My Blog List

Friday, October 01, 2010

പച്ചക്കറി വാദം-സവര്‍ണ രാഷ്ട്രീയ വാദം

പച്ചക്കറി വാദം-സവര്‍ണ രാഷ്ട്രീയ വാദം

പോത്തിറച്ചി തിന്നുന്നയാള്‍ പോത്തിന്റെ സ്വഭാവം കാണിക്കുമെന്നാണ് ചിലരുടെ വാദം. അങ്ങനെയെങ്കില്‍ പോത്ത് പുല്ലിന്റെ സ്വഭാവമല്ലേ കാണിക്കേണ്ടത്? സിംഹത്തിന് പുള്ളിമാനിന്റെ സ്വഭാവമല്ലേ കിട്ടേണ്ടിയിരുന്നത്? ആയിരക്കണക്കിന് മനുഷ്യരെ കൊന്ന ഹിറ്റ്‌ലര്‍ കടുവയുടെ മാംസമല്ല കഴിച്ചിരുന്നത്. ഹിറ്റ്‌ലര്‍ സസ്യഭുക്കായിരുന്നു. 'മനുഷ്യരാശിയിലെയും ഹിന്ദു മതത്തിലെയും ശ്രേഷ്ഠമായ ഒരു പുഷ്പമാണ് ബ്രാഹ്മണന്‍. ആ പുഷ്പത്തിന്റെ നാശത്തിനു വഴിതെളിക്കുന്ന ഒന്നും തന്നെ ഞാന്‍ ചെയ്യുകയില്ല' എന്നു പറഞ്ഞ (യംഗ് ഇന്ത്യ, 19.03.1925) ഗാന്ധിജി പച്ചക്കറി തിന്നിരുന്ന ഒരു ബ്രാഹ്മണന്റെ വെടിയേറ്റാണ് മരിച്ചത്. ദലിതരെ നിരന്തരം വെടിവെച്ചു കൊല്ലുന്ന ഒരു സവര്‍ണ ഗുണ്ടാ സേനയാണ് ബീഹാറിലും മറ്റുമുള്ള 'രണ്‍വീര്‍ സേന'. ഈ സേനാനികള്‍ കഴിക്കുന്നതും പച്ചക്കറികളാണ്. പച്ചക്കറി രാഷ്ട്രീയം തലയില്‍ കയറി എന്തു ക്രൂരതയും കാട്ടാമെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് ഇക്കൂട്ടര്‍. ഇവരുടെ വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്, ചത്ത പശുവിന്റെ തോലെടുത്ത് വിറ്റുവെന്നാരോപിച്ച് 2002 ല്‍ ഹരിയാനയിലെ ദുലേനയില്‍ അഞ്ചു ദലിതരെ അടിച്ചു കൊന്നത്. 2002 ലെ അവസ്ഥ ഇതായിരുന്നുവെങ്കില്‍ 75 കൊല്ലം മുമ്പത്തെ അവസ്ഥ ഇതായിരുന്നില്ല. ചത്ത പശുവിന്റെ ഇറച്ചി തിന്നാത്തതിന്റെ പേരിലായിരുന്നു അന്ന് ദലിതരെ അടിച്ചു കൊന്നിരുന്നത്. 1927 ല്‍ മഹാരാഷ്ട്ര സംസ്ഥാനത്തെ രത്‌നഗിരി ജില്ലയിലെ ദോപ്പാലില്‍ നടന്ന ദലിത് സമ്മേളനം പാസ്സാക്കിയ പ്രമേയങ്ങള്‍ നോക്കുക (ഡോ: അംബേദ്കര്‍ സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 4, പേജ് 185):
“ചത്ത മൃഗങ്ങളുടെ മാംസം ഭക്ഷിക്കാന്‍ വിസ്സമ്മതിക്കുന്നുവെന്ന കാരണത്താല്‍ ഈ ജില്ലയിലെ അധ:കൃത വര്‍ഗ്ഗങ്ങളെ സവര്‍ണ ഹിന്ദുക്കളെന്നു പറയപ്പെടുന്നവര്‍ സംഘടിതമായി പീഡിപ്പിക്കുന്നതില്‍ ഈ സമ്മേളനം അമര്‍ഷം പ്രകടിപ്പിച്ചു കൊള്ളുന്നു”
“ചീഞ്ഞ മാംസം ഭക്ഷിക്കാനും ചത്ത മൃഗങ്ങളെ ചുമക്കാനും ഭിക്ഷ യാചിക്കാനും മറ്റു വൃത്തി കെട്ട കാര്യങ്ങള്‍ ചെയ്യാനും തയ്യാറാവാത്തതിന്റെ പേരില്‍ വതന്‍ദാര്‍ മഹറുകള്‍ക്ക് സവര്‍ണ ഹിന്ദു ഗ്രാമീണര്‍ ഖലൂട്ടാ പ്രതിഫലം നിരോധിച്ചിരിക്കുകയാണ്. അവര്‍ക്കത് പതിവു പോലെ ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സമ്മേളനം സര്‍ക്കാരിനോടഭ്യര്‍ത്ഥിക്കുന്നു”
