My Blog List

Friday, September 17, 2010

ഗുരുദേവ് എക്‌സ്പ്രസ്സും സവര്‍ണ യുക്തിവാദവും

ചിത്രകാരന്റെ ബ്‌ളോഗന വായിച്ചു. ലേഖകന്റെ അഭിപ്രായങ്ങള്‍ ശരി തന്നെ. പക്ഷേ, തെറി പറയാതെ തന്നെ കാര്യം പറയാന്‍ സാധിക്കും എന്ന അഭിപ്രായം എനിക്കുണ്ട്. ജാതിയും ജാതിമൂലമുള്ള ഉയര്‍ച്ച-താഴ്ചകളും സമൂഹത്തില്‍ നിലനില്‍ക്കുമ്പോള്‍ അതു കണ്ടില്ലെന്ന് നടിച്ച് ജാതി വിരോധം വിളമ്പുന്നതാണ് യഥാര്‍ത്ഥ ജാതിവാദം. പണ്ട് ജാതിയുണ്ടെന്ന് പറഞ്ഞ് മനുഷ്യര്‍ക്ക് ഉയര്‍ച്ച-താഴ്ചകള്‍ കല്‍പ്പിച്ചവരുടെ പിന്‍ തലമുറക്കാരിന്ന് ജാതിയില്ലെന്ന് പറഞ്ഞ് പണ്ടത്തെ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും സെന്‍സസ് റിപ്പോര്‍ട്ടുകളില്‍ നിന്നുമല്ല ജാതി ഒഴിവാക്കേണ്ടത്; മനസ്സുകളില്‍ നിന്നാണ് ജാതി ഒഴിവാക്കേണ്ടത്. സര്‍ട്ടഫിക്കറ്റുകളിലെ ജാതി കടിക്കുകയില്ല. മനസ്സിലെ ജാതിയാണ് കടിച്ചു കുടയുക! ഇപ്പോള്‍ ജാതി പറയുകയും ചോദിക്കുകയും ചെയ്യാതിരുന്നാല്‍ അതിന്റെ ഗുണം ലഭിക്കുന്നത് സവര്‍ണര്‍ക്കാണ്. ഈ 'സത്യം' തിരിച്ചറിഞ്ഞവര്‍ പല വേഷങ്ങളിലുമിന്ന് രംഗത്തുണ്ട്. ഇതിലൊരു വേഷമാണ് യുക്തിവാദ വേഷം. വളരെ കുറച്ചു പേരേ ഉള്ളുവെങ്കിലും മാനവികതയില്‍ വിശ്വസിക്കുന്ന യുക്തിവാദികളും കൂട്ടത്തിലുണ്ട് കെട്ടോ.
സവര്‍ണ യുക്തിവാദത്തെ തുറന്നു കാണിച്ച് ഞാന്‍ മുമ്പ് ലേഖനങ്ങളും കുറിപ്പുകളും എഴുതിയിട്ടുണ്ട്. 07.09.2001 ല്‍ 'മാധ്യമ'ത്തില്‍ എഴുതിയ ഒരു കുറിപ്പ് താഴെ കൊടുക്കുന്നു.

