My Blog List

Saturday, December 03, 2011

മുണ്ടുപറമ്പുകാരുടെ സ്വന്തം കാദറ്കാക്ക

    കണ്ണ് കാണില്ല, ചെവി കേള്‍ക്കില്ല, സംസാരിക്കില്ല. ഇത്തരമൊരു വ്യക്തിയെ വളരെ അപൂര്‍വ്വമായേ കാണാന്‍ സാധിക്കുകയുള്ളു. മുണ്ടുപറമ്പില്‍ ഇത്തരത്തില്‍ പെട്ട ഒരു വ്യക്തിയുണ്ട്. പരേതയായ കുഞ്ഞാത്തുമ്മയുടെയും പരേതനായ കുന്നത്തൊടി അലവിക്കുട്ടിയുടെയും ഏഴ് മക്കളില്‍ പെട്ട നാല് ആണ്‍ മക്കളിലെ മൂന്നാമത്തെയാള്‍. യഥാര്‍ത്ഥ പേര് കാദര്‍. നാട്ടുകാര്‍ക്കെല്ലാം കാദറ്കാക്ക .
    കള്ളിമുണ്ട്/വെള്ളമുണ്ട്, ബനിയന്‍; ചിലപ്പോള്‍ കുപ്പായവും. ഇതാണ്
കാദറ്കാക്ക
യുടെ വേഷം. കയ്യില്‍ ഒരു മുട്ടന്‍ വടിയുമുണ്ടായിരിക്കും. ഇങ്ങനെയുള്ള കാദറ്കാക്കയെ കാണാത്തവര്‍ മുണ്ടുപറമ്പിലുണ്ടാവില്ല. ശബ്ദ മുണ്ടാക്കിയാണ് നടക്കുക. മുഖത്തെപ്പോഴും പുഞ്ചിരിയായിരിക്കും. മുട്ടന്‍വടി കൊണ്ട് തട്ടിയും മുട്ടിയും കുത്തിയുമൊക്കെയാണ് വഴി മനസ്സിലാക്കുക. മുണ്ടുപറമ്പിന്റെ എല്ലാ മുക്കും മൂലയും കാദറ്കാക്കയ്ക്കറിയാം.
     
കാദറ്കാക്കയ്ക്ക് വോട്ടുണ്ട്. റേഷന്‍ കാര്‍ഡില്‍ പേരുമുണ്ട്. കാദറ്കാക്ക ഇപ്പോള്‍ താമസിക്കുന്നത് അദ്ദേഹത്തിന്റെ അനുജന്‍ പരേതനായ മുഹമ്മദിന്റെ മകന്‍ കുന്നത്തൊടി അലവിക്കുട്ടിയുടെ കൂടെയാണ്.  കാദറ്കാക്കയ്ക്ക് സ്വന്തമായൊരു മുറിയുണ്ട്. പുറത്ത് പോകുമ്പോള്‍ മുറി പൂട്ടിയാണ് പോവുക. ഇതൊക്കെ വളരെ കൃത്യമായി ചെയ്യാന്‍ കാദറ്കാക്കയ്ക്ക് സാധിക്കും. പക്ഷെ, ഒരിക്കല്‍ ഒരബദ്ധം സംഭവിച്ചു. കാദറ്കാക്ക കുളിക്കാനായി വരമക്കല്‍ കടവിലേക്ക് പോകാറുണ്ടായിരുന്നു. ഒരു ദിവസം കുളി കഴിഞ്ഞ് തിരിച്ചുവന്ന് വാതില്‍ തുറക്കാനായി താക്കോല്‍ തപ്പിനോക്കി. താക്കോല്‍ കണ്ടില്ല. ഒച്ചപ്പാടും ബഹളവും. ദേഷ്യം വന്നാല്‍ വല്ലാതെ ഒച്ചയുണ്ടാക്കും. മുട്ടന്‍ വടികൊണ്ട് അടിക്കുകയും ചെയ്യും. അലവിക്കുട്ടിയുടെ മക്കള്‍ താക്കോല്‍ തിരയാനായി പുഴയിലേക്ക് പോയി. അതിനിടയില്‍ താക്കോല്‍ കാദറ്കാക്കയുടെ വീട്ടില്‍ എത്തിയിരുന്നു. കുളിക്കാന്‍ കടവിലേക്ക് ഇറങ്ങുന്നതിന് മുമ്പ് താക്കോല്‍ വരമക്കല്‍ ഹംസ ഹാജിയുടെ വീട്ടില്‍ ഏല്പിക്കാറുണ്ട്. അന്ന് എന്തുകൊണ്ടോ താക്കോല്‍ തിരിച്ചുവാങ്ങാന്‍ മറന്നതായിരുന്നു.
            മല്‍പ്പിടുത്തും, അടി, കരച്ചില്‍
   
