My Blog List

Saturday, January 01, 2011

ശ്രീനാരായണ ഗുരുവും ജനുവരി ഒന്നും

ശങ്കരനാരായണന്‍ മലപ്പുറം 


എല്ലാവര്‍ക്കുമെല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!

       ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലമാണല്ലോ ശിവഗിരി. ഡിസംബര്‍ 30, 31, ജനുവരി 01 തീയതികളില്‍ ശിവഗിരിയില്‍ തീര്‍ത്ഥാടന സമ്മേളനം നടത്തിവരാറുണ്ട്. ശ്രീനാരായണ ഗുരുതന്നെയാണ് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം നടത്തുന്നതിന് അനുമതി നല്‍കിയത്. ഇതിനു കാരണമായ സംഭവത്തെക്കുറിച്ചു വിവരിക്കട്ടെ. ഇതേക്കുറിച്ച് എന്റേതായ അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്തുന്നില്ല. ഗുരുവും ഗുരുഭക്തരായ രണ്ടുപേരും തമ്മില്‍ നടത്തിയതും ശിവഗിരി തീര്‍ത്ഥാടനം തുടങ്ങാന്‍ കാരണമായതുമായ സംഭാഷണം താഴെ കൊടുക്കുന്നുണ്ട്. പ്രസ്തുത സംഭാഷണത്തില്‍ നിന്നുതന്നെ അക്കാലത്തെ സാമൂഹികാവസ്ഥയുടെ ഒരു ഏകദേശ ചിത്രം ലഭിക്കും. 'ശ്രീനാരായണ ഗുരുവും ജനുവരി ഒന്നും' എന്നു തലക്കെട്ടു കൊടുത്തതിന്റെ അര്‍ത്ഥവും വായനയില്‍ നിന്നു ബോധ്യമാകും. 
               1928 ജനുവരി 15-ന്‌ തീയതി കോട്ടയത്തെ നാഗമ്പടം ക്ഷേത്രത്തില്‍ ഗുരു വിശ്രമിക്കുകയായിരുന്നു. കോട്ടയം ടി.കെ.കിട്ടന്‍ റൈട്ടര്‍, വല്ലഭശ്ശേരില്‍ ഗോവിന്ദന്‍ വൈദ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെ ഭക്തജനങ്ങള്‍ ഗുരുവിനെ സന്ദര്‍ശിക്കുകയും ശിവഗിരി തീര്‍ത്ഥാടനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. പ്രസ്തുത സംഭാഷണത്തില്‍ നിന്ന്:
             ഗുരു: എന്താ വൈദ്യന്‍, വിശേഷിച്ച് റൈട്ടറുമായിട്ട്?
         വൈദ്യന്‍: റൈട്ടര്‍ക്ക് തൃപ്പാദ സന്നിധിയില്‍ ഒരു കാര്യം ഉണര്‍ത്തിച്ച് അനുവാദ കല്‍പന വാങ്ങിക്കാനുണ്ട്.
             ഗുരു: എന്താണ്. പറയാമല്ലോ.
     വൈദ്യന്‍: കാര്യങ്ങള്‍ ചോദ്യ രൂപത്തില്‍ അക്കമിട്ട് എഴുതിവെച്ചിരിക്കുകയാണ്. കല്‍പിച്ചാല്‍ റൈട്ടര്‍ വായിച്ചുകൊള്ളും.
          റൈട്ടര്‍: ശിവഗിരി തീര്‍ത്ഥാടനം (എന്നു വായിച്ചു)
       ഗുരു: തീര്‍ത്ഥാടനമോ? ശിവഗിരിയോ? കൊള്ളാം! നമ്മുടെ കുഴല്‍വെള്ളത്തില്‍ കുളിക്കാം. ശാരദാ ദേവിയെ വന്ദിക്കുകയും ചെയ്യാം. നല്ല കാര്യം. വായിക്കണം. കേള്‍ക്കട്ടെ.
    റൈട്ടര്‍: കേരളത്തിലെ ഈഴവര്‍ക്ക് ശിവഗിരി പുണ്യസ്ഥലമായി തൃപ്പാദങ്ങള്‍ കല്‍പിച്ച് അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.