ഗുരുദേവ് എക്‌സ്പ്രസ്സും സവര്‍ണ യുക്തിവാദവും
ശങ്കരനാരായണന്‍ മലപ്പുറം
'ഒരുജാതി; ഒരു മതം; ഒരു ദൈവം മനുഷ്യന്' എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന് ഏറെ ഇഷ്ടപ്പെട്ട ശിഷ്യനായിരുന്നു, 'ജാതി വേണ്ട; മതം വേണ്ട; ദൈവം വേണ്ട' എന്നു പറയുകയും കേരളത്തില്‍ യുക്തിവാദ പ്രസ്ഥാനത്തിന് തിരി കൊളുത്തുകയും ചെയ്ത സഹോദരനയ്യപ്പന്‍. 'ദൈവം വേണ്ട' എന്നു പറഞ്ഞ സഹോരനയ്യപ്പനെക്കുറിച്ച് മാത്രമേ ഇന്നത്തെ യുക്തിവാദികള്‍ക്ക് അറിയുകയുള്ളൂ. 'ജാതി ചോദിക്കരുത്; പറയരുത്; ചിന്തിക്കരുത്' എന്ന ഗുരു വചനത്തിന് 'വിരുദ്ധ'മായി 'ജാതി ചോദിക്കണം; പറയണം; ചിന്തിക്കണം'എന്നു പറഞ്ഞ സഹോദരനയ്യപ്പനെ ഉള്‍ക്കൊള്ളാന്‍ ആധുനിക യുക്തിവാദികള്‍ക്കു സാധിക്കുകയില്ല. എന്തെന്നാല്‍ മറ്റു പല പുരോഗമന-വിപ്‌ളവ പ്രസ്ഥാനങ്ങളുമെന്നപോലെത്തന്നെ കേരള യുക്തിവാദി സംഘവും സവര്‍ണവല്‍ക്കരിക്കപ്പെട്ട പ്രസ്ഥാനമായി മാറിയിരിക്കുന്നു.
ഹൗറ-നാഗര്‍കോവില്‍ എക്‌സ്പ്രസിന് 'ഗുരുദേവ് എക്‌സ്പ്രസ്' എന്നും പാലക്കാട്-തിരുവനന്തപുരം എക്‌സ്പ്രസിന് 'അമൃത എക്‌സ്പ്രസ്' എന്നും പേരിട്ടതു സംബന്ധിച്ചുണ്ടായ കേസ്സും കൂട്ടവും ഇക്കാര്യം തെളിയിക്കുന്നുണ്ട്. കേരള യുക്തിവാദി സംഘം പ്രസിഡണ്ട് പവനന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടത്, ട്രെയിനുകള്‍ക്ക് മതങ്ങളുമായി ബന്ധമുള്ള പേരിട്ടത് ശരിയായ നടപടിയല്ലെന്നായിരുന്നു. 'ഗുരുദേവ്' എന്നത് ശ്രീനാരായണ ഗുരുവിനെയും 'അമൃത' എന്നത് അമൃതാനന്ദമയിയെയും ഉദ്ദേശിച്ചാണെന്ന ധാരണ വച്ചാണ് റെയില്‍വെയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പവനന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഇതിന് റെയില്‍വെ നല്‍കിയ മറുപടി, ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ വ്യക്തികളെ ഉദ്ദേശിച്ചല്ല ട്രെയിനുകള്‍ക്ക് പ്രസ്തുത പേരുകള്‍ നല്‍കിയതെന്നായിരുന്നു.
ശ്രീനാരായണ ഗുരുവിനെ ഒരു മതത്തിന്റെ വക്താവായിക്കണ്ട് അദ്ദേഹത്തിന്റെ പേര് ട്രെയിനിന് നല്‍കരുതെന്ന് പറയാന്‍ കടുത്ത ജാതി വര്‍ഗ്ഗീയവാദിക്കു മാത്രമേ കഴിയുകയുള്ളു. ശ്രീനാരായണ ഗുരുവിന്റെ പ്രതിമകളെ നോക്കി 'സിമന്റു നാണു' എന്നും, പ്രവചിച്ച സമയത്ത് മരിക്കാത്തതിനാല്‍ ഉലക്കൊണ്ട് തലക്കടിച്ച് കൊന്നതാണെന്നും മറ്റുമുള്ള 'തമാശ' പറയുന്നവര്‍ക്കു മാത്രമേ ഇങ്ങനെ ആവശ്യപ്പെടുവാന്‍ സാധിക്കുകയുള്ളൂ.
മാതാ അമൃതാനന്ദമയിയോടുള്ള പവനന്റെ എതിര്‍പ്പും ജാതി സങ്കുചിത ചിന്തയില്‍ നിന്നുണ്ടായതു തന്നെ. അല്ലെങ്കില്‍ എന്തുകൊണ്ട് പവനന്‍ പ്രസിഡണ്ടായുള്ള യുക്തിവാദി സംഘം 'പരശുറാം എക്‌സ്പ്രസ്' എന്ന പേരിന്റെ കാര്യത്തില്‍ കൊടതിയില്‍ പോയില്ല?
പവനന്റെ കേസ്സും കൂട്ടുവും മറ്റൊരു വഞ്ചന തുറന്നു കാണിച്ചു എന്നതില്‍ സന്തോഷമുണ്ട്. ശ്രീനാരായണ ഗുരുവിന്റെയും അമൃതാനന്ദമയിയുടെയും പേരു പറഞ്ഞു ജനങ്ങളെ വഞ്ചിക്കുകയായിരുന്നു കേന്ദ്ര റയില്‍വെ സഹമന്ത്രിയും (അന്ന് ഒ.രാജഗോപാലായിരുന്ന റയില്‍വെ സഹമന്ത്രി) കൂട്ടരും എന്നുള്ളതാണ് പ്രസ്തുത കാര്യം.
..............

Thursday, September 16, 2010

മിനിക്കഥ-സൗഹൃദം

മക്തബ് സായാഹ്ന ദിനപത്രം-27.06.2008
സൗഹൃദം

ശങ്കരനാരായണന്‍ മലപ്പുറം

വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങി ബൈക്കില്‍ വീട്ടിലേക്ക് തിരിച്ച മൊയ്തീന്‍ മാസ്റ്ററെ തടഞ്ഞു നിര്‍ത്തിയാണ് ഹമീദ് മാസ്റ്റര്‍ ബൈക്കിന്റെ പിന്നിലിരുന്ന് അത്യാവശ്യമായി സിനിമ കാണാനായി തിരിച്ചത്. പക്ഷേ, യാത്ര അവരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചു.
ബോധം തെളിഞ്ഞപ്പോള്‍ ഹമീദ് മാസ്റ്റര്‍ ശരീരമാസകലം തപ്പി നോക്കി. പിന്നീട് ചുറ്റും കൂടി നിന്നവരെ ദയനീയമായി നോക്കി. മാഷിന്റെ ദയനീയ ഭാവം കണ്ട് ഒരാള്‍ പറഞ്ഞു.
'' തപ്പി നോക്കേണ്ട മാഷേ. മാഷിന് ഒടിവും ചതവും മുറിവുമൊന്നും പറ്റിയിട്ടില്ല. അപകടമുണ്ടായപ്പോള്‍ പേടിച്ചതാണ്. ഒരു ബോധക്ഷയം മാത്രം.''
ഹമീദ് മാസ്റ്റര്‍ വിക്കി വിക്കി പറഞ്ഞു:
'' മൊ......മൊ''
'' പാവം ! സുഹൃത്തിനെ അനേ്വഷിക്കുകയാണ്........നിങ്ങളെ സുഹൃത്ത് മൊയ്തീന്‍ മാഷിന് കാര്യമായ പരിക്കൊന്നുമില്ല മാഷേ. നിങ്ങള് വിഷമിക്കേണ്ട. മാഷ് അങ്ങേ തലക്കലെ ബഡ്ഡിലുണ്ട്. ''
ഇപ്പറഞ്ഞത് ഗൗനിക്കാതെ ഹമീദ് മാസ്റ്റര്‍ വീണ്ടും പറയാന്‍ ശ്രമിച്ചു
'' മൊ.....മൊ....''
അയാള്‍ ഹമീദ് മാസ്റ്ററുടെ വായ പൊത്തിക്കൊണ്ടു പറഞ്ഞു:
'' ഹൗ ! വല്ലാത്തൊരു സൗഹൃദം......നിങ്ങള് സമാധാനിക്ക് മാഷേ. എന്താണിങ്ങനെ കുട്ടികളെപ്പോലെ''
അയാളുടെ കൈ തട്ടിമാറ്റിക്കൊണ്ട് ഹമീദ് മാസ്റ്റര്‍ അല്പം ഉറക്കെത്തന്നെ ചോദിച്ചു:
'' എന്റെ മൊബൈലെവിടെ ? ''
.......................

