My Blog List

Tuesday, September 21, 2010

കോലം കത്തിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണം

മക്തബ് സായാഹ്ന ദിനപത്രം-28.08.2010

കോലം കത്തിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണം

ശങ്കരനാരായണന്‍ മലപ്പുറം

മിക്ക കാര്യങ്ങളിലും നമ്മളുടെ വളര്‍ച്ച മുമ്പോട്ടേക്കാണെങ്കിലും പല കാര്യങ്ങളിലും നമ്മുടെ വളര്‍ച്ച പിറകോട്ടേക്കാണെന്ന് പറയേണ്ടിയിരിക്കുന്നു. പിറകോട്ടേക്കുള്ള ഈ യാത്രയില്‍ മുമ്പില്‍ നില്‍ക്കുന്നത് സാധാരണക്കാരില്‍ സാധാരണക്കാരായ പാവം മനുഷ്യരല്ല, മറിച്ച് വിവരവും വിഭ്യാഭ്യാസവും ഉണ്ടെന്ന് അഹങ്കരിക്കുന്നവരാണ് എന്നതാണ് വാസ്തവം. വിദ്യാഭ്യാസവും വിവരവും ഉണ്ടെങ്കിലും വിവേകം ഉണ്ടാകണമെന്നില്ല. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയതുകൊണ്ട് മാത്രം യാതൊരു കാര്യവുമില്ല. കൂടുതല്‍ പഠിച്ചയാള്‍ ജനകീയനാവണമെന്നില്ല. ജനനേതാവിന് വേണ്ടത് ഡിഗ്രിയല്ല, ജനങ്ങളോടുള്ള പ്രതിബദ്ധതയാണ്. ഇംഗ്‌ളീഷ് പത്രം കിട്ടിയാല്‍ തലകുത്തനെ പിടിച്ചു വായിക്കുന്ന വി.എസ്.അച്യുതാനന്ദനെക്കാളും പാലോളി മുഹമ്മദുകുട്ടിയേക്കാളും (ഇത്തരമൊരാക്ഷേപം ആര്‍.ബാലകൃഷ്ണപ്പിള്ള ഉന്നയിച്ചിരുന്നു) മാന്യന്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ആര്‍.ബാലകൃഷ്ണപ്പിള്ളയാണെന്ന് പറയാന്‍ സാധിക്കില്ല. ഒന്നാം റാങ്കു കിട്ടി സര്‍ക്കാര്‍ ജോലി ലഭിച്ചയാള്‍ ജോലിയില്‍ സത്യസന്ധത കാണിക്കുമെന്നും കൈക്കൂലി വാങ്ങില്ലെന്നും പറയാന്‍ പറ്റില്ല.
മറ്റെന്തു ഗുണമുണ്ടെങ്കിലും മാന്യതയും മാനവികതയുമൊക്കെ ഉണ്ടായിരിക്കണം. സിനിമാക്കാരും സീരിയലുകാരും മിമിക്രിക്കാരുമൊക്കെ ചില പ്രതേ്യക തൊഴില്‍ വിഭാഗങ്ങളെ (ബാര്‍ബര്‍മാര്‍, മീന്‍വില്പനക്കാര്‍, തെങ്ങുകയറ്റത്തൊഴിലാളികള്‍,മരപ്പണിക്കാര്‍ തുടങ്ങിയവര്‍) ആക്ഷേപിക്കുന്നത് അവരുടെ നയമായി സ്വീകരിച്ചതു പോലെ തോന്നുന്നു. കള്ളുകുടിയന്‍ ഉണ്ടെങ്കിലേ മിമിക്രിയാവൂ എന്നും ചിലര്‍ ധരിച്ചുവെച്ചിരിക്കുന്നു. സമൂഹത്തില്‍ നടമാടുന്ന ജീര്‍ണ്ണതകളെ മിമിക്രിയിലൂടെ തുറന്നുകാണിക്കാനായി രംഗത്തു കൊണ്ടു വരുന്ന കഥാപാത്രങ്ങളില്‍ മിക്കവയും കള്ളുകുടിയന്മാരായിരിക്കും. മനുഷ്യന്‍ ചിരിക്കണമെങ്കില്‍ കള്ളുകുടിയന്റെ കോപ്രായങ്ങള്‍ നിര്‍ബന്ധമായും വേണം എന്ന് മിമിക്രിയില്‍ നിയമം ഉള്ളതുപോലെ തോന്നുന്നു. ഇതുപോലെത്തന്നെയാണ് ചില സംഘടനകളുടെ കാര്യവും. പ്രതിഷേധം അറിയിക്കുവാന്‍ അവര്‍ പല കോപ്രായങ്ങളും കാണിക്കുന്നു. ഇക്കൂട്ടത്തില്‍പ്പെട്ട ഒരു കോപ്രായമാണ് നേതാക്കളുടെ കോലം കത്തിക്കല്‍.
