My Blog List

Wednesday, September 22, 2010

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ജാതി നോക്കിയോ ?

കേരള ശബ്ദം വാരിക, 23.04.2006.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ജാതി നോക്കിയോ ?

ശങ്കരനാരായണന്‍ മലപ്പുറം


'സമുദായ പ്രാതിനിധ്യം ജനകീയ ഭരണ തത്ത്വത്തിന് എതിരായിട്ടുള്ള ഏര്‍പ്പാടാണെന്നാണ് ആക്ഷേപം. ഇത് അടിസ്ഥാനമില്ലാത്ത ഒരു പ്രസ്താവന മാത്രമാണ്. ജനകീയ ഭരണമെന്നു വച്ചാല്‍ ജനങ്ങള്‍ ജനങ്ങളെത്തന്നെ ഭരിക്കുന്ന ഏര്‍പ്പാടാണല്ലോ. ജനങ്ങളെ ഭരിക്കുന്നവര്‍ ജനങ്ങളുടെ പ്രതിനിധികളാകണമെങ്കില്‍ ഭിന്ന സമുദായങ്ങളുള്ള രാജ്യത്ത് എല്ലാ സമുദായങ്ങളില്‍ നിന്നും കഴിയുന്നതും ഉദേ്യാഗസ്ഥന്മാരും നിയമസഭാ മെമ്പര്‍മാരും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ചില സമുദായങ്ങള്‍ മറ്റു സമുദായങ്ങളെ ഭരിക്കുന്നതായി വരും. അത് ജനകീയ ഭരണമല്ല. സമുദായ ഭരണമാണ്.'
കേരളത്തില്‍ യുക്തിവാദ പ്രസ്ഥാനത്തിനു വേണ്ടി ആദ്യകാലങ്ങളില്‍ ഏറെ പ്രവര്‍ത്തിച്ച സഹോദരന്‍ അയ്യപ്പന്റെ വാക്കുകളാണ് മേലുദ്ധരിച്ചത് ( സഹോദരന്‍ എന്ന വിപ്‌ളവകാരി, ജി.പ്രിയദര്‍ശന്‍, പേജ് 175,176).
മനുഷ്യന്‍ ഒരു യന്ത്രമോ ഉല്പന്നമോ അല്ല. ഒരു സാമൂഹിക ജീവിയാണ്. ഇതുകൊണ്ടു തന്നെ മനുഷ്യരുടെ ജീവിതാവസ്ഥകള്‍ പഠിച്ചു കാര്യങ്ങള്‍ തിരിച്ചറിഞ്ഞാണ് ഭരണപരമായ കാര്യങ്ങള്‍ ചെയ്യേണ്ടത്. ഈ തിരിച്ചറിവ് യുക്തിവാദിയായ സഹോരന്‍ അയ്യപ്പനുണ്ടായിരുന്നു. എന്നാല്‍, സഹോദരന്റെ പാരമ്പര്യം പിന്‍പറ്റുന്നുവെന്ന് അവകാശപ്പെടുന്ന ഇന്നത്തെ യുക്തിവാദികള്‍ക്ക് (ചുരുക്കം ചിലരൊഴിച്ചുള്ളവരെല്ലാം) ഒരേയൊരു കാര്യമേ പറയാറുള്ളൂ. ജാതി-മത-ദൈവ വിരോധം മാത്രം. 'ജാതി വേണ്ട; മതം വേണ്ട; ദൈവം വേണ്ട' എന്നു പറഞ്ഞ സഹോരനെ മാത്രമേ യുക്തിവാദികള്‍ക്കറിയൂ. 'ജാതി ചോദിക്കണം; പറയണം; ചിന്തിക്കണം'എന്നു പറഞ്ഞ അയ്യപ്പനെ യുക്തിവാദികള്‍ക്കറിയില്ല.
