സവര്‍ണരില്‍ മാത്രമല്ല അവര്‍ണരിലും ജാതിചിന്തയുണ്ട്. ഇതിന് അവര്‍ണരെ മാത്രമല്ല സവര്‍ണരിലെ ശൂദ്ര-വൈശ്യ-ക്ഷത്രിയ വിഭാഗക്കാരെയും കുറ്റം പറഞ്ഞുകൂടാ. കാരണം, ജാതിയും അതുമൂലമുള്ള ഉയര്‍ച്ച-താഴ്ചകളും ക്രൂരമായ വിവേചനങ്ങളും അതിലേറെ ക്രൂരമായ ശിക്ഷാനിയമങ്ങളുമൊന്നും ഉണ്ടാക്കിയത് അവര്‍ണരും ശൂദ്ര-വൈശ്യ-ക്ഷത്രിയ വിഭാഗക്കാരുമല്ല. ഇതെല്ലാം ഉണ്ടാക്കിയത് ബ്രാഹ്മണരാണ്. (ജാതി മുതലായവ സൃഷ്ടിച്ചത് ബ്രാഹ്മണരാണെന്നുള്ള, സ്വാമി വിവേകാനന്ദന്റെ അഭിപ്രായം ശ്രദ്ധിക്കുക). ഇങ്ങനെയാണെങ്കിലും ബ്രാഹ്മണര്‍ അതിക്രമങ്ങള്‍ നേരിട്ട് (പണ്ടും ഇന്നും) ചെയ്യില്ല. അവര്‍ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുകയേയുള്ളൂ. ക്ഷത്രിയരെ രാജാവാക്കിക്കൊണ്ടു തന്നെ അവര്‍ രാജ്യത്ത് ബ്രാഹ്മണ നിയമം നടപ്പിലാക്കും. രാജാവ് നിത്യവും രാവിലെ എഴുന്നേറ്റ് വേദ പണ്ഡിതരും നീതിശാസ്ത്ര പണ്ഡിതരുമായ ബ്രാഹ്മണരെ വന്ദിക്കുകയും അവരുടെ ആജ്ഞയ്ക്കു വധേയമായി പ്രവര്‍ത്തിക്കുകയും വേണമെന്നാണ് 'മനുസ്മൃതി'യില്‍(07:37)പറയുന്നത്.
ഈ ഐ.ടി.യുഗത്തിലും, ബ്രാഹ്മണരുണ്ടാക്കിയതും നിന്ദ്യവും നീചവും നികൃഷ്ടവുമായ വര്‍ണ നിയമ സംസ്കാരത്തെ കെട്ടിപ്പിടിച്ചു കിടക്കുന്ന ദുരന്തപൂര്‍ണ്ണമായ കാഴ്ചകളാണ് ഇപ്പോഴും നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ സംസ്കരാത്തിന്റെ ബലിയാടുകളായ വിഭാഗക്കാരില്‍പ്പെട്ടവര്‍ പോലും ഈ വിഷമാണ് ചീറ്റിക്കൊണ്ടിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ നടന്ന 'പുണ്യാഹം' തളി ഇതാണ് തെളിയിക്കുന്നത്. ഞാന്‍ ഈ വിഷയത്തെക്കുറിച്ച് 'കേരള ശബ്ദം' വാരികയിലും 'മക്തബ്'സായാഹ്ന പത്രത്തിലും എഴുതിയിരുന്നു. (പ്രസ്തുത ലേഖനം 03.12.2010 ന് പോസ്റ്റ് ചെയ്തിരുന്നു). മുമ്പത്തെ പ്രസിഡണ്ടുമാര്‍ പട്ടികജാതിക്കാരായതിന്റെ പേരില്‍ ഓഫീസ് മുറിയില്‍ 'പുണ്യാഹം' തളിച്ച സജി മാരൂര്‍ എന്ന കോണ്ഗ്രസ്സുകാരന് ഈഴവ സമുദായക്കാരനാകാനും സാധ്യതയുണ്ടെന്ന് എനിക്ക് നേരിയ സംശയമുണ്ടായിരുന്നു. 2011 ജനുവരി ലക്കം 'പച്ചക്കുതിര' മാസികയില്‍ രാജേഷ് കെ. എരുമേലി എഴുതിയ ലേഖനം വായിച്ചപ്പോള്‍ ഈ സംശയം പത്തനംതിട്ട കടന്നു. സജി മാരൂര്‍ ഈഴവന് തന്നെയാണെന്ന് ബോധ്യമായി. തിരുവിതാംകൂറിലെ ഈഴവര്‍ക്കു സമാനമായ ജാതിയാണ് മലബാറിലെ തിയ്യര്. മലബാറിലെ തിയ്യനായ ഞാന്‍ ഇക്കാര്യത്തില്‍ ലജ്ജിക്കുന്നുവെന്നൊന്നും പറയുന്നില്ല; അതിന്റെ ആവശ്യവുമില്ലല്ലോ. എനിക്ക് പറയാനുള്ളത് മാനവികത എന്ന സംസ്കാരത്തിന്റെ ചെറിയൊരംശം പോലും രക്തത്തിലില്ലാത്ത സജി മാരൂരിനെപ്പോലെയുള്ള 'ഈഴവ ബ്രാഹ്മണ'രെക്കുറിച്ചാണ്--'ഈഴവ/തിയ്യ ബ്രാഹ്മണ' ചരിത്രത്തെക്കുറിച്ചാണ്.
ഈഴവരടക്കമുള്ള പിന്നാക്ക ജാതിക്കാര്‍ക്കും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും പൊതുവഴി നടക്കാന്‍ അനുവാദമില്ലാതിരുന്ന കാലഘട്ടം. അക്കാലത്ത് (1925) തിരുവനന്തപുരം ശ്രീമൂലം പ്രജാസഭയില്‍ ഒരു പ്രമേയം അവതരിപ്പിക്കുകയുണ്ടായി. ഈഴവരടക്കമുള്ള അവര്‍ണര്‍ക്ക് പൊതുവഴി നടക്കാനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള 'സഞ്ചാര സ്വാതന്ത്ര്യ പ്രമേയം'. പല സവര്‍ണരും പ്രമേയത്തെ പിന്താങ്ങി. പക്ഷേ, പ്രമേയം ഒരു വോട്ടു കാരണം തള്ളപ്പെട്ടു. ഈ വോട്ടിന്റെ ഉടമ ഒരു പരമേശ്വരനായിരുന്നു. ഈഴവനായ പരമേശ്വരന്. മറ്റെന്തോ പദവി കിട്ടാനാണ് പരമേശ്വരന് ഈ കൊടുംചതി ചെയ്തത്.