കാദറ്കാക്ക പൊട്ടിക്കരഞ്ഞ ഒരു സംഭവമുണ്ടായി. അനുജന്‍ (പരേതനായ) മുഹമ്മദിനോട് എന്തോ ദേഷ്യം തോന്നി. ബഹളം വെച്ച് അനുജനെ കൈകളാല്‍ കെട്ടി വരിഞ്ഞു. അനുജന്‍ ഞെരിപിരികൊണ്ടു. ഒച്ചവെച്ചു കരഞ്ഞു. ബഹളംകേട്ട് കാദറ്കാക്കയുടെ മൂത്താപ്പയുടെ മകനായ (പരേതനായ) കുഞ്ഞാലി ഓടിച്ചെല്ലുകയും കാദറ്കാക്കയെ അടിക്കുകയും കാദറ്കാക്ക അനുജനെ വരിഞ്ഞു മുറക്കിയ കൈ വിടുകയും ചെയ്തു. ശേഷം അടിച്ചയാളുടെ ശരീരം തടവി നോക്കി. (ഇങ്ങനെയാണ് കാദറ്കാക്ക ആളെ തിരിച്ചറിയുന്നത്). അടിച്ചയാള്‍ മൂത്താപ്പയുടെ മകനും തറവാട്ടു വകയില്‍ ഏട്ടനുമായ ആളാണെന്ന് ബോദ്ധ്യമായി. ഈ ജ്യേഷ്ഠനോട്
കാദറ്കാക്കയ്ക്ക് വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. കാദറ്കാക്ക കരയാന്‍ തുടങ്ങി. കരയലെന്നു പറഞ്ഞുകൂടാ. ചങ്കുപൊട്ടിയുള്ള കരച്ചില്‍. തറവാട്ടു വകയിലുള്ള അനുജനാണെങ്കിലും സ്വന്തം മകനെപ്പോലെ സ്‌നേഹിക്കുന്ന കാദറ്കാക്കയെ ആ ജ്യേഷ്ഠന്‍ ആദ്യമായാണ് അടിക്കുന്നത്. അനുജന്റെ കരച്ചില്‍ കണ്ട് സഹിക്കവയ്യാതെ ജ്യേഷ്ഠനും കരഞ്ഞു. പിന്നീടതൊരു കൂട്ടക്കരച്ചിലായിമാറി. ഇക്കാര്യം വിവരിക്കുമ്പോള്‍ കുഞ്ഞാലിക്കയുടെ മകന്‍ കുന്നത്തൊടി മുഹമ്മദിന്റെ ശബ്ദം സങ്കടം കൊണ്ട് ഇടറിയിരുന്നു.
         നെല്ല് കുത്തും, വെള്ളം കോരും
  
