My Blog List

Friday, April 29, 2011

മൗലവി തന്ന ഇരുപതിനായിരം

       ഞാന്‍ മലപ്പുറത്ത് എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന കാലം. അന്ന് മുഖ്യമന്ത്രി എ.കെ.ആന്റണിയാണ്. പട്ടിണി കിടക്കുന്ന എത്രയോ പട്ടികജാതിക്കാരെയും പട്ടികവര്‍ഗ്ഗക്കാരെയുമൊക്കെ കണ്ടില്ലെന്ന് നടിച്ച് പട്ടിണി കിടക്കുന്ന ഏതാനും നമ്പൂതിരിമാരുടെ സങ്കടങ്ങള്‍ പര്‍വ്വതീകരിച്ചുകൊണ്ട് എ.കെ.ആന്റണി കുടമാളൂരില്‍ ഒരു കാപട്യ പ്രസംഗം നടത്തുകയുണ്ടായി. എ.കെ.ആന്റണിയുടെ ഈ സവര്‍ണ മനസ്സിനെ ചോദ്യം ചെയ്ത് 'എ.കെ.ആന്റണി കുടമാളൂരില്‍ കണ്ട കാഴ്ചകള്‍'എന്ന തലക്കെട്ടിലൊരു ലേഖനം ഞാന്‍ 'സമീക്ഷ'യില്‍ എഴുതുകയുണ്ടായി. ആ ലേഖനം 'സമീക്ഷ'യിലേക്ക് പോസ്റ്റു ചെയ്തു ഓഫീസിലേക്ക് തിരിച്ചു പോവുകയായിരുന്നു ഞാന്‍. ഓഫീസ് സമയം പാലിക്കുന്നതില്‍ ഒരുതരം തീവ്രവാദ നിലപാട് സ്വീകരിച്ചിരുന്നതിനാല്‍ 2 മണിക്ക് ഓഫീസിലെത്താന്‍ വേണ്ടി, പൊതുവെ നീളക്കൂടുതലുള്ള കാല് അതിലേറെ നീട്ടി വലിച്ച് നടക്കുകയായിരുന്ന ഞാന്‍. അപ്പോഴാണ് മലപ്പുറം കെ.എസ്.ആര്‍.ടി.സി.ക്ക് മുമ്പിലുള്ള പൊതുപൈപ്പിന്റെ മുമ്പില്‍ ഒരു വൃദ്ധന്‍ കുമ്പിട്ടു നില്‍ക്കുന്നതു കണ്ടത്. വേഷം വെള്ളക്കുപ്പായം മാത്രം. ഞാനയാളെ ഒന്നു നോക്കുക മാത്രം ചെയ്ത് ഓഫീസ് ലക്ഷ്യമാക്കി കുറച്ച് മുമ്പോട്ടേക്കു നടന്നു. മനസ്സിലൊരു തിരയിളക്കം അനുഭവപ്പെട്ടു. ഞാനവിടെ നിന്നു. യഥാര്‍ത്ഥത്തില്‍ കഷ്ടപ്പെടുന്നവരുടെ വേദനകള്‍ക്കെതിരെ നിലപാടെടുത്ത മുഖ്യമന്ത്രി എ.കെ.ആന്റണിയെ അതിരൂക്ഷമായി വിമര്‍ശിച്ചെഴുതിയ ലേഖനം പോസ്റ്റു ചെയ്ത് വരുന്ന ഞാന്‍ ഇതുപോലൊരു കാഴ്ച കണ്ടിട്ട് അത് ഗൗനിക്കാതെ പോകുന്നത് തെറ്റല്ലേയെന്ന് എന്റെ മനസ്സ് അല്പം ലാഘവത്തോടെ എന്നോട് ചോദിച്ചു. ഒരു അര്‍ദ്ധ മനസ്സോടെ ഞാന്‍ തിരിച്ചു നടന്ന് ആ വൃദ്ധന്റെ മുന്നിലെത്തി. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്തോ പ്രശ്‌നത്തിന്റെ പേരില്‍ ജില്ലാ പോലീസ് സൂപ്രണ്ടിനെ കാണാന്‍ വന്നതായിരുന്നു അദ്ദേഹം. ഒരു ഹോട്ടലില്‍ നിന്നു ഊണു കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ വയറിളകി. വയറിളകി മലിനമായ അടിവസ്ത്രവും മുണ്ടും ഊരി കയ്യില്‍ പിടിച്ച് വെള്ളമില്ലാത്ത പൈപ്പിന്റെ മുന്നില്‍ നില്‍ക്കുകയാണ് ആ പാവം വൃദ്ധന്‍. വളരെയധികം ഇറക്കമുള്ള കുപ്പായം വൃദ്ധന്റെ നഗ്നതയെ മറച്ചിരുന്നു മനസ്സില്ലാ മനസ്സോടെ ഞാന്‍ അദ്ദേഹത്തിന്റെ കൈ പിടിച്ച് കെ.എസ്.ആര്‍.ടി.സി.യുടെ മൂത്രപ്പുരയിലേക്ക് പോയി. പൈപ്പില്‍ നിന്നു ചിരട്ടയില്‍ വെള്ളമെടുത്ത് ഞാന്‍ ഒഴിച്ചു കൊടുക്കുകയും അദ്ദേഹം മലിനപ്പെട്ട ഭാഗങ്ങള്‍ കഴുകി വൃത്തിയാക്കുകയും ചെയ്തു. മലിനപ്പെട്ട വസ്ത്രങ്ങളും ഒരുവിധം കഴുകി വൃത്തിയാക്കി അത് ഉണക്കാനിട്ടു. ഞാന്‍ അദ്ദേഹത്തിനോട് യാത്ര പറഞ്ഞ് ഓഫീസിലേക്ക് പോവുകയും ചെയ്തു.