       ഗുരു: വര്‍ക്കല ജനാര്‍ദ്ദനം പുണ്യസ്ഥലമാണല്ലോ. അതിനടുത്ത് ശിവഗിരികൂടി പുണ്യസ്ഥലമാകുമോ?
       റൈട്ടര്‍: ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളില്‍ ഞങ്ങള്‍ക്കാര്‍ക്കും പ്രവേശനമില്ല. അല്ലാതെ പോകുന്നവര്‍ക്ക് ഹേമദണ്ഡങ്ങളും മാനക്കേടും പണനഷ്ടവുമാണ് ഉണ്ടാകാറുള്ളത്. തൃപ്പാദങ്ങള്‍ കല്‍പിച്ചാല്‍ ശിവഗിരി പുണ്യസ്ഥലമാകും. കല്‍പന ഉണ്ടായാല്‍ മതി.
              ഗുരു: നാം പറഞ്ഞാല്‍ ശിവഗിരി പുണ്യസ്ഥലമാകുമെന്ന് റൈട്ടറും വൈദ്യനും വിശ്വസിക്കുന്നു അല്ലേ?
വൈദ്യന്‍: ഞങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു.
       ഗുരു: അപ്പോള്‍ നാം പറയുകയും നിങ്ങള്‍ രണ്ടാളും വിശ്വസിക്കുകയും ചെയ്താല്‍ മൂന്നുപേരായി. മതിയാകുമോ?
         വൈദ്യന്‍: കല്‍പന ഉണ്ടായാല്‍ ഞങ്ങള്‍ ഇരുപതു ലക്ഷവും മറ്റ് അധ:കൃതരും ശിവഗിരി പുണ്യസ്ഥലമായി സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യും.
      ഗുരു: വിശ്വാസമായല്ലോ, കൊള്ളാം. അനുവാദം തന്നിരിക്കുന്നു.
              തീര്‍ത്ഥാടകര്‍ ശിവഗിരിയില്‍ വന്നുകൂടുന്നത് ഏതു മാസം/തീയതി/ആഴ്ച/നക്ഷത്രം ആയിരിക്കണമെന്ന ചോദ്യത്തിന് ഗുരു നല്‍കിയ മറുപടിയിങ്ങനെ: '' തിര്‍ത്ഥാടകര്‍ ശിവഗിരിയില്‍ വന്നുകൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടുപിറപ്പിന് ആയിക്കൊള്ളട്ടെ. ജനുവരി മാസം ഒന്നാം തീയതി''. സംഭാഷണത്തിനിടയില്‍, തീര്‍ത്ഥാടകര്‍ രുദ്രാക്ഷമാല ധരിക്കണമോ എന്ന ചോദ്യത്തിന് ഗുരു പറഞ്ഞ രസകരമായ മറുപടിയിങ്ങനെ: '' വേണ്ടാ, രുദ്രാക്ഷം കുറെ ഉരച്ചു പച്ചവെള്ളത്തില്‍ കുടിക്കുന്നത് നന്നായിരിക്കും. ഗുണമുണ്ടാകാതിരിക്കയില്ല''. തീര്‍ത്ഥാടകര്‍ പാലിക്കേണ്ടത് ശ്രീബുദ്ധന്റെ 'പഞ്ചശുദ്ധി'കളായ ശരീരശുദ്ധി, ആഹാരശുദ്ധി, മന:ശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി എന്നിവയാണെന്നും തീര്‍ത്ഥാടകര്‍ ധരിക്കേണ്ടത് മഞ്ഞ വസ്ത്രമാണെന്നും ഗുരു നിര്‍ദ്ദേശിക്കുകയുണ്ടായി. 
              ഗുരുവിന്റെ മഹാസമാധിക്കുശേഷം  1933 ജനുവരി ഒന്നിനാണ് ആദ്യത്തെ ശിവഗിരി തീര്‍ത്ഥാടനം തുടങ്ങിയത്. ടി.കെ.കിട്ടന്‍ റൈട്ടര്‍, പി.വി.രാഘവന്‍ തുടങ്ങി അഞ്ചുപേരായിരുന്നു ആദ്യത്തെ തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്നത്.
...............