മിനിക്കഥ

(ധിഷണ മാസിക-ജൂണ്‍, 2008)
റേഞ്ച്

ശങ്കരനാരായണന്‍ മലപ്പുറം

'' എല്ലാര്ക്കും പറ്റി. ചെര്‍ക്കനീം ഓന്റെ പെരക്കാരീം ഒക്കെ പറ്റി. കൊറേ പണ്ടോം പണോം ഒന്നും ചോയ്ച്ചില. നല്ല സൊബാവും ചൊര്‍ക്കും നല്ലൊരു പണീം ഒക്കള്ളൊരു ചെര്‍ക്കന്‍....... ഓന്റെ പെരക്കാര്‌ക്കൊക്കെ പറ്റി. അന്റെ ബാപ്പാക്ക് നല്ലോണം പറ്റി. കുഞ്ഞെളേപ്പ അസര്‍പ്പിനും അന്‍സന്‍ നാണിപ്പൂനും കുഞ്ഞിമ്മൂനും കദ്യാത്താക്കും ഒക്കെ പറ്റി. അണക്ക് മാത്രം പറ്റീല.......ത്താടീ.......ജ്ജ് വേറാരെങ്കിലും കണ്ടു ബെച്ചുക്കുണോ......ത്താടീ......ത്താടീ......പറയെടീ.........പറയെടീ പോത്തേ....''
'' ഇമ്മാ അവ്‌ടെ!''
'' അവ്‌ടെ ? ''
'' അവ്‌ടെ ഐഡ്യക്ക് റേഞ്ചില്ലോലോ !! ''
.......................

Wednesday, September 15, 2010

നടന്‍ ജയസൂര്യ ആഗ്രഹിച്ച ആ രാജ ഭരണകാലത്ത്...

(മക്തബ്-18.01.2010)
നടന്‍ ജയസൂര്യ ആഗ്രഹിച്ച ആ രാജ ഭരണകാലത്ത്...
ശങ്കരനാരായണന്‍ മലപ്പുറം

