പണ്ഡിറ്റ് കെ.പി. കറുപ്പനും പുലയരുടെ കായല്‍ സമ്മേളനവും
അകം മാസിക, 2014 ഡിസംബര്‍
പണ്ഡിറ്റ് കെ.പി. കറുപ്പന്
പിന്നാക്ക ജാതിക്കാരായ ഈഴവര്‍ക്കും മറ്റും അക്ഷരം പഠിക്കാന്‍
തിരുവിതാംകൂര്‍ ഭരണകൂടം അനുവദിച്ചിരുന്നില്ല. ഏറെ പ്രക്ഷോഭങ്ങള്‍ക്കു ശേഷം
ഈഴവര്‍ക്ക് അക്ഷരം പഠിക്കാന്‍ അനുമതി കിട്ടി. അപ്പോഴും പുലയര്‍ക്കും മറ്റും അക്ഷരം
പഠിക്കാനുള്ള അവകാശമുണ്ടായിരുന്നില്ല. പിന്നീട് (1910 ല്‍)ഇക്കൂട്ടര്‍ക്കും അക്ഷരം
പഠിക്കാന്‍ അനുവാദം നല്കി. മനുഷ്യ സ്നേഹിയായിരുന്ന ദിവാന് രാജഗോപാലാചാരിയാണ്
ഇതിനായുള്ള ഉത്തരവിറക്കിയത്. എന്നാല്‍ ഇത് ഈഴവര്‍ക്ക് പൊതുവെ പിടിച്ചില്ല. അക്ഷരം
പഠിക്കാനെത്തിയ പുലയക്കുട്ടികളെ സവര്‍ണര്‍ അക്രമിച്ചു. പുലയക്കുടിലുകള്‍ക്ക്
തീയിട്ടു. ഈ അക്രമികളോടൊപ്പം ഈഴവരും ചേര്‍ന്നു. ഇത്തരമൊരു വിഷയത്തില്‍ ശ്രീനാരായണ
ഗുരു ഇടപെടുകയും ഈഴവ പ്രമാണിമാരെ താക്കീതു ചെയ്യുകയും ചെയ്തിട്ടുണ്ട്. ശിവഗിരി
ആശ്രമത്തില്‍ ശ്രീനാരായണ ഗുരു പുലയ/പറയ കുട്ടികളെ എടുത്തു വളര്‍ത്തിയിരുന്നു.
ഉച്ചയ്ക്ക് ഭക്ഷണം വിളമ്പുമ്പോള്‍ ഗുരു പറയുമായിരുന്നു, ഈ കറിയുണ്ടാക്കിയത്
പറയക്കുട്ടിയാണ്; ഈ കറി വിളമ്പുന്നത് പുലയക്കുട്ടിയാണ് എന്നും മറ്റും. ഗുരു
ബോധപൂര്‍വ്വം തന്നെയായിരുന്നു ഇങ്ങനെ ജാതി പറഞ്ഞിരുന്നത്. ഈഴവര്‍ ജാതിപരമായി
പീഡനങ്ങള്‍ അനുഭവിച്ചിരുന്നവരാണെങ്കിലും ഈഴവര്‍ പുലയരോടും മറ്റും പീഡന
മനോഭാവംതന്നെയാണ് കാണിച്ചിരുന്നത്. ശ്രീനാരായണ ഗുരുവിന്റെ 'ശിഷ്യന്മാര്'ആയി വരുന്ന
പലരുടെയും മനോഭാവം ഇതുതന്നെയായിരുന്നു. ഒരു നായര്‍ക്ക് ഈഴവനോടുള്ള
അയിത്തത്തേക്കാള്‍ കൂടുതല്‍ അയിത്തം ഈഴവര്‍ പുലയരോടും മറ്റും കാണിച്ചിരുന്നു.
(ഈഴവ/തിയ്യ വിഭാഗത്തിലെ ബഹുഭൂരിപക്ഷത്തിനും ഇന്നും ദലിത് വിരുദ്ധ
മനസ്സുതന്നെയാണുള്ളത്). അവിടെ വരുന്ന ഈഴവ പ്രമാണിമാരുടെയും എസ്.എന്‍.ഡി.പി.
നേതാക്കന്മാരുടെയും മനസ്സില്‍ കുടികൊണ്ടിരുന്ന ജാതി കളയാനായിരുന്നു ഗുരു ഇങ്ങനെ
പറഞ്ഞത്. തങ്ങളെക്കാള്‍ താഴ്ന്ന പടിയില്‍ നില്‍ക്കുന്നവരോടാണ് ആദ്യം
ഐക്യപ്പെടേണ്ടതെന്നാണ് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ അമരക്കാരനും സാമൂഹിക
വിപ്ളവകാരിയും യുക്തി ചിന്തകനുമായിരുന്ന സഹോദരനയ്യപ്പനും പറഞ്ഞിട്ടുള്ളത്.
