'' അല്ലെങ്കിക്കാണാ ബസ്സങ്ങനെ ചീറിപ്പായണു.  കാത്തു നിന്നാ ഒറ്റൊരെണ്ണും വരൂല ''
ശരിയാണ്! നമ്മള് ബസ്സ് കയറാന്‍ സ്റ്റോപ്പിലെത്തിയാല്‍ ഉടനെ ബസ്സ് വന്നു  കൊള്ളണം.  നമ്മള്‍ക്ക് യാത്രയൊന്നുമില്ലെങ്കില് വണ്ടികളൊന്നും റോഡിലൂടെ  ഓടരുത്!  മറ്റുള്ളവരുടെ കാര്യം നമ്മളെന്തിനു നോക്കണം ? നമ്മള് യാത്ര  ചെയ്യാത്ത സമയങ്ങളില്‍ ഓടുന്ന വണ്ടികളില്‍ യാത്രക്കാരുണ്ടെന്നും ചിലപ്പോള്‍  അവരും കുറച്ചു സമയം കാത്തു നിന്നിട്ടായിരിക്കണം ബസ്സില്‍  കയറിയിട്ടുണ്ടാവുകയെന്നും മറ്റും ഇപ്പറയുന്നവര്‍ ഓര്‍ക്കാറില്ല. നമ്മളുടെ  കാര്യം പെട്ടെന്നു തന്നെ നടക്കണം.  അതു സാധിക്കാതെ വന്നാല്‍ നാടും മോശം,  നാട്ടുകാരും മോശം, ഭരണവും മോശം, വ്യവസ്ഥിതിയും മോശം.
         അമ്മാവന് ടൗണിലെത്തി.  അമ്മാവന് അത്യാവശ്യമായി എങ്ങോട്ടോ പോകണം.   പരിചയക്കാരന് പയ്യന്റെ ഓട്ടോ കിട്ടണം. പക്ഷേ, അവനെ സ്റ്റാന്റില്‍  കാണുന്നില്ല.  '' ഹൗ ! എപ്പൊ നോക്കിയാലും ഓന് ഓട്ടംതന്നെയോട്ടം !!   മ്മക്കൊരു ട്രിപ്പിന് ഓനെക്കിട്ടൂലാ !!!''.  അതെ, ആ പയ്യന് ബാങ്കില്‍  നിന്നും ലോണും വാങ്ങി ഓട്ടോ വാങ്ങിയത് അമ്മാവന് ഓടാന്‍ വേണ്ടി മാത്രമാണ്.   വല്ലപ്പോഴും ട്രിപ്പ് വിളിക്കുന്ന അമ്മാവനെ കാത്ത് അവന് എങ്ങോട്ടും  ട്രിപ്പ് പോകാതെ ഓട്ടോ മൂട് തിരിച്ചിട്ട് സ്റ്റാന്റില്‍ നിര്‍ത്തിയിടണം!
           മഴക്കാലമാണ്.  മകന്റെ കല്യാണത്തലേന്നു മുതല്‍ കല്യാണം കഴിയുന്നതു വരെ മഴ  പെയ്യാതിരിക്കാന്‍ പ്രാര്‍ത്ഥനയും വഴിപാടുകളും നടത്തി.  ഏതായാലും കല്യാണം  കഴിയുന്നതു വരെ മഴ പെയ്തില്ല.  പന്തല്‍ പൊളിച്ചു കഴിഞ്ഞപ്പോള്‍ മാനത്ത്  മഴക്കാറ് കണ്ടു. അപ്പോള്‍ അച്ഛന് പറഞ്ഞു: '' പെയ്തോട്ടെ,  പെയ്തോട്ടെ.   ഇനി ഇടീം വെട്ടി മതിയാവോളം പെയ്തോട്ടെ! ''  അതെ, സ്വന്തം മകന്റെ കല്യാണം  കഴിഞ്ഞു! ഇനി നാട്ടില്‍ കല്യാണങ്ങളൊന്നുമില്ല!! എത്ര മാത്രം സ്വാര്ത്ഥമാണീ  ചിന്ത. ആനുകൂല്യങ്ങളെക്കുറിച്ച് മാത്രമേ നമ്മള് ചിന്തിക്കാറുള്ളൂ.   കര്‍ത്തവ്യങ്ങളുടെ നേരെ നാം കണ്ണടയ്ക്കും. പൗര ബോധം എന്ന ഗുണം നമുക്ക്  നന്നേ കുറവാണ്.    നമ്മള് വിദേശികളെ കുറ്റം പറയാന്‍ വലിയ മിടുക്കു  കാണിക്കാറുണ്ട്.  എന്നാല്‍, പൗര ബോധം അവരില്‍ നിന്നു  വേണം നാം പഠിക്കാന്‍  എന്നതാണ് വാസ്തവം.