ചത്ത പശുവിന്റെ ഇറച്ചി തിന്നാത്തതിന്റെ പേരില്‍ ദലിതരെ കൊന്നവരിന്ന് ചത്ത പശുവിന്റെ തോലിന്റെ പേരില്‍ ദലിതരെ കൊല്ലുന്നു! പച്ചക്കറിവാദം അഥവാ പച്ചക്കറി രാഷ്ട്രീയം ദലിതരുടെ മേല്‍ ആധിപത്യം നിലനിര്‍ത്താന്‍ ബ്രാഹ്മണരിറക്കിയ ഒരു തുരുപ്പുശീട്ടു മാത്രമാണ്. ദലിതര്‍ ഇന്നും പണ്ടും മാംസം കഴിക്കുന്നു എന്ന കാര്യം ശരി തന്നെ. പക്ഷേ, ഇന്ന് മാംസ വിരോധം പ്രസംഗിക്കുന്ന ബ്രാഹ്മണര്‍ പണ്ട് മാംസം കഴിച്ചിരുന്നുവെന്നതാണ് ചരിത്ര സത്യം. മാംസം കഴിച്ചിരുന്നുവെന്നു മാത്രമല്ല മാംസം തന്നെയായിരുന്നു ബ്രാഹ്മണരുടെ മുഖ്യാഹാരം. തിന്നാനും ഗൃഹ പ്രവേശനം പോലുള്ള ചടങ്ങുകള്‍ക്കും മാത്രമല്ല മരണാനന്തര ക്രിയകള്‍ നടത്തുവാന്‍ വരെ ബ്രാഹ്മണര്‍ മൃഗങ്ങളെ കൊന്നിരുന്നു. അശ്വലായന ഗൃഹ്യസൂത്രത്തിലെ വിവരണം (ഡോ:അംബേദ്കറുടെ തെരഞ്ഞെടുത്ത കൃതികള്‍, പേജ് 274,275) നോക്കുക:
“അവന്‍ പെണ്‍ മൃഗത്തിന്റെ വപയെടുത്ത് അതുകൊണ്ട് പരേതന്റെ തലയും മുഖവും മൂടണം. അവന്‍ മൃഗത്തിന്റെ വൃക്കകളെടുത്ത് 'സാരമേയങ്ങായ രണ്ടു നായ്ക്കളില്‍ നിന്നു രക്ഷപ്പെട്ടു പോവുക' എന്ന ഋഗ്വേദ മന്ത്രം (10:14:10) ചൊല്ലിക്കൊണ്ട് പരേതന്റെ കൈകളില്‍ വയ്ക്കണം. മൃഗത്തിന്റെ അവയവങ്ങളെല്ലാം മൃതദേഹത്തിന്റെ അതാതവയവങ്ങള്‍ക്കു മീതെ വയ്ക്കുകയും മൃഗത്തിന്റെ തോലു കൊണ്ട് മൃത ദേഹം മൂടുകയും ചെയ്ത ശേഷം പ്രണീത ജലം കൊണ്ടു വന്നു വയ്ക്കുമ്പോള്‍ അവന്‍ 'അഗ്നേ, ഈ ചമസം തട്ടമറിക്കരു' തെന്ന ഋഗേ്വദ മന്ത്രം (10:16:8) ഉരുവിടുന്നു…”
ശ്രീരാമന്‍ നടത്തിയ കുറ്റിപൂജയെക്കുറിച്ച് രാമായണത്തില്‍ (ശ്രീമദ് വാല്മീകീ രാമായണം, സമ്പൂര്‍ണ ഗദ്യ പരിഭാഷ, സിദ്ധിനാഥാനന്ദ സ്വമി-അയോദ്ധ്യാ കാണ്ഡം, സര്‍ഗ്ഗം 56) നോക്കുക: “ മാനിന്റെ മാംസം കൊണ്ടു ശാലാപൂജ നടത്തണം. സ്ഥിരം താമസക്കാര്‍ വാസ്തു ശമനം നടത്തേണ്ടതുണ്ട്. ലക്ഷ്മണാ, വേഗം ഒരു മാനിനെ കൊന്നു കൊണ്ടു വരിക. ശാസ്‌ത്രോക്ത ധര്‍മ്മം അനുഷ്ഠിക്കേണ്ടതാണല്ലോ ”
ശ്രീരാമന്റെ മകനായ കുശന്‍ അയോദ്ധ്യയില്‍ നടത്തിയ കുറ്റിപൂജയെക്കുറിച്ച് മഹാകവി കാളിദാസന്‍ രഘുവംശത്തില്‍ (16:8) ഇങ്ങനെ വിവരിക്കുന്നു:
തത: സപര്യാം സപശൂപഹാരം
പുര പരാര്‍ദ്യ പ്രതിമാ ഗൃഹായ
ഉപേക്ഷി തൈര്‍ വിധുധ വിദദി-
ന്നിവര്‍ത്തയാമാസ രഘുപ്രവീര
-അനന്തരം രഘുവീരന്‍ ആരാദ്ധ്യന്മാരുടെ പ്രതിമ വെച്ചിട്ടുള്ള ഗൃഹങ്ങളോടുകൂടി പുരിക്ക് ഉപവസിച്ച ഗൃഹ നിര്‍മ്മാണ വിദഗ്ദ്ധന്മാരെക്കൊണ്ട് പശുബലിയോടുകൂടിയ കറ്റിപൂജ കഴിച്ചു.