അടുത്ത കാലത്ത്, കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ കോലം കത്തിക്കുന്നത് കാണാനിടയായി. കോണ്‍ഗ്രസ്സുകാരുടെ വകയായിരുന്നു പരിപാടി. മലപ്പുറം കുന്നുമ്മലിലെ ട്രാഫിക് ജംഗ്ഷനില്‍ വച്ച് അവര്‍ മുഖ്യമന്ത്രിയുടെ കോലം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു.
മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയോ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരമായി മുഖ്യമന്ത്രിയെ ചുട്ടുകരിക്കുന്നത് അല്പമെങ്കിലും മാനവികതയും മാന്യതയും ഉള്ളവര്‍ക്ക് ചേര്‍ന്ന പരിപാടിയല്ല. എന്തുതന്നെയായാലും ഓരോ കേരളീയന്റെയും മുഖ്യമന്ത്രിയാണ് വി.എസ്.അച്യുതാനന്ദന്‍. ഇങ്ങനെയുള്ളൊരു വ്യക്തിയെ (ഇതിന്റെയര്‍ത്ഥം മറ്റുള്ളവരെയാവാം എന്നല്ല) പൊതുജനങ്ങളുടെയിടയില്‍ വച്ച് ചുട്ടുകരിക്കുന്നത് ക്രിമിനല്‍ കുറ്റം തന്നെയാണ്. കോലം കത്തിക്കുന്നത് (ആരുടെയായാലും) രാജ്യദ്രോഹക്കുറ്റമാക്കി കണക്കാക്കുകയും ക്രിമിനല്‍ കുറ്റങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും വേണം. വി.എസ്.അച്യുതാനന്ദനെയല്ലല്ലോ വൈക്കോലും തുണിയുമൊക്കെയല്ലേ ചുട്ടുകരിക്കുന്നത് എന്ന ന്യായം ഉയര്‍ന്നേക്കാം. ശരിയാണ്, എങ്കിലും പ്രതീകം വി.എസ്. ആണല്ലോ. ആളെ കൊല്ലുന്നവര്‍ക്കുള്ള ശിക്ഷ തൂക്കിക്കൊല്ലലാണല്ലോ. ആയതിനാല്‍ പ്രതീകാത്മകമായി ഒരു വ്യക്തിയെ പരസ്യമായി ചുട്ടു കൊന്നവരെ പ്രതീകാത്മകമായി പരസ്യമായി തൂക്കിക്കൊന്നാല്‍ മതി.
രാഷ്ട്രീയപരമായി എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായായും ശരി ഡോ: മന്‍മോഹന്‍ സിംഗ് ഓരോ ഇന്ത്യക്കാരന്റെയും പ്രധാനമന്ത്രി തന്നെയാണ്. ഇത്രയും വലിയ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയുടെ കോലം കത്തിക്കുന്നതും ക്രിമിനല്‍ കുറ്റം തന്നെയാണ്. ഇതുപോലൊരു ക്രിമിനല്‍ കുറ്റം അടുത്തിടെ ന്യൂഡല്‍ഹിയില്‍ നടക്കുകയുണ്ടായി. അംഗനവാടി ജീവനക്കാരാണ് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചത്. അംഗനവാടി ജീവനക്കാരെ മറ്റുള്ളവരെപ്പോലെ കാണാന്‍ സാധിക്കില്ല. പിഞ്ചു കുഞ്ഞുങ്ങളില്‍ നല്ല ചിന്തകളെ രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കേണ്ടവരാണിവര്‍. ഇക്കൂട്ടര്‍ ഇങ്ങനെ ചെയ്യുന്നത് കുഞ്ഞുങ്ങളില്‍ ക്രിമിനല്‍വല്‍ക്കരണത്തിന്റെ വിത്തു പാകുന്നതിന് തുല്യമാണ്. പ്രധാനമന്ത്രിയെ പ്രതീകാത്മകമായി പരസ്യമായി ചുട്ടുകൊന്ന ഇക്കൂട്ടരെയും പ്രതീകാത്മകമായി പരസ്യമായി തൂക്കിക്കൊല്ലേണ്ടതാണ്.
...............