       സത്യം പറയാമല്ലോ, എന്റെ ഉള്ളിന്റെയുള്ളിലുള്ള കാരുണ്യമല്ല എന്നെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്. അങ്ങനെയായിരുന്നുവെങ്കില്‍ ആ വൃദ്ധനെ കണ്ടയുടനെ മറ്റൊന്നും ചിന്തിക്കാതെ ഞാന്‍ അദ്ദേഹത്തിന്റെ അരികില്‍ എത്തുമായിരുന്നു. പ്രസംഗവും(എഴുത്തും)തമ്മില്‍ ബന്ധം വേണ്ടേ എന്ന ചെറിയ തോന്നലാണ് എന്നെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്. എന്നിലുള്ള മോശക്കാരനെ നന്നാക്കിക്കൊണ്ടുവരുന്നതില്‍ ഇതുപോലുള്ള സംഭവങ്ങള്‍ കാരണമായിട്ടുണ്ട്. ഞാനെഴുതിയ ചില കൊച്ചുകഥകളും ലേഖനങ്ങളും എനിക്കുനേരെ ചിലപ്പോള്‍ കണ്ണുരുട്ടാറുണ്ട്. എന്നിലൊരു അഹങ്കാരമുണ്ടായിരുന്നു. മറ്റുള്ളവരെ സഹായിക്കുന്നതില്‍ 'ഞാനാരാ മോന്‍'എന്ന്. ഈ അഹങ്കാരം ഇപ്പോള്‍ കുറഞ്ഞുവരുന്നുണ്ട്. ഇതിന് എന്നെ പ്രേരിപ്പിച്ചത് ഒരു മൗലവിയുമായുള്ള ബന്ധമാണ്.
            ഈ മൗലവിയുടെ ഒരുപാട് പണം എന്റെ കൈ വഴി പാവങ്ങളിലെത്തിയിട്ടുണ്ട്. എല്ലാ മാസവും മൗലവി എനിക്ക് 1000 രൂപ തരാറുണ്ട്. അപകടത്തില്‍പ്പെട്ട് കിടക്കുന്ന രണ്ടു വ്യക്തികള്‍ക്ക് 500 വീതം നല്‍കാനാണിത്. ഈ രണ്ടു കുടുംബങ്ങള്‍ ഏതാണെന്നൊന്നും മൗലവിക്കറിയില്ല. രണ്ടും അമുസ്ലീം കുടുംബങ്ങളാണ്.  മുണ്ടുപറമ്പിലെ മാതൊടി  ബാലന്‍  വഴിയാണ് ഈ പണം അവരിലെത്തുന്നത്. ഇതിലൊരാള്‍ക്ക് ഇതുവരെയായി 19,000 രൂപയും രണ്ടാമത്തെ ആള്‍ക്ക് 15,000 രൂപയും നല്‍കി. ഈ മാസം വിഷുവായതിനാല്‍ അടുത്ത മാസത്തേക്കുള്ളതുകൂടി കൂട്ടി 1000 രൂപ വീതം കൊടുക്കാമെന്ന് ഞാന്‍ ബാലനോട് പറഞ്ഞു. ബാലന്‍ അവര്‍ക്ക് 1000 വീതം നല്‍കുകയും ചെയ്തു. പിന്നീട് ഞാനൊന്നു ചിന്തിച്ചു നോക്കി. 'മൗലവി തരാനും ശങ്കരനാരായണന്‍ കൊടുക്കാനും' എന്ന രീതി ശരിയല്ലല്ലോ. മറ്റൊരു കൂട്ടര്‍ക്ക് കൊടുക്കാനുള്ള സഹായധനമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മൗലവി തന്ന 20,000 രൂപ അപ്പോഴും എന്റെ ബാഗില്‍ കിടക്കുന്നുണ്ടായിരുന്നു. പണിയൊന്നും ചെയ്യാതെ വലിയ സംഖ്യ പെന്‍ഷന്‍ വാങ്ങുന്ന എനിക്കും വലപ്പോഴുമൊരു സഹായം ചെയ്തുകൂടെ? ചിന്തിച്ചപോലെത്തന്നെ ചെയ്യാന്‍ തീരുമാനിക്കുകയും ഇക്കാര്യം ഞാന്‍ ബാലനോട് പറയുകയും ചെയ്തു. ഇനി പറയുന്നത് മൗലവി തന്ന ആ 20,000 രൂപയെക്കുറിച്ചാണ്. 
  ദാന-ധര്‍മ്മങ്ങള്‍ ചെയ്യേണ്ടത് അതിന് അര്‍ഹതപ്പെട്ടവര്‍ക്കാണ്. അതിന് ജാതിയും മതവുമൊന്നും നോക്കാന്‍ പാടില്ല. മുസ്ലീങ്ങളെയല്ല, മനുഷ്യരെയാണ് ഖുര്‍ആന്‍ സംബോധന ചെയ്യുന്നത്. ആയതിനാല്‍ ഇക്കാര്യത്തില്‍ മനുഷ്യരെയാണ് പരിഗണിക്കേണ്ടത് എന്നാണ് മൗലവി പറയാറ്. സക്കാത്ത് ചെയ്യുന്നതിന് മതം പരിഗണിക്കുന്നത് ദൈവീക മാര്‍ഗ്ഗത്തിനെതിരാണെന്നും അവര്‍ യഥാര്‍ത്ഥ മനുഷ്യരല്ലെന്നും മൗലവി ഖുര്‍ആന്‍ സമര്‍ത്ഥിച്ചുകൊണ്ടുതന്നെ പറയാറുണ്ട്. റമദാന്‍ മാസത്തില്‍ നോമ്പ് ഒഴിവാക്കാന്‍ അനുവാദമുള്ള സന്ദര്‍ഭങ്ങളുണ്ട്. പക്ഷേ, ഇങ്ങനെ ഒഴിവാക്കുന്ന നോമ്പിന് സക്കാത്തിന്റെ രൂപത്തിലുള്ള പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് മൗലവി എന്നെ 20,000 രൂപ ഏല്‍പ്പിച്ചത്. 10,000 സ്വന്തം കുടുംബത്തിന്റെ വകയായും 10,000 മറ്റൊരു കുടുംബത്തിന്റെ വകയായും.
