My Blog List

Tuesday, February 01, 2011

തൂറാമുട്ടിപ്പടി!

ശങ്കരനാരായണന്‍ മലപ്പുറം           എന്റെ വീട് മലപ്പുറം-മഞ്ചേരി റോഡില്‍ രണ്ടര കിലോമീറ്റര്‍ അകലെയുള്ള മുണ്ടുപറമ്പ് എന്ന സ്ഥലത്താണ്. പ്രസ്തുത റോഡില്‍ മലപ്പുറത്തു നിന്നു ഒരു കീലോമീറ്റര്‍ ദൂരത്താണ് 'മലയാളമനോരമ' സ്ഥിതിചെയ്യുന്നത്. മുമ്പിവിടെ 'ഡിലൈറ്റ്' എന്ന പേരിലുള്ള സിനിമാ ടാക്കീസുണ്ടായിരുന്നു. അവിടെ ഒരു ചോലയുമുണ്ടായിരുന്നു. അതിന്റെ ശേഷിപ്പുകള്‍ ഇപ്പോഴുമുണ്ടവിടെ. റോഡ് 'റ'ആകൃതിയില്‍ വളഞ്ഞുള്ള സ്ഥലത്തുള്ള ചോലയായതിനാല്‍ 'വളവില്‍ച്ചോല'എന്നാണ് അറിയപ്പെട്ടിരുന്നത്. എന്റെ കുട്ടിക്കാലത്ത് ആ വഴി രാത്രി സഞ്ചരിക്കാന്‍ മിക്കവര്‍ക്കും പേടിയായിരുന്നു. (എനിക്ക് പേടിയുണ്ടായിരുന്നില്ല. വല്ലാത്തൊരു ഭയം മാത്രമേ ഉണ്ടായിരുന്നുള്ളൂ!). അവിടെ 'ഒറ്റമുലച്ചി' ഉണ്ടായിരുന്നുവത്രെ! ഇതാണു കാരണം. ഈ 'ഒറ്റമുലച്ചി' ആരാണെന്നൊന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീട്, ചരിത്ര പഠിതാവും ഹോമിയോ ചികിത്സകനും എന്റെ ആത്മ സുഹൃത്തുമായ ബാപ്പുക്കയാണ് (മുഹമ്മദ് തോരപ്പ) ഈ 'ഒറ്റമുലച്ചി' കണ്ണകിയാണെന്നു പറഞ്ഞു തന്നത്. പൗരാണിക തമിഴ് സാഹിത്യകാരനായ ഇളങ്കോവടികളുടെ 'ചിലപ്പതികാര'ത്തിലെ നായികയും കോവിലന്റെ ധര്‍മ്മപത്‌നിയുമായിരുന്നു 'കണ്ണകി'. ഭര്‍ത്താവിനെ കള്ളക്കേസ്സില്‍ കുടുക്കി തലവെട്ടിയ രാജാവിനോടുള്ള കടുത്ത രോഷാഗ്നിയില്‍ ഇടത്തെ മുല പറിച്ചെറിഞ്ഞ് രാജാവിനെയും രാജ്യത്തെയും ചുട്ടു ചാമ്പലാക്കിയ കണ്ണകി. കൊടുങ്ങല്ലൂരമ്മ കണ്ണകിയുടെ പ്രതിരൂപമാണെന്നും പറയപ്പെടുന്നുണ്ട്. എന്തുതന്നെയായാലും മലപ്പുറത്തിനും ഒരു കണ്ണകിബന്ധമുണ്ടെന്നു ചുരുക്കം.
              'മണ്ണുമാന്തിയാല്‍' ഇതുപോലുള്ള പല ചരിത്ര സത്യങ്ങളും കണ്ടെത്താന്‍ സാധിക്കും. ഓരോ സ്ഥലപ്പേരിന്റെ പിന്നിലും ഒരോ ചരിത്ര സത്യങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ടാകാം. സ്ഥലകാലനാമത്തെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടല്ലോ. 'പള്ളി'എന്ന സ്ഥലപ്പേരുള്ള സ്ഥലങ്ങളിലെല്ലാം ഒരുകാലത്ത് പ്രസിദ്ധങ്ങളായ ബുദ്ധപ്പള്ളികള്‍ (ബുദ്ധമത ആരാധനാലയങ്ങളെ 'പള്ളി' എന്നാണ് വിളിച്ചിരുന്നത്. 'പള്ളി' പാലി ഭാഷയിലുള്ള വാക്കാണ്) ഉണ്ടായിരുന്നു. ഗൗരവമായ ഈ വിഷത്തെക്കുറിച്ചല്ല പറയുന്നത്. എപ്പോഴും ഗൗരവവിഷയങ്ങള്‍ തന്നെ പാടില്ലല്ലോ. ഇടയ്‌ക്കൊക്കെ അല്പം തമാശകളും വേണ്ടേ പ്രിയ ബ്‌ളോഗര്‍മാരെ, ബ്‌ളോഗിണിമാരെ!