കേരളത്തില്‍ വളരെ അപൂര്‍വ്വമായുള്ള ജനകീയ ദൈവങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ലയിലുള്ള പറശ്ശിനിക്കടവിലെ മുത്തപ്പന്. തിയ്യരും പെരുമണ്ണാന്മാരുമാണ് മുത്തപ്പന്റെ അമ്പലത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മുത്തപ്പനെ കാണാന്‍ എല്ലാവര്ക്കും അനുവാദമുണ്ട്. അഹിന്ദുക്കള്‍ക്കും പ്രവേശനമുണ്ട്. 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല'എന്ന ബോര്‍ഡ് മുത്തപ്പന്റെ അമ്പലത്തില്‍ വച്ചിട്ടില്ല. തെയ്യം കെട്ടിയാടല്‍ അവിടുത്തെ ഒരു പ്രധാന ചടങ്ങാണ്. പെരുമണ്ണാന് സമുദായത്തില്‍പ്പെട്ടവരാണ് തെയ്യം കെട്ടിയാടാറ്. മുമ്പ് തീര്‍ത്തും ജാതിവൃത്തത്തിനുള്ളില്‍ ഒതുങ്ങി നിന്നിരുന്ന തെയ്യമാടല്‍ ഇപ്പോള്‍ എല്ലാവര്ക്കും ആകാമെന്നും ആരുടെ വീട്ടിലും ആകാമെന്നുമുള്ള അവസ്ഥ വന്നിട്ടുണ്ട്. പക്ഷേ, കണ്ണൂര്‍ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ ചില 'തിയ്യബ്രാഹ്മണര്‍'ക്കിത് പിടിച്ചില്ല. അവിടെയുള്ള ശ്രീകുറുമ്പാ ക്ഷേത്രത്തിലെ ഭാരവാഹികളായ ഈ 'തിയ്യബ്രാഹ്മണര്‍' രാമപ്പെരുമണ്ണാന് എന്ന തെയ്യം കലാകാരന് ഭ്രഷ്ട് കല്പ്പിച്ചു. ഈ കലാകാരന് ചെയ്ത തെറ്റ് പുലയന്റെ വീട്ടില്‍ തെയ്യമാടാന്‍ തീരുമാനിച്ചു എന്നതായിരുന്നു. പക്ഷേ, രാമപ്പെരുമണ്ണാന് ഉശിരുള്ള കലാകാരനായിരുന്നു. 'തിയ്യബ്രാഹ്മണ'രുടെ വിലക്കുകള്‍ക്ക് അദ്ദേഹം തന്റെ മൂക്കിലെ ഒരു രോമത്തിന്റെ വിലപോലും കല്പിക്കാതെ പുലയന്റെ വീട്ടില്‍ തെയ്യം കെട്ടിയാടുകതന്നെ ചെയ്തു.
സവര്‍ണരില്‍ നിന്നുള്ള ജാതി പീഢനം അനുഭവിക്കുമ്പോള്‍ തന്നെ തങ്ങളെക്കാള്‍ താഴ്ന്നവരായി കണക്കാക്കിയിരുന്ന ജാതിക്കാരോട് അയിത്തം കാണിക്കുന്നതില്‍ ഏറെ മിടുക്കുള്ളവരാണ് 'ഈഴവ ബ്രാഹ്മണര്‍'. രാജ്യത്തെ പല പാഠശാലകളിലും ഈഴവര്‍ക്ക് പ്രവേശനം നല്‍കുന്നില്ല എന്നു 'ഈഴവ മെമ്മോറിയലില്‍'പരാതിപ്പെട്ടവര്‍ തന്നെയാണ് സ്കൂള്‍ പ്രവേശനം ലഭിച്ച ദലിത് കുട്ടികള്‍ക്കു നേരെ തിരിഞ്ഞത്. 1915 ല്‍ പുലയപ്പെണ്‍കുട്ടികളുടെ സ്കൂള്‍ പ്രവേശനത്തിനെതിരെ നായന്മാര് പുലയര്‍ക്കെതിരെ കലാപം അഴിച്ചു വിട്ടു. കലാപത്തില്‍ കുറെ 'ഈഴവ ബ്രാഹ്മണ'രും നായന്മാര്‍ക്കൊപ്പം ചേര്‍ന്നു. അയ്യന്‍കാളി വിപ്ളവ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു അത്. അയ്യന് കാളി ഈ വിവരം അറിഞ്ഞു. അദ്ദേഹം ശ്രീനാരായണ ഗുരുവിനെ ചെന്നു കണ്ടു. ഇതേക്കുറിച്ച് നാരായണഗുരുസ്വാമി എന്ന പുസ്തകത്തില്‍ (പേജ് 237,237) എം.കെ.സാനു ഇങ്ങനെ വിവരിക്കുന്നു:''.....കാര്യങ്ങള്‍ ഈവഴിക്കു നീങ്ങിയപ്പോള്‍, സമുദായോദ്ധാരകനായ അയ്യന്‍കാളി സജീവമായി രംഗത്തു വന്നു. ആ സമയത്ത് സ്വാമികള്‍ അരുവിപ്പുറത്ത് വിശ്രമിക്കുകയായിരുന്നു. അതുകൊണ്ട് സ്വാമിയെ സന്ദര്‍ശിക്കാന്‍ അയ്യന്‍കാളിക്ക് എളുപ്പം കഴിഞ്ഞു. അദ്ദേഹം സ്വാമിയെ വിവരങ്ങളെല്ലാം ധരിപ്പിച്ചു. എല്ലാം ശാന്തമായി കേട്ടതിനുശേഷം പുലയ സമുദായം അനുഭവിക്കുന്ന പരാധീനതകളില്‍ സ്വാമി ഖേദം പ്രകടിപ്പിച്ചു. എത്രയുംവേഗം ആ പരാധീനതകള്‍ അവസാനിപ്പിക്കുന്നതിനായി കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിക്കാന്‍ അയ്യന്‍കാളിയെ ഉപദേശിക്കുകയും ചെയ്തു. നായര്‍-പുലയ ലഹളയില്‍ ഈഴവ പ്രമാണിമാര്‍ കൈക്കൊണ്ട നിലപാട് സ്വാമിയെ വിസ്മയിപ്പിച്ചില്ല. ആ പ്രമാണിമാരെ അദ്ദേഹത്തിന് നല്ലവണ്ണം അറിയാമായിരുന്നു. എങ്കിലും, തന്റെ ധര്‍മ്മത്തെക്കുറിച്ച് അദ്ദേഹം ഒട്ടും സന്ദേഹിച്ചില്ല. ഈഴവ പ്രമാണികളേയും എസ്.എന്‍.ഡി.പി.പ്രവര്‍ത്തകരേയും അദ്ദേഹം ആളയച്ചു വരുത്തി. തന്റെ സൗമേ്യാദാരമായ സന്ദേശമെന്തെന്ന് അവരെ വീണ്ടും ഓര്‍മ്മിപ്പിച്ചു. അതനുസരിച്ച്, പ്രതേ്യക സ്പര്‍ദ്ധയൊന്നും കൂടാതെ മനുഷ്യത്വത്തിന്റെ ത്രാണത്തിനായി പരിശ്രമിക്കണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു. ആ ഉദ്ബോധനം തല്‍ക്കാലത്തേക്കു ഫലിച്ചു. പുലയപ്പെണ്‍കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുന്നതിന് പിന്നീട് അവര്‍ തടസം സൃഷ്ടിക്കാന്‍ മുതിര്‍ന്നില്ല''.