നമ്മുടെ നാട്ടിലാകെ കുഴപ്പമാണെന്നും പണ്ടത്തെ രാജ ഭരണം നടപ്പിലാക്കുകയാണ് ഇതിനുള്ള പരിഹാരമെന്നും സിനിമാ നടന്‍ ജയസൂര്യ അഭിപ്രായപ്പെടുകയുണ്ടായി. ജയ്ഹിന്ദ് ചാനലിലെ ഒരു അഭിമുഖത്തില്‍ (08.01.2010) വച്ചാണ് ജയസൂര്യ ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സാഹിത്യ മേഖലകളിലുള്ള പലരെയും പോലെ സിനിമാ രംഗത്തുള്ള പലരും കേരളത്തിന്റെ സാമൂഹിക ചരിത്രം പഠിക്കാത്തവരും മാനുഷിക മൂല്യങ്ങളെക്കുറിച്ച് മനസ്സിലാക്കവരുമാണെന്ന് സിനിമകള്‍ കണ്ടാല്‍ ബോധ്യമാവും. കലാമൂല്യം അവകാശപ്പെടുന്ന സിനിമകളായാലും അടിപൊളിവെടി സിനിമകളായായും അവയുടെ മിക്ക പ്രമേയങ്ങളും പിന്തിരിപ്പന്‍ പ്രമേയങ്ങളാണ്. പഴയകാല ക്രൂരതകളെയും നീചമായ നാടുവാഴി-രാജ ഭരണത്തിലെ തെമ്മാടിത്തരങ്ങളെയും അന്ധവിശ്വാസങ്ങളെയും വെള്ളപൂശുന്നവയും അവയെ മഹദ്വല്‍ക്കരിക്കുന്നവയുമാണ്. സിനിമകളിലും സീരിയലുകളിലും സ്ഥിരമായി ചില ഭിംബങ്ങള്‍ കാണാറുണ്ട്. നിലം പൊത്താറായ നാലുകെട്ടുകള്‍, ഇല്ലങ്ങള്‍, അവിടങ്ങളില്‍ ജീവിച്ചിരുന്നവരുടെ ദു:ഖങ്ങള്‍, അവരുടെ കഷ്ടപ്പാടുകള്‍…ഇങ്ങനെ പലതും. ഇവര്‍ മനുഷ്യരല്ലെന്നോ ഇവരുടെ ദു:ഖങ്ങള്‍ക്കു നേരെ മുഖം തിരിക്കണമെന്നോ പറയുന്നില്ല. പക്ഷേ, ഇവര്‍ക്കു മാത്രമല്ലല്ലോ പ്രയാസങ്ങളുള്ളത്. ചെറ്റകളിലും കൂരകളിലും മാടങ്ങളിലും കഴിഞ്ഞവരും മനുഷ്യരാണല്ലോ. ഇക്കൂട്ടരുടെ കഷ്ടപ്പാടുകളും ദു:ഖങ്ങളുമൊന്നും സിനിമക്കാരും സീരിയലുകാരും കാണേറേയില്ല. ശവമടക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ അടുക്കളയില്‍ കുഴിയുണ്ടാക്കി ശവം മറവു ചെയ്ത ദലിതന്റെ ദുരവസ്ഥ സിനിമാക്കാര്‍ക്കും സീരിയലുകാര്‍ക്കും സന്തോഷം വരുത്തുന്ന കാര്യമാണോ? ഭൂമിയും ഭൂമിയലെ മറ്റെല്ലാ സ്വത്തു വകകളും ഒരു കാലത്ത് ചില പ്രത്യേക വിഭാഗക്കാരുടെ കൈകളിലായിരുന്നുവെന്നത് സത്യം തന്നെ. അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ നിന്നു പുറത്തു വരുമ്പോള്‍ ആരും തന്നെ സ്വത്തും സമ്പത്തും കൊണ്ടു വരാറില്ല. അദ്ധ്വാനമെന്നത് എന്താണെന്നറിയാത്തവര്‍ സ്വത്തും സമ്പത്തും ഉണ്ടാക്കിയത് കട്ടും കവര്‍ന്നുമാണ്. ദൈവത്തിന്റെ സ്വന്തം ഭൂമിയില്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടെങ്കില്‍ അത് ഭൂമിയില്‍ പണിയെടുത്തവര്‍ക്കു മാത്രമാണ്. ഭൂമിയില്‍ പണിയെടുത്തവര്‍ പുലയരും മറ്റു ദലിതരമായിരുന്നു. ഇവരുടെ പക്കലുള്ള ഭൂമിയാണ് പിന്നീട് ജന്മിമാരുടെ കൈകളില്‍ വന്നത് എന്നതിന് ചരിത്രത്തില്‍ തെളിവുകളുണ്ട്.
ഈ ചരിത്രമൊന്നും സിനിമാ രംഗത്തുള്ള ജയസൂര്യമാര്‍ക്ക് അറിയില്ല. ഒരു പക്ഷേ, അറിഞ്ഞാലും ജാത്യാഭിമാന ബോധം കൊണ്ടോ അപകര്‍ഷതാ ബോധം കൊണ്ടോ അറിഞ്ഞെന്നു നടിക്കാറുമില്ല. ഇതു കൊണ്ടാണ് നടന്‍ ജയസൂര്യ പണ്ടത്തെ രാജ ഭരണം ഏറെ നല്ലതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത്. നടന്‍ ജയസൂര്യ ആഗ്രഹിച്ച ആ രാജ ഭരണകാലത്തെ 'സ്വര്‍ഗ്ഗീയത'യുടെ എതാനും ഉദാഹരണങ്ങള്‍ നമുക്കൊന്നു പരിശോധിച്ചു നോക്കാം (പി.കെ.ഗോപാലകൃഷ്ണന്റെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം, ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ കേരളത്തിന്റെ ഇരുളടഞ്ഞ ഏടുകള്‍ തുടങ്ങിയ പുസ്തകങ്ങളെ ആധാരമാക്കി തയ്യാറാക്കിയത്):
