My Blog List

Tuesday, November 15, 2011

ബീറ്റല്‍ മോള്‍ പ്രസവിച്ചതും 11.11.11 ന്


       'ഐശ്വര്യമായ' ഒരു പ്രസവം 11.11.11.11 ന് നടന്നതായി പറയുന്നതു കേട്ടു. സിസേറിയന്‍ വഴിയാണത്രെ ഈ പ്രസവം നടന്നത്. ഇതു തെറ്റോ ശരിയോ എന്തുമാകട്ടെ. ഇതില്‍ അത്ര വലിയ കാര്യമൊന്നുമില്ല. 11.11.11 മാത്രമല്ല ഓരോ നിമിഷവും ഒരിക്കല്‍ മാത്രമേ സംഭവിക്കുകയുള്ളൂ. ഒരു പ്രതേ്യക സമയത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നതില്‍ കാര്യമൊന്നുമില്ല. ഓര്‍മ്മിക്കാന്‍ എളുപ്പമുണ്ടാകുമെന്നു മാത്രം. ഇതു ബീറ്റല്‍ മോളുടെ കാര്യത്തിലും ബാധകമാണ്. എന്നാലും, 11.11.11 വലിയ ചര്‍ച്ചാവിഷയമായതുകൊണ്ട് മാത്രമാണ് 11.11.11 ന് ബീറ്റല്‍ മോള്‍ പ്രസവിച്ച കാര്യം എടുത്തു പറഞ്ഞത്.
    ബീറ്റല്‍മോള്‍ കറുത്തിട്ടാണ്. അവിടവിടെയായി വെളുപ്പുമുണ്ട്. 11.11.11 ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പ്രസവിച്ചത്. ഇരട്ടപ്രസവമായിരുന്നു. ഒരുപെണ്ണും ഒരാണും. കാഴ്ചയില്‍ രണ്ടുപേര്‍ക്കും ബീറ്റല്‍മോളുടെ മുഖച്ഛായ തന്നെ.
      കുട്ടികളെ കാണാനായി ഞാനും മുഹമ്മദലി മാഷും മാഷിന്റെ മകന്‍ സാബിത്തും 12.11.11 നാണ് പോയത്. ബീറ്റല്‍മോളുടേത് മാത്രമല്ല, അവിടെ തലേദിവസങ്ങളില്‍ രണ്ടു പ്രസവങ്ങള്‍ വേറെയും നടന്നിരുന്നു. കിടങ്ങഴിക്കാരത്തിയും കിടങ്ങഴിക്കാരത്തിയുടെ മകളും പ്രസവിച്ചിരുന്നു. അമ്മ 09.11.11 നും മകള്‍ 10.11.11 നും പ്രസവിച്ചു. ഒരു വീട്ടില്‍ മൂന്നു പ്രസവം തുടര്‍ച്ചയായി! വല്ലാത്തൊരു സന്തോഷമുള്ള കാര്യം തന്നെയല്ലേ!! പക്ഷേ, ഒരു സങ്കടവും ഉണ്ടായി. കിടങ്ങഴിക്കാരത്തി പ്രസവിച്ചത് രണ്ടു പെണ്ണിനെയും രണ്ടു ആണിനെയുമായിരുന്നു. ഇതിലൊരാണ്‍കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടു. കിടങ്ങഴിക്കാരത്തിയുടെ പേരക്കുട്ടി പെണ്‍കുഞ്ഞാണ്. കുട്ടികളെയും അമ്മമാരെയും മറ്റു നാല് അംഗങ്ങളെയും കണ്ട് രാജന്‍-ഗീതാ ദമ്പതിമാര്‍ തന്ന ചായയും കഴിച്ച് ഞങ്ങള്‍ പുല്‍പ്പറ്റ നാലുസെന്റുകോളനിയില്‍നിന്നു തിരിച്ചു.
     വായനക്കാര്‍ക്ക് ഓര്‍മ്മയുണ്ടോ മേല്‍ സൂചിപ്പിച്ച ദമ്പതിമാരെ? ഞാന്‍ മുമ്പെഴുതിയ
മൗലവിയും അല്‍ഫോന്‍സാ മോളും എന്ന പോസ്റ്റില്‍ ഇവരുടെ ജീവിത പ്രയാസങ്ങളെക്കുറിച്ചും അവരെ സാമ്പത്തികമായി സഹായിക്കുന്ന മൗലവിയെക്കുറിച്ചും എഴുതിയിരുന്നു. മഞ്ചേരിക്കടുത്ത പുല്‍പ്പറ്റ പഞ്ചായത്തിലെ നാലുസെന്റ് കോളനിയിലെ ചെറിയൊരു കൂരയിലാണ് രാജനും ഭാര്യ ഗീതയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇവര്‍ക്ക് കഴിഞ്ഞ ആഗസ്റ്റ് മുതല്‍ മാസംതോറും മൗലവി 1000 രൂപ വീതം നല്‍കുന്നുണ്ട്. ഈ തുക എത്തിച്ചുകൊടുക്കുന്നത് ഞാനാണ്. ഇതുകൊണ്ട് ഒരു കുടുംബത്തിന് ജീവിക്കാന്‍ സാധിക്കില്ലല്ലോ. ജീവിത മാര്‍ഗ്ഗത്തിനുള്ള എന്തെങ്കിലും ഏര്‍പ്പാടു ചെയ്യാന്‍ രാജനെ സഹായിക്കാമെന്ന് മൗലവി പറഞ്ഞ കാര്യം ഞാനും സുഹൃത്ത് വി.കെ.ബാലകൃഷ്ണനും രാജനെ അറിയിച്ചു. ആടുകൃഷി ചെയ്യാമെന്ന് രാജന്‍ ഞങ്ങളെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജന് ഏഴ് ആടുകളെ വാങ്ങിച്ചു നല്‍കി. ആടുകളെ വാങ്ങുന്നതിന് മുമ്പ് അവയ്ക്ക് കൂടുണ്ടാക്കി. മൗലവി പറയുന്നതില്‍ ശരികാണുന്ന മൂന്നുപേരാണ് ഇതിനുള്ള പണം ചെലവാക്കിയത്.