1916 ല്‍ തിരുവനന്തപുരത്തിനടുത്ത് മുട്ടത്തറ എന്ന സ്ഥലത്ത് കൂടിയ പുലയസമാജ യോഗത്തില്‍ ഗുരു സംബന്ധിക്കുകയും തന്റെ ഏകജാതി സന്ദേശത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ദലിത് കുട്ടികളെ ഗുരു ശിവഗിരിയില്‍ എടുത്തു വളര്‍ത്തിയിരുന്നു. 'ഈഴവ ബ്രാഹ്മണരായ' പല എസ്.എന്‍.ഡി.പി.ക്കാര്‍ക്കും ഇതു ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. പുലനും മറ്റും ഉണ്ടാക്കിയതും തൊട്ടതും തിന്നാന്‍ അവരുടെ മനസ്സനുവദിച്ചിരുന്നില്ല. ഇവരുടെ ഉള്ളിലുള്ള അയിത്ത മനസ്സ് ഗുരുവിനറിയാമായിരുന്നു. ഭക്ഷണം വിളമ്പുമ്പോള്‍ ഗുരു ബോധപൂര്‍വ്വം പറയുമായിരുന്നു, 'ഈ കറിയുണ്ടാക്കിയത് പുലയന്; ചോറു വിളമ്പുന്ന ഈ കുട്ടി പറയന്' എന്നൊക്കെ. ഇതിലൂടെ ഗുരു ജാതിത്തണ്ടന്മാരായ ഈഴവ പ്രമാണികളെ മനുഷ്യത്വം പഠിപ്പിക്കുകയായിരുന്നു.
'ഈഴവ ബ്രാഹ്മണര്‍' അല്ലെങ്കിലും മനുഷ്യത്വത്തിന്റെ മഹത്വം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത മറ്റു ചിലരുണ്ടായിരുന്നു. ഒരിക്കല്‍ അത്തരത്തില്‍പ്പെട്ടൊരാള്‍, 'പുലയ-പറയക്കുട്ടികളെ ശിവഗിരിയില്‍ കൊണ്ടുവന്നു ഗുരു മനുഷ്യരാക്കി' എന്നു പറഞ്ഞപ്പോള്‍ ഗുരു തിരുത്തി. 'തെറ്റ്, ഇവര്‍ ആദ്യമേ മനുഷ്യരാണ്; മറ്റുള്ളവര്‍ ഇത് അംഗീകരിക്കുന്നില്ല എന്നു മാത്രം' എന്നാണ് ഗുരു ഇതിനു മറുപടിയായി പറഞ്ഞത്.
'ഈഴവ ബ്രാഹ്മണരുടെ' തനിനിറം പുറത്തു ചാടിയ മറ്റൊരു സന്ദര്‍ഭം എം.കെ. സാനുവിന്റെ പുസ്തകത്തില്‍ (പേജ് 238-241) വിവരിക്കുന്നതിങ്ങനെ: ''തിരുവനന്തപുരത്തിനടുത്ത് ഈഴവരുടെ വകയായുളള ഒരു ക്ഷേത്രത്തിന്റെ അവകാശികള്‍ തമ്മില്‍ തര്‍ക്കം നടന്നു. ഇതു പരിഹരിക്കാനായി അവര്‍ ഗുരുവിനെ കൂട്ടിക്കൊണ്ടു പോയി. ഗുരു അവരുമായി ചര്‍ച്ച നടത്തുമ്പോള്‍, പുറത്ത് കുറെ പുലയര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. അവരെ അകത്ത് പ്രവേശിപ്പിക്കുന്നതില്‍ വിരോധമുണ്ടോ എന്ന് ഗുരു രണ്ടു കൂട്ടരോടും ചോദിച്ചു. പുലയരായതിനാല്‍ പറ്റില്ലെന്നായിരുന്നു രണ്ടു കൂട്ടരുടേയും മറുപടി. ഇതു കേട്ട ഗുരു അവിടെനിന്ന് എഴുന്നേറ്റ് പോകാന്‍ ഭാവിച്ചു. അപ്പോള്‍ എല്ലാവരും കൂടി 'ഞങ്ങളുടെ വഴക്ക് പറഞ്ഞ് അവസാനിപ്പിച്ചില്ലല്ലോ സ്വാമി' എന്നു ചോദിച്ചു. 'നിങ്ങള്‍ തമ്മില്‍ വഴക്കില്ലല്ലോ. ആ ആളുകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ നല്ല യോജിപ്പാണല്ലോ കാണിക്കുന്നത്. പിന്നെ വേറെ ആരം യോജിപ്പിക്കേണ്ട കാര്യമില്ലല്ലോ' എന്നു പറഞ്ഞ് ഗുരു തിരിച്ചുപോയി.
'ഈഴവ ബ്രാഹ്മണര്‍'ക്ക് ശ്രീനാരായണ ഗുരുവിനെ പേടിയായിരുന്നു. പക്ഷേ, സഹോദരനയ്യപ്പനെപ്പോലെയുള്ളവരെ 'ഈഴവ ബ്രാഹ്മണര്‍' പേടിച്ചിരുന്നില്ല. 'ഈഴവ ബ്രാഹ്മണ'രുടെ കടുത്ത എതിര്‍പ്പുകള്‍ക്കും ആക്ഷേപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയനായ വ്യക്തിയാണ് ശ്രീനാരായണ ഗുരുവിന്റെ വത്സല ശിഷ്യനായിരുന്ന സഹോദരനയ്യപ്പന്. 'ജാതിയില്‍ എനിക്ക് താഴെയും മേലെയും ആരുമില്ല; കൊട്ടാരത്തില്‍പ്പോലും'എന്നു പ്രഖ്യാപിച്ച സഹോദരന് കെ.അയ്യപ്പന്.