ശ്രീരാമനും മറ്റും മാംസം കഴിച്ചിരുന്ന കാര്യം രാമായണത്തില്‍ വിവരിക്കുന്നുണ്ട്. വനവാസത്തിന് പോകുന്ന വഴിയില്‍ ഗംഗാനദി കടക്കുമ്പോള്‍ സീത ഗംഗയോട് പ്രാര്‍ത്ഥിക്കുന്നതിങ്ങനെ (അയോദ്ധ്യാകാണ്ഡം, സര്‍ഗ്ഗം 52, ശ്‌ളോകം 88-ശ്രീവാല്മീകീ രാമായണം, വള്ളത്തോള്‍ വിവര്‍ത്തനം):
ആയിരം മദ്യ കുംഭത്താല്‍ മാംസാന്നത്താലുമാസ്ഥയാ
ദേവീ, പൂജിക്കുവന്‍ നിന്നെ,പ്പുരേ തിരിയെ വന്ന ഞാന്‍!
അന്നു രാത്രി കഴിക്കാന്‍ ഒരുക്കിയ ഭക്ഷണത്തെക്കുറിച്ച് 102 ാം ശ്‌ളോകത്തില്‍ ഇങ്ങനെ വിവരിക്കുന്നു:
അതിങ്കലൃശ്യം, രുരു, പന്നി, പുള്ളിമാന്‍
മേധ്യങ്ങളീ നാലു മഹാ മൃഗങ്ങളെ
തിന്മാന്‍ വധിച്ചേന്തി, വിരഞ്ഞു വൃക്ഷമൊ-
ന്നണഞ്ഞിത,ന്തിക്കു വസിക്കുവാന്‍
ഭരദ്വാജ മുനി ഭരതനും കൂട്ടര്‍ക്കും നല്‍കിയ ഭക്ഷണത്തെക്കുറിച്ച് ഇങ്ങനെ (അയോദ്ധ്യാ കാണ്ഡം, സര്‍ഗ്ഗം 91, ശ്‌ളോകം 52,53):
സുരാപര്‍ സുര സേവിപ്പിന്‍, വേണ്ടുവോര്‍ പായസത്തെയും
സുമേധ്യ മാംസങ്ങളെയും വേണ്ടുവോളം ഭുജിക്കുവിന്‍
96-ാം സര്‍ഗ്ഗത്തിലെ ഒന്നും രണ്ടും ശ്‌ളോകത്തിലെ വിവരണം ഇങ്ങനെ:
ആ മലമ്പുഴയവ്വണ്ണം കാട്ടി, വൈദേഹി സീതയെ
മാംസത്താല്‍ പ്രീതയാക്കിക്കൊണ്ടിരുന്നാന്‍ ഗിരി സാനുവില്‍
ഇതു മൃഷ്ട,മിതോ സ്വാദു, വിതു തിയ്യില്‍ പൊരിച്ചതാം
എന്ന,ങ്ങിരുന്നാന്‍ ധര്‍മ്മിഷ്ഠന്‍ സീതയോടൊത്തു രാഘവന്‍
തന്റെ പട്ടാഭിഷേകം മുടങ്ങിയ കാര്യം ശ്രീരാമന്‍ അമ്മയോട് വിവരിക്കുന്നത് (അയോദ്ധ്യാ കാണ്ഡം, 20:29)നോക്കുക:
ഈരേഴാണ്ടു മുനിക്കൊപ്പം നിര്‍ജ്ജനക്കാട്ടില്‍ വാഴണം
വെച്ച മാംസമുപേക്ഷിച്ചു കായ് കിഴങ്ങുകള്‍ തിന്നു ഞാന്‍
വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും സ്മൃതികളുമൊക്കെ വായിച്ചാല്‍ ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും മറ്റും മാംസാഹാര ബന്ധങ്ങളെക്കുറിച്ച് ശരിക്കും മനസ്സിലാകും. ശ്രീബുദ്ധന്‍ അഹിംസാ സിദ്ധാന്തവുമായി രംഗത്തെത്തിയിരുന്നില്ലെങ്കില്‍ നമ്മുടെ നാട്ടില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും മരങ്ങളുടെയും സര്‍വ്വനാശം സംഭവിക്കുമായിരുന്നു. ബ്രാഹ്മണ മതത്തില്‍ അത്ര മാത്രം മൃഗ ബലികളും മറ്റുമാണ് നടന്നിരുന്നത്. ശ്രീബുദ്ധന്റെ ധര്‍മ്മോപദേശങ്ങളില്‍ ആകൃഷ്ടനായ കൂതദന്തന്‍ എന്ന ബ്രാഹ്മണന്‍ തന്നെ മത പരിവര്‍ത്തനം ചെയ്തതിനു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പറഞ്ഞ കാര്യം (ഡോ:അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍, പേജ് 276) വിവരിക്കുന്നത് നോക്കുക: “ഞാന്‍ പൂജ്യനായ ഗൗതമനെ മാഗദര്‍ശിയായി സ്വീകരിക്കുകയും അദ്ദേഹത്തിന്റെ സിദ്ധാന്തത്തിനും മതത്തിനും എന്നെ സ്വയം അര്‍പ്പിക്കുകയും ചെയ്യുന്നു. ഈ ദിവസം മുതല്‍ ജീവിതാന്ത്യം വരെയും അദ്ദേഹത്തെ മാര്‍ഗദര്‍ശിയായി സ്വീകരിക്കുന്ന എന്നെ, പൂജ്യനായ അദ്ദേഹം ശിഷ്യനായി സ്വീകരിക്കട്ടെ. അല്ലയോ ഗോതമാ, ഞാന്‍ തന്നെ എഴുനൂറു കാളകളെയും എഴുനൂറു പോത്തുകളെയും എഴുനൂറു പശുക്കുട്ടികളെയും എഴുനൂറു കോലാടുകളെയും എഴൂനൂറു മുട്ടനാടുകളെയും സ്വതന്ത്രമാക്കിക്കൊള്ളാം. അവയ്ക്ക് ഞാന്‍ അവയുടെ ജീവന്‍ അനുവദിച്ചു കൊടുക്കുന്നു. അവ പുല്ലു തിന്നുകയും ശുദ്ധജലം കുടിക്കുകയും ചെയ്യട്ടെ. ”
ബ്രാഹ്മണ മനസ്സിനെ ഏറ്റുവുമധികം പഠിച്ച വ്യക്തിയാണ് ഡോ:ബി.ആര്‍.അംബേദ്കര്‍. ബ്രാഹ്മണര്‍ ഇറച്ചി തീറ്റ നിര്‍ത്തി പച്ചക്കറി തിന്നാന്‍ തുടങ്ങിയതിന്റെ കാരണമെന്തെന്ന് അദ്ദേഹം ഇങ്ങനെ നിരീക്ഷിക്കുന്നു: “ബുദ്ധ ഭിക്ഷുക്കള്‍ മാംസം ഭക്ഷിച്ചിരുന്ന സ്ഥിതിക്ക് ബ്രാഹ്മണര്‍ അതുപേക്ഷിക്കേണ്ട കാരണമില്ലായിരുന്നു. എന്നിട്ടും ബ്രാഹ്മണര്‍ മാംസ ഭക്ഷണം ഉപേക്ഷിക്കുകയും സസ്യഭുക്കുകളായിത്തീരുകയും ചെയ്തത് എന്തുകൊണ്ട്? ഇതിനു കാരണം, ബഹുജന ദൃഷ്ടിയില്‍ തങ്ങള്‍ ബുദ്ധഭിക്ഷുക്കളുടെ അതേ നിലവാരത്തില്‍ നിന്നാല്‍ മാത്രം പോരാ എന്നവര്‍ വിചാരിച്ചതാണ്……യാജ്ഞികാവശ്യങ്ങള്‍ക്കു വേണ്ടി പശുവിനെ കൊല്ലുന്നതിനോടുള്ള എതിര്‍പ്പിലൂടെ ബുദ്ധഭിക്ഷുക്കള്‍ ജന ഹൃദയങ്ങളില്‍ നേടിയെടുത്തിരുന്ന അന്തസ്സില്‍ നിന്നും ബഹുമാന്യതയില്‍ നിന്നും അവരെ ഭ്രഷ്ടരാക്കണമെന്ന് ബ്രാഹ്മണര്‍ ആഗ്രഹിച്ചു. ഈ ഉദ്ദേശ്യ സാധ്യത്തിനു വേണ്ടി വീണ്ടുവിചാരമില്ലാത്ത ഒരു സാഹസികന്റെ സാധാരണ അടവുകള്‍ അവര്‍ സ്വീകരിക്കേണ്ടതുണ്ടായിരുന്നു. തീവ്രവാദത്തെ തീവ്രവാദം കൊണ്ടു പരാജയപ്പെടുത്തുകയെന്ന തന്ത്രമാണിത്. ഇടതു പക്ഷങ്ങളെ പരാജയപ്പെടുത്തുവാന്‍ എല്ലാ വലതു പക്ഷങ്ങളും ഇതുപയോഗിക്കാറുണ്ട്. ബുദ്ധ ഭിക്ഷുക്കളെ പരാജയപ്പെടുത്താനുള്ള ഏക മാര്‍ഗ്ഗം അവരെക്കാള്‍ ഒരു പടികൂടി മുന്നോട്ടു പോയി സസ്യഭുക്കുകളായിത്തീരുകയെന്നതായിരുന്നു ”