പുലയരെയും മറ്റും കന്നുകാലികളെ വില്‍ക്കുകയും കൊല്ലുകയും ചെയ്തിരുന്നു. പുലയനോ പറയനോ നായരെ തൊട്ടാല്‍ ആ നായര്‍ പുലയനെയോ പറയനെയോ കൊന്നില്ലെങ്കില്‍ ആ നായരെ രാജാവ് കൊല്ലും. ബ്രാഹ്മണന്റെ 36 അടി അടുത്തു വരുന്ന തീയനെ ഉടന്‍ സംഹരിച്ചാല്‍ ശൂദ്രന് സ്വര്‍ഗ്ഗം കിട്ടും. അവര്‍ണര്‍ക്ക് പൊതു വഴി നടക്കുവാനോ അക്ഷരം പഠിക്കുവാനോ അമ്പലത്തില്‍ പ്രവേശിക്കാനോ പാടില്ലായിരുന്നു. അവര്‍ണര്‍ക്ക് കാല്‍മുട്ടന് താഴെ വസ്ത്രം ധരിക്കുവാനോ മാറ് മറയ്ക്കുവാനോ പാടില്ലായിരുന്നു. ഈഴവ സ്ത്രീകളില്‍ നിന്നു മുല നികുതി പിരിച്ചിരുന്നു-മുല നികുതി കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു യുവതി മുല മുറിച്ച് നാക്കിലയില്‍ വച്ച് കൊടുത്ത് ചോര വാര്‍ന്ന് വീര ചരമമടഞ്ഞിട്ടുണ്ട്. എല്ലാവിധ തൊഴിലാളികളില്‍ നിന്നും വിവിധ തരത്തിലുള്ള നികുതികള്‍ പിരിച്ചിരുന്നു-മീശക്കാഴ്ച്ച, പൊലിപ്പൊന്ന്, തപ്പ്, പിഴ, പുരുഷാന്തം, പുലയാട്ട്, അറ്റാലണക്കം, അയ്മുല,ചെങ്കെമ്പ് തുടങ്ങിയ നികുതികള്‍ മാത്രമല്ല ഒരു പണിയും ചെയ്യാന്‍ സാധിക്കാത്തവരില്‍ നിന്നു ഏഴ എന്ന പേരിലുള്ള നികുതിയും ഈടാക്കിയിരുന്നു. കുറ്റങ്ങള്‍ക്ക് പോലും അവര്‍ണ്ണര്‍ക്ക് കടുത്ത ശിക്ഷകള്‍ നടപ്പിലാക്കിയിരുന്നു. അവര്‍ണര്‍ക്കുള്ള ഒരു സ്‌പെഷ്യല്‍ ശിക്ഷയായിരുന്നു 'ചിത്രവധം'-മൂട്ടിലൂടെ കമ്പിപ്പാര അടിച്ചു കയറ്റി മരത്തില്‍ കെട്ടിത്തൂക്കിയുടും. ആള്‍ രക്തം വാര്‍ന്ന് മരിക്കും. സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോ പെട്ട പുരുഷന്മാരുടെ കൂടെ കിടക്കാത്ത സന്മാര്‍ഗ്ഗഹീനകളായ സ്ത്രീകളെ കൊല്ലണമെന്ന രാജ വിളബരം ഇറങ്ങിയിട്ടുണ്ട്. ബ്രാഹ്മണ ബീജത്തിനാല്‍ സന്താനം ഉണ്ടാക്കിക്കൊണ്ടാലേ നല്ല സന്തതികള്‍ ജനിക്കുകയുള്ളൂവെന്ന സൂക്തവും ഇറക്കിയിട്ടുണ്ട്. നാരീണാം ച തു സര്‍വ്വാസാം സ്തന വസ്ത്രാണി മാസ്തിഹ ( സ്തീകളാരും തന്നെ സ്തന വസ്ത്രം-ബ്രാ ധരിക്കരുത്) എന്ന അറിയിപ്പും ഇറക്കിയിട്ടുണ്ട്. നമ്പതിരിമാരിലെ മൂത്ത പുത്രന്‍ മാത്രം സ്വസമുദായത്തില്‍ നിന്നു വിവാഹം കഴിക്കുക; മറ്റുള്ളവര്‍ നായര്‍ സ്ത്രീകളെ സംബന്ധം ചെയ്യുക; തീണ്ടല്‍ തൊടീല്‍ തുടങ്ങിയ ആചാരങ്ങള്‍ പാലിക്കുക, ക്ഷത്രിയരും നായന്മാരും മരുമക്കത്തായം പാലിക്കുക എന്നു തുടങ്ങിയ 64 അനാചാരങ്ങള്‍ ( അതായത്, ആചാരങ്ങള്‍) നടപ്പിലാക്കി വന്നിരുന്നു. വേശ്യപ്പണിക്ക് വലി മാന്യതയാണ് കല്പിച്ചിരുന്നത്. എത്രമാത്രം ആള്‍ക്കാര്‍ സംബന്ധിത്തിനു വരുന്നുവോ അത്രമാത്രം മാന്യതയും ഉയരന്നതായി കണക്കായിരുന്നു. വേശ്യാപ്പണിക്ക് മാന്യത കല്പിച്ചു കൊണ്ട് ഒരമ്മ മകള്‍ക്ക് നല്‍കുന്ന ഉപദേശം ഇതാ:- മകളേ! നിന്നുടെ വിപ്രന്‍ മൂലം/മറ്റുള്ളാളുകളൊക്കെ മറന്നു/അതി ധനവാനിന്നെങ്കിലുമേകന്‍/മതിയാമോ തവ വീടു പുലര്‍ത്താന്‍?/തോടും പുഴയും മഴയും വന്നിട-/കൂടുക കൊണ്ടിക്കടല്‍ നിറയുന്നു/എന്ന കണക്കിനു പലരും പലവക/തന്നതു കൊണ്ടേ വീടു തടിപ്പൂ.
വളരെക്കുറച്ചേ ഇവിടെ വിവരിച്ചിട്ടുള്ളൂ. മുഴുവന്‍ കാര്യങ്ങളും വിവരിക്കണമെങ്കില്‍ ജയസൂര്യ ഇതുവരെ അഭിനയിച്ച സിനിമകളുടെ മാത്രമല്ല ഇനിയും അഭിനയിക്കാനുള്ള സിനിമകളുടെ തിരക്കഥകളുടെ പേജുകളൊന്നും മതിയാവില്ല. കേരളത്തില്‍ രാജ ഭരണ കാലത്ത് നിലനിന്നിരുന്ന അവസ്ഥ ബീഹാറിലും ഗുജറാത്തിലുമൊക്കെ ഒരു പരിധിവരെ ഇന്നും നിലനില്‍ക്കുണ്ട്. സുഖ ജീവിതത്തിന് നടന്‍ ജയസൂര്യക്ക് ഉത്തരേന്ത്യയിലേക്ക് താമസം മാറ്റാവുന്നതാണ്.
പോയ കാല ക്രൂരതകള്‍ തിരിച്ചു പിടിക്കണമെന്ന് പറയുന്നവര്‍ പരോക്ഷമായി മറ്റു ചിലരെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. പോയ കാല ക്രൂരതകള്‍ക്കെതിരെ പോരാടി കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു വിധം മാന്യമായി ജീവിക്കുവാന്‍ അവസരമൊരുക്കിയ ഒരുപാട് വിപ്‌ളവകാരകളുണ്ട് നമ്മുടെ നാട്ടില്‍-ശ്രീനാരായണ ഗുരു, അയ്യങ്കാളി, പൊയ്കയില്‍ കുമാരുഗുരു ദേവന്‍, പണ്ഡിറ്റ് കെ.പി.കറുപ്പന്‍, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങിയവര്‍. ഈ വിപ്‌ളവകാരികളെ അവഹേളിക്കുകയാണ് ജയസൂര്യയെപ്പോലെയുള്ളവര്‍ ചെയ്യുന്നത്.
………………