1917 മെയ് 29 ന് എറണാകുളം ജില്ലയിലെ ചെറായിയിലെ തുണ്ടിടപറമ്പ് എന്ന സ്ഥലത്തു വച്ച് സഹോദരനയ്യപ്പന്റെ നേതൃത്വത്തില്‍ നടത്തിയ 'മിശ്രഭോജന പ്രസ്ഥാനം'കേരള സ്വാതന്ത്ര്യ സമര ചരിത്രത്തിലെ (ഒരു രാജ്യം മറ്റൊരു രാജ്യത്തിനെ ഭരിക്കുന്നത് മാത്രമാണ് അസ്വാതന്ത്ര്യം എന്നു വിശ്വസിക്കുന്നവര്‍ക്കിതു മനസ്സിലാകില്ല) ഒരു പ്രധാനപ്പെട്ട സംഭവമാണ്. സ്ഥലത്ത് ഏതാനും ഈഴവരും, തൊടുന്നതുപോലും പാപമാണെന്നു വിശ്വസിക്കുന്ന പുലയ സമുദായത്തില്‍പ്പെട്ടവരുമായ വള്ളോനെന്നും ചാത്തനെന്നും പേരായ രണ്ടു കുട്ടികളും എത്തി. പുലയക്കുട്ടികളെക്കൊണ്ട് ഭക്ഷണം വിളമ്പിച്ചു. ആ ഭക്ഷണം പുലയക്കുട്ടികളോടൊപ്പമിരുന്ന് എല്ലാവരും കഴിച്ചു. പിറ്റേ ദിവസം ചെറായി ഇളകി മറിഞ്ഞു. ചെറായിയില്‍ ഈഴവര്‍ക്കൊരു സംഘടനയുണ്ടായിരുന്നു. അറുപിന്തിരിപ്പന്മാരും വിജ്ഞാന ഘാതകരുമായ ഈഴവരുടെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന ഈ സംഘടയുടെ പേര് നല്ല രസകരമായ പേരായിരുന്നു-'വിജ്ഞാന വര്‍ദ്ധിനി സഭ'. ഈ സഭക്കാര് ഇളകി മറിഞ്ഞ് കോമരം തുള്ളി. സഭയുടെ ഭാരവാഹികള്‍ അടിയന്തിര യോഗം വിളിച്ചുകൂട്ടി. മിശ്രഭോജനത്തില്‍ പങ്കെടുത്ത ഇരുപത്തിരണ്ട് ഈഴവ കുടുംബങ്ങളെ അവര്‍ സഭയില്‍ നിന്നു പുറത്താക്കുകയും അവര്‍ക്ക് ഭ്രഷ്ട് കല്പിക്കുകയും ചെയ്തു. ഈ കോമരം തുള്ളലിനെക്കുറിച്ച് 'സംഘചരിതം' എന്ന ഓട്ടംതുള്ളലില്‍ 'പുലയനയ്യപ്പന്‍'('മിശ്രഭോജനം എന്ന പരീക്ഷ' ജയിച്ച വകയില്‍ വിജ്ഞാന വര്‍ദ്ധിനിക്കാര്‍ സഹോദരനയ്യപ്പന് ഇങ്ങനെയൊരു 'ബിരുദം' നല്‍കിയിരുന്നു) ഇങ്ങനെ പാടി:
ഇളകിമറിഞ്ഞിതു പിറ്റേ ദിവസം
ജനതയശേഷം ബഹളം ബഹളം!
പുലയരൊടീഴവരൊരുമിച്ചുണ്ടത്
ശരിയല്ലെന്നു ശഠിച്ചു ജനങ്ങള്‍.
ചന്തകള്‍ ബോട്ടുകളടിയന്ത്രങ്ങള്‍
വണ്ടികളെന്നിവയീവാദത്തില്‍
രംഗമതായതു, രണ്ടാളൊക്കില്‍
ചൊല്ലാനുള്ളൊരു വാര്‍ത്തയിതായി.
കെട്ടിയണിഞ്ഞഥ ചെത്താന്‍ കയറും
കുട്ടിച്ചേട്ടന്‍ പാതിത്തെങ്ങില്‍
ഇഴജന്തുപ്പടി താഴെ നോക്കി
പഴിപറയുന്നു പുലച്ചോന്മാരെ
യോഗത്തില്‍ പങ്കെടുക്കാനെന്നു പറഞ്ഞ് വിളിച്ചുകൊണ്ടുപോയി 'പുലയനയ്യപ്പനെ' ആക്രമിക്കുകയും അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് അണ്ടിക്കറ ഒഴിക്കുകയും ഉറുമ്പിന്‍കൂട് എറിയുകയും ചെയ്തു. ശ്രീനാരായണ ഗുരു മിശ്രഭോജനത്തിന് എതിരാണെന്ന നുണ പറഞ്ഞ് വിജ്ഞാന വര്‍ദ്ധിനിക്കാര്‍ നോട്ടീസിറക്കി. കൊല്ലവര്‍ഷം 1093 മിഥുന മാസം 05 ന് ഇറക്കിയ നോട്ടീസിന്റെ (സഹോദരന് കെ.അയ്യപ്പന്, എം.കെ.സാനു, പേജ് 82) തുടക്കം ഇങ്ങനെ: '' പൂജ്യരായ ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമി തൃപ്പാദങ്ങള്‍ ഈയിടെ ഇവിടെ (ഗൗരീശ്വര ക്ഷേത്ത്രില്‍) എഴുന്നള്ളി ഏഴു ദിവസം വിശ്രമിക്കുകയും ഇന്നു കാലത്ത് കൊയിലൊണ്‍ വഴി സുഖവാസ സ്ഥലമായ കുറ്റാലത്തേക്ക് പുറപ്പെടുകയും ചെയ്തിരിക്കുന്നു. ഈ അവസരത്തില്‍ ഞങ്ങള്‍ പല കാര്യങ്ങളും തിരുമനസ്സറിയിച്ച കൂട്ടത്തില്‍ പുലയരൊന്നിച്ചു നടന്ന പന്തിഭോജനത്താല്‍ ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ ദോഷത്തെയും ക്ഷേത്രസ്ഥാപനം മുതലായതുകള്‍ മൂലം സമുദായത്തിനുണ്ടായിക്കൊണ്ടിരിക്കുന്ന ഗുണഗണങ്ങളെയും കുറിച്ച് ദൃഷ്ടാന്ത സഹിതം തിരുമനസ്സറിയിക്കുകയും മിശ്രഭോജനക്കാരെ ഒന്നിച്ചു ചേര്‍ക്കുന്ന ഇവിടത്തെ സഹോദര സംഘത്തിന്റെ അനൗചിത്യത്തേയും അനാദരവിനേയും അനുകമ്പയില്ലായ്മയേയും കുറിച്ച് തിരുമനസ്സുകൊണ്ട് വ്യസനപൂര്‍വ്വം പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു''
ഈ വിവരം 'പുലയനയ്യപ്പന്‍'അറിഞ്ഞു. ഗുരു ഒരിക്കലും ഇങ്ങനെ പറയില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിലും അയ്യപ്പന് കടുത്ത സങ്കടമുണ്ടായി. അദ്ദേഹം തന്റെ ഗുരുവിനെ കാണാന്‍ തീരുമാനിച്ചു. ഇതേക്കുറിച്ച് നാരായണ ഗുരുസ്വാമി എന്ന പുസ്തകത്തില്‍ (പേജ് 259, 260) എം.കെ.സാനു വിവരിക്കുന്നത് നോക്കുക.
'.... സ്വാമി മിശ്രഭോജനത്തിനെതിരാണെന്ന് ഇതിനകം ചില കുബുദ്ധികള്‍ പറഞ്ഞു പരത്തി. അതുകൊണ്ട് വേഗത്തില്‍ അയ്യപ്പന് സ്വാമിയെ ചെന്നു കണ്ടു. സ്വാമി എല്ലാം അറിഞ്ഞുകഴിഞ്ഞിരുന്നു. സൗമ്യമായ മന്ദഹാസത്തോടുകൂടി സ്വാമി തന്റെ വാത്സല്യ ഭാജനത്തെ സ്വാഗതം ചെയ്തു. മിശ്രഭോജനത്തെക്കുറിച്ച് അഭിനന്ദനത്തോടെ സംസാരിച്ചു. ഒടുവില്‍ സ്വാമി ഇങ്ങനെ അവസാനിപ്പിച്ചു. 'എതിര്‍പ്പ് കണ്ട് അയ്യപ്പന് വിഷമിക്കേണ്ട, ഇത് വലിയൊരു പ്രസ്ഥാനമായി വളരും. ഒരു കാര്യം ഓര്‍മ്മിച്ചാല്‍ മതി, ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണം'.
