My Blog List

Wednesday, May 23, 2012

മലബാര്‍ അവഗണന !

കേരളശബ്ദം വാരിക, 20.05.2012.
 
മലബാര്‍ അവഗണനാ വാദം വിഘടന വാദം

       2000 ത്തില്‍ ഞാന്‍ തിരുവനന്തപുരത്തുള്ള വനം വകുപ്പ് ആസ്ഥാനത്ത് ആറുമാസം ജോലി ചെയ്തിട്ടുണ്ട്. മലപ്പുറത്ത് ഭീകരാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും മലപ്പുറത്തെ മുസ്ലീങ്ങള്‍ ഇപ്പോഴും 'മലപ്പുറംകത്തി'യുമായി നടക്കുകയാണെന്നും അമുസ്ലീങ്ങള്‍ക്ക് മലപ്പുറത്ത് ജീവിക്കാന്‍ സാധിക്കില്ലെന്നുള്ളൊരു ധാരണ തെക്കന്‍ കേരളത്തിലെ പലര്‍ക്കും അന്നും ഉണ്ടായിരുന്നതായി അവരുടെ സംസാരങ്ങളില്‍നിന്നു എനിക്കു മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അമുസ്ലീങ്ങള്‍ക്ക് മലപ്പുറത്തു ജീവിക്കാന്‍ പ്രതേ്യക പ്രയാസങ്ങളൊന്നും ഇല്ലെന്നും ഇതൊക്കെ കള്ളപ്രചാരണങ്ങളാണെന്നും നിരന്തരം പറഞ്ഞിട്ടും പലര്‍ക്കും അത് അംഗീകരിക്കുവാന്‍ സാധിച്ചില്ല. മലപ്പുറത്തെക്കുറിച്ച് ഇങ്ങനെയൊരു ധാരണയുണ്ടായത് സവര്‍ണ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായാണ്. എന്നാല്‍, തെറ്റായ ഈ ധാരണകള്‍ ശരിയാക്കി മാറ്റാനുള്ള ചില അണിയറ പ്രവര്‍ത്തനങ്ങള്‍ ചിലരുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുകയാണ്. മലപ്പുറത്തെ കേരളത്തിന്റെ മുഖ്യ ധാരയില്‍നിന്ന് വേര്‍തിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നുവരുന്നു എന്നു വേണം മനസ്സിലാക്കാന്‍. മലബാര്‍ അവഗണിക്കപ്പെടുന്നു എന്ന പേരു പറഞ്ഞാണ് ഈ ശ്രമങ്ങള്‍ നടക്കുന്നത്. മലബാര്‍ അവഗണനയെന്ന മുദ്രാവാക്യം അടിസ്ഥാനപരമായി വിഘടനവാദമാണ്. കാരണം, ഇങ്ങനെയൊരു അവഗണനയില്ലതന്നെ.
       കേരളത്തിന്റെ ഇപ്പോഴത്തെ 'മഹാരാജാവ്' ഉമ്മന്‍ ചാണ്ടിയാണ്. ഇതുകൊണ്ടുതന്നെ തിരുവിതാകൂര്‍ മഹാരാജാവ് എന്നതൊരു സങ്കല്‍പം മാത്രമാണ്. 1949 നവംബര്‍ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിച്ചു. 1956 നവംബര്‍ ഒന്നിന് ഇതിനോടുകൂടി മലബാറും ചേര്‍ന്നു. ഇതോടെ മുമ്പുണ്ടായിരുന്ന ഈ മൂന്നു പ്രദേശങ്ങളും ഇന്ന് ഒരു സങ്കല്‍പം മാത്രമാണ്. ഇതുകൊണ്ടുതന്നെ മലബാറിനെ വേര്‍തിരിച്ചെടുത്ത് അവഗണയും പരിഗണനയും പറയുന്നതില്‍ യാതൊരു യുക്തിയുമില്ല.
      മലബാര്‍ ജില്ലയില്‍ പത്ത് താലൂക്കുകളായിരുന്നു മുമ്പുണ്ടായിരുന്നത്. ചിറക്കല്‍, കോട്ടയം(മലബാര്‍),കുറുമ്പനാട്, വയനാട്, കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പാലക്കാട്, പൊന്നാനി, ബ്രിട്ടീഷ് കൊച്ചി എന്നിങ്ങനെ. പണ്ടത്തെ മലബാറിന്റെ അതിര്‍ത്തി നിര്‍ണയിച്ചാല്‍ അത് തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്തുള്ള ചേറ്റുവ പാലം വരെ എത്തും. കാരണം മലബാറിലുണ്ടായിരുന്ന ബ്രിട്ടീഷ് കൊച്ചി എന്ന പ്രദേശം ചേറ്റുവ പാലത്തിനിപ്പുറമാണ്. മാത്രമല്ല മലബാര്‍ ബോംബെവരെയും എത്തിയേക്കും. എന്തെന്നാല്‍, മലബാര്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമാകുന്നതിന് മുമ്പ് ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നിട്ടുമുണ്ട്. 1792 മാര്‍ച്ച് 18 ന് ശ്രീരംഗപട്ടം സന്ധിയെത്തുടര്‍ന്ന് ടിപ്പുവിന്റെ അധീനതയിലുണ്ടായിരുന്ന മലബാര്‍ പ്രദേശങ്ങള്‍ മുഴുവന്‍ ബ്രീട്ടിഷ് അധീനതയിലാവുകയും ഈ പ്രദേശങ്ങള്‍ ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായി മാറുകയും ചെയ്തിരുന്നു. മലബാറിന്റെ പൂര്‍വ്വ പാരമ്പര്യം നിലനിര്‍ത്തണമെന്നൊരു വാദമുണ്ടായാല്‍ ആകെ സുയിപ്പാകും. വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ ഏതാനും ഭാഗങ്ങളും ഏറനാട് താലൂക്ക് പൂര്‍ണമായും ലയിപ്പിച്ചാണ് 1969 ജൂണ്‍ 16 ന് മലപ്പുറം ജില്ല രൂപീകരിച്ചത്.