      ആദിവാസികള്‍ക്ക് വസ്ത്രങ്ങളും അരിയും മറ്റും നല്‍കണമെന്നു പറഞ്ഞാണ് 20,000 എന്നെ ഏല്‍പ്പിച്ചത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചെക്കുന്നിലെ മൈലാടിയില്‍ ആദിവാസികള്‍ താമസിക്കുന്നുണ്ട്. ഞാന്‍ രണ്ടു തവണ മൈലാടിയില്‍ പോയിട്ടുണ്ട്. അവരോട് സ്‌നേഹമുള്ള ഒരു കുടുംബം മൈലാടിയുടെ താഴ്‌വാരത്ത് താമസിക്കുന്നുണ്ട്. കുന്നത്ത് പരമേശ്വരേട്ടന്റെ കുടുംബം. ആള്‍ വേഴക്കോട് എസ്.എന്‍.ഡി.പി. ശാഖയുടെ ഭാരവാഹിയും ഗുരുദേവ ക്ഷേത്രത്തിന്റെ പൂജാരിയും നടത്തിപ്പുകാരനുമാണ്. (ഈ എസ്.എന്‍.ഡി.പി.ക്കാരന്‍  'തിയ്യ ബ്രാണ്ഹ്മണന്‍' അല്ല. ഒരു സാധാ എസ്.എന്‍.ഡി.പി.ക്കാരന് ആദിവാസികളെ സ്‌നേഹിക്കാനെങ്ങനെ സാധിക്കും? അയിത്തത്തിന്റെ പേരില്‍ ചാണകം തളിച്ച നീചന്മാരുടെ നീച മനസ്സുകള്‍ക്കെതിരെ ഒരു പ്രതിഷേധ യോഗം കഴിഞ്ഞ 25 ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചൂളാട്ടിപ്പാറയില്‍ നടക്കുകയുണ്ടായി. അത് സംഘടിപ്പിച്ചത് പരമേശ്വരേട്ടനാണ്). 
        കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നിന്ന് ആദിവാസികള്‍ക്കുള്ള വസ്ത്രങ്ങള്‍ വാങ്ങി. ഞാനും പരമേശ്വരേട്ടനും പരമേശ്വരേട്ടന്റെ മക്കളായ അനിമോളും ഇന്ത്യാമോളും (അനിമോളുടെ നാലു വയസ്സുകാരന്‍ മകന്‍ സനുട്ടനും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഉച്ചയ്ക്കുള്ള ഒഴിവു സമയം നോക്കി സനുട്ടന്റെ അച്ഛനും ഉദ്യോഗസ്ഥനുമായ സുരേഷും കാല്‍ മണിക്കൂര്‍ സമയം ഞങ്ങളോടൊപ്പം ചെലവിട്ടു) ചേര്‍ന്നാണ് തുണികള്‍ വാങ്ങിയത്. അനിമോള്‍ക്ക് കോളനിയിലെ എല്ലാ കുടുംബങ്ങളെക്കുറിച്ചും ഓരോ വ്യക്തികളെക്കുറിച്ചും വ്യക്തമായി അറിയാമായിരുന്നു. അനിമോള്‍ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമാണ് ഞങ്ങള്‍ തുണികള്‍ വാങ്ങിയത്. കുട്ടികള്‍ ആരുടെതായാലും കുട്ടികള്‍ തന്നെ. അതുകൊണ്ട് സനുട്ടനും വാങ്ങി ഒരു ട്രൗസറും കുപ്പായവും. തുണികള്‍ക്ക് മാത്രം 15,000 രൂപയിലേറെയായി. ഇനി ചുരിദാറും മറ്റും തുന്നിക്കണം. അതിന് ഒരു ടൈലറെ പരമേശ്വരേട്ടന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഒരു കുടുംബത്തിന് 5 കിലോ വീതം അരിയും കുറച്ച് പരിപ്പും ഒരു കൂട് പപ്പടവും നല്‍കണം. താമസിയാതെ തന്നെ അത് വിതരണം ചെയ്യും.
        തുണി വാങ്ങിയ കാര്യവും ഇതുവരെ ചെലവായ സംഖ്യ സംബന്ധിച്ച കണക്കും ഞാന്‍ മൗലവിയെ ബോധ്യപ്പെടുത്തി. എന്റെ കയ്യിലെ ബില്ലുകള്‍ കണ്ടപ്പോള്‍, 'ബില്ലും കണക്കുമൊന്നും എനിക്ക് കാണേണ്ട. അവര്‍ക്ക് കൊടുക്കാനുള്ളത് അവര്‍ക്ക് കൊടുക്കുക. നിര്‍ബന്ധമായും കുറച്ച് അരിയും നല്‍കണം. 20,000 ത്തിലധികമെത്രയായാലും ചോദിച്ചു വാങ്ങണം' എന്നാണ് മൗലവി പറഞ്ഞത്.
             വലതുകൈകൊണ്ട് കൊടുക്കുന്നത് ഇടതുകൈ അറിയാന്‍ പാടില്ലെന്നാണ് പറയാറ്. പക്ഷേ, കൊടുത്ത കാര്യങ്ങള്‍ പലതുമിവിടെ പറഞ്ഞു. ഇതില്‍ തെറ്റില്ലെന്നാണ് എന്റെ പക്ഷം. ഞാന്‍ കൊടുത്ത കാര്യം ഞാന്‍ തന്നെ പറഞ്ഞു. ചില കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ ചില 'തെറ്റുകള്‍' ചെയ്യേണ്ടി വരും. ഇതിനെ അത്തരത്തിലുള്ളൊരു 'തെറ്റായി' പരിഗണിച്ച് ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മൗലവി ചെയ്ത കാര്യങ്ങള്‍ മൈക്ക് കെട്ടി മൗലവി തന്നെ വിളിച്ചു പറഞ്ഞാലെ തെറ്റാവുകയുള്ളു. ഞാനതു പറഞ്ഞാല്‍ തെറ്റാകില്ല. മാത്രമല്ല, ഇത്തരം ചില അപൂര്‍വ്വ സത്യങ്ങള്‍ മറ്റുള്ളവര്‍ അറിയുക തന്നെ വേണം. യഥാര്‍ത്ഥ ശരി എന്താണെന്ന് തെറ്റിനെ ശരിയായി കാണുന്നവര്‍ തിരിച്ചറിയണം. ബ്‌ളോഗിണിമാരും ബ്‌ളോഗര്‍മാരും എന്തു പറയുന്നു? 
.....................