4 comments:

ശങ്കരനാരായണന്‍ മലപ്പുറം said...

'ഒന്നിനും പറ്റിയില്ലെങ്കില്‍ തൂറിത്തോല്‍പ്പിക്കുക' എന്നൊരു പ്രയോഗമുണ്ട്. ആശയത്തെ ആശയം കൊണ്ട് നേരിടേണ്ടതിനു പകരം ഇങ്ങനെയുള്ള പല മാര്‍ഗ്ഗങ്ങളും പല സംഘടനകളും പ്രയോഗിച്ചു വരുന്നുണ്ട്. ഇത്തരത്തില്‍പ്പെട്ടതും തീര്‍ത്തും സംസ്‌കാര രഹിതവുമായ മറ്റൊരു മാര്‍ഗ്ഗമാണ് നേതാക്കളുടെ കോലം കത്തിക്കുന്ന പരിപാടി. ഒട്ടുമിക്ക സംഘടനകളും ഇതൊരു പതിവാക്കിയിരിക്കുന്നു. പ്രതിഷേധമെന്ന പേരില്‍ നടത്തുന്ന ഈ ആഭാസത്തിനെതിരെ എഴുതിയ ഒരു കൊച്ചു ലേഖനമാണിത്. വായനക്കാര്‍ എന്തു പറയുന്നു?

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹ........
നല്ല തമാശപോസ്റ്റാണല്ലോ !!!!
കോലം കത്തിച്ചവരെ തൂക്കിക്കൊല്ലണമെന്ന് :)
ന്റെ പടച്ചോനെ...

ആര്‍ക്കും തീപ്പൊള്ളലേല്‍ക്കാതെ, പൊതു സ്ഥലങ്ങള്‍
വൃത്തികേടാക്കാതെ,പൊതുജനത്തെ ശല്യപ്പെടുത്താതെ...
ആരു വേണമെങ്കിലും ആരുടെ കോലവും കത്തിച്ച്
നിര്‍വൃതിയടയട്ടെ.

വൈക്കോലും, കീറത്തുണിയുമാണ്
ജനനേതാവിന്റെ വ്യക്തിത്വം എങ്കില്‍ അത് ആരെങ്കിലും പ്രതീകാത്മകമായി കത്തിച്ച് ഇല്ലാതാക്കുന്നെങ്കില്‍ ഇല്ലാതാക്കട്ടെ.
പരിസര മലിനീകരണം നടത്തിയതിനൊഴിച്ച്
ആര്‍ക്കെങ്കിലും പൊള്ളലേറ്റതിലൊഴിച്ച്,
മറ്റൊരു ശിക്ഷക്കും ഈ മിമിക്രി ശവദാഹം(കോലം കത്തിക്കല്‍) കുറ്റകരമാണെന്ന് വിധിച്ചുകൂട !

മാത്രമല്ല, കോലം കത്തിക്കുന്നത് ശിക്ഷാര്‍ഹമാക്കുന്നെങ്കില്‍ ആക്ഷേപഹാസ്യം,നര്‍മ്മ കഥകള്‍,മിമിക്രി-മോണാക്റ്റ്,രാഷ്ട്രീയ വിമര്‍ശന ലേഖനമെഴുത്ത്,പ്രസംഗം,ഓട്ടന്തുള്ളല്‍,രാഷ്ട്രീയ കാര്‍ട്ടൂണ്‍ രചന തുടങ്ങിയ
പ്രതീകാത്മക വ്യക്തിഹത്യ നടത്തുന്ന സകല കുറ്റിച്ചൂലുകളേയും രാജ്യത്തെ ഏറ്റവും മുന്തിയ ശിക്ഷയായ തൂക്കിക്കൊല്ലല്‍ ശിക്ഷാവിധിതന്നെ നല്‍കി ഇല്ലാതാക്കേണ്ടതാണ്... മനുഷ്യന്‍ എത്ര കഷ്ടപ്പെട്ടു പാടുപെട്ട് ബുദ്ധിമുട്ടി അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന സത്പ്പേരാണ് ഈ വിമര്‍ശക ജന്തുക്കള്‍ നിഷ്ക്കരുണം പരിഹസിച്ച് ഇല്ലാതാക്കുന്നത് !!!
അവറ്റകളെ തൂക്കിക്കൊല്ലാന്‍ നിയമം നിര്‍മ്മിക്കണം :)
ആ കാലത്തുമതി... കോലം കത്തിക്കുന്നവര്‍ക്കുള്ള തൂക്കുമങ്ങളും ക്രിമിനല്‍ നിയമങ്ങളും.