         മലബാറില്‍ ആകെ ഇത്ര മെഡിക്കല്‍ കോളേജുകള്‍ ഉള്ളപ്പോള്‍ തിരു-കൊച്ചിയില്‍ അത്ര മെഡിക്കല്‍ കോളേജുകളുണ്ട്. തിരു-കൊച്ചിയില്‍ അത്ര ആനബസ്റ്റേഷന്‍ ഉള്ളപ്പോള്‍ മലബാറില്‍ ഇത്ര ആനബസ്റ്റേഷനെയുള്ളൂ എന്നൊക്കെപ്പറഞ്ഞാണ് സോളിഡാരിറ്റി മലബാര്‍ വിവേചനത്തെപ്പറ്റി പറയുന്നത്. മലബാറിനെ തിരു-കൊച്ചിയുമായി താരതമ്യം ചെയ്യുന്നത് യുക്തിക്ക് നിരക്കുന്നതെങ്ങനെ? തിരു-കൊച്ചിയെ തിരുവിതാംകൂറും കൊച്ചിയുമായിത്തന്നെ കാണണം. ഓരോ ജില്ലയും കൃത്യമായി ഏതു മേഖലയില്‍ വരുമെന്നു പറയുവാന്‍ സാധിക്കുകയില്ല. ഉദാഹരണത്തിന് ഇപ്പോഴത്തെ ഇടുക്കിയുടെ കുറെ ഭാഗങ്ങള്‍ കൊച്ചിയിലും കുറച്ച് ഭാഗങ്ങള്‍ തമിഴ്‌നാട്ടിലും കുറച്ച് ഭാഗങ്ങള്‍ തിരുവിതാംകൂറിലുമാണ് ഉണ്ടായിരുന്നത്. ഒരു ഏകദേശ ധാരണവച്ച് കണക്കാക്കിയാല്‍ തിരുവിതാംകൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളും കൊച്ചിയില്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ മൂന്നു ജില്ലകളും മലബാറില്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ 6 ജില്ലകളുമാണ് വരിക. തിരു-കൊച്ചിയിലെ 8 ജില്ലകളുടെ വികസനത്തെ മലബാറിലെ ആറു ജില്ലകളിലെ വികസനവുമായി താരതമ്യം ചെയ്ത് മലബാറിനെ അവഗണിച്ചുവെന്നു പറയുന്നത് ഏട്ടന് അനിയനെക്കാള്‍ വയസ്സ് കൂടുതലാണെന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നതുപോലുള്ള മണ്ടത്തരമാണ്.
    മലബാറിന്റെ കേന്ദ്രമായി കണക്കാക്കുന്നത് മലപ്പുറത്തിനെയാണല്ലോ. മലബാറിന്റെ വികസത്തെക്കുറിച്ച് പറയുമ്പോള്‍ മലപ്പുറം ജില്ലയുടെ വികസനം എന്താണെന്നു നോക്കിയാല്‍ മതി.
    കൂടുതല്‍ ആശുപത്രികളും ഡോക്ടര്‍മാരുമാണ് ആരോഗ്യത്തിന്റെ മാനദണ്ഡമെങ്കില്‍, അതില്‍ മലപ്പുറം ഒട്ടും പിറകിലല്ല എന്നു മാത്രമല്ല ഏറെ മുന്നിലുമാണ് എന്നതാണ് വാസ്തവം. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകനം 2010 ലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു പട്ടികയാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ഈ പട്ടികയനുസരിച്ച് കാര്യങ്ങളൊന്നു പരിശോധിച്ചു നോക്കാം.
         അലോപ്പതി ചികിത്സാ രംഗത്ത് ഡിസ്‌പെന്‍സറികള്‍, ലെപ്രസി/ടി.ബി.സെന്ററുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തുള്ളത് ആകെ 1254 സ്ഥാപനങ്ങളാണുള്ളത്. അതായത് സംസ്ഥാനത്തെ ജില്ലാ ശരാശരി 90. എന്നാല്‍ മലപ്പുറത്തിന് 120 സ്ഥാപനങ്ങളുണ്ട്. ഇവകളിലെ ബഡ്ഡുകളുടെ ജില്ലാ ശരാശരി 2644 ആകുമ്പോള്‍ ജില്ലയ്ക്കുള്ളത് 3705 ആണ്. മെഡിക്കല്‍ ഓഫീസര്‍, ദന്ത ഡോക്ടര്‍, വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസിസ്റ്റ്, ജെ.പി.എച്ച്.എന്‍(എ.എന്‍.എം.എസ്), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നീ തസ്തികളുടെ എണ്ണത്തിന്റെ ജില്ലാ ശരാശരി യഥാക്രമം 276,5,69,113,397,250,61 ആകുമ്പോള്‍ ജില്ലയ്ക്കുള്ളത് യഥാക്രമം 307,7,98,137,590,335,83 ആണ്. എല്ലാം ജില്ലാ ശരാശരിക്ക് മേലെ. ജെ.പി.എച്ച്.എന്‍(എ.എന്‍.എം.എസ്)ജീവനക്കാരുടെ എണ്ണം ജില്ലാ ശരാശരിയുടെ ഒന്നര ഇരട്ടിയോളമുണ്ട് മലപ്പുറം ജില്ലയ്ക്ക്. സീനിയര്‍ നഴ്‌സ്, ജൂനിയര്‍ നഴ്‌സ് എന്നിവയിലാണ് ജില്ല പിറകിലുള്ളത്. (പട്ടികയിലെ 23 മുതല്‍ 33 വരെയുള്ള കോളങ്ങള്‍ നോക്കുക)
        ആയുര്‍വ്വേദ ആശുപത്രികളുടെ ജില്ലാ ശരാശരി 8 ആകുമ്പോള്‍ മലപ്പുറത്തിനുള്ളത് 11 ആണ്. അയുര്‍വ്വേ ഡിസ്‌പെന്‍സറികളുടെ ജില്ലാ ശരാശരി 53 ഉം ജില്ലയ്ക്കുള്ളത് 68 ഉം. ഹോമിയോ ആശുപത്രി/ ഡിസ്‌പെന്‍സറികളുടെ ജില്ലാ ശരാശരിയും മലപ്പുറത്തിന്റെ സ്ഥാനവും ഏകദേശം തുല്യം തന്നെ. (പട്ടികയിലെ 34 മുതല്‍ 37 വരെയുള്ള കോളങ്ങള്‍ പരിശോധിക്കുക).

       ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ജില്ല മലപ്പുറമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അംഗന്‍വാടി കേന്ദ്രങ്ങളുള്ള ജില്ലയും മലപ്പുറമാണ്. സംസ്ഥാന ശരാശരിയുടെ ഒന്നര ഇരട്ടിയിലേറെ അംഗന്‍വാടി കേന്ദ്രങ്ങളുണ്ട് ജില്ലയില്‍. എയ്ഡഡ് ഹൈസ്‌കൂള്‍, എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ കോഴ്‌സുകളുടെ എണ്ണം, എയ്ഡഡ് ആര്‍ട്‌സ് സയന്‍സ് കോളേജ് തുടങ്ങിയ ഏതാനും രംഗത്ത് മാത്രമാണ് ജില്ല ശരാശരിയെക്കാള്‍ പിറകിലുള്ളത്. സംസ്ഥാനത്ത് ആകെ 11 സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുള്ളതില്‍ ഒന്ന് മലപ്പുറത്താണ്. സംസ്ഥാനത്ത് 3 എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുള്ളതില്‍ ഒന്നും മലപ്പുറത്തില്ല. 105 അണ്‍ എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളുള്ളതില്‍ 5 എണ്ണം മലപ്പുറം ജില്ലയിലാണ്. സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍, എയ്ഡഡ് എല്‍.പി.സ്‌കൂള്‍, സര്‍ക്കാര്‍ യു.പി.സ്‌കൂള്‍, എയ്ഡഡ് യു.പി.സ്‌കൂള്‍, സര്‍ക്കാര്‍ ഹൈസ്‌കൂള്‍, സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഹയര്‍ സെക്കന്ററി ബാച്ചുകള്‍, സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍, സി.ബി.എസ്.സി സ്‌കൂള്‍ എന്നീ മേഖലകളിലെ ജില്ലാ ശരാശരി യഥാക്രമം 182,284,68,134,72,54,49,432,19,50,55 ആകുമ്പോള്‍ മലപ്പുറത്തിനുള്ള സ്ഥാനം യഥാക്രമം 348,477,109,222,86,83,69,864,24,86,66 എന്നിങ്ങനെയാണ്. ജില്ലാ ശരാശരിയുടെ ഏകദേശം രണ്ടിരട്ടിയാണ് മലപ്പുറത്ത് സര്‍ക്കാര്‍ എല്‍.പി.സ്‌കൂളുകള്‍! എയ്ഡഡ് എല്‍.പി.സ്‌കൂളുകളുടെ എണ്ണവും എയ്ഡഡ് യു.പി.സ്‌കൂളുകളുടെ എണ്ണവും ജില്ലാ ശരാശരിയുടെ ഒന്നര ഇരട്ടിയിലേറെ വരും. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ബാച്ചുകളുടെ എണ്ണം ജില്ലാ ശരാശരിയുടെ ഇരട്ടിയാണ്. (പട്ടികയിലെ 4 മുതല്‍ 22 വരെയുള്ള കോളങ്ങള്‍ നോക്കുക).
        സംസ്ഥാനത്ത് ആകെ 4227 ഷെഡ്യൂള്‍ഡ്-വാണിജ്യ ബാങ്കുകള്‍ ഉള്ളതില്‍ 304 എണ്ണം മലപ്പുറത്തിനുണ്ട്. പൊതുമരാമത്ത് വകുപ്പ് പരിരക്ഷിക്കുന്ന റോഡുകളുടെ ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും ജില്ല പിറകില്ല. ഇത് ജില്ലാ ശരാശരിയിലും കുറച്ച് അധികമാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ടാര്‍ ചെയ്ത റോഡുകളുടെ ദൈര്‍ഘ്യം ജില്ലാ ശരാശരി 1583 കി.മീറ്ററാകുമ്പോള്‍ ജില്ലയ്ക്കുള്ളത് 1643 കി.മീറ്ററാണ്. നിര്‍വ്വഹണത്തിലുള്ള ജല വിതരണ പദ്ധതികളുടെ എണ്ണത്തിലും ജില്ല ശരാശരിയെക്കാള്‍ മുന്നിട്ടു നില്‍ക്കുന്നുണ്ട്. കെ.ആര്‍.ഡബ്‌ള്യുയു.എസ്.എ മുഖേന നിര്‍വ്വഹണം നടത്തിയ ജല വിതരണ പദ്ധതികളുടെ ജില്ലാ ശരാശരി 265 ഉള്ളപ്പോള്‍ മലപ്പുറത്തിന്റെ സ്ഥാനം 874 ആണ്. സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകളുടെ ജില്ലാ ശരാശരി 361 ഉം മലപ്പുറത്തിനുള്ളത് 438 എണ്ണവുമാണ് (പട്ടികയിലെ 38 മുതല്‍ 43 വരെയുള്ള കോളങ്ങള്‍ നോക്കുക).
    പുതുതായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം(31.03.2010 ല്‍ അവസാനിക്കുന്നത്-താല്‍ക്കാലിക കണക്ക്) പരിശോധിച്ചാല്‍ നാലും അതില്‍ കൂടുതലും ചക്രങ്ങളുള്ള വാഹനങ്ങളുടെ ജില്ലാ ശരാശരി 18416 ഉം മലപ്പുറത്തിനുള്ളത് 25506 എണ്ണവുമാണ്. ജില്ലാ ശരാശരിയുടെ ഒന്നേക്കാല്‍ ഇരട്ടിയിലും അധികമാണിത്. സംസ്ഥാനത്ത് ആകെ 43753 സ്റ്റേജ് ക്യാരേജ് ബസ്സുള്ളതില്‍ 4417 എണ്ണം മലപ്പുറത്താണ്. ഓട്ടോ റിക്ഷകളുടെ കാര്യത്തില്‍ ജില്ലയുടെ പ്രാധിനിത്യം സംസ്ഥാന ശരാശരിയുടെ രണ്ടര ഇരട്ടിയിലേറെയാണ് (പട്ടികയിലെ 44 മുതല്‍ 46 വരെയുള്ള കോളങ്ങള്‍ നോക്കുക).
സര്‍ക്കാര്‍ പോസ്റ്റുകള്‍ അനുവദിക്കുന്നതിനോടും മലപ്പുറത്തിനോട് അവഗണന കാണിച്ചിട്ടില്ല. സംസ്ഥാനത്ത് ആകെ 267291 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. ജില്ലാ ശരാശരി 19092. മലപ്പുറത്തിന്റെ പ്രാതിനിധ്യം 22698 ആണ്. (പട്ടികയിലെ കോളം 47 നോക്കുക).
         ഇങ്ങനെ നോക്കിയാല്‍ ഒരു കാര്യത്തിലും മലപ്പുറം ജില്ല പിറകിലെല്ലന്നും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ജില്ലയെ അവഗണിക്കുന്നില്ലെന്നും മനസ്സിലാക്കാന്‍ സാധിക്കും. മാത്രമല്ല മിക്ക കാര്യങ്ങളിലും മലപ്പുറം ജില്ല മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്നും ജില്ല കൂടുതല്‍ പരിഗണിക്കപ്പെടുന്നെന്നുമുള്ളതാണ് വാസ്തവം.
       സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പരിശോധിച്ചാലും മലപ്പുറം ജില്ല മുന്നില്‍ത്തന്നെ. ഗള്‍ഫ് മലയാളികളുടെ കാര്യം പരിശോധിച്ചാല്‍ മലപ്പുറം ജില്ലതന്നെയാണ് മുന്നിട്ടു നില്‍ക്കുന്നതെന്നു മനസ്സിലാക്കാന്‍ സാധിക്കും. നോര്‍ക്കയുടെയും ഇന്ത്യന്‍ ഓവര്‍സീസ് മിനിസ്ട്രിയുടെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ സാമൂഹിക ശാസ്ത്രജ്ഞന്മാരായ പ്രൊ:എസ്. ഇരുദയരാജനും പ്രൊ: കെ.സി.സ്‌കറിയാസും നടത്തിയ 2008 ലെ 'മൈഗ്രേഷന്‍ മോണിറ്ററിംഗ് സര്‍വ്വെ' പറയുന്നത്, 2008 ല്‍ ഗള്‍ഫില്‍ പോയ മലയാളികളുടെ എണ്ണത്തില്‍ മലപ്പുറത്തിന്റെ പ്രാതിനിധ്യം 15.7 ശതമാനമാണെന്നാണ്. തൊട്ടടുത്ത് നില്‍ക്കുന്നത് തിരുവനന്തപുരമാണ്-14.1 ശതമാനം. ഏറ്റവും കുറവ് പ്രാതിനിധ്യം 'തിരു-കൊച്ചിയിലെ'ഇടുക്കി ജില്ലയ്ക്കാണ്-0.3 ശതമാനം. ആകെയുള്ള 3,34,000 പ്രവാസികളില്‍ 21.9 ശതമാനവും മലപ്പുറം ജില്ലക്കാരാണ്.