സമൂഹത്തിലെ സാധാരണക്കാരുടെ ജീവിതം കണ്ടും പഠിച്ചുമാണ് സഹോദരന്‍ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ ചില പ്രതേ്യക സമുദായങ്ങള്‍ക്കു വേണ്ടി അദ്ദേഹം വാദിച്ചു. ഇത് അദ്ദേഹം ജനിച്ച സമുദായത്തിനു വേണ്ടി മാത്രമായിരുന്നില്ല. 'നായര്‍ പോയി തുലയട്ടെ; നമുക്കു പുലയരുമായി സൗഹൃദം കൂടാം; അങ്ങനെ നാമും പുലയരും ഒന്നാകുമ്പോള്‍ നായര്‍ നമ്മുടെ വഴിക്കു തന്നെ വന്നുകൊള്ളും' എന്നു പറഞ്ഞ വ്യക്തിയാണ് സഹോദരന്‍ അയ്യപ്പന്‍. (സഹോദരന്‍ അയ്യപ്പന്‍ ഇരുന്ന കസേരയിലിരിക്കുന്നവരെടെയും മറ്റും ഇന്നത്തെ മനസ്സിലിരുപ്പ്, 'പുലയന്‍ പോയി തുലയട്ടെ; നമുക്കു നായരുമായി സൗഹൃദം കൂടാം' എന്നാണ്).
ഇതൊന്നും മനസ്സിലാക്കാന്‍ ഇന്നത്തെ യുക്തിവാദികള്‍ക്കു സാധിക്കുകയില്ല. ഇന്നത്തെ യുക്തിവാദം ഒരുതരം സവര്‍ണ യുക്തിവാദമായി മാറിയിരിക്കുന്നു. അവഗണന അനുഭവിക്കുന്നവര്‍ക്കു വേണ്ടി വാദിക്കുന്നത് ജാതിവാദമായി അവര്‍ കാണുന്നു. വാസ്തവത്തില്‍ ഇത്തരം യുക്തിവാദമാണ് യഥാര്‍ത്ഥ ജാതിവാദം. സമൂഹത്തില്‍ നിലനില്‍ക്കുന്ന സവര്‍ണാധിപത്യത്തെ വളഞ്ഞ മാര്‍ഗ്ഗത്തിലൂടെ പിന്‍താങ്ങുകയാണിവര്‍. സംവരണത്തെ അനുകൂലിക്കുന്നവരെയും എതിര്‍ക്കുന്നവരെയും യുക്തിവാദികള്‍ ജാതിവാദികളായി വിശേഷിപ്പിക്കുന്നു. അവകാശപ്പെട്ടത് കിട്ടണമെന്നു പറയുന്നതിനെയും, പിടിച്ചടക്കിയത് തിരിച്ചു നല്‍കില്ലെന്നു പറയുന്നതിനെയും ഒരേ രീതിയില്‍ കണക്കാക്കുന്നതെങ്ങനെ? അടിച്ചവനെയും അടി കൊണ്ടവനെയും എതിര്‍ക്കുക എന്നു പറഞ്ഞാല്‍ ഫലത്തില്‍ അടിച്ചവന്റെ പക്ഷത്തു നില്‍ക്കുക എന്നാണര്‍ത്ഥം.
ഇതില്‍ വലിയൊരു വിരോധാഭാസമുണ്ട്. ജാതി വിരോധവും നിഷ്പക്ഷതയും പറഞ്ഞ് സവര്‍ണ ജാതിവാദം കളിക്കുന്ന ഇക്കൂട്ടര്‍ സഹോദരന്‍ അയ്യപ്പന്റെ പാരമ്പര്യം അവകാശപ്പെടുന്നു എന്നതാണ് ഈ വിരോധാഭാസം.
