My Blog List

Sunday, September 26, 2010

യുക്തിവാദ സവര്‍ണ തമാശകള്‍-2003

യുക്തിവാദ സവര്‍ണ തമാശകള്‍-2003

ശങ്കരനാരായണന്‍ മലപ്പുറം
നുണ പറയാനും നിഷ്പക്ഷത ചമഞ്ഞ് മര്‍ദ്ദകന്റെ പക്ഷം നില്‍ക്കാനും ഏറെ മിടുക്കുള്ളവരാണ് യുക്തിവാദികള്‍. എന്‍.എസ്.എസും എസ്.എന്‍.ഡി.പി.യും ജാതി സംഘടനകളാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എസ്.എന്‍.ഡി.പി.യെപ്പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്ത് (ആദ്യം പിന്നാക്ക-ദലിത് ഐക്യം പറഞ്ഞ് പിന്നീട് നായര്‍-ഈഴവ ഐക്യത്തിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന) വെള്ളാപ്പള്ളി നടേശനെപ്പോലെയുള്ള ഒരാള്‍ ഇരിക്കുന്നതും തെറ്റു തന്നെ. പക്ഷേ, ഈ രണ്ടു സംഘടനകളും ഉന്നയിക്കുന്ന ആവശ്യങ്ങളെ രണ്ടും ജാതി സംഘടനകളാണെന്നു പറഞ്ഞ് എതിര്‍ക്കുന്നത് തെറ്റാണ്. തങ്ങളില്‍ നിന്നു കവര്‍ന്നെടുത്ത അവകാശാധികാരങ്ങള്‍ തിരിച്ചു നല്‍കണമെന്നാണ് എസ്.എന്‍.ഡി.പി.യും മറ്റു അവര്‍ണ സമുദായ സംഘടനകളും ആവശ്യപ്പെടുന്നത്. തങ്ങള്‍ കവര്‍ന്നെടുത്ത അവകാശാധികാരങ്ങള്‍ തിരിച്ചു നല്‍കില്ലെന്നാണ് എന്‍.എസ്.എസ്. പറയുന്നത്. ഇതു രണ്ടും ജാതിവാദമായി വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. പക്ഷേ, ഇതില്‍ ഒരു 'ജാതിവാദ'മേ ശരിയാകുന്നുള്ളൂ. കവര്‍ന്നെടുത്തത് തിരിച്ചു തരണം എന്നു പറയുന്ന 'ജാതിവാദം'. 2003 ഡിസംബര്‍ ലക്കം 'യുക്തിരേഖ'യില്‍ എം.പി. സദാശിവന്‍ എഴുതിയ 'പ്രതിമാസ രേഖ'യില്‍ വെള്ളാപ്പള്ളി നടേശനെയും പി.കെ.നാരായണപ്പണിക്കരെയും എതിര്‍ത്ത് എഴുതിയിട്ടുണ്ട്. തങ്ങള്‍ നിഷ്പക്ഷരാണെന്ന് തോന്നലുണ്ടാക്കി സവര്‍ണപക്ഷം നില്‍ക്കുന്ന കളിയാണിത്. ഒരു ശരിയും തെറ്റും ഉണ്ടാകുമ്പോള്‍ നിഷ്പക്ഷത ചമയുന്നത് തെറ്റിന്റെ പക്ഷത്തു നില്‍ക്കുന്നതിന് തുല്യമാണ്. അഥവാ, മര്‍ദ്ദിതന്റെ പക്ഷത്തു നില്‍ക്കുന്നതിനു പകരം മര്‍ദ്ദകന്റെ പക്ഷത്തു നില്‍ക്കുന്നതിനു തുല്യമാണ്. ഈ സവര്‍ണക്കളിയാണ് യുക്തിവാദികള്‍ കളിച്ചു കൊണ്ടിരിക്കുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും 'ഭയങ്കര തമാശ' പറയുന്നവരുമാണ് യുക്തിവാദികള്‍. 