My Blog List

Monday, October 04, 2010

ഒരു അടുത്തൂണ്‍കാരന് പറയാനുള്ളത്

'പച്ചക്കുതിര' മാസിക (ജൂണ്‍, 2010)

ഒരു അടുത്തൂണ്‍കാരന് പറയാനുള്ളത്

ശങ്കരനാരായണന്‍ മലപ്പുറം

കിട്ടുന്നത് കുറച്ച് കാണിച്ച് പട്ടിണിയും കഷ്ടപ്പാടും പറയുന്ന സ്വഭാവം പൊതുവെയുള്ളതാണ്. 2005 ലെ 'മംഗളം' ഓണം വിശേഷാല്‍ പതിപ്പില്‍ എം.എന്‍.വിജയന്‍ ഇങ്ങനെ ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. 1960 ല്‍ 120 രൂപയാണ് ആകെ ശമ്പളമായി ലഭിച്ചിരുന്നതെന്നും പിടുത്തം കഴിച്ച് 90 രൂപയാണ് കയ്യില്‍ കിട്ടിയിരുന്നതെന്നും ഇതു കാരണം വളരെയധികം പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഇതു വെറുതെയുള്ള പട്ടിണി പ്രസംഗമാണെന്ന് അദ്ദേഹം പ്രകടിപ്പിച്ച മറ്റൊരു അഭിപ്രായത്തില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കും. 'മാസാവസാനങ്ങളില്‍ കീശ തീരെ കാലിയാവുമ്പോള്‍ പെട്ടി തുറന്ന് മുണ്ടുകളെടുത്തു കുടയും. അപ്പോള്‍ ഏതെങ്കിലും മുണ്ടില്‍ നിന്നു ഒരു കാലുറുപ്പിക നിലത്തു വീഴും. അതുകൊണ്ട് അന്ന് ഉത്സവം പോലെയായിരിക്കും ' എന്നാണ് എം.എന്‍.വിജയന്‍ പറഞ്ഞത്. എം.എന്‍.വിജയന്റെ മുണ്ടുകള്‍ മാന്ത്രിക മുണ്ടുകളാണോ എന്ന ചോദ്യം തല്‍ക്കാലം അവിടിരിക്കട്ടെ. ഒരു ദിവസം ഉത്സവമാക്കാന്‍ കാലുറുപ്പിക മതിയെന്ന് മേല്‍ പ്രസ്താവനയില്‍ നിന്നു വ്യക്തമാകുന്നുണ്ട്. അപ്പോള്‍ 30 ദിവസം ഉത്സവമാക്കാന്‍ ഏഴര രൂപ മതിയല്ലോ. പിന്നെങ്ങനെയാണ് 90 രൂപ കയ്യില്‍ കിട്ടുന്ന വ്യക്തിക്ക് ഇത്ര കടുത്ത പ്രയാസങ്ങളുണ്ടാവുക. ഉണ്ടെങ്കില്‍ തന്നെ മറ്റു സാധാരണക്കാരുടെ ജീവതാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വിളിച്ചു പറയാന്‍ മാത്രം വലിയ കാര്യമുള്ള വിഷയവുമല്ല.
ഇതിനെയും കടത്തി വെട്ടുന്ന ഒരു പട്ടിണി വിലാപം കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തുകയുണ്ടായി. ട്രഷറി വകുപ്പില്‍ ഉദ്യോഗസ്ഥനായ ചുള്ളിക്കാടിന് കവിതാ-ലേഖനമെഴുത്ത്, സിനിമാ-സീരിയല്‍ അഭിനയം, റോയല്‍റ്റി എന്നീ വകയില്‍ വരുമാനങ്ങളുണ്ട്. ഭാര്യ വിജയലക്ഷ്മിയും ഉദ്യോഗസ്ഥയാണ്. കവിത എഴുതുന്ന വകയില്‍ അവര്‍ക്കും പണം ലഭിക്കുന്നുണ്ട്. ഇങ്ങനെയുള്ള ചുള്ളിക്കാട് 'ദേശാഭിമാനി'യിലൂടെ (21.08.2005) നടത്തിയ ദാരിദ്ര്യ പ്രസംഗം നോക്കുക: “വിശാലമായ ഈ ഭൂമിയില്‍ ഒരു സെന്റു പോലും എനിക്ക് സ്വന്തമായിട്ടില്ല. കുറച്ച് പുസ്തകങ്ങളും വസ്ത്രങ്ങളും മാത്രമാണ് എന്റെ സ്വകാര്യ സ്വത്ത്. കലാപ്രകടനം നടത്തി ജീവിക്കുന്ന എളിയ കലാകാരന്‍. എന്നെപ്പോലെയുള്ള ദരിദ്രര്‍ക്ക് ഇടതുപക്ഷത്തെയല്ലാതെ മറ്റൊരു പക്ഷത്തെയും പിന്തുണയ്ക്കാന്‍ നിവൃത്തിയില്ല.” (ചുള്ളിക്കാനെപ്പോലെയുള്ള 'ദരിദ്രര്‍' ഇടതുപക്ഷത്തു ചേരുമ്പോള്‍ റയില്‍വെ പുറമ്പോക്കിലും കടത്തിണ്ണകളിലുമൊക്കെ അന്തിയുറങ്ങുന്ന 'സമ്പന്നര്‍ക്ക്' വലതു പക്ഷത്തേക്ക് മാറേണ്ടി വരും!). ഈ രണ്ടു പട്ടിണി പ്രസംഗങ്ങളുടെയും കാപട്യം തുറന്ന് കാണിച്ച് ഈ ലേഖകന്‍ 'കേരളശബ്ദം' വാരികയില്‍(30.10.2005) എഴുതിയിട്ടുണ്ട്.