ജനകീയ ഭരണമെന്നാല്‍ ജനങ്ങളെ ജനങ്ങള്‍ ഭരിക്കുന്ന ഭരണമാണ്. പക്ഷേ, ഇവിടെ നടന്നുവരുന്നത് ചില സമുദായക്കാര്‍ മറ്റു ചില സമുദായക്കാരെ ഭരിക്കുന്ന പരിപാടിയാണ്. ഭരണത്തിന്റെ പ്രധാന സ്ഥാനങ്ങളിലെല്ലാം സവര്‍ണാധിപത്യമാണ് നിലനില്‍ക്കുന്നത്. കടുത്ത സവര്‍ണ വാദം 'ദേശീയ വാദ'മാണ്! എന്നാല്‍, എന്നാല്‍ ഈ സവര്‍ണാധിപത്യത്തെ എതിര്‍ത്ത് സമുദായ സമത്വത്തിനുവേണ്ടി വാദിക്കുന്നവര്‍ ജാതിവാദികളും പിന്തിരിപ്പന്മാരും! സമുദായ സമത്വം അഥവാ മാനവ സമത്വത്തിനുവേണ്ടി വാദിക്കുന്നവരുടെ വായില്‍ തിരുകിക്കയറ്റാനായി സവര്‍ണവാദികള്‍ ഒരു ആപ്പ് ചെത്തിമുനുക്കിയുണ്ടാക്കിയിട്ടുണ്ട്. മണ്ഡലങ്ങളില്‍ ഭൂരിപക്ഷമുള്ള ജാതിയില്‍പ്പെട്ടവരെയാണ് തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളാക്കാറ് എന്നതാണ് ഈ ആപ്പ്. 'ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ ഏറ്' എന്നൊരു ചൊല്ലുണ്ടല്ലോ. ഈ ഏറാണ് ഇവിടെ നടക്കുന്നത്. ഈ പ്രചാരണം ശരിയാണോ എന്നു പരിശോധിച്ചു നോക്കാം.
നിര്‍ബ്ബന്ധമായും ചെയ്യേണ്ട ഒരു കാര്യമാണെങ്കിലും ജാതി തിരിച്ചുള്ള സെന്‍സസ് എടുക്കാറില്ല. ചാത്തുക്കുട്ടിയെയും ചാത്തുക്കുട്ടി നായരെയും ഒന്നായാണ് കാണാറ്. ഇതു വലിയൊരു സൂത്രമാണ്. ചാത്തുക്കുട്ടിക്കും ചാത്തുക്കുട്ടി നായര്‍ക്കും കൂടി നൂറ്. ഇതില്‍ ചാത്തുണ്ണി നായര്‍ക്ക് 90. ചാത്തുക്കുട്ടിക്ക് 10. ഇതാണ് അവസ്ഥ. ചാത്തുക്കുട്ടി നായര്‍ക്ക് 100 ല്‍ 90 കിട്ടാനാണ് ഈ വ്യവസ്ഥയുണ്ടാക്കിയത്. രണ്ടുപേര്‍ക്കും അന്‍പത് വീതം കിട്ടണമെങ്കില്‍ രണ്ടുപേര്‍ക്കും രണ്ടായിത്തന്നെ വിളമ്പണം. ഇതിന് ജാതി തിരിച്ചുള്ള കണക്ക് അത്യാവശ്യമാണ്. മണ്ഡലങ്ങളിലെ സമുദായ ജനസംഖ്യ സംബന്ധിച്ച കണക്ക് ലഭ്യമല്ല. 20 ലോക് സഭാ മണ്ഡലങ്ങളിലെ ജാതി തിരിച്ചുള്ള കണക്ക് ഇലക്ഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ആധാരമാക്കി 'ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' (05.08.1999) പ്രസിദ്ധീകരിച്ചിരുന്നു. (ഇതിന്റെ വലിയൊരു ചിത്രമായിരിക്കും നിയമസഭാ മണ്ഡലങ്ങളുടെ കാര്യത്തില്‍ കാണുക). പ്രസ്തുത കണക്കിനെ ആധാരമാക്കി തയ്യാറാക്കിയ ഒരു പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.