ഇതുകൊണ്ടുതന്നെ നായരീഴവ ഐക്യമെന്നത് ഗുരുധര്മ്മത്തിനെതിരാണ്. ഒരു സമുദായം എന്ന
നിലയില്‍ ഈഴവര്‍ ആദ്യം ഐക്യപ്പെടേണ്ടത് പുലയര്‍ തുടങ്ങിയ ദലിതരോടാണ്. ദലിതീഴവ
ഐക്യമാണ് ആദ്യം വേണ്ടത്; അതു വളര്‍ത്തി വികസിപ്പിച്ച് മാനവ ഐക്യവും. ദലിതരോടും
മറ്റു അവര്‍ണരോടും അയിത്ത മനോഭാവം കാണിക്കുന്ന ഹിന്ദുക്കളുടെ നിലപാടിനെ ഒരു
തരത്തിലെങ്കിലും ന്യായീകരിക്കാം. കാരണം, മനുഷ്യരില്‍ ഉയര്‍ച്ച-താഴ്ചകള്‍
കല്പിക്കുന്ന ഒരു അടിമ-ഉടമ വ്യവസ്ഥിതിയാണ് അവരില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ളതും
നൂറ്റാണ്ടുകളായി ഇവിടെ പ്രാവര്ത്തികമായിവരുന്നതും. എന്നാല്‍, ഈ ലോകത്തുള്ള
ജനങ്ങളെല്ലാം ആദം-ഹവ്വ ദമ്പതിമാരുടെ സന്തതിപരമ്പരകളാണെന്നു വിശ്വസിക്കുന്ന ഭൂരിഭാഗം
ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും കാര്യവും ഇങ്ങനെത്തന്നെ. അവര്‍ണരോടുള്ള
നിലപാടില്‍ ഹിന്ദു സവര്‍ണന്റെ നിലപാടുതന്നെയാണ് ഇക്കൂട്ടര്‍ക്കും പൊതുവെയുള്ളത്.
ഇതില്‍ ഒരു പവന്‍തൂക്കം മുന്നിലാണ് ക്രിസ്ത്യാനികള്‍. പ്രശസ്ത സാഹിത്യകാരനായിരുന്ന
കാക്കനാടന്പോലും താന്‍ ക്ഷത്രിയനാണെന്ന് പറഞ്ഞ് അഭിമാനംകൊണ്ടിരുന്നു എന്നതാണ്
അവസ്ഥയെങ്കില്‍ സാധാരണക്കാരായ ക്രിസ്ത്യാനികളുടെ അവസ്ഥയെന്താകും? താഴ്ന്ന ജാതി എന്ന
നിഷ്ഠൂര സങ്കല്പത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുകയും വിദ്യാഭ്യാസവും മറ്റു
മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുകയും അടിമകളെപ്പോലെ പണിയെടുക്കാന്‍
നിര്‍ബന്ധിതരാവുകയും ചെയ്ത ഒരു ജനവിഭാഗത്തിന്റെ മോചനമാര്‍ഗം തേടി ഹിന്ദുമതം
ഉപേക്ഷിച്ച് യോഹന്നാനായി മാറി പറയ സമുദായത്തില്‍ ജനിച്ച ഒരു വ്യക്തി. എന്നാല്‍
അവിടെ ചെന്നപ്പോള്‍, 'പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തളത്ത് പന്തം
കൊളുത്തിപ്പട' എന്ന അവസ്ഥയാണ് ആ വ്യക്തിക്ക് അനുഭവപ്പെട്ടത്. അദ്ദേഹം കഴുത്തിലിട്ട
കുരിശ് ഊരി വലിച്ചെറിഞ്ഞ് പിന്നീട് പൊയ്കയില്‍ കുമാരഗുരുദേവനായി മാറി. തന്റെ
പ്രാചീന ജനതയ്ക്കായി ഒരു സ്വന്തം സഭയുണ്ടാക്കി ഇദ്ദേഹം-പ്രത്യക്ഷ രക്ഷാ ദൈവ സഭ
(പി.ആര്‍ഡി.എസ്). ഇത്ര രൂക്ഷമല്ലെങ്കിലും മുസ്ലീങ്ങളായി അറിയപ്പെടുന്നവരുടെ
അവസ്ഥയും ഇങ്ങനെത്തന്നെ. സവര്‍ണരിലെ താഴ്ന്ന വിഭാഗമായ നായന്മാരുടെ ഏറെ അടുത്തും
അവര്‍ണരിലെ ഉയര്‍ന്ന വിഭാഗമായ ഈഴവ/തിയ്യരുടെ ഏറെ അകന്നും നില്ക്കുന്ന ഒരു പ്രതേ്യക
ജാതിവിഭാഗമാണ് വാസ്തവത്തില്‍ കേരളത്തിലെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും.
