My Blog List

Monday, April 11, 2011

റഹീം കടലാസ്സില്‍ നിന്നു വെട്ടിയവനോ?
     'ഇനി ഹിമാറാമിനാന്റെ മക്കള്‍ തെങ്ങുമ്മെക്കേറട്ടെ!'എന്ന 'കഥ'എഴുതാന്‍ എന്നെ പ്രേരിപ്പിച്ച, 'കാര്യം കാണാന്‍'എന്ന കഥ എഴുതിയത് താങ്കളാണെന്നറിയച്ചതില്‍ സന്തോഷം. താങ്കളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. താങ്കളുടെ നിലപാട് ശരിയെന്ന് താങ്കള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെങ്കില്‍ മറ്റുള്ളവരുടെ വിമര്‍ശനത്തില്‍ വിഷമിക്കേണ്ടതില്ല. താങ്കള്‍ക്ക് തോന്നിയത് താങ്കളെഴുതി; എനിക്ക് തോന്നിയത് ഞാനുമെഴുതി. 'ലക്കും ദിനക്കും വലിയ ദീന്‍'എന്നാണല്ലോ ഖുര്‍ആനില്‍ (109:06) പറഞ്ഞിട്ടുള്ളത്. താങ്കള്‍ക്ക് തോന്നുന്നത് ഇനിയും താങ്കള്‍ക്കെഴുതാം. എനിക്കു തോന്നുന്നത് ഞാനുമെഴുതും. 'ഹിമാര്‍'എന്ന പ്രയോഗം മാത്രമല്ല, താങ്കളുടെ കഥയിലെ പിന്‍കുറിപ്പുംകൂടിയാണ് എന്നെ മറുകഥ എഴുതാന്‍ പ്രേരിപ്പിച്ചത്. പിന്‍കുറിപ്പിലെ പരാമര്‍ശം ഇതാരു കഥ മാത്രമല്ലെന്നും ഇതൊരു നാട്ടുനടപ്പുകൂടിയാണെന്നും സൂചന നല്‍കുന്നുണ്ട്. 
        തത്ത്വജ്ഞാനം വിളമ്പുകയല്ല. എന്റെ പരിമിതമായ അറിവ് വച്ച് പറഞ്ഞാല്‍, 'ഹിമാര്‍' എന്ന പ്രയോഗം തന്നെയാണ് 'കാഫര്‍'എന്നതിനേക്കാള്‍ ഉചിതം. 'കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണം' എന്നു പറയുന്നതുപോലെ 'കാര്യം കാണാന്‍ കാഫിര്‍ക്കാലും പിടിക്കണം'എന്ന് പഴഞ്ചൊല്ലില്ലോ! പഴഞ്ചൊല്ലിന്റെ വാതില്‍ ആരും കുറ്റിയടിച്ച് സീല്‍ വച്ചിട്ടില്ല എന്ന കാര്യവും ശരി തന്നെ. അതുകൊണ്ട് പുതുചൊല്ലുകളും ആവാം. ഇന്നത്തെ പുതുചൊല്ല് നാളത്തെ പഴഞ്ചൊല്ല്! എന്നാലും 'കാഫിറി'നൊരു കുഴുപ്പമുണ്ട്. കഥയിലെ രാമനൊരിക്കലും കാഫറാവില്ല. ഖുര്‍ആന്‍ ദൈവ വചനമായി അംഗീകരിച്ചവര്‍ എന്നു വിശേഷിപ്പിക്കുന്നവരുടെ കൂട്ടത്തിലുള്ളവരിലേ 'കാഫിര്‍' ഉണ്ടാവുകയുള്ളൂ. 
     ഖുര്‍ആനിന്റെ മൊത്തം ആശയംകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കേണ്ട വിധം വിശ്വസിക്കാത്തവര്‍, ഖുര്‍ആന്‍ സ്വീകരിക്കുകയും നബിവചനം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്റെ ദൂതന്‍മാരില്‍ ചിലരെ സ്വീകരിക്കുകയും മറ്റു ചിലരെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍, ഖുര്‍ആന്‍ സൂക്തങ്ങള്‍ ചിലത് സ്വീകരിക്കുകയും ചിലത് തള്ളിക്കളയുകയും ചെയ്യുന്നവര്‍, മക്കയിലവതരിപ്പിക്കപ്പെട്ട സൂക്തങ്ങള്‍ സ്വീകരിക്കുകയും മദീനയിലുള്ളത് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍-ഇവരൊക്കെയാണ് സത്യനിഷേധികള്‍ അഥവാ കാഫിര്‍ എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ള കാര്യം. ആമിനത്താത്തയും സൈദാലിക്കയും ഒരുപക്ഷേ ഇക്കൂത്തില്‍പ്പെട്ടാലും രാമനൊരിക്കലും കാഫറാവുകയില്ല. ഖുര്‍ആന്‍ അംഗീകരിക്കുകയോ അംഗീകരിക്കുന്നുവെന്നവകാശപ്പെടുകയോ ചെയ്യുന്ന ആളല്ലല്ലോ രാമന്‍. ആയതിനാല്‍ 'കാഫിറി'നെക്കാളും ഉചിതമായ പ്രയോഗം 'ഹിമാര്‍'എന്നുതന്നെയാണ് എന്നാണ് എന്റെ പക്ഷം.