Saturday, September 11, 2010

കേരളീയ വസ്ത്ര പാരമ്പര്യം

കേരളീയ വസ്ത്ര പാരമ്പര്യം
ശങ്കരനാരായണന്‍ മലപ്പുറം

(മക്തബ് 20.10.2009)

'കേരളീയം' എന്നു കേട്ടാല്‍ കേരവുമായുള്ള ബന്ധത്തെക്കുറിച്ചാണ് പെട്ടെന്ന് ഓര്‍മ്മ വരിക. എന്നാല്‍, കേരം കേരളത്തിന്റെ സ്വന്തമല്ല എന്നതാണ് വാസ്തവം. കേരം വിദേശിയാണ്. മലേഷ്യയാണ് കേരത്തിന്റെ ജന്മദേശം. 'ചേരള'മാണ് 'കേരള'മായി മാറിയത.് കേരളീയ വസ്ത്രത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ.
നമ്മുടെ പാരമ്പര്യ വേഷം എന്താണ് ? ആണുങ്ങള്‍ക്ക് മുണ്ടും കുപ്പായവും പെണ്ണുങ്ങള്‍ക്ക് സാരിയും പുളിയിലക്കര വേഷ്ടിയും മറ്റുമാണെന്നാണ് പലരും പറയുന്നത്. ഈ പാരമ്പര്യം എന്നു പറഞ്ഞാല്‍ എന്താണ് ? ഏതാണ് പാരമ്പര്യത്തിന്റെ അടിസ്ഥാന വര്‍ഷം ?
ഒരു നൂറ്റാണ്ടോ മുക്കാല്‍ നൂറ്റാണ്ടോ മുമ്പുള്ള പാരമ്പര്യം വച്ചു വിലയിരുത്തുകയാണെങ്കില്‍ കേരളീയ വേഷം അല്പ വസ്ത്രം മാത്രമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒരു ഈഴവ സ്ത്രീ കാല്‍ മുട്ടിനു താഴെ എത്തുന്ന വസ്ത്രം ധരിച്ചതിന്റെ പേരില്‍ നായന്മാര്‍ അവരുടെ മുണ്ടഴിപ്പിച്ചതിനെക്കുറിച്ച് സി.കേശവന്‍ തന്റെ ആത്മകഥയില്‍ (ജീവിത സമരം) വിവരിക്കുന്നുണ്ട്. ജീവിത സമരത്തിലെ മറ്റൊരു വിവരണം (പേജ് 72) നോക്കുക:
“ മതം മാറിയ ചാന്നാട്ടികളുടെ വേഷം മിഷനറിമാര്‍ പരിഷ്‌കരിച്ചു. നായര്‍ സ്ത്രീകളെപ്പോലെ മേല്‍മുണ്ടും മാറുമറപ്പുമായി. അതു നായന്മാര്‍ക്കു രസിച്ചില്ല. അടിയായി, ലഹളയായി, സ്ത്രീകളുടെ തുണിയുരിയലായി. ഗവണ്‍മെന്റ് കീഴ് നടപ്പിന്റെ പേരില്‍ മേല്‍ ജാതികളുടെ വശം ചേര്‍ന്ന് ഏഴ ജാതികളുടെ മേല്‍മുണ്ട് അഴിപ്പിക്കാന്‍ കൂട്ടു നിന്നു. മാധവരായര്‍ ദിവാന്റെ കല്പനകള്‍ പുറപ്പെട്ടു. മുല മറച്ചു നടക്കാന്‍ അവകാശമുള്ള പെണ്ണുങ്ങളെ മറ്റുള്ള പെണ്ണുങ്ങള്‍ അനുകരിക്കരുതെന്ന്, അതു ചട്ട വിരോധമാണെന്ന്, ശിക്ഷിക്കുമെന്ന്, ന്യായം നടത്തുമെന്ന്. പക്ഷേ നിയമ ലംഘനം പിന്നെയും തുടര്‍ന്നു. ”
മാറ് മറച്ചതിന് മറ്റു ജാതിക്കാരുടെ തുണിയഴിച്ച നായന്മാരുടെ സ്ഥിതിയോ? അവര്‍ക്കും മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. റവുക്ക (ബ്‌ളൗസ്) ധരിച്ച് ക്ഷേത്രത്തില്‍ പോയതിന്റെ പേരില്‍ ഒരു നായര്‍ സ്ത്രീയുടെ റൗക്ക വലിച്ചു കീറുകയും അതിനെത്തുടര്‍ന്ന് നായര്‍ സ്്ത്രീകള്‍ റവുക്ക ധരിച്ച് ക്ഷേത്രത്തില്‍ കയറരുതെന്ന കല്പന പുറപ്പെടുവിക്കുകയും ചെയ്ത ഒരു 'പൈതൃക'മുണ്ട് നമ്മുടെ നാടിന്.
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ജീവ ചരിത്രത്തില്‍ (എന്റെ സ്മരണകള്‍, 3-ാം ഭാഗം, പേജ് 313) വിവരിക്കുന്നത് നോക്കുക: “എനിക്കു ഓര്‍മ്മ വെച്ച കാലത്ത് റൗക്കയും ബ്‌ളൗസും മറ്റും കേരള സ്ത്രീകള്‍ കണ്ടിട്ടേ ഉണ്ടായിരിക്കയില്ല. അവയില്‍ ആദ്യമായി കടന്നു തുടങ്ങിയത് റൗക്കയായിരുന്നു. അതും ആദ്യമായി കടന്നു തുടങ്ങിയത് പട്ടണങ്ങളിലാണ്, പിന്നീട് വളരെക്കാലം കഴിഞ്ഞേ അതു നാട്ടിന്‍ പുറങ്ങളിലേക്ക് പ്രവേശിച്ചു തുടങ്ങിയുള്ളൂ. ഇവിടെ പറയാന്‍ പോകുന്നത് അതല്ല. ആദ്യകാലങ്ങളില്‍ കുളിച്ചു അമ്പലത്തിലേക്ക് തൊഴാന്‍ പോകുമ്പോള്‍ റൗക്ക ധരിച്ചിരുന്നില്ല. മാത്രമല്ല, ഈറന്‍ തുണികൊണ്ട് മാറ് മറച്ചിരുന്നാലും നടയ്ക്കല്‍ വന്നു തൊഴുമ്പോള്‍ അതെടുത്തു മാറ്റുക (അഥവാ എടുത്തുവെന്നു വരുത്തുക) പതിവായിരുന്നു. ”
നമ്പൂതിരി സ്ത്രീകളും കുപ്പായം ധരിച്ചിരുന്നില്ല. 89-ാമത്തെ വയസ്സില്‍ (1994) അന്തരിച്ച ഇട്ട്യാം പറമ്പത്ത് ശ്രീദേവീ അന്തര്‍ജ്ജനമാണ് (വി.ടി.ഭട്ടതിരിപ്പാടിന്റെ ഭാര്യ) ആദ്യമായി ബ്‌ളൗസ് ധരിച്ച നമ്പൂതിരി സ്ത്രീ. നമ്പൂതിരി സ്ത്രീകളുടെ വേഷം ഉടുമുണ്ടും മാറില്‍ മറ്റൊരു മുണ്ടു കൊണ്ട് ചുറ്റിക്കെട്ടലുമായിരുന്നു. സ്ത്രീകള്‍ക്ക് ബ്രാ ധരിക്കാന്‍ പാടില്ലാത്ത അവസ്ഥയും നിലനിന്നിരുന്നു. മേലാല്‍ കേരളത്തിലെ സ്ത്രീകളാരും തന്നെ ബ്രാ ധരിക്കരുതെന്നു പറഞ്ഞ് (നാരീണാം ചതു സര്‍വ്വാസാം സ്തന വസ്ത്രാണി മാസ്തിഹ) ഉത്തരവിറങ്ങിയ നാടാണിത്.