കാദറ്കാക്ക വീട്ടിലെ ഒരുവിധം പണികളൊക്കെ ചെയ്യുമായിരുന്നു. പെണ്ണുങ്ങള്‍ നെല്ലു കുത്തുമ്പോള്‍
കാദറ്കാക്കയും അതില്‍ പങ്ക് ചേരും. നെല്ല്കുത്തുകാരിപ്പെണ്ണുങ്ങളെ വെല്ലുന്ന രീതിയില്‍ നെല്ല് കുത്തുകയും ചെയ്യും. കിണറ്റില്‍ നിന്ന് വെള്ളം കോരിക്കൊണ്ടുവരും. വൈക്കോല്‍ ഉണ്ടയില്‍ നിന്ന് വൈക്കോലെടുത്ത് കന്നുകള്‍ക്ക് നല്‍കും. ഇങ്ങനെ മിക്ക വീട്ടുജോലികളും കാദറ്കാക്ക ചെയ്തിരുന്നു.
      പുതിയ കുപ്പായം വേണമെങ്കിലും തുണി വേണമെങ്കിലും ആംഗ്യത്തിലൂടെ അറിയിക്കും. മുണ്ടുപറമ്പിലെ മിക്ക വ്യക്തികളെയും അറിയാമായിരുന്നു. അവരെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നതും ആംഗ്യ ഭാഷ തന്നെ. ചായ ആറ്റുന്നതും പപ്പടം പരത്തുന്നതും തയ്യല്‍ മെഷീന്‍ ചവിട്ടുന്നതും സാധനസാമഗ്രികള്‍ പൊതിയുന്നതുമൊക്കെ ആംഗ്യത്തിലൂടെ കാണിച്ചാണ് ഇക്കാര്യം അറിയിക്കുക.
    പോലീസിന്റെ കാര്യം പോലും
കാദറ്കാക്കയ്ക്ക് അറിയാമായിരുന്നു. കൈകള്‍ തലയ്ക്കിരുവശവും വെച്ചു കാണിക്കും. (മുമ്പ് പോലീസുകാരുടെ തൊപ്പിയില്‍ മരംകൊത്തിയുടെ തല പോലെയുള്ള രണ്ട് മുനകളുണ്ടായിരുന്നു). ഒരു കയ്യിനുമേലെ മറ്റേ കൈ x ആകൃതിയില്‍ വെച്ച് കാണിച്ചാല്‍ ആളെ അറസ്റ്റ് ചെയ്ത് കയ്യാമം വെച്ചു എന്ന് മനസ്സിലാക്കാം. മറ്റുള്ളവര്‍
കാദറ്കാക്കയെ വിവരമറിയിക്കുന്നതും കൈകളും കൈവിരലുകളും പിടിച്ച് പ്രത്യേക ആംഗ്യ സൂചനകള്‍ നല്‍കിയാണ്.
                  നോമ്പും കുളിയും
    ദിനചര്യകളൊക്കെ ചെയ്യും. കുളിക്കാന്‍ പലപ്പോഴും പുഴയില്‍ പോകാറുണ്ട്. കുളത്തിലും (തൊണ്ടിയില്‍ക്കുളം) പോകും. നിസ്‌കാരം അതേപടി ചെയ്യാനറിയില്ല. എങ്കിലും തന്റേതായ രീതിയില്‍
കാദറ്കാക്ക നിസ്‌ക്കരിക്കുകയും ചെയ്തിരുന്നു. വീട്ടിലെ ഒരുക്കങ്ങള്‍ 'കണ്ടാല്‍' നോമ്പുകാലമടുത്തെന്ന് കാദറ്കാക്ക മനസ്സിലാക്കും. ആദ്യമൊക്കെ എല്ലാ നോമ്പുകളും നോല്‍ക്കുമായിരുന്നു. ഒരുതവണ ഏതോ തെറ്റിദ്ധാരണയില്‍ രണ്ട് ദിവസം മുമ്പ് തന്നെ നോമ്പ് നോറ്റുതുടങ്ങിയ കാര്യം അനുജന്റെ മകന്‍ അലവിക്കുട്ടി പറയുകയുണ്ടായി.
      പണം എണ്ണി കണക്കാക്കാനും അറിയും. 10 രൂപയുടെ നോട്ട് കയ്യില്‍ കൊടുത്താല്‍ അത് തപ്പിനോക്കി പത്ത് രൂപയാണെന്ന് വിരലുകള്‍ കൊണ്ട് ആംഗ്യം കാണിച്ച് അറിയിക്കും. നോമ്പ് കാലം തുടങ്ങുന്നത് അറിയുന്നതുപോലെ കൊയ്ത്തു കാലം തുടങ്ങുന്നതും അറിയാമായിരുന്നു. കൊയ്ത്ത് നീണ്ടാല്‍, നെല്ലിന്‍കറ്റ 'കാണാതി'രുന്നാല്‍
കാദറ്കാക്ക ബഹളം കൂട്ടും.
       1975ല്‍ 18 കോല്‍ ആഴമുള്ള കിണറ്റിലേക്ക് വീണു. ഊരയ്ക്ക് കാര്യമായ പരിക്കുപറ്റി. അതിനുശേഷം യാത്ര കുറച്ചു. ഇപ്പോള്‍ അധികം ദൂരമൊന്നും പോകാറില്ല. എങ്കിലും അങ്ങാടിയില്‍ പോകാറുണ്ട്. മുണ്ടുപറമ്പ് കയറ്റത്തിലുള്ള ആലിയുടെ കടവരെ ഇപ്പോഴും പോകാറുണ്ട്.
  
