My Blog List

Saturday, February 19, 2011

അരക്കെടക്ക

ധിഷണ മാസിക, ഫെബ്രുവരി, 2011
ശങ്കരനാരായണന്‍ മലപ്പുറം
           നൗഷാദിന് പ്രായം ഇരുപത്തിമൂന്ന്. അവന്റെ സുഹൃത്തും സമപ്രായക്കാരനുമായ ഫൈസലിന്റെ കല്ല്യാണം കഴിഞ്ഞു. അതോടെ നൗഷാദിനും വന്നു പെണ്ണുകെട്ടാനുള്ള പൂതി. കാര്യം വീട്ടിലെങ്ങനെ അറിയിക്കും. അവന്‍ സുഹൃത്തുക്കളുടെ ഉപദേശം തേടി. അവര്‍ നൗഷാദിനൊരു സൂത്രം പറഞ്ഞു കൊടുത്തു. അന്നു രാത്രി തന്നെ അവനാ സൂത്രം പ്രയോഗിച്ചു.
            പിറ്റേന്നു രാവിലെ, തന്റെ മുറിയിലേക്ക് പോകുന്ന ഉമ്മയെ അവന്‍ ഒളി കണ്ണിട്ടു നോക്കി. ഏറെ താമസിച്ചില്ല ഉമ്മ ബഹളം വയ്ക്കാന്‍ തുടങ്ങി. അവന്‍ മുറിയിലേക്ക് ഓടിക്കയറി.
        ''എത്തിനാ നൗസ്വോ ജ്ജ് കെടക്ക നടൂക്കൂടി കീറീത് ? ത്ര എടങ്ങേറായി ത് ങ്ങനെ രണ്ട് കണ്ടാക്കാന്‍ ജ്ജ് കൊറേ നേരം നയിച്ചിട്ടുണ്ടാവൂലേ നൗസ്വോ ?! ''
       '' ഒരാള്‍ക്ക് കെടക്കാന്‍ എന്തിനാ ഉമ്മാ ഇത്ര വീതിള്ള കെടക്ക. അരക്കെടക്ക പോരേ ? ''
ഉമ്മ അല്പ നേരം ആലോചിച്ചു നിന്നു.
      ''നൗസ്വോ ജ്ജ് പറഞ്ഞേല് കാര്യണ്ട്. അനക്ക് കാര്യബോതം വന്നൂന്ന് ഇമ്മാക്ക് മന്‍സിലായി. അന്റെ പൂതി തന്നെ നടക്കട്ടെ. ''
         നൗഷാദിന്റെ ഉള്ളിലൊതു കുളിര്‍ക്കാറ്റു വീശി. അവന്‍ തെല്ലു നാണത്തോടെയും ആകാംക്ഷയോടെയും ഉമ്മയെ നോക്കി.
        ''കെടക്കക്കണ്ടം രണ്ടും ഞാന് തുന്നി ശര്യാക്കി രണ്ട് കെടക്കാക്കിക്കോളാ. ഒന്ന് കേടായാല് മറ്റേല് കെടക്കാലോ ന്റെ പൊന്നാര നൗസുട്ടിക്ക്. ന്റെ മാണിക്കക്കല്ലേ, അഞ്ചാറ് കൊല്ലത്തിന് അരക്കെടക്ക തന്നെ മത്യല്ലോ ഇമ്മാന്റെ മുത്തിന് ! ''
........
       മലപ്പുറത്തുകാരായ ചില കുട്ടികള്‍ക്കുപോലും കഥയിലെ ഈ മലപ്പുറം ഭാഷ മനസ്സിലാകുന്നില്ല. അപ്പോള്‍പ്പിന്നെ അന്യനാട്ടുകാരുടെ കാര്യം പറയേണ്ടതില്ലല്ലോ. ആയതിനാല്‍ ഈ കഥയുടെ മറ്റൊരു വായനയിതാ:
                                ഹാഫ് ബെഡ്
            സുശീലിന് പ്രായം ഇരുപത്തിമൂന്ന്. അവന്റെ സുഹൃത്തും സമപ്രായക്കാരനുമായ ശ്രീജിത്തിന്റെ കല്ല്യാണം കഴിഞ്ഞു. അതോടെ സുശീലിനും വന്നു പെണ്ണുകെട്ടാനുള്ള പൂതി. കാര്യം വീട്ടിലെങ്ങനെ അറിയിക്കും. അവന്‍ സുഹൃത്തുക്കളായ ഹരിജിത്ത്, ഷെരീഫ് തുടങ്ങിയവരുടെ ഉപദേശം തേടി. അവര്‍ സുശീലിനൊരു സൂത്രം പറഞ്ഞു കൊടുത്തു. അന്നു രാത്രി തന്നെ അവനാ സൂത്രം പ്രയോഗിച്ചു.
         പിറ്റേന്നു രാവിലെ, തന്റെ മുറിയിലേക്ക് പോകുന്ന അമ്മയെ അവന്‍ ഒളി കണ്ണിട്ടു നോക്കി. ഏറെ താമസിച്ചില്ല അമ്മ ബഹളം വയ്ക്കാന്‍ തുടങ്ങി. അവന്‍ മുറിയിലേക്ക് ഓടിക്കയറി.
          ''എന്തിനാ സുശീലേ യ്യ് കെടക്ക നടൂക്കൂടി കീറീത് ? ഇത്ര ബുദ്ധിമുട്ടി ഇതിങ്ങനെ രണ്ട് കഷണമാക്കാന്‍ യ്യ് കൊറേ നേരം പണിയെടുത്തുകാണൂലേ പൊന്നേ ?! ''
          '' ഒരാള്‍ക്ക് കെടക്കാന്‍ എന്തിനാ അമ്മേ ഇത്ര വീതിയുള്ള ബെഡ്. ഹാഫ് ബെഡ് പോരേ ? ''
          അമ്മ അല്പ നേരം ആലോചിച്ചു നിന്നു.
         '' കുട്ടാ യ്യ്് കാട്ടിക്കൂട്ടിയതില് കാര്യണ്ട് കുട്ടേ്യ. നിനക്ക് കാര്യബോധം വന്നൂന്ന് അമ്മയ്ക്ക് മനസ്സിലായി മോനേ. നിന്റെ ആഗ്രഹം തന്നെ നടക്കട്ടെ. ''
         സുശീലിന്റെ ഉള്ളിലൊതു കുളിര്‍ക്കാറ്റു വീശി. അവന്‍ തെല്ലു നാണത്തോടെയും ആകാംക്ഷയോടെയും അമ്മയെ നോക്കി.
       ''കെടക്കക്കഷണങ്ങള്‍ രണ്ടും ഞാന്‍ തുന്നി ശരിയാക്കി രണ്ട് കെടക്കയാക്കിക്കോളാം. ഒന്ന് കേടായാല് മറ്റേതില് കെടക്കാമല്ലോ അമ്മേടെ സുന്ദരസുശീലിന്. എന്റെ പൊന്നേ, അഞ്ചാറ് കൊല്ലത്തിന് ഹാഫ് കെടക്ക തന്നെ മതിയല്ലോ അമ്മേടെ പുന്നാരപ്പൈതലിന് ! ''
........