      1935 ല്‍ സാമൂഹിക വിപ്‌ളവകാരിയായ സി.കേശവന്റെ നേതൃത്വത്തില്‍ ഈഴവരും മുസ്ലീങ്ങളും ലത്തീന്‍ ക്രിസ്ത്യാനികളും ചേര്‍ന്നാണ് നിവര്‍ത്തന പ്രക്ഷോഭം നടത്തിയത്. ജാതിവാഴ്ചക്കാരായിരുന്ന തിരുവിതാംകൂറിലെ ജനവിരുദ്ധ ഭരണാധികാരികളോട് സാമൂഹിക നീതിയും അധികാരത്തിന്റെ അകത്തളങ്ങളില്‍നിന്നു ആട്ടിയകറ്റപ്പെട്ടവര്‍ക്ക് ഭരണാധികാരത്തില്‍(സര്‍ക്കാരുദേ്യാഗങ്ങളില്‍)അര്‍ഹമായ പങ്കും നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. മഹത്തായ ആ പ്രക്ഷോഭം വിജയിച്ചു. ഐതിഹാസികമായ ആ പ്രക്ഷോഭത്തിനിട്ട പേരുതന്നെയാണ് (രണ്ടാം നിവര്‍ത്തന പ്രക്ഷോഭം) യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവച്ചു, 'മലബാര്‍ അവഗണന' എന്നു പേരിട്ടു നടത്തുന്ന പരിപാടിക്കും ഇട്ടിരിക്കുന്നത്. ഇത് തീര്‍ത്തും അപലപനീയമാണ്.
      കൂടുതല്‍ നേടിയ നേട്ടങ്ങള്‍ വളരെ ബോധപൂര്‍വ്വം മറച്ചുവച്ച് കുറഞ്ഞ അളവിലുള്ള ഇല്ലായ്മകളെ പൊലിപ്പിച്ച് കാണിച്ചു നടത്തുന്ന ഈ നിലപാട് ഒരുതരം വിഘടനവാദമാണ്. ഈ വിഘടനവാദത്തിന് നിര്‍ഭാഗ്യവശാല്‍ സി.പി.എമ്മും പരോക്ഷമായ പിന്തുണ നല്‍കിയിരിക്കുകയാണ്. മലബാര്‍ അവഗണന എന്ന, സോളിഡാരിറ്റിയുടെ കള്ള പ്രചാരണത്തെ സി.പി.എം. ശരി വയ്ക്കുകയാണ്. 01.03.2012 ലെ 'ദേശാഭിമാനി'വായിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. 'മലബാര്‍ വികസനം പഠിക്കാന്‍ പ്രതേ്യക കമ്മീഷനെ നിയോഗിക്കണം: കെ.ജെ.തോമസ്'എന്ന വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു: ''മലബാര്‍ വികസനത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ പ്രതേ്യക കമീഷനെ വെക്കണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ.തോമസ്. 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കോടഞ്ചേരിയില്‍ സംഘടിപ്പിച്ച തിരുവമ്പാടി ഏരിയാ സെമിനാര്‍ 'മലബാര്‍ കുടിയേറ്റം;ചരിത്രവും വര്‍ത്തമാനവും'ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുക്കൊച്ചിയെ അപേക്ഷിച്ച് മലബാറില്‍ വികസനം ഉണ്ടാകുന്നില്ല. ഇവിടെ പൊതുവായ വികസനം ആവശ്യമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മലബാറിന്റെ വികസന പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. സകല മേഖലകളിലും മലബാര്‍ പുറകിലാണ്''.
      ''എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മലബാറിന്റെ വികസന പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. സകല മേഖലകളിലും മലബാര്‍ പുറകിലാണ്''എന്നാണല്ലോ സി.പി.എം. സംസ്ഥാ ന കമ്മിറ്റി അംഗം കെ.ജെ.തോമസ് പറഞ്ഞത്. മലര്‍ന്നു കിടന്നു തുപ്പുന്നതുപോലുള്ള നിലപാടല്ലേയിത്? 1956 ല്‍ കേരള സംസ്ഥാനം രൂപീകരിച്ചതിനുശേഷം 28 കൊല്ലം കേരളം ഭരിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. ഇതില്‍ സി.അച്യുതമേനോന്‍ ഭരിച്ച 7 വര്‍ഷത്തെ ഒഴിവാക്കിയാല്‍ 21 കൊല്ലം കേരളം ഭരിച്ചത് സി.പിഎം.കാരായ ഈ.എം.എസ്.നമ്പൂതിരിപ്പാടും ഈ.കെ.നായനാരും വി.എസ്.അച്യുതാനന്ദനുമാണ്. ഇതില്‍ 16 കൊല്ലം മലബാറുകാരായ ഈ.എം.എസ്.നമ്പൂതിരിപ്പാടും ഈ.കെ.നായനാരുമാണ് കേരളം ഭരിച്ചത്. ആര് ഏതു പ്രദേശക്കാരോട് അവഗണന കാണിച്ചെന്നാണ് സി.പി.എം.നേതാവ് കെ.ജെ.തോമസ് പറയുന്നത്?
     ഇനി മലബാറിന്റെ ഭാഗമെന്ന് കണക്കാക്കാവുന്ന 6 ജില്ലകളിലെ ശരാശരി വികസനത്തെ സംസ്ഥാനത്തിന്റെ ജില്ലാ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ മലബാര്‍ പലതിലും പിറകിലാണെന്ന കാര്യം ശരി തന്നെ. എന്നാല്‍, ഈ മലബാര്‍ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ആലപ്പുഴ ജില്ല മലബാറിനെക്കാളും പിറകിലാണ്. ജനസംഖ്യയുടെ കാര്യത്തില്‍ മലബാര്‍ ശരാശരിയുടെ (2442698) അടുത്താണ് ആലപ്പുഴയുടെ ജനസംഖ്യ(2121943). ജനസംഖ്യ മാനദണ്ഡമാക്കാതിരുന്നാല്‍ പല മേഖലകളിലും മലബാറിനെക്കാള്‍ പിറകിലാണ് ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ (പട്ടിക നോക്കുക).
     ഇനി, മലബാര്‍ അവഗണിക്കപ്പെടുന്നു എന്നതൊരു സത്യമാണെങ്കില്‍ ആരാണതിനു ഉത്തരവാദി? മാറിമാറി ഭരിച്ച സര്‍ക്കാരുകളെ പ്രതിനിധാനം ചെയ്ത എം.എല്‍.എ മാരും എം.പി. മാരുമാണ് ഇതിനു ഉത്തരവാദികള്‍. ഇക്കാലമത്രയും കഴിവുകെട്ട ജനപ്രതിനിധികളെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തയച്ചത് എന്നല്ലേ ഇതിനര്‍ത്ഥം? ഈ വാദം സോളിഡാരിറ്റി അംഗീകരിക്കും. ഇതുതന്നെയാണ് അവരുടെ ഉള്ളിലിരിപ്പും! ഈ വാദം തന്നെയാണോ സി.പി.എം, മുസ്ലീം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ക്കുമുള്ളത്?
    'നിവര്‍ത്തനം'എന്ന വാക്കിന് ശബ്ദതാരാവലിയില്‍ വിട്ടുനില്‍ക്കല്‍, പങ്കെടുക്കാതിരിക്കല്‍, പിന്‍തിരിയല്‍, തിരിയെപ്പോരല്‍ എന്നൊക്കെയാണ് അര്‍ത്ഥം. 'ഒന്നാം നിവര്‍ത്തന പ്രക്ഷോഭം' എന്ന് സോളിഡാരിറ്റിക്കാര്‍ വിശേഷിപ്പിക്കുന്ന പ്രക്ഷോഭത്തിന് ആ പേര് തികച്ചും യോജിച്ചതായിരുന്നു. കാരണം, മനുഷ്യനെ തീര്‍ത്തും മനുഷ്യത്വ വിരുദ്ധമായി വിഭജിച്ചു ഭരിക്കുന്ന രാജഭരണത്തിലെ അനീതിക്കെതിരായിരുന്നു ആ സമരം. ആ അര്‍ത്ഥത്തില്‍ അത് ഭരണത്തില്‍ നിന്നു വിട്ടു നില്‍ക്കലും പിന്തിരിയലുമൊക്കെയായിരുന്നു. അതൊരു 'വിഘടന വാദം' തന്നെയായിരുന്നു. ഫ്യൂഡല്‍ രാജിനെതിരെയുള്ള ജനകീയ ജനാധിപത്യ സമരം. ഇന്ന് ഇത്തരമൊരു വാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്നു മാത്രമല്ല ഇത് ജനാധിപത്യ വിരുദ്ധമായ വാദവുമാണ്. ആര് ആരില്‍നിന്നു വിട്ടുനില്‍ക്കണമെന്നാണ് സോളിഡാരിറ്റി പറയുന്നത്? ഇല്ലാത്ത മലബാര്‍ അവഗണനയെന്നു വിശേഷിപ്പിക്കുന്ന ഒരു പരിപാടിക്ക് ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത പ്രയോഗമാണ് 'നിവര്‍ത്തനം' എന്നത്. ഇതുകൊണ്ടാണ് സോളിഡാരിറ്റിയുടെ, വസ്തുതാ വിരുദ്ധമായ മലബാര്‍ അവഗണനാ വാദത്തെ വിഘടനവാദം എന്നു വിശേഷിപ്പിച്ചത്.
                     ...................


24 comments:

Pheonix said...

മറ്റുള്ളവര്‍ വളച്ചൊടിച്ചു പറയുന്നത് താങ്കള്‍ നേരെ ചൊവ്വേ പറഞ്ഞു.

ajith said...

സ്റ്റാറ്റിറ്റിക്സ് ഇങ്ങിനെയാണല്ലേ...!!

Cv Thankappan said...

എല്ലാ കാര്യങ്ങളും മറയില്ലാതെ
വെട്ടിത്തുറന്നു പറഞ്ഞിരിക്കുന്നു.
നല്ല ലേഖനം.
ആശംസകള്‍

ശങ്കരനാരായണന്‍ മലപ്പുറം said...

ലേഖനത്തില്‍ സൂചിപ്പിക്കുവാന്‍ വിട്ടുപോയ ഒരു കാര്യം. കര്‍ണാടകയുടെ ഭാഗമായിരുന്ന കാസര്‍ഗോഡും മലയോര പ്രദേശമായ വയനാട് ജില്ലയുമാണ് മലബാറില്‍ തീരെ വികസനം കുറഞ്ഞ ജില്ലകള്‍. ഈ വികസനമില്ലായ്മയ്ക്ക് അതിന്റേതായ കാരണങ്ങളുണ്ട്. ഇതല്ല സത്യമെന്നാണ് വാദമെങ്കില്‍, ഈ രണ്ടു ജില്ലകളാണ് അവഗണിക്കപ്പെടുന്നതെന്നു വാദത്തിനുവേണ്ടി അംഗീകരിക്കാവുന്നതാണ്. ഈ അവഗണന പറഞ്ഞ് മലബാര്‍ മൊത്തമായി അവഗണിക്കപ്പെടുന്നു എന്നു പറയുന്നത് തെറ്റുതന്നെയാണ്. ഈ രണ്ടു ജില്ലകളെയും ഒഴിവാക്കി മലബാര്‍ ശരാശരി കണക്കാക്കിയാല്‍ മിക്ക കാര്യങ്ങളിലും മലബാറിന്റെ വികസനം ജില്ലാ ശരാശരിയെക്കാള്‍ മീതെയാണ്.

ശ്രീനാഥന്‍ said...

തീർച്ചയായും കണക്കിലെടുക്കേണ്ട വാദങ്ങൾ. (കൊച്ചിക്കാരനായ എന്റെ വിചാരം മലബാർ അവഗണിക്കപ്പെട്ടിരുന്നു എന്നായിരുന്നു.) നിവര്‍ത്തന പ്രക്ഷോഭം പോലുള്ള കാര്യങ്ങൾ ആളുകൾ മറക്കാതിരിക്കട്ടെ!

Jagadees said...

നല്ല വിവരങ്ങള്‍. അപ്പോ ഇനി മലപ്പുറം ഒഴിച്ചുള്ള മലബാര്‍ എന്ന് പറയേണ്ടിവരും.

chithrakaran:ചിത്രകാരന്‍ said...

വിദേശ ഇസ്ലാമിക വര്‍ഗ്ഗീയ ശക്തികളുടെ കാര്‍മ്മികത്വത്തില്‍ ഇന്ത്യയെ കുട്ടിച്ചോറാക്കാന്‍ വിപ്ലവാഭിനിവേശം അഭിനയിക്കുന്ന സോളിഡാരിറ്റിയെപ്പോലുള്ള സംഘടനകളെ തിരിച്ചറിയാന്‍ അധികാരത്തിന്റെ നക്കാപ്പിച്ചക്കായി ക്യു നില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ക്കും, സര്‍ക്കാരിനും കഴിയാതിരിക്കുമ്പോള്‍ വിഘടനവാദം നിയമവിദേയമായി നടത്താവുന്ന സാഹചര്യം സംജാതമായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. വസ്തുതാപരമായി സോളീഡാരിറ്റിയുടേ ആ വാദം പൊളിച്ചുകളയുന്ന ശങ്കര നാരായണന്‍ മലപ്പുറത്തിന് അഭിവാദ്യങ്ങള്‍ !!

എസ്സ്.അഭിലാഷ് said...

കൊള്ളാം. ശരിയായ വികസന കാഴ്ച്ചപ്പാട് രൂപീകരിക്കാന്‍ ഇത്തരം ലേഖനങ്ങള്‍ സഹായിക്കും.

സുശീല്‍ കുമാര്‍ said...

സോളിഡാരിറ്റിക്കാരുടെ “രണ്ടാം നിവർത്തന പ്രക്ഷോഭത്തിന്റെ“ പോസ്റ്ററുകൾ ചുവരുകളിൽ നിറഞ്ഞുനിന്ന സമയത്ത് മനസ്സിൽ തോന്നിയ ഒരു സംശയം- മലബാറിനെ ‘തിരു’വും ‘കൊച്ചി‘യും കൂടി കൂട്ടി താരതമ്യം ചെയ്യുന്നത് ന്യായമോ?- ഇവിടെ സ്ഥിരീകരിക്കപ്പെടുന്നു. സോളിഡാരിറ്റിക്കാർക്ക് ഒളിച്ചുവെയ്ക്കപ്പെട്ട ചില അജണ്ടകൾ ഉണ്ട്, അത് അവർ ഈ രീതിയിലൊക്കെ പ്രകടിപ്പിക്കും. പക്ഷേ സി പി എം ഉൾപ്പെടെയുള്ള കക്ഷികൾ സ്ഥിതിവിവരക്കണക്കുകൾ നോക്കാതെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് മലർന്നുകിടന്ന് തുപ്പുന്നതിനു സമമാണ്. രണ്ടാം നിവർത്തനക്കാർക്ക് എന്താണ് പറയാനുള്ളതെന്നറിയാൻ താല്പര്യമുണ്ട്.

കാര്യങ്ങളെ കൃത്യമായ സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തിൽ അവതരിപ്പിച്ചത് ഉചിതമായി.

ഷാജി പരപ്പനാടൻ said...

സ്വാതന്ത്ര്യ സമരത്തിനു ആയിരം വട്ടം ശാപം എന്ന് പറഞ്ഞു പിന്തിരിഞ്ഞവര്‍ക്ക് അന്ന് പങ്കെടുക്കാന്‍ കഴിയാതെ പോയ നിവര്‍ത്തന പ്രക്ഷോഭവും, ഉപ്പ്കുറുക്കലും ഒക്കെ ഇന്ന് പ്രായശ്ചിത്തമായി ചെയ്യുന്നു എന്ന് കരുതിയാല്‍ മതി..

Noufal said...

കഴിഞ്ഞ 35-വര്‍ഷമായി ഇടതുപക്ഷത്തുനില്‍ക്കുകയ്യും മുസ്ലിംലീഗിനെ ഒന്നാം നമ്പര്‍ ശത്രുവായി കാണുകയും ചെയ്യുന്ന ഒരു മുസ്ലിം സംഘടന എന്നുള്ള നിലയില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുംബോയെല്ലാം ഇവര്‍ ഈ പ്രശ്നം ഉയര്‍ത്തികൊണ്ട് വരാറുണ്ട്. 2006-ഇല്‍ നിയമസഭാ തിരെഞ്ഞെടുപ്പിനുശേഷം നിര്‍ത്തിവെച്ച മലബാര്‍ പ്രക്ഷോഭം വീണ്ടും തുടങ്ങുന്നത് 2011-ഇല്‍ പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരത്തില്‍ വന്നതിന് ശേഷം മാത്രം മാത്രമാണ്.

കേവല വിഘടനവാദത്തിനപ്പുറം ഇവരുടെ യഥാര്‍ത്ഥലക്‌ഷ്യം ഈ മേഖലയില്‍ ന്യൂനപക്ഷ രാഷ്ട്രീയം കൈയ്യാളുന്ന മുസ്ലിംലീഗ് എന്ന പ്രസ്ഥാനത്തെ തകര്‍ത്ത് തങ്ങള്‍ പുതുതായി രൂപം നല്‍കിയ പുതിയ രാഷ്ട്രീയപാര്‍ട്ടിക്ക് അടിത്തറ ഇടുക എന്നുള്ളതാണ്.

നിഷ്താര്‍ കെ കെ ചേലേരി said...

