്‍,sheriff kottarakkara,Naiju Elikkattil,വിനോദ് എന്നിവര്‍ക്ക് നന്ദി.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

good article

റോസി പൈലോക്കാരന്റെ നാട്ടുകാരന്‍ ...... said...

താങ്കളുടെ ബ്ലോഗുകള്‍ ഞാന്‍ വായിച്ചു വരികയാണ്. കുട്ടിയായിരുന്നപ്പോള്‍ ഈ കഥ വായിച്ചത് എനിക്കോര്‍മ വന്നു. ഇപ്പോഴും അതോര്‍ക്കണമെങ്കില്‍ അന്ന് 'നല്ല കഥ' എന്ന് എനിക്ക് തോന്നിയിരിക്കണം.