              കോഴിപ്പെണ്ണിനെ 'പിടക്കോഴി' എന്നാണല്ലോ വിളിക്കാറ്. എന്നാല്‍ 'പിടക്കോഴി' എന്നു വീട്ടുപേരുള്ള ധാരാളം കുടുംബങ്ങള്‍ മലപ്പുറം ജില്ലയിലുള്ള പൊന്മള പഞ്ചായത്തിലെ പൂവാട് എന്ന സ്ഥലത്തുണ്ട്. ഇതെങ്ങനെ വന്നെന്നു അറിയില്ല. 95 വയസ്സുള്ള വല്ലിമ്മയും 103 വയസ്സുള്ള വല്ലിപ്പയും ഇപ്പോഴും 'മണിയറില്‍'! അതെ, പെരിന്തല്‍മണ്ണ താലൂക്കിലെ മക്കരപറമ്പില്‍ 'മണിയറ'എന്നു വീട്ടുപേരുള്ള ധാരാളം കുടുംബങ്ങള്‍ ഉണ്ട്. കൊണ്ടോട്ടിക്കടുത്ത ഓമാനൂരിനടുത്തുള്ള വളരെ ചെറിയൊരു അങ്ങാടി. ഓഫീസ് ജോലിയുമായി ബന്ധപ്പെട്ട ഒരു സര്‍വ്വെയ്ക്കു പോയതായിരുന്നു ഞാന്‍. ആ സ്ഥലത്തിന്റെ പേര് 'പഞ്ചാരപ്പടി' എന്നായിരുന്നു. എങ്ങനെ ഈ പേരു വന്നെന്ന് ഞാനൊരാളോട് ചോദിച്ചു. '' ന്റെ കുട്ട്യേ, അയ്‌ന്റെ കാര്യൊന്നും പറയണ്ട. ഒരു പെമ്പ്രന്നോള്‍ക്ക് ഇബടൊരു പെട്ടിപ്പീട്യ ണ്ടായിനി. ചെക്കമ്മാര് ബന്ന് ഓളെ തൊള്ളേലും നോക്കിരിക്കും. പഞ്ചാര. അങ്ങനെ ബന്നതാ'' . ഈ 'പഞ്ചാരപ്പടി' ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല. എന്നാല്‍ തിരൂരിനടുത്ത് നിറമരുതൂര്‍ പഞ്ചായത്തില്‍ ഒരു 'പഞ്ചാരമൂല' മാത്രമല്ല 'ചക്കരമൂല'യുമുണ്ട്. ഗുരുവായൂരിനടുത്തും ഒരു 'പഞ്ചാരമുക്ക്'ഉണ്ട്. 
              വീട്ടുപേരുകള്‍ മാറിമാറി വരുന്ന കഥയാണ് (സംഭവമല്ല) പറയുന്നത്. വാഴയൂരിലെ പൊന്നേംപാടത്തെ വേലായുധന്‍ എന്നയാള്‍ മൊറയൂരിലെ ഒഴുകൂരില്‍ സ്ഥലം വാങ്ങി വീടു വച്ചു. വീടിന്റെ മുന്‍ഭാഗത്തായി ഒരു ആല്‍മരമുണ്ടായിരുന്നു. ഇതു കാരണം വേലായുധന്‍ അന്നാട്ടുകാര്‍ക്ക് 'ആലുങ്ങള്‍ വേലായുധന്‍'ആയി. പിന്നീട് ആലിനൊരു തറകെട്ടി. അങ്ങനെ 'ആലുങ്ങല്‍ വേലായുധന്‍' അന്നുമുതല്‍'ആലുംതറയില്‍ വേലായുധന്‍'എന്നായി മാറി. വീടിന് ഭീഷണിയായപ്പോള്‍ ആല്‍മരം വെട്ടി. കുറ്റി ബാക്കിയായി. അപ്പോള്‍ വേലായുധന്‍ 'ആലുംകുറ്റിയില്‍ വേലായുധന്‍'എന്നായി മാറി. പിന്നീട് ആലുംകുറ്റി പറിച്ചെടുത്തു. അവിടെ ഒരു കുഴിയായി; അതായത് കുണ്ടായി മാറി. അപ്പോള്‍ വേലായുധന്‍ 'ആലുംകുണ്ടില്‍'വേലായുധനായി! ഇപ്പോള്‍ ആലുമില്ല; തറയുമില്ല; കുറ്റിയുമില്ല; കുഴിയുമില്ല; കുണ്ടുമില്ല; വേലായുധനുമില്ല. എങ്കിലും പരേതനായ വേലായുധന്റെ മകനെ'മോനേ ദിനേശാ.....ആലുംകുണ്ടില്‍ ദിനേശാാാാ...' എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്.
            മലപ്പുറം-മങ്കട റൂട്ടിലൂടെ ബസ്സ് സര്‍വ്വീസ് തുടങ്ങിയ കാലം. വടക്കാങ്ങരയും കഴിഞ്ഞ് ബസ്സ് ഓടുകയാണ്. ''ച്ച്ബടെ എറങ്ങണം''എന്നു പറഞ്ഞ് ഒരാള്‍ ബഹളം വച്ചു. ''ബ്‌ടെ സ്റ്റോപ്പില്ല. ട്രാന്‍സ്‌ഫോര്‍മര്‍പടിയിലേ ഞ്ഞി നിര്‍ത്തൂ.''. ആള്‍ പിന്നെയും ബഹളം വച്ചുകൊണ്ടിരുന്നു. ഗത്യന്തരമില്ലാതെ ഡ്രൈവര്‍ ബസ്സ് നിര്‍ത്തി. ആളിറങ്ങി മുണ്ടുംപൊക്കിപ്പിടിച്ച് ഒഴിഞ്ഞൊരു സ്ഥലത്തേക്ക് ഓടി. പിന്നീടിതൊരു ബസ്റ്റോപ്പായി മാറി. സ്റ്റോപ്പിന്റെ പേര്- 'തൂറാമുട്ടിപ്പടി'!
..........