"പുണ്യം ചെയ്യാന്‍ കാശിയില്‍ പോകേണ്ടതില്ല; ആദിവാസികള്‍ക്ക് ഗുണം ചെയ്താല്‍ മതി "
     നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള വസ്ത്രങ്ങളും അരിയും ആദിവാസികള്‍ക്ക് 02.05.2011 ന് വൈകുന്നേരം വിതരണം ചെയ്തു. ഔപചാരിക ചടങ്ങുകളൊന്നും തന്നെയുണ്ടായിരുന്നില്ല. മൈലാടിയിലെ മക്കളില്‍ ഏറ്റവും പ്രായം കൂടിയ വലിയ ചിരുത എന്നുപേരായ വല്ല്യമ്മയ്ക്കാണ് ആദ്യ വിതരണം നടത്തിയത്. 17 കുടുംബങ്ങളിലായി ചെറിയ കുട്ടികളടക്കം 63 പേരാണ് കോളനിയിലുള്ളത്. ചുരിദാറിനും ബ്‌ളൗസിനും വാങ്ങിയ തുണികള്‍ തുന്നാനായി ഏല്‍പ്പിച്ചു. അളവുകളെടുക്കാനായി പെണ്‍ ടൈലറും സ്ഥലത്തെത്തിയിരുന്നു. പരമേശ്വരേട്ടനും ഭാര്യ വിജയലക്ഷ്മിച്ചേച്ചിയും അനിമോളും ഇന്ത്യാമോളുമൊക്കെച്ചേര്‍ന്ന്, പേരെഴുതി പ്രത്യേകം കവറുകളിലാക്കി വച്ചിരുന്ന തുണികളും വസ്ത്രങ്ങളും ഞങ്ങളെല്ലാവരും ചേര്‍ന്ന് മൈലാടിലെ മക്കള്‍ക്ക് വിതരണം ചെയ്തു. 19,055 രൂപയാണ് ആകെ ചെലവ് വന്നത്. ബാക്കി പണം മൈലാടിയിലെ മക്കള്‍ക്ക് വേണ്ടി ചെലവഴിക്കാനായി പരമേശ്വരേട്ടനെ ഏല്പിച്ചിട്ടുണ്ട്. 
       മൈലാടിയിലെ ഈ മക്കള്‍ക്ക് പരമേശ്വരേട്ടന്റെ വീടുമായി വല്ലാത്തൊരു ആത്മബന്ധമുണ്ട്. പരമേശ്വരേട്ടന്റെ മക്കള്‍ക്കും ഭാര്യ വിജയലക്ഷ്മിച്ചേച്ചിക്കും ആദിവാസികളോട് പൊതു സമൂഹത്തിന് പൊതുവെയുള്ള അറപ്പല്ല അനുകമ്പയാണുള്ളത്. മറ്റു വ്യക്തികളോ സംഘടനകളോ വിതരണം ചെയ്യുന്ന സാധനങ്ങള്‍ പരമേശ്വരേട്ടന്‍ വഴി വാങ്ങുന്നതിലാണ്‌  മൈലാടിയിലെ മക്കള്‍ക്ക് സന്തോഷം. പരമേശ്വരേട്ടന്റെ അമ്മയായ കുഞ്ഞിപ്പെണ്ണമ്മ മരിക്കാറായപ്പോള്‍ മകനെ അടുത്തു വിളിച്ച് മകന് അവസാനമായി ഒരു ആശിര്‍വാദം നല്‍കി. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരമ്മയുടെ തത്ത്വോപദേശമായി കണക്കാക്കാവുന്ന ആ ആശിര്‍വാദവരികളാണ് ഈ കുറിപ്പിന്റെ തലക്കെട്ടില്‍ കൊടുത്തിരിക്കുന്നത്. അമ്മയുടെ പടം ചുമരില്‍ തൂക്കിയിട്ടിരുന്നു. പടത്തിന്റെ താഴെ എന്തോ എഴുതിയത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. അത് വായിച്ചശേഷം, അമ്മയുടെ ഫോട്ടോയ്ക്ക് താഴെ ഈ വരികള്‍ എഴുതാനുണ്ടായ സാഹചര്യം എന്താണെന്ന് പരമേശ്വരേട്ടനോട്  ചോദിക്കുകയും പരമേശ്വരേട്ടന്‍ ആ സാഹചര്യം എനിക്ക് വിവരിച്ചു തരികയും ചെയ്തു. അങ്ങനെയാണ് ഞാനിക്കാര്യം അറിയുന്നത്. ഒരു ശരാശരി അമ്മ ഇങ്ങനെ പറയില്ല. ''അയ്റ്റങ്ങള് നന്നാവൂലെടാ. യ്യ് വെറുതെ കയ്യിലെ കാശ് അയ്റ്റങ്ങക്ക് ചെലവാക്കേണ്ട''എന്നേ ഒരു ശരാശരി അമ്മ പറയുകയുള്ളൂ. പക്ഷേ, കരുണയുടെ അര്‍ത്ഥം തീര്‍ത്തും ഉള്‍ക്കൊണ്ട ഒരമ്മയായിരുന്നു അത്. ഇത്തരം അമ്മമാരും ഇതുപോലുള്ള മക്കളും മരുമക്കളും പേരമക്കളും ഇതു മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സന്മനസ്സുള്ള മൗലവിമാരുമൊക്കെയാണ് നാടിന് ആവശ്യം. 
       'ആദിവാസികള്‍ക്കു ഗുണം ചെയ്താല്‍ മതി' എന്ന് വലിയ മനസ്സിന്റെ ഉടമയായ ആ അമ്മ പറഞ്ഞത്, അവര്‍ കണ്ട മൈലാടി എന്ന ചെറിയ ലോകത്തിലെ അവസ്ഥ വച്ചാണ്. ഇതിന്റെ ആന്തരാര്‍ത്ഥം, 'കഷ്ടപ്പെടുന്നവര്‍ക്ക് ഗുണം ചെയ്താല്‍ മതി' എന്നാണ് എന്നുകൂടി പറഞ്ഞു നിര്‍ത്തട്ടെ.
..................