മിസ്റ്റര്‍:OAB/ഒഎബി & മറ്റു ചിലര്‍
 

   താങ്കളുടെ നിലപാടിനോട് വിയോജിക്കുന്നു. കൂലിപ്പണിക്കാരടക്കമുള്ള എല്ലാവരും ഈ സമൂഹത്തില്‍ ജീവിക്കുന്നവരാണ്. ജന്മനാ ആരും കൂലിപ്പണിക്കാരോ ഉദേ്യാഗസ്ഥരോ കണ്ടക്ടറോ ഗള്‍ഫുകാരോ ആകുന്നില്ല. ഞാന്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറായി പെന്‍ഷന്‍പറ്റിയ ആളാണ്. എന്റെ ഒരനുജന്‍ കൂലിപ്പണിക്കാരനാണ്. ഒരനിയന്‍ ഗള്‍ഫുകാരനാണ്. ഒരു ഏട്ടന്‍ ആദ്യം കൂലിപ്പണിക്കാരനായിരുന്നു. പിന്നീട് മിലിട്ടറിക്കാരനായി. മറ്റൊരു ഏട്ടന്‍ തെങ്ങുകേറ്റവും കള്ളുെചത്തും ചാരായ/കള്ളുഷാപ്പിലെ പണിയും ചെയ്തിട്ടുണ്ട്. നാട്ടുകാരെ മുഴുവനും സ്വന്തക്കാരായി കണക്കാക്കാന്‍ എനിക്കു സാധിക്കില്ലെങ്കിലും എന്റെ സഹോദരങ്ങളെയെങ്കിലും എനിക്ക് സ്വന്തക്കാരായി കണക്കാക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ഉദേ്യാഗസ്ഥനായതിന്റെ പേരില്‍ ഇന്നെനിക്ക് ബ്‌ളോഗെഴുതിയിരുന്നാലും ബഡായി പറഞ്ഞിരുന്നാലും നികുതിപ്പണം പെന്‍ഷന്‍ വകയില്‍ കിട്ടുന്നുണ്ട്. എന്റെ ഈ അവസ്ഥയും കൂലിപ്പണിക്കാരനായ അനിയന്റെ അവസ്ഥയും ഞാന്‍ താരതമ്യം ചെയ്യുന്നുണ്ട്. ഇതുകൊണ്ടുകൂടിയായിരിക്കണം മിക്കവര്‍ക്കും ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ എനിക്കെഴുതേണ്ടി വരുന്നത്. വീടുപണി ചെയ്യിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഞാനിപ്പോള്‍ ശരിക്കും അനുഭവിക്കുന്നുണ്ട്. സെന്‍ട്രിങ്ങിന് തട്ടടിക്കാന്‍ നാളെ (വെള്ളിയാഴ്ച) വരാമെന്നു ഉറപ്പു പറഞ്ഞവര്‍ വന്നത് ശനിയാഴ്ചയാണ്. (ഇതിനു മുമ്പും ഇങ്ങനെ പറഞ്ഞ് പല തവണ പറ്റിച്ചിട്ടുണ്ട്). ശനിയാഴ്ച വന്നവരുടെ കൂട്ടത്തിലുള്ളവനും എനിക്കു നേരത്തെ പരിചയമുള്ളവനുമായ റഹീമിനോട്, 'വെള്ളിയാഴ്ച എന്തേ വരാതിരുന്നത്' എന്നു ചോദിച്ചു. 'നാട്ടിലെ പള്ളിയില്‍ കൂടാന്‍'എന്നാണവന്‍ മറുപടി പറഞ്ഞത്. വ്യാഴം കഴിഞ്ഞാല്‍ വെള്ളിയാണെന്ന് ഇന്നലെ അറിയുമായിരുന്നില്ലേ എന്നും എന്തുകൊണ്ട് വരാന്‍ സാധിക്കാത്ത വിവരം വിളിച്ചു പറഞ്ഞില്ലെന്നും രാവിലെ ഭക്ഷണമൊക്കെ ഒരുക്കി വച്ച് ആളെ പറ്റിച്ചിട്ട് പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചിട്ട് യാതൊരു കാര്യമില്ലെന്നും നിങ്ങളെപ്പോലുള്ളവരുടെ പ്രര്‍ത്ഥന പടച്ചോന്‍ കേള്‍ക്കില്ലെന്നുമൊക്കെ ഞാനവനോട് പറഞ്ഞു. അത് കേട്ട് അവന്‍ തല താഴ്ത്തി നിന്നു. മോശമായി സംസാരിച്ചതിന്റെ പേരില്‍ എനിക്ക് പിന്നീട് സങ്കടവും വന്നു.