ഇത് മലപ്പുറത്തിന്റെ മാത്രം കണക്ക് ..മറ്റു ജില്ലകളോ ?

വി കെ ബാലകൃഷ്ണന്‍ said...

നിഷ്താര്‍ കെ കെ ചേലേരി മറ്റു ജില്ലകളുടെ കണക്ക് ചോദിക്കുന്നു! 14 ജില്ലകളടെ കണക്കുകളും ജില്ലാ ശരാശരിയും മലബാര്‍ ശരാശരിയുമൊക്കെ പോസ്റ്റില്‍ കൃത്യമായി കൊടുത്തിരിക്കുന്നു. പോസ്റ്റ് വായിക്കാതെ ചോദ്യം ഉന്നയിക്കുന്ന ഇത്തരക്കാര്‍ക്ക് മറുപടി എഴുതി സമയം കളയരുത്, സുഗതന്‍.

ChethuVasu said...

നേരത്തെ വായിച്ചു എങ്കിലും കമന്റു ഇട്ടിരുന്നില്ല ..! പ്രസക്തമായ ലേഖനം .പതിവ് പോലെ യുക്തിപരവും വസ്തുതാ പരവും ... പിന്നെ , പഴയ മലബാര്‍ ചേറ്റുവ വരെയോ ഉണ്ടായിരുന്നോള്ളോ . യഥാര്‍ത്ഥത്തില്‍ അത് പിന്നെയും ഹെക്കോട്ടു മതിലകം വരെ നീണ്ടു കിദ്ദക്കുകയല്ലയിരുന്നോ ..? കാരണം ഞാന്‍ താമസിക്കുന്നത് തൃപ്രയാര്‍ അടുത്താണ് .. .. അറിയുന്നിടത്തോളം ഈ ഭാഗവും (മണപ്പുറം എന്നറിയപ്പെടുന്ന തീരാ ദേശം ) മലബാറിന്റെ ഭാഗം ആയിരുന്നു എന്നാണ് തോന്നുന്നത് . പക്ഷെ ഇടയ്ക്കു കൊച്ചി രാജ വംശത്തിനു കാഴില്‍ വന്നിരുന്നോ എന്നും സംശയം ഉണ്ട് ..അത്രയ്ക്ക് പിടി കൊടുതാത്ത ജഗ ജില്ലികളുടെ ഇടം ആയിരുന്നു ഇവിടം ..

ശങ്കരനാരായണന്‍ മലപ്പുറം said...

മലബാറും മലപ്പുറവും
"മലപ്പുറം എന്ന ജില്ലയെ മലബാറായി സങ്കല്‍പ്പിക്കണമെന്നും, അല്ലെങ്കില്‍ മലബാറിനുവേണ്ടിയുള്ള വാദം വിഘടനവാദമാകുമെന്നും ശങ്കരനാരായണന്‍ മലപ്പുറം എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ടല്ലോ (ജൂണ്‍ 3, 2012). മലബാര്‍ പ്രദേശത്ത് ആറ് ജില്ലകളുണ്ടെന്നു സമ്മതിക്കുന്ന ലേഖകന്‍ മലപ്പുറത്തിന്റെ മാത്രം വികസന പുരോഗതിയുടെ കണക്കുകളും വസ്തുതകളും നിരത്തിയിരിക്കുന്നു. എന്നിട്ട് ഇതാണ് മലബാര്‍ എന്ന് വാദിക്കുന്നത് യുക്തിക്ക് നിരക്കുന്ന കാര്യമല്ല. ഹൈദ്രാബാദിന്റെ വികസനം ചൂണ്ടിക്കാട്ടി അതിനെ തെലുങ്കാനയുടെ വികസനമായി കണണമെന്ന വാദം വിഡ്ഢിത്തമാണ്. മലബാറിന്റെ പൊതുകാര്യമാണ് സോളിഡാരിറ്റിയും മറ്റും ചൂണ്ടിക്കാണിക്കുന്നത്. സോളിഡാരിറ്റി മുസ്ലീം സംഘടനയായതുകൊണ്ട് മലപ്പുറത്തിന്റെ കാര്യം പറഞ്ഞാല്‍ മതി, മലബാറിന്റെ കാര്യം മറ്റുള്ളവര്‍ നോക്കിക്കൊള്ളുമെന്ന ധാരണയാണ് യഥാര്‍ത്ഥ വിഘടനവാദം "
എന്റെ ലേഖനത്തിന് എം.അബ്ദുല്‍ അസീസ് (അയത്തില്‍, കൊല്ലം) എഴുതിയ (ജൂണ്‍ 17, 2012) മറുപടിയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഈ മറുപടിക്ക് ഞാന്‍ നല്‍കിയ മറുപടി(ജൂണ്‍ 24, 2012)താഴെ കൊടുക്കുന്നു.
വിഘടനവാദം തന്നെ
" 'മലബാര്‍ അവഗണനാ വാദം വിഘടനവാദം'എന്ന തലക്കെട്ടില്‍ ഞാനെഴുതിയ ലേഖനത്തിന് എം.അബ്ദുള്‍ അസീസ്, കൊല്ലം എഴുതിയ മറുപടി (ജൂണ്‍ 17, 2012) വായിച്ചു.
മലപ്പുറത്തിന്റെ കണക്കുകള്‍ നിരത്തി ഇതാണ് മലബാര്‍ എന്നു ഞാന്‍ എഴുതിയിട്ടില്ല. മലബാറിന്റെ കേന്ദ്രമായി കണക്കാക്കുന്നത് മലപ്പുറത്തിനെയാണെന്നും, ആയതിനാല്‍ മലബാറിന്റെ വികസനത്തെക്കുറിച്ചു പറയുമ്പോള്‍ മലബാറിന്റെ വികസനത്തെക്കുറിച്ച് മനസ്സിലാക്കിയാല്‍ മതിയെന്നുമാണ് ഞാന്‍ എഴുതിയിട്ടുള്ളത്. മലബാര്‍ അവഗണിക്കപ്പെടുന്നു എന്നത് നുണതന്നെയാണ്. ജില്ലാ ശരാശരിയെക്കാളും പല കാര്യങ്ങളിലും പിറകിലാണ് 6 ജില്ലകളെ ഉള്‍പ്പെടുത്തിയുള്ള മലബാര്‍ ശരാശരി എന്നു ലേഖനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ശരാശരിയെക്കാളും പല കാര്യങ്ങളിലും പിറകിലാണ് മലബാറിലല്ലാത്ത ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. മലബാറിനെ തെരഞ്ഞു പിടിച്ചു അവഗണിക്കുന്നില്ല എന്നു ചുരുക്കം.
മലബാര്‍ ശരാശരി ജില്ലാ ശരാശരിയെക്കാള്‍ പലകാര്യങ്ങളിലും പിറകിലാകാനുള്ള യഥാര്‍ത്ഥ കാരണം വേറെയാണ്. വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ മലബാറില്‍ ഉള്‍പ്പെട്ടതുകൊണ്ടാണിത്. ഈ രണ്ടു ജില്ലകളെയും ഒഴിവാക്കി മലബാര്‍ ശരാശരി കണക്കാക്കിയാല്‍ കേരളത്തിലെ പല ജില്ലകളും മിക്ക കാര്യങ്ങളിലും മലബാര്‍ ശരാശരിയെക്കാള്‍ പിറകിലാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഈ ജില്ലകളുടെ വികസനമില്ലായ്മയ്ക്ക് ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളുണ്ട്. ഇനി വാദത്തിനുവേണ്ടി ഇതിനെ അവഗണന എന്നു വിശേഷിപ്പിക്കാമെങ്കില്‍ കാസര്‍ഗോഡ്, വയനാട് ജില്ലകളാണ് അവഗണിക്കപ്പെടുന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളോട് മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ യാതൊരുവിധ അവഗണയും കാണിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഗൂഢമായി മറച്ചുവച്ച് മലബാര്‍ അവഗണനയെക്കുറിച്ച് പറയുന്നത് തനി തട്ടിപ്പും വിഘടനവാദവുമാണ്. ജനങ്ങളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി മുതലെടുക്കുക എന്നതാണ് ഈ വാദത്തിന്റെ പിന്നിലെ ഗൂഢ ലക്ഷ്യം. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെ മലബാറിനെ അവഗണിക്കുന്നു; തങ്ങള്‍ മാത്രമാണ് മലബാറിന്റെ താല്‍പര്യ സംരക്ഷകര്‍ എന്നു വരുത്തിത്തീര്‍ത്ത് കേരള രാഷ്ട്രീയത്തില്‍ നുഴഞ്ഞു കയറാനുള്ള തന്ത്രമാണിതിനു പിന്നിലുള്ളത്. ഈ വിഘടന തന്ത്രം കേരള ജനത തിരിച്ചറിയേണ്ടതുണ്ട്.
ഈ വിഷയത്തില്‍ തയ്യാറാക്കിയ വിശദമായ പട്ടികകള്‍ എന്റെ ബ്‌ളോഗില്‍(http://www.sugadhan.blogspot.in/) വായിക്കാവുന്നതാണ്"
...........