     നല്ല മരംകൊണ്ട് അത്യവശ്യം വലിയ ആട്ടിന്‍കൂടാണ് നിര്‍മ്മിച്ചത്. ആയതിനാല്‍ 30,000 ത്തിലേറെ രൂപ ഇതിനു തന്നെ ചെലവു വന്നു. ഏഴ് ആടുകള്‍ക്ക് 47,700 രൂപ വില വന്നു. മാസത്തില്‍ 1000 രൂപ വീതം നല്‍കുന്നത് നിബന്ധനകള്‍ക്ക് വിധേയമല്ല. എന്നാല്‍ ആട്ടിന്‍കൂടിനും ആടുകള്‍ക്കും ചെലവാക്കിയ സംഖ്യ ചില വ്യവസ്ഥകള്‍ക്ക് വിധേയമായാണ് നല്‍കിയത്. ആടുകള്‍ പ്രസവിച്ചുണ്ടാകുന്ന കുട്ടികളെ വില്‍ക്കുമ്പോള്‍ അതിന്റെ 25 ശതമാനം പണം മുടക്കിയവര്‍ക്കു നല്‍കണം. ഈ തുക മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍വേണ്ടിയാണ് ചെലവഴിക്കുക.
    ഇതിന്റെയടിസ്ഥാനത്തിലാണ് രാജന്‍-ഗീതാ കുടുംബത്തിന് ആടുകളെ നല്‍കിയത്. ഏഴെണ്ണത്തില്‍ അഞ്ചെണ്ണം നാടന്‍ ഇനങ്ങളും ഒരെണ്ണം യമുനാപുരിയും മറ്റൊരെണ്ണം ബീറ്റല്‍ ഇനത്തിലുള്ളതുമായിരുന്നു. 22,000 രൂപയ്ക്ക് വാങ്ങിയ ഈ ബീറ്റല്‍ മോളാണ് 11.11.11 ന് രണ്ടു കുട്ടികളെ പ്രസവിച്ചത്. കിടങ്ങഴിയില്‍നിന്നു വാങ്ങിയ അമ്മയും മകളും അതിനു മുമ്പും പ്രസവിച്ചു.
     കഴിഞ്ഞ കുറച്ചു കാലത്തിനിടയില്‍ മൗലവി നല്‍കിയ രണ്ടര ലക്ഷത്തിലേറെ രൂപ ഞാന്‍ പലര്‍ക്കായി നല്‍കിയിട്ടുണ്ട്. (ഇതില്‍ അവസാനം നല്‍കിയത് ഞാന്‍ പരിചയമുള്ള ഒരു കുട്ടിയുടെ ഉപ്പയ്ക്കാണ്. ക്യാന്‍സര്‍ രോഗിയായ അദ്ദേഹത്തിന്റെ ചികിത്സാ ഫണ്ടിലേക്ക് 1000 രൂപ നല്‍കി). ഇതില്‍ മുക്കാല്‍ ലക്ഷം രൂപയാണ് വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കിയത്. ബാക്കി സംഖ്യ നിരുപാധികമായാണ് നല്‍കിയത്. നമ്മള്‍, ബ്‌ളോഗര്‍മാരുടെ കൂട്ടത്തിലുള്ള ജിത്തുവിന്റെ കാര്യം അറിയുമല്ലോ. അറിയാത്തവര്‍ 'ആയിരങ്ങളില്‍ ഒരുവന്‍' എഴുതിയ
ഈ പോസ്റ്റ് വായിക്കുക. ജിത്തുവിന്റെയും ബ്‌ളോഗ് സുഹൃത്തുക്കളുടെ സ്വപ്നം മിനിഞ്ഞാന്ന് (13.11.11)പൂവണിഞ്ഞു. ജിത്തു ഇന്നലെ ഒരു കടയുടെ ഉടമയായി. ഞാനും അവിടെ പോയിരുന്നു; ഉദ്ഘാടന സമയത്ത് എത്താന്‍ സാധിച്ചില്ല. ഉച്ചയ്ക്കാണ് എത്തിയത്. കട ഒന്നുകൂടി വിപുലപ്പെടുത്തേണ്ടതുണ്ട്. അതിനുവേണ്ടുന്ന തുക വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കാമെന്ന് മൗലവി പറഞ്ഞിട്ടുണ്ട്. മൗലവി ജിത്തുവുമായി സംസാരിക്കുകയും ചെയ്തു.
   അങ്ങനെ മഞ്ചേരിക്കടുത്ത പുല്‍പ്പറ്റ അഞ്ചുസെന്റു കോളനിയിലെ രാജന്‍-ഗീതാ ദമ്പതികളുടെ കുടുംബം രക്ഷപ്പെടട്ടെ! കോഴിക്കോട് ജില്ലയിലെ പന്തീരാംകാവ് പാലാഴിയിലെ ജിത്തുവും കുടുംബവും രക്ഷപ്പെടട്ടെ!! നമ്മളെല്ലാവരും രക്ഷപ്പെടട്ടെ!!!