37 comments:

Subair said...

വന്നു..വായിച്ചു..രസിച്ചു..

Unknown said...

ഹ..ഹ,,ഹ,ഹ...
ചിരിയെ വരുന്നുള്ളൂ...

കരീം മാഷ്‌ said...

എനിക്കറിയാം ഈ തൂറാൻ പടി. അവിടെ ഒരു ചോലയുമുണ്ട്.

ശ്രീജിത് കൊണ്ടോട്ടി. said...

ശങ്കരനാരായനെട്ടാ..
വായിച്ചിട്ട് ചിരി വരുന്നുണ്ട്. എന്‍റെ നാട്ടിലെ (ഒഴുകൂര്‍) ആ ആലുങ്ങള്‍ വേലായുധനെ എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല. ഒഴുകൂര്‍ എന്നത് അഞ്ചെട്ട് കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന പ്രദേശം ആണല്ലോ? അതുകൊണ്ടാവും. എന്തായാലും അങ്ങയുടെ പോസ്റ്റിലൂടെ എന്‍റെ നാടും ആദരിക്കപ്പെട്ടിരിക്കുന്നു.. ഹ ഹ ഹ ...

ഓ.ടോ : മഞ്ചേരിക്ക് അടുത്തുള്ള (വെറും) "മുട്ടിപ്പടി" (കോഴിക്കോട് റൂട്ടില്‍) എന്ന സ്ഥലത്തിന്റെ പേരിനു പിന്നിലും എന്തെങ്കിലും രസകരമായ കഥകള്‍ ഉണ്ടോ?

ആളവന്‍താന്‍ said...

അതെ. ഇങ്ങനെ രസകരമായ ഒരുപാട് സ്ഥല പേരുകള്‍

അമ്മാവന്‍ / AMMAVAN said...

സാധിക്കണേല്‍ വേറെവിടെലും പോണമാരിക്കും!

OAB/ഒഎബി said...

ആ റൂട്ടിൽ ബസ്സ്പ്പണിയെടുക്കുന്ന കാലത്ത് അങ്ങനെയൊന്ന് കേട്ടിട്ടില്ലായിരുന്നു. പഞ്ചാരപ്പടിയുണ്ടായത്: അവിടെ കുറെ ടീച്ചർമാർ താമസിച്ചിരുന്നു. അതിന്റെ ശേഷം ആ സ്ഥലത്ത് പഞ്ചാരയടിക്കാനാ‍യി ആളുകൾ കൂടി എന്നാണ് ഞാൻ കേട്ടത്.