           മുറി അടിച്ചു വൃത്തിയാക്കല്‍, ഭക്ഷണം പാകം ചെയ്യല്‍, തുണി അലക്കല്‍  എന്നിവയ്ക്കു കൂടി മാത്രമല്ല ചന്തി കഴുകാന്‍ ഒരു യന്ത്രം ഉണ്ടെങ്കില്‍ അതും  നമുക്ക് വേണം.  എന്നാല്‍ കറന്റ് ബില്ല് കൊടുത്തു കൂടാ!  (എന്നാല്‍ വെറും  ബഡായികള്‍ പറയാനായി മൊബൈല്‍ റീ ചാര്‍ജ്ജ് കൂപ്പണുകള്‍ വാങ്ങാന്‍ എത്ര രൂപ  വേണമെങ്കിലും ചെലവഴിക്കും). ഫാനുകള്‍ ആവശ്യമില്ലാതെ കറങ്ങിയാലും ബള്‍ബുകള്‍  ആവശ്യമില്ലാതെ എരിഞ്ഞാലും അതൊന്നു നിര്‍ത്താന്‍ നമുക്ക് മനസ്സ് വരില്ല.  ഈ  ചിന്താഗതി ഏറെയുള്ളത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലാണ്.  നമ്മളല്ലല്ലോ,  പണം മുടക്കുന്നത് സര്‍ക്കാരല്ലേ എന്നാണ് ചിന്താഗതി. (സര്‍ക്കാര്‍ എന്നത്  അന്യന്മാരാണല്ലോ!).  ഓഫീസില്‍ എത്തിയാല്‍ എല്ലാ ലൈറ്റുകളും ഫാനുകളും  ഓണാക്കണമെന്നത് നിയമമാണെന്നാണ് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ ഈ  നിലപാടിലെ തെറ്റ് ചൂണ്ടിക്കാണിക്കുവാനോ ആവശ്യമില്ലാത്ത ലൈറ്റോ ഫാനോ  ഓഫാക്കുവാനോ മറ്റുള്ളവര്‍ തയ്യാറുമല്ല.  ഇതൊക്കെ ഒരു പ്രതേ്യക വിഭാഗം  ആള്ക്കാര് ചെയ്യേണ്ട കാര്യമാണെന്നാണ് അവരുടെ ചിന്ത.
           തിന്നേടത്ത് വിസര്‍ജ്ജിക്കുന്നത് ശരിയല്ല എന്ന കാര്യം ശരി തന്നെ.   ഛര്‍ദ്ദിച്ചത് തിന്നുന്നതും ശരിയല്ല എന്നത് മറ്റൊരു ശരി.  തിന്നേടത്ത്  വിസര്‍ജ്ജിക്കുന്നത് പോലെത്തന്നെ വൃത്തികെട്ട പരിപാടിയാണ,് തിന്നതിന്റെ  ബാക്കിയും അത് പൊതിഞ്ഞു കൊണ്ടു വന്ന കടലാസും കവറും പഴത്തൊലിയും മറ്റും  തിന്നേടത്ത് വലിച്ചെറിയുന്നതും.  അത് എടുത്തു മാറ്റേണ്ട ബാധ്യത നമുക്കില്ല.  (ആണുങ്ങളുടെ കാര്യത്തില്‍)  വീട്ടിലാണെങ്കില്‍ ഇതൊക്കെ അമ്മയോ പെങ്ങളോ  ചെയ്യണം; (പെണ്ണുങ്ങളുടെയും ആണുങ്ങളുടെയും കാര്യത്തില്‍) ഓഫീസിലാണെങ്കില്‍  സ്വീപ്പറോ പ്യൂണോ ചെയ്യണം-ഇതാണ് പൊതുവെയുള്ള നിലപാട്.