തങ്ങളേക്കാള്‍ സാമൂഹികമായി താഴ്ത്തപ്പെട്ടു കിടക്കുന്നവരോട് ഐക്യപ്പെടുകയാണ്
മാനവികതയില്‍ വിശ്വസിക്കുന്നവര്‍ ചെയ്യേണ്ടത്. ഇങ്ങനെയുള്ളവര്‍ അധികമുണ്ടാകില്ല.
ഇങ്ങനെയുള്ള രണ്ട് വ്യക്തികള്‍ ഈ ലേഖന വിഷയുമായി ബന്ധപ്പെട്ടുതന്നെയുണ്ട്.
അതിലൊരാളാണ് സവര്‍ണ ജാതിയില്‍ ജനിച്ച കൊച്ചിയിലെ ടി.കെ.കൃഷ്ണ മേനോന്. സവര്‍ണരുടെ
ജാതിവാദങ്ങള്ക്കെതിരെ അവര്‍ണരോടൊപ്പം നിന്ന് അവര്‍ക്കുവേണ്ടി വാദിച്ച മനുഷ്യ
സ്നേഹിയാണ് ടി.കെ.കൃഷ്ണ മേനോന്. മറ്റൊരു വ്യക്തി മുക്കുവ/ധീവര/വാല സമുദായത്തില്‍
ജനിച്ച പണ്ഡിറ്റ് കെ.പി. കറുപ്പന് തന്നെ. മുക്കുവ സമുദായക്കാര്‍ പുലയര്‍
അനുഭവിച്ചത്ര ജാതിപീഡനം അനുഭവിച്ചിട്ടില്ല. ജാതിയില്‍ പുലയരെക്കാള്‍
'മുന്തിയവര്‍'ആയിരുന്നു മുക്കുവര്‍. എന്നാല്‍, പണ്ഡിറ്റ് കെ.പി. കറുപ്പന് കൂടുതല്‍
പ്രവര്‍ത്തിച്ചത് പുലയര്‍ക്കും മറ്റും വേണ്ടിയായിരുന്നു. എറണാകുളം ജില്ലയിലെ
ചേരാനല്ലൂരില്‍ 1885 മെയ് 24 ന് കൊച്ചുപെണ്ണിന്റെയും അയ്യന് എന്ന
അത്തോപ്പൂജാരിയുടെയും മകനായി കറുപ്പന് ജനിച്ചു. കുട്ടിക്കാലത്തു തന്നെ സംസ്കൃതം
പഠിച്ചു. 1911-ല്‍ കൊച്ചി മത്സ്യ വകുപ്പില്‍ ഒരു ക്ളര്‍ക്കായി ജോലിയില്‍
പ്രവേശിച്ച കറുപ്പന് 1912-ല്‍ തൃശ്ശൂര്‍ ശിക്ഷാക്രമ പാഠശാലയില്‍ പണ്ഡിതനായി
നിയമിക്കപ്പെട്ടു. പിന്നീട് മറ്റു പല ജോലികളും ചെയ്ത കറുപ്പന് 1932-ല്‍ എറണാകുളം
മഹാരാജാസ് കോളേജില്‍ പണ്ഡിതനായി നിയമിക്കപ്പെട്ടു. ശേഷം മലയാളം വകുപ്പിന്റെ
സീനിയര്‍ പണ്ഡിതനാവുകയും ചെയ്തു. കൊച്ചിയില്‍ വളരെക്കാലം പണ്ഡിതന് എന്ന നിലയില്‍
ജോലി ചെയ്തതുകൊണ്ടും കൊച്ചി സര്‍ക്കാര്‍ വക സംസ്കൃത മലയാള പരീക്ഷകള്‍ ജയിക്കുകയും
ചെയ്തതുകൊണ്ടാണ് പണ്ഡിറ്റ് കറുപ്പന് എന്നു പേരുവന്നത്. 1924-ല്‍ കൊച്ചി
നിയമസഭയില്‍ അംഗമായി സേവനമനുഷ്ഠിച്ച പണ്ഡിറ്റ് കെ.പി.കറുപ്പന് 1938 മാര്‍ച്ച് 23
ന് സ്വഗൃഹമായ 'സാഹിത്യ കുടീര'ത്തില്‍ വച്ച് തന്റെ 53-ാം വയസ്സില്‍