എതിരാളികളുടെ എതിര്‍പ്പ് പിന്നെയും തുടര്‍ന്നപ്പോള്‍ സഹോദരന് വീണ്ടും ഗുരുവിനെ ചെന്നു കണ്ടു. ഗുരുവിനോട് ഒരു സന്ദേശം എഴുതിത്തരുവാന്‍ സഹോദന് ആവശ്യപ്പെട്ടു. 'മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയായിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അനേ്യാന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല.' എന്നുളള ഒരു 'മഹാസന്ദേശം' സ്വന്തം കൈപ്പടയില്‍ തയ്യാറാക്കി ഗുരു സഹോദരന് നല്കി.
ഈഴവരടക്കമുള്ള അവര്‍ണരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രമേയത്തെ എതിര്‍ത്തു തോല്‍പ്പിച്ച ഈഴവനായ പരമേശ്വരന്റെ, പുലയപ്പെണ്‍കുട്ടികളെ സ്കൂളില്‍ പ്രവേശിച്ചതിന്റെ പേരില്‍ നായന്മാര്‍ക്കൊപ്പം ചേര്‍ന്ന് പുലയര്‍ക്കെതിരെ കലാപം നയിച്ചവരുടെ, പുലയന്റെ വീട്ടില്‍ തെയ്യം കെട്ടിയാടിയതിന് രാമപ്പെരുമണ്ണാന് ഭ്രഷ്ട് കല്പിച്ചവരുടെ, അയിത്തത്തിന്റെ പേരില്‍ ഈഴവ ക്ഷേത്രത്തില്‍ പുലയര്‍ക്ക് പ്രവേശനം നിഷേധിച്ചവരുടെ, പുലയരോടൊപ്പമിരുന്ന് മിശ്രഭോജനം നടത്തിയതിന്റെ പേരില്‍ ഈഴവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയും മിശ്രഭോജനത്തിന് നേതൃത്വം നല്കിയ സഹോദരനയ്യപ്പനെ ആക്രമിക്കുകും അവഹേളിക്കുകയും പുലയനയ്യപ്പനെന്നു വിളിക്കുകയും ചെയ്തവരുടെയുമൊക്കെ രക്തമാണ് ഏനാദിഗംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സജി മാരൂരിന്റെ ഞരമ്പുകളിലൂടെ ഓടുന്നത്. അയിത്തം കാണിച്ച അവര്‍ണനായ ഈ അഭിനവ സവര്‍ണനെതിരെ വിപ്ളവകേരളം വളരെ തണുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഏതാനും പ്രതിഷേധ പരിപാടികളില്‍ കാര്യം ഒതുക്കിയാല്‍പ്പോരല്ലോ. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അംഗങ്ങളാണ് അവഹേളിക്കപ്പെട്ടിരിക്കുന്നത്. ഈ വിവരം പത്രസമ്മേളനത്തിലൂടെ മറ്റുള്ളരെ അറിയിച്ചത് പട്ടികജാതിക്കാരായ മുന്‍ പ്രസിഡണ്ടുമാരും കര്‍ഷകത്തൊഴിലാളി യൂണിയന് നേതാവുമായിരുന്നു. ഇതെന്താ കര്‍ഷകത്തൊഴിലാളികളുടെ പ്രശ്നം മാത്രമാണോ? ഇക്കാര്യത്തില്‍ കര്‍ഷക സംഘത്തിനൊന്നും പറയാനില്ലേ? സി.പി.എം.ന്റെ രണ്ട് അംഗങ്ങളെ അപമാനിച്ചു എന്നു പറഞ്ഞാല്‍ ഏറ്റവും ചുരുങ്ങിയത് കേരളത്തിലെ മൊത്തം സി.പി.എം.കാരെ അപമാനിച്ചു എന്നാണ് അര്‍ത്ഥം. സി.പി.എം.കാരെ മാത്രമല്ല മാനവികതയില്‍ വിശ്വസിക്കുന്ന ഒരോ വ്യക്തിയെയും അപമാനിക്കുന്നതിന് തുല്യമാണിത്. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറൊയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. ഇത് പാര്‍ട്ടിയുടെ ഒരു അഭിമാനപ്രശ്നമായി ഏറ്റെടുത്ത് കടുത്ത പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്.
നമ്മുടെ 'ദേശീയ'പത്രങ്ങളൊന്നും ഈ സംഭവം ഒരു വലിയ വാര്‍ത്തയായി കൊടുത്തിട്ടില്ല. പ്രതി കോണ്ഗ്രസ്സുകാരന് ആയതുകൊണ്ടു മാത്രമല്ലിത്. ഒരു തരം 'വര്‍ഗ്ഗ താല്പര്യ'മാണിത്. പട്ടികജാതിക്കാരെ അപമാനിക്കുന്നതൊന്നും ഇക്കൂട്ടര്‍ക്ക് വാര്‍ത്തയാകാറില്ല. 1998 ല്‍ ഉത്തര്‍പ്രദേശിലെ അലഹബാദില്‍ പുതുതായി ചാര്‍ജ്ജെടുത്ത ഒരു ബ്രാഹ്മണ ജഡ്ജി, പിന്‍ഗാമി പട്ടികജാതിക്കാരനായതിന്റെ പേരില്‍ കോടതിമുറി ഗംഗാജലം തളിച്ച് ശുദ്ധികലശം നടത്തി. ഈ വാര്‍ത്ത കേരളത്തിലെ മിക്ക പത്രങ്ങള്‍ക്കും വാര്‍ത്തയായില്ല. അതങ്ങനെയാണ്. പത്രത്തില്‍ വലിയ വെണ്ടയ്ക്ക നിരത്തണമെങ്കില്‍ പ്രതിസ്ഥാനത്തു വരുന്നത് പട്ടികജാതിക്കാരായിരിക്കണം! കേരളത്തിലെ ഈഴവരുടെ മൊത്തക്കുത്തക ഏറ്റെടുത്ത വെള്ളാപ്പള്ളി നടേശന് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലേ?