കിട്ടുന്നത് കുറച്ച് കാണിച്ച് പായ്യാരം പറയുക എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരാണ് മുന്‍ പന്തിയില്‍ നില്‍ക്കുന്നത്. ഉദ്യോഗസ്ഥന്മാരുടെ ഈ നിലപാട് ചൂണ്ടിക്കാണിച്ചും മറ്റു ജനവിരുദ്ധ നിലപാടുകള്‍ തുറന്നു കാണിച്ചും മിനിക്കഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. (' സര്‍ക്കാര്‍ ആപ്പീസ് സംസ്‌കാരം' എന്ന തലക്കെട്ടില്‍ 27.05.2007 ലെ 'കേരള ശബ്ദ'ത്തിലും, 'കേരള മുസ്ലീം വിരുദ്ധദിനം' എന്ന തലക്കെട്ടില്‍ 2004 ജനുവരിയിലെ 'സമീക്ഷ'യിലും, 'കര്‍ക്കടകവാവും കുറെ കഴുതകളും' എന്ന തലക്കെട്ടില്‍ 2004 സെപ്തംബറിലെ 'റാന്‍ഫെഡ് ശബ്ദ'ത്തിലും). ഞാന്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിന്നു 2010 മാര്‍ച്ച് 31 ന് വിരമിച്ചു. ഇപ്പോള്‍ ഒരു പെന്‍ഷനര്‍. ഒരു പെന്‍ഷനര്‍ എന്ന നിലയിലും മന്‍പ് എഴുതിയതിന്റെ തുടര്‍ച്ച എന്ന നിലയിലും എനിക്കു പറയാനുള്ള കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.
ആകെ ജനസംഖ്യയുടെ 3 ശതമാനമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഈ 3 ശതമാനത്തിനു മാത്രമേ ജോലിയില്‍ സുരക്ഷിതത്വമുള്ളൂ. സര്‍വ്വീസിലിരിക്കുന്ന കാലയളവിലുള്ള സുരക്ഷിതത്വം മാത്രമല്ല മരിക്കുന്നതു വരെയുമുണ്ട് ഈ സുരക്ഷിതത്വം. സര്‍വ്വീസിലിരിക്കെ മരിച്ചാല്‍ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുന്നു. ജോലി ചെയ്യാതിരുന്നാലും (അവധികളും മറ്റും) കൂലി ലഭിക്കും. എന്നാല്‍ ചില സര്‍ക്കാരുദ്യോഗസ്ഥന്മാരുടെ കാര്യമോ? പ്രവൃര്‍ത്തി ദിവസങ്ങളില്‍ ജോലിയൊന്നും ചെയ്യാതെ സിനിമാ-സീരിയല്‍ കഥ പറഞ്ഞോ പ്രസിദ്ധീകരണങ്ങള്‍ വായിച്ചോ പരദൂഷണം പറഞ്ഞോ മറ്റ് തൊഴില്‍ വിഭാഗങ്ങളുടെ കൂറില്ലായ്മയെക്കുറിച്ച് ചര്‍ച്ച ചെയ്‌തോ സമയം കളഞ്ഞാലും ഇത്തരക്കാര്‍ക്ക് കൂലി ലഭിക്കും. ഒരു മരപ്പണിക്കാരന്‍ എത്ര തന്നെ കള്ളത്തരം കാണിച്ചാലും അയാളെ ഏല്പിച്ച പണി ചെയ്‌തേ പറ്റൂ. വാതില്‍ ഉണ്ടാക്കാന്‍ ഏല്പിച്ചാല്‍ വാതില്‍ ഉണ്ടാക്കിയേ പറ്റൂ. എന്നാല്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനു ഇത്തരം നിബന്ധനകളൊന്നുമില്ല.