അന്തരിച്ചു. കൈരളീ കൗതുകം, ജൂബിലി ഗാനം, കാളിയമര്‍ദ്ദനം ഓട്ടംതുള്ളല്‍, എഡേ്വഡ്
വിജയം, ശാകുന്തളം വഞ്ചിപ്പാട്ട്, ജാതിക്കുമ്മി, ഉദ്യാനവിരുന്ന്, ബാലാകലേശം നാടകം
തുടങ്ങി 18 കൃതികള്‍ കറുപ്പന് മാസ്റ്റര്‍ രചിച്ചിട്ടുണ്ട്. മഹാകവി
കുമാരനാശാനെപ്പോലെ സവര്‍ണ-മാടമ്പി വാഴ്ചയ്ക്കെതിരെ തൂലിക പടവാളാക്കിയ വിപ്ളവ
കവിയാണ് പണ്ഡിറ്റ് കെ.പി. കറുപ്പന്. മേല്‍ കൃതികളില്‍ ഉദ്യാനവിരുന്ന്, ബാലാകലേശം,
ജാതിക്കുമ്മി എന്നീ കൃതികള്‍ എടുത്തു പറയേണ്ടവയാണ്. മനുഷ്യരെല്ലാം ജന്മനാ
തുല്യരാണ്, അത് വിശ്വാസത്തിന്റെ പേരിലായാലും ശാസ്ത്രീയ ചിന്തയുടെ പേരിലായാലും.
ഇങ്ങനെയുള്ള മനുഷ്യര്‍ക്ക് ജന്മത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ച്ച താഴ്ചകള്‍
കല്‍പ്പിക്കുന്നത് ദൈവ വിശ്വാസത്തിനും ശാസ്ത്രീയ ചിന്തകള്‍ക്കും എതിരാണ്. ദൈവ
വിശ്വാസിയായിരുന്ന കവി ദൈവ വിശ്വാസത്തിലൂന്നിയാണ് ജാതിവാഴ്ചയ്ക്കെതിരെ അതി ശക്തമായ
ഭാഷയില്‍ തൂലിക ചലിപ്പിച്ചത്. ഇതിനായി എഴുത്തില്‍ പല പരീക്ഷണങ്ങളും ഇദ്ദേഹം നടത്തി.
ജാതിത്തെമ്മാടിത്തരങ്ങളെ നേരിട്ട് എതിര്‍ത്തുകൊണ്ട് എഴുതി. രാജഭരണത്തെ
സ്തുതിച്ചുകൊണ്ടുതന്നെ ആ രാജഭരണത്തില്‍ നടന്നിരുന്ന കടുത്ത ജാതിവിവേചനങ്ങളെ തുറന്നു
കാണിച്ച തന്ത്രംകൂടി ഈ വിപ്ളവ കവി എഴുത്തില്‍ സ്വീകരിക്കുകയുണ്ടായി. കൊച്ചി
രാജാവിന്റെ ഷഷ്ടി പൂര്ത്തിയാഘോഷത്തോടനുബന്ധിച്ച് 1912-ല്‍ നടത്തിയ നാടക
മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച കൃതിയാണ് ബാലാകലേശം എന്ന നാടകം. ഈ നാടകത്തില്‍
കൊച്ചി രാജ്യത്ത് നടമാടിയിരുന്ന കടുത്ത ജാതി വിവേചനങ്ങള്‍ കവി തുറന്നു
കാണിച്ചിട്ടുണ്ട്. കവി മുക്കുവ(വാല) സമുദായക്കാരനായതിനാല്‍,
'ബാലാകലേശ'ത്തെ'വാലാകലേശ'മെന്നും 'കറുപ്പന്റെ കവിതയില്‍ മത്സ്യഗന്ധം
അനുഭവപ്പെടുന്നു'എന്നും മറ്റും പറഞ്ഞ വ്യക്തിയാണ് സ്വദേശാഭിമാനി രാകകൃഷ്ണപ്പിള്ള.
ഇതു സംബന്ധിച്ച് വലിയൊരു വിവാദം കേരള സാഹിത്യ മണ്ഡലത്തില്‍ നടന്നിട്ടുണ്ട്.