ഇങ്ങനെ രസകരമായ കുറേ പടികൾ ഉണ്ടായിരിക്കും.

kARNOr(കാര്‍ന്നോര്) said...

ഹ..ഹ,,ഹ,ഹ..

hafeez said...

എന്റെ നാട്ടില്‍ ആളൊഴിഞ്ഞ ഒരു ജങ്ക്ഷനില്‍ പുതിയ ഒന്ന് രണ്ടു കടയൊക്കെ വന്നു ഒരു 'ഔദ്യോഗിക' അങ്ങാടിയായി. ഒരു പേര് വേണ്ടേ? നയീ ദില്ലി പോലെ "നയീ അങ്ങാടി" എന്ന് പേരിട്ടു. ഇപ്പൊ അത് നായി അങ്ങാടിയാണ് :)

പഞ്ചാരമുക്കിലേക്കുള്ള വഴികൂടി പറയാമായിരുന്നു :)

ശ്രീനാഥന്‍ said...

ഹഹ! നല്ല രസമായിട്ടുണ്ട് ബസ്സ്സ്റ്റോപ് വിശേഷം! ഈ പഞ്ചാരപ്പടി കണ്ടപ്പോൾ എന്റെ നാട്ടിലെ സുന്ദരിമുക്ക് ഓർത്തു (പഴയ തോഷിബാ-ആനന്ദ്, അത്താണി, ആലുവാ), ഒരു കമ്പനി തുടങ്ങി സുന്ദരിക്കുട്ടികൾ അവിടെ ജോലി ചെയ്യാൻ തുടങ്ങിയ എന്റെ കുട്ടിക്കാലത്താണ് ആ പേരു വന്നത്, ആ കുട്ടികളൊക്കെ ഇന്ന് നരച്ചു, കമ്പനി പൂട്ടിപ്പോയി, ആരും ആ ബസ്സ്റ്റോപ്പിനെ ഇന്ന് സുന്ദരിമുക്ക് എന്ന് വിളിക്കുന്നില്ല, ബ്സ്സു കാത്തിപ്പൊഴും നിൽക്കുന്നു ഞാൻ, എത്രയോ ബസ്സുകൾ നിർത്തിയും നിർത്താതെയും ദൂരരഥ്യകളിലേക്ക് പാഞ്ഞു പോയ്... (ഓ എൻ വി)

Pushpamgadan Kechery said...

ചിറ്റണ്ട അളിയന്‍ പാഞ്ഞാള ..
രസമായി ഈ പേര് വിശേഷം !
അഭിനന്ദനങ്ങള്‍ ...

Kadalass said...

ഇങ്ങനെ ഒരുപാടു പേരുണ്ടല്ലെ........... മാല മുത്തുവിന്റെ മാലഞ്ചേരിയാണു ‘മഞ്ചേരി’ ആയത് എന്ന് എന്റെ ഗുരുനാഥൻ ഡേ.ദേവദാസ് പറഞ്ഞത് ഓർമ്മയുണ്ട്.

ആശംസകൾ!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സ്ഥലപ്പേര് വിഷയമാക്കി ഒരുപാട് രസകരമായ കഥകളും ലേഖനങ്ങളും നിലവിലുണ്ട്.
ചക്കരമൂലയും പന്ചാരമുക്കും ഒക്കെ എന്റെ നാട്ടിലാണ്. വേറെയുമുണ്ട് -
പഞ്ഞന്‍ പടി
ഉണ്ടപ്പടി
NOC പടി ...
മുതലായ ഒരു പാട് പടികള്‍ ഉണ്ട് . ഇതിലധികവും ബസ്സ്‌ ജീവനക്കാര്‍ ഇടുന്ന പേരാണ് എന്നതാണ് രസകരം.

Prabhan Krishnan said...

ഒരിടത്തൊരിടത്തൊരു..ശശി....പാവം ശശി..ആളിനു കമ്പം ആനയോട്..ഉത്സവസീസണ്‍ ശശിയുടെ സീസണ്‍..കഴിഞ്ഞവെക്കേഷനു നാട്ടില്‍ചെന്നപ്പോ ഞാനറിഞ്ഞു..അവനിപ്പോ വെറും ശശിയല്ല..‘ആനശശി’..നോക്കണേ പേരുവരുന്ന വഴി...!! ആശംസകള്‍ കൂട്ടുകാരാ...!!( പേരുപുരാണം: എന്റെവക..!)
മ്മടെ റൂട്ടിലൂടൊക്കെ ഒന്നു വരണേ...!!