ശ്രീബുദ്ധന്‍ രംഗത്തു വന്നതിനു ശേഷമാണ് ബ്രാഹ്മണര്‍ സസ്യാഹാരം ഒരു നിഷ്ഠയായി സ്വീകരിച്ചത്. അനിനു മുമ്പത്തെ സ്ഥിതി നേരെ മറിച്ചായിരുന്നു. സ്വര്‍ഗ്ഗാധിപതിയായ ഇന്ദ്രന്‍ പറയുന്നത് (ഋഗേ്വദം, 10:86:14):
വേവിക്കാറുണ്ടെരുതിനെ
മൂവഞ്ചി,രുപതൊപ്പം മേ
തിന്നുമതു; തടിക്കും ഞാ
നെന്നുടെ രണ്ടുദരവും
യാഗങ്ങളില്‍ പതിനഞ്ചും ഇരുപതും എരുതുകളെ(കാളകളെ) വേവിച്ചു വയ്ക്കാറുണ്ടെന്നും അതു തിന്നു തന്റെ വയര്‍ നിറയ്ക്കാറുണ്ടെന്നുമാണ് ഇന്ദ്രന്‍ പറഞ്ഞത്. മറ്റൊരു മന്ത്രം നോക്കുക(10:28:3): “ഇന്ദ്ര, ഭക്ഷണത്തിനായി വിളിക്കപ്പെടുമ്പോള്‍ അവരുടെ കാളക്കറിയും അവിടുന്ന് കഴിക്കാറുണ്ട്.” ഇറച്ചിക്കറിയെ പരാമര്‍ശിക്കുന്ന വിവരണം ഋഗേ്വദത്തില്‍ വേറെയുമുണ്ട്. ഒരു അന്യ ദേശ മൃഗത്തെക്കൊന്ന് കറി വച്ച കാര്യം ഋഗേ്വദത്തില്‍ (10:86:18) വിവരിക്കുന്നുണ്ട്. (10:27:2) ല്‍ കൂറ്റന്‍ കാളയെ വേവിച്ച കാര്യവും വിവരിക്കുന്നുണ്ട്.
ബ്രാഹ്മണര്‍ക്ക് തിന്നാന്‍ പാടുള്ളുതും പാടില്ലാത്തതുമായ മാംസങ്ങളെക്കുറിച്ച് മഹാഭാരതത്തില്‍ (ശാന്തിവര്‍വ്വം, 36:22-26) വിവരിക്കുന്നുണ്ട്. മനുസ്മൃതിയില്‍ (സിദ്ധിനാനന്ദ സ്വാമിയുടെ വിവര്‍ത്തനം, ശ്രീരാമകൃഷ്ണ മഠം, 5:30) ഇങ്ങനെ പറയുന്നു: “ഭക്ഷ്യങ്ങളായ പ്രാണികളെ പ്രതിദിനം ഭക്ഷിച്ചാലും ദോഷം ഉണ്ടാകുന്നതല്ല. എന്തെന്നാല്‍ ഭക്ഷ്യങ്ങളായ പ്രാണികളും ഭക്ഷകരും വിധാതാവിനാല്‍ സൃഷ്ടിക്കപ്പെട്ടവരാണല്ലോ.” ബ്രാഹ്മണരും ക്ഷത്രിയരും യാഗങ്ങളില്‍ ഭക്ഷ്യങ്ങളെന്നു വിധിക്കപ്പെട്ടിട്ടുള്ള മൃഗങ്ങളെയും പക്ഷികളെയും ഹോമ ദ്രവ്യമായി ഉപയോഗിച്ചിരുന്നുവെന്നും മനു(5:23) പറഞ്ഞിട്ടുണ്ട്. യാഗത്തിനു വേണ്ടി ബ്രാഹ്മണര്‍ക്കു മൃഗങ്ങളെയും പക്ഷികളെയും കൊല്ലാം. തന്നാല്‍ രക്ഷിക്കപ്പെടേണ്ടവരുടെ പരിരക്ഷണത്തിനു വേണ്ടിയും പശു ഹിംസ ആവാം; അഗസ്ത്യന്‍ പണ്ട് അപ്രകാരം ചെയ്തിട്ടുണ്ടെന്നാണ് മനു(5:22) പറഞ്ഞിട്ടുള്ളത്. ഇറച്ചി തിന്നാത്തതു തെറ്റാണെന്നു പോലും മനു പറഞ്ഞിട്ടുണ്ട്. വിധിയാം വണ്ണം ക്ഷണിക്കപ്പെട്ടിട്ടും ശ്രാദ്ധത്തില്‍ മാംസം കഴിക്കാന്‍ വിസമ്മതിക്കുന്ന പുരുഷന്‍ ഇരുപത്തിയൊന്ന് ജന്മം പശുവായി ജനിക്കുമെന്നാണ് മനു(5:42) പറഞ്ഞിട്ടുള്ളത്.