1893 ല്‍ അയ്യങ്കാളി 'വില്ലുവണ്ടി' സമരം നടത്തിയത് പൊതു വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനൊപ്പം മാന്യമായി വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനും കൂടി വേണ്ടിയായിരുന്നു. 'വില്ലുവണ്ടി' സമരവും ചാന്നാര്‍ സമരവും മറ്റനവധി സമരങ്ങളും നടത്തിയതിന്റെ ഫലമായാണ് കേരളത്തിലെ ഏതാണ്ടെല്ലാ ജന വിഭാഗങ്ങള്‍ക്കും മാന്യമായി വസ്ത്രം ധരിക്കാനുള്ള അവകാശം ലഭിച്ചത്.
അര മുണ്ട് മാത്രം ധരിച്ചിരുന്ന സ്ത്രീകളുടെ വേഷം മുണ്ടും ബ്‌ളൗസും ലുങ്കിയും ബ്‌ളൗസും തുടര്‍ന്ന് പാവാടയും ധാവിണിയും പിന്നീട് സാരിയും ബ്‌ളൗസുമായി. ഇപ്പോള്‍ വിവിധ രൂപത്തിലുള്ള ചുരിദാറില്‍ എത്തി നില്‍ക്കുന്നു. മാക്‌സിയും കൂട്ടത്തിലുണ്ട്. ഇതു കാര്യമായും വീട്ടു വസ്ത്രമായാണ് ഉപയോഗിക്കുന്നത്. ബാലന്മാരുടെ വേഷം കോണകം മാത്രമായിരുന്നു. പിന്നീട് മുറിയന്‍ മുണ്ട് ഉടുക്കാന്‍ തുടങ്ങി. (ബാലികമാരുടെ കാര്യവും ഇങ്ങനെത്തന്നെ). പിന്നീടാണ് ട്രൗസര്‍ വന്നത്; കൂട്ടത്തില്‍ വള്ളിട്രൗസറും. അതിനിടയില്‍ കൈലിയും ബനിയനും വന്നു. ഇപ്പോള്‍ വിവിധ തരത്തിലുള്ള പാന്റ്‌സും ഷര്‍ട്ടിലുമെത്തി നില്‍ക്കുന്നു. പൈജാമ, ജുബ്ബ തുടങ്ങിയവയും കടന്നു വന്നു. (പൈജാമ പോയെങ്കിലും ജുബ്ബ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്). ജുബ്ബയും നീണ്ട താടിയുമൊക്കെയായാല്‍ ബുദ്ധിജീവിയോ കലാകാരനോ ആയി എന്നൊരു ധാരണ നിലനില്ക്കുന്നുണ്ട്. (മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും വേഷങ്ങളില്‍ ഭരണകൂടം ആദ്യമൊക്കെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീടത് ഇല്ലാതായി. അവരവരുടെ മത വിശ്വാസമനുസരിച്ചും കാലഘട്ടത്തിലെ മാറ്ററ്റങ്ങള്‍ക്കനുസരിച്ചുമുള്ള വേഷങ്ങളാണ് ഇക്കൂട്ടര്‍ സ്വീകരിച്ചത്. ഇതു കൊണ്ടാണ് ഇക്കാര്യം പ്രതേ്യകം വിവരിക്കാതിരുന്നത്).
കേരളീയരുടെ വേഷം അല്പ വസ്ത്രമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. സാരി കേരളീയമല്ല. സാരി പാഴ്‌സികളില്‍ നിന്നു കിട്ടിയതാണ്. ഹിന്ദിയിലെ 'സാഡി' യാണ് മലയാളികള്‍ 'സാരി'യാക്കിയത്. ദോത്തി (മുണ്ട്) ആദ്യമായി ഉപയോഗം തുടങ്ങിയത് ഈജിപ്തിലാണ്. തയ്യല്‍ വേല കണ്ടു പിടിച്ചപ്പോള്‍ ദോത്തിയില്‍ നിന്നു പാവാടയുണ്ടായി. മുണ്ടിന്റെ ഉപയോഗം പ്രചരിച്ചതിനെക്കുറിച്ച് കെ.ബാലകൃഷ്ണക്കുറുപ്പ് എഴുതിയ ഒരു ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: “ഈജിപ്തിലെ വസ്ത്ര ധാരണ രീതി ഏതാണ്ട് ലോകത്തിലെ എല്ലാ ഭാഗങ്ങളിലും പ്രചരിച്ചു. വ്യാപാരാവശ്യത്തിനു വേണ്ടി ബന്ധപ്പെടുവാന്‍ തുടങ്ങിയപ്പോള്‍ അറബികളും ഇന്ത്യക്കാരും ഈജിപ്ഷ്യന്‍ വസ്ത്ര രീതിയെ അനുകരിച്ചു”. ഷര്‍ട്ട് (കുപ്പായം) വന്നതും ഈജിപ്തില്‍ നിന്നു തന്നെ.
ഇറ്റലിയിലെ ഒരു നാടകത്തിലെ കോമാളി കഥാ പാത്രമായ പാന്റലൂണയില്‍ നിന്നാണത്രെ 'പാന്റ്‌സ്' എന്ന വാക്കു വന്നത്. പാന്റ്‌സ് എവിടുന്നു വന്നതായാലും ശരി ആണുങ്ങള്‍ക്ക് ഏറ്റവുമധികം യോജിച്ച വസ്ത്രം പാന്റ്‌സും ഷര്‍ട്ടും തന്നെ-കൂടുതല്‍ ഇറുക്കമുള്ളതാവരുതെന്നു മാത്രം. പെണ്‍കുട്ടികള്‍ക്ക് നല്ലത് ചുരിദാര്‍ തന്നെ. സാരിയെക്കാളും സെറ്റിനെക്കാളും മാന്യമായ വേഷമാണിത്. ഉപയോഗിക്കുവാന്‍ ഏറെ സൗകര്യ പ്രദവും. മുണ്ടും ഷര്‍ട്ടും സാരിയുമൊക്കെ കേരളീയമല്ലെന്നിരിക്കെ കൂടുതല്‍ സൗരകര്യപ്രദമായ വിദേശി വസ്ത്രങ്ങളെ സ്വീകരിക്കലല്ലേ ഉചിതം?