          ബസ്സ് കാത്തു നില്ക്കുമ്പോഴുണ്ടാകുന്ന പ്രാകിപ്പറയല് നേരത്തേ  സൂചിപ്പിച്ചുവല്ലോ.  ഇനി ബസ്സില്‍ കയറിയാലോ? ഇങ്ങനെ പോകുന്നു ആഗ്രഹം-  കയറിപ്പറ്റണം; ചാരി നില്ക്കാന് ഇടം കിട്ടണം; ഏതെങ്കിലുമൊരു സീറ്റു  കിട്ടണം; സൗകര്യപ്രദമായ സീറ്റു കിട്ടണം.  അതു കിട്ടിയാലോ?  രണ്ടാള്‍ക്കിരിക്കാവുന്ന സീറ്റില്‍ താന്‍ മാത്രം ഇരുന്നാല്‍ മതിയെന്ന  ഭാവത്തോടെ മലമ്പുഴ പൂന്തോട്ടത്തിലെ യക്ഷി ഇരിക്കും പോലെയായിരിക്കും  ഇരുത്തം.
          തന്റെതായ വൃത്തത്തില്‍ മാത്രം കറങ്ങിച്ചിന്തിക്കുന്ന-ഇതിനെ അവനവളിസം എന്നു  വിശേഷിപ്പിക്കാം-പ്രവണത ഏതു രംഗത്തു നോക്കിയാലും കാണാന്‍ സാധിക്കും.   പഞ്ചായത്തില്‍ ജോലി ചെയ്യുന്നയാളുടെ പരാതി താലൂക്കിലും ജില്ലയിലും  തലസ്ഥാനത്തും ഉള്ളവര്‍ തരികിടക്കാരാണെന്നാണ്. മുകളിലുള്ളവരുടെ തോന്നല്‍  കീഴ് ഘടകങ്ങളിലുള്ളവര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ്.   പഞ്ചായത്തിലുള്ളയാള് തലസ്ഥാനത്തെത്തിയാല്‍ സ്വഭാവം മാറും.  മുമ്പ്  പറഞ്ഞതിന്റെ നേര് വിപരീതം വിളമ്പാന്‍ തുടങ്ങും.  തലസ്ഥാനത്തുള്ളയാള്  പഞ്ചായത്തിലെത്തിയാലും ഇതു തന്നെയാണ് സംഭവിക്കുക.  എവിടെയാണോ ഇരിക്കുന്നത്  അതു തന്നെയാണ് ലോകം, അതു തന്നെയാണ് സത്യം, അതു തന്നെയാണ് ശരി. അവനവളിസം  എന്ന ഈ ചിന്താഗതി നാം ഉപേക്ഷിക്കേണ്ടതല്ലേ ?
വാല്‍ക്കഷ്ണം:- പണ്ടൊരു പെണ്ണ് ഇങ്ങനെ ആഗ്രഹിച്ചുവത്രെ. സ്വര്‍ഗ്ഗത്തില്‍  ഞാനും ന്റെ കെട്ടേ്യാനും മാത്രം ! പിന്നെ പണ്ടണ്ടാക്കാന് ഒരു തട്ടാന്‍!  തേങ്ങയിടാന്‍ ഒരു തിജ്ജനും!
..........
 
 
26 comments:
ഞാന്‍ എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ ജോലിയിലിരിക്കുമ്പോള്‍ എഴുതിയ ലേഖനമാണിത്. മലപ്പുറം ജില്ലാ എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് സ്റ്റാഫ് കൗണ്‍സില്‍ പ്രസിദ്ധീകരിക്കുന്ന 'കിരണം' ത്രൈമാസികയില്‍ പ്രസിദ്ധീകരിച്ചത്.
പറയേണ്ട കാര്യം രസകരമായി ആര്‍ജ്ജവത്തോടെ പറഞ്ഞു ..:)
അവനവളിസം നന്നായിട്ടുണ്ട്
ഇഷ്ടപ്പെട്ടു...ആശംസകള്‍ !
അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ വെമ്പല്‍ കൊള്ളുന്ന, കടമകള്‍ മറക്കുന്ന നമ്മള്.. ഇനിയെങ്കിലും നന്നായെങ്കില്‍ ?
മർമ്മത്ത് കൊണ്ടു. നല്ല ചിന്തകൾ.
അവനവളിസം ഇഷ്ട്ടമായി.
തനിക്കു സന്തോഷം ഉണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ എല്ലാവരും പുതു സങ്കടങ്ങള്‍ നൂറുമേനി വിളയിക്കുന്നു.
ആശംസകള്‍!
നന്നായിട്ടുണ്ട്. പണ്ട് സ്കൂള്‍ ക്ലാസില്‍ ക്ലാസ് ഡയറി ഉണ്ടായിരുന്നു.മാര്‍ക്സും ലീവും ഒക്കെ അടയാളപ്പെടുത്താന്‍.ഓരോ പേജിനു മുകളിലും ഓരോ വാചകം ഉണ്ടാകും.ഇന്നും ഓര്‍മയിലുള്ള ഒരു വാചകം..
“കടമകള്‍ ചെയ്ത് തീര്ത്തവനു മാത്രമേ അവകാശങ്ങളെപ്പറ്റി പറയാന്‍ അര്‍ഹതയുള്ളൂ..”
അവനവനാത്മസുഖത്തിനായാചരിപ്പതെല്ലാം....
അല്പം ഗൌരവത്തിലാണല്ലൊ
സംഗത്യെല്ലാം ശരി തന്നെ. നമ്മൾ മലയാളികൾ അങ്ങനെന്ന്യാ
ഇന്ന് ഞാൻ ഒരു ഒപ്പാരി എഴുതിയതെ ഉള്ളു. ബസ്സ് കാത്ത് നിൽക്കുന്നോന് കിട്ടാഞ്ഞിട്ട്, കിട്ടിയോനൊരിക്കാൻ സീറ്റ് കിട്ടാഞ്ഞിട്ട് എന്ന്.
പറഞ്ഞതത്രയും ലജ്ജിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍....... :(
നന്നായെഴുതി,ആശംസകള്‍....
ശരി തന്നെ. പിന്നെ ബസ്,ഓട്ടോ, മഴ - കാര്യങ്ങൾ ഒരു മടുപ്പിൽ നിന്നോ, ആഗ്രഹത്തിൽ നിന്നൊ മനുഷ്യൻ പറഞ്ഞു പോകുന്ന വെറും വാക്കുകൾ എന്നല്ലേ ഉള്ളൂ, മാപ്പാക്കാവുന്നതാണ്! വൃത്തി ഹീനമാക്കൽ,ലൈറ്റ്, ഫാൻ ഓഫാക്കൽ - താങ്കളുടെ അഭിപ്രായത്തെ ശക്തിയായി പ്ന്താങ്ങുന്നു. ബാക്കിയെല്ലാ ഓഫീസും തരികിട - അതും ശരിയാണ്. അതു പോലെ ഒരു തൊഴിൽ ചെയ്യുന്നവന്റെ വിചാരം മ റ്റുള്ളവരെല്ലാം പണിയെടുക്കാത്തവർ, തന്റെ തൊഴിൽ മാത്രം മഹത്തരം എന്നാണ്. വന്നു വന്ന് സാമൂഹ്യസേവനക്കാർ പോലും ലോകോദ്ധാരണത്തിനുള്ള ഒരേ ഒരു വഴി തങ്ങളുടേതാണെന്നു കരുതുന്നു!
നന്നായി പറഞ്ഞിരിക്കുന്നു !
നുണയും ആര്‍ത്തിയും കാണിക്കുന്നവനെ ജീവിതത്തില്‍ വിജയമുണ്ടാകു എന്നൊരു ധാരണയാണ് പൊതുവേ .
ഒരു തിരിഞ്ഞു നോട്ടത്തിനു സാധ്യതയോരുക്കിയതിനു നന്ദി !
അഭിനന്ദനങ്ങള്‍ ...........