വിവിധ കാര്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങി ക്രൂരമായ അവഗണനയും അവഹേളനവും സാമ്പത്തിക നഷ്ടവും സമയ നഷ്ടവും അനുഭവിക്കുന്നവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കുള്ള നികുതിപ്പണം നല്‍കുന്നവരുമായ സാധാരണക്കാരില്‍ മിക്കവരും അറിയുന്നില്ല, ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുന്നതെന്ന്. അവധി ദിവസങ്ങളിലും ശമ്പളം ലഭിക്കുമെന്നറിയാം. പക്ഷേ, മറ്റു ആനുകൂല്യങ്ങളെക്കുറിച്ച് മിക്കവര്‍ക്കും അറിയില്ല. പൊതു അവധി ദിവസങ്ങള്‍ ഒഴിവാക്കിയാലും വേറെയും ധാരാളം ഒഴിവുകളുണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്. ഇത്രയേറെ പൊതു അവധികളുള്ള രാജ്യം ലോകത്തു മറ്റൊരിടത്തുമില്ല. കൊല്ലത്തില്‍ 20 ദിവസത്തെ കാഷ്വല്‍ അവധിയുണ്ട്. മറ്റൊരു വകയില്‍ കൊല്ലത്തില്‍ 10 അവധികള്‍ വേറെയുണ്ട്. ഏണ്‍ഡ് ലീവ് എന്ന പേരില്‍ കൊല്ലത്തില്‍ 33 അവധികള്‍ വേറെയുണ്ട്. (ഈ അവധികള്‍ മിക്കവരും-ഈയുള്ളവനും ഇക്കൂട്ടത്തില്‍ പെടും-എടുക്കാറില്ല. ഇത് എടുക്കാതെ ആ ദിവസങ്ങള്‍ക്കനുസൃതമായ ശമ്പളം വാങ്ങാനുള്ള അവകാശമുണ്ട്). ഈ അവധികള്‍ വിറ്റ് കാശാക്കാതെ എടുക്കുകയാണെങ്കില്‍ ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ ഒരു വര്‍ഷം ഏറിവന്നാല്‍ 220 ദിവസം ജോലി ചെയ്താല്‍ മതി. (പലരുടെയും കാര്യത്തില്‍ ജോലി ചെയ്യുക എന്നു പറഞ്ഞാല്‍ അത്രയും ദിവസം ഓഫീസിലെ ഹാജര്‍ പുസ്തകത്തില്‍ ഒപ്പിടുക എന്നതാണ് അര്‍ത്ഥം). 100 ദിവസം ജോലി ചെയ്താല്‍ 165 ദിവസത്തെ കൂലി ലഭിക്കും. മറ്റൊരു തൊഴില്‍ വിഭാഗത്തിനും ഇത്രയും വലിയ ആനുകൂല്യം ലഭിക്കുന്നില്ല. പക്ഷേ, ഇതൊക്കെ കൈപ്പറ്റുന്നതിനുള്ള നന്ദി മിക്ക സര്‍ക്കാരുദ്യോഗസ്ഥന്മാരും കാണിക്കുന്നുണ്ടോ ? ഇല്ല എന്നു തന്നെയാണ് ഉത്തരം. ഇതു ഓഫീസുകളില്‍ കയറിയിറങ്ങി ചെരുപ്പു തേയുന്ന പാവം പൊതു ജനങ്ങളുടെ മാത്രം അഭിപ്രായമല്ല. ഇല്ല എന്നു തന്നെയാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമൊക്കെ പറയുന്നത്. കേരളത്തിലെ സര്‍ക്കാരുദ്യോഗസ്ഥരില്‍ 90 ശതമാനവും പ്രമാണിമാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണെന്നാണ് മന്ത്രി പാലോളി മുഹമ്മദു കുട്ടി ദോഹയില്‍ വച്ച് ഈയിടെ അഭിപ്രായപ്പെട്ടിരിക്കുന്നത് (മാധ്യമം-07.04.2010).
30 വര്‍ഷം സര്‍ക്കാരിനെ സേവിച്ചു എന്നും മറ്റുമാണ് പലരും പറയാറ്. 30 വര്‍ഷം സേവിച്ചു എന്നു പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. 30 വര്‍ഷം സര്‍ക്കാര്‍ തന്നെയും തന്റെ കുടുംബത്തെയും തീറ്റിപ്പോറ്റി എന്നു പറയുന്നാണ് ശരി. 30 വര്‍ഷം കഴിഞ്ഞാലും സര്‍ക്കാരിന്റെ സേവനം അവസാനിക്കുന്നില്ല. തുടര്‍ന്നങ്ങോട്ട് മരണം വരെ പെന്‍ഷനും നല്‍കിക്കൊണ്ടിരിക്കും. (1904 ല്‍ ജനിക്കുകയും 1959 ല്‍ തന്റെ 55-ാം വയസ്സില്‍ ജോലിയില്‍ നിന്നു വിരമിക്കുകയും ചെയ്ത് 103-ാം വയസ്സിലും പെന്‍ഷന്‍ വാങ്ങുന്ന ഒരദ്ധ്യാപകനെക്കുറിച്ച് 'കേരളകൗമുദി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിരിയുമ്പോള്‍ അദ്ദേഹം വാങ്ങിയ ശമ്പളം 253 രൂപയും ആദ്യത്തെ പെന്‍ഷന്‍ 63 രൂപയുമായിരുന്നു. 47 വര്‍ഷമായി പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ പെന്‍ഷന്‍ 4900 രൂപ-എന്നിങ്ങനെയാണ് വാര്‍ത്തയില്‍ പറയുന്നത്). കമ്മ്യൂട്ടേഷന്‍, ഗ്രാറ്റിവിറ്റി തുടങ്ങിയ വകയില്‍ വലിയൊരു സംഖ്യ വേറെയും ലഭിക്കും.