    ഞാന്‍ എന്റെ മക്കളെ മാത്രമേ സ്വന്തം മക്കളായി കണക്കാക്കുന്നുള്ളൂ. പക്ഷേ, റഹീമിന്റെ ബാപ്പയ്ക്കും ഉമ്മയ്ക്കും അവന്‍ സ്വന്തം മകന്‍ തന്നെയാണല്ലോ. ഈ സത്യമെങ്കിലും എനിക്ക് അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ലല്ലോ. ദേഷ്യം വന്ന് അല്പം മോശമായി സംസാരിച്ചാലും മനസ്സിന്റെ കോണില്‍ സ്‌നേഹത്തിന്റെ ഒരു തരി ആ കുട്ടിയോട് കാണിക്കാതിരിക്കാനെങ്ങനെ സാധിക്കും? ഞാനെന്റെ ഭാര്യയോട് പറഞ്ഞു റഹീമിനെ മുലപ്പാല്‍ മണക്കുന്നുവെന്ന്. റഹീമിന്റെ പ്രായം കേവലം 19 വയസ്സ്. (വയസ്സ് 19 ആയെങ്കിലും അതിനനുസരിച്ച് മൂക്കിന് താഴെ രോമം വളര്‍ന്നിട്ടില്ല. ഇതു കാരണം കണ്ടാല്‍ ഒരു പൈതലിനെപ്പോലയേ തോന്നൂ). റഹീമിനെക്കാള്‍ 3 വയസ്സ് കൂടുതലുള്ള എന്റെ മകന്‍ ഫിസിയോ തെറാപ്പി എന്ന കോഴ്‌സ് പഠിക്കുകയാണ്. പുറമെയുള്ള ഒരാളെ സംബന്ധിച്ചെങ്കിലും എന്റെ മകനും റഹീമും തമ്മിലെന്താണ് വ്യത്യാസം? സാഹചര്യം നേരെ മറിച്ചായിരുന്നുവെങ്കില്‍ എന്റെ മകന്‍ സെന്‍ട്രിങ്ങ് പണിക്കും റഹീം ഫിസിയോ തെറാപ്പി പഠിക്കാനും പോകുമായിരുന്നില്ലേ? ഏറ്റവും ചുരുങ്ങിയത് ഞാന്‍ ഈ സത്യമെങ്കിലും അംഗീകരിക്കുന്നുണ്ട്.
       താങ്കള്‍ താങ്കളുടെ മക്കളോട് ഐട്ടിയും എഞ്ചിനിയറിംഗും പഠിക്കുന്നതിന് പകരം തളപ്പുണ്ടാക്കാന്‍ പറഞ്ഞു. ആത്മാര്‍ത്ഥതയോടെയാണോ താങ്കള്‍ ഇത് പറഞ്ഞത്? തളപ്പിന്റെ പാരമ്പര്യം എനിക്കുണ്ടായിട്ടുകൂടി ഞാന്‍ എന്റെ മക്കളോട് ഇങ്ങനെ പറഞ്ഞിട്ടില്ല;പറയുകയുമില്ല. മാത്രമല്ല തെങ്ങുകയറുന്ന പണിക്ക് യാതൊരു കാരണവശാലും ഞാനവരെ വിടുകയുമില്ല; അരമണിക്കൂറിന് ആയിരം കിട്ടിയാലും; പേരക്കുട്ടികള്‍ക്ക് സൗജന്യമായി സമ്മൂസ കിട്ടിയാലും; മരുമക്കള്‍ക്ക് സൗജന്യമായി മാക്‌സി കിട്ടിയാലും. 
  പണിക്കാര്‍ക്ക് ഭക്ഷണമൊരുക്കി വയ്ക്കുന്നതിന്റെ വെപ്രാളത്തെക്കുറിച്ച് താങ്കള്‍ പറഞ്ഞു. വിയര്‍പ്പൊഴുക്കിയിട്ടല്ലേ അവര്‍ക്ക് ഭക്ഷണം നല്‍കുന്നത്. അതിലെന്തു വെപ്രാളപ്പെടാനിരിക്കുന്നു. ഒന്നുരണ്ടുമാസമായി എന്റെ ഭാര്യയും ഞാനും പണിക്കാര്‍ക്ക് ഭക്ഷണമൊരുക്കുന്നുണ്ട്. അവര്‍ക്ക് നേരത്തിന് ഭക്ഷണം കൊടുക്കണമല്ലോ. അതിനുവേണ്ടി ചില തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ഇതില്‍ കവിഞ്ഞ വെപ്രാളമൊന്നും ഞങ്ങള്‍ അനുഭവിക്കുന്നില്ല. പണിയെടുത്ത് വിയര്‍ത്തു വരുന്നവര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുക എന്ന കാര്യത്തില്‍ ഒരു പ്രതേ്യക തരം ആനന്ദമാണുണ്ടാകാറുള്ളത്. വിരുന്നു വന്ന് ബഡായി പറയുന്ന ബന്ധുക്കള്‍ക്ക് ബിരിയാണിയുണ്ടാക്കുമ്പോളുണ്ടാകാത്ത വെപ്രാളം പണിയെടുത്തവര്‍ക്ക് ഭക്ഷണമുണ്ടാക്കുമ്പോള്‍ ഉണ്ടാകുന്നതെങ്ങനെ?