നന്നായി.മദ്ധ്യത്തിനു വിലകൂടിയതിൽ പ്രതിക്ഷേധിക്കാത്തവൻ അരിക്കു വിലകൂടിയാലും മറ്റെന്തു നിത്യോപയോഗ സാധനങ്ങൾക്ക് വിലകൂടിയാലും മുൻപന്തിയിലുണ്ടാകും.വീട്ടുവളപ്പിൽ ഒരുമൂടു ചീരവെക്കാത്തവന്റെ ശീലം.അതെല്ലാ സന്ദർഭങ്ങളിലും പ്രകടിപ്പിക്കും.ഇതും സാറുപറഞ്ഞതിനോടു ചേർത്തു വായിക്കെണ്ടതാണ്.
സ്വാർത്ഥത മലയാളിയുടെ മാത്രം സ്വത്താണെന്ന് അഭിപ്രായമില്ലങ്കിലും, ചുറ്റുവട്ടത്ത് കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയുന്ന യാഥാർത്യങ്ങൾ വളരനെ ആർജ്ജവത്തോടെ പറഞ്ഞിരിക്കുന്നു. തീർച്ചയായും നാം ഓരോരുത്തരും ഇരുത്തിച്ചിന്തിക്കേണ്ട കാര്യങ്ങൾ..
സ്വാർഥരോ ഇവർ ?
ഒരു പക്ഷെ, പലവാക്കുകളും വെറും വാക്കുകൾ
പിന്നെ , പറഞ്ഞതിൽ കുറെ സത്യങ്ങൾ നമ്മെ നോക്കി നാണമില്ലാത്തവർ എന്ന് വിളിക്കുന്നു…………
സ്വാർഥചിന്തകർ നമ്മിൽ പലരും
ആശംസകളോടെ…… ഞാനും ഇവിടെ ചേരുന്നു.
തെറ്റിദ്ധരിക്കരുരുത്. ഞാനുള്പ്പടെയുള്ളവരെക്കുറിച്ചാണ് എഴുതിയത്.
സ്വര്തമാണ് ഈ ലോകം ഞാനും നിങ്ങളും അടക്കം എല്ലാവരും എന്റെത് എന്ന് മാത്രം ചിന്തിക്കുവരാന് എന്നാണ് എന്റെ പക്ഷം
www.iylaserikaran.blogspot.com
ഇതൊരുമാതിരി നമ്മുടെ എല്ലാ ജാടകളും പൊളിച്ചടുക്കുന്ന പണി ആയിപ്പോയി ..
valare sathyamanu..... nammalelam kooduthal kooduthal swartharayi marukayanu..... bhavukangal.....
ഇടയ്ക്കെങ്കിലും അവനവനിലേയ്ക്ക് ഒന്ന് ചുഴിഞ്ഞുനോക്കുന്നത് നല്ലതാണ്. വായിക്കുന്നവരില്‍ 100% പേര്‍ക്കും തന്നെപ്പറ്റിയാണോ ചില കാര്യങ്ങള്‍ പറയുന്നത് എന്ന് തോന്നിപ്പിക്കും വിധം... നമ്മളെല്ലാം അത്രമേല്‍ സ്വാര്‍ത്ഥര്‍ തന്നെ.
Ishtappettu....
കര്‍ത്തവ്യബോധം ഇല്ലാത്ത ജനത...അല്ലാതെന്തു പറയാന്‍
മൊത്തത്തിലിസ്റ്റായി.. മലമ്പൊയേലെ യച്ചീനെപ്പോലെ ഇരിക്കണ കാര്യം പറഞ്ഞത് പെരുത്തിസ്റ്റായി...
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ബ്ളോഗര്മാര്ക്കും ബ്ളോഗിണിമാര്‍ക്കും നന്ദി! അടുത്ത പോസ്റ്റ് ഈഴവ/തിയ്യ ബ്രാഹ്മണരെക്കുറിച്ച്.
വളരെ രസകരമായിരിക്കുന്നു.. ഈ കാര്യങ്ങൾ തന്നെയാണ് നെഗറ്റീവ് വരികളിൽ ഞാൻ എന്റെ പോസ്റ്റിൽ സൂചിപ്പിച്ചതും...
Post a Comment