..............  

10 comments:

ശിഖണ്ഡി said...

ഈ പരുവാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും ഒറ്റ വാക്കില്‍ ആശംസ അറിയിക്കുന്നു

പൈമ said...

ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എന്നും വിജയിക്കട്ടെ...

chithrakaran:ചിത്രകാരന്‍ said...

സമൂഹത്തില്‍ സാമ്പത്തിക-സാമൂഹികമായി ഉയര്‍ച്ചയനുഭവിക്കുന്ന ഏവര്‍ക്കും സമൂഹത്തിലെ സാമ്പത്തിക-സാമൂഹികമായി താഴ്ന്നുപോയ ജനവിഭാഗങ്ങളോട് ധാര്‍മ്മികമായി കടപ്പാടും ബാധ്യതയുമുണ്ട് എന്ന തിരിച്ചറിവ് മാനവികമായൊരു വളര്‍ച്ചയുടെ ഭാഗമാണ്.

ഷാജി പരപ്പനാടൻ said...

ആ മൌലവിയുടെ സന്മനസ്സു കഷ്ടപ്പെടുന്ന നിരാലംബര്‍ക്ക് ഒരു ആശ്വസമാവട്ടെ...ഇതൊക്കെ പകര്‍ന്നു നല്‍കുന്ന ശങ്കരേട്ടന് എന്റെ അഭിനന്ദനങ്ങള്‍...

Lipi Ranju said...

എന്നാലും 11.11.11.11 എന്ന മണ്ടത്തരത്തെ തകര്‍ത്തു കളഞ്ഞല്ലോ... :)

ജിത്തുവിന്റെ ഇന്‍വിറ്റേഷന്‍ കിട്ടിയിരുന്നു... ആ കുടുംബത്തിനും രാജന്‍-ഗീതാ ദമ്പതികളുടെ കുടുംബത്തിനും ഒരു വരുമാന മാര്‍ഗം ആയല്ലോ... ആതിനു വേണ്ടി ശ്രമിച്ച എല്ലാ നല്ല മനസുകള്‍ക്കും നല്ലതുവരട്ടെ...

ശ്രീനാഥന്‍ said...

അതെ, എല്ലാവരും രക്ഷപെടട്ടെ!

കൊമ്പന്‍ said...

നിസഹായരും നിര്‍ധന രുമായ ആളുകളെ സഹായിക്കാന്‍ മനസ്സു കാണിക്കുന്ന താങ്കള്‍ക്കും മൌലവിക്കും ഒരായിരം അഭിവാദ്യങ്ങള്‍ ആദ്യം പറയട്ടെ
ഇനിയും ഇനിയും ഇതുപോലുള്ള സഹായം ചെയ്യാന്‍ തമ്പുരാന്‍ സഹായിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു

‍ആയിരങ്ങളില്‍ ഒരുവന്‍ said...

എല്ലാം നല്ലതിനായ് വരട്ടെ..!! ശങ്കരേട്ട, താങ്കൾക്കും പ്രിയപ്പെട്ട മൗലവിക്കും ഇനിയും ഒരുപാട് ചെയ്യുവാനുള്ള ആയുസും ആരൊഗ്യവും ഉണ്ടാകട്ടെ..!!

valsan anchampeedika said...

We can model this concept!