പട്ടികജാതി/വര്‍ഗ്ഗക്കാരുടെ ജീവിത സാഹചര്യം വളരെയേറെ ദുര്ഘടങ്ങള് നിറഞ്ഞതാണ്. ഇലയും മുള്ളുമാണ് സമൂഹമെങ്കില്‍ ഇലയുടെ സ്ഥാനമാണ് ഇക്കുട്ടര്‍ക്കുള്ളത്. തെറ്റു ചെയ്താല്‍ ജാതി സ്വഭാവം കാണിച്ചെന്നു പറയും. ശരി ചെയ്താല്‍ നല്ലപിള്ള ചമയുകയാണെന്നും ആളാവുകയാണെന്നും പുളിയാവുകയാണെന്നും പറയും. എങ്ങനെയായാലും ഇലയ്ക്കു തന്നെ ദോഷം. മാത്രമല്ല, മറ്റ് മിക്ക സമുദായങ്ങളില്‍പ്പെട്ടവരും തെറ്റു ചെയ്താല്‍ ആ തെറ്റിന്റെ ഉത്തരവാദിയായി ആ വ്യക്തിയെ മാത്രമേ കണക്കാക്കുകയുള്ളു. എന്നാല്‍, തെറ്റ് പട്ടികജാതി/വര്‍ഗ്ഗക്കാരാണ് ചെയ്യുന്നതെങ്കില്‍ ആ സമൂഹത്തെ മൊത്തംതന്നെ തെറ്റുകാരായി ചിത്രീകരിക്കും. റിട്ട.ചീഫ് ജസ്റ്റിസ് കെ.ജി.ബാകൃഷ്ണന് അഴിമതി നടത്തിയോ ഇല്ലയോ എന്നു പറയാന്‍ ഞാനാളല്ല. പക്ഷേ, ഇദ്ദേഹം ചെയ്തു എന്നു പറയുന്ന അഴിമതി ഇദ്ദേഹം ജനിച്ച ജാതിക്കുകൂടി ചാര്‍ത്തിക്കൊടുക്കുന്നുണ്ട് പലരും. ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ ഇദ്ദേഹത്തിന്റെ അഴിമതി പറഞ്ഞ കൂട്ടത്തില്‍ ഇങ്ങനെകൂടി (മാധ്യമം, 28.12.2010) പറഞ്ഞു: ''കെ.ജി.ബാലകൃഷ്ണന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയപ്പോള്‍ രാജ്യത്തെ ഏറ്റവും താഴെ തട്ടിലുള്ള ജനവിഭാഗത്തില്‍ നിന്ന് ഒരാള്‍ നീതിന്യായ വ്യവസ്ഥയുടെ ഉന്നത പീഠത്തില്‍ എത്തിയതില്‍ എല്ലാവരും സന്തോഷിച്ചു. അതുകൊണ്ടാണ് സുപ്രീം കോടതിയില്‍ 'ബാലകൃഷ്ണ യുഗം'ആരംഭിച്ചുവെന്ന് താന്‍ വിശേഷിപ്പിച്ചത്''. എന്തിനാണ് 'സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിനെ'നെക്കുറിച്ച് പറഞ്ഞത്? താഴെ തട്ടിലുള്ള ഏറ്റവും കറുത്ത ആള് എന്ന യോഗ്യത വച്ചാണോ കെ.ജി.ബാലകൃഷ്ണനെ ചീഫ് ജസ്റ്റിസ് ആക്കിയത്? ചീഫ് ജസ്റ്റിസ്സാകാനുള്ള യോഗ്യതയുടെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ഇദ്ദേഹം ആ സ്ഥാനത്തെത്തിയത്. അല്ലാതെ, ആരുടെയും ഔദാര്യം കൊണ്ടല്ല. എല്ലാവരും സന്തോഷിച്ചു എന്നു പറയുന്നു. അങ്ങനെ എല്ലാവരും സന്തോഷിക്കില്ല. ഒരു പട്ടികജാതിക്കാരന് ഉന്നത സ്ഥാനത്ത് എത്തിയാല്‍ എല്ലാവരും സന്തോഷിക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഈ നൂറ്റാണ്ടെങ്കിലും കഴിയേണ്ടിവരും. ഒരു ദലിതന് സുപ്രിം കോടതി ചീഫ് ജസ്റ്റിസായാല്‍ എങ്ങനെയാണ് 'ദലിത് യുഗം' ആരംഭിക്കുക? ആത്മാര്‍ത്ഥതയില്ലാത്ത 'ഹരിജന പ്രേമ ഗീര്‍വാണങ്ങള്‍' മാത്രമാണിത്. അതി ഭീകര അഴിമതി നടത്തിയ മറ്റു പലരുമുണ്ടല്ലോ ഇവിടെ; തെളിയിക്കപ്പെട്ട അഴിമതികള്‍ തന്നെ. അവരെയൊന്നും ബ്രാഹ്മണ പാരമ്പര്യത്തില്‍ നിന്നു വന്നയാള്‍, ക്ഷത്രിയകുലജാതന്‍, വൈശ്യവിഭാഗത്തില്‍ പിറന്നവന്, അയ്യര്‍ വര്ഗ്ഗക്കാരന്, റാവു കുടുംബത്തിലുള്ളയാള്‍ എന്നൊന്നും പറഞ്ഞു കേള്‍ക്കാറില്ലല്ലോ. അതുണ്ടാകില്ല. അവരൊക്ക വ്യക്തികള്‍ മാത്രം! ദലിതരുടെ കാര്യം വരുമ്പോള്‍ മാത്രം വ്യക്തികള്‍ സമുദായങ്ങളായി മാറും!! പട്ടികജാതി/വര്‍ഗ്ഗക്കാരുടെ ജീവിതപ്പാതയില്‍ നിറയെ മുള്ളുകളും മുരടുകളും ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ പാമ്പുകളും മാത്രമല്ല കണ്മുമ്പില് നിന്നു കരയുകയും കാണാതെ വന്ന് കഴുത്ത് ഞരിക്കുകയും ചെയ്യുന്ന ചതിയന്മാരുമാണുള്ളത്. ഇത് മറ്റുള്ളവരെക്കാളേറെ തിരിച്ചറിയേണ്ടത് പട്ടികജാതി/വര്‍ഗ്ഗക്കാരാണ്.
...........
22 comments:
സത്യത്തില്‍ ഈ ജാതിയും മതവും മനുഷ്യരെയുമൊക്കെ ഉണ്ടാക്കിയ ദൈവം എന്ന ഒരാളുണ്ടല്ലോ .
അദ്ദേഹത്തെ പറഞ്ഞിട്ടേ കാര്യമുള്ളൂ !
ഇനിയിപ്പോള്‍ അത് പറഞ്ഞിട്ടും കാര്യമില്ല .
ജാതിയും മതവും നിര്‍മാര്‍ജനം ചെയ്യാന്‍ ചിലരെ ദൈവം തന്നെ നിയോഗിച്ചിട്ടുണ്ടല്ലോ.
ശ്രീ നാരായണ ഗുരു പോലുള്ളവര്‍ .
അവരുടെ പിറകെ പോകാം .
അല്ലെങ്കില്‍ സ്വന്തം നിലക്കാകാം.
എന്തിനും ഞാനും റെഡി .
നല്ല പോസ്റ്റ് .!
അഭിനന്ദനങ്ങള്‍ ........
nan ceraikku aduthu thamasillunna oru ezhavananu...vijnanavardini sabhayekkurichu ee vivarangal nalkiyathunu nanni.....nice article...
ജാതിയും മതവും നിര്‍മാര്‍ജനം ചെയ്യാന്‍ ചിലരെ ദൈവം തന്നെ നിയോഗിച്ചിട്ടുണ്ടല്ലോ.
ശ്രീ നാരായണ ഗുരു പോലുള്ളവര്‍ .
എന്നിട്ടെന്തുണ്ടായി ? ആ ഗുരുവിനെയും ഒരു ജാതിക്കാർ പൂഴ്ത്തികളഞ്ഞില്ലേ ?
അതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് മറ്റൊരു മനുഷ്യൻ (സ) പറഞ്ഞിരിന്നു: ‘ഒരു ജാതി ഒരു ദൈവം‘ എന്ന് . പക്ഷെ, ആ ജാതിക്കാർ ഒന്നടങ്കം ഇന്നും വിശ്വസിക്കുന്നു . “ സകല ജാതിക്കും ഒരു ദൈവം അല്ലെങ്കിൽ ഒരേയൊരു ദൈവം മാത്രം, എന്ന്.”
nice one !!
Not my cup of tea
ഇവനൊക്കെ കൊടുക്കേണ്ടത് ചെകിട്ടത്തു അടി ആണ് , മറ്റൊന്നും കൊണ്ട് കാര്യം ഇല്ല
നല്ല ലേഖനം. ശ്രീമൂലം പ്രജാസഭയില്‍ നടന്നത് ഇതു പോലെ ആരെങ്കിലും ഓർമിപ്പിക്കുന്നതൊക്കെ നന്ന് തന്നെ. മതം വേണ്ട ജാതി വേണ്ട ദൈവം വേണ്ട മനുഷ്യന് എന്നു പറഞ്ഞ സഹോദരൻ അയ്യപ്പനെ വേണ്ടവിധമറിയില്ല ഇന്ന് കേരളത്തിൽ. ചെറായിയിലുള്ള സഹോദരൻ സ്മാരകത്തിൽ നല്ലൊരു കുറിപ്പ് പോലും കണ്ടില്ല(ഞാനിത് സന്ദർശക ഡയറിയിൽ എഴുതിയിരുന്നു)
Agree with your views....but tell me what's the wrong in Krishna Ayers words? You said KGB came to top without anyone's help.No..he got advantage of reservation in his career..And Krishna Ayer said that in Positive sense.
പ്രിയ അപ്പു,
ജസ്റ്റിസ് ബാലകൃഷ്ണന് റിസര്‍വേഷന്‍ വഴിയല്ല സുപ്രിം കോടതി ചീഫ് ജസ്റ്റിസ്സായത്. പഠനത്തിലും മറ്റും റിസര്‍വേഷന്‍ അവകാശം കിട്ടിയിട്ടുണ്ട് എന്നുള്ളത് ശരി. ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനെ വിമര്‍ശിച്ചുകൊണ്ട് അഡ്വ: ജയശങ്കര്‍ 'മാതൃഭൂമി'ആഴ്ചപ്പതിപ്പില്‍ (23.01.2011) എഴുതിയിരുന്നു. അതില്‍പ്പോലും പറയുന്നത് ജസ്റ്റിസ് ബാലകൃഷ്ണനേക്കാള്‍ ജൂനിയറായ പലരും പണ്ടേ സുപ്രിം കോടതി ജഡ്ജിമാരായി എന്നാണ്. കടുത്ത അവഗണന പട്ടിക ജാതിക്കാര്‍ നേരിടുന്നുവെന്നതിന് ഇതുതന്നെ വലിയ തെളിവ്. പട്ടിക ജാതിക്കാരും പിന്നാക്കക്കാരും മാത്രമല്ല റിസര്‍വേഷന്‍ അനുഭവിക്കുന്നത്. നായരും നമ്പൂതിരിയും നായന്മാരുടെ കാറ്റഗറിയില്‍ വരുന്ന സവര്‍ണ ക്രിസ്ത്യാനികളുമൊക്കെ റിസര്‍വേഷന്‍ അനുവിക്കുന്നവരാണ്. അവര്‍ണര്‍ അനുഭവിക്കുന്നത് ജനാധിപത്യ ഭരണകൂടം ഉണ്ടാക്കിയ സംവരണമാണ്. സവര്‍ണര്‍ നൂറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത് അധര്മ്മമൂര്ത്തികളായ 'ധര്‍മ്മരാജാ'ക്കന്മാരുണ്ടാക്കിയ സംവരണമാണ്. സവര്‍ണര്‍ സമ്പന്നരും ഭൂ ഉടമകളും അധികാരികളും ഡിഗ്രിക്കാരുമൊക്കെയായത് ഈ സംവരണം കൊണ്ടാണ്. ഈ സംവരണം കൊണ്ടു മാത്രമാണ് സവര്‍ണര്‍ക്ക് സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചത്. രണ്ടായിരമോ മൂവായിരമോ കൊല്ലം സവര്‍ണര്‍ സംവരണം അനുഭവിച്ചു. അവര്‍ണര്‍ സംവരണം അനുഭവിക്കാന്‍ തുടങ്ങിയിട്ട് 100 കൊല്ലം പോലുമായില്ല.
ജസ്റ്റിസ് കൃഷ്ണയ്യര്‍ പോസിറ്റീവായാണ് പറഞ്ഞതെന്നു അപ്പു പറയുന്നു. അപ്പുവിന് അങ്ങനെ തോന്നിക്കാണും. അത് അപ്പുവിനെ സംബന്ധിച്ചിടത്തോളം ശരി. പക്ഷേ, എനിക്ക് അപ്പുവിന്റെ ശരി ശരിയായി തോന്നുന്നില്ല. ഒരു പട്ടിക ജാതിക്കാരന് ചീഫ് ജസ്റ്റിസ് ആകുമ്പോഴേക്കും 'ബാലകൃഷ്ണ യുഗം'ആരംഭിച്ചു എന്നൊക്കെ പറയുന്നതില്‍ ആത്മാര്‍ത്ഥതയുടെ ഒരു തരിപോലുമില്ലെന്നാണ് എന്റെ അഭിപ്രായം. കാപട്യത്തിന്റെ കത്തിക്കരിഞ്ഞ മണമുണ്ടിതിന്. പട്ടിക ജാതിക്കാരോട് സ്നേഹമുള്ള ഒരു വ്യക്തി ഇങ്ങനെ പറയില്ല. ജസ്റ്റിസ് കൃഷ്ണയ്യരെക്കുറിച്ച് എനിക്ക് മോശമായ അഭിപ്രായമാണുള്ളത്.
കൃഷ്ണയ്യര്‍ നിയമ മന്ത്രിയായിരിക്കുന്ന അവസരത്തില്‍ അന്നത്തെ പ്രതിപക്ഷം ഇങ്ങനെയൊരു മുദ്രാവാക്യം വിളിച്ചതായി കേട്ടിട്ടുണ്ട്. വിഷയം ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ടതാണ്.