11 comments:

സത്യാന്വേഷി said...

ആ ഗുരുവിന്റെ ജയന്തി ആചരിക്കുന്നത് ഇപ്പോളും എന്നും നക്ഷത്രം നോക്കിയാണ്. അതനുകരിച്ച് അയ്യന്‍കാളി ജയന്തിയും ഓഗസ്റ്റ് 28 ല്‍നിന്ന് അവിട്ടം നാളിലേക്കു മാറിയിട്ടുണ്ട്.

Manoj മനോജ് said...

നാരായണ ഗുരു വെള്ളയും കറുപ്പും അല്ലാതെ മഞ്ഞ വസ്ത്രം (മഞ്ഞളില്‍ മുക്കിയെടുത്തത്) വേണമെന്ന് പറഞ്ഞതും ശ്രദ്ധേയമാണ്. പക്ഷേ പിന്നീട് വന്ന നേതാക്കള്‍ മഞ്ഞ “ഔദ്യോഗിക” നിറമാക്കി എന്ന് മാത്രമല്ല ഗുരുവിനെയും മഞ്ഞയില്‍ മുക്കി!!!

ഇക്കൊല്ലം നല്ല തിരക്കായിരുന്നു എന്ന് കേള്‍ക്കുന്നു. മറ്റൊന്നും കൊണ്ടല്ല ശിവഗിരിയില്‍ തിരിച്ച് കയറാന്‍ നടേശന്‍”ഗുരു” കച്ചകെട്ടി ഇറങ്ങിയതിനാല്‍ പുള്ളി പ്രത്യേക “സംഘങ്ങളെ” അങ്ങോട്ട് വിട്ടതിനാലാണ്!!!!

വെറുതെയാണോ നാരായണ ഗുരു എസ്സ്.എന്‍.ഡി.പി.യില്‍ നിന്ന് രാജി വെച്ച് ഓടി രക്ഷപ്പെട്ടത്....

നക്ഷത്രം എടുത്തതിന് പകരം കന്നി-5 ഉം “ആഘോഷി”ക്കുന്നുണ്ടല്ലോ...

ശ്രീജിത് കൊണ്ടോട്ടി. said...

പുതുവത്സരാശംസകള്‍..

സുശീല്‍ കുമാര്‍ said...

"സംഭാഷണത്തിനിടയില്‍, തീര്‍ത്ഥാടകര്‍ രുദ്രാക്ഷമാല ധരിക്കണമോ എന്ന ചോദ്യത്തിന് ഗുരു പറഞ്ഞ രസകരമായ മറുപടിയിങ്ങനെ: '' വേണ്ടാ, രുദ്രാക്ഷം കുറെ ഉരച്ചു പച്ചവെള്ളത്തില്‍ കുടിക്കുന്നത് നന്നായിരിക്കും. ഗുണമുണ്ടാകാതിരിക്കയില്ല''

ശവം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ നല്ലതെന്ന് ഒരു ഭക്തന്‍ ചോദിച്ചപ്പോള്‍,"ചക്കിലിട്ടാട്ടി വളമായി കൃഷി
ക്കുപയോഗിക്കുകയാണു നല്ലത്"എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ അനുയായികള്‍ സ്വന്തക്കാരുടെ അന്ത്യ
കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന്‌ നടത്തുന്ന കോപ്രായങ്ങള്‍ കണ്ടാല്‍ അന്ധം വിട്ടുപോകും.