സവര്‍ണപ്പട കവിയെ ജാതി പറഞ്ഞ് ആക്ഷേപിച്ചുകൊണ്ടിരുന്നപ്പോള്‍ മനുഷ്യനെ മനുഷ്യനായി
കാണാന്‍ സാധിച്ച, സവര്‍ണ ജാതിയില്‍ ജനിച്ച ഒരു മേനോന് ഈ 'വാലന്റെ'കൂടെ നിന്ന്
സവര്ണവാദങ്ങളെ ചോദ്യം ചെയ്തു. ഇതൊരു വലിയ സംവാദമായി മാറി. ഈ സംവാദം 'ബാലാകലേശ
വിവാദം'എന്ന പേരില്‍ കേരള സാഹിത്യ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
'വാല'നുവേണ്ടി രംഗത്തു വന്ന ഈ 'സവര്‍ണ'നാണ് നേരത്തെ പരാമര്‍ശിച്ച ടി.കെ.കൃഷ്ണ
മേനോന്. 1925-ല്‍ കൊച്ചി നിയമസഭയില്‍ ധീവര സമുദായത്തിന്റെ
പ്രതിനിധിയായിരിക്കുമ്പോള്‍ എഴുതിയ 'ഉദ്യാനവിരുന്ന്'അഥവാ 'ഒരു ധീവരന്റെ ആവലാതി'എന്ന
കൃതി ജാതിയുടെ പേരില്‍ സ്വയം അപമാനിക്കപ്പെട്ടതിനെതിരെയുള്ള പ്രതിഷേധം
രേഖപ്പെടുത്താനെഴുതിയ കൃതിയാണ്. കുമ്മിപ്പാട്ടുകളുടെ രൂപത്തില്‍,
ജാതിവാഴ്ചയ്ക്കെതിരെ അതിശക്തമായി പ്രതികരിക്കുന്ന 'ജാതിക്കുമ്മി'എന്ന കൃതിയാണ്
കവിയുടെ മാസ്റ്റര്‍പീസ് എന്നു പറയാവുന്നതാണ്. ഈ കൃതി പുലയര്‍ തുടങ്ങിയ അവര്‍ണ
സമുദായങ്ങള്‍ മന:പ്പാഠമാക്കുകയും സന്ധ്യാനാമമായി ചൊല്ലുകയും ചെയ്തിരുന്നു.
മനുഷ്യരെല്ലാം ഒരു ജാതിയെന്നു ആദ്യമേതന്നെ 'ജാതിക്കുമ്മി'വിളിച്ചു
പറയുന്നുണ്ട്. ഇക്കാണും ലോകങ്ങളീശ്വരന്റെ മക്കളാണെല്ലാമൊരു ജാതി നീക്കി
നിറുത്താമൊ സമസൃഷ്ടിയെ?ദൈവം നോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണെ-തീണ്ടല്
ധിക്കാരമല്ലയോ? ജ്ഞാനപ്പെണ്ണെ. ഈ തീണ്ടലും ജാതിവിവേചനവും ഇന്നാട്ടില്
മാത്രമേ ഉള്ളുവെന്നും ജപ്പാനിലും ബ്രിട്ടണിലും സിലോണിലും വൃത്തികെട്ട ഈ ഏര്‍പ്പാട്
ഇല്ലെന്നും കവി ഉറക്കെ ചോദിക്കുന്നത് നോക്കുക. ജപ്പാനിലെങ്ങാനും
തീണ്ടലുണ്ടോ? യാപ്പാണത്തുണ്ടോ
സിലോണിലുണ്ടോ? ഇപ്പാരിലെങ്ങുമിതുപോലെയജ്ഞാനം കേള്പ്പാനെയില്ലല്ലോ
യോഗപ്പെണ്ണെ-എന്തു കോപ്രായമാണിതു ജ്ഞാനപ്പെണ്ണെ. തീട്ടും തിന്നുന്ന
പട്ടിയെക്കാളും മറ്റു നാല്ക്കാലികളെക്കാളും മനുഷ്യരെ നികൃഷ്ട ജീവിയായി കാണുന്ന
ജാതി മനസ്സിന്റെ ഉടമകളെ കവി നല്ലപോലെ ചോദ്യം ചെയ്യുന്നുണ്ട്. നാല്ക്കാലികളെക്കാള്
നികൃഷ്ടരായി മനുഷ്യരെ കാണുന്നവര്‍ ഏതു ഗണത്തില്‍പ്പെട്ടവരാണെന്നും കവി
ചോദിക്കുന്നുണ്ട്. കാഷ്ഠം ഭുജിച്ചു നടന്നിടുന്ന പട്ടിക്കു ചാരെ
നടന്നുകൊള്ളാം കഷ്ടം! മനുഷ്യര്‍ക്കു പാടില്ലയെന്നുള്ള ചട്ടം നിറുത്തണ്ടേ
യോഗപ്പെണ്ണെ-നിങ്ങള്‍ ശിഷ്ടന്മാരല്ലയോ