ക്രമ നിയോജക അവര്‍ണര്‍ സവര്‍ണര്‍
നമ്പര്‍ മണ്ഡലം ജനസംഖ്യ(%) ജനസംഖ്യ(%)

1 തിരുവനന്തപുരം 28.11 26.80
2 ചിറയിന്‍കീഴ് 31.93 24.00
3 കൊല്ലം 35.80 21.20
4 അടൂര്‍ 30.64 21.90
5 മാവേലിക്കര 33.76 18.30
6 ആലപ്പുഴ 40.65 13.40
7 ഇടുക്കി 30.09 10.30
8 കോട്ടയം 28.71 15.90
9 മുവാറ്റുപുഴ 30.10 16.20
10 എറണാകുളം 26.26 07.40
11 മുകുന്ദപുരം 31.24 11.38
12 തൃശ്ശൂര്‍ 44.37 18.30
13 ഒറ്റപ്പാലം 49.25 17.87
14 പാലക്കാട് 52.38 17.45
15 കണ്ണൂര്‍ 29.86 22.48
16 പൊന്നാനി 17.38 09.02
17 മഞ്ചേരി 21.03 08.20
18 വടകര 43.97 16.80
19 കോഴിക്കോട് 33.51 09.20
20 കാസര്‍കോട് 37.93 18.90
പട്ടികയില്‍ നിന്നു വലിയൊരു സത്യം തെളിയുന്നുണ്ട്. കേരളത്തിന്റെ ഭരണരംഗങ്ങളിലെല്ലാം മേധാവിത്വമുറപ്പിച്ച സവര്‍ണര്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും ന്യൂനപക്ഷമാണ്. ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നി 4 മണ്ഡലങ്ങളില്‍ അവര്‍ണരുടെ മൂന്നിലൊരു ഭാഗം പോലുമില്ല സവര്‍ണര്‍. ഇടുക്കി, മുകുന്ദപുരം, തൃശ്ശൂര്‍, ഒറ്റപ്പാലം, മഞ്ചേരി, വടകര, കാസര്‍കോട് എന്നീ 7 മണ്ഡലങ്ങളില്‍ സവര്‍ണരുടെ ജനസംഖ്യ അവര്‍ണരുടെ ജനസംഖ്യയുടെ പകുതിപോലുമില്ല.
ജാതി നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചയിക്കുന്നതെങ്കില്‍ സവര്‍ണര്‍ക്കൊരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ സാധിക്കുകയില്ല. 'ജാതി നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്' എന്നത് വെറും നുണ പ്രചാരണമാണെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ല. മറ്റൊര്‍ത്ഥത്തില്‍ വിലയിരുത്തിയാല്‍ ഈ വാദത്തിലൊരു ശരിയുണ്ട്. ഭൂരിപക്ഷമില്ലെങ്കിലും സവര്‍ണരുടെ ജനസംഖ്യ ഏറെയുള്ള മണ്ഡലങ്ങളില്‍ സവര്‍ണരെത്തന്നെയാണ് സ്ഥാനാര്‍ത്ഥികളാക്കാറ്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ഇതിനൊരുദാഹരണമാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച പന്ന്യന്‍ രവീന്ദ്രന്‍ ( നായരും നാട്ടുകാരനുമല്ലാത്ത ആള്‍! പന്ന്യനെതിരെ എതിരാളികള്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു) എം.പി.യായി എന്ന കാര്യം ശരി തന്നെ. പക്ഷേ, ഈയൊരു 'അബദ്ധം' ഒഴിവാക്കിയാല്‍ തിരുവനന്തപുരത്ത് നായന്മാരെത്തന്നെയാണ് മത്സരിപ്പിക്കാറ്. പന്ന്യനെതിരെ കോണ്‍ഗ്രസ്സുംബി.ജെ.പി.യും നായന്മാരെത്തന്നെയാണ് രംഗത്തിറിക്കിയിരിക്കുന്നത്. ബി.ജെ.പി.യുടെ കാര്യത്തില്‍ അല്പം 'വ്യത്യാസ'മുണ്ട്. നേരിയ പ്രതീക്ഷയുള്ളിടത്ത് (മഞ്ചേശ്വരം) അവര്‍ സവര്‍ണനെ സ്ഥാനാര്‍ത്ഥിയാക്കും. തോറ്റു തൊപ്പിയിടുമെന്ന് ഉറപ്പിള്ളടത്ത് (മലപ്പുറം) അവര്‍ണനെയും സ്ഥാനാര്‍ത്ഥിയാക്കും. ഇതാണ് ആ 'വ്യത്യാസം!'
അവര്‍ണരെ നൂറ്റാണ്ടുകളായി ചൂഷണം ചെയ്ത സവര്‍ണവര്‍ഗ്ഗം അവര്‍ണരെ പറ്റിക്കാന്‍ വേണ്ടിയുണ്ടാക്കിയ ഈ കള്ളപ്രചാരണത്തെ തുറന്നു കാണിച്ച് ചെറുത്തു തോല്‍പ്പിക്കാനുള്ള ബാധ്യത അവര്‍ണര്‍ക്ക് മാത്രമുള്ളതല്ല. ഓരോ ജനാധിപത്യ വിശ്വാസിയും ഏറ്റെടുക്കേണ്ട കടമയാണിത്. സഹോദരന്‍ അയ്യപ്പന്റെ വാക്കുകള്‍ (ആദ്യം സൂചിപ്പിച്ച കൃതി, പേജ് 89) ഉദ്ധരിച്ചുകൊണ്ട് നിര്‍ത്തട്ടെ.
''മനുഷ്യരെല്ലാം ജന്മനാ സമന്മാരാണ്. എല്ലാ സമുദായക്കാരും സമന്മാരാണ്. ജീവിക്കാനും വളരാനും ക്ഷേമൈശ്വര്യങ്ങള്‍ തേടാനുള്ള അവകാശം എല്ലാ സമുദായങ്ങള്‍ക്കുമുണ്ട്. ഇതാണ് സത്യം! ഇതാണ് നീതി!! ഇതിനെതിരായതെല്ലാം അസത്യവും അധര്‍മ്മവും അനീതിയുമാകുന്നു''
........................