ജയരാജ്‌മുരുക്കുംപുഴ said...

rasakaramyittundu...... aashamsakal.........

Unknown said...

പേര് പുരാണം രസകരമായി.

പെരിന്തല്‍മണ്ണ ഊട്ടിറോഡില്‍ പൂപ്പലത്തിനടുത്ത് ഒരു തട്ടാന്‍പടി ഉണ്ടായിരുന്നു. ഇവിടെ പണ്ടൊരു തട്ടാന്‍ ഒരു വീട്ടിലെ രണ്ടാളെ വിഷം കൊടുത്തു കൊന്നു. അതിനു ശേഷം ബസ്സുകാരിട്ട പേരായിരുന്നു അത്. ഇപ്പോള്‍ അങ്ങനെ വിളിക്കാറില്ല!

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ Subair, ex-pravasini, ശ്രീജിത്ത് കൊണ്ടോട്ടി, കരീം മാഷ്, ആളവന്‍താന്‍,അമ്മാവന്‍,OAB, കാര്‍ന്നോര്,hafeez, ശ്രീനാഥന്‍,Oushpangad, ഇസ്മയില്‍ കുറുമ്പടി, മുഹമ്മദുകുഞ്ഞി വണ്ടൂര്‍, പ്രഭന്‍ കൃഷ്ണന്‍,Jayaraj murukkumpuzha, തെച്ചിക്കോടന്‍ എന്നിവര്‍ക്ക് നന്ദി.
എന്റെ പോസ്റ്റുകള്‍ക്ക് പൊതുവെ ദൈര്‍ഘ്യം കൂടുതലാണ്. അതുകൊണ്ടാണ് 'തൂറാമുട്ടിപ്പടി' ഒരു പിടിയിലൊതുക്കിയത്. രസകരമായ ഇത്തരം പേരുകള്‍ ധാരാളമുണ്ട്. അറിയാത്ത ചില പേരുകള്‍ ഇപ്പോള്‍ കിട്ടുകയും ചെയ്തു. അറിവുകള്‍ പങ്കു വച്ചതിനു നന്ദി.
കരീംമാഷ്, താങ്കള്‍ പറഞ്ഞ ചോലയില്‍ കുളിച്ചിട്ടാണ് മ്മളെ മാളൂന് ചീരാപ്പ് പുടിച്ചത് എന്നാണ് നബീല്‍-മ്മളെ സാജിദാന്റെ കെട്ടേ്യാന്‍-എന്നോട് പറഞ്ഞത്.
ശ്രീജൂ, ആലുംകുണ്ടില്‍ വേലായുധനെ ആലോചിച്ച് തല പുണ്ണാക്കേണ്ട. വേഗം ഒരു മാളൂനെ സംഘടിപ്പിക്കാന്‍ നോക്ക്! അത് വെറും കഥയാണ്. ഇക്കാര്യം പോസ്റ്റില്‍ തന്നെ എഴുതിയിരുന്നു. ബ്‌ളോഗര്‍ സുശീല്‍കുമാറിന്റെ നാടാണ് പൊന്നേംപാടം.
OAB, ഞാന്‍ പറഞ്ഞത് 30 കൊല്ലം മുമ്പത്തെ കാര്യമാണ്. 'പഞ്ചാരപ്പടി'യൊക്കെ പെട്ടെന്ന് മരിച്ചു കാണും. വെട്ടുകാട് എന്ന സ്ഥലത്തിനടുത്തായിരുന്നു ആ ബസ്റ്റോപ്പ് എന്നാണ് ഓര്‍മ്മ.
മുഹമ്മദുകുഞ്ഞി വണ്ടൂര്‍, മലപ്പുറം കോളേജിലുണ്ടായിരുന്ന മലയാളം അദ്ധ്യാപകന്റെ(Sri:Devadas) ശിഷ്യനാണോ താങ്കള്‍?
പ്രഭന്‍ കൃഷ്ണന്‍, താങ്കളുടെ റൂട്ടിലൂടെ ഞാനൊരിക്കല്‍ വന്നിട്ടുണ്ട്.

ajith said...

....അങ്ങിനെയാണ് തൂറാമുട്ടിപ്പടിയുണ്ടായത് അല്ലേ?

Unknown said...

Great post!!Thx for stopping by kothiyavunu and ur lovely comments.