ഈ ലേഖകന്‍ വിരമിച്ച മാസം (2010,മാര്‍ച്ച്) വാങ്ങിയ അടിസ്ഥാന ശമ്പളം 13610 രൂപയും ആകെ ശമ്പളം 22710 രൂപയുമായിരുന്നു. 30 വര്‍ഷത്തിലേറെ സര്‍വ്വീസുണ്ടായിരുന്ന എനിക്ക് പെന്‍ഷനായി (100 രൂപ മെഡിക്കല്‍ അലവന്‍സ് ഉള്‍പ്പടെ) 11093 രൂപ ലഭിക്കും. 12 വര്‍ഷത്തെ പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്ത് മുന്‍കൂട്ടി വാങ്ങാന്‍ സാധിക്കും. ഇതു പെന്‍ഷനു കണക്കാക്കിയ തുകയുടെ (6703) 54.816 ഇരട്ടി-അതായത് 3,67,432 രൂപയാണ്. പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്യുമ്പോള്‍ കമ്മ്യൂട്ടേഷന്‍ കഴിച്ചുള്ള തുകയേ പെന്‍ഷനായി ലഭിക്കുകയുള്ളൂ. ഇത് പെന്‍ഷനു കണക്കാക്കിയ തുകയുടെ (6703) 60% + പെന്‍ഷനു കണക്കാക്കിയ ആകെ തുകയ്ക്ക് നിലവിലുള്ള ക്ഷാമബത്ത എന്ന കണക്കിലാണ്. എന്നെ സംബന്ധിച്ചിടത്തോളം 8312 (4022+4290) രൂപ. 30 വര്‍ഷം സര്‍വ്വീസുള്ള എല്ലാ ഉദ്യോഗസ്ഥന്മാര്‍ക്കും ഈ രീതിയിലാണ് പെന്‍ഷനും കമ്മ്യൂട്ടേഷനും ലഭിക്കുക.
ഇതു കൂടാതെ ഗ്രാറ്റിവിറ്റിയും ലഭിക്കും. ഇത് കണക്കാക്കുന്നത്, പെന്‍ഷനു കണക്കാക്കിയ അടിസ്ഥാന ശമ്പളത്തിനോടുകൂടി നിലവിലുള്ള ക്ഷാമബത്ത കൂട്ടിയതിന്റെ പകുതിയെ ആകെ സര്‍വ്വീസ് കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന തുകയാണ്. എന്നെ സംബന്ധിച്ചിടത്തേളം, (13406* 1.64)/2*30=3,29,788 രൂപ. ഇത് പരമാവധി 3,30,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. 13,500 രൂപ അടിസ്ഥാന ശമ്പളവും 30 വര്‍ഷം സര്‍വ്വീസും ഉള്ള ഏതൊരു ജീവനക്കാരനും ഗ്രാറ്റിവിറ്റി ഇനത്തില്‍ 3,30,000 രൂപ ലഭിക്കും. കൊല്ലത്തില്‍ 33 ഏണ്‍ഡ് ലീവ് ഉണ്ടെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ. ഈ ലീവ് എടുക്കാതിരുന്നാല്‍ അത്രയും ദിവസത്തെ ശമ്പളത്തിനനുസൃതമായ തുക ലഭിക്കും. സര്‍വ്വീസിലിരിക്കുമ്പോള്‍ ഒരു വര്‍ഷത്തില്‍ പരമാവധി 30 ദിവസത്തെ ശമ്പളമേ ഇങ്ങനെ മാറാന്‍ സാധിക്കുകയുള്ളൂ. ബാക്കിയുള്ളവ എക്കൗണ്ടില്‍ കിടക്കും. 30 വര്‍ഷം സര്‍വ്വീസുള്ള ഒരാള്‍ക്ക് മുന്നൂറോ അധിലധികമോ അവധികള്‍ എക്കൗണ്ടില്‍ ബാക്കി കിടക്കും. ഞാന്‍ പിരിയുമ്പോള്‍ എന്റെ എക്കൗണ്ടില്‍ 300 ലേറെ അവധികളുണ്ടായിരുന്നു. എന്നാന്‍, പരമാവധി 300 അവധികള്‍ക്ക് അനുസൃതമായ തുകയേ ഈ വകയില്‍ ലഭിക്കുകയുള്ളൂ. 300 അവധിയ്ക്കനുസൃതമായ ശമ്പളമെന്നു പറഞ്ഞാല്‍ പിരിയുന്ന മാസം വാങ്ങിയ ആകെ ശമ്പളത്തിന്റെ 10 ഇരട്ടിയെന്നര്‍ത്ഥം. അടിസ്ഥാന ശമ്പളം 13610 രൂപയുള്ള എനിക്ക് ഈയിനത്തില്‍ 2,27,100 രൂപ ലഭിക്കും. പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാദ്ധ്യാപകര്‍ എന്നിവരൊഴികെയുള്ള അദ്ധ്യാപകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല.