കല്യാണത്തിന്‌ പത്തുപേരില്‍ കൂടുതല്‍ വേണ്ടെന്ന് പറഞ്ഞ ഗുരുവിന്റെ അനുയായികളായ കള്ളുകച്ചവടക്കാര്‍ നടത്തുന്ന ദൂര്‍ത്ത് കാണാന്‍ ഗുരുവില്ലല്ലോ. എത്ര ഭാഗ്യവാന്‍!

ശങ്കരനാരായണന്‍ മലപ്പുറം said...

മഹാന്മാര്‍ (മഹാന്മാരല്ലാത്തവരും) പറഞ്ഞ എല്ലാ വാക്കുകളും അതേ അര്‍ത്ഥത്തില്‍ എടുക്കുവാന്‍ പാടില്ല. 'ശവം ചക്കിലാട്ടി തെങ്ങിനിടണം 'എന്നു പറഞ്ഞത് അങ്ങനെ ചെയ്യാന്‍ വേണ്ടിയല്ല. ജീവിച്ചിരിക്കുന്ന മനുഷ്യന്റെ കാര്യങ്ങളാണ് നോക്കേണ്ടതെന്നും മരണ ശേഷം ചെയ്യുന്ന കര്‍മ്മങ്ങളില്‍ വലിയ കാര്യമില്ലെന്നും മരണാന്തര ചടങ്ങുകളുടെ പേരില്‍ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടരുതെന്നുമുള്ള അര്‍ത്ഥത്തിലാണ്. കല്യാണത്തിന് 10 പേര്‍ മതിയെന്നു പറഞ്ഞത്, കല്യാണത്തിന് 11 പേര്‍ പാടില്ലെന്നും 9 ല്‍ ചുരുക്കാന്‍ പാടില്ലെന്നുമുള്ള അര്‍ത്ഥത്തിലല്ല. കല്യാണത്തിന്റെ പേരില്‍ ധൂര്‍ത്തും മാമാങ്കവും പാടില്ല എന്ന അര്‍ത്ഥത്തിലാണ്. വാക്കര്‍ത്ഥം വച്ച് കല്യാണം നടത്തുകയാണെങ്കില്‍ (അക്കാലത്ത്) സഹോദരിയുടെ കല്യാണത്തിന് എല്ലാ സഹോദരങ്ങള്‍ക്കു പോലും പങ്കെടുക്കുവാന്‍ സാധിക്കുമായിരുന്നില്ല! കാരണം, അക്കാലത്ത് സ്ത്രീകള്‍ പത്തും പന്ത്രണ്ടും അതിലേറെയും പ്രസവിക്കുമായിരുന്നു. അമ്മയും അച്ഛനും ഏഴു മക്കളും (ഏറ്റവും ചുരുങ്ങിയത്) പുത്യാപ്‌ളയും ചേര്‍ന്നാല്‍ പത്തായി. പത്തു പെറ്റ അമ്മയുടെ മൂന്നു മക്കള്‍ക്ക് കല്യാണത്തിന് പങ്കെടുക്കുവാന്‍ സാധിക്കുകയില്ല!! കാര്യങ്ങളെ യുക്തിവാദ നിലപാടു പ്രകാരമാണ് വിലയിരുത്തേണ്ടത്.

ശങ്കരനാരായണന്‍ മലപ്പുറം said...

പ്രിയ സുശീല്‍ കുമാര്‍, 'ഗുരുവിന്റെ അനുയായികള്‍' എന്ന വിശേഷണത്തില്‍ ആരൊക്കെ ഉള്‍പ്പെടും? ഗുരുവിന്റെ വചനങ്ങള്‍ ചിലര്‍ക്കുവേണ്ടി മാത്രമോ, അതോ എല്ലാവര്‍ക്കും വേണ്ടിയോ? കമ്മ്യൂണിസ്റ്റുകാര്‍ കട്ടന്‍ ചായയ്ക്കും പരിപ്പുവടയ്ക്കും പകരം ബീറും ബിരിയാണിയും കഴിക്കുന്നു എന്ന് ഹൈദ്രബാദി ചിക്കനും ഹണീബീ ബ്രാണ്ടിയും കഴിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ പറയുന്നത് ശരിയോ തെറ്റോ?