Unknown said...

വാസു പറഞ്ഞതാണ് ശരി എന്ന് തോന്നുന്നു. മലബാര്‍ മതിലകം വരെ ഉണ്ടായിരുന്നു എന്നാണു എന്റെയും അറിവ്.

ശങ്കരനാരായണന്‍ മലപ്പുറം said...

മലബാര്‍ മതിലകംവരെ ഉണ്ടായിരുന്നുവോ?ചരിത്രകാരന്മാരോട് ചോദിക്കട്ടെ-ChethuVasu,Firefly.

NIYAS said...

മലബാർ എന്നു പറയുന്നത് മലപ്പുറം മാത്രമെല്ല...കണ്ണൂർ കോഴിക്കോട് പോലുള്ള സ്ഥലങ്ങൾ വേറെയുമുണ്ടെന്ന് സുഗതൻ ഓർക്കണം..എന്തായാലും ഈ ഇല്ലാത്ത കണക്ക് കാണിക്കാൻ കുറച്ചു പാട്പെട്ട് കാണും..അല്ലേ

വി കെ ബാലകൃഷ്ണന്‍ said...

കേരളശബ്ദത്തിലെ ലേഖനം മാത്രം വായിച്ച് ബ്‌ളോഗില്‍ വന്നു മറുപടി എഴുതുന്ന പ്രാസ്ഥാനിക അന്ധവിശ്വാസി പിന്നെയും വന്നല്ലോ. പ്രാസ്ഥാനിക അന്ധത കാരണം ബ്‌ളോഗില്‍ കൊടുത്ത പട്ടികകള്‍ ഇവര്‍ക്കൊന്നും കാണാന്‍ സാധിക്കില്ലായിരിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് 2010 ല്‍ പ്രസിദ്ധീകരിച്ച കണക്കിന്റെ അടിസ്ഥാനത്തില്‍ കൊടുത്ത വിവരങ്ങള്‍ 'ഇല്ലാത്ത കണക്ക്' ആണെന്നാണ് NIYAS പറയുന്നത്. "സോളിഡാര്യാസൂത്രണ ബോര്‍ഡി"ന്റെ കണക്കായിരിക്കും "ഉള്ള കണക്ക്"!

sainu's archives said...

മലബാർ എന്നു പറയുന്നത് മലപ്പുറം മാത്രമെല്ല...കണ്ണൂർ കോഴിക്കോട് പോലുള്ള സ്ഥലങ്ങൾ വേറെയുമുണ്ടെന്ന് സുഗതൻ ഓർക്കണം..എന്തായാലും ഈ ഇല്ലാത്ത കണക്ക് കാണിക്കാൻ കുറച്ചു പാട്പെട്ട് കാണും..അല്ലേ

വി കെ ബാലകൃഷ്ണന്‍ said...

ബ്‌ളോഗിലെ ലേഖനം മുഴുവന്‍ വായിക്കാതെ ഒരക്ഷരവൈരി പിന്നെയും ചോദ്യമായി വന്നിരിക്കുന്നുവല്ലോ. ഇത്തരം അന്ധവിശ്വാസികളെ അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയുക.

സുഹൈറലി said...

ബഹുമാനപ്പെട്ട മുഖ്യമന്ത്രി...
താങ്കൾ ദുരന്ത സ്ഥലത്തെത്തിക്കൊണ്ടിരിക്കുകയാണല്ലോ...
പൂക്കീപ്പറമ്പ് കേരളം കണ്ട് ഏറ്റവും വലിയ ബസ് ദുരന്തം. താനൂർ...
ഒരാഴ്ച കഴിഞ്ഞില്ല...ഷോക്ക് വിട്ടുമാറും മുമ്പെ പിന്നെയും...അതേ ഷോക്കിൽ നിൽക്കെയാണ് തിരൂരിൽ സ്കൂൾ ബസ് മറിഞ്ഞു കുട്ടികൾക്ക് പരിക്കേറ്റ വാർത്ത കേള്ക്കുന്നത്....
വർദ്ദിച്ചു വരുന്ന ദുരന്തങ്ങൾക്ക് പിന്നിലുള്ള കാരണം ഒന്നൊന്നായി വന്നു കൊണ്ടിരിക്കുന്നു.
1.അമിതവേഗതം 2.ഡ്രൈവറുടെ അശ്രദ്ധ 3.മത്സരയോട്ടം 4. പെർമിറ്റ് പ്രശ്നം...ഇങ്ങിനെ പോവും. അതെല്ലാം പ്രശ്നം തന്നെ...അതെല്ലാം കർശനമായി നിയന്ത്രിക്കുകയും നടപടിയെടുക്കുകയും വേണം...
പ്രശ്നം അത് മാത്രമാണോ എന്നതാണിവിടുത്തെ പ്രശ്നം...
എന്തു കൊണ്ടാണ് മലബാറിൽ മാത്രം ഇത്ര അമിത വേഗതയും അപകടവും?
ഡ്രൈവറെയും അമിത വേഗതയെയും മാത്രം പഴിക്കാൻ വരട്ടെ...
അങ്ങയുടെ സാമ്രാജ്യത്വത്തിലെ ഒരു ഭാഗമാണ് മലപ്പുറവും മലബാറും...
ഇപ്പോഴും മലപ്പുറത്തിൽ ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ഉൾഭാഗങ്ങളിലേക്ക് ഈ തരം കുട്ടി ബസുകള് തന്നെ ശരണം. അതും ദിവസത്തിൽ മണിക്കൂറുകള് പിന്നിട്ട് മാത്രം വരുന്നവ...സ്വാഭാവികമായും കുത്തിക്കൊള്ളിച്ച് തന്നെ ആളുകളെ കയറ്റും....അല്ല ആളുകൾ കയറും...അതിൽ ഡ്രൈവർമാർ പലപ്പോഴും ചെറിയ ചെക്കന്മാരോ ഇടക്കെങ്കിലും വേണ്ട ലൈസൻസില്ലാത്ത കിളിച്ചെക്കന്മാരുമൊക്കെ വണ്ടി ഓട്ടും.