കാദറ്കാക്കയ്ക്ക് വികലാംഗ പെന്‍ഷനുണ്ട്. ഇത് പോസ്റ്റോഫീസില്‍ പോയി എണ്ണിക്കണക്കാക്കി വാങ്ങുന്നതും
കാദറ്കാക്ക തന്നെ. അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആംഗ്യത്തിലൂടെ അറിയിക്കും. ഗ്ലൂക്കോസ് കുത്തിവെക്കാനായി സൂചി കയറ്റുന്നത് ആംഗ്യത്തിലൂടെ കാണിച്ചാണ് ഇക്കാര്യം അറിയിക്കുക.

      റേഷന്‍കാര്‍ഡ് പ്രകാരം
കാദറ്കാക്കയ്ക്ക് 84 വയസ്സ്. പക്ഷേ, 'മുണ്ടുപറമ്പുകാരുടെ സ്വന്തം കാദറ്കാക്കയ്ക്ക്' ഇതിലേറെ പ്രായമുണ്ടെന്നാണ് കാദറ്കാക്കയെ അടുത്തറിയുന്നവരായ ചിലര്‍ പറഞ്ഞത്.
     (2004 ല്‍, മുണ്ടുപറമ്പ് എ.എം.യു.പി.സ്‌കൂളിന്റെ പ്‌ളാറ്റിനം ജൂബിലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച സ്മരണിക(പടവുകള്‍)യില്‍
മുണ്ടുപറമ്പുകാരനായ
ഞാന്‍ എഴുതിയ പരിചയക്കുറിപ്പാണിത്. മുണ്ടുപറമ്പുകാരുടെ സ്വന്തം കാദറ്കാക്ക 29.07.2005 ന് മുണ്ടുപറമ്പുകാരില്‍ നിന്ന് എന്നെന്നേക്കുമായി യാത്ര പറഞ്ഞ് പോയി. മുണ്ടുപറമ്പുകാരുടെ സ്വന്തം കാദറ്കാക്കയുടെ പാവന സ്മരണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ!)
.....................

15 comments:

ശങ്കരനാരായണന്‍ മലപ്പുറം said...

ഇത്തവണ ഒരു പരിചയപ്പെടുത്തലാണ്. മുണ്ടുപറമ്പുകാരുടെ സ്വന്തമായിരുന്ന കാദറ്കാക്കയെക്കുറിച്ച്. കാദറ്കാക്ക ഇന്ന് നമ്മോടൊപ്പമില്ല. ഈ പോസ്റ്റ് കാദറ്കാക്കയുടെ പാവന സ്മരണയ്ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു.

പൈമ said...

പാവനസ്മരണയുടെ ഓര്‍മയില്‍ ഞാനും കൂട്ട് ചേരുന്നു ..

വീകെ said...

ഇങ്ങനെയുള്ളവരെ പരിചയപ്പെടുത്താൻ ആരും മെനക്കെടാറില്ല.അവരെ എന്തെങ്കിലും കാര്യത്തിന് പരിഗണിക്കുകപോലുമില്ല.
ഈ പരിചയപ്പെടുത്തലിന് നന്ദി.

ശ്രീനാഥന്‍ said...