സുശീല്‍ കുമാര്‍ said...

'ശവം ചക്കിലാട്ടി തെങ്ങിനിടണം 'എന്നു പറഞ്ഞത് അങ്ങനെ ചെയ്യാന്‍ വേണ്ടിയല്ല. ജീവിച്ചിരിക്കുന്ന മനുഷ്യന്റെ കാര്യങ്ങളാണ് നോക്കേണ്ടതെന്നും മരണ ശേഷം ചെയ്യുന്ന കര്‍മ്മങ്ങളില്‍ വലിയ കാര്യമില്ലെന്നും മരണാന്തര ചടങ്ങുകളുടെ പേരില്‍ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടരുതെന്നുമുള്ള അര്‍ത്ഥത്തിലാണ്">>>> അതുതന്നെയല്ലേ ഞാനും പറഞ്ഞത്? "കല്യാണത്തിന് 10 പേര്‍ മതിയെന്നു പറഞ്ഞത്, കല്യാണത്തിന് 11 പേര്‍ പാടില്ലെന്നും 9 ല്‍ ചുരുക്കാന്‍ പാടില്ലെന്നുമുള്ള അര്‍ത്ഥത്തിലല്ല. കല്യാണത്തിന്റെ പേരില്‍ ധൂര്‍ത്തും മാമാങ്കവും പാടില്ല എന്ന അര്‍ത്ഥത്തിലാണ്">>>> അതുതന്നെയല്ലേ ഞാനും പറഞ്ഞത്? "സംഭാഷണത്തിനിടയില്‍, തീര്‍ത്ഥാടകര്‍ രുദ്രാക്ഷമാല ധരിക്കണമോ എന്ന ചോദ്യത്തിന് ഗുരു പറഞ്ഞ രസകരമായ മറുപടിയിങ്ങനെ: '' വേണ്ടാ, രുദ്രാക്ഷം കുറെ ഉരച്ചു പച്ചവെള്ളത്തില്‍ കുടിക്കുന്നത് നന്നായിരിക്കും. ഗുണമുണ്ടാകാതിരിക്കയില്ല'>>> അതുതന്നെയല്ലേ ശങ്കരേട്ടനും പറഞ്ഞത്?രുദ്രാക്ഷമാല ധരിക്കരുതെന്ന് പറഞ്ഞാല്‍ അത് ഒരിക്കല്‍ പോലും ആരും ധരിച്ചുപോകരുതെന്നാകാനിടയില്ല. അതിനേക്കാള്‍ പ്രാധാന്യം പഞ്ചശുദ്ധി'കളായ ശരീരശുദ്ധി, ആഹാരശുദ്ധി, മന:ശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി എന്നിവയാണെന്ന അര്‍ത്ഥത്തില്‍ തന്നെയാകില്ലേ?

സുശീല്‍ കുമാര്‍ said...

"പ്രിയ സുശീല്‍ കുമാര്‍, 'ഗുരുവിന്റെ അനുയായികള്‍' എന്ന വിശേഷണത്തില്‍ ആരൊക്കെ ഉള്‍പ്പെടും? ഗുരുവിന്റെ വചനങ്ങള്‍ ചിലര്‍ക്കുവേണ്ടി മാത്രമോ, അതോ എല്ലാവര്‍ക്കും വേണ്ടിയോ? കമ്മ്യൂണിസ്റ്റുകാര്‍ കട്ടന്‍ ചായയ്ക്കും പരിപ്പുവടയ്ക്കും പകരം ബീറും ബിരിയാണിയും കഴിക്കുന്നു എന്ന് ഹൈദ്രബാദി ചിക്കനും ഹണീബീ ബ്രാണ്ടിയും കഴിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ പറയുന്നത് ശരിയോ തെറ്റോ?"