     കൂലിയുടെ കാര്യം. കൊടുക്കുന്നവരെ സംബന്ധിച്ച് വലിയ സംഖ്യയാണെങ്കിലും കിട്ടുന്നവരെ സംബന്ധിച്ച് അത്ര വലിയ ഭീകര സംഖ്യയൊന്നുമല്ല. ഇനി ഏറ്റവും കുറഞ്ഞ ജോലിയും എറ്റവും കൂടിയ വരുമാനവും കൂലിപ്പണിക്കാര്‍ക്കാണെങ്കില്‍, ഇങ്ങനെ അഭിപ്രായപ്പെടുന്നവര്‍ക്കെന്തുകൊണ്ട് ഈ 'നല്ല ജോലി'സ്വീകരിച്ചുകൂടാ? 
     ജോലിക്ക് ആളെ കിട്ടാത്തതിനെക്കുറിച്ച് പറയുന്നു. ശരിയാണ്, നാം തൊഴില്‍ രഹിതരെക്കുറിച്ച് പറയാറുണ്ട്. അന്യ സംസ്ഥാനങ്ങളിലെ ആള്‍ക്കാരിവിടെ ജോലി ചെയ്യുമ്പോള്‍ ഇവിടെ തൊഴിലില്ലായ്മ ഉണ്ടെന്നു പറയുന്നതിന്റെ അര്‍ത്ഥമെന്ത്? ഈ അവസ്ഥയ്ക്ക് ഒരുപാട് കാരണങ്ങളുണ്ട്. ജോലിയിലെ സുരക്ഷിതത്വമില്ലായ്മ; കൂലിപ്പണിയോടുള്ള സമൂഹിക മനോഭാവം; ജാതി വ്യവസ്ഥയും തൊഴിലും തമ്മിലുള്ള ബന്ധം-ഇങ്ങനെ ഒട്ടനവധി കാരണങ്ങള്‍. ഇതു പഠിച്ച് കാര്യങ്ങള്‍ ശരിയാക്കാന്‍ ശ്രമിക്കാതെ ഇപ്പോള്‍ കൂലിപ്പണി ചെയ്യുന്നവരുടെ മേക്കിട്ടു കയറിയിട്ടെന്തു കാര്യം?
   'ഞാന്‍; നീ', 'പറയാന്‍ ഞാന്‍; കേള്‍ക്കാന്‍ നീ','പ്രസംഗിക്കാന്‍ ഞാന്‍; പ്രവര്‍ത്തിക്കാന്‍ നീ' എന്ന രീതിയിലാണ് നമ്മുടെ പെരുമാറ്റം. കളത്തിനു പുറത്തുനിന്നു കളത്തിനകത്തു നില്‍ക്കുന്നവരെ കുറ്റം പറയാന്‍ നാം വലിയ മിടുക്കാണ് കാണിക്കാറ്. ഞാന്‍ മുമ്പ് ജോലി ചെയ്ത ഓഫീസിലെ ഒരു ചെറുപ്പക്കാരന്‍ ഉദേ്യാഗസ്ഥന്മാരുടെ പായ്യാരം പ്രസംഗിച്ചു. കണ്ടക്ടര്‍ക്ക് എന്താ കൂലി; തെങ്ങുകയറ്റക്കാരന് എന്താ കൂലി; ആശാരിപ്പണിക്കാരന് എന്താ കൂലി എന്നൊക്കെ. ഉടനെ ഞാനൊരു കടലാസ്സ് കയ്യില്‍ കൊടുത്ത് രാജിക്കത്തെഴുതാന്‍ പറഞ്ഞു. മേല്‍പ്പറഞ്ഞ പണികളാണ് ഉദേ്യാഗപ്പണിയെക്കാള്‍ മെച്ചമെങ്കില്‍ ഉദേ്യാഗം രാജി വച്ച് അപ്പണിക്ക് പൊയ്ക്കൂടെ എന്നു ചോദിച്ചു. നല്ലൊരു തിജ്ജനെയും നല്ലൊരു മൂത്താശ്ശാരിയെയും സംഘടിപ്പിച്ചു തരാം; കെ.ടി.എസ്.മുതലാളിയെക്കണ്ട് ബസ്സില്‍ പണി വാങ്ങിത്തരാമെന്നും പറഞ്ഞു. ഇതുകേട്ട ആ പെറ്റിബൂര്‍ഷ്വയുടെ മോന്ത കനത്തു. ആ മോന്തയില്‍ നിന്നാണ് ഞാന്‍ 'കൂറ്'എന്ന കഥ എഴുതിയിത്. ആ കഥയിങ്ങനെ:
വാരാദ്യ മാധ്യമം, 07.01.2007.