ജ്ഞാനപ്പെണ്ണെ. ...................... മാടിനെകണ്ടാലരികിലേക്കു മാടിവിളിച്ചു
നമസ്കരിക്കും ഓടിക്കും മനുജാതി നികരത്തെ
പാര്‍ശ്വത്തില്‍- കൂടിപ്പോയാലപ്പോള്‍ യോഗപ്പെണ്ണെ-ഏതൊ- രേട്ടില്
കണ്ടീച്ചട്ടം ജ്ഞാനപ്പെണ്ണെ. ...................... നാല്ക്കാലികളിലും
താഴെയാണോ? ഇക്കാണും മാനുഷ സോദരന്മാര്! ഇക്കാലത്തിരുപതാം
നൂറ്റാണ്ടിലിതുമിതു- നീക്കാറായില്ലല്ലോ യോഗപ്പെണ്ണെ-എന്തൊ- രാള്‍ക്കാരാണു
നിങ്ങള്‍ ജ്ഞാനപ്പെണ്ണെ. വെള്ളത്തില്‍ മുങ്ങിച്ചാകാന്‍ തുടങ്ങുന്ന സമയത്തുകൂടി
ബ്രാഹ്മണന് ജാതിരാക്ഷസനെ പിടിവിടാന്‍ തയ്യാറാകാത്ത കാര്യം ഒരു രസികന്‍
കഥയില്‍ക്കൂടി കവി വെളിപ്പെടുത്തുന്നുണ്ട്. ചിരിക്കാനും ചിന്തിക്കാനും പറ്റുന്ന
കാര്യമാണ് ഈ കഥയിലുള്ളത്. ഒരു നായരും നമ്പൂതിരിയും തോണിയില്‍ യാത്ര ചെയ്യുകയാണ്.
കാറ്റും മഴയും വന്ന് തോണി മുങ്ങി. രണ്ടാളും തോണിയില്‍നിന്ന് വീണ് വെള്ളം
കുടിക്കാന്‍ തുടങ്ങി. അപ്പോള്‍ നമ്പൂതിരി നായര്‍ക്ക് കൈകൊണ്ട് ഒരാംഗ്യം
കാണിച്ചുകൊടുത്തു. എന്തിനായിരുവെന്നോ? വിലക്കിക്കൈ
ചുറ്റിച്ചതിന്റെയര്‍ത്ഥം കലക്കിക്കുടിക്കുവാനാണു പോലും! നിലയില്ലാത്തപ്പോഴും
ജാതിഭേദം ചൊല്ലി കലഹിച്ചുപോയല്ലോ യോഗപ്പെണ്ണെ-എന്തു- വിലയില്ലാത്താചാരം
ജ്ഞാനപ്പെണ്ണെ. 'ഭൂമിയിലെ ദേവനായ' താന്‍ തെളിവെള്ളം കുടിക്കുമ്പോള്‍ ശൂദ്രനായി
കണക്കാക്കുന്ന നായര്‍ അത് കുടിച്ചുകൂടല്ലോ. അതുകൊണ്ട് വെള്ളം കലക്കി കുടിക്കാനാണ്
നമ്പൂതിരി ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടത്! 'തൈലാദി വസ്തക്കളശുദ്ധമായാല്
പൗലോസിനെക്കൊണ്ടു തൊടീച്ചെടുക്കാം'എന്നൊരവസ്ഥയുണ്ടായിരുന്നു കേരളത്തില്‍. അതായത്
ഹിന്ദുക്കളായി കണക്കാക്കുന്ന തിയ്യനോ പുലയനോ മറ്റു അവര്ണനോ തൊട്ടാല്‍
അശുദ്ധമാകുന്ന വസ്തു ഇക്കൂട്ടരില്‍നിന്നു മതം മാറിയ ക്രിസ്ത്യാനി തൊട്ടാല്‍
ശുദ്ധമാകുമെന്ന അവസ്ഥ! മനുഷ്യരുടെ അവസ്ഥയും ഇതുതന്നെയായിരുന്നു. പറങ്ങോടന്
പൗലോസായാല് (പരീതായാലും) മാന്യനാവുകയും അശുദ്ധി മാറി ശുദ്ധനാവുകയും ചെയ്യുന്ന
അവസ്ഥയുണ്ടായിരുന്നു നാട്ടില്‍. മഹാത്മാ ഗാന്ധിയുടെ ജീവിതത്തില്‍ത്തന്നെ ഇങ്ങനെ
സംഭവിച്ചിട്ടുണ്ട്. സ്കൂളില്‍ ഏതെങ്കിലും താഴ്ന്ന ജാതിക്കാരന്റെ സ്പര്‍ശനം
ഏല്‍ക്കേണ്ടി വന്നാല്‍ ഉടനെപ്പോയി ഒരു മുസല്‍മാനെ തൊട്ട് ദേഹശുദ്ധി വരുത്തണമെന്ന്
ഗാന്ധിജിയോട് മാതാപിതാക്കള്‍ ഉപദേശിച്ചിരുന്നു. അവരോടുള്ള ബഹുമാനത്താല്‍ താന്‍