ബിന്‍ഷേഖ് said...

എന്റെ നാട്ടില്‍ സ്ഥലത്തെ പ്രധാന കൊസ്രാക്കൊള്ളികള്‍ സമ്മേളിക്കുന്ന,
അരയടി വീതിയും മൂന്നാല് മീറ്റര്‍ നീളവും ഉള്ള
ഒരു ഇരിപ്പിടമുണ്ട്,ഒരു മൂന്നും കൂടിയ മുക്കില്‍.
ചിലേടങ്ങളില്‍ ഇതിനു ഇലക്ട്രിക് പോസ്റ്റ്‌ എന്നും പറയും.

നിത്യവും ഇതിലെ കടന്നു പോകുന്നവര്‍ ഇവരുടെ ശല്യം കാണുമ്പോള്‍ അറിയാതെ പറഞ്ഞു പോവും-"ശെയ്ത്താന്മാര്‍".

കല്ലിട്ട് വെറും രണ്ടാഴ്ച കഴിഞ്ഞില്ല-മിക്കവാറും മാന്യന്മാര്‍ താമസിക്കുന്ന ടി സ്ഥലത്തിന്റെ ഇപ്പോഴത്തെ പേര് "ചെയ്ത്താന്‍ മുക്ക്."

പേര് വരുന്ന ഓരോ വഴികള്‍.
നാണയ-സ്റ്റാമ്പ് ശേഖരണം പോലെ ഹോബിയാകാന്‍ പറ്റിയ ഒരെര്‍പ്പാടുണ്ട്. ഇരട്ടപ്പേര് ശേഖരണം.

ശങ്കര്‍ജീ, പറ്റുമെങ്കില്‍ വീട്ടിന്റെ അടുത്തെവിടെയെങ്കിലും ഒരു "ശങ്കരപ്പടി" ഒപ്പിക്ക്. നമ്മുടെ കാലശേഷവും നാട്ടാരെ കൊണ്ട് നമ്മളെ "പറയിപ്പിക്കാം".

സംഗതി കൊള്ളാം കേട്ടോ.

അനീസ said...
This comment has been removed by the author.
അനീസ said...

എന്റെ നാടിന്‍റെ പേര് കോഴിബസാര്‍ എന്നാണ്, പക്ഷെ കോഴിയുമായി ഒരു ബന്ധവും ഇല്ല :(

ഒറ്റമുലച്ചിയെ കുറിച്ച് കേട്ടിരുന്നു, കടപ്പുറത്ത് സന്ധ്യനെരങ്ങളില്‍ ചില വീട്ടിലെ കുട്ടികള്‍ കളിയ്ക്കാന്‍ പോകുന്നത് തടയാന്‍ ചില വീട്ടുക്കാര്‍ ഒറ്റമുലച്ചി പിടിക്കുമെന്നു പറയാറുണ്ട് അവരോടു

mayflowers said...

സ്ഥലപ്പേരുകളും അതിന്റെ ഉത്ഭവവും രസത്തില്‍ വിവരിച്ചിട്ടുണ്ടല്ലോ..
ഹ..ഹ..ഹ..

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ajith, kothiyavunnu, ബിന്‍ഷേഖ്, അനീസ, mayflowers എന്നിവര്‍ക്ക് നന്ദി!

nikhimenon said...

http://www.mathrubhumi.com/english/story.php?id=104103

chithrakaran:ചിത്രകാരന്‍ said...

തൂറാന്‍+മുട്ടിയ+പടി = തൂറാമുട്ടിപ്പടി !!!
എത്ര സുന്ദരമായ മലയാളം ! മനുഷ്യനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന അനുഭവങ്ങളുടേയും അറിവുകളുടേയും
നിര്‍മ്മലമായ കൂട്ടിയിണക്കലാണ് തൂറാമുട്ടിപ്പടിയെന്ന സ്ഥലപ്പേരിലൂടെ തദ്ദേശവാശികള്‍ സാദ്ധ്യമാക്കിയിരിക്കുന്നത്. മനുഷ്യത്വത്തോട് ഇത്രയും അടുത്തു നില്‍ക്കുന്ന ഭാഷയുണ്ടായിട്ടും സങ്കുചിത സ്വാര്‍ത്ഥതയുടെ ഭാഗമായുള്ള കൃത്രിമ വാക്കുകള്‍ സംസ്കൃതത്തില്‍ നിന്നും ഇംഗ്ലീഷില്‍ നിന്നും നാം
കടം കൊണ്ടിട്ടാണെങ്കിലും ഉപയോഗിച്ച് അസാധാരണക്കാരും മാന്യരുമാണെന്ന്
സ്ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്നു. അതുമാത്രമല്ല,
സത്യസന്ധതയോടെയും നിഷ്ക്കളങ്കമായും മനുഷ്യസ്നേഹത്തോടും നമുക്കു ചുറ്റുമുള്ള എല്ലാവര്‍ക്കും മനസ്സിലാകുന്ന പ്രാദേശിക ഭാഷ സംസാരിക്കുന്നവരെ അപരിഷ്കൃതരെന്നും, സംസ്ക്കാര ശൂന്യരെന്നും, മാന്യതയില്ലാത്ത മനുഷ്യരെന്നും നാം ചപ്പകുത്തുന്നു !
അത്തരം തന്തയില്ലാത്ത മാന്യസംസ്ക്കാരമുള്ളവര്‍ക്ക് ബോധ നവീകരണത്തിനുള്ള
ഒരു ദിശാസൂചികയാണ് ഈ പോസ്റ്റ്.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

