കഥ
സായാഹ്ന കൈരളി 21.04.2014എന്റെയൊരു സുഹൃത്തിനോട് അയാളുടെ സുഹൃത്ത് പറഞ്ഞ കഥയാണിത്. പണ്ട് ഒരു ദേശത്ത് തീര്‍ത്തും ശല്യക്കാരനായ ഒരാളുണ്ടായിരുന്നു. അയാളുടെ തീരാ ശല്യം കൊണ്ട് പൊറുതിമുട്ടിയ ദേശക്കാര്‍ നാട്ടുകൂട്ടം ചേര്‍ന്ന് അയാളെ ജീവനോടെ ചുട്ടുെകാല്ലാന്‍ തീരുമാനിച്ചു. ആര്‍പ്പുവിളിയും വാദ്യമേളങ്ങളുമൊക്കെയായി അയാളെ ഏറ്റി വിജനമായൊരു സ്ഥലത്തേക്ക് അവര്‍ യാത്ര തിരിച്ചു. ജീവനോടെ ചുട്ടുകൊല്ലുന്ന കാര്യം എഴുതിയ കുറ്റപത്രം ഒരു വിളംബരം പോലെ അവര്‍ അയാളെ വായിച്ചു കേള്‍പ്പിച്ചിരുന്നു. എന്നിട്ടും അയാള്‍ പേടിച്ചുവിറച്ച് ചുരുണ്ടുകൂടുകയോ രക്ഷപ്പെടുത്തണമെന്നു പറഞ്ഞ് അലറിവിളിച്ച് യാചിക്കുകയോ ചെയ്തില്ല. മഞ്ചലില്‍ അയാളുടെ കിടത്തം രാജകീയ പ്രഢിയോടെയും അനന്തശയനം പോലെയുമായിരുന്നു.
അപരിചതിനും അന്യദേശക്കാരനുമായ ഒരാള്‍ ഈ കാഴ്ച കണ്ടു. അയാള്‍ കാര്യം അനേ്വഷിച്ചു. അപ്പോള്‍ വിശദീകരണങ്ങളുടെ ഒരു കുത്തിയൊഴുക്കാണുണ്ടായത്. അത് നിയന്ത്രിച്ച്, ചുട്ടുകൊല്ലല്‍ പരിപാടിക്ക് നേതൃത്വം നല്‍കിയ ആള്‍ കാര്യം വിശദീകരിച്ചു.
''ഇവന്റെ പേര് ഉത്തമന്‍. ഉത്തമത്തിലുള്ള ഒന്നും ഈ ഉത്തമനില്ലെന്നു മാത്രമല്ല മദ്ധ്യമത്തിലുള്ള ഗുണംപോലും ഇല്ല ഇവന്. അധമം അലങ്കാരമാക്കിയവനാണ് ഈ ഉത്തമന്‍. ഒരു പണിയും ചെയ്യില്ല; കുളിക്കില്ല; വൃത്തിയില്‍ നടക്കില്ല. ചോറ് നല്‍കിയ ആളെ പിന്നീട് കണ്ടാല്‍ ചൊറിഞ്ഞ് സംസാരിക്കും. തുണി നല്‍കിയ ആളെ പിന്നീട് കണ്ടാല്‍ തുണിയുരിയുന്ന രീതിയിലുള്ള സംസാരം നടത്തും. പാല് കൊടുത്ത ആളെ പല്ലിളിച്ചു കാണിക്കും. ഇത്തിള്‍ക്കണ്ണിക്ക് മനുഷ്യജന്മം കിട്ടിയപോലെയുള്ള ഇത്രയും വൃത്തികെട്ടൊരു ജന്തു ഈ നാട്ടിലെന്നല്ല ഈ ലോകത്തുപോലും ഉണ്ടാകില്ല. അതുകൊണ്ട് ഇവനെ ഞങ്ങള്‍ ജീവനോടെ ചുട്ടുകൊല്ലാന്‍ തീരുമാനിച്ചു''
''ദൈവമേ! എന്തൊരു ക്രൂരത!! ഏതായാലും ഇയാളൊരു മനുഷ്യനല്ലേ? ജീവനോടെ ചുട്ടുകൊല്ലുകയോ? പാപം! പാടില്ല!! ഉത്തമനെ എനിക്ക് വിട്ടുതരൂ. ഇയാളെ ഞാന്‍ സംരക്ഷിച്ചുകൊള്ളാം. ഒരാളുടെ വയറിന്റെ പ്രശ്‌നമല്ലേ? ഇയാള്‍ക്കുള്ള ചോറ് ഞാന്‍ കൊടുത്തുകൊള്ളാം''
ഇതുകേട്ട അനന്തശയനക്കാരന്‍ ഉത്തമന്‍ അരുളി.
''ഉരുട്ടിത്തരുമോ?''
................
(ഇതിലെ ചിത്രം സായാഹ്ന കൈരളിയിലെ കലാകാരന്‍ വരച്ചത്)
7 comments:
അത് ശരിയാ.
വെറുതെ കൊടുത്താ പോരല്ലോ.
ഉരുട്ടിക്കൊടുക്കണ്ടേ....
'ഉരുട്ടി ഉരുട്ടി അങ്ങ് തരാം' എന്നു പറഞ്ഞില്ലല്ലോ!
ആശംസകള്‍
കൊല്ലുനതിനു മുമ്പ് അദേഹത്തിന് ഉരുട്ടും കൂടെ കിട്ടിക്കാണും
ഉരുട്ടാന്‍ ഇതെന്താ കക്കയം ക്യാംപാണോ?
എനിക്കറിയാം ഇങ്ങനെ മൂന്നാലു ഉത്തമന്മാരെ..
ഉരുട്ടിയുരുട്ടി..
നന്നായിരിക്കുന്നു..
അവന്‍ ഉത്തമന്‍!!!
Post a Comment