Joker said...

ഒരു പ്രത്യേക നിലപാടോ, പ്രവ്യത്തിയോ ചെയ്ത നേതാവിനോടോവ്യക്തിയോ‍ടോ ഉള്ള പ്രതിഷേധം പരസ്യമായി ഒന്ന് വികാരപരമായി പ്രകടിപ്പിക്കുക എന്നേ കോലം കത്തിക്കല്‍ കൊണ്ട് അര്‍ഥമാക്കുന്നുള്ളൂ. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചവര്‍ക്ക് മുഖ്യമന്ത്രിയെ കത്തിക്കണം എന്ന് ഒരിക്കലും ആഗ്രഹമ്മുണ്ടാകില്ല. ഇനി മുഖ്യമന്ത്രി ആ വഴി വന്ന് എന്താണിവിടെ നടക്കുന്നത് എന്ന് ചോദിച്ചാല്‍ കോലം കത്തിക്കുന്നവര്‍ താഴ്മയോടെ സംഭവം അവതരിപ്പിക്കുക മാത്രമേ ചെയ്യൂ. കോലം കത്തിക്കല്‍ പോലെയ്യുള്ള സമര പരിപാടികള്‍ നിസ്സഹായമായ ഒരു ജനത്തിന്റെ ജന ശ്രദ്ധ പിടിച്ചു പറ്റാനുള്ള പ്രതിഷേധ രൂ‍പമായേ കാണാനൊക്കൂ. ക്രിമിനല്‍ കുറ്റമായി കാണണം എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. ബസ്സിലിട്ടും, ടി വി ക്യാമറക്ക് മുന്നില്‍ വെച്ചും, സമരക്കാരുട്റ്റെ മുന്നില്‍ വെച്ചും ആളുകളെ ചുട്ടു കൊല്ലുന്നതാണ് ക്രിമിനല്‍ പ്രവത്തനങ്ങള്‍ അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ഒരിക്കലും കോലം കത്തിക്കാന്‍ മിനക്കെടാറില്ല. അവര്‍ നേരെ തന്നെ മജ്ജയും മാംസവും ഉള്ളവരെ പച്ചക്ക് കത്ഥിക്കും. ഒന്ന് ഫാസിസവും കോലം കത്തിക്കല്‍ ജനാധിപത്യപരവുമാണ്. എന്നാണെന്റെ അഭിപ്രായം.

നിസ്സഹായന്‍ said...

ആളുകള്‍ക്ക് അവരുടെ പ്രതിഷേധം ഈ രീതിയിലെങ്കിലും രേഖപ്പെടുത്താന്‍ അവസരം നല്‍കാതിരുന്നാല്‍ അഥവാ കോലം കത്തിക്കലിനെ ക്രിമിനല്‍ കുറ്റമാക്കിയാല്‍ അവര്‍ അവരുടെ രോഷം എങ്ങനെ പ്രകടിപ്പിക്കും ? ചിലപ്പോള്‍ പ്രതീകാത്മകത്തിനു പകരം ഒറിജിനലായിത്തന്നെ പരിപാടി നടത്തണമെന്ന് ആര്‍ക്കെങ്കിലും തോന്നിയാലോ ! ഒരു പക്ഷേ അത് കൃത്യമായി നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ക്കറിയാം. അതുകൊണ്ടു തന്നെ അവര്‍ കോലം കത്തിക്കലിനെ നിരോധിക്കാന്‍ സാധ്യതയില്ല.