പലപ്പോഴും അങ്ങനെ ചെയ്തിട്ടുണ്ടെന്ന് ഗാന്ധിജി 1921 ല്‍ അഹമദാബാദില്‍ പ്രസംഗിച്ച
കാര്യം ഡോ.ബി.ആര്.അംബേദ്കര്‍ എഴുതിയിട്ടുണ്ട്. ഈ വിഷയത്തെ പരാമര്‍ശിച്ച് കവി
ജാതിക്കുമ്മിയില്‍ പാടുന്നത് നോക്കുക. അന്ത്യജനായ പറയന്‍പോലും
'വെന്തീഞ്ഞ'യിട്ടു വരുന്ന നേരം എന്തേ വിലക്കാത്തു വെന്തീഞ്ഞ
മാഹാത്മ്യം ചിന്തിച്ചിട്ടാകയോ യോഗപ്പെണ്ണെ-എന്തൊ- രന്ധവിശ്വാസങ്ങള്‍
ജ്ഞാനപ്പെണ്ണെ. ....................... വാരണാസി കണ്ട വാലനെയും ചാരേ
നടന്നാലടിച്ചോടിക്കും നേരേ വരാപ്പുഴ പള്ളിയില്‍ പോയോനെ- യാരും തടുക്കില്ല
യോഗപ്പെണ്ണെ-ഏതില്‍- ചേരുമീ ന്യായങ്ങള്‍
ജ്ഞാനപ്പെണ്ണെ. ....................... രാമായണങ്ങള്‍ പഠിച്ച
തീയ്യന് രാമനാര്‍ക്കു വഴി മാറിടേണം തോമനായാലവന്‍
വഴിമാറിച്ചാകേണ്ട കേമനായിപ്പോയി യോഗപ്പെണ്ണെ!-നോക്ക- റോമാ മഹാത്മ്യങ്ങള്‍
ജ്ഞാനപ്പെണ്ണെ. 1924 ല്‍ കൊച്ചി നിയമസഭയില്‍ അംഗമായ കറുപ്പന് മാസ്റ്റര്‍ക്ക്
രണ്ടാമതൊരവസരം നല്കാന് തീരുമാനിച്ചപ്പോള്‍ അദ്ദേഹം അത് നിരസിച്ച് പുലയ
സമുദായക്കാരനായ പി.സി.ചാഞ്ചന് നല്കാന് അഭ്യര്‍ത്ഥിച്ചു. അങ്ങനെയാണ് കൊച്ചി
നിയമസഭയില്‍ ആദ്യമായി ഒരു പട്ടികജാതിക്കാരന് നിയമനസഭാ അംഗമായത്. തങ്ങളെക്കാള്‍
കഷ്ടപ്പെടുന്ന ജാതിക്കാരോട് കറുപ്പന് മാസ്റ്റര്‍ക്ക് ഏറെ ദയയും സ്നേഹവും
വാത്സല്യവും ഉണ്ടായിരുന്നു എന്നതിന്റെ ഒന്നാംതരം തെളിവാണിത്. ഏതാനും
മാസങ്ങള്‍ക്കു മുമ്പ് നരേന്ദ്ര മോദി കൊച്ചിയില്‍ കേരള പുലയ മഹാസഭ സംഘടിപ്പിച്ച
കായല്‍ സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയുണ്ടായല്ലോ. ഇന്നാട്ടിലെ
പുലയരും മറ്റും അനുഭവിച്ച ജാതിപീഡനങ്ങളുടെ വലിയൊരു കഥ പറയാനുണ്ട് പണ്ട് നടന്ന ഈ
കായല്‍ സമ്മേളനത്തിന്. പുലയര്‍ക്കും മറ്റും പൊതുവഴി നടക്കാനോ അക്ഷരം പഠിക്കാനോ
ചന്തകളിലേക്ക് പോകാനോ കൂട്ടം കൂടുവാനോ അവകാശമുണ്ടായിരുന്നില്ല. കരയില്‍ ഇതു
പാടില്ലെങ്കില്‍ കായലില്‍വെച്ചാകാമെന്ന് ഒരു കൂട്ടര് തീരുമാനിച്ചു. കായലില്‍
വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതില്‍ യോഗം ചേരാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെയാണ്
കൊച്ചിയില്‍ പുലയര്‍ കായല്‍ സമ്മേളനം നടത്തി കേരളീയ സാമൂഹിക വിപ്ളവ ചരിത്രത്തിന്റെ
ഭാഗമായി മാറിയത്. ഇതിന്റെ സംഘാടകരില്‍ പ്രധാനിയായിരുന്നു കറുപ്പന് മാസ്റ്റര്‍.