>>>> അയ്യോ ശങ്കരേട്ടാ, ഈ അനുയായി ആ അനുയായിയല്ല. ഇത് 'ഒറിജിനല്‍' അനുയായി. 'അനുയായി' എന്ന് നെറ്റിയില്‍ എഴുതിയൊട്ടിച്ചുനടക്കുന്നവര്‍. അവരെക്കുറിച്ചാണ്‌ പറഞ്ഞത്. എന്നാല്‍ എല്ലാ അനുയായികളും തീര്‍ച്ചയായും അങ്ങനെയല്ല.

ഗുരുവിന്റെ വചനങ്ങള്‍ സമൂഹത്തിനുവേണ്ടിയായിരുന്നു. ചിലര്‍ വചനങ്ങള്‍ അട്ടത്തുവെച്ച് ഗുരുവിന്റെ പ്രതിമയുമായി നടക്കുന്നു. ചിലര്‍ പ്രതിമയില്ലാതെതന്നെ വചനങ്ങള്‍ ശിരസ്സാ വഹിക്കുന്നു. ആദര്‍ശങ്ങളെ പനയം വെയ്ക്കുന്ന കമ്മ്യൂണിസ്റ്റിനെക്കുറിച്ചും കോണ്‍ഗ്രസ്സിനെക്കുറിച്ചും മറിച്ചൊരഭിപ്രായമില്ല.

ശങ്കരനാരായണന്‍ മലപ്പുറം said...

വിഷയുമായി ബന്ധമില്ലാത്ത ഒരു കമന്റ് ഞാന്‍ താങ്കളുടെ പോസ്റ്റില്‍ എഴുതിയിരുന്ന കാര്യം ഓര്‍ക്കുമല്ലോ. സംവാദങ്ങളില്‍ മുങ്ങി സംഗതികള്‍ മുടക്കരുതെന്ന്! രാത്രി 11.17 ന് കമന്റെഴുതാനായി കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നതു ശരിയല്ല കൂട്ടീ! ''പാതിരാ തണുപ്പു വീണൂ/മഞ്ഞു വീണൂ/പാട്ടു നിര്‍ത്തി.....'' എന്ന് ഒരാള്‍ പാടുന്നുണ്ടെന്ന് എന്റെ കാതിലാരോ മന്ത്രിക്കുന്നു!!
ഗുരു സമൂഹത്തിനു വേണ്ടിയാണ് പറഞ്ഞതെങ്കില്‍ അതു പാലിക്കാന്‍ ഗുരുവിന്റെ പേര് നെറ്റിയില്‍ അണിഞ്ഞു നടക്കാത്തവര്‍ക്കും ബാധ്യതയില്ലേ? ഗുരു പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ബാധ്യത ഗുരുവിന്റെ പേര് നെറ്റിയില്‍ അണിഞ്ഞ നടക്കുന്നവര്‍ക്കു മാത്രമാണെന്ന മട്ടിലാണ് മിക്കവരും മുക്രയിടാറ്. യുക്തിവാദ സംഘത്തിലെ അംഗം 1111 പേരെ വിളിച്ച് കല്യാണം നടത്തുന്നത്‌വിപ്‌ളവമാണോ?
കമ്മ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസ്സുകാരുടെയും ആദര്‍ശമില്ലായ്മയെ സൂചിപ്പിക്കലായിരുന്നില്ല എന്റെ ലക്ഷ്യം. കമ്മ്യൂണിസ്റ്റുകാര്‍ ബിരിയാണി (നല്ല ഭക്ഷണം എന്നു അര്‍ത്ഥമാക്കിയാല്‍ മതി) കഴിക്കുന്നത് തെറ്റാണെന്നു പറയുന്നത് കടുത്ത തെറ്റാണ്. അവര്‍ എന്നും കട്ടണ്‍ ചായയും പരിപ്പുവടയും കഴിക്കണമെന്ന വാദം വൃത്തികെട്ട വാദമാണ്. കാരണം പരിപ്പുവടയ്ക്കു പകരം ബിരിയാണക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണല്ലോ കമ്മ്യൂണിസ്റ്റുകാര്‍.