മരിച്ച സഹോദരിമാരെല്ലാം പട്ടിക്കാടെ പാരലൽ കോളേജ് കഴിഞ്ഞ് വരുന്നവരാണ് എന്നു കാണാം...ഇവർക്ക് പഠിക്കാൻ റെഗുലർ കോളേജും ഇല്ല.
ഇവിടെയും കുറെ മന്ത്രിമാരുണ്ടല്ലോ...ഗതാഗത മന്ത്രിമാരും വിദ്യാഭ്യാസ മന്ത്രിയും എല്ലാം ഈ മലപ്പുറത്ത് കാര് തന്നെ എന്നതാണ് മറ്റൊരു സത്യം. ലോ ഫ്ലോറും ഹൈ ഫ്ലോറുമൊന്നും വേണ്ട..സർക്കാറിന്റെ കെ.എസ്.ആർ.ടി.സി. ബസൊക്കെ അങ്ങ് തിരുകൊച്ചിയിൽ മാത്രം കടന്ന് കറങ്ങട്ടെ...മലബാറിലുള്ള ഉൾ റൂട്ടിലൊക്കെ വല്ല മുതലാളിമാരും നാട്ടിലുണ്ടെങ്കിൽ അവരും പോക്കറ്റീന്ന് പൈസ ഇറക്കെ ആളുകളെ കയറ്റി പോട്ടെ...വണ്ടിയില്ലേൽ പോവും വേണ്ട..അല്ലേ ഇല്ല വണ്ടിയിലൊക്കെ കുത്തി ഞെരുക്കി അങ്ങ് പോവട്ടെ....
കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കുന്നതിലും സര്‍ക്കാറിന് മലബാറിനോട് അവഗണന. വിവരാവകാശനിയമ പ്രകാരം കെ.എസ്.ആര്‍.ടി.സി നല്‍കിയ രേഖകളിലാണ് മലബാറിലെ പരിമിതമായ സര്‍വീസുകളെ കുറിച്ചുള്ള കണക്കുകള്‍.
സംസ്ഥാനത്താകമാനം 6,179 സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. ഇതില്‍ 4,496 ബസുകള്‍ എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളിലാണ് സര്‍വീസ് നടത്തുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലേക്ക് ആകെയുള്ളത് 1,683 സര്‍വീസുകള്‍ മാത്രം. തൃശൂര്‍-പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പെരിന്തല്‍മണ്ണ, വടകര, സുല്‍ത്താന്‍ ബത്തേരി, തലപ്പിള്ളി റൂട്ടുകളില്‍ യാത്രാക്ളേശം രൂക്ഷമായി തുടരുമ്പോഴാണ് സര്‍വീസുകളിലുള്ള ഈ അസമത്വം.
ജനസംഖ്യയിലും ഭൂവിസ്തൃതിയിലും മുന്നില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ മാത്രം 554 ബസുകളുടെ കുറവാണുള്ളത്.
കെ.എസ്.ആര്‍.ടി.സി ആര് വിചാരിച്ചാലും രക്ഷപ്പെടുത്താനാവില്ലെന്ന് സര്‍ക്കാര്‍ പരിതപിക്കുമ്പോഴാണ് വടക്കന്‍ ജില്ലകളില്‍ സര്‍വീസ് നടത്തി സ്വകാര്യ ബസുകള്‍ ലാഭം കൊയ്യുന്നത്. 36 സീറ്റും 50 ലിറ്റര്‍ ഡീസല്‍ ക്ഷമതയുമുള്ള സ്വകാര്യ ബസുകള്‍ ഇവിടെ ദിവസം 4000 രൂപ വരെ ലാഭമുണ്ടാക്കുന്നുണ്ട്.
എന്നാല്‍, കെ.എസ്.ആര്‍.ടി.സി നിരത്തുന്നത് നഷ്ടങ്ങളുടെ കണക്കാണ്. ഒരു കെ.എസ്.ആര്‍.ടി.സി ബസിന് 1,692 രൂപയാണ് പ്രതിദിന നഷ്ടം. 2010-2011 വര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ മൊത്തം നഷ്ടം 381.62 കോടിയാണ്.
ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ 5,403 പേര്‍ക്ക് ഒരു ബസ് വീതമാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി നല്‍കുന്നത്. ജനസംഖ്യാനുപാതികമായി 3,288 സര്‍വീസുകള്‍ നടത്തേണ്ടിടത്ത് 1,683 എണ്ണം മാത്രമാണ് മലബാറിലേക്ക് സര്‍വീസ് നടത്തുന്നത്. അവിടേക്ക് പുതിയതായി ഒരു സര്‍വീസും അനുവദിച്ചിട്ടില്ല.

സുഹൈറലി said...

തെക്കന്‍ ജില്ലകളില്‍ വേണ്ടത് 2,891 സര്‍വീസുകളാണെങ്കില്‍ 4,496 സര്‍വീസുകളാണ് അനുവദിച്ചത്. ജനസംഖ്യാനുപാതികമായി മലബാറിലെ ഓരോ ജില്ലകളിലേക്കുമുള്ള ബസുകളുടെ കുറവ് ഇങ്ങനെയാണ്. മലപ്പുറം-554, കോഴിക്കോട്-336, പാലക്കാട്-312, തൃശൂര്‍-187, കണ്ണൂര്‍-183, കാസര്‍കോട്-123. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് ബസുകള്‍ വടക്കന്‍ ജില്ലകളിലെ മിക്ക റൂട്ടുകളും പിടിച്ചടക്കിയിരിക്കുകയാണ്.
സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്താലും പണിമുടക്കിനാലും ഈ റൂട്ടുകളില്‍ ജനം വലയുന്നതും പതിവാണ്.ലോക്കല്‍ സര്‍വീസുകളൊന്നുമില്ലാത്ത മലബാറിലെ ജില്ലകളിലേക്ക് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി നടത്തുന്നത്. പുതുതായി 625 ചേസുകള്‍ വാങ്ങി 411 എണ്ണം ബോഡി കെട്ടി നിരത്തിലിറക്കിയപ്പോഴും ഒന്നും മലബാറിന് അനുവദിച്ചിട്ടില്ല. (മാധ്യമം 25.11.2012 വി സുധീറന്റെ റിപ്പോർട്ട്. LINK http://www.madhyamam.com/news/201795/121125)
ഇവിടെ നികുതി തരുന്നത് എല്ലാവരും ഒരുപോലെയാണ്...അവകാശങ്ങളോ തോന്നിയപോലെ...മലബാറെന്താ കേരളത്തിലല്ലേ എന്നും ചോദിച്ച് ഉന്നയിച്ച് താങ്കളിരിക്കുന്ന സെക്രട്ടറിയേറ്റ് വരെ ഒരു ദിവസം ഉപരോധിച്ചെങ്കിലും ഇപ്പോ വിലപിക്കുന്ന മാധ്യമങ്ങളെയൊന്നും അന്ന് കണ്ടില്ല. ഇനി ആരേലും വല്ലതും വായ തുറന്ന് ചോദിച്ചാലോ മത തീവ്രവാദം...സാമുദായികത..ഒലക്കാപിണ്ണാക്ക്...
ഇനി പറയട്ടെ...ഇതിൽ യാഥാർഥ പ്രതികൾ അമിത വേഗതയിലോടുന്ന ഡ്രൈവർമാർ മാത്രമേ അതോ കാലങ്ങളായി അതിനുള്ള സാഹചര്യവും അനിവാര്യതയും അവഗണനയും സൃഷ്ടിക്കുന്ന സർക്കാരോ?
ആരാണ് യഥാർഥ പ്രതി?

mujeeburahiman said...

വളരെ നല്ല ലേഖനം. ജനസംഖ്യാനുപാതികമായി നോക്കിയാൽ മലപ്പുറം ജില്ല പലതിലും പിന്നിലാണെന്ന് മനസ്സിലാക്കാം. എണ്ണം മാത്രം നോക്കുമ്പോൾ കൂടുതലാണെന്ന് തോന്നുമെങ്കിലും ജനസംഖ്യ കൂടുതലായത് കൊണ്ട് തികയുന്നില്ല എന്നാണ് വാസ്തവം. പിന്നെ മലബാർ മേഖലയിൽ ലേശമെങ്കിലും മെച്ചമുള്ളത് മലപ്പുറമാണ്. മറ്റു ജില്ലകൾ അതിലും പിന്നിലാണ്.