എന്റെ സുഹൃത്തായ കെ.കെ.മുഹമ്മദ് റഷീദ് മാസ്റ്റര്‍ 2009 മാര്‍ച്ചിലാണ് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ജോലിയില്‍ നിന്നു വിരമിച്ചത്. കമ്മ്യൂട്ടേഷന്‍ കഴിച്ച് 10,000 ത്തോളം രൂപ ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങുന്ന അദ്ദേഹത്തിന് കമ്മ്യൂട്ടേഷന്‍ വകയില്‍ 4,17,287 രൂപയും ഗ്രാറ്റിവിറ്റിയിനത്തില്‍ 3,30,000 രൂപയും ലഭിച്ചു. (പുതുതായി ജോലിയില്‍ പ്രവേശിച്ച ഒരു സീനിയര്‍ +2 ടീച്ചര്‍ക്ക് ആകെ 18,500 രൂപയിലേറെയും ജൂനിയര്‍ +2 ടീച്ചര്‍ക്ക് 15,000 രൂപയിലേറെയും ശമ്പളം ലഭിക്കും). 30 വര്‍ഷം സര്‍വ്വീസുള്ളതും അടിസ്ഥാന ശമ്പളം 27,000 രൂപയുമുള്ള ഒരു കോളേജ് അദ്ധ്യാപകന് പിരിയുന്ന മാസം 47,500 രൂപ ശമ്പളം ലഭിക്കും. പെന്‍ഷനായി (കമ്മ്യൂട്ട് ചെയ്യാതെയുള്ളത്) 23,455 രൂപ ലഭിക്കും.
27000 രൂപ അടിസ്ഥാന ശമ്പള പ്രകാരം 13500 രൂപ ബേസിക് പെന്‍ഷനുള്ള ഈ അദ്ധ്യാപകന് കമ്മ്യൂട്ടേഷന്‍ ഇനത്തില്‍ (13500*54.816) 7,40,016 രൂപ കിട്ടും. (പുതിയതായി ജോലിയില്‍ പ്രവേശിച്ച ഒരു കോളേജ് ലക്ചറര്‍ക്ക് 21,000 രൂപയിലെറെ ശമ്പളം ലഭിക്കും).
ഒരു സര്‍ക്കാരുദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം, അയാള്‍ ജോലിയില്‍ കയറിയ അന്നു മുതല്‍ അയാളുടെ മരണം വരെയോ അടുത്ത ബന്ധുവിന്റെ മരണം വരെയോ സര്‍ക്കാരില്‍ നിന്നു ലഭിച്ചു കൊണ്ടിരിക്കുന്ന ഈ ആനുകൂല്യങ്ങളെല്ലാം പൊതു ജനങ്ങളുടെ നികുതിപ്പണമാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പൊതു ജനത്തിനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു. (ഈ കടപ്പാടിനെക്കുറിച്ച് ഒരു പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ഓരോ പെന്‍ഷനര്‍ക്കും ബാധ്യതയുണ്ട്). എന്നാല്‍, ഈ കടപ്പാട് എത്ര പേര്‍ക്കുണ്ട് എന്നു ചോദിച്ചാല്‍ ഭൂരിഭാഗത്തിനും ഇല്ല എന്നു തന്നെയാണ് ഉത്തരം. ഇത് പൊതു ജനത്തിന്റെ മാത്രം അഭിപ്രായമല്ല. സര്‍ക്കാരിന്റെ അഭിപ്രായവും ഇങ്ങനെത്തന്നെ. ജീവനക്കാര്‍ക്കു വേണ്ടി അതി ശക്തമായി സംസാരിക്കുന്ന ഇടതു പക്ഷ പ്രസ്ഥാനങ്ങളടെ നിലപാടും ഇതു തന്നെ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ 'ദേശാഭിമാനി' (മുഖപ്രസംഗം-27.02.1990) ജീവനക്കാരുടെ നിലപാടുകളെ അതി രൂക്ഷമായി വിമര്‍ശിക്കുന്നത് നോക്കുക: “മറ്റേതൊരു തൊഴില്‍ മേഖലയെയും അപേക്ഷിച്ച് നിരുത്തരവാദിത്വം കൊടികുത്തി വാഴുന്ന ഒന്നാണ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നു പറയുമ്പോള്‍ ആരും ചൊടിച്ചിട്ടു കാര്യമില്ല. സാധാരണക്കാരുടെ ജീവല്‍ പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്ന