2 comments:

ശങ്കരനാരായണന്‍ മലപ്പുറം said...

തെരഞ്ഞെടുപ്പ് അടുക്കുമ്പോളൊരു നുണ പ്രചാരാണം നടക്കാറുണ്ട്. ജാതി നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാറ് എന്നതാണ് ഈ നുണ പ്രചാരണം. ഇതേക്കുറിച്ച് 2006 ല്‍ ഞാനെഴുതിയ ലേഖനത്തിന് ഇന്നും പ്രസക്തിയുണ്ട്. ജാതി നോക്കാറില്ലെങ്കിലും മതം നോക്കാറുണ്ട് എന്നതൊരു സത്യം തന്നെ. സവര്‍ണ ക്രിസ്ത്യന്‍ താല്പര്യത്തിലപ്പുറമൊരു താല്പര്യവുമില്ലാത്ത പി.ജെ.ജോസഫിനെപ്പോലെയുള്ളൊരു വ്യക്തിക്ക് ഇടതു മുന്നണിക്കാര്‍ പോലും ഉന്നത സ്ഥാനം നല്‍കിയില്ലേ!

chithrakaran:ചിത്രകാരന്‍ said...

മഹനീയമായ പോസ്റ്റ്. തെളിഞ്ഞ ശുദ്ധമായ വീക്ഷണം.

ജനാധിപത്യം,മതേതരത്വം,സമത്വം,മാനവികത എന്നൊക്കെ ഭംഗിവാക്കു പറയാന്‍ മാത്രമേ നാം സമര്‍ത്ഥരായുള്ളു. ആ പറയുന്ന കാര്യത്തിന്റെ ശുദ്ധി എത്രയുണ്ടെന്ന് നാം പരിശോധിക്കാറില്ല.
അവര്‍ണ്ണര്‍ തങ്ങളെപ്പോലെത്തന്നെ സത്യസന്ധരാണ് സവര്‍ണ്ണരും എന്നു കരുതുന്നതാണു കുഴപ്പം.

സവര്‍ണ്ണത എന്നാല്‍ ചതി,വഞ്ചന,അധാര്‍മ്മികത,മൂല്യരാഹിത്യം,വ്യഭിചാരത്തിന്റെ സാധൂകരണം,സ്ത്രീ ചൂഷണം,അക്രമത്തിന്റെ ന്യായീകരണം തുടങ്ങിയ മാനവിക വിരുദ്ധവും സാംസ്ക്കാരിക വിരുദ്ധവുമായ ബ്രാഹ്മണികമായ ചൂഷണ പ്രത്യയശാസ്ത്രമാണെന്ന് അവര്‍ണ്ണര്‍ക്ക് തിരിച്ചറിയാനാകില്ല.
അതായത് അവര്‍ണ്ണനെ കറപ്റ്റാക്കിയാണ് ബ്ബ്രഹ്മണ്യം സവര്‍ണ്ണനെ നിര്‍മ്മിക്കുന്നത് തന്നെ.