പെരിന്തല്‍മണ്ണയില്‍(പെരും തല്ലു നടക്കുന്ന മണ്ണ് ) നിന്നും മണ്ണാര്‍ക്കാട്ടേക്കുള്ള വഴിയില്‍ നമ്മുടെ ബ്ലോഗര്‍ തോന്ന്യാസിയുടെ സാമ്രാജ്യത്തിനോട് ചേര്‍ന്ന് ഒരു ദുബായിപ്പടി എന്ന ബസ് സ്റ്റോപ്പുണ്ട്.പാലക്കാട് ജില്ലയുടെ അതിരില്‍ കരിംങ്കല്ലത്താണി എന്ന സ്ഥലവും കുറച്ചുകൂടി പോയാല്‍ 55, 53 എന്നീ സ്ഥലങ്ങളുമുണ്ട്. പണ്ടത്തെ മയില്‍ കുറ്റികളുടെ നംബറായിരിക്കണം സ്ഥലപ്പേരായത്. കണ്ണൂരില്‍ ചൊവ്വ എന്നൊരു സ്ഥലം ടൌണിനോടു ചേര്‍ന്നുണ്ട്. ചൊവ്വ തന്നെ താഴെചൊവ്വയും മേലെചൊവ്വയുമായി രണ്ടായിപിരിഞ്ഞു കിടക്കുന്നുമുണ്ട്. മലപ്പുറത്ത് കോട്ടക്കല്‍ ഭാഗത്ത് ചങ്കുവെട്ടി എന്നൊരു സ്ഥലമുണ്ട്. പണ്ട് ചങ്കുവെട്ടിയിരുന്ന സ്ഥലം തന്നെ ആയിരിക്കണം.

ചരിത്രത്തിന്റെ കയറ്റിറക്കങ്ങള്‍ ഭാഷയില്‍ വാക്കുകളും പ്രയോഗങ്ങളുമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.അവ നിവര്‍ത്തി വായിച്ചെടുക്കുന്നത് നഷ്ടപ്പെട്ട ചരിത്രത്തിന്റെ പുനസ്ഥാപനത്തിനു വഴിതെളിക്കും.
അതിനു കാരണമാകുന്ന ബ്ലോഗിനു നന്ദി പറയാം.

Arun said...

തൂറാന്മുട്ടിപ്പടി ! ലജ്ജ വേണ്ടാത്ത സ്ഥലപ്പേര് . ദൈവങ്ങളുമായി ചേര്‍ന്ന സ്ഥലപ്പേരുകള്‍ മാത്രമേ നമ്മുടേ ഐതിഹ്യങ്ങളില്‍ സാധാരണ വിളങ്ങാറുള്ളൂ. പുതിയകാലത്ത് ഇത്തരം പേരുകള്‍ പരിഷ്കരിക്കപ്പെടാനും അന്യം നിക്കാനും ഉള്ള സാധ്യത ഒരുപാടാണ് .
വീടെവിടെയാ എന്ന് ചോദിച്ചാ പട്ടിക്കാട് എന്ന് പറയുന്നത് നാണക്കേടാണെങ്കില്‍ എന്തുചെയ്യും!

@ചിത്രകാരന്‍ : ചങ്കുവെട്ടിക്ക് രണ്ട് നാഴിക മുമ്പ് പൂക്കിപ്പറമ്പുണ്ട് . പണ്ട് യാത്രക്കാര്‍ അവിടം കടന്നാല്‍ ചങ്കുവെട്ടികള്‍ക്കുള്ള സിഗ്നല്‍ ആയി പൂക്ക്(കൂക്ക് ) ഉയര്‍ന്നിരിക്കണം

കൂതറHashimܓ said...