41 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ദൈവത്തിനും മനുഷ്യനും ഇടയിലുള്ള ഇടനിലക്കാരാണ് മൌലവിമാരും സ്വാമിമാരും മറ്റും. എന്നാല്‍ താന്കള്‍ സൂചിപ്പിച്ച രീതിയിലുള്ള മൌലവിമാര്‍ മാത്രമേ ദൈവത്തെ അറിയുന്നുള്ളൂ.. മറ്റുള്ളവര്‍ വെറും പിമ്പുകള്‍ മാത്രം...

keraladasanunni said...

" ചില അപൂര്‍വ്വ സത്യങ്ങള്‍ മറ്റുള്ളവര്‍ അറിയുക തന്നെ വേണം ".

വാസ്തവം. മൌലവിയെപോലുള്ളവര്‍ സമൂഹത്തിന്ന് വഴിവിളക്കാവുന്നു.

ജഗദീശ്.എസ്സ് said...

സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ മാറ്റാനുള്ളതല്ല. സമൂഹം മാറാനൊന്നും പോകുന്നില്ല. ആ പ്രവര്‍ത്തനങ്ങള്‍ ശരിക്കും നമ്മേ ആണ് മാറ്റുന്നത്. നന്മയിലേക്ക്, കൂടുതല്‍ ശരികളിലേക്ക്.

ajith said...