ഇതുപോലൊരു കാദറുകാക്കയെ ഇങ്ങനെ താങ്കൾ പരിചയപ്പെടുത്തിയതിൽ സന്തോഷം. ആദരാഞ്ജലികൾ!

Cv Thankappan said...

അന്ധനും,മൂകനും,ബധിരനുമായി
സാധാരണരില്‍ സാധാരണക്കാരനായി
ജീവിച്ച് മണ്‍മറഞ്ഞുപോയ ഒരു വ്യക്തിയെ കുറിച്ച് അനുസ്മരിക്കുക
എന്നത് മനുഷ്യസ്നേഹത്തിന്റെ
ഉത്തമോദാഹരണമാണ്.ഞാന്‍ താങ്കളെ ആദരിക്കുന്നു.
കാദര്‍ക്കായ്ക്ക് ആദരാജ്ഞലികള്‍.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കാദര്‍ക്കയുടെ ജീവിതം മനസ്സില്‍ പതിഞ്ഞ കണ്ണ് നനയിച്ച ആഖ്യാനം. വളരെ നല്ല അവതരണം.

ശങ്കരനാരായണന്‍ മലപ്പുറം said...

ആദരവിന്റെയൊന്നും ആവശ്യമില്ല ശ്രീ:തങ്കപ്പന്‍. ഞാന്‍ കുട്ടിക്കാലം തൊട്ടേ കണ്ട വ്യക്തിയാണ്. പിന്നെ, പരിചയക്കുറിപ്പില്‍ പരാമര്‍ശിച്ച എാതാണ്ടെല്ലാ വ്യക്തികളെയും ഞാനറിയും. കാദര്‍ക്കയെ അടിച്ച കാര്യം വിവരിച്ച ആളുടെ കണ്ണ് നനഞ്ഞത് ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണ് ഇപ്പോഴും നനയാറുണ്ട്. ഞാന്‍ കണ്ടറിഞ്ഞ കാദര്‍ക്കയെ നിങ്ങളൊക്കെ കേട്ടറിഞ്ഞിട്ടേയുള്ളൂ. പക്ഷേ, മുണ്ടുപറമ്പുകാരുടെ സ്വന്തം കാദര്‍ക്കയെ നിങ്ങളും സ്വീകരിച്ചു. ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അതില്‍ നന്ദിയുണ്ട്.

കൊമ്പന്‍ said...

കണ്ണ് നനയിച്ച കാഴ്ച
അതാണീ പരിജയപെടുത്തല്‍

പട്ടേപ്പാടം റാംജി said...

നമ്മള്‍ വളരെ നന്നായി അറിയും എന്ന് പറയുമ്പോഴും ഇത്രയും സൂക്ഷ്മമായി അറിയുന്നത് വളരെ കുറച്ചുപേര്‍ മാത്രം. കാദര്‍കാക്കയുടെ ചുരുക്കം വിവരങ്ങള്‍ അറിഞ്ഞപ്പോഴും അറിയാതെ ആ വ്യക്തിയെ അറിഞ്ഞത് പോലെ അനുഭവപ്പെട്ടു.

അഷ്‌റഫ്‌ സല്‍വ said...

veritta oru parichayppeduthal. anusmaranam..
thankalude valiya manssinu munnil
onnum prayan arhanalla

ashamsakal

Lipi Ranju said...

റാംജി പറഞ്ഞപോലെ, നന്നായി അറിയും എന്ന് പറഞ്ഞാലും ഇങ്ങനെ മനസുകൊണ്ടറിയുന്നവര്‍ ചുരുക്കം.. ആ സ്മരണയ്ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ ...

ഷാജി പരപ്പനാടൻ said...

Good article

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ഖാദർ കാക്കാക്ക് ആദരാജ്ഞലികൾ..!!

ഒരു കുഞ്ഞുമയിൽപീലി said...

നല്ല അവതരണം ഇഷ്ടമായി ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

Villagemaan/വില്ലേജ്മാന്‍ said...

സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാളെ പറ്റി ഇങ്ങനെ ഒരു ഓര്‍മ്മക്കുറിപ്പ്‌ എഴുതിയതിനു അഭിനന്ദനങ്ങള്‍ .