18 comments:

രമേശ്‌ അരൂര്‍ said...

ഇത് കേരളത്തില്‍ ഒട്ടു മിക്ക പ്രദേശങ്ങളിലും കേട്ട് പഴകിയ തമാശയാണ് മാഷെ...ആദ്യ കഥതന്നെ മനസിലാകും..മിമിക്രിക്കാര്‍ എല്ലാ നാട്ടിലെ ഭാഷയ്ക്കും പ്രചാരം കൊടുക്കുന്നുണ്ടല്ലോ ...നല്ല കഥകള്‍ പോരട്ടെ ..:)

Jazmikkutty said...

ഞാനീ കഥ ആദ്യം വായിക്കുകയാ...നല്ല രസമായിട്ടുണ്ട്...

MOIDEEN ANGADIMUGAR said...

കേരളശബ്ദത്തിന്റെ അവസാനത്തെപേജിലാണു
താങ്കൾക്ക് കൂടുതൽ തിളങ്ങാൻ കഴിയുന്നത്.

ശങ്കരനാരായണന്‍ മലപ്പുറം said...

പ്രിയ രമേശ്,
പെണ്ണുകെട്ടാന്‍ പൂതി കലശലായ പൊട്ടന്മാര്‍ കെടക്ക/പായ/തലയണ മുറിച്ച കഥ പഴയതുതന്നെയാണ്. ഈ കഥയ്ക്ക് എന്റെ നാട്ടിലും ഏറെ പ്രചാരമുണ്ട്. നൗഷാദിന്റെ പെണ്ണുകെട്ടാന്‍ പൂതിക്ക് ആപ്പ് വച്ച് ഉമ്മ പറയുന്ന ഡയലോഗ് പുതിയ 'കഥ'യാണ്. ആ പുതുമയാണ് ഞാന്‍ കഥയാക്കിയത്-കുറക്കന്‍ കാക്കയോട് പാട്ടുപാടാന്‍ പറഞ്ഞപ്പോള്‍, നെയ്യപ്പം കാലില്‍ ചവിട്ടിപ്പിടിച്ച് പാട്ടുപാടിയ കാക്കയുടെ കഥപോലെ പഴമയില്‍ പുതമ ചേര്‍ത്തത്.