ബ്രാഹ്മണര്‍ക്കും മറ്റും തിന്നാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെക്കുറിച്ച് മനുസ്മൃതി അഞ്ചാം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്. വെളുത്തുള്ളി, സവോള, ചുവന്നുള്ളി, കൂണ്, കടല്‍കാക്ക, അരയന്നം, നാട്ടുകോഴി, കൊക്ക്, തത്ത, മരങ്കൊത്തി, വാത്ത്, കുളക്കോഴി, പരുന്ത് തുടങ്ങിയവ ഭക്ഷിച്ചു കൂടാ.
ചെമ്മീന്‍, പരല്‍, മുള്ളുള്ള മത്സ്യങ്ങള്‍ ഇവ ഭക്ഷിക്കാമെന്നാണ് പറയുന്നത്. മുളളന്‍ പന്നി, ശല്യമൃഗം, ആമ, കണ്ടാമൃഗം, മുയല്‍ എന്നിവയും ഭക്ഷിക്കാം (5:18).
മധുപര്‍ക്കം, യജ്ഞം തുടങ്ങിയ വിഹിതങ്ങളായ കാര്യങ്ങള്‍ക്കു വേണ്ടി പശുഹിംസ ചെയ്താല്‍, തന്നെയും ഹിംസിക്കപ്പെടുന്ന പശുവിനെയും ഉത്തമ ഗതിയെ പ്രാപിക്കുമെന്ന് മനുസ്മൃതിയില്‍ (5:42) പറയുന്നുണ്ട്.
പിതൃക്കള്‍ക്ക് നല്‍കേണ്ട ഭക്ഷണത്തെക്കുറിച്ച് മനുസ്മൃതി 3-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്. വാള മുതലായ മീനിന്റെ ഇറച്ചി നല്‍കിയാല്‍ പിതൃക്കള്‍ രണ്ടു മാംസം തൃപ്തിയടയും. കാട്ടുപന്നി, പോത്ത് ഇവയുടെ മാംസം നല്‍കിയാല്‍ പത്തു മാസം പിതൃക്കള്‍ തൃപ്തിയടയും. പശുവിന്‍ പാലും പശുവിന്‍ പാലു കൊണ്ടുണ്ടാക്കിയ പായസവും നല്‍കിയാല്‍ പിതൃക്കള്‍ ഒരു കൊല്ലം തൃപ്തിയടയും. മുതുക്കന്‍ വെള്ളാടിന്റെ മാംസം നല്‍കിയാല്‍ പിതൃക്കള്‍ 12 കൊല്ലം തൃപ്തിയടയുമെന്നാണ് മനു (3:27) പറഞ്ഞിട്ടുള്ളത്.
മാംസ ഭക്ഷണത്തിനെതിരായ ചില പരാമര്‍ശങ്ങളും മനുസ്മൃതിയിലുണ്ട്. എന്നാല്‍, അനുകൂലമായ പരാമര്‍ശങ്ങള്‍ ഒട്ടനവധിയാണ്.
മനുവിന്റെ ഈ നിലപാടു തന്നെയാണ് ഋഗേ്വദത്തിന്റെ ബ്രാഹ്മണമായ ഐതരേയ ബ്രാഹ്മണത്തിന്റെ കര്‍ത്താവിനുള്ളത്. ഐതരേയ ബ്രാഹ്മണം പറയുന്നത്( മലയാള വിവര്‍ത്തനം, ഡോ:ആര്‍.ലീലാ ദേവിയും വി.ബാലകൃഷ്ണനും, 6:3) “ബ്രഹ്മവാദികളുടെ ഈ അഭിപ്രായം ആദരണീയമല്ല… അതിനാല്‍ (പ്രശസ്തമായതിനാല്‍) അതിന്റെ (പശുവിന്റെ) മാംസം സദാ ഭക്ഷിക്കണം. (ഭക്ഷിക്കുക മാത്രമല്ല കൂടുതല്‍ ആദരവോടെ അധികമെടുക്കുന്നതിനു ആഗ്രഹിക്കുകയും വേണം)”.