കൂറ്

    ''അല്ലാ, സമയം പതിനൊന്നരയായല്ലോ. സൂപ്രണ്ടു സാറിന്നെന്തേ അര മണിക്കൂര്‍ വൈകി? ''
     ''ഒന്നും പറയേണ്ടെന്റെ സുരേഷേ. ചെറിയൊരു മരാമത്തു പണിയുണ്ടായിരുന്നു. മരപ്പണിക്കാരനെ കാത്തു കാത്തു മടുത്തു. ഇന്നാ അവന്‍ എഴുെന്നള്ളിയത്. എന്താ അവരുടെയൊക്കെയൊരു ഗമ. വന്നപ്പൊ സമയം ഒമ്പതു മണി കഴിഞ്ഞു. എത്രയാ കൂലിയെന്നോ മുന്നൂറ്റമ്പത്. ചെലവ് പുറമെ. പണ്ടൊക്കെ കഞ്ഞിയും പടുകറിയുമൊക്കെ കൊടുത്താല്‍ മതിയായിരുന്നു. ഇന്നു ചോറും സാമ്പാറും ഉപ്പേരിയും പപ്പടവുമൊന്നും പോരാ. മീന്‍ പൊരിച്ചതില്ലെങ്കില്‍ മോന്ത കനക്കും. എന്നാ പണി ചേയ്യേ്വാ. തട്ടിമുട്ടി നേരം കളയും. നാലുമണിയായാല്‍ വാച്ചില്‍ നോക്കാന്‍ തുടങ്ങും. അഞ്ചാവുന്നതിനു മുമ്പ് ഡ്രസ്സ് മാറാന്‍ തുടങ്ങും. ഒരു കൂറും ഇല്ലാത്ത സാധനങ്ങള്‍. ഒന്നും പറയാതിരിക്കുകയാ ഭേദം '''
..........................
..........................