Unknown said...

അതെ അതിലെ ക്ലൈമാക്സിനു പുതുമയുണ്ട്.
ഉമ്മ പറ്റിച്ചു!

Unknown said...

ഞമ്മളെ മലപ്പുറം ഭാഷക്കൊക്കൂല..
മറ്റേതു ഭാഷയും,,എന്തേയി..അങ്ങനെയല്ലേ,,
ഞാനാദ്യത്തീന് കമെന്റിടുന്നു.
ഞാനീ കഥ ആദ്യായിട്ടാ കേള്‍ക്കുന്നത്.
നല്ല രസം,,

Sabu Kottotty said...

മലപ്പുറത്ത് ഇങ്ങനെ ഒരാള്‍ ബ്ലോഗെഴുതുന്നുണ്ടെന്ന് ഇപ്പളാ അറിഞ്ഞെ... ഈ സംഗതി അങ്ങട് നടത്താന്‍ ഒന്നു കൂടെക്കൂടിക്കൂടെ

kARNOr(കാര്‍ന്നോര്) said...

:)

ശ്രീനാഥന്‍ said...

ആ ട്വിസ്റ്റ് നന്നായി!

Lipi Ranju said...

കഥ അസ്സലായി ......
തര്‍ജിമ വേണ്ടായിരുന്നു എന്ന് തോന്നി, മലപ്പുറം ഭാഷയില്‍ വായിക്കുംബോളല്ലേ അതിന്‍റെ രസം ?

ajith said...

ഹോ..അനുഭവിച്ചറിഞ്ഞപോലെയുള്ള എഴുത്ത്. ആര്‍ക്കറിയാം..സ്വന്തം അനുഭവം തന്നെയാണോ എന്ന്??

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായം രേഖപ്പെടുത്തിയ രമേശ് അരൂര്‍, Jazmikkutty, Moideen angadimugar,തെച്ചിക്കോടന്‍,ex-pravasini,കൊട്ടോട്ടിക്കാരന്‍, കാര്‍ന്നോര്, ശ്രീനാഥന്‍ എന്നിവര്‍ക്ക് നന്ദി.
Lipi Ranju-അഭിപ്രായത്തെ മാനിക്കുന്നു.
ajithettan:"സ്വന്തം അനുഭവം തന്നെയാണോ എന്ന്??"
-അല്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?

ജയരാജ്‌മുരുക്കുംപുഴ said...

naanyi.... bhavukangal.....

Pushpamgadan Kechery said...

ഹിഹിഹി ..
ചെക്കന്‍റെ ഒരു പൂതി !
നന്നായിട്ടോ ...

rafeeQ നടുവട്ടം said...

ഭാഷയിലെ പ്രാദേശികഭേതത്തെ കളിയാക്കിയതിലപ്പുറം ഈ 'കഥ'യില്‍..?

ശ്രീജിത് കൊണ്ടോട്ടി. said...

ഈ തമാസ ഞമ്മളും കൊറേ കേട്ടതാ ..

എന്തായാലും നന്നായിട്ടുണ്ട് അവതരണം.. മലപ്പുറം ഭാഷക്ക്‌ തര്‍ജ്ജമ നല്‍കിയത് രസകരം ആയി. മലപ്പുറം ഭാഷയെ അപ്പോള്‍ മലയാളം എന്ന് പറയാന്‍ പറ്റില്ലേ? :) ശങ്കരേട്ടാ.. ആശംസകള്‍

Kadalass said...

കിടക്ക രണ്ടാക്കുന്നതും അമ്മയുടെ ആദ്യ കമന്റു എല്ലാം നേരത്തെ കേട്ടതാണ്‌.... എങ്കിലും അവസാന ഭാഗം വായിച്ചപ്പോൾ പുതുമയുള്ളതായി....

ആദ്യ കഥ തന്നെ മനസ്സിലാക്കാമല്ലൊ.. രണ്ടും വേണ്ടിയിരുന്നില്ല.....

എല്ലാ ആശംസകളും

സുശീല്‍ കുമാര്‍ said...

കൂട്ടത്തിൽ ഞമ്മക്കിട്ടൊന്ന് പണിഞ്ഞിട്ടുമൊണ്ടല്ലോ ശങ്കരേട്ടാ. സംഗതി പെരുത്തിസ്റ്റപ്പെട്ട്ന്ന് പറയാലോ. ഉഗ്രൻ...