യാഗമൃഗങ്ങളെ എങ്ങനെയാണ് കൊല്ലേണ്ടതെന്നും യാഗ മാംസം എങ്ങനെയാണ് കര്‍മ്മം നടത്തുന്ന ബ്രാഹ്മണ പുരോഹിതതര്‍ക്കു വീതം വയ്‌ക്കേണ്ടതെന്നും ഐതരേയ ബ്രാഹ്മണത്തില്‍ വിവരിക്കുന്നുണ്ട്. പ്രസ്തുത വിവരണത്തില്‍ നിന്ന് (അദ്ധ്യായം 31, ഖണ്ഡം 1):
“നാക്കു സഹിത (പശുവിന്റെ) രണ്ട് താടിയെല്ലും പ്രസ്‌തോതത്തിന്റെ ഭാഗമാകുന്നു, കഴുകനു സമാനം വക്ഷ ഉദ്ഗാതാവിന്റെ, കണ്ഠവും കുറുനാക്കും പ്രതിഹര്‍ത്താവിന്റെ, വലത്തു കാലിന്റെ താഴത്തെ ഭാഗം ബ്രാഹ്മണാംച്ഛംസീടെ, തോളിനോടു കൂടെ വലതു കക്ഷം അധ്വര്യുവിന്റെ…..കഴുത്തിന്റെ പ്രൗഡമാംസ ഖണ്ഡത്തിന്റെ പകുതി ഭാഗവും ഹൃദയത്തിന്റെ അടുത്ത് സ്ഥിത മാംസ ഖണ്ഡവും ശമിതാ (പശുവിനെ ആലംഭംനം ചെയ്യുന്ന-കശാപ്പു ചെയ്യുന്ന)വിന്റെ, എന്നാല്‍ ശമിതാവ് ബ്രാഹ്മണന്‍ അല്ലെങ്കില്‍ തന്നെ സ്വന്തമായി സ്വീകൃത രണ്ടാണ്ടിന്റെയും അന്യ ബ്രാഹ്മണന്റെ-യും നല്‍കണം. (കശാപ്പുകാരന്‍ ബ്രാഹ്മണനല്ലെങ്കില്‍ അയാള്‍ അതു ഏതെങ്കിലും ബ്രാഹ്മണനു നല്‍കണമെന്നര്‍ത്ഥം). ശിരസ്സ് സുബ്രഹ്മണ്യനു നല്‍കണം. ”
ദൈവ പ്രീതിക്കും സ്വര്‍ഗ്ഗം കിട്ടാനുമെന്നു പറഞ്ഞു നടത്തുന്ന യാഗങ്ങളെ പണ്ടു തന്നെ ചോദ്യം ചെയ്ത വ്യക്തിയാണ് ചാര്‍വാകന്‍. ചാര്‍വാകന്‍ ഇങ്ങനെ ചോദിച്ചു:
പശുശ്ചേന്നി ഹത: സ്വര്‍ഗ്ഗം
ജ്യോതിഷ്‌ടോമേ ഗമിഷ്യതി
സ്വ പിതാ യജമാനേന
തത്ര കസ്മാന്ന ഹത്യതേ
ജ്യോതിഷ്‌ടോമ യാഗത്തില്‍ യജ്ഞകര്‍ത്താവ് കൊല്ലുന്ന പശു (യജ്ഞമൃഗം) സ്വര്‍ഗ്ഗവാസം നേടി സുഖിക്കുമെങ്കില്‍, അയാള്‍ എന്തു കൊണ്ട് സ്വന്തം പിതാവിനെ ബലി മൃഗമായി വധിക്കുന്നില്ല എന്നു സാരം.
അര്‍ത്ഥ ശാസ്ത്രത്തിന്റെ കര്‍ത്താവായ ചാണക്യ ബ്രാഹ്മണന്‍ പറഞ്ഞത് പച്ചക്കറി മാത്രം (ഇറച്ചിയും) കഴിക്കുന്നത് തെറ്റാണെന്നാണ്.
ശാകേന രോഗാ വര്‍ദ്ധതേ
പയസാ വര്‍ദ്ധതേ തനു:
ഘൃതേന വര്‍ദ്ധതേ ധീ:
മാംസാന്മാസം പ്രവര്‍ദ്ധതേ
ഇലക്കറികള്‍ മാത്രം ഭക്ഷിക്കുന്നത് രോഗം വര്‍ദ്ധിപ്പിക്കുന്നു. പാലു കുടിക്കുന്നത് ശരീര പുഷ്ടി വര്‍ദ്ധിപ്പിക്കും. മാംസം കഴിക്കുന്നത് മേദസ്സു വര്‍ദ്ധിപ്പിക്കും. എല്ലാം തുല്യ അളവില്‍ കഴിക്കുന്നതാണ് ആരോഗ്യത്തിനു ഉത്തമം എന്നായിരുന്നു ചാണക്യന്റെ നിലപാട്.
1966 ല്‍ ഡോ: റൊമീളാ ഥാപ്പര്‍ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി എഴുതിയ പാഠ പുസ്തകത്തില്‍ ബ്രാഹ്മണര്‍ ഗോമാംസം കഴിച്ചിരുന്ന കാര്യം സൂചിപ്പിക്കുകയുണ്ടായി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉണ്ടായി. തന്റെ വാദം ശരിയെന്നു സ്ഥാപിക്കാന്‍ ഡോ: റൊമീള ഥാപ്പര്‍ എല്ലാ തെളിവുകളും നിരത്തി. അതിന് വിമര്‍ശകര്‍ ഉന്നയിച്ച വാദം ഇങ്ങനെയായിരുന്നു: “ബ്രാഹ്മണര്‍ ഗോമാംസം ഭക്ഷിച്ചിരുന്നുന്നെതിന് തെളിവുണ്ട്. പക്ഷേ, അത് നാം കുട്ടികളെ പഠിപ്പിച്ചു കൂടാ”
പുരാണേതിഹാസങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ പൂഴ്ത്തി വയ്ക്കുകയും വെള്ളം ചേര്‍ക്കുകയും ചെയ്യുന്ന പ്രവണത ഏറെയുണ്ട്.