സന്മനസ്സും ആര്‍ദ്രതയുമുള്ള മനുഷ്യര്‍. അവരല്ലോ ഈ ലോകത്തിന്റെ വെളിച്ചം. നല്ല വാക്കുകള്‍, നല്ല മൌലവി.

ശങ്കരനാരായണന്‍ മലപ്പുറം said...

താങ്കളുടെ ബ്‌ളോഗില്‍ 'വേര്'കണ്ടല്ലോ. പിന്നെന്താ 'പൂവും കായും'നല്‍കാത്തത്?

സുശീല്‍ കുമാര്‍ said...

ആ മൗലവിയുടെ നല്ല മനസ്സിനെ അറിയുന്നു. ഇത്തരം അറിയിക്കലുകള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകതന്നെ ചെയ്യും.

നന്ദി.

hafeez said...

നല്ല മനസ്സുകളെ പരിചയപ്പെടുന്നത് നന്മ ചെയ്യാന്‍ നമ്മയും പ്രേരിപ്പിക്കട്ടെ... ഒരു നല്ല മനസ്സിനെ പരിചയപ്പെടുത്തിയതിനു നന്ദി

ഷെരീഫ് കൊട്ടാരക്കര said...

മൌലവി എന്ന ബിരുദത്തിന് അര്‍ഹതയുള്ള വ്യക്തി.

ponmalakkaran | പൊന്മളക്കാരന്‍ said...

ആ മനുഷ്യസ്നേഹിക്ക് ആശംസകൾ.

ശ്രീജിത് കൊണ്ടോട്ടി. said...

സന്മനസ്സുള്ളവര്‍ക്ക്‌ ഭൂമിയില്‍ സമാധാനം.. :) വക്കം മൌലവിയെ പോലെ മറ്റൊരു മൌലവി..

Kadalass said...

മാത്രകാ പുരുഷൻ

Echmukutty said...

സ്നേഹവും മറ്റൊരാളെക്കുറിച്ചുള്ള പരിഗണനയും എല്ലാവർക്കും ഉണ്ടാകട്ടെ.
ചീത്ത വാർത്തകളുടെ ഈ കാലത്ത് നല്ല വാർത്തകൾ ഇങ്ങനെ കേൾക്കാനാവട്ടെ.

mayflowers said...

മൌലവിമാര്‍ ഒരുപാടുണ്ടെങ്കിലും പ്രവൃത്തിയും പ്രസംഗവും തമ്മില്‍ പൊരുത്തമുള്ളവര്‍ ദുര്‍ല്ലഭമാണ്.
അങ്ങിനെയൊരു വ്യക്തിയെപ്പറ്റി അറിഞ്ഞതില്‍ വളരെ സന്തോഷം.
വലത് കൈ കൊടുക്കുന്നത് ഇടതു കൈ അറിയാന്‍ പാടില്ലെങ്കിലും ചിലയിടത്ത് അറിയുന്നത് നല്ലതാണ്.കാരണം അത് മറ്റുള്ളവര്‍ക്ക് സല്‍പ്രവൃത്തി ചെയ്യാന്‍ പ്രേരണയാകും.
നല്ല പോസ്റ്റ്‌.

ശ്രീനാഥന്‍ said...

എനിക്ക് എന്നെക്കുറിച്ചു ചിന്തിക്കാനൊരവസരം ഈ പോസ്റ്റ് തന്നു. താങ്കൾ പറയുന്ന പോലെ സഹായിക്കുന്നത് ഒരു നൈസർഗ്ഗിക പ്രക്രിയ ആകണം.

saleem babu said...

moulavi enna mahaanubhavan....

saleembabu said...

moulavi enna mahaanubhavan...

santhoo said...

ദാന-ധര്‍മ്മങ്ങള്‍ ചെയ്യേണ്ടത് അതിന് അര്‍ഹതപ്പെട്ടവര്‍ക്കാണ്. അതിന് ജാതിയും മതവുമൊന്നും നോക്കാന്‍ പാടില്ല. മുസ്ലീങ്ങളെയല്ല, മനുഷ്യരെയാണ് ഖുര്‍ആന്‍ സംബോധന ചെയ്യുന്നത്.


sathyam..

santhoo said...

എന്ത് പറയാനാ മാഷെ ഞാന്‍ ചെരക്കപ്പറമ്പില്‍ ആണ്

ഷമീര്‍ തളിക്കുളം said...

ചില ഹൃദയങ്ങള്‍ അങ്ങിനെയാണ്, നന്മ നിറച്ചുവെച് നമ്മെ അത്ഭുതപ്പെടുത്തും.

Manoj vengola said...

എത്ര നല്ല എഴുത്ത്.
എത്ര നല്ല മൌലവി..

Unknown said...

'ഇത്തരം ചില അപൂര്‍വ്വ സത്യങ്ങള്‍ മറ്റുള്ളവര്‍ അറിയുക തന്നെ വേണം'; സത്യം അത് മറ്റുള്ളവരെ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കും.

നല്ല മനുഷ്യരെ പരിചയപ്പെടുത്തിയ നല്ല പോസ്റ്റ്‌.

കുറ്റൂരി said...