പുലയരല്ലാതെ രണ്ടുപേര്‍ മാത്രമാണ് കായല്‍ സമ്മേളനത്തില്‍ പങ്കെടുത്തത്. അതിലൊരാള്‍
പണ്ഡിറ്റ് കെ.പി.കറുപ്പനാണ്. മറ്റൊരാള്‍ നേരത്തെ സൂചിപ്പിച്ച ടി.കെ.കൃഷ്ണ മേനോനും.
കായല്‍ സമ്മേളനത്തിന്റെ ചരിത്രം പഠിച്ചാല്‍, ആ സമ്മേളനം നടന്ന കാലത്ത്
ഇവിടുത്തെ പുലയരടക്കമുള്ള അവര്‍ണ ജനവിഭാഗം അന്നത്തെ സവര്‍ണ ഭീകര
ഭരണകൂടത്തില്‍നിന്ന് എത്രമാത്രം പീഡനങ്ങള്‍ അനുഭവിച്ചിരുന്നുവെന്ന് മനസ്സിലാകും.
ഇങ്ങനെയുള്ളൊരു സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷമാണ് ബി.ജെ.പി. നേതാവുകൂടിയായ നരേന്ദ്ര
മോദി ഉദ്ഘാടനം ചെയ്തത്! അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി ഇന്ന്
ഇന്ത്യന്‍ പ്രധാനമന്ത്രിയായി. ജാതി വിവേചനം തെല്ലെങ്കിലും പരിഹരിക്കാനായി ഇന്ത്യന്‍
ഭരണഘടനയില്‍ സംവരണത്തിനുള്ള വകുപ്പ് എഴുതിച്ചേര്‍ത്ത ഡോ.ബി.ആര്.അംബേദ്കറെ തരം
കിട്ടുമ്പോഴൊക്കെ മോശമായി ചിത്രീകരിക്കുകയും ശത്രുപക്ഷത്തു നിര്‍ത്തുകയും ചെയ്യുന്ന
മുരളീ മനോഹര്‍ ജോഷി, സുഷ്മാ സ്വരാജ്, അരുണ്‍ ഷൂരി, സി.പി.ഠാക്കൂര്‍ തുടങ്ങിയ വലിയ
സവര്‍ണ രാഷ്ട്രീയപ്പടയുടെ ആരവങ്ങളെ തടുക്കാന്‍, കായല്‍ സമ്മേളനത്തില്‍
ഡോ.ബി.ആര്.അംബേദ്കറെ വാഴ്ത്തി സംസാരിക്കുകയും 'ആരു തീരുമാനിച്ചാലും പിന്നാക്ക
വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ല' എന്നും
പ്രഖ്യാപിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒറ്റപ്പെട്ട നേര്‍ത്ത
ശബ്ദത്തിന് സാധിക്കുമോ?
3 comments:
നവോത്ഥാനനായകന്മാര്.
അവര്‍ പൊരുതി നേടിയ മുന്നേറ്റമൊക്കെ ഇപ്പോള്‍ പിന്തിരിഞ്ഞ് നടക്കുന്നതാണ് കാണുന്നത്!
എപ്പോഴും എപ്പോഴും അവനവനുമാത്രം പണവും,പേരും,പെരുമയും വരുത്തേണമേ!
ആശംസകള്‍
നന്നായി എഴുതിയിരിക്കുന്നു......
Post a Comment