' ങാ! ഞാനിന്ന് അര മണിക്കൂര്‍ നേരത്തേ ഇറങ്ങുകയാ. മൂന്നര മണിക്കുള്ള ബസ്സില്‍ പോകണം. അവന്‍ ഡ്രസ്സു മാറാന്‍ തുടങ്ങുന്നതിന് മുമ്പ് എത്തണം. ങാ, പിന്നൊരു കാര്യം. മിനിഞ്ഞാന്നും ഇന്നലെയും വന്ന ആ കക്ഷി സര്‍ട്ടിഫിക്കറ്റിന് ഇന്നും വന്നേക്കും. അപേക്ഷ കൊടുത്താലപ്പത്തന്നെ കിട്ടണമെന്നാ അവന്റെയൊക്കെ വിചാരം. രണ്ടു ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞേക്ക്. ഞാനിറങ്ങുന്നു ''

......................
    'കാര്യം കാണാന്‍'എന്ന കഥയ്ക്ക് ലഭിച്ച കമന്റുകളില്‍ നിന്നു നമ്മുടെ സമൂഹത്തിന്റെ പൊതുബോധം മനസ്സിലാക്കാവുന്നതാണ്. 33 പേര്‍ അഭിപ്രായമെഴുതിയില്‍ കൂതറHashim എന്ന ബ്‌ളോഗര്‍ മാത്രമാണ് ഹൃദയത്തില്‍ കൈ വച്ച് എഴുതിയത്.  ഇസ്മായില്‍ കുറുമ്പടി (തണല്‍)  എന്ന ബ്‌ളോഗര്‍ ഹൃദയത്തില്‍ പാതി കൈ വച്ചും എഴുതി. നമ്മുടെ സമൂഹം എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ ഒന്നാംതരം തെളിവാണിത്. കുറെപ്പേര്‍ സ്ഥിരമായി കൂലിപ്പണി ചെയ്യാനും മറ്റു കുറെപ്പേര്‍ സ്ഥിരമായി കൂലിപ്പണി ചെയ്യിപ്പിക്കാനും എന്നാണ് മനസ്സിലിരുപ്പ്.
   സെന്‍ട്രിങ്ങ് പണിക്കാരനായ റഹീം കടലാസ്സില്‍ നിന്നു വെട്ടിയവനോ? കുറച്ചു നേരമെങ്കിലും അവനവളിസത്തില്‍ നിന്നു ഒഴിവായി നമുക്കൊന്ന് മാറി ചിന്തിക്കാം. റഹീം എന്റെ പൊന്നുമോനാണ്, അല്ലെങ്കില്‍ റഹീം എന്റെ കുഞ്ഞനുജനാണ്. ഇങ്ങനെയുള്ളൊരു പൊന്നുമോന്‍/കുഞ്ഞനുജന്‍ ആരാന്റെ വീട്ടില്‍ സെന്‍ട്രിങ്ങ് പണിക്ക് പോയാല്‍ അവന് 101 രൂപ കൂലിയും രണ്ടു നേരം കാടിവെള്ളവും കൊടുക്കണമെന്നാണോ പറയുന്നത്?

    പിന്‍കുറിപ്പ്: ഇന്നത്തെ സമ്പന്നന്‍ നാളെ വെറും യത്തീം. ഇതുപോലെ, ഇന്നത്തെ ബ്‌ളോഗര്‍ നാളത്തെ ബെഗ്ഗറാകില്ലെന്ന് ഉറപ്പിക്കാന്‍ പറ്റുമോ?
    .....................


16 comments:

Pushpamgadan Kechery said...

ഇനി ഞാനായിട്ട് ഒന്നും പറയുന്നില്ല .
എല്ലാം നല്ലതിനാണെന്ന് കരുതുന്നു .
വിമര്‍ശനം ഉണ്ടാവുംപോഴാണല്ലോ കൂടുതല്‍ നന്നാക്കാനാവുന്നത്!
ആശംസകള്‍ ............

ശ്രീനാഥന്‍ said...

ഒരു ജാതി ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് താങ്കൾ വായനക്കാരനെ ബുദ്ധിമുട്ടിക്കുന്നു!

ഷബീര്‍ - തിരിച്ചിലാന്‍ said...
This comment has been removed by the author.
ഷബീര്‍ - തിരിച്ചിലാന്‍ said...