ഇവിടെ ഒരു മൗലവിയുടെ സൽവർത്തങ്ങൾക്കപ്പുറം ഒരു വലിയ സന്ദേശമാണ് സമൂഹത്തിനു കൈമാറിയിരിക്കുന്നത്... രണ്ട് സമുദായങ്ങൾ തമ്മിൽ പരസ്പരം കടിച്ചു ക്കിറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനുള്ള ഈ പ്രയത്നം തീർച്ചയായും എന്നെന്നും സ്മരിക്കപ്പെടുന്ന കാര്യം തന്നെയാണ്.
മൗലവിയുടെ പ്രവർത്തങ്ങൾ ..അതെന്തായാലും (നന്മയോ തിന്മയോ എന്തുമാകട്ടെ) അതിന്ന് പ്രതിഫലം നൽകേണ്ടവൻ അത് നൽകും.

മൻസൂർ അബ്ദു ചെറുവാടി said...

ഉള്ളടക്കത്തിലെ ധര്‍മ്മം കൊണ്ട് വളരെ നന്നായൊരു പോസ്റ്റ്‌.

ആര്‍ദ്ര ആസാദ് / Ardra Azad said...

ഈ പോസ്റ്റിന്റെ വായന മനസ്സിനൊരു സുഖം നൽകുന്നു. പോസറ്റീവ് എനർജി നിറക്കുന്ന ഒന്ന്.

ചാർ‌വാകൻ‌ said...

വായിച്ചു.മറ്റുള്ള സുമനസു കളുടെ കാരുണ്യ ത്തിൽ കഴിപോകേണ്ടുന്ന ഒരു ജനത.എന്തുപറയാണ് ഞാൻ.

ഷബീര്‍ - തിരിച്ചിലാന്‍ said...

എനിക്ക് ഇതില്‍ ഏറ്റവും ഇഷ്ടപ്പെട്ട വരി ഇതാണ്,

"യഥാര്‍ത്ഥത്തില്‍ കഷ്ടപ്പെടുന്നവരുടെ വേദനകള്‍ക്കെതിരെ നിലപാടെടുത്ത മുഖ്യമന്ത്രി എ.കെ.ആന്റണിയെ അതിരൂക്ഷമായി വിമര്‍ശിച്ചെഴുതിയ ലേഖനം പോസ്റ്റു ചെയ്ത് വരുന്ന ഞാന്‍ ഇതുപോലൊരു കാഴ്ച കണ്ടിട്ട് അത് ഗൗനിക്കാതെ പോകുന്നത് തെറ്റല്ലേയെന്ന് എന്റെ മനസ്സ് അല്പം ലാഘവത്തോടെ എന്നോട് ചോദിച്ചു."

വലിയ ഒരു സന്ദേശം ആ വാക്കുകളില്‍ ഒളിഞ്ഞ് കിടപ്പുണ്ട്.
എഴുതുന്നതും വായിക്കുന്നതും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...!

ഇതുപോലുള്ള മനുഷ്യസ്നേഹികളായ മൗലവിമാര്‍ ഇനിയും ഉണ്ടാവട്ടെ...

Salim PM said...

"വലതുകൈകൊണ്ട് കൊടുക്കുന്നത് ഇടതുകൈ അറിയാന്‍ പാടില്ലെന്നാണ് പറയാറ്. പക്ഷേ, കൊടുത്ത കാര്യങ്ങള്‍ പലതുമിവിടെ പറഞ്ഞു. ഇതില്‍ തെറ്റില്ലെന്നാണ് എന്റെ പക്ഷം."

തെറ്റല്ലെന്നുമാത്രമല്ല വലിയ ശരിയാണ് താങ്കള്‍ ചെയ്തത്. ദാനധര്‍മ്മങ്ങള്‍ രഹസ്യമായി മാത്രം ചെയ്യാനുള്ളതല്ല; പരസ്യമായും ദാനധര്‍മ്മങ്ങള്‍ ചെയ്യണം എന്നാണ് വിശുദ്ധ ഖുര്‍‌ആന്‍റെ അധ്യാപനം; മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടിയാണത്. ഉദാഹരണമായി രണ്ട് വചനങ്ങള്‍:

"നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അതു നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം." (2: 272)

"രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം ഉണ്ടയിരിക്കുന്നതാണ് (2:275)

comiccola / കോമിക്കോള said...

മനസ്സില്‍ മനുഷ്യനന്മ സൂക്ഷിക്കുന്ന മൌലവിക്കു വണക്കം
ഒപ്പം താങ്കളുടെ എല്ലാ ശ്രമങ്ങള്‍ക്കും ആശംസകള്‍ ..

Villagemaan/വില്ലേജ്മാന്‍ said...

പ്രസംഗവും പ്രവര്‍ത്തിയും രണ്ടാകുന്ന ഈ കാലത്ത് മൌലവിയെപോലുള്ളവരുടെ സദ്‌ കര്‍മ്മങ്ങള്‍ പുറത്തു വരുന്നത് അതോപോലെ ചിന്തിക്കാന്‍ കുറെ പേര്‍ക്ക് എങ്കിലും പ്രേരണ ആകും..