'' നാട്ടാരെ ഭൂമി പൊതുവാക്കി
സ്വന്തം ഭൂമി ട്രസ്റ്റാക്കി ''
ശങ്കര്‍ജി,സ്വസമുദായത്തിലെ ജീര്‍ണ്ണതകള്‍ തുറന്നു കാണിക്കാന്‍ നിങ്ങള്‍ സന്നദ്ധനായി. അഭിനന്ദനങ്ങള്‍. മനുഷ്യരെല്ലാം ഒരേ മാത പിതാ മക്കളാണെന്ന് ഉല്‍ഘോഷിക്കുന്ന മുസ്ലിംകളുടെ ഇടയിലും സ്ഥിതി വിത്യസ്തമല്ല. ജാതിയതയിലൂടെ നാം മനുഷ്യരെ കാണുമ്പോള്‍ മനുഷ്യത്തം നമുക്കന്ന്യമാവുന്നു. ജന്മമല്ല കൊണ്ടല്ല കര്‍മം കൊണ്ടാണ് ഒരാള്‍ ഔന്ന്യധ്യം നേടുന്നത് എന്ന് ജനം മനസ്സിലാക്കാന്‍ നിങ്ങളുടെ തൂലിക ഇടപെടലുകള്‍ക്ക് ഇനിയും കഴിയുമാറാകട്ടെ.
"ജാതികള്‍ ജാതികള്‍" വിശ്വവിപത്തിന്റെ നാരയവേരുകള്‍... ശങ്കരേട്ടാ പോസ്റ്റ് വായിച്ചു. ജാതി, മത, വര്‍ണ, വര്‍ഗ വ്യത്യാസം ഇല്ലാതെയുള്ള മാനുഷിക ചിന്തകള്‍ വളര്‍ന്നു വരേണ്ടതുണ്ട്... ആശംസകള്‍... ഓ.ടോ- നാട്ടില്‍ തെരെഞ്ഞെടുപ്പ് ചൂട് തുടങ്ങിയോ?
പ്രിയ ശങ്കരനാരായണന്,
താങ്കള്‍ ഇങ്ങനെ അപ്രിയ സത്യങ്ങള്‍ തുറന്നു പറയുന്നതിന് അഭിനന്ദനം.
നന്നായി എഴുതി. പുതിയ കുറേ കാര്യങ്ങള്‍ അറിഞ്ഞു. എനിക്കും ചില അനുഭവങ്ങള്‍ ഉണ്ട്. ഞാന്‍ ഇപ്പോള്‍ ഇന്ത്യന്‍ പൌരനല്ലാത്തതിനാല് ഈ വിഷയത്തെപ്പറ്റി വേറെ അഭിപ്രായമൊന്നും പറയുന്നില്ല.
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി! അടുത്ത പോസ്റ്റ് 'ഹസീനാ ബാര്‍'.
വിരോധമില്ലെങ്കില്‍ മലയാളത്തിലെ ഏക സോഷ്യല്‍ വെബ്സൈറ്റായ സുഹൃത്ത്.കോമില് (www.suhrthu.com) താങ്കളുടെ രചനകള്‍ പ്രസിദ്ധീകരിക്കുക്ക,26500 അംഗങ്ങള്‍ ഉള്ള വെബ്സൈറ്റാണു,പൂര്‍ണ്ണമായും മലയാളത്തില്‍ ആണു ഈ സോഷ്യല്‍ വെബ് സൈറ്റ്,ഞാന്‍ അതിന്റെ അഡ്മിന് ആണു, താങ്കളുടെ രചന അവിടെ പ്രസിദ്ധീകരിക്കുന്നത് എനിക്കും താങ്കള്‍ക്കും ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു
സ്നേഹപൂര്‍വ്വം... നല്ലതു വരട്ടെ എന്നാശംസിക്കുന്നു
Dear sankaranarayanan,
Nice to see your article.It is very informative. I have read all these in Prof. sanu and others previously. You have presented all these systematically. My book on Sreenarayan smrithi will be published shortly.
Congratulations. Likes o see you
ഇതില്‍ പറയുന്ന 99%കാര്യങ്ങളും എപ്പോള്‍ നടന്നത് എന്ന് കൂടി നോക്ക്കുക ....ഇരുപത്തി നാല് മണിക്കൂറും ഹിന്ദു മതത്തില്‍ എങ്ങനെ വിഭജനം ഉണ്ടാക്കാമെന്ന് ചിന്ധിചിരിക്കുന്ന ഒരുകൂട്ടര്‍ ചില ബ്ലോഗുകള്‍ ഉണ്ടാക്കുന്നു ...ബേബി സഗാവ് മുതല്‍ സുഗതന് വരെയുള്ള ഹിന്ദു വിരോധികള്‍ പല അടവും പ്രയോഗിക്കുന്നു ...അതി കുറച്ചു പേര് വീഴുന്നു ...ബേബി സഗാവ് വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോള്‍ പിഞ്ചു കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു പ്രോജക്റ്റ് തയ്യാറാക്കി ....നിങ്ങളുടെ നാട്ടില്‍ പണ്ട് കാലത്ത് നടന്നിരുന്ന സവര്‍ണ്ണ അവര്‍ണ്ണ വിവേചനത്തെ കുറിച്ച് നാട്ടില്‍ അന്വേഷണം നടത്തി ഒരു പ്രബന്തം തയ്യാറാക്കാന്‍ ...കുട്ടികള്‍ പിറ്റേന്ന് തന്നെ തുടങ്ങി ...വളര്‍ന്നു വരുന്ന കുട്ടികളില്‍ പോലും വിധേഷതിണ്ടേ കാളകൂട വിഷം കേട്ടുന്നവരോട് ഈ പിന്നോക്കക്കാരനോട് ഒരു ചോദ്യം ....ഒരു മതത്തിനെതിരെ ഒരു സിനിമയില്‍ പരാമര്‍ശം ഉണ്ടായി എന്ന് പറഞ്ഞു ലോക മുസ്ലീങ്ങള്‍ നടത്തിയ ആക്രമണങ്ങള്‍ നിങ്ങള്‍ കണ്ടിരുന്നുവല്ലോ ....നിര്‍മ്മലമായ മനസുമായി ജീവിക്കുന്ന ഈ ഹിന്ദു സമൂഹത്തെ നശിപ്പിക്കാന്‍ ഇറങ്ങി തിരിച്ചവരില്‍ യഥാര്‍ത്ഥ നിരീഷരവാധികളും നല്ല ഹിന്ദുക്കളും ഉണ്ടെങ്കില്‍ ഒരു കാര്യം ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കും ....ഈ ഹിന്ദു സമൂഹം ഉള്ളയിടം കാലമേ നിങ്ങള്‍ക്ക് വിമര്‍ശിക്കാന്‍ പറ്റുകയുള്ളൂ ....അതു കൊണ്ട് വിമര്ശഞങ്ങള് കുറച്ചുകൂടി വേഗത്തില്‍ ആക്കുക ....സമയം അടുക്കാറായി
ഒരു മതവും സ്വയം പരിഷ്കരിക്കുകയില്ല , പരിഷ്കരണം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ശക്തമായ ഇടപെടലുകള്‍ വഴിയാണ്. ആന്തരികവും ബാഹ്യവുമായ ഇടപെടലുകള്‍ - ആനന്ദിന്റെ ലേഖനം മാതൃഭൂമി
മനുഷ്യൻ എന്നാണവോ മനുഷ്യനെ തിരച്ചറിയുക
താങ്കളുടെ ചില പോസ്റ്റുകള്‍ ഞാന്‍ എന്റെ ബ്ലോഗിലും പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു, വിരോധം ഉണ്ടെങ്കില്‍ പറയുക.
Post a Comment