പലലമതു പരിചിനൊടുണക്കുവാന്‍ ചിക്കി ഞാന്‍
പാര്‍ത്തതും കാത്തിരുന്നീടും ദശാന്തരേ
എന്ന ശ്‌ളോകത്തില്‍ (അദ്ധ്യാത്ഥ്മ രാമായണം, സുന്ദര കാണ്ഡം, 670) പലലം (ഇറച്ചി) എന്ന വാക്കിന് എഴുത്തുകാരി സുമംഗല കൊടുത്ത അര്‍ത്ഥം പഴം എന്നായിരുന്നു ( മാതൃഭൂമി വാരാന്തപ്പതിപ്പ്, 04.06.1995).
അവരവര്‍ തിന്നുന്നതെന്താണെന്ന് അവരവര്‍ തന്നെയാണ് നിശ്ചയിക്കേണ്ടത്. ബ്രാഹ്മണര്‍ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി അവരുടെ ഭക്ഷണ ക്രമത്തില്‍ വരുത്തുന്ന മാറ്റത്തിനനുസരിച്ച് മറ്റുള്ളവരും അവരവരുടെ ഭക്ഷണ ക്രമം മാറ്റണമെന്നു പറയുന്നത് ധിക്കാര മാണ്. പച്ചക്കറി വാദം അടിസ്ഥാനപരമായി സവര്‍ണ രാഷ്ട്രീയ വാദമാണ്.
മനുഷ്യരൊഴികെയുള്ള സര്‍വ ചരാചരങ്ങളെയും ദൈവം സൃഷ്ടിച്ചത് മനുഷ്യര്‍ക്കു തിന്നാനും ഉപയോഗിക്കുവാനും വേണ്ടിയാണെന്ന മത വാദങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. മനുഷ്യരെപ്പോലെത്തന്നെ മറ്റെല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശം ഈ ഭൂമിയിലുണ്ട് എന്ന കാര്യം കൂടി ഇതോടൊന്നിച്ച് ചേര്‍ത്തു വായിക്കേണ്ടതാണ്.
ഇറച്ചിയും മീനും കഴിച്ചാല്‍ രോഗങ്ങള്‍ കൂടുകയും ആയുസ്സു കുറയുകയും ചെയ്യുമെന്ന വാദവും തെറ്റാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ സസ്യഭുക്കുകളേറെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ മുന്നിലാണല്ലോ കേരളീയര്‍. അയുര്‍ ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സസ്യഭുക്കുകളുള്ള ഇന്ത്യയുടെ സ്ഥാനം 145 ആണ്. ഇതിനര്‍ത്ഥം ചില്ലി ചിക്കനും ബീഷ് ഫ്രൈയും മാത്രം വെട്ടി വിഴുങ്ങിക്കൊണ്ടിരിക്കണമെന്നല്ല
ബ്രാഹ്മണരുടെ സസ്യാഹാര വാദത്തെ ചോദ്യം ചെയ്ത ശ്രീബുദ്ധന്‍ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി (ഡോ:അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍, വാല്യം 22):
“ലൗകിക സുഖങ്ങള്‍ക്കു വേണ്ടിയുള്ള നെട്ടോട്ടം. തിന്നാനും കുടിക്കാനുമുള്ള ആര്‍ത്തി. വൃത്തി കെട്ട ജീവിതം. കലഹം മുതലായവയാണ് നികൃഷ്ടം; മാംസ ഭക്ഷണമല്ല നികൃഷ്ടം ”
“പരദൂഷണം, ക്രൂരത, തട്ടിപ്പ്, അഹംഭാവം, പിശുക്ക് എന്നിവയാണ് നികൃഷ്ടം. മാംസം ഭക്ഷിക്കുന്നതല്ല ”
“മത്സ്യ മാംസാദികള്‍ ഭക്ഷിക്കാതിരുന്നാലോ നഗ്നരായി നടന്നതു കൊണ്ടോ തല മുണ്ഡനം ചെയ്താലോ ഉച്ചിക്കുടമ വച്ചാലോ ഹോമം നടത്തിയതു കൊണ്ടോ ഭാവിയില്‍ സ്വര്‍ഗ്ഗം ഉറപ്പാക്കാനൊക്കുകയില്ല. പൂജയും ആരാധനയും കൊണ്ടു സംശയാലുക്കളുടെ മനസ്സു ശുദ്ധമാവുകയില്ല. ”
……………

3 comments:

varnashramam said...

ആരുടെ മാംസം ആണ് സാറിന്റെ പ്രശ്നം ?

Ajith said...

Thanks Sugathan for the article which exposes Brahmanical lies.

Infact Brahmins of Bengal,Orissa, Assam are said to be non - vegiterians.

At the same time contemporary 'Go vegetarian' activism put forwards by NGOs such as PETA should not be seen as associated with Hindutva.

Exploring protein sources outside meat products is quite helpful in country were population is above one billion.

Pappu said...

Thanks for the topic; not for your remarks. Anyway human being is nor crated as a non-veg eating animal.