2003 ല്‍ അവര്‍ പറഞ്ഞ ചില തമാശകള്‍ കേട്ടാല്‍ ചിരിച്ച് ചിരിച്ച് അന്തം വിട്ട് കുന്തം വിഴുങ്ങിയപോലെയാകും. ഇതേക്കുറിച്ച് 'യുക്തിവാദ സവര്‍ണ തമാശകള്‍-2003'എന്ന തലക്കെട്ടില്‍ ഒരു കുറിപ്പ് ഞാന്‍ 'റാന്‍ഫെഡ് ശബ്ദം'മാസികയില്‍ (ഫെബ്രുവരി, 2004) എഴുതിയിരുന്നു. പാവം ജനങ്ങള്‍, അവര്‍ യുക്തിബോധമൊന്നും ഇല്ലാത്ത വെറും പോത്തുകളാണല്ലോ. യുക്തിബോധമില്ലാത്ത പോത്തുകളേ നോക്കൂ ഒരു യുക്തിവാദി 2003 നവംബര്‍ ലക്കം 'യുക്തിരേഖ'യില്‍ ഒരു യുക്തിവാദ തമാശ: ''ഭൂമിയില്‍ വംശനാശ ഭീഷണി ശക്തമായി നേരിടുന്ന ജീവിവര്‍ഗ്ഗമാണ് മനുഷ്യന്‍. മുസ്ലീം, ക്രിസ്ത്യന്‍, ഹിന്ദു, നായര്‍, ഈഴവന്‍, നമ്പൂതിരി, പുലയന്‍, പറയന്‍ തുടങ്ങിയ സമൂഹങ്ങള്‍ വീണ്ടും ശക്തി പ്രാപിക്കുന്നതോടെ മനുഷ്യന്‍ എന്ന വര്‍ഗ്ഗം ഭൂമിയില്‍ നിന്നു തുടച്ചുമാറ്റപ്പെട്ടേക്കാം.'' ഈ 'ഭയങ്കര തമാശ' എഴുതിയ യുക്തിവാദിയുടെ പേരെന്താണെന്നറിയില്ല പ്രിയപ്പെട്ട പോത്തുകളേ! ഒരു ജാതിവാലും അതിന്റെ മുന്‍പിലായി രണ്ട് ഇംഗ്‌ളീഷ് അക്ഷരങ്ങളും മാത്രമേ കൊടുത്തിട്ടുള്ളു-വി.എ.മേനോന്‍. അല്ലെങ്കില്‍ പേരിലെന്തിരിക്കുന്നു!, ജാതിയിലല്ലേ കാര്യം !! പേര് ഒരക്ഷരത്തില്‍ ഒതുക്കിയാലും ജാതിവാല്‍ മുഴുവനായി കാണിക്കുന്നതല്ലേ യഥാര്‍ത്ഥ യുക്തി വാദം!
2003 ല്‍ തന്നെ യുക്തിവാദികള്‍ മറ്റൊരു തമാശ പൊട്ടിച്ചു. കേരള യുക്തിവാദി സംഘത്തിന്റെ സമ്മേളനം 2003 ഡിസംബറില്‍ തിരൂരില്‍ നടക്കുകയുണ്ടായി. പരിപാടി സംബന്ധിച്ച് ഇറക്കിയ നോട്ടീസില്‍ ഉള്ള ആദ്യത്തെ വാചകം ഇങ്ങനെ: ''മാനവികതയുടെ ഉദാര സങ്കല്പങ്ങളെ അപഹസിച്ചുകൊണ്ട് മതം, ജാതി, വര്‍ണം എന്നിങ്ങനെ നാനാവിധ സങ്കുചിത തത്ത്വങ്ങള്‍ ചേര്‍ന്ന് മനുഷ്യനെക്കൊണ്ട് പകിട കളിക്കുന്ന വിനാശകരമായ ഒരു കാലത്താണ് നാം ജീവിക്കുന്നത് ''. ബലേ ഭേഷ്! ഭയങ്കര തമാശ!! പണ്ട് പകിടകളി ഇങ്ങനെയായിരുന്നോ? എന്തൊരു സുഖമായിരുന്നു നമ്മുടെ നാട്ടില്‍ ജീവിക്കാന്‍. ശാന്തി, സമാധാനം, സ്‌നേഹം, മാനവികത, ഉദാരത എന്നിവയുടെയൊക്കെ പകിടകളിപ്പൂരമായിരുന്നില്ലേ കേരള നാട്ടില്‍ നടമാടിയിരുന്നത്. തിയ്യനെയും പുലയനെയുമൊക്കെ കണ്ടാല്‍ നമ്പൂതിരി അവരെ കെട്ടിപ്പിടിച്ച് ചന്തിക്ക് തലോടി കവിളില്‍ പൊന്നുമ്മ വയ്ക്കും. പിന്നെ ഇല്ലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മടിയില്‍ കിടത്തി സ്വര്‍ണ്ണക്കരണ്ടി കൊണ്ട് വായില്‍ പല്‍പ്പായസം ഒഴിച്ചു കൊടുക്കും. നായര്‍ വെഞ്ചാമരം വീശിക്കൊടും. വാര്യര്‍ താരാട്ടു പാടി ഉറക്കും. വിനാശകരമല്ലാത്തതും മഹത്തരവുമായിരുന്ന ആ പാരമ്പരര്യമൊക്കെ പൊയ്‌പ്പോയ് മറഞ്ഞില്ലേ! അത് തിരിച്ചുകൊണ്ടുവരാനായി നമുക്ക് യുക്തിവാദികളോടൊപ്പം പ്രാര്‍ത്ഥിക്കാതിരിക്കാം!!
........................

1 comment:

vinod1377 said...

സൂപ്പര്‍ ശങ്കരേട്ടാ സൂപ്പര്‍ അടി............
പോരട്ടെ ഈ സൈസ് തല്ല്‌ ഇനിയും
ഞാന്‍ ഇവിടെ വരാന്‍ താമസിച്ചു പോയോ എന്ന്സംശയം