:)

എടയൂര്‍, അന്ന് രണ്ട് നാട്ട് രാജ്യങ്ങള്‍ക്കിടയിലുള്ള പ്രദേശം.
കപ്പം കൊടുക്കാന്‍ മടിച്ച് ‘അവിടെ കൊടുത്തിട്ടുണ്ടെന്ന്‘ രണ്ട് പേരോടും പറയുമായിരുനെന്ന്
ഇടയില്‍ ഊരുന്നവരായതിനാല്‍
ഞങ്ങള്‍ ഇന്നും ‘എടയൂര്‍‘കാര്‍

IndianSatan said...

ഹി..... ഹി..... കൊള്ളം, രസകരം.....!

Appu Adyakshari said...

രസകരമായ പോസ്റ്റ്. !!

mini//മിനി said...

ഇവിടെ കണ്ണൂരിലെ സ്ഥലനാമങ്ങൾ ചേർത്ത് ഒരു പോസ്റ്റ് ഉണ്ടാക്കിയാലോ എന്നൊതു ചിന്ത,,,
സംഭവം കലക്കി.

ഒരു യാത്രികന്‍ said...

ഞങ്ങളുടെ നാട്ടില്‍ ഒരു "പപ്പടമുക്ക് " ഉണ്ട്. അവിടെ പപ്പടമുണ്ടാക്കുന്ന ഒരു ഒരു കുടുമ്പം താമസിച്ചിരുന്നു. സ്ഥലനാമ ചരിത്രം രസകരമാണ് .......സസ്നേഹം

ചാർ‌വാകൻ‌ said...

ഡീസ്ന്റ് മുക്കെന്നു കേട്ടിട്ടുണ്ടോ.? കൊല്ലം -കണ്ണനലൂർ റൂട്ടിൽ.പണ്ടവിടെ മാടക്കട നടത്തിയിരുന്ന’ഡീസന്റ് തങ്കപ്പൻ പിള്ള’യുടെ ഒർമ്മ.പുള്ളികാരൻ വെള്ളമുണ്ടും ഉടുപ്പും മാത്രമേ ഉപയോഗിക്കാറുള്ളത്രേ!.

പാര്‍ത്ഥന്‍ said...

ഗുരുവായൂരിലെ ‘പഞ്ചാരമുക്ക്’ പോലെ, കുന്ദംകുളത്ത് ഒരു ‘മധുരക്കുളം’ ഉണ്ട്. ‘മുഖമൂടിമുക്ക്’ അതുപോലത്തന്നെ പലരുടെയും തല പോയിട്ടുള്ള സ്ഥലം തന്നെയാണ്. ‘ഇടകടത്തി’ എന്ന അശ്ലീലച്ചുവയുള്ള ഒരു സ്ഥലം ഉണ്ട്, കോ‍ട്ടയം ജില്ലയിൽ.

ആലുംതറ - അലുംകുഴിയായ തമാശ ഞങ്ങളുടെ നാട്ടിലും പാട്ടാണ്.

പാര്‍ത്ഥന്‍ said...

സ്ഥലനാമവും ജ്യോതിഷവുമായി ബന്ധമുണ്ടെന്ന് എന്റെ ഒരു സുഹൃത്ത് പറയാറുണ്ടായിരുന്നു. (അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല.)

അശ്രഫ് ഉണ്ണീന്‍ said...

ഏട്ടാ ഞാന്‍ ഇവിടെ വന്നിരുന്നു ... എല്ലാം കണ്ടു തൂറാമുട്ടിപ്പടി എത്തിയപ്പോള്‍ ചിരിച്ചു ചിരിച്ചു നിലം കപ്പി.

നാട്ടില്‍ വെച്ച് അവിചാരിതമായി കണ്ടതും ബ്ലോഗിലൂടെ കാണാം എന്ന് പറഞ്ഞത്‌ ഒര്മയുണ്ടല്ലോ. എഴുതി തന്ന കുറിപ്പ്‌ എവിടെയോ പോയി. ഇപ്പൊ ബ്ലോഗിലൂടെ കാണാന്‍ കഴിഞ്ഞപ്പോ വലിയ സന്തോഷം....

വി കെ ബാലകൃഷ്ണന്‍ said...

Aaha!