ഭാരതത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയെ തങ്ങള്‍ക്കനുകൂലമായി ജീര്‍ണ്ണിപ്പിച്ചെടുക്കുന്നതിനായി നിര്‍മ്മിക്കപ്പെട്ട ബ്രാഹ്മണിക ഹൈന്ദവ മതത്തിനുള്ള സ്വാധീനം സാംസ്ക്കാരികമായും,ഔദ്ദ്യോഗികമായും ഇല്ലാതാകുന്നതുവരെ ഇന്ത്യ പിന്നോട്ട് മാത്രമേ സഞ്ചരിക്കു.
നമ്മുടെ നട്ടിലെ പട്ടിക ജാതിക്കാരും ആദിവാസികളുമായിരുന്നവരെ വേശ്യസമൂഹമായും,നായ്ക്കളേക്കാള്‍ അന്തസ്സുകുറഞ്ഞ ശൂദ്ര ദാസരായും,പിന്നീട് സവര്‍ണ്ണാനുചരരും, ദൈവ നിഷേധികളായ ഈഴവരെ ഈഴവര്‍ നശിപ്പിക്കപ്പെടേണ്ടവര്‍(പഴഞ്ചൊല്ല്)കൊന്നൊടുക്കാനുള്ള നായര്‍ കൂലിപ്പടയായും വികസിപ്പിച്ച ബ്രാഹ്മണ്യം ആ ചരിത്രം പോലും വിദഗ്ദമായി നശിപ്പിച്ചിരിക്കുന്നു.
ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയില്‍ പോലും ആ വെട്ടിയൊതുക്കല്‍ നിയമവിധേയമായി ഒരു അടിയൊഴുക്കായി നടത്തപ്പെടുന്നുണ്ട്. പഴയ ചരിത്രങ്ങള്‍ ബ്ലോഗിലെ ഒരു പോസ്റ്റിലൂടെ ഓര്‍മ്മിച്ചതിന്റെ പേരില്‍ കൊച്ചിയിലെ ഒരു ബ്ലോഗറെ തേജോവധം നടത്താനും,(ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!) അയാളുടെ ജോലി തെറിപ്പിക്കാനും ജാതിക്കോമരങ്ങള്‍ക്ക് നിയമപാലകരിലേയും ജുഡിഷ്യറിയിലേയും ജാതിയതയുള്ളവരിലൂടെ അനായാസം സാധിക്കുന്നു ! അയാളുടെ കേസ് പോലീസിലേയും,ജുഡീഷ്യറിയിലേയും,ഭരണത്തിലേയും,രാഷ്ട്രീയത്തിലേയും ജാതീയ പക്ഷപാതത്തിന്റെ വ്യക്തമായ തെളിവുകൂടിയാണ്.
സവര്‍ണ്ണ പോലീസില്‍ നിന്നും,സവര്‍ണ്ണ ജുഡീഷ്യറിയില്‍ നിന്നും, സവര്‍ണ്ണ മാടംബി ഭരണത്തില്‍ നിന്നും നാടിനെ മോചിപ്പിക്കുക എന്നതാണ് സത്യത്തില്‍ പുരോഗമന,ജാതി-മതേതരരായ ജനങ്ങളുടെ പ്രധാന കര്‍ത്തവ്യം.

ഇത്തരം ലേഖനങ്ങള്‍ നമ്മുടെ പൊതുധാരാ മാധ്യമങ്ങളുടെ പത്രാധിപന്മാരെയെങ്കിലും മാനുഷികമായി ചിന്തിക്കാന്‍ പ്രാപ്തരാക്കിയിരുന്നെങ്കില്‍ നമ്മുടെ സമൂഹം ജതി മത ഭേദമെന്യേ രക്ഷപ്പെട്ടേനെ.... !!!!