ഇടതു കൈ കൊടുക്കുന്നത് വലതു കൈ അറിയരുത് എന്ന് പറയും..പക്ഷെ ഇടതു കൈ കൊടുക്കുന്നുണ്ട് എന്നറിഞ്ഞു ഏതെങ്കിലും വലതു കൈക്ക് കൊടുക്കാന്‍ സാധിച്ചാലോ ? അതൊരു നല്ല കാര്യമല്ലേ..

മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി ഉണ്ടാവുന്നത് തന്നെ വലിയ കാര്യമാണ്..

നല്ല പോസ്റ്റ്‌ ശങ്കര്‍ ജി..

Hashiq said...

ഇങ്ങനെയും ചില നല്ല മനുഷ്യര്‍.

സുബൈദ said...

മലയാളം ബുലോകമേ നിന്നെ ഇവര്‍ അപമാനിച്ചിരിക്കുന്നു., നീ ലജ്ജിച്ചു തലതാഴ്ത്തുക.

ജയിംസ് സണ്ണി പാറ്റൂർ said...

മൗലവിയുടെ സത് വൃത്തികള്‍ ഒരു
ശങ്കരനാരായണന്‍ ഉത്ഘോഷിക്കുമ്പോള്‍
നന്മയും,സാഹോദര്യവും,സൌഹാര്‍ദ്ദവവും
അഭിമാനത്തോടെ തലയുയര്‍ത്തും.

ജയരാജ്‌മുരുക്കുംപുഴ said...

nanmayulla manushyarude kalam avassanichittilla......

Umesh Pilicode said...

എനിക്കീ വിശുദ്ധ പുസ്തകങ്ങളുമായി വല്യ ബന്ധമൊന്നും ഇല്ല, വാക്കുകള്‍ ഉദ്ധരിക്കാന്‍ .. എന്നാലും മൌലവിയും മാഷും ചെയ്തത് നന്നായി എന്ന് ഞാന്‍ പറയും !!

വീകെ said...

എഴുത്തും നമ്മുടെ പ്രവർത്തിയും തമ്മിൽ ബന്ധമുണ്ടാകുന്നത് നമ്മെ നന്നാക്കാൻ തീർച്ചയായും ഉപകരിക്കും.

മൌലവിയെ പോലുള്ള ധാരാളം ആൾക്കാർ നമ്മുടെയിടയിലുണ്ടാകും. അവരെയൊക്കെ ലോകം അറിയേണ്ടതു തന്നെയാണ്. അവരെ വെളിച്ചത്തു കൊണ്ടു വരാൻ മാഷ് ചെയ്തത് തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. ഇത് മറ്റുള്ളവർക്കും പ്രചോദനമാകട്ടെ.

ആശംസകൾ...

ഭായി said...

നന്മ നിറഞ പോസ്റ്റ്..!!
ആദ്യ ഘട്ടം ഏറെ ഇഷ്ടപ്പെട്ടു. കാരണം, വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധമുണ്ടായിരിക്കാൻ വേണ്ടി താങ്കൾ കഷ്ടപ്പെട്ടത്!

രണ്ടാം ഘട്ടം അതിലേറെ ഇഷ്ടപ്പെട്ടു. നന്മകൾ നിറഞ മനുഷ്യൻ!

നന്മകൾ നേർന്നുകൊണ്ട്....

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കെല്ലാം നന്ദി!

ശ്രീ said...

വളരെ മതിപ്പുളവാക്കിയ ഒരു പോസ്റ്റ് മാഷേ... മാഷിനും മൌലവിയ്ക്കും ഒരു 'ബിഗ് സല്യൂട്ട്'

ഇത് (ഞാനുള്‍പ്പെടെയുള്ള) വായനക്കാര്‍ക്ക് പ്രചോദനമാകുമെന്നുറപ്പ്.

ഇഷ്ടിക ‍ said...

ഈ ലോകം നശിച്ചു പോകാതിരിക്കുന്നത് ഇത്തരം ചില നന്മ മനസ്സുകള്‍ ഉണ്ടായതു കൊണ്ടാണ്. കുറിപ്പുകാരന് നന്ദി.

ചെറുത്* said...

പലപ്പോഴും ഇങ്ങനുള്ള മൌലവിമാരെ സൌകര്യപൂര്‍വ്വം കണ്ടില്ലെന്ന് നടിച്ച്, പരസ്പരം വൈര്യം പ്രകടിപ്പിക്കുന്ന സമുദായങ്ങളെ കുറിച്ചെഴുതാനും സഹതപിക്കാനുമുള്ള താത്പര്യമാണ് കണ്ട് വരാറുള്ളത്. പ്രചോദനപരമായൊരു ലേഖനം മാഷേ. സ്വയം വിമര്‍ശിച്ച് നന്നാവാന്‍ ലേഖകനെപോലെ തന്നെ വായനക്കാര്‍ക്കും കഴിയട്ടെ.

നല്ലത്

അനശ്വര said...

മേലേ കൈ കൊടുക്കുന്നത് കീഴേ കൈ അറിയരുതെന പ്രമാണം ഉൾകൊള്ളുന്നവർ ആരൊക്കെയോ ഉണ്ട് എന്ന് അറിയുന്നതിൽ സന്തോഷം..ആത്മപ്രശംസകളില്ല എന്നത് തന്നെ ഈ ലേഖനത്തിന്റെ മറ്റൊരു മേന്മ..