എന്നാല്‍, ചെറുപ്പക്കാരുടെ അതിരു കടന്ന ഫാഷന്‍ ഭ്രമത്തെ ചോദ്യം ചെയ്യാതിരുന്നു കൂടാ. പോക്കറ്റുകള്‍ സിക്‌സോ സിക്സ്റ്റി ഫൈവോ ആയിക്കോട്ടെ. വള്ളിയും നൂലുമൊക്കെ തൂങ്ങിക്കിടക്കട്ടെ. പക്ഷേ, വസ്ത്രം ധരിക്കുമ്പോള്‍ മാന്യത പാലിക്കണം. തീരെ ഇറക്കം കുറഞ്ഞ ഷര്‍ട്ട് (ഷോര്‍ട്ട്) ധരിക്കുന്ന ഫാഷന്‍ ഏറെ പ്രാചാരം നേടുകയുണ്ടായി. ഒപ്പം വൃത്തികെട്ടൊരു സ്റ്റൈലും എത്തി. ചന്തി കാട്ടി ചന്തം കാണിക്കുന്ന സ്റ്റൈല്‍-ചന്തിയില്‍ പാന്റ്‌സുടുക്കുന്ന സ്റ്റൈല്‍. പാന്റ്‌സ് ചന്തിയിലാണെങ്കില്‍ അതിനടിയിലുടുക്കുന്ന കോണകം കുറച്ച് കൂടി മുകളില്‍. കോണകക്കമ്പനിയുടെ പേര് പ്രദര്‍ശിപ്പിച്ച് കമ്പനിക്ക് പരസ്യം നല്‍കുന്ന ഫാഷന്‍. ഒന്നു കുമ്പിട്ടാല്‍ പിന്നിലുള്ളവര്‍ക്ക് ഈ കോണകക്കുട്ടപ്പന്മാരുടെ 'ഇടുക്കി മുതല്‍ മൂലമറ്റം വരെ'യുള്ള പ്രദേശങ്ങള്‍ കാണാന്‍ സാധിക്കും. (മൂലം കാണുക മൂലമുള്ള വിഷമം മൂലം ചില സ്‌കൂളുകളില്‍ ഷര്‍ട്ട് ഇന്‍സൈഡ് ആക്കാന്‍ സ്‌കൂളധികൃതര്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്).
മെട്രൊ സെക്ഷ്വല്‍ എന്ന ചിന്താ രീതിയുടെ ഭാഗമാണിത്. അതായത്, ആണുങ്ങളിലുള്ള പെണ്‍ ഭാവത്തെ വെളിവാക്കുന്ന അവസ്ഥ. മുമ്പൊക്കെ പെണ്ണുങ്ങള്‍ ചമഞ്ഞൊരുങ്ങാനായിരുന്നു ഏറെ സമയമെടുത്തിരുന്നത്. ഇന്ന് ഈ അവസ്ഥയിലേക്ക് ആണ്‍ കുട്ടികളും എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് നാട്ടില്‍ ജെന്റ്‌സ് ബ്യൂട്ടി പാര്‍ലറുകളും മെന്‍സ് വെയര്‍ ഷോപ്പുകളും ധാരാളമായി മുളച്ചു പൊങ്ങിക്കൊണ്ടിരിക്കുന്നത്. കോണകക്കച്ചവടക്കാരില്‍ നിന്നും വസ്ത്ര വ്യാപാരികളില്‍ നിന്നും പണം പറ്റി ചില ഉത്തരേന്ത്യന്‍ സിനിമാ സുന്ദരന്മാര്‍ കാണിക്കുന്ന ആഭാസത്തെ അന്ധമായി അനുകരിക്കുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ് ഇന്നത്തെ യുവ തലമുറ. വാല്‍ക്കഷ്ണം:-പണമുള്ളവര്‍ക്ക,് ഇത്തരത്തില്‍ മാറി മാറി വരുന്ന ഏത് ആഭാസവും അനുകരിക്കുവാന്‍ സാധിക്കും. പക്ഷേ, പാവങ്ങളുടെ കാര്യമോ? ഇത്തരം ആഭാസങ്ങള്‍ അനുകരിക്കണം; അടിപൊളി മൊബൈല്‍ സെറ്റ് വേണം; സ്റ്റൈലില്‍ കത്തിച്ചു പറപ്പിക്കാന്‍ മോട്ടോര്‍ സൈക്കിള്‍ വേണം; ബ്രോസ്റ്റ് വിഴുങ്ങണം. ബൈക്കില്‍ വന്ന് മാലപറിച്ചെടുക്കല്‍ പോലുള്ള കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നതില്‍ ഭൂരിഭാഗവും ഇക്കൂട്ടരാണ്.