ശങ്കരനാരായണന്‍ മലപ്പുറം said...

ഗുരുവിന്റെ പ്രവര്‍ത്തന പരിപാടിയിലെ മുഖ്യയിനം ലളിത വിവാഹവും മദ്യനിരോധനവും ശവത്തെ ചക്കിലാട്ടലൊന്നുമായിരുന്നില്ല. സാമൂഹിക നീതിയായിരുന്നു ഗുരുവിന്റെ അജണ്ടയിലെ മുഖ്യയിനം. മറ്റൊരുപാടു കാര്യം പറയാനുണ്ടെങ്കിലും ഒരു കാര്യത്തില്‍ ചുരുക്കാം. ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കുമുള്ള സംവരണത്തെ എതിര്‍ത്തവരും പരോക്ഷമായി ഇപ്പോഴും എതിര്‍ത്തുകൊണ്ടിരിക്കുന്നവരുമാണ് (ഇതാരൊക്കെയാണെന്ന് യുക്തിവാദി നേതാവായ രാജഗോപാല്‍ വാകത്താനം എഴുതിയ പുസ്തകം-സംവരണത്തിന്റെ രാഷ്ട്രീയം, പേജ് 31-വായിച്ചാല്‍ മതി. ഏതായാലും ഒരു കാര്യം ഉറപ്പ് ഇക്കൂട്ടത്തില്‍ പൊന്നേംപാടത്തെ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടിയായ സി.പി.ഐ.യുടെ എം.പി. ഭോഗേന്ദ്രത്ധാ ഉണ്ടായിരുന്നു. മാത്രമല്ല ഇദ്ദേഹമാണ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പാര്‍ലമെണ്ടില്‍ ആദ്യമായി ശബ്ദമുയര്‍ത്തിയ 'മഹാന്‍'. പൊന്നേംപാടത്തെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.എം.ലെ സോമനാഥ് ചാറ്റര്‍ജിയായിരുന്നു രണ്ടാമത്തെ എതിര്‍പ്പുകാരന്‍. പിന്നീടാണത്രെ രാജീവേട്ടന്‍ രംഗത്തു വന്നത്!) ഗുരുവിന്റെ ഏറ്റവും വലിയ ശത്രുക്കള്‍.
999 ആളെ വിളിച്ച് കല്യാണം നടത്തുന്ന എസ്.എന്‍.ഡി.പി.ക്കാരനും അമ്മായീടെ അടിയന്തിരം 777 ആളെ വിളിച്ചു നടത്തുന്ന എസ്.എന്‍.ഡി.പി.ക്കാരനും ഗുരുവിനെ പിന്‍പറ്റുന്നവരല്ല എന്ന കാര്യം ശരി തന്നെ പ്രിയ സുശീല്‍ കുമാര്‍. മുകളില്‍ സൂചിപ്പിച്ച മുക്കര്‍ജിയും ചാറ്റര്‍ജിയുമൊക്കെയാണ് ഗുരുവിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍. ബിരിയാണി കഴിക്കുന്ന കമ്മ്യൂണിസ്റ്റുകാരെയല്ല കമ്മ്യൂണിസ്റ്റ് കുപ്പായമിട്ട ഇത്തരം സവര്‍ണ മൂരാച്ചികളെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത് പ്രിയ സുശീല്‍ കുമാര്‍!

സുശീല്‍ കുമാര്‍ said...

ഹ.ഹ.ഹ... സമ്മതിച്ചു ശങ്കരേട്ടാ