ഹിമാര്‍ എന്നോ കാഫിറെന്നോ ഞാന്‍ എഴുതുംബോള്‍ അതിന്റെ ശരിയായ അര്‍ഥതലങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല, ശ്രമിച്ചിട്ടുമില്ല. നാട്ടിന്‍പുറത്തെ പൊതുവായ ഒരു പ്രയോഗം എന്നതിലുപരി അതില്‍ മറ്റൊന്നും ഇല്ല. താങ്കള്‍ക്ക് താങ്കള്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ ചിന്തിക്കാം. അത് വായനക്കാരന്റെ അവകാശമാണ്.

"പിന്‍കുറിപ്പ്: ഇന്നത്തെ സമ്പന്നന്‍ നാളെ വെറും യത്തീം. ഇതുപോലെ, ഇന്നത്തെ ബ്‌ളോഗര്‍ നാളത്തെ ബെഗ്ഗറാകില്ലെന്ന് ഉറപ്പിക്കാന്‍ പറ്റുമോ?"

ഇല്ല.. ഒരിക്കലും ഉറപ്പിക്കാനാവില്ല. ഇന്നത്തെ ബെഗ്ഗര്‍ നാളെ ബ്ലോഗറായെന്നും വരാം...

ponmalakkaran | പൊന്മളക്കാരന്‍ said...

എന്തോ, കൂറ് വായിച്ചപ്പോള്‍ ആരെയൊക്കെയോ മനസ്സില്‍ കണ്ടു. അതില്‍ എന്റെ പ്രതിച്ഛായയും ഉണ്ടായിരുന്നു ഉറപ്പ്‌......! റഹീമിനെ പോലെയുള്ളവരുടെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് വീട് പണി നടക്കുമ്പോള്‍ ജോലിക്കുവന്നിരുന്ന ഒരു അച്ഛനും മകനും അതില്‍ മകന് പഠിക്കുന്ന എന്റെ മകളെക്കാള്‍ ചെറുപ്പമായിരുന്നു.

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഒന്നും പറയാനില്ല ........വീണ്ടും വരും ഒന്നും കൂടി വായിക്കാന്‍

Unknown said...

രണ്ടു കഥകളും വായിച്ചു, ഇപ്പോള്‍ ഇതും.

ajith said...

അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന ഒരു പ്രദേശം പോലത്തെ വിഷയം. സുദീര്‍ഘമായ പോസ്റ്റ് വായിച്ചു...No comments

അതിരുകള്‍/പുളിക്കല്‍ said...

എത്ര വലിയ ആദര്‍ശങ്ങള്‍ പറയുന്നവനും സ്വന്തം കര്യം സിന്ദാബാദ് വിക്കുന്നവരാണ്.ഈ പരയൂന്ന ഞാനും നീയും...നിഷേധിക്കാന്‍ കഴിയില്ല..ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍.

ശ്രീജിത് കൊണ്ടോട്ടി. said...

വായിച്ചു...

Villagemaan/വില്ലേജ്മാന്‍ said...

മാഷെ .പോസ്റ്റ്‌ വായിച്ചു...കാര്യങ്ങള്‍ വെട്ടി തുറന്നു പറയുന്ന ആ രീതിയുണ്ടല്ലോ..അതിഷ്ടായി.

Villagemaan/വില്ലേജ്മാന്‍ said...
This comment has been removed by the author.
Lipi Ranju said...

മാഷേ... പറഞ്ഞതിനോടെല്ലാം യോജിക്കുന്നു....

ജയരാജ്‌മുരുക്കുംപുഴ said...

paranjathellam valare shariyanu.... yadarthyangale nammal thirichariyuka thanne venam.....

ആര്‍ദ്ര ആസാദ് / Ardra Azad said...

വായിച്ചു.

Mohamedkutty മുഹമ്മദുകുട്ടി said...

കൂതറയുടെ കമന്റിനെപ്പറ്റിയുള്ള പരാമര്‍ശത്തിലൂടെ ഇവിടെയെത്തി ഈ പോസ്റ്റ് മാത്രം വായിച്ചു. പറഞ്ഞതില്‍ അല്പം കഴമ്പുണ്ടെന്നു തോന്നി.പിന്നെ മനസ്സിലാവാത്ത കുറെ കാര്യങ്ങളുണ്ട്. അതു മനസ്സിലാവണമെങ്കില്‍ മറ്റു പോസ്റ്റുകളും കൂടി വായിക്കണം. ഇനിയൊരിക്കലാവട്ടെ.