വികാരത്തോടെയാണോ ആപ്പീസുകളില്‍ തങ്ങള്‍ ജോലി നിര്‍വ്വഹിക്കുന്നത് എന്ന് ഓരോ ജീവനക്കാരനും നെഞ്ചില്‍ കൈവെച്ച് നൂറു വട്ടം സ്വയം ചോദിക്കണം. ഉണ്ട് എന്നു മറുപടി കിട്ടുന്നവര്‍ തുലോം ചുരുക്കമായിരിക്കും എന്നു പറയേണ്ടി വന്നതില്‍ വേദനയുണ്ട്. ഒരു ചെറിയ വിഭാഗത്തെ ഒഴിച്ചു നിര്‍ത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക സംസ്‌കാരം തന്നെ വളര്‍ന്നു വന്നിരിക്കുന്നു. ഏറ്റവും കുറച്ചു പണിയെടുക്കുക എന്നതാണാ സംസ്‌കാരം. ഇക്കാര്യത്തില്‍ കക്ഷി വ്യത്യാസമോ സംഘടനാ വ്യത്യാസമോ ഒന്നും ബാധകമല്ല. ഏതു സര്‍ക്കാര്‍ വന്നാലും, രാജ്യത്ത് എന്തു സംഭവിച്ചാലും അതൊന്നും തങ്ങളുടെ ഈ ചിട്ട തിരുത്തിക്കാന്‍ പര്യാപ്തമല്ലെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. നിയമ പ്രകാരം കൃത്യമായി പണിയെടുത്താല്‍ കഷ്ടിച്ച് ആറു മണിക്കൂര്‍ മാത്രമാണ് ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ പണിയെടുക്കേണ്ടത്. ഇത്ര കുറഞ്ഞ ജോലി സമയം മറ്റേതൊരു മേഖലയിലാണ് ഉള്ളതെന്ന് അവര്‍ ചിന്തിക്കണം. എന്നാല്‍ ഈ ചുരുങ്ങിയ സമയം പോലും സീറ്റില്‍ ഇരിക്കുവാനോ കൃത്യമായി ജോലി ചെയ്യുവാനോ ബഹുഭൂരിപക്ഷം ജീവനക്കാരും തയ്യാറില്ലെന്നത് സത്യം മാത്രമാണ്. ഭരണത്തിന്റെ സിരാകേന്ദ്രമാണ് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ്. എപ്പോള്‍ നോക്കിയാലും അകത്തുള്ളതില്‍ കൂടുതല്‍ ജീവനക്കാര്‍ ആപ്പീസ് വളപ്പിലുണ്ടാകും. ഇതൊക്കെ തുറന്നു പറയുമ്പോള്‍ ആരും നെറ്റി ചുളിച്ചിട്ടു കാര്യമില്ല. പറയാതിരിക്കാന്‍ വയ്യാത്ത വിധം എല്ലാ അതിര്‍ വരമ്പുകളും കടന്നു കഴിഞ്ഞിരിക്കുന്നു.
സംസ്ഥാനത്തിന്റെ ഒരറ്റത്താണ് തലസ്ഥാനം. കാസര്‍ഗോട്ടു നിന്നും ഒരു കാര്യം തിരക്കി ഒരു സാധാരണക്കാരന്‍ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റില്‍ എത്തിപ്പെടണമെങ്കില്‍ പെടുന്ന പാട് ചില്ലറയല്ല. എല്ലാ വൈതരണികളും കടന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുമ്പിലെത്തിയാല്‍ പലപ്പോഴും അവര്‍ക്കുണ്ടാകുന്ന അനുഭവം കയ്‌പ്പേറിയതായിരിക്കും. സര്‍ക്കാരാശുപത്രികളുടെ കാര്യമെടുക്കാം. അവശരായി ആശുപത്രിയിലെത്തുന്ന രോഗികളോട് തെണ്ടിപ്പട്ടികളോടെന്ന പോലെയാണ് മിക്ക ജീവനക്കാരും പെരുമാറുന്നത്. ഡോക്ടര്‍മാരേക്കാള്‍ മോശമായി പെരുമാറുന്നത് കീഴ് ജീവനക്കാണ് എന്നതാണ് അതിലേറെ കഷ്ടം. സാധാരണക്കാരായ അവര്‍ക്ക് തങ്ങളുടെ സഹജീവികളുടെ വേദന അറിയാന്‍ കഴിയാതെ പോകുന്നത് തൊഴിലാളി വര്‍ഗ്ഗ സംസ്‌കാരമല്ല. സംഘടനയുടെ ശക്തികൊണ്ടാണ് ഇവര്‍ രക്ഷപ്പെടുന്നത്. അല്ലെങ്കില്‍ പലതും സംഭവിക്കുമായിരുന്നു.
എന്തിനധികം പറയണം ഒരു ജീവിത കാലം മുഴുവന്‍ ഇരുന്ന് പണിയെടുത്ത ഒരു ആപ്പീസിലേക്ക് പെന്‍ഷന്‍ പറ്റിയ ശേഷം ഒരാള്‍ കടന്നു ചെന്നാല്‍ അയാള്‍ക്കുണ്ടാകുന്ന അനുഭവം പോലും മറിച്ചാകുന്നില്ല. അപ്പോള്‍ ഇതു വ്യക്തികളുടെ സ്വഭാവത്തിന്റെ പ്രശ്‌നമല്ല. ആപ്പീസില്‍ നിന്നും ഇറങ്ങിയാല്‍ തീര്‍ത്തും മാന്യമായി പെരുമാറാന്‍ അറിയുന്നവരാണ് 99 ശതമാനവും. പക്ഷേ ആപ്പീസുകള്‍ക്കുള്ളിലെ അവരുടെ സംസ്‌കാരം ഒന്നു വേറെയാണ്. ശ്രീപത്മനാഭന്റെ തൊപ്പി തലയില്‍ കേറിയാല്‍ പെറ്റ തള്ളയെ ആണേലും ഇടിച്ചു പോകും എന്ന് പണ്ടൊരു പോലീസുകാരന്‍ പറഞ്ഞ മാതിരിയാണ് സ്ഥിതി. കൈക്കൂലിയുടെ കാര്യം പറയുന്നില്ല. അതെല്ലാം ഒരവകാശം പോലെ ആയിത്തീര്‍ന്നിരിക്കയാണിന്ന് ”.
ഇതാണ് സത്യമെന്നിരിക്കെ ശമ്പളം വാങ്ങാന്‍ മാത്രമല്ല വിരമിച്ചതിനു ശേഷം പെന്‍ഷനും കമ്മ്യൂട്ടേഷനും ഗ്രാറ്റിവിറ്റിയും ടെര്‍മിനല്‍ സറണ്ടറുമൊക്കെ വങ്ങാന്‍ എത്ര പേര്‍ക്കുണ്ട് അവകാശം? ഓരോരുത്തരും (ഇക്കൂട്ടത്തില്‍ ഈ ലേഖകനും ഉള്‍പ്പെടും) സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കേണ്ട ചോദ്യമാണിത്.
ഉദ്യോഗസ്ഥന്മാരല്ലാത്ത മറ്റെല്ലാ ജോലിക്കാരും നാടിനെ സേവിക്കുന്നവര്‍ തന്നെയാണ്. കൃഷിപ്പണിക്കാരും മരപ്പണിക്കാരും കോണ്‍ഗ്രീറ്റു പണിക്കാരും സ്വകാര്യ ബസ് ജീവനക്കാരും തേങ്ങയിടുന്നവരും കല്ലുവെട്ടുന്നവരും പെയ്ന്റര്‍മാരും കടകളില്‍ ജോലി ചെയ്യുന്നവരുമൊക്കെ ജന സേവനം തന്നെയാണ് നടത്തുന്നത്. സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ കുടുംബവും കുട്ടികളും ആഗ്രഹങ്ങളും വികാരങ്ങളും വിചാരങ്ങളുമൊക്കെ ഇക്കൂട്ടര്‍ക്കുമുണ്ട്. കൂലിയോടുകൂടിയുള്ള അവധി കിട്ടാത്ത ഇക്കൂട്ടരും കര്‍ക്കിടകവാവിന് ബലിയിടാറുണ്ട്. കൂലിയോടുകൂടിയ പ്രസവ അവധി കിട്ടാറില്ലെങ്കിലും ഇക്കൂട്ടത്തില്‍പ്പെട്ട സ്ത്രീകളും പ്രസവിക്കാറുണ്ട്. ജോലി ചെയ്യാന്‍ വയ്യാതായാല്‍ പണിയെടുക്കാതെ കാശ് ലഭിക്കുവാന്‍ ഇക്കൂട്ടര്‍ക്കും ആഗ്രഹം കാണും. കമ്മ്യൂട്ടേഷന്‍ കിട്ടിയാല്‍ ഇക്കൂട്ടര്‍ക്ക് കയ്ക്കില്ല. സറണ്ടര്‍ കിട്ടിയാല്‍ സങ്കടപ്പെടില്ല. പക്ഷേ, ഇതിനൊന്നിനും ഇക്കൂട്ടര്‍ക്ക് അവകാശമില്ല. ഇതുകൊണ്ടു തന്നെ ഇതിനൊക്കെ അവകാശമുള്ളവര്‍ ഇതിനൊന്നും അവകാശമില്ലാത്തരോട് കടപ്പാടും കരുണയും സഹതാപവും കാണിക്കണം. അവര്‍ കടലാസ്സില്‍ നിന്നു വെട്ടിയെടുത്തവരല്ലെന്നു മനസ്സിലാക്കണം.
ശമ്പളമായി വലിയൊരു സംഖ്യ കൈപ്പറ്റുന്നുവെന്ന് പറയുന്നവര്‍ വളരെ വളരെ ചുരുക്കമാണ്. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നു പ്രിന്‍സിപ്പലായി വിരമിച്ച കെ.കെ.മുഹമ്മദ് റഷീദ് മാസ്റ്റര്‍, കോട്ടക്കല്‍ ആയുര്‍വ്വേദ കോളേജ് ഓഫീസിലെ വി.സി.രാജേന്ദ്രന്‍, മലപ്പുറം ഗവ:കോളേജ് അദ്ധ്യാപകനായ രാജന്‍ വട്ടോളിപ്പുരയ്ക്കല്‍, മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ മാത്യൂ ജോസഫ്, മുഹമ്മദ് വലിയപുരയ്ക്കല്‍ എന്നിവര്‍, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് ജീവനക്കാരനായ വി.കെ.ബാലകൃഷ്ണന്‍ എന്നിങ്ങനെ വളരെ ചുരുക്കം പേരേ ഇത്തരമൊരഭിപ്രായം എന്നോട് പങ്കു വച്ചിട്ടുള്ളൂ. ഇതിനര്‍ത്ഥം മറ്റുള്ളവരെല്ലാം ഈ അഭിപ്രായക്കാരല്ലെന്നല്ല. ഈ നിലപാട് മനസ്സില്‍ സൂക്ഷിക്കുന്നവര്‍ വേറെയുമുണ്ടാവാം.
ജീവനക്കാരും പെന്‍ഷന്‍കാരും അനുഭവിക്കുന്ന ഈ ആനുകൂല്യങ്ങള്‍ ഒരാള്‍ക്കും ജന്മാവകാശമായി കിട്ടിയതല്ല എന്ന കാര്യം മറക്കുന്നില്ല. നിരന്തരമായ പ്രക്ഷോഭങ്ങളും പണിമുടക്കുകളും നടത്തി നേടിയെടുത്ത ആനുകൂല്യങ്ങളാണ് ഞാനടക്കമുള്ളവര്‍ അനുഭവിക്കുന്നതെന്ന യാഥാര്‍ത്ഥ്യം മറന്നല്ല ഇത്രയും എഴുതിയത്. ഈ ആനുകൂല്യങ്ങളൊന്നും വേണ്ട എന്ന അഭിപ്രായവുമില്ല. ഇത്രയും ആനുകൂല്യങ്ങള്‍ പറ്റുമ്പോള്‍ അതിനുള്ള നന്ദി നികുതിദായകരായ പാവം പൊതുജനങ്ങളോട് കാണിക്കാന്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ് എന്നേ പറയുന്നുള്ളു. ഒരു ജീവനക്കാരന്‍ (കൈക്കൂലിയുടെ കാര്യം തല്‍ക്കാലം ഒഴിവാക്കാം) പൊതു ഖജനാവില്‍ നിന്നു എന്തെല്ലാം കൈപ്പറ്റുന്നു എന്നറിയാനുള്ള അവകാശം തീര്‍ച്ചയായും പൊതുജനങ്ങള്‍ക്കുണ്ട്. ഇതിനായി സര്‍ക്കാര്‍ പത്രക്കുറിപ്പുകളും മറ്റും ഇറക്കണം. ജീവനക്കാരുടെ സംഘടനകള്‍ തന്നെ മുന്‍കൈ എടുത്ത് ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കണം. നികുതിദായകരായ തങ്ങള്‍ നല്‍കുന്ന കൂലിക്കു തുല്യമായ സേവനം ഉദ്യോഗസ്ഥന്മാരില്‍ നിന്നു തങ്ങള്‍ക്കു കിട്ടുന്നുണ്ടോ എന്നു അവര്‍ വിലയിരുത്തട്ടെ. വിലയിരുത്തലുകളില്‍ നിന്നു ചോദ്യം ചെയ്യലുകള്‍ (അതോടൊപ്പം അംഗീകരിക്കലും ആദരിക്കലും) ഉണ്ടാകട്ടെ. (പൊതുജനങ്ങളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിച്ചു വിടുക എന്ന ലക്ഷ്യവുമില്ല എന്നും വ്യക്തമാക്കട്ടെ). ഇത്തരമൊരവസ്ഥ ഉണ്ടായാല്‍ ജീവനക്കാര്‍ താനേ യഥാര്‍ത്ഥ ജനസേവകരായി മാറും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
വാല്‍ക്കഷ്ണം:-ഇതിലേറെയൊക്കെ ആനുകൂല്യങ്ങള്‍ പറ്റുന്നവരില്ലേ എന്ന ചോദ്യം വന്നേക്കാം. സിനിമകളില്‍ അഭിനയിക്കാന്‍ സൂപ്പര്‍ സ്റ്റാറുകള്‍ എത്ര കോടികള്‍ കൈപ്പറ്റുന്നു എന്നതു വച്ചും ഗള്‍ഫുകാരനായ സമ്പന്നന്റെ വരുമാനവും വച്ചുമല്ല ഇതിനെ അളക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത്, തന്റെ സ്ഥാപനത്തിലെ പാര്‍ട്ട്-ടൈം സ്വീപ്പര്‍ക്ക് എത്ര രൂപയാണ് ആനുകൂല്യം കിട്ടിയത് എന്നതു വച്ചെങ്കിലുമാണ് ഇതിനെ അളക